മുപ്പതു വയസ്സായ എന്നോടാണോ അറുപതു വയസ്സായ ആ കിളവനെ കല്യാണം കഴിക്കാൻ പറയുന്നത്? അതും നിന്റെ ഭാര്യയാകാൻ പോകുന്ന എന്നോട് തന്നെ ഇത് പറയാൻ നിനക്ക് നാണമില്ലേ അനൂപേ…..

“മുപ്പതു വയസ്സായ എന്നോടാണോ അറുപതു വയസ്സായ ആ കിളവനെ കല്യാണം കഴിക്കാൻ പറയുന്നത്? അതും നിന്റെ ഭാര്യയാകാൻ പോകുന്ന എന്നോട് തന്നെ ഇത് പറയാൻ നിനക്ക് നാണമില്ലേ അനൂപേ?”

രേഷ്മയുടെ ശബ്ദം ഉയർന്നിരുന്നു. അനൂപ് പറഞ്ഞ കാര്യം കേട്ട് കുറച്ചു നേരമായി അവൾ അവനെ രൂക്ഷമായി നോക്കി നിൽക്കുകയായിരുന്നു. ഒടുവിൽ സഹിക്കാനാകാതെയാണ് ആ ചോദ്യം പുറത്തുവന്നത്.

അനൂപ് അവളെ നോക്കി ഒന്ന് നെടുവീർപ്പിട്ടു. അവൾ പെട്ടെന്നൊന്നും സമ്മതിക്കില്ലെന്ന് അവന് അറിയാമായിരുന്നു. പക്ഷേ ഈ അവസരം കൈവിട്ടു കളയാൻ അവനും തയ്യാറായിരുന്നില്ല.

“നീ എന്റെ ഭാര്യയാകാൻ പോകുന്നതുകൊണ്ടല്ലേ ഇത്ര ധൈര്യത്തോടെ ഞാൻ ഇത് പറയുന്നത് രേഷു..മറ്റേതെങ്കിലും പെൺകുട്ടികളോട് ആണെങ്കിൽ എനിക്ക് പറയാൻ പറ്റില്ലല്ലോ.”അവൻ അവളെ സ്നേഹത്തോടെ പുണരാൻ ശ്രമിച്ചു

“നിനക്ക് വട്ടാണ്.. മുഴുത്ത വട്ട്.”

അവൾ ദേഷ്യത്തോടെ അവന്റെ കൈ തട്ടി മാറ്റി.. അപ്പോഴും അവന്റെ മുഖത്തെ ചിരി മാഞ്ഞിരുന്നില്ല.

“നമുക്ക് ജീവിക്കാൻ എന്താണ് ആവശ്യം? ഇപ്പോൾ കിട്ടുന്ന നക്കാപിച്ച കൊണ്ട് നമ്മൾ എന്ന് രക്ഷപെടാൻ ആണ്.എല്ലാ കാലത്തും ഇങ്ങനെ വിലയില്ലാതെ തെണ്ടികൾ ആയി ജീവിച്ചാൽ മതി എന്നാണോ നിന്റെ ആഗ്രഹം ”അവൻ പുച്ഛത്തോടെ പറഞ്ഞു.
അവൾ ഒന്നും മിണ്ടിയില്ല.

അവരുടെ ജീവിതം എങ്ങനെയാണെന്ന് അവൾക്ക് അറിയാമായിരുന്നു. മാസത്തിന്റെ പകുതി ആകുമ്പോഴേക്കും പണം എല്ലാം തീർന്നിട്ടുണ്ടാകും. ബാക്കി ദിവസങ്ങൾ എങ്ങനെയെങ്കിലും തള്ളിനീക്കണം. വിവാഹം കഴിഞ്ഞാൽ ഒരു ചെറിയ വീട് വാടകയ്ക്ക് എടുത്ത് ജീവിക്കാമെന്നായിരുന്നു അവളുടെ സ്വപ്നം. അതുപോലും ഇപ്പോൾ കൈ എത്താ ദൂരെ ആയിരിക്കുന്നു.

അനൂപ് ആ നിശ്ശബ്ദത മുതലെടുത്തു.

“കുറെ നാളായില്ലേ ഞാനവിടെ ഡ്രൈവറായി ജോലി ചെയ്യാൻ തുടങ്ങിയിട്ട്. അവിടെനിന്ന് കിട്ടുന്ന പൈസ കൊണ്ട് നമ്മൾ രക്ഷപ്പെടും എന്ന് തോന്നുന്നുണ്ടോ?”

“അതിന് അയാളെ കല്യാണം കഴിക്കണമെന്നാണോ നീ പറയുന്നത്?” അവളുടെ മുഖത്ത് അസ്വസ്ഥത നിറഞ്ഞു.

“നീ ഇങ്ങനെ വിഷമിക്കാതെ പൊന്നെ.. ഞാൻ പറയുന്നത് സാവകാശത്തോടെ കേൾക്കൂ..കഴിഞ്ഞ ദിവസം ട്രീറ്റ്‌മെന്റിനു കൊണ്ട് പോകുന്ന വഴക്കാണ് അയാൾ എന്നോട് ഒരു ആഗ്രഹം പറഞ്ഞത്.”

രേഷ്മ അവനെ നോക്കി.

“എന്ത് ആഗ്രഹം?”

“ഇങ്ങനെ വയ്യാതിരിക്കുമ്പോഴാണ് ഒരു തുണ വേണ്ടിയിരുന്നത് എന്ന്.”

അനൂപ് പറഞ്ഞു വരുന്ന കാര്യം മനസ്സിലായതോടെ അവളുടെ മുഖം മാറി.

“അനൂപേ…” അവൻ അവളെ പറയാൻ അനുവദിച്ചില്ല.

“ആ കിളവന് ക്യാൻസറാണ്.ഇനി കൂടി പോയാൽ ഒന്നോ രണ്ടോ വർഷമേ അയാൾ ജീവനോടെ കാണൂ..കുറെ നാളായി ഞാൻ അവിടെ ജോലി ചെയ്യുന്നത് കൊണ്ട് തന്നെ അയാളുടെ അവസ്ഥ എനിക്ക് നന്നായി അറിയാം.”

“അത് അയാളുടെ കാര്യമാണ്. അതിന് എന്നെ എന്തിനാണ് ഇതിലേക്ക് വലിച്ചിഴക്കുന്നത്?” അവളുടെ വാക്കുകളിൽ നിസ്സഹായ അവസ്ഥ നിറഞ്ഞു.

“കാരണം അയാൾക്ക് പണമുണ്ട്.”

അനൂപിന്റെ ശബ്ദം താഴ്ന്നിരുന്നു. പക്ഷേ ആ വാക്കിൽ അവന്റെ ഉദ്ദേശ്യം മുഴുവൻ വ്യക്തമായിരുന്നു.

“പൂത്ത കാശാണ് അങ്ങേർക്ക്. പോരാത്തതിന് കൊട്ടാരം പോലൊരു വീടും. പത്ത് ഏക്കർ സ്ഥലം വേറെയും .”

അനൂപ് ആർത്തിയോടെ പറയുമ്പോൾ രേഷ്മ അവനെ വെറുപ്പോടെ നോക്കി.

“അയാൾ തട്ടി പോയിക്കഴിഞ്ഞാൽ പിന്നെ അതൊക്കെ ആർക്കാ?”

അവൾക്ക് മറുപടി പറയേണ്ട ആവശ്യമില്ലായിരുന്നു. അനൂപ് തന്നെയാണ് അത് പറഞ്ഞത്.

“ഭാര്യയായ നിനക്ക്.”

“എന്നിട്ട്? ജീവിതകാലം മുഴുവൻ അയാളുടെ ഭാര്യ പദവി അലങ്കരിച്ചു ഞാൻ ജീവിച്ചു മരിക്കണം അല്ലെ.. ”

അവളുടെ മറുപടി കേട്ടതും അവൻ പൊട്ടിച്ചിരിച്ചു.

“എടി മണ്ടി.. നിന്നോട് അയാളുടെ ഭാര്യയായി ജീവിതകാലം മുഴുവൻ ജീവിക്കാൻ ആണോ ഞാൻ പറഞ്ഞത്?”

അനൂപ് തുടർന്നു.

“വെറുതെ ഒന്ന് അഭിനയിക്കണം. അയാളെ ശുശ്രൂഷിക്കുന്നതായി… സ്നേഹിക്കുന്നതായി… അയാളുടെ സിംപതി പിടിച്ചുപറ്റിയാൽ ആ സ്വത്ത് മുഴുവൻ നമുക്കാണ്.”

“നമുക്കോ?”

രേഷ്മ നെറ്റി ചുളിച്ചു.

“അതെ. നമുക്ക്.”

അവൾ തലകുനിച്ചു.

“എനിക്ക് പറ്റില്ല.”

“എന്തുകൊണ്ട്?”

“ ഇത് തെറ്റാണ്, ചതിയാണ് .”

“തെറ്റോ?”

അനൂപ് ചിരിച്ചു.

“നമ്മൾ ദാരിദ്ര്യത്തിൽ കിടക്കുന്നത് ആയിരിക്കുമല്ലേ അപ്പോൾ നിന്റെ കണ്ണിൽ ശരി? നിനക്ക് നല്ലൊരു ജീവിതം വേണമെന്നില്ലേ?നീ ഇപ്പോൾ ഇതിനു തയാറായില്ലെങ്കിൽ ആ സ്വത്തുക്കൾ മുഴുവൻ ഏതെങ്കിലും അനാഥ പിള്ളേർക്ക് പോകും.. മോളെ.. നീ വിചാരിച്ചാലേ ഇനി നമ്മുടെ ജീവിതം രക്ഷിക്കാൻ ആവൂ.. ”

അവൻ തന്റെ സ്വരത്തിൽ സ്നേഹം കലർത്താൻ ശ്രമിച്ചു. പക്ഷേ രേഷ്മയ്ക്ക് ആ വാക്കുകൾക്കിടയിലൂടെ പണത്തിന്റെ കണക്കുകൾ മാത്രമാണ് കേൾക്കാനായത്.

അവൾ ഒന്നും പറഞ്ഞില്ല.

“നീ എന്നെ സ്നേഹിക്കുന്നുണ്ടെങ്കിൽ ഇത്രയെങ്കിലും എനിക്ക് വേണ്ടി ചെയ്യണം.”

ആ വാക്കിനപ്പുറത്തേക്ക് അവൾക്ക് പിന്നീട് ഒരു മറുവാക്ക് ഉണ്ടായിരുന്നില്ല.

അങ്ങനെ ഒരു താലിയുടെ പോലും ബന്ധനം ഇല്ലാതെ നിയമപരമായി മാത്രം അവൾ അയാളുടെ ഭാര്യയായി.വിവാഹം കഴിഞ്ഞ് ആ വലിയ വീട്ടിലേക്ക് കയറുമ്പോൾ രേഷ്മയുടെ കാലുകൾക്ക് താങ്ങാൻ ആകാത്തത്ര ഭാരമുള്ളതുപോലെ തോന്നി.

വീടിന്റെ വലിപ്പം കണ്ടപ്പോൾ അനൂപ് പറഞ്ഞതെല്ലാം സത്യമാണെന്ന് അവൾക്ക് മനസ്സിലായി. വിശാലമായ മുറ്റം, പഴയ മരപ്പണികളുള്ള വലിയ വീട്, ചുറ്റും പരന്നുകിടക്കുന്ന സ്ഥലം.

പക്ഷേ ആ സമ്പത്തിനിടയിൽ തളർന്നു കിടന്നിരുന്ന മനുഷ്യനെ കണ്ടപ്പോൾ അവളുടെ ഉള്ളിൽ സ്വന്തം മനസാക്ഷി തകർന്നടിഞ്ഞു വീണു.

അയാൾ കട്ടിലിൽ കിടക്കുകയായിരുന്നു.

രോഗം ശരീരത്തെ പകുതിയിലേറെ തളർത്തിയിരുന്നു.

രേഷ്മ മുറിയിലേക്ക് കയറിയത് കണ്ടപ്പോൾ അയാൾ പതുക്കെ എഴുന്നേൽക്കാൻ ശ്രമിച്ചു.

“എഴുന്നേൽക്കണ്ട…”

അവൾ പെട്ടെന്ന് അടുത്തെത്തി അയാളെ താങ്ങി.

അയാൾ അവളുടെ മുഖത്തേക്ക് നോക്കി.

“നിന്റെ പേര് രേഷ്മ എന്നല്ലേ?”

“അതെ.”

“എത്ര വയസ്സുണ്ട്?”

“മുപ്പത്.”

അയാൾ കുറച്ചു നേരം അവളെ നോക്കി നിന്നു. പിന്നെ പതുക്കെ ചോദിച്ചു.

“എന്തിനാണ് മോളെ ഈ പ്രായത്തിൽ നീ ഇങ്ങനെ ഒരു കടുംകൈ ചെയ്തത്?”

ആ ചോദ്യം അവളുടെ നെഞ്ചിൽ തറച്ചത്പോലെ തോന്നി.

ഈ വിവാഹത്തിന് പിന്നിലെ സത്യം അയാൾക്ക് അറിയില്ലല്ലോ..
താനോ ആ മനുഷ്യനെ ചതിക്കാനാണ് വന്നിരിക്കുന്നത്.

“എന്താ ഒന്നും പറയാത്തത്?”അയാൾ തളർന്ന സ്വരത്തോടെ ചോദിച്ചു.

“ഒന്നുമില്ല…”

അവൾ കണ്ണുകൾ താഴ്ത്തി.

അയാൾ വീണ്ടും കിടക്കയിലേക്ക് ചാരിക്കിടന്നു.

“നിനക്ക് വേറെ നല്ലൊരു ജീവിതം കിട്ടേണ്ടതായിരുന്നു മോളെ.”അയാൾ വീണ്ടും ആവർത്തിച്ചു.

അവൾക്ക് അയാളുടെ മുഖത്തേക്ക് നോക്കാൻ പോലും കഴിഞ്ഞിരുന്നില്ല.കണ്ണുനീർ മാത്രം മറുപടി പറഞ്ഞു കൊണ്ടിരുന്നു.

ആദ്യ ദിവസങ്ങളിൽഎല്ലാം രേഷ്മ അനൂപ് പറഞ്ഞതുപോലെ തന്നെയാണ് എല്ലാം ചെയ്തത്.

സമയത്ത് മരുന്ന് കൊടുത്തു.

ഭക്ഷണം തയ്യാറാക്കി.

അയാൾക്ക് നടക്കാൻ കഴിയാതെ വരുമ്പോൾ കൈപിടിച്ചു.

അനൂപ് ഓരോ ദിവസവും രാത്രി ഫോൺ ചെയ്യും.

“എന്തായി?”

“എന്താകാൻ?”

“അയാൾക്ക് സംശയം ഒന്നും ഇല്ലല്ലോ..”

“ഇല്ല .”

“പണം ചോദിച്ചോ?”

“ഇല്ല.”

“നീ ഇങ്ങനെ തണുപ്പൻ മട്ടിൽ നിക്കാതെ എങ്ങനെ എങ്കിലും അയാളെ വശത്താക്കി കുറച്ചു പൈസ ഒപ്പിക്കാൻ നോക്ക്.. ”

അവൾ ഫോൺ വെച്ചു ശേഷം അയാളുടെ മുറിയിലേക്ക് നോക്കി.

അയാളുടെ നിസ്സഹായ അവസ്ഥ കാണുമ്പോൾ ഒക്കെയും താൻ ചെയ്യുന്നത് ശരിയല്ലെന്ന് അവൾക്ക് തോന്നും.
പക്ഷേ അനൂപിന്റെ വാക്കുകൾ ഓർമ്മ വരുമ്പോൾ ആ ചിന്ത അവൾ മനസ്സിൽ നിന്ന് തള്ളിക്കളയും.

ഒരു ദിവസം അയാൾ മരുന്ന് കഴിച്ച ശേഷം അവളെ നോക്കി ചോദിച്ചു.

“മോളെ, നീ ഭക്ഷണം കഴിച്ചോ?”

“കഴിച്ചു.”

“കള്ളം പറയണ്ട. രാവിലെ മുതൽ ഒന്നും കഴിച്ചിട്ടില്ലെന്ന് അടുക്കളക്കാരി പറഞ്ഞു.”

അവൾ ചിരിക്കാൻ ശ്രമിച്ചു.

“നിങ്ങളെ ശ്രദ്ധിക്കാൻ ആണ് എന്നെ ഇവിടെ കൊണ്ട് വന്നത് എന്നിട്ടിപ്പോ നിങ്ങൾ എന്റെ കാര്യങ്ങൾ ആണല്ലോ ശ്രദ്ധിക്കുന്നത്. ”

അയാൾ ചിരിച്ചു.
ആ ചിരിയിൽ വേദന ഉണ്ടായിരുന്നു.

പോകെ പോകെ അവൾക്ക് ഒരു കാര്യം മനസിലായി താൻ സ്നേഹം അഭിനയിക്കുകയാണെങ്കിൽ അയാൾ അവൾക്ക് തിരികെ നൽകുന്നത് കളങ്കം ഇല്ലാത്ത സ്നേഹം ആണെന്ന്. ആ തിരിച്ചറിവ് അവളെ വീണ്ടും വേദനിപ്പിച്ചു.

കാലം കഴിയും തോറും
അയാളുടെ രോഗം കൂടുതൽ മൂർച്ഛിച്ചു.

പക്ഷേ രേഷ്മയോടുള്ള വാത്സല്യം അപ്പോഴും കുറഞ്ഞിരുന്നില്ല.

ഒരു ദിവസം അവൾക്ക് തലവേദനയാണെന്ന് പറഞ്ഞപ്പോൾ അയാൾ വേഗം ഒരു മരുന്നെടുത്ത് കൊടുത്തു.

“ഇത് കഴിച്ചോളൂ.ഇനി എന്റെ കാര്യം ഒന്നും നോക്കേണ്ട പോയി കിടന്നോളു.. എനിക്കിനി അധികം നാളില്ല നീ നിന്റെ ആരോഗ്യം നോക്കണം. ”

അവൾ ആ ഗുളിക കൈയിൽ പിടിച്ചുകൊണ്ട് അയാളെ നോക്കി.

“എന്തിനാണ് എന്നെ ഇത്ര ശ്രദ്ധിക്കുന്നത്?”

അയാൾ കുറച്ചു നേരം മിണ്ടാതിരുന്നു.

“എനിക്ക് ഒരു മകൾ ഉണ്ടായിരുന്നെങ്കിൽ നിന്റെ പ്രായമായിരുന്നേനെ.”

അവൾക്ക് ആ മറുപടി കേട്ടപ്പോൾ പൊട്ടി കരയണം എന്ന് തോന്നി പക്ഷെ ഒരു വാക്ക് പോലും പറയാൻ കഴിയാതെ അവൾ പാറ പോലെ ഉറച്ചു നിന്ന് പോയി.

അനൂപ് ഇതിനിടയിൽ അവളിൽ നിന്ന് പലതവണയായി പണം വാങ്ങിക്കൊണ്ടിരുന്നു.

ആദ്യം ചെറിയ തുകകൾ.

പിന്നെ വലിയ തുകകൾ.

“ഇത് എന്തിനാണ് അനൂപേ നിനക്കിത്രയും പണം? “ഒരിക്കൽ സഹികെട്ടു അവൾ ചോദിച്ചു.

“അത് നീ അറിയേണ്ട കാര്യമില്ല.”

അവൾ ചോദിച്ചത് അനൂപിന് ഇഷ്ടപ്പെട്ടില്ല

അവന്റെ നിർബന്ധ പ്രകാരം പിന്നെയും അവൾ പണം കൊടുത്തുകൊണ്ടിരുന്നു.
താൻ ചെയ്യുന്ന തെറ്റിന് ഒരു ദിവസം നല്ലൊരു അവസാനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ.

അങ്ങനെയിരിക്കെ ഒരിക്കൽ അപ്രത്രക്ഷിതമായാണ് അനൂപിന്റെ ഫോൺ അവളുടെ കയ്യിൽ കിട്ടിയത്. അന്ന് അവളുടെ പ്രതീക്ഷകൾ എല്ലാം തകിടം മറഞ്ഞു.

മറ്റ് സ്ത്രീകളുമായുള്ള അതിരുവിട്ട ചാറ്റുകൾ

അവൾ കൊടുത്ത പണത്തിൽ വാങ്ങിയ സാധനങ്ങളുടെ ചിത്രങ്ങൾ.

ഹോട്ടൽ ബില്ലുകൾ.

രേഷ്മ ഏറെ നേരം ഫോൺ നോക്കി നിന്നു.
അവളുടെ കണ്ണുകളിൽ ഇരുട്ട് കയറി.
താൻ ചതിക്കപ്പെട്ടിരിക്കുന്നു..
ഒടുവിൽ അവൾക്ക് കരച്ചിൽ മാത്രം ബാക്കിയായി.

അനൂപ് വന്നപ്പോൾ അവൾ ദേഷ്യത്തോടെ ഫോൺ അവന്റെ മുന്നിലേക്ക് നീട്ടി.

“ഇതെന്താണ്?”ഫോൺ നോക്കിക്കൊണ്ട് അവൾ ചോദിച്ചു.

അവൻ ഒരു നിമിഷം പോലും പതറിയില്ല.

“എന്റെ കാര്യങ്ങളിൽ നീ ഇടപെടണ്ട.”

“ഞാൻ ഇടപെടും.. ആ പാവത്തിനെ ചതിച്ചു ഞാൻ തന്ന പണം അല്ലെ ഇതെല്ലാം ?”

“അതുകൊണ്ട്?”അവൻ നിസാര മട്ടിൽ ചോദിച്ചു.

“നിനക്ക് വേണ്ടി ഞാൻ എന്തൊക്കെയാണ് ചെയ്യുന്നതെന്ന് അറിയാമോ? ദിവസവും എത്ര പാപമാണ് തലയിൽ ഏറ്റി വെക്കുന്നത് എന്നറിയാമോ..?”അവളുടെ കണ്ണുകൾ നിറഞ്ഞു.

“ നിന്നോട് ആര് ചെയ്യാൻ പറഞ്ഞു?.”

ആ വാക്ക് കേട്ടപ്പോൾ അവൾക്ക് കരച്ചിൽ നിയന്ത്രിക്കാൻ ആയില്ല.

“മഹാപാപി..പറഞ്ഞത് നീയല്ലേ?”

അനൂപ് മിണ്ടാതെ നിന്നു.

“ആ മനുഷ്യനെ വിവാഹം കഴിക്കാൻ പറഞ്ഞത് നീയല്ലേ?”

അവൻ തിരിഞ്ഞുനിന്നു.

“ഞാൻ പറഞ്ഞെന്ന് കരുതി.. ആത്മഭിമാനം ഉള്ള ഏതെങ്കിലും പെണ്ണുങ്ങൾ ഇങ്ങനെയൊക്കെ ചെയ്യുമോ.. ”

അപ്പോഴാണ് രേഷ്മയ്ക്ക് എല്ലാം വ്യക്തമായത്.
ഒരു ജീവിതം പണിയാൻ വേണ്ടിയാണെന്ന ആശ്വാസത്തിൽ ആയിരുന്നു താൻ ഈ പാപങ്ങൾ എല്ലാം ചെയ്തത്.
പക്ഷേ അനൂപ് അവളുടെ ജീവിതം തന്നെ കുട്ടിചോറാക്കി കൊണ്ടിരിക്കുകയായിരുന്നു.

അന്ന് രാത്രി അവൾക്ക് ഉറങ്ങാനായില്ല.

അയാളുടെ മുറിയുടെ വാതിൽക്കൽ ഏറെ നേരം നിന്നശേഷം അവൾ പതുക്കെ അകത്തേക്ക് കയറി.

അയാൾ ഉറങ്ങുകയായിരുന്നു.

രോഗം മൂർച്ഛിച്ചതിനാൽ ശ്വാസമെടുക്കുന്നതുപോലും പ്രയാസപ്പെട്ടായിരുന്നു.

അവൾ കട്ടിലിനരികിൽ ഇരുന്നു.

അയാൾ കണ്ണുതുറന്നു.

“മോളെ…?”

അവൾ അയാളുടെ കൈയിൽ കൈവച്ചു.

“എനിക്ക് നിങ്ങളോട് ഒരു കാര്യം പറയാനുണ്ട്.”

അയാൾ അവളെ നോക്കി.

“പറയു.”

“ഞാൻ നിങ്ങളെ വഞ്ചിക്കുകയായിരുന്നു.”

അയാൾ ഒന്നും പറഞ്ഞില്ല.

“നിങ്ങളുടെ പണത്തിന് വേണ്ടിയാണ് ഞാൻ നിങ്ങളെ വിവാഹം കഴിച്ചത്.”

അയാൾ കുറച്ചു നേരം അവളെ നോക്കി.
പിന്നെ വളരെ പതുക്കെ പറഞ്ഞു.

“എനിക്കറിയാമായിരുന്നു.”

രേഷ്മയുടെ കണ്ണുകൾ നിറഞ്ഞു.

“എങ്ങനെ?”

“നീ വന്ന ദിവസം മുതൽ ഞാൻ അത് മനസിലാക്കിയിരുന്നു.”അയാൾ പുഞ്ചിരിക്കാൻ ശ്രമിച്ചു.

“പിന്നെ എന്തിനാണ് എന്നെ ഇവിടെ തുടരാൻ അനുവദിച്ചത് ?”അവൾ തേങ്ങി

അയാൾ ഒരു ദീർഘനിശ്വാസം എടുത്തു.

“നിന്റെ കണ്ണുകളിൽ എനിക്ക് ഭയം കാണാമായിരുന്നു.ആരെയൊക്കെയോ നീ ഭയക്കുന്നതായി എനിക്ക് തോന്നി ”

അവൾ കരഞ്ഞു.

“പക്ഷേ കുറച്ചു കഴിഞ്ഞപ്പോൾ ആ ഭയത്തിനിടയിലും കുറച്ചു സ്നേഹം കാണാൻ തുടങ്ങി.”

“അത്…”

അവൾ വാക്കുകൾ കണ്ടെത്താനാകാതെ നിന്നു.

“അത് സ്നേഹമായിരുന്നില്ല.”

“ആയിരുന്നോ ഇല്ലയോ എന്നെനിക്ക് അറിയില്ല മോളെ.”

അയാൾ അവളുടെ കൈ മുറുകെ പിടിച്ചു.

“പക്ഷേ എനിക്ക് അത് മതിയായിരുന്നു.”

രേഷ്മ തലകുനിച്ചു.

“എന്നോട് ക്ഷമിക്കണം.”

“കരയണ്ട.” അയാൾ അവളെ ആശ്വസിപ്പിച്ചു.

“ഞാൻ ഇവിടെ നിൽക്കാൻ അർഹയല്ല.ഞാൻ പോകുകയാണ്.”അവൾ തലകുനിച്ചു നിന്നു.

“നിനക്ക് പോകണമെങ്കിൽ പോകാം.”അയാൾ തടഞ്ഞില്ല.

അവൾ എഴുന്നേറ്റു.

“ഞാൻ പോകുകയാണ്.”

അയാൾ കണ്ണുകൾ അടച്ചു.

രേഷ്മ വാതിലിലേക്ക് നടക്കാൻ തുടങ്ങി.
പെട്ടെന്ന് തിരിഞ്ഞുവന്ന് അയാളുടെ കാലിൽ തൊട്ടു.

“എന്നോട് ക്ഷമിക്കണം.ക്ഷമിച്ചു എന്നൊരു വാക്ക് എങ്കിലും പറയണം.”

അയാൾ കണ്ണുതുറക്കാൻ ശ്രമിച്ചു.

പക്ഷേ അവൾക്ക് മറുപടി കിട്ടിയില്ല.

“സാർ…?”

അവൾ അയാളുടെ കൈയിൽ തട്ടിവിളിച്ചു .
അനക്കം ഉണ്ടായിരുന്നില്ല..
അവൾ വീണ്ടും തട്ടി വിളിച്ചു കൊണ്ട് കരഞ്ഞു .

“എന്നോട് ഒന്ന് സംസാരിക്കൂ..ക്ഷമിച്ചെന്ന് ഒരു വാക്ക് എങ്കിലും….”അവൾ വിതുമ്പി

മറുപടി ഇല്ല.

അവളുടെ കൈകൾ വിറച്ചു.

അയാളുടെ കൈയിൽ തൊട്ടപ്പോൾ ചൂട് നഷ്ടപ്പെട്ടു തുടങ്ങിയിരുന്നു.

രേഷ്മ വിറച്ചു കൊണ്ട് പിന്നിലേക്ക് മാറി.

അവളുടെ വായിൽ നിന്ന് ഒരു നിലവിളി പുറത്തുവന്നു.

“അയ്യോ…!”

അവൾ കട്ടിലിലേക്ക് വീണു.

“ഞാൻ എല്ലാം കുറച്ചു നേരത്തെ പറയേണ്ടതായിരുന്നു…”

കരച്ചിലിനിടയിലാണ് അയാളുടെ കൈക്കരികിൽ കിടന്നിരുന്ന ഒരു പേപ്പർ അവളുടെ ശ്രദ്ധയിൽപ്പെട്ടത്.

അവൾ വിറയ്ക്കുന്ന കൈകളോടെ അത് എടുത്തു.

വിൽപത്രം.

അയാളുടെ വീട്.

സ്ഥലം.

ബാങ്കിലെ പണം.

മറ്റു സ്വത്തുക്കൾ.

എല്ലാം അവളുടെ പേരിൽ.

രേഷ്മയ്ക്ക് സങ്കടം സഹിക്കാൻ ആയില്ല..

“എന്തിനായിരുന്നു…?”

അവൾ അയാളുടെ കാലിൽ മുഖം അമർത്തി കൊണ്ട് പൊട്ടി കരഞ്ഞു. അവളുടെ നിലവിളി കേട്ട് സെർവെൻറ്സ് ഓടി വരുമ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു.

മരണവാർത്ത അറിഞ്ഞ് അനൂപ് വീണ്ടും വന്നു.

അവന്റെ മുഖത്ത് ദുഃഖത്തിന്റെ നിഴൽ പോലും ഉണ്ടായിരുന്നില്ല.

“വിൽപത്രം കിട്ടിയല്ലേ ?”അവൻ സന്തോഷത്തോടെ ചോദിച്ചു.

രേഷ്മ അവനെ രൂക്ഷമായി നോക്കി.

“കിട്ടി.”

“എല്ലാം നിന്റെ പേരിലേക്ക് ആക്കിയോ ?”

അവൾ മറുപടി പറഞ്ഞില്ല.

അനൂപിന്റെ കണ്ണുകൾ തിളങ്ങി.

“നമ്മൾ രക്ഷപ്പെട്ടു രേഷ്മേ.”

അവൾ പതുക്കെ അവനെ നോക്കി.

“നമ്മളോ?”

അനൂപ് മിണ്ടാതായി.

“ഇല്ല അനൂപേ.”

അവൾ വിൽപത്രം കൈയിൽ മുറുകെ പിടിച്ചു.

“ഇത് നമുക്കുള്ളതല്ല.”

“പിന്നെ?”

“അയാളുടേതാണ്.”

“അയാൾ മരിച്ചില്ലേ?”

രേഷ്മയുടെ കണ്ണുകളിൽ കണ്ണുനീർ നിറഞ്ഞു.

“മരിച്ചു. പക്ഷെ നമുക്ക് ഇല്ലാതിരുന്ന ഒന്ന് ജീവിച്ചിരിക്കുമ്പോൾ അയാൾക്ക് ഉണ്ടായിരുന്നു.മനുഷ്യത്തം. “അവൾ നിർവികരതയോടെ പറഞ്ഞു.

അനൂപിന് ഒന്നും പറയാനായില്ല.

“നീ എന്നെ അയാളുടെ പണത്തിന് പിന്നാലെ അയച്ചു.
പക്ഷേ അയാൾ എനിക്ക് പണം മാത്രമല്ല തന്നത്.
ഒരു മനുഷ്യനെ എങ്ങനെ സ്നേഹിക്കണമെന്ന പാഠം കൂടിയാണ് ”
അവൾ വാതിൽ തുറന്നു.

“നിനക്ക് പോകാം ഇനി ഈ വീട്ടിലേക്ക് നീ വരേണ്ടതില്ല .”

“പണം കിട്ടിയപ്പോ എന്നെ ഒഴിവാക്കാൻ ആണോ.. ഇത് കൊണ്ട് നീ സുഖിച്ചു ജീവിക്കില്ല.”അവൻ അവളെ വെല്ലു വിളിച്ചു.

“അനൂപേ എനിക്കിനി നഷ്ടപ്പെടാൻ ഒന്നുമില്ല. ഇനിയും നീ ഇവിടെ വന്നാൽ ഞാൻ പോലീസിൽ പരാതി നൽകും. എല്ലാം ഏറ്റു പറയും.”അതും പറഞ്ഞ് അവൾ അവനു നേരെ വാതിൽ കൊട്ടിയടിച്ചു.

കാലങ്ങൾ കടന്നു പോയി

അയാളുടെ സ്വത്തിൽ നിന്ന് ഒരു ഭാഗം എടുത്ത് അവൾ
അയാളുടെ പേരിൽ ഒരു ട്രസ്റ്റ് തുടങ്ങി.

അനാഥരായ കുട്ടികൾക്ക് താമസിക്കാൻ സൗകര്യങ്ങൾ ഒരുക്കി .

വീടില്ലാത്തവർക്ക് വീടുകൾ നൽകി.

ചികിത്സിക്കാൻ പണമില്ലാത്തവർക്ക് ചികിത്സാ സഹായം നൽകി.

പഠിക്കാൻ കഴിയാത്ത കുട്ടികളുടെ പഠനച്ചെലവ് ഏറ്റെടുത്തു.

ആരോടും അവൾ തന്റെ പേര് പറഞ്ഞില്ല എല്ലാം അയാളുടെ പേരിൽ തന്നെ ചെയ്തു.

അവൾക്ക് വേണ്ടിയിരുന്നത് അയാളുടെ ആത്മാവിനോട്‌ എങ്കിലും നീതി പുലർത്തുക എന്നതായിരുന്നു.
അയാൾ വിശ്വാസത്തോടെ ഏൽപ്പിച്ച ഒരു ഉത്തരവാദിത്തം പൂർത്തീകരിക്കുക എന്നത് ആയിരുന്നു .

നാളുകൾക്കിപ്പുറം
ഒരു സന്ധ്യയിൽ രേഷ്മ അയാളുടെ കല്ലറയ്ക്കരികിൽ എത്തി.

കയ്യിൽ കുറച്ച് പൂക്കളുണ്ടായിരുന്നു.

കല്ലറയ്ക്കുമുന്നിൽ നിന്നപ്പോൾ അവൾക്ക് ആ വലിയ വീട് ഓർമ്മ വന്നു.

ആദ്യമായി അവിടെ കയറിയ ദിവസം.

അയാൾ ചോദിച്ച ചോദ്യം.

“എന്തിനാണ് മോളെ ഈ പ്രായത്തിൽ നീ ഇങ്ങനെ ഒരു കടുംകൈ ചെയ്തത്?”

അവൾ പതുക്കെ കല്ലറയ്ക്കരികിൽ ഇരുന്നു.

“അന്ന് എനിക്ക് മറുപടി പറയാൻ കഴിഞ്ഞില്ല.”

അവളുടെ കണ്ണിൽ കണ്ണുനീർ നിറഞ്ഞു.

“നിങ്ങളെ വിവാഹം കഴിച്ചത് നിങ്ങളെ സ്നേഹിച്ചതുകൊണ്ടല്ല.”

അവൾ തലകുനിച്ചു.

“നിങ്ങളുടെ പണത്തിന് വേണ്ടിയായിരുന്നു.”

കുറച്ചു നേരം അവൾ മിണ്ടാതിരുന്നു.

“നിങ്ങൾക്ക് അത് അറിയാമായിരുന്നു.”
എന്നിട്ടും എന്നെ പുറത്താക്കിയില്ല.”

അവളുടെ ശബ്ദം ഇടറി.

“എന്തിനായിരുന്നു അത്രയും കരുണ എന്നോട് കാണിച്ചത്?
ഞാൻ നിങ്ങളോട് മാപ്പ് ചോദിക്കാൻ വന്ന ആ രാത്രി…”
ഒന്ന് കണ്ണുതുറന്ന് എന്നെ നോക്കിയിരുന്നെങ്കിൽ…
ഒന്ന് ‘ക്ഷമിച്ചു’ എന്ന് പറഞ്ഞിരുന്നെങ്കിൽ…”
എനിക്ക് ഈ കുറ്റബോധവും പേറി ജീവിക്കേണ്ടി വരില്ലായിരുന്നു.”അവൾ കരഞ്ഞു.

കുറച്ചു നേരം അവൾ അവിടെത്തന്നെ ഇരുന്നു.
പിന്നെ പതുക്കെ എഴുന്നേറ്റു.

“നിങ്ങളുടെ പണം കൊണ്ട് ഞാൻ ഒരുപാട് കാര്യങ്ങൾ ചെയ്തു.ഒരുപാട് പാവങ്ങളെ സഹായിച്ചു.. ഒരുപാട് രോഗികളെ സുഖപെടുത്തി.
പക്ഷേ എനിക്കറിയാം അതൊന്നും നിങ്ങളോട് ചെയ്ത തെറ്റിന് പകരം ആവില്ല .”

അവളുടെ കണ്ണുകളിൽ വീണ്ടും കണ്ണുനീർ നിറഞ്ഞു.

അവൾ പൂക്കൾ കല്ലറയ്ക്കുമുകളിൽ വച്ചു.

“ഈ പാപിയോട് പൊറുക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു.”

പോകാൻ തിരിഞ്ഞ അവൾ വീണ്ടും നിന്നു.അവൾ തിരിഞ്ഞ് കല്ലറയിലേക്ക് നോക്കി.

“പക്ഷേ ഒരു കാര്യം മാത്രം…
നിങ്ങൾ എന്നെ പലതവണ മകളെന്ന് വിളിച്ചപ്പോൾ…”
ഒരിക്കൽ എങ്കിലും നിങ്ങളെ എനിക്ക് അച്ഛാ എന്ന് വിളിക്കാമായിരുന്നു. അതിനും എനിക്ക് കഴിഞ്ഞില്ല. എന്നോട് ക്ഷമിക്കണം.”

അത്രയും പറഞ്ഞ് അവൾ മുഖം പൊത്തി കരഞ്ഞു.

കുറച്ചുനേരം കഴിഞ്ഞ് കണ്ണുനീർ തുടച്ച് അവൾ പതുക്കെ നടന്നു നീങ്ങി.
അന്നേരം കല്ലറയ്ക്കുമുകളിൽ കിടന്നിരുന്ന പൂക്കൾ കാറ്റിൽ പറന്നുകൊണ്ടിരുന്നു അയാളുടെ സാന്നിധ്യം അറിയിക്കുംപോലെ…

✍️അംബിക ശിവശങ്കരൻ.

Leave a Reply

Your email address will not be published. Required fields are marked *