അമ്മയെന്താ ജോലിക്ക് പോകാത്തത്. അമ്മയ്ക്കും കൂടി ജോലി ഉണ്ടായിരുന്നെങ്കിൽ നമുക്ക് കുറച്ചു കൂടി നല്ല സൗകര്യത്തിൽ കഴിയായിരുന്നു.” ഇളയ മകന്റെ സ്വരത്തിൽ….

“അമ്മയെന്താ ജോലിക്ക് പോകാത്തത്. അമ്മയ്ക്കും കൂടി ജോലി ഉണ്ടായിരുന്നെങ്കിൽ നമുക്ക് കുറച്ചു കൂടി നല്ല സൗകര്യത്തിൽ കഴിയായിരുന്നു.”

ഇളയ മകന്റെ സ്വരത്തിൽ വല്ലാത്തൊരു നഷ്ടബോധം നിഴലിച്ചിരുന്നു.

“എടാ പൊട്ടാ , അമ്മയ്ക്ക് ജോലി പോകാൻ ഇഷ്ടമില്ലാഞ്ഞിട്ടാണോ അല്ലല്ലോ. അച്ഛന് അമ്മയെ ജോലിക്ക് വിടാൻ താല്പര്യം ഇല്ലാത്തതുകൊണ്ടല്ലേ. നോക്കിക്കോ.. എന്നെ കെട്ടുന്ന ചെറുക്കനെങ്ങാനും ജോലിക്ക് വിടാതെ വീട്ടിൽ പിടിച്ചു വെച്ചാൽ ഞാൻ ആ നിമിഷം അവിടുത്തെ പൊറുതി മതിയാക്കി പോകും..”

“ഞാനും അത് തന്നെയാ ചേച്ചി ഈ അമ്മയോട് പറയുന്നത്. എന്തിനാ സ്വന്തം ഇഷ്ടങ്ങളും അഭിപ്രായങ്ങളും മറ്റ് വല്ലവർക്കും വേണ്ടി മാറ്റി വെയ്ക്കുന്നത്. . പഠിച്ചു കുറെ സർട്ടിഫിക്കറ്റ് കയ്യിൽ സൂക്ഷിച്ചു വെച്ചിട്ട് ഒരു കാര്യവുമില്ല. നോക്കിക്കോ ഞാൻ ജോലിയുള്ള പെണ്ണിനെ മാത്രമേ കല്യാണം കഴിക്കുകയുള്ളൂ.”

മക്കൾക്ക് രണ്ട് പേർക്കും ഇത്ര ചെറുപ്പത്തിലേ സ്വന്തം ജീവിതം എങ്ങനെയായിരിക്കണമെന്ന് നല്ല പ്ലാനിങ് ഉണ്ടെന്ന് ഓർത്തപ്പോൾ അവൾക്ക് അവരെക്കുറിച്ചോർത്ത് അഭിമാനമാണ് തോന്നിയത്.
മക്കളെയെങ്കിലും കണ്ടു പഠിക്കട്ടെ അവരുടെ അച്ഛൻ..!

പെണ്ണ് കാണാൻ വന്നവർക്ക് മുന്നിൽ മുഖം കുനിച്ച് നിൽക്കുമ്പോൾ രണ്ടോ മൂന്നോ ചോദ്യങ്ങൾ മാത്രമാണ് ആള് തന്നോട് ചോദിച്ചത്.

പേര്, എത്ര വരെ പഠിച്ചു. പിന്നെ ഇഷ്ടപ്പെട്ടോ എന്നും.
ആദ്യത്തെ രണ്ട് ചോദ്യങ്ങൾക്കും മറുപടി കൊടുത്തു.
ഒടുവിലത്തെ ചോദ്യം അവൾ കേൾക്കാത്ത മട്ടിലാണ് നിന്നത്. അഞ്ചോ ആറോ ആൾക്കാരുടെ മുന്നിൽ വെച്ച് അങ്ങനെയൊരു ചോദ്യത്തിന് മറുപടി കൊടുക്കാൻ അവളല്പം മടിച്ചു.

അവളുടെ ആ ബുദ്ധിമുട്ട് മനസ്സിലാക്കിയ ചേച്ചിയുടെ ഭർത്താവ് ദേവൻ ഒരു നിർദ്ദേശം വെച്ചത് കേട്ട് അവൾക്ക് ആശ്വാസം തോന്നി.

“രണ്ട് പേർക്കും തനിച്ച് എന്തെങ്കിലും ചോദിക്കാനും പറയാനും കാണില്ലേ. നമുക്ക് അങ്ങോട്ട് മാറിക്കൊടുക്കാം.”

എല്ലാവരും മാറിത്തന്നപ്പോൾ അദ്ദേഹം പറഞ്ഞത് സ്വന്തം നിലപാടുകളെക്കുറിച്ച് തന്നെയായിരുന്നു.
കെട്ടുന്ന പെണ്ണ് ജോലിക്ക് പോയിട്ട് കൊണ്ട് വരുന്ന കാശ് കൊണ്ട് ജീവിക്കേണ്ട ഗതികേട് അവരുടെ മാങ്കോയിക്കൽ തറവാടിന് ഇല്ല പോലും. ആ കുടുംബത്തിൽ ഉള്ള എല്ലാ സ്ത്രീകളും ഉന്നത വിദ്യാഭ്യാസമുള്ളവരാണ്. പക്ഷെ ആരും പുറത്ത് പോയി ജോലി ചെയ്യുന്നവരല്ല.. അതുകൊണ്ട് ഈ വിവാഹത്തിന് താല്പര്യമാണെങ്കിൽ തനിക്കും ഇതൊക്കെ ബാധകമാണ്.. ആലോചിച്ചു മറുപടി പറഞ്ഞാൽ മതി ”

കഷ്ടപ്പെട്ട് പഠിച്ചത് ഒരുത്തന്റെ ഭാര്യാ പദവിക്കും, അയാളുടെ സന്താനങ്ങളെ പെറ്റു കൂട്ടാനുമല്ലെന്ന് ആ മുഖത്ത് നോക്കി പറയാൻ നാവ് വളച്ചതാണ്.
പക്ഷെ, ഈ വിവാഹമെങ്കിലും നടന്നിരുന്നെങ്കിൽ പ്രായം കടന്നു പോയ മൂന്നാമത്തെ കുട്ടിക്കും എത്രയും പെട്ടന്ന് ഒരു കല്യാണം നടത്തിയേച്ച് ഒന്ന് നടു നിവർക്കാമായിരുന്നു എന്ന് പറയുന്ന അച്ഛനെ ഓർത്തു.
തന്റെ മറുപടിയ്ക്ക് കാത്തു നിൽക്കാതെ ആള് പുറത്ത് നിന്നവരുടെ അരികിലേയ്ക്ക് പോയപ്പോൾ കുറച്ചു നേരം കൂടി അവിടെ വെറുതെ നിന്നു.

ഇത് ഇപ്പോൾ ഇവിടെ വെച്ച് സ്റ്റോപ് ചെയ്താലോ എന്നായിരുന്നു ചിന്ത മുഴുവനും.

“എന്താ, ചെക്കനെ പിടിച്ചു പോയെന്ന് തോന്നുന്നല്ലോ..”

തന്റെ നിൽപ്പും ഭാവവും കണ്ട് ചേച്ചി രാധിക അടുത്തേയ്ക്ക് വന്നു കളിയാക്കി.
പക്ഷെ മുഖത്തെ കടുപ്പം ശ്രദ്ധിച്ചപ്പോൾ ചേച്ചിക്ക് എന്തോ പന്തികേട് തോന്നി.

“എന്താ മോളേ നിനക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടോ. ഈ ആലോചന നല്ലതല്ലേ..”

“ആർക്ക്, എനിക്കോ..?
എന്റെ ആഗ്രഹം ഒന്നും നടക്കാൻ പോകുന്നില്ല ഈ വിവാഹം നടന്നാൽ. ഞാൻ ആ വീട്ടിലെ വെറുമൊരു അടുക്കളക്കാരി മാത്രമാകും. സർട്ടിഫിക്കറ്റ് എല്ലാം അടുപ്പിൽ തീ പിടിപ്പിക്കാൻ എടുക്കാം.. എന്റെ ചേച്ചീ അവരുടെ വീട്ടിൽ പെണ്ണുങ്ങൾ ആരും ജോലിക്ക് പോകുന്നില്ലെന്ന്.. ഞാൻ പിന്നെന്തിനാ ബി എഡ് വരെ പഠിച്ചത്. എനിക്ക് ഒരു ടീച്ചർ ആകണം എന്ന ലക്ഷ്യം എല്ലാം വെള്ളത്തിൽ വരച്ച വര പോലെയാകില്ലേ..”

എന്തോ മറുപടി പറയാൻ ഒരുങ്ങിയ രാധിക അച്ഛനും അമ്മയും കടന്ന് വരുന്നത് കണ്ടതോടെ നിശബ്ദയായി.

“നീയെന്ത് പറഞ്ഞു മോളേ ആ പയ്യനോട്..?”
“ഞാൻ പറയേണ്ടത് ഒന്നും പറഞ്ഞില്ല അച്ഛാ.. അതാണ് എന്റെ വിഷമം മുഴുവനും.”

കാര്യം അറിയാതെ അച്ഛനും അമ്മയും പരസ്പരം നോക്കി.

ചേച്ചി തന്നെ കാര്യങ്ങൾ വിശദമാക്കി.
എല്ലാം കേട്ടതും അച്ഛൻ അത് നിസ്സാരമായി തള്ളി.

“അവർക്ക് ഇട്ടു മൂടാനുള്ള സ്വത്ത് ഉണ്ടാകും, അതാണ് പെണ്ണുങ്ങൾ ആരും അവിടെ ജോലിക്ക് പോകാത്തത്. ജോലിക്ക് പോകണ്ട, വീട്ടിൽ കുട്ടികൾക്ക് ട്യൂഷൻ എടുക്കാമല്ലോ..”

“അതേക്കുറിച്ചൊന്നും പറഞ്ഞില്ല. പക്ഷെ എനിക്ക് ഈ വിവാഹം വേണ്ടച്ഛാ. ഇത് ശരിയാവില്ല എന്നെന്റെ മനസ്സ് പറയുന്നു.”

“നിന്റെ മനസ്സ് അങ്ങനെ പലതും പറയും. പ്രായം തികഞ്ഞു നിൽക്കുന്ന പെൺകുട്ടികൾ ഉള്ള തന്തയ്ക്കും തള്ളക്കും നെഞ്ചിൽ തീയാണ്. പേര് ദോഷം കേൾപ്പിക്കാതെ ഒരുത്തന്റെ ഒപ്പം കൈ പിടിച്ചു വിടുന്നത് മാത്രമാണ് അവരുടെ ജീവിത ലഷ്യം. നീ മാത്രമല്ല പുര നിറഞ്ഞു നിൽക്കുന്നതെന്ന് ഓർമ്മ വേണം.. മൂന്ന് പെൺകുട്ടികൾ ഉള്ളതിൽ ഒരെണ്ണത്തിനെ മാത്രമാണ് എനിക്ക് ഒരാളുടെ കയ്യിൽ ഏൽപ്പിക്കാൻ കഴിഞ്ഞത്. ഇന്ന് വന്നിട്ട് പോയവരുടെത് പേര് കേട്ട കുടുംബമാണ്. പേര് മാത്രമല്ല ആസ്തിയും കുല മഹിമയും ഒക്കെയുണ്ട്. ഇത് നിന്റെ ഭാഗ്യമാണ് എന്നങ്ങു കരുതിയാൽ മതി..”

ആ ഭാഗ്യമാണ് വർഷം പതിനഞ്ച് ആയിട്ടും അനുഭവിച്ചു കൊണ്ടിരിക്കുന്നത്.
അച്ഛന്റെ ഇഷ്ടം അനുസരിച്ചു ജീവിച്ചു. ഒരു അടിമയെ പോലെ..

ഒരിക്കൽ വിവാഹത്തിന് മുൻപ് എഴുതിയ ഒരു ടെസ്റ്റ്‌ പാസ്സായി എന്ന കത്ത് കയ്പ്പറ്റിയത് പോലും ഭർത്താവ് ആയിരുന്നു..
കീറിക്കളഞ്ഞ ആ തുണ്ട് പേപ്പർ എന്താണെന്ന് അറിയാനുള്ള ആഗ്രഹത്തോടെ ചേർത്ത് വെച്ചപ്പോൾ ചിതറി പോയത് തന്റെ ഹൃദയമായിരുന്നു.
താൻ ഒരുപാട് ആഗ്രഹിച്ച ഒരു ജോലിയായിരുന്നത് എന്നതായിരുന്നു തന്നെ ഏറെ വേദനിപ്പിച്ചത്.

കൂട്ടി ചോദിക്കാനായി അതെല്ലാം പെറുക്കി എടുത്തു വാശിയോടെ ആളിന്റെ മുൻപിൽ ചെന്ന് കൈ നീട്ടി കാണിച്ചപ്പോൾ ധികാരത്തോടെ പറഞ്ഞത്.

“എന്റെ ഇഷ്ടത്തിന് ജീവിക്കാമെങ്കിൽ ജീവിച്ചാൽ മതിയെന്നാണ്.. എന്റെയും മക്കളുടെയും കാര്യങ്ങൾ നോക്കി ജീവിക്കാനാണ് ഞാൻ വിവാഹം കഴിച്ചത്. അല്ലാതെ വല്ലവർക്കും വേണ്ടി ജോലി ചെയ്യാൻ അല്ല..”

അവൾക്കുമൊരു ജീവിതമുണ്ടായിരുന്നു
എന്നയാൾ ഒരിക്കലും ചിന്തിച്ചില്ല..!

ആ വാക്കുകൾ കേട്ട നിമിഷം അവൾക്ക് മറുപടിയൊന്നും പറയാൻ കഴിഞ്ഞില്ല.
കയ്യിലിരുന്ന ആ കീറിപ്പോയ പേപ്പറിന്റെ തുണ്ടുകൾ പതുക്കെ താഴേക്ക് വീണു.

ഒരുപാട് വർഷങ്ങൾക്കു ശേഷം ഇന്നും അവൾക്ക് ഓർമ്മയുണ്ട്—അന്ന് ആ പേപ്പറിനൊപ്പം താഴേക്ക് വീണത് തന്റെ സ്വപ്നങ്ങളായിരുന്നു.
ബി.എഡ് പഠിച്ചപ്പോൾ അവൾക്കൊരു സ്വപ്നമുണ്ടായിരുന്നു.
ഒരു ചെറിയ സർക്കാർ സ്കൂളിലെങ്കിലും ടീച്ചറായി ജോലി ചെയ്യണം.
രാവിലെ സാരിയുടുത്ത്, മുടി ഭംഗിയായി കെട്ടി, കൈയിൽ കുറച്ച് പുസ്തകങ്ങളുമായി സ്കൂളിന്റെ വരാന്തയിലൂടെ നടക്കണം.
കുട്ടികൾ “ടീച്ചർ…” എന്ന് വിളിക്കുമ്പോൾ തിരിഞ്ഞു നോക്കണം.
വീട്ടിലേക്ക് തിരിച്ചു വരുമ്പോൾ സ്വന്തം ശമ്പളത്തിൽ അമ്മയ്ക്ക് ഒരു സാരി വാങ്ങണം.
അച്ഛന് ഇഷ്ടപ്പെട്ട ഒരു ഷർട്ട് വാങ്ങണം.
പിന്നെ… തനിക്ക് ഇഷ്ടമുള്ള ഒരു പുസ്തകം.
അത്രയൊക്കെയായിരുന്നു അവളുടെ വലിയ ആഗ്രഹങ്ങൾ.
പക്ഷെ വിവാഹം കഴിഞ്ഞതോടെ ആ സ്വപ്നങ്ങളൊക്കെ പതുക്കെ അലമാരയുടെ ഒരു കോണിലേക്ക് മാറ്റിവെച്ചു.
ആദ്യം ഭർത്താവ് പറഞ്ഞു,

“ഇപ്പോൾ കുറച്ചു നാൾ വീട്ടിൽ നിൽക്ക്. കുട്ടികളൊക്കെ ആയിക്കഴിഞ്ഞിട്ട് നോക്കാം.”

പിന്നെ,

“കുട്ടികൾ ചെറുതല്ലേ… അവരെ നോക്കാൻ ആരുണ്ട്?”

അതിനുശേഷം,

“വീട്ടുകാര്യങ്ങൾ നോക്കാൻ പോലും സമയം കിട്ടുന്നില്ല. നീ ജോലിക്ക് പോയാൽ വീട് ആര് നോക്കും?”

ഓരോ തവണയും അവൾ എന്തെങ്കിലും പറയാൻ തുടങ്ങുമ്പോൾ പുതിയൊരു കാരണം.
അവസാനം കാരണം പോലും പറയേണ്ട ആവശ്യമില്ലാതായി.

“ഞാൻ പറഞ്ഞില്ലേ… ജോലി വേണ്ട.”

അത്ര മാത്രം.
അവൾ നിശബ്ദയായി.
വർഷങ്ങൾ കടന്നുപോയി.
മക്കൾ വളർന്നു.
വീട്ടിലെ എല്ലാ കാര്യങ്ങളും നോക്കി അവൾ ജീവിച്ചു.
അവരുടെ സ്കൂൾ ഫീസ്, യൂണിഫോം, പുസ്തകങ്ങൾ, പരീക്ഷകൾ, അസുഖങ്ങൾ, പിറന്നാളുകൾ…
എല്ലാം അവളിലൂടെ കൈ മറിഞ്ഞു പോയി.
പക്ഷെ ഒരിക്കൽ പോലും ആരും ചോദിച്ചില്ല.,

“അമ്മേ, അമ്മയ്ക്ക് എന്താണ് വേണ്ടത്?”

അവൾക്കും അതൊരു ശീലമായി.
സ്വന്തം ഇഷ്ടങ്ങൾ ചോദിക്കാതിരിക്കാൻ.
സ്വന്തം ആഗ്രഹങ്ങൾ പറയാതിരിക്കാൻ.
അങ്ങനെ പതിനഞ്ച് വർഷങ്ങൾ.
പിന്നെ ഒരു ദിവസം ഇളയ മകൻ തന്നെയാണ് അവളോട് ചോദിച്ചത്.

“അമ്മയെന്താ ജോലിക്ക് പോകാത്തത്?”

അവൾ ഒന്നും പറഞ്ഞില്ല.

“അമ്മയ്ക്കും കൂടി ജോലി ഉണ്ടായിരുന്നെങ്കിൽ നമുക്ക് കുറച്ചു കൂടി നല്ല സൗകര്യത്തിൽ കഴിയായിരുന്നു.”

ആ വാക്ക് അവളുടെ നെഞ്ചിൽ എവിടെയോ തട്ടി.
പക്ഷെ അതിലും വേദനിപ്പിച്ചത് മകന്റെ അടുത്ത വാക്കായിരുന്നു.

“ഞാൻ ജോലിയുള്ള പെണ്ണിനെ മാത്രമേ കല്യാണം കഴിക്കൂ.”

അവൾ മകനെ നോക്കി ചിരിച്ചു.

“എന്തിനാടാ?”

“എന്തിനെന്നോ? ഭാര്യക്കും സ്വന്തം കാലിൽ നിൽക്കണം. അവൾക്ക് ജോലി ഇഷ്ടമാണെങ്കിൽ അവളെ വീട്ടിലിരുത്താൻ എനിക്ക് അവകാശമില്ലല്ലോ.”

അവൾക്ക് പെട്ടെന്ന് ഒന്നും പറയാനായില്ല.
അവളുടെ കണ്ണുകൾ മാത്രം നിറഞ്ഞു.

മകൾ ചോദിച്ചു.

“എന്തുപറ്റി അമ്മേ..?”

“ഓഹ്,ഒന്നുമില്ല.”

“അമ്മ കരയുന്നുണ്ടല്ലോ?”

അവൾ മുഖം തിരിച്ചു.

“അവൻ പറഞ്ഞത് കേട്ടപ്പോൾ.
എനിക്ക് സന്തോഷം തോന്നി.”

“എന്തിനാ?”

അവൾ പതുക്കെ പറഞ്ഞു.

“ഞാൻ അനുഭവിച്ചത് എന്റെ മക്കൾ അനുഭവിക്കേണ്ടി വരില്ലല്ലോ.”

ആ രാത്രി എല്ലാവരും ഉറങ്ങിക്കഴിഞ്ഞ ശേഷവും അവൾക്ക് ഉറക്കം വന്നില്ല.
അടുക്കളയിലെ ചെറിയ ജനലിലൂടെ പുറത്തേക്ക് നോക്കി അവൾ ഇരുന്നു.
മഴ പെയ്യുന്നുണ്ടായിരുന്നു.
മഴത്തുള്ളികൾ ടിൻ ഷീറ്റിൽ വീഴുന്ന ശബ്ദത്തിനിടയിൽ അവളുടെ മനസ്സിൽ പഴയൊരു കാഴ്ച തെളിഞ്ഞു.

വിവാഹത്തിന് മുൻപ് കിട്ടിയ ആ കത്ത്.

“അഭിനന്ദനങ്ങൾ…”

അവൾ പരീക്ഷ പാസായിരുന്നു.
അത് ഒരു നിയമനക്കത്ത് ആയിരുന്നില്ല.
പക്ഷെ അവൾക്ക് അത് ഒരു വാതിലായിരുന്നു.
സ്വന്തം ജീവിതത്തിലേക്കുള്ള വാതിൽ.
ആ വാതിൽ തുറക്കുന്നതിന് മുൻപേ ആരോ അത് അടച്ചുപൂട്ടി.
അവൾ കണ്ണുകൾ അടച്ചു.
അപ്പോഴാണ് പിന്നിൽ നിന്ന് ഒരു ശബ്ദം.

“അമ്മ ഉറങ്ങിയില്ലേ?”

ഇളയ മകനായിരുന്നു.

“ഇല്ലടാ…”

“എന്താ ആലോചിക്കുന്നത്?”

അവൾ ചിരിച്ചു.

“ഒന്നുമില്ല.”

“അമ്മ കള്ളം പറയുമ്പോൾ എനിക്ക് മനസ്സിലാകും..”

അവൾ മകനെ നോക്കി.

“നിനക്കെപ്പോഴാ ഇതൊക്കെ മനസ്സിലായത്?”

“അമ്മയെ നോക്കി വളർന്നതല്ലേ ഞാനും..”

ആ വാക്കിൽ അവളുടെ ചിരി മാഞ്ഞു.
മകൻ അവളുടെ അരികിൽ ഇരുന്നു.

“അമ്മയ്ക്ക് ഇപ്പോഴും ടീച്ചറാകണം എന്ന ആഗ്രഹമുണ്ടോ?”

അവൾ ഞെട്ടി.

“ആരാ പറഞ്ഞത്?”

“അമ്മയുടെ പഴയ സർട്ടിഫിക്കറ്റുകൾ ഞാൻ കണ്ടു.”

അവൾ കുറച്ചു നേരം മിണ്ടാതിരുന്നു.

“ഇനി എന്തിനാടാ അതൊക്കെ?”

“അമ്മ എന്തിനാ വയസ്സ് നോക്കുന്നത്?”

അവൾ ഒന്നും പറഞ്ഞില്ല.

“അമ്മ ഞങ്ങൾക്ക് വേണ്ടി ഒരുപാട് കാര്യങ്ങൾ ഉപേക്ഷിച്ചിട്ടുണ്ടെന്ന് ഞങ്ങൾക്ക് അറിയാം. പക്ഷെ ഇപ്പോൾ ഞങ്ങൾ വലുതായി. ഞങ്ങളെ നോക്കാൻ അമ്മയൊരാൾ മാത്രം ജീവിതം മാറ്റിവെക്കേണ്ട ആവശ്യമില്ല.”

അവളുടെ കണ്ണിൽ നിന്ന് അറിയാതെ
ഒരു തുള്ളി കണ്ണുനീർ വീണു.
മകൻ അത് തുടച്ചില്ല.
അവൻ അവളെ കരയാൻ വിട്ടു.
കാരണം ചില കണ്ണുനീർ തടയേണ്ടതല്ലെന്ന് അവന് അറിയാമായിരുന്നു.
അവൾ വർഷങ്ങളായി കരയാൻ പോലും മറന്നുപോയ കണ്ണുനീരായിരുന്നു അത്.

അടുത്ത ദിവസം രാവിലെ അവൾ അലമാര തുറന്നു.
പഴയ സർട്ടിഫിക്കറ്റുകൾ പുറത്തെടുത്തു.
പൊടിതട്ടി.
ഓരോ പേപ്പറും കൈയിൽ പിടിക്കുമ്പോഴും പഴയൊരു കാലം അവളുടെ മുന്നിലൂടെ കടന്നുപോയി.
ബി.എഡ് സർട്ടിഫിക്കറ്റ്.
മാർക്ക് ലിസ്റ്റ്.
പരീക്ഷയുടെ ഹാൾ ടിക്കറ്റ്.
പിന്നെ…
ഒരു പഴയ കവറിൽ സൂക്ഷിച്ചിരുന്ന കീറിപ്പോയ കത്തിന്റെ അവശേഷിച്ച തുണ്ടുകൾ.
അവൾ അതെടുത്ത് നോക്കി.
പതിനഞ്ച് വർഷം മുൻപ് കീറിയ കത്ത്..!
പക്ഷെ അവളുടെ ഉള്ളിലെ സ്വപ്നം ആരും പൂർണ്ണമായി കീറിക്കളഞ്ഞിരുന്നില്ല.!!
അവൾ പതുക്കെ ചിരിച്ചു.

“ഇനിയും വൈകിയിട്ടില്ലല്ലോ…”

അപ്പോഴാണ് പിന്നിൽ നിന്ന് ഭർത്താവിന്റെ ശബ്ദം കേട്ടത്.

“എന്താ ചെയ്യുന്നത്?”

അവൾ തിരിഞ്ഞുനോക്കി.
ഇത്തവണ അവൾ പേടിച്ചില്ല.

“ജോലിക്ക് പോകാൻ നോക്കുകയാണ്.”

അയാൾ കുറച്ചു നേരം അവളെ നോക്കി.

“എന്തെങ്കിലും പറഞ്ഞോ നീ..?”

“അതെ. ഇത്രയും വർഷം നിങ്ങളുടെ ഇഷ്ടത്തിന് ജീവിച്ചു. ഇനി കുറച്ചു വർഷം എന്റെയും ഇഷ്ടത്തിന് ജീവിക്കണം. എന്ന് പറയുകയായിരുന്നു..”

അയാൾ പരിഹാസത്തോടെ ചിരിച്ചു.

“ഇപ്പോഴാണോ നിനക്ക് ജോലിയുടെ ആവശ്യം?”

“അതെ.”

“അപ്പോൾ വീട്ടുകാര്യങ്ങൾ.?”

“ഇത്രയും വർഷം നോക്കിയില്ലേ?
ഇനി മക്കൾക്കും ഉത്തരവാദിത്തമുണ്ട്.”

“ആളുകൾ എന്ത് പറയും?”

അവൾ ആദ്യമായി ഉറച്ച ശബ്ദത്തിൽ പറഞ്ഞു.

“ആളുകളല്ല എന്റെ ജീവിതം ജീവിച്ചത്..”

അയാൾ മിണ്ടാതായി.

“എനിക്ക് നിങ്ങളോട് വഴക്കിടാൻ താല്പര്യമില്ല. നിങ്ങളെ തോൽപ്പിക്കാനും ഞാൻ ഇല്ല. പക്ഷെ ഇത്രയും കാലം ഞാൻ എന്നെ തന്നെ തോൽപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു..
ഇനി അങ്ങനെ ജീവിക്കാൻ എനിക്ക് കഴിയില്ല.”

അവളുടെ ശബ്ദത്തിൽ വിറയലുണ്ടായിരുന്നു.
പക്ഷെ ആ വിറയലിനുള്ളിൽ ഒരു ഉറപ്പും ഉണ്ടായിരുന്നു.
അത് അയാൾ ആദ്യമായി കണ്ടു.
അടുത്ത ദിവസം അവൾ അലമാരയിൽ നിന്ന് പഴയൊരു കോട്ടൺ സാരി എടുത്തു ധരിച്ചു.
മുടി നന്നായി ചീകി കെട്ടി വെച്ചു..
വാനിറ്റി ബാഗിൽ അത്യാവശ്യം വേണ്ടതൊക്കെ ഉണ്ടോയെന്ന് പരിശോധിച്ചു..
സർട്ടിഫിക്കറ്റുകൾ ഒരു വലിയ ഫയലിനുള്ളിൽ എടുത്തു കയ്യിൽ പിടിച്ചു.
എല്ലാം നല്ലതായിട്ടില്ലേ എന്ന മട്ടിൽ മുറിയിലെ കണ്ണാടിയിൽ ഒരിക്കൽ കൂടി നോക്കി ഉറപ്പ് വരുത്തി.
വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ വാതിൽക്കൽ നിന്ന മകൾ ചോദിച്ചു.

“അമ്മ എങ്ങോട്ടാ?”

“സ്കൂളിലേക്ക്.”

“എന്തിന്?”

അവൾ ചിരിച്ചു.

“അമ്മയുടെ ആദ്യ ജോലിക്ക് അപേക്ഷ കൊടുക്കാൻ.”

മകൾ ഓടി വന്ന് അവളെ കെട്ടിപ്പിടിച്ചു.

“അമ്മ ടീച്ചറാകുമ്പോൾ ഞാനും അമ്മയുടെ സ്കൂളിൽ വരും.”

ഇളയ മകൻ പിന്നിൽ നിന്ന് വിളിച്ചു.

“അമ്മേ…”

അവൾ തിരിഞ്ഞുനോക്കി.

“ഇനി ആരെങ്കിലും ചോദിച്ചാൽ പറയണം…”

“എന്ത്?”

“എന്റെ അമ്മയ്ക്ക് സ്വന്തം ജോലിയുണ്ട് എന്ന്.”

അവളുടെ കണ്ണുകൾ നിറഞ്ഞു.
പക്ഷെ ഇത്തവണ ആ കണ്ണുനീർ വേദനയുടേതായിരുന്നില്ല.
അത് പതിനഞ്ച് വർഷം വൈകിയെത്തിയ സന്തോഷത്തിന്റെ കണ്ണുനീരായിരുന്നു.
വീടിന്റെ പടിയിറങ്ങുമ്പോൾ അവൾ ഒന്ന് തിരിഞ്ഞുനോക്കി.
ആ വീട്ടിൽ അവൾ ഒരു ഭാര്യയായിരുന്നു.
ഒരു അമ്മയായിരുന്നു.
ഒരു മരുമകളായിരുന്നു.
ഒരു അടുക്കളക്കാരിയായിരുന്നു.
പക്ഷെ ഇന്ന്…
ആ വീട്ടിൽ നിന്ന് പുറത്തേക്ക് ഇറങ്ങുന്നത് അവൾ തന്നെയായിരുന്നു..!
വർഷങ്ങൾക്ക് ശേഷം…
സ്വന്തം പേരിൽ.
സ്വന്തം സ്വപ്നവുമായി.
സ്വന്തം കാലിൽ.
അവൾ പതുക്കെ മുന്നോട്ട് നടന്നു.
അവളുടെ കൈയിലെ സർട്ടിഫിക്കറ്റുകൾ കാറ്റിൽ ചെറുതായി ഇളകുന്നുണ്ടായിരുന്നു.

പതിനഞ്ച് വർഷം മുമ്പ് അടച്ചുപൂട്ടിയ വാതിൽ…
ഇന്ന് അവൾ തന്നെ തുറക്കുകയായിരുന്നു.
അവൾ പടിയിറങ്ങി റോഡിലേക്ക് നടന്നു.
ഓരോ ചുവടും അവൾക്ക് പുതുമയായിരുന്നു.
വർഷങ്ങളായി വീട്ടിലെ മുറ്റം വിട്ട് എവിടെയും ഒറ്റയ്ക്ക് പോകാത്ത ഒരാൾക്ക്, ആ ചെറിയ യാത്ര പോലും വലിയൊരു ലോകത്തിലേക്കുള്ള യാത്ര പോലെയായിരുന്നു.
കയ്യിൽ ഒരു പഴയ ഫയൽ.
അതിൽ അവളുടെ സർട്ടിഫിക്കറ്റുകൾ.
പതിനഞ്ച് വർഷമായി അലമാരയുടെ ഇരുട്ടിൽ കിടന്നിരുന്ന സ്വപ്നങ്ങളുടെ തെളിവുകൾ.
ആദ്യത്തെ സ്കൂളിലെത്തി അപേക്ഷ കൊടുക്കുമ്പോൾ കൈ ചെറുതായി വിറച്ചിരുന്നു.

“എത്ര വർഷത്തെ ഗ്യാപ്പാണ്?”

ഓഫീസിലിരുന്ന സ്ത്രീ ചോദിച്ചു.

“പതിനഞ്ച് വർഷം.”

അവൾ തല കുനിച്ചു.

“അനുഭവം?”

അവൾ ഒരു നിമിഷം മിണ്ടാതിരുന്നു.

“അനുഭവം ഒരുപാടുണ്ട്.”

അവൾ പതുക്കെ ചിരിച്ചു.

“പക്ഷെ അത് സ്കൂളിൽ പഠിപ്പിച്ചതിന്റെ അനുഭവമല്ല.”

ആ സ്ത്രീക്ക് കാര്യം മനസ്സിലായില്ല.
അവൾ ഫയൽ അടച്ചു.

“വീട്ടിൽ രണ്ട് മക്കളെ വളർത്തിയ അനുഭവമാണ്.”

ആ മറുപടി കേട്ട് ഓഫീസിലിരുന്ന സ്ത്രീയും ചിരിച്ചു.

“അത് ചിലപ്പോൾ ഒരു സ്കൂളിലെ അനുഭവത്തേക്കാൾ വലിയതായിരിക്കും.”

അവളുടെ കണ്ണുകൾ നിറഞ്ഞു.
അന്ന് വൈകുന്നേരം വീട്ടിലെത്തുമ്പോൾ മക്കൾ രണ്ടുപേരും വാതിൽക്കൽ കാത്തുനിൽക്കുന്നുണ്ടായിരുന്നു.

“എന്തായി?”

“അപേക്ഷ കൊടുത്തു.”

“ജോലി കിട്ടുമോ?”

“അറിയില്ല.”

“കിട്ടും.എനിക്കുറപ്പുണ്ട്..”

മകൻ ഉറപ്പോടെ പറഞ്ഞു.

“എങ്ങനെ ഇത്ര ഉറപ്പ്?”

“അമ്മയ്ക്ക് കിട്ടണം. അതുകൊണ്ട് കിട്ടും.”

അവൾ മകനെ കെട്ടിപ്പിടിച്ചു.

രണ്ട് ആഴ്ച കഴിഞ്ഞാണ് ഫോൺ വന്നത്.
അടുത്തുള്ള ഒരു സ്വകാര്യ സ്കൂളിൽ അധ്യാപികയായി വരാമോ എന്ന് ചോദിച്ചു.
ശമ്പളം വലിയതൊന്നുമല്ല.
പക്ഷെ അവൾക്ക് അത് ശമ്പളമായിരുന്നില്ല.
അത് പതിനഞ്ച് വർഷം മുമ്പ് നഷ്ടപ്പെട്ട തന്റെ പേരിന്റെ ആദ്യ അക്ഷരമായിരുന്നു.

ആദ്യ ദിവസം സാരി ഉടുക്കുമ്പോൾ കണ്ണാടിക്ക് മുന്നിൽ നിന്ന അവൾ കുറച്ചുനേരം സ്വയം നോക്കി.
മുഖത്ത് വലിയ മാറ്റമൊന്നുമില്ല.
മുടിയിൽ കുറച്ച് നര.
കണ്ണിനുചുറ്റും ചെറിയ വരകൾ.
പക്ഷെ കണ്ണുകളിൽ…
വർഷങ്ങൾക്ക് ശേഷം ഒരു തിളക്കം.
അവൾ ചിരിച്ചു.

“ടീച്ചർ…”

സ്വന്തം വായിൽ നിന്ന് ആ വാക്ക് കേട്ടപ്പോൾ തന്നെ അവൾക്ക് ചിരിയും കരച്ചിലും ഒരുമിച്ചു വന്നു.
ആദ്യ ദിവസം ക്ലാസിലേക്ക് കയറുമ്പോൾ കുട്ടികൾ എഴുന്നേറ്റു.

“Good morning, teacher!”

അവളുടെ നെഞ്ചിലൂടെ എന്തോ ഒരു വിറയൽ കടന്നുപോയി.
പതിനഞ്ച് വർഷം മുമ്പ് അവൾ സ്വപ്നം കണ്ട അതേ നിമിഷം.
അവൾ ബ്ലാക്ക്ബോർഡിൽ തന്റെ പേര് എഴുതി.
പിന്നെ കുട്ടികളുടെ നേരെ തിരിഞ്ഞു.

“എന്റെ പേര്…”

ഒരു നിമിഷം അവൾ നിശ്ചലമായി.
സ്വന്തം പേര് പറയുന്നതിൽ പോലും ഇത്ര സന്തോഷമുണ്ടാകുമെന്ന് അവൾ ഒരിക്കലും കരുതിയിരുന്നില്ല.

“സ്നേഹലത.”

അവൾ ചിരിച്ചു.

“നിങ്ങളുടെ ലത ടീച്ചർ.”

കുട്ടികൾ കൈയടിച്ചു.
അവളുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു.
വീട്ടിൽ പക്ഷെ കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല.
ഭർത്താവിന് അവളുടെ ജോലി ഇപ്പോഴും ഇഷ്ടമായിരുന്നില്ല.

“ഇത്രയും വർഷം വീട്ടിലിരുന്നിട്ട് ഇപ്പോഴാണോ ജോലി ചെയ്യാനുള്ള മോഹം?”

അവൾ മറുപടി പറഞ്ഞില്ല.

“നിനക്ക് വീട്ടിൽ ഇരുന്നാൽ പോരേ?”

“പോരാ.”

ആദ്യമായി അവൾ അയാളുടെ കണ്ണിൽ നോക്കി മറുപടി പറഞ്ഞു.

“എനിക്ക് ഇനി വീട്ടിൽ മാത്രം ഇരുന്നാൽ പോരാ.”

“എന്താ നിനക്ക് പറ്റിയത്?”

“എനിക്കെന്താ..ഒന്നും പറ്റിയിട്ടില്ല.”

അവൾ ശാന്തമായി പറഞ്ഞു.

“ഇത്രയും കാലം എനിക്ക് എന്താണ് പറ്റിയിരുന്നതെന്ന് ഇപ്പോഴാണ് മനസ്സിലായത്.”

അയാൾ മിണ്ടാതായി.
ദിവസങ്ങൾ കടന്നു.
അവൾ മാറുകയായിരുന്നു.
പക്ഷെ അവൾ വീട്ടിനെ ഉപേക്ഷിച്ചില്ല.
രാവിലെ എഴുന്നേറ്റ് കുട്ടികൾക്കുള്ള ഭക്ഷണം തയ്യാറാക്കും.
തനിക്കുള്ള ടിഫിൻ എടുത്തുവെക്കും.
സ്കൂളിലേക്ക് പോകും.
വൈകുന്നേരം തിരിച്ചെത്തും.
ക്ഷീണമുണ്ടാകും.
പക്ഷെ ആ ക്ഷീണത്തിന് പോലും ഒരു മധുരമുണ്ടായിരുന്നു.
കാരണം അത് സ്വന്തം ജീവിതത്തിനുവേണ്ടി വന്ന ക്ഷീണമായിരുന്നു.
ആദ്യ ശമ്പളം കിട്ടിയ ദിവസം അവൾ ബാങ്കിൽ നിന്ന് പണം എടുത്തു.
വീട്ടിലെത്തിയപ്പോൾ മക്കളെ വിളിച്ചു.

“ഇതാ.”

“എന്താ?”

“അമ്മയുടെ ആദ്യ ശമ്പളം.”

മകൾ പണം വാങ്ങിയില്ല.

“അമ്മ തന്നെ വെച്ചോളൂ.”

“എനിക്ക് എന്തിനാ?”

“അമ്മയ്ക്ക് ഇഷ്ടമുള്ളത് വാങ്ങിക്കോ.”

അവൾ കുറച്ചുനേരം ആ പണം നോക്കി നിന്നു.
അവസാനം അതിൽ നിന്ന് ചെറിയൊരു ഭാഗം മാറ്റിവെച്ചു.
അച്ഛന് ഒരു ഷർട്ട്.
അമ്മയ്ക്ക് ഒരു സാരി.
ചേച്ചിക്ക് ഒരു സമ്മാനം.
മക്കൾക്ക് ചെറിയ സമ്മാനങ്ങൾ.
അവസാനം അവൾക്കായി ഒരു പുസ്തകം.
വർഷങ്ങൾക്ക് മുമ്പ് സ്വപ്നം കണ്ട അതേ കാര്യം.
സ്വന്തം ശമ്പളത്തിൽ സ്വന്തം പുസ്തകം.
അന്ന് രാത്രി ഭർത്താവ് മിണ്ടാതെ ഇരിക്കുകയായിരുന്നു.
അവൾ പുസ്തകം തുറന്ന് വായിക്കാൻ തുടങ്ങി.
കുറച്ചു കഴിഞ്ഞപ്പോൾ അയാൾ ചോദിച്ചു.

“ശമ്പളം എത്ര കിട്ടി?”

അവൾ മറുപടി പറഞ്ഞു.
അയാൾ ഒന്നും പറഞ്ഞില്ല.
കുറച്ചുനേരം കഴിഞ്ഞ് വീണ്ടും ചോദിച്ചു.

“നിനക്ക്… സന്തോഷമാണോ?”

അവൾ പുസ്തകത്തിൽ നിന്ന് കണ്ണുയർത്തി.
അത് അവൾ വർഷങ്ങളായി കേൾക്കാൻ കാത്തിരുന്ന ഒരു ചോദ്യമായിരുന്നു.

“അതെ.”

“ഒരുപാട്?”

അവൾ ചിരിച്ചു.

“ഒരുപാട്.”

അയാൾ തല താഴ്ത്തി.

“നിന്നെ ഞാൻ തടഞ്ഞത് തെറ്റായിപ്പോയോ?”

അവൾ ഉടനെ മറുപടി പറഞ്ഞില്ല.
പതിനഞ്ച് വർഷത്തെ വേദനയ്ക്ക് ഒരു വാക്കിൽ മറുപടി പറയാൻ കഴിയില്ലായിരുന്നു.

“നിങ്ങൾ എന്നെ തടഞ്ഞതുകൊണ്ട് എന്റെ ജീവിതത്തിലെ കുറെ വർഷങ്ങൾ പോയി.”

അയാൾ നിശ്ശബ്ദനായി.

“പക്ഷെ ഇനി ബാക്കിയുള്ള വർഷങ്ങൾ എങ്ങനെ ജീവിക്കണമെന്ന് ഞാൻ തീരുമാനിക്കും.”

അവൾ അയാളെ കുറ്റപ്പെടുത്തിക്കൊണ്ട് പറഞ്ഞതല്ല.
ആദ്യമായി തന്റെ ജീവിതത്തിന്റെ അവകാശം പ്രഖ്യാപിച്ചതായിരുന്നു.
അയാൾ ഒന്നും പറഞ്ഞില്ല.
ആ രാത്രി ഏറെ നേരം ഉറങ്ങാതെ കിടന്നു.
അടുത്ത ദിവസം രാവിലെ അവൾ സ്കൂളിലേക്ക് പോകാനായി ഇറങ്ങുമ്പോൾ ഭർത്താവ് വാതിൽക്കൽ നിന്നിരുന്നു.

“ലത…”

അവൾ തിരിഞ്ഞു.

“എന്താ?”

“ഇന്ന് വൈകുമോ?”

“ഇല്ല. എന്താ?”

“വരുമ്പോൾ… എനിക്ക് ഒരു ഹെയർ ഡൈ കൂടി വാങ്ങിക്കൊണ്ട് വരാമോ..? ”

അവൾ നന്നായി ചിരിച്ചു.

“കൊണ്ടുവരാമല്ലോ..”

അത്ര മാത്രം.
പക്ഷെ ആ ചെറിയ സംഭാഷണത്തിൽ തന്നെ വർഷങ്ങളായി അടഞ്ഞുകിടന്ന ഒരു വാതിൽ പതുക്കെ തുറന്നിരുന്നു.
അയാൾ അവളുടെ ജോലിയെ അംഗീകരിച്ചുവെന്ന് അവൾക്ക് തോന്നി.
അവളുടെ ജീവിതത്തെ മുഴുവൻ അംഗീകരിച്ചുവെന്നല്ല.

പക്ഷെ തുടക്കം അവിടെ നിന്നായിരുന്നു.
വർഷങ്ങൾക്കുശേഷം മകൾ വിവാഹം കഴിക്കാനുള്ള പ്രായത്തിലെത്തി.
ഒരു ദിവസം അവൾ അമ്മയോട് പറഞ്ഞു.

“അമ്മേ, എനിക്ക് ഒരു കാര്യം പറയാനുണ്ട്.”

“പറ മോളേ.”

“എന്നെ കാണാൻ വരുന്ന ആൾക്ക് ഒരു നിബന്ധനയുണ്ട്.”

അവൾ പെട്ടെന്ന് മകളെ നോക്കി.

“എന്ത് നിബന്ധന?”

“ജോലി വേണ്ടത്രേ.”

അവളുടെ മുഖം മാറി.

“നീ എന്ത് പറഞ്ഞു?”

“ഞാൻ പറഞ്ഞു…”

മകൾ വലിയ ശബ്ദത്തോടെ ചിരിച്ചു.

“എനിക്ക് ജോലി വേണം. ജോലി ചെയ്യുന്നത് ഇഷ്ടമാണ്. എന്റെ അമ്മ എന്നെ പഠിപ്പിച്ചത് സ്വന്തം കാലിൽ നിൽക്കാനാണ്. ആരുടെയെങ്കിലും അനുമതിയിൽ ജീവിക്കാനല്ല.”

അവളുടെ കണ്ണുകൾ നിറഞ്ഞു.

“പിന്നെ..?”

“അവൻ ആലോചിക്കട്ടെ എന്ന് പറഞ്ഞു.”

അവൾ മകളുടെ കൈ പിടിച്ചു.

“നിന്റെ ജീവിതം നീ തന്നെ തീരുമാനിക്കണം.അതിന് മറ്റാരെയും ഇടപെടുത്തേണ്ട കാര്യമില്ല.”

മകൾ അവളുടെ തോളിൽ തലചായ്ച്ചു.

“അമ്മയെ കണ്ടാണ് ഞാൻ പഠിച്ചത്.”

പിന്നെയും കുറെ വർഷങ്ങൾക്കു ശേഷം…
ഒരു സ്കൂൾ വാർഷികാഘോഷം.
വേദിയിൽ മികച്ച അധ്യാപികയ്ക്കുള്ള പുരസ്കാരം പ്രഖ്യാപിച്ചു.

“ഈ വർഷത്തെ മികച്ച അധ്യാപികയ്ക്കുള്ള പുരസ്കാരം… സ്നേഹലത ടീച്ചർക്ക്.”

കൈയടികൾ മുഴങ്ങി.
വേദിയിലേക്ക് നടക്കുമ്പോൾ അവൾക്ക് മുന്നിലെ ആദ്യ നിരയിൽ തന്റെ ഭർത്താവിനെ കാണാമായിരുന്നു.
അവന്റെ അരികിൽ മകനും മകളും.
അവൾ വേദിയിലെത്തി പുരസ്കാരം വാങ്ങി.
താഴേക്ക് ഇറങ്ങുമ്പോൾ മകൻ ഓടിവന്ന് അവളെ കെട്ടിപ്പിടിച്ചു.

“അമ്മേ… proud of you.”

അവൾ ചിരിച്ചു.

“നിന്നെക്കൊണ്ടല്ലേ ഞാൻ തുടങ്ങിയത്.”

“അല്ല അമ്മേ.”

മകൻ തലകുലുക്കി.

“അമ്മയുടെ സ്വപ്നം അമ്മ തന്നെയാണ് തിരികെ പിടിച്ചത്.”

അവൾ അവനെ നോക്കി.
പിന്നെ അകലെ നിന്ന ഭർത്താവിനെ നോക്കി.
അയാൾ സന്തോഷം കൊണ്ട് പതുക്കെ കൈയടിക്കുകയായിരുന്നു..!
അവൾക്ക് പെട്ടെന്ന് പതിനഞ്ച് വർഷം മുമ്പത്തെ ആ പെൺകുട്ടിയെ ഓർമ്മ വന്നു.
പെണ്ണുകാണാൻ വന്ന വീട്ടിൽ മുഖം കുനിച്ച് നിന്ന പെൺകുട്ടി.

“നിങ്ങളുടെ വീട്ടിലെ സ്ത്രീകൾ ആരും ജോലിക്ക് പോകുന്നില്ല. അതുകൊണ്ട് നിനക്കും പോകാൻ കഴിയില്ല.”

എന്ന് കേട്ട പെൺകുട്ടി.
അന്ന് അവൾക്ക് മറുപടി പറയാൻ കഴിഞ്ഞില്ല.
പക്ഷെ ഇന്ന്…
അവളുടെ കൈയിൽ ഒരു പുരസ്കാരമുണ്ടായിരുന്നു.
കണ്ണുകളിൽ ആത്മവിശ്വാസമുണ്ടായിരുന്നു.
അവളുടെ അരികിൽ അവളുടെ മക്കളുണ്ടായിരുന്നു.
അവളുടെ പിന്നിൽ അവളുടെ സ്വന്തം ജീവിതമുണ്ടായിരുന്നു.
വേദിയിൽ നിന്ന് ഇറങ്ങുമ്പോൾ അവൾ മനസ്സിൽ ഒരു കാര്യം മാത്രം പറഞ്ഞു.

“അന്ന് എനിക്ക് മറുപടി പറയാൻ കഴിഞ്ഞില്ല.
പക്ഷെ എന്റെ ജീവിതം കൊണ്ട് ഞാൻ മറുപടി പറഞ്ഞു.”

വീട്ടിലേക്ക് മടങ്ങുമ്പോൾ കാറിന്റെ ജനാലയിലൂടെ പുറത്തേക്ക് നോക്കി അവൾ ചിരിച്ചു.
ഒരിക്കൽ തനിക്ക് തോന്നിയിരുന്നു—
തന്റെ ജീവിതം കഴിഞ്ഞുപോയെന്ന്.
പക്ഷെ ജീവിതം അവളോട് പറഞ്ഞത് മറ്റൊന്നായിരുന്നു.
ചില സ്വപ്നങ്ങൾ വൈകിയെത്തും.
ചില വാതിലുകൾ വൈകി തുറക്കും.
ചില മനുഷ്യർ നമ്മളെ തടയും.
ചിലപ്പോൾ നമ്മൾ തന്നെയും നമ്മളെ തടയും.
പക്ഷെ…
സ്വന്തം ജീവിതത്തിലേക്ക് തിരികെ നടക്കാൻ ഒരാൾ തീരുമാനിക്കുന്ന നിമിഷം മുതൽ, വൈകിപ്പോയെന്ന് പറയാൻ ജീവിതത്തിന് അവകാശമില്ല.
അവൾ കണ്ണുകൾ അടച്ചു.
ചുണ്ടിൽ ഒരു ചെറിയ പുഞ്ചിരി.
ഇനി അവൾ ആരുടെയെങ്കിലും ഭാര്യ മാത്രമല്ല.
ആരുടെയെങ്കിലും അമ്മ മാത്രമല്ല.
ആരുടെയെങ്കിലും മരുമകൾ മാത്രമല്ല.
അവൾ—ലത.
സ്വന്തം സ്വപ്നങ്ങൾക്ക് വീണ്ടും ജന്മം നൽകിയ ഒരു സ്ത്രീ.
അവൾക്കുമൊരു ജീവിതമുണ്ടായിരുന്നു.
അത് ജീവിക്കാൻ അവൾ പതിനഞ്ച് വർഷം വൈകി.
പക്ഷെ…
വൈകിയെങ്കിലും അവൾ ജീവിച്ചു.


@All rights reserved to ശാലിനി മുരളി

Leave a Reply

Your email address will not be published. Required fields are marked *