ഇന്നലെ രാത്രി ഒരുമണി കഴിഞ്ഞപ്പോൾ ഞാൻ ശബ്ദമുണ്ടാക്കാതെ മെല്ലെ എഴുന്നേറ്റു..
ഭർത്താവ് ഉറക്കമുണരാതെ വളരെ ശ്രദ്ദിച്ച്
മുറിയിൽ നിന്നുമിറങ്ങി.
തൊട്ടടുത്ത മുറിയിൽ കിടന്നുറങ്ങുന്ന
മകനും ശബ്ദം കേട്ടുണരാൻ പാടില്ല.
ഇന്ന് എന്റെ മകന്റെ പിറന്നാളാണ്.
അവനെ എന്റെ കൈയ്യിൽ കിട്ടിയിട്ട് ഇരുപത്തിനാല് വർഷങ്ങൾ തികഞ്ഞിരിക്കുന്നു
അവനറിയാതെ, അവന് സർപ്രൈസ് ഒരുക്കുന്ന തിരക്കിലാണ് ഞാൻ…
ഹാളിലെ ടേബിൾ സെന്ററിലേക്ക് നീക്കിയിട്ടിട്ട്, ഞാനവിടെ അതിമനോഹരമായി അലങ്കരിച്ചു…
എന്നെ അമ്മയാക്കിയതിന്…
എന്റെ ലോകം കൂടുതൽ മനോഹരമാക്കിയതിന്… എനിക്കെന്റെ മകനോട് നന്ദിയേ പറയാനുള്ളൂ…
അവന്റെ സ്വപ്നങ്ങൾക്ക് കൂട്ടിരിക്കുന്ന,
അവന്റെ ആഗ്രഹങ്ങൾക്ക് കഴിഞ്ഞാണിടാൻ ശ്രമിക്കാത്ത, അവനിൽ ആത്മവിശ്വാസം നിറയ്ക്കുന്ന ഒരമ്മയായിരുന്നു ഞാൻ…
അവനറിയാതെ, ഇന്നലെത്തന്നെ ഞാൻ
കേക്ക് വാങ്ങി ഫ്രിഡ്ജിൽ വച്ചിട്ടുണ്ട്…
അവന് കൊടുക്കാനായി ഞാനൊരു വാച്ചും വാങ്ങി വച്ചിട്ടുണ്ട്.
അതാണ് അവനായുള്ള എന്റെ പിറന്നാൾ സമ്മാനം…
ഞങ്ങൾക്ക് വളരെ വൈകി കിട്ടിയ മകനായിരുന്നവൻ.
എങ്കിലും പൊന്നേ പൊരുളെ എന്നും പറഞ്ഞ് പൊതിഞ്ഞുപിടിച്ചൊന്നുമല്ല ഞങ്ങളവനെ വളർത്തിയത്..
കൂട്ടുകാരോടൊപ്പം കളിച്ചും, തിമിർത്തും കുസൃതി കാട്ടിയുമാണ്, അവൻ വളർന്നത്…
ഒന്നേയുള്ളു എന്ന് കരുതി ഞാനവനെ ശകാരിക്കാതെ ഇരുന്നിട്ടുമില്ല.
കുസൃതികൾ പരിധി വിടുമ്പോൾ വ.ടിയെടുത്ത് ഒന്ന് രണ്ടെണ്ണം കൊടുത്തിട്ടുമുണ്ട്…
വെയിലും, മഞ്ഞും, മഴയുമൊക്കെ അനുഭവിച്ച്,പ്രകൃതിയെയറിഞ്ഞാണ്
അവൻ വളർന്നുവന്നത്.
പ്രതിസന്ധിഘട്ടങ്ങളിൽ പിടിച്ചുനിൽക്കാൻ കഴിയാതെ, അവൻ തളർന്നു വീഴാൻ പാടില്ല എന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു.
അതുകൊണ്ട് തന്നെ അവനെ
മനഃശക്തി ഉള്ളവനും, ധൈര്യവാനുമായി വളരാൻ തക്ക സാഹചര്യങ്ങൾ ഒരുക്കുവാൻ ഞാനും എന്റെ ഭർത്താവും തീരെ മടിച്ചില്ല.
ഇന്നിപ്പോൾ അവൻ വളർന്ന് മിടുക്കനായി,
ഒരു ജോലിയും സമ്പാദിച്ചു…
എങ്കിലും അവനെ എന്റെ കൈയിൽ ആദ്യമായി കിട്ടിയ ആ നിമിഷം ഞാനൊരിക്കലും മറക്കില്ല..
അല്ലെങ്കിലും അമ്മയായ ദിനം മറക്കാൻ
ഏത് സ്ത്രീകൾക്കാണ് സാധിക്കുക…??
അതിസുന്ദരമായി തന്നെ ഞാനവിടം അലങ്കരിച്ചു കഴിഞ്ഞു.
അവന്റെ പിറന്നാള് ദിനങ്ങളിലെല്ലാം ഞാനവന് എന്തെങ്കിലും സർപ്രൈസ് കൊടുക്കാറുണ്ട്.
മകന്റെ ജന്മദിനം അവൻ ഓർക്കാറില്ല.
ഞാൻ പറയുമ്പോഴാണ്, ഓഹ്…ഇന്നെന്റെ പിറന്നാളാണോ അമ്മേ എന്നവൻ ചോദിക്കുന്നത് തന്നെ..
അലങ്കാര പണികളെല്ലാം കഴിഞ്ഞ് ഞാൻ പോയി ബ്രഷ് ചെയ്ത് കുളിച്ചു വൃത്തിയായി അടുക്കളയിലേക്ക് കയറി.
ചെറിയൊരു സദ്യയും, പായസവും ഉണ്ടാക്കി…
അധികം കറികൾ ഒന്നുമുണ്ടാക്കിയില്ല, അവന് ഏറെ ഇഷ്ട്ടമുള്ള മൂന്നാല് കൂട്ടം കറിയും, പാലടയും ഉണ്ടാക്കി…
എല്ലാം പാത്രങ്ങളിലാക്കി
ഡൈനിങ് ടേബിളിൽ കൊണ്ട് ചെന്ന് വച്ചു…
വാഴയിലയും വെട്ടി വച്ചു…
ആറര ആയപ്പോഴാണ് ഭർത്താവ് ഉണർന്നത്..
അദ്ദേഹം എണീറ്റ ഉടനെ മകനും എഴുന്നേറ്റ് വന്നു…
ഹാളിലേക്ക് വന്ന അവൻ അലങ്കാരങ്ങൾ കണ്ട് ചിരിച്ചു…
ഓഹ്… ഇന്നെന്റെ പിറന്നാളാണല്ലേ അമ്മാ…
ഹാപ്പി ബർത്ത്ഡേ മോനേ….
ഭർത്താവ് അവന്റെ കവിളിൽ ചുംബിച്ചു.
അവൻ കേക്ക് കട്ട് ചെയ്തു.
ഞങ്ങൾ അവന് കേക്ക് വായിൽ വച്ചു കൊടുത്തു..
ഞാനെന്റെ മകന്റെ മുഖത്തേക്ക് നോക്കി
കട്ടി താടിയും, മീശയും ഒക്കെയായി അവൻ വലിയൊരു പുരുഷനായിരിക്കുന്നു.
എങ്കിലും എനിക്കവനെന്നും ചുണ്ടുകൾ നുണഞ്ഞുറങ്ങുന്ന ആ പിഞ്ചുപൈതൽ തന്നെ…
നിനക്കുള്ള പിറന്നാൾ സമ്മാനമായിട്ട് അമ്മ വാങ്ങിയതാ… ഞാനവന് വാച്ച് കൊടുത്തു.
നന്നായിട്ടുണ്ടമ്മേ… താങ്ക്സ് അവൻ എന്റെ നെറ്റിയിൽ ചുംബിച്ചു.
ഞാനൊന്നും വാങ്ങിയില്ല… തിരക്കിനിടയിൽ മറന്നു.. അദ്ദേഹം ചിരിച്ചു.
അത് സാരമില്ലച്ഛാ… കുടുംബം പുലർത്തുന്ന തിരക്കിൽ എന്റെ അച്ഛൻ കിടന്ന് നെട്ടോട്ടമോടുന്നത് ഞാൻ കാണുന്നതല്ലേ..
നിന്റെ അക്കൗണ്ടിലേക് കുറച്ച് പണം ഇടുന്നുണ്ട്. ഇഷ്ടമുള്ളത് വാങ്ങിക്കോ കേട്ടോ.. അദ്ദേഹം പറഞ്ഞു.
താങ്ക്സ് അച്ഛാ… അവൻ അദ്ദേഹത്തിന്റെ കവിളിൽ ഉമ്മ വച്ചു.
അതേ നിങ്ങൾ ഒന്ന് ചേർന്ന് നിന്നേ…
അവൻ എന്നെയും ഭർത്താവിനെയും ചേർത്ത് നിർത്തി..
എന്റെ പിറവിക്ക് കാരണമായ,
ഈ സുന്ദരമായ ഭൂമിയിൽ എനിക്കൊരു ജന്മം നൽകി അനുഗ്രഹിച്ച, എന്റെ ഏറ്റം പ്രിയപ്പെട്ടവർക്കായി ഞാനും ഒരു കൂട്ടം കരുതിയിട്ടുണ്ട്.
അവൻ പോക്കറ്റിൽ നിന്നും രണ്ട് ബോക്സ് പുറത്തെടുത്തു…
ഇത് അച്ഛന്…..ഇത് അമ്മയ്ക്ക്…
എന്താ മോനേ ഇത്…??
തുറന്ന് നോക്ക്.
ഞാനത് തുറന്ന് നോക്കി.
ഒരു വള..
ഇനിയീ കൈകൾ ശൂന്യമായി കിടക്കരുത്..
അവൻ തന്നെ എന്റെ കൈയിൽ വള ഇടീച്ചു..
അച്ഛാ… അത് തുറന്ന് നോക്ക് അവൻ പറഞ്ഞു.
അദ്ദേഹം അത് തുറന്നു.
അച്ഛന്റെ മാല പണയം വച്ചിട്ട് അത് പോയെന്ന് പറഞ്ഞ് വലിയ വിഷമമായിരുന്നില്ലേ
അതുകൊണ്ട് ദാ ഈ മാല
അച്ഛനായി ഞാൻ വാങ്ങിയയതാണ്..
അവൻ തന്നെ അദ്ദേഹത്തിന്റെ കഴുത്തിൽ മാല ഇടീച്ചു…
ജോലി കിട്ടാൻ കാത്തിരിക്കുകയായിരുന്നു ഞാൻ . എന്റെ പിറന്നാൾ ദിനത്തിൽ
എന്റെ ജനനത്തിന് കാരണമായവരോട് എന്റെ നന്ദി അറിയിക്കാൻ…
ഇനിയങ്ങോട്ട് എത്ര ജന്മങ്ങളുണ്ടോ അന്നൊക്കെ എന്റെ അച്ഛനുമമ്മയും തന്നെയായേക്കണം കേട്ടോ…
എന്തുകൊണ്ടെന്നറിയില്ല എനിക്ക് കരച്ചിൽ വന്നു..
അദ്ദേഹത്തിന്റെ കണ്ണുകളിലും സ്നേഹാശ്രു തിളങ്ങുന്നത് ഞാൻ കണ്ടു…
ശരിയാണ്, ഇന്നവന്റെ ജന്മദിനം മാത്രമല്ല. ഞാനും അദ്ദേഹവും അച്ഛനുമമ്മയും
ആയ ദിനം കൂടെയാണ്.
അവന് ജോലി വാങ്ങി, ശമ്പളം കിട്ടിയപ്പോൾ
മറക്കാതെയവൻ ഞങ്ങൾക്കായി സമ്മാനങ്ങൾ കരുതി…
ശരിക്കും അവന്റെ അമ്മയായതിൽ എനിക്കെന്തഭിമാനമാണെന്നോ..
നോക്കൂ…കൂടെയുള്ളവരെ പരിഗണിക്കുമ്പോഴാണ്
ജീവിതമേറെ മധുരിക്കുന്നത്….
✍️Anju Thankachan
