പെണ്ണുകാണാൻ വന്നവരുടെ കൂട്ടത്തിൽ
അധികം സംസാരിക്കാത്ത ഒരാൾ.
വെളുത്ത ഷർട്ടും മങ്ങിയ നീല ജീൻസും ധരിച്ച്, എല്ലാവരും സംസാരിക്കുമ്പോഴും ഇടയ്ക്കിടെ അവളെ മാത്രം നോക്കുന്ന ഒരാൾ.
ചായ കൊടുക്കാനായി അവൾ ഹാളിലേക്ക് വന്നപ്പോൾ അവൻ പെട്ടെന്ന് കണ്ണുകൾ മാറ്റി.
ചായ…
അവൾ കപ്പ് നീട്ടി.
താങ്ക്സ്..
ഒറ്റ വാക്ക്.
പക്ഷേ ആ ശബ്ദം അവളുടെ മനസ്സിൽ എന്തോ ചെറിയൊരു തിരമാല ഉണ്ടാക്കി.
പിന്നീട് എല്ലാവരും സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ, അവന്റെ അമ്മയോടൊപ്പം അവൾ അകത്തെ മുറിയിൽ ഇരിക്കുകയായിരുന്നു.
അപ്പോഴാണ് അവൻ വാതിൽക്കൽ വന്ന് പതുക്കെ ചോദിച്ചത്..
ഒന്ന് സംസാരിക്കാമോ?
അവൾ അമ്പരന്ന് അവനെ നോക്കി.
ഇപ്പോഴോ?
ഇപ്പോൾ പറ്റില്ലെങ്കിൽ… പിന്നീട്.
അവൾ ഒന്നും പറഞ്ഞില്ല.
പക്ഷേ ആ രാത്രിയിൽ അവന്റെ ഫോൺ കോൾ വന്നു.
ഞാൻ അധികം സംസാരിക്കുന്ന ആളല്ല.
അവൾ ചിരിച്ചു.
അത് എനിക്ക് മനസ്സിലായി.
എന്നെ ഇഷ്ടപ്പെട്ടോ?
അവൾ കുറച്ചു നേരം മിണ്ടാതിരുന്നു.
അറിയില്ല.
അറിയില്ല എന്നത്… ഇല്ല എന്നാണോ .
അങ്ങനെയല്ല.
പിന്നെങ്ങനെ..?
അവൾ ജനലിലൂടെ പുറത്തേക്ക് നോക്കി.
ഒരാളെ ആദ്യമായി കാണുമ്പോൾ ഇഷ്ടമാണോ എന്ന് എങ്ങനെ അറിയാം..
അവൻ ചിരിച്ചു.
എനിക്ക് അറിയാം.
എങ്ങനെ?
നിന്നെ കണ്ടപ്പോൾ വീട്ടിലേക്ക് മടങ്ങി പോകാൻ തോന്നിയില്ല.
അവൾ അറിയാതെ ചിരിച്ചു.
അവരുടെ സംസാരങ്ങൾ പിന്നെ ദിവസങ്ങളുടെ ശീലമായി.
രാവിലെ ഒരു ഗുഡ് മോണിംഗ്
ഉച്ചയ്ക്ക് ചെറിയൊരു ഫോൺകോൾ.
രാത്രിയിൽ നീണ്ട സംസാരങ്ങൾ.
അവൾക്ക് അവന്റെ ഇഷ്ടങ്ങൾ അറിയാമായി.
അവന് അവളുടെ ചെറിയ ചെറിയ ശീലങ്ങൾ പോലും മനസ്സിലായി.
അവൾക്ക് മഴ ഇഷ്ടമാണെന്ന്.
ചായയിൽ പഞ്ചസാര കുറവ് മതിയെന്ന്.
അവൾക്ക് ക്ഷേത്രത്തിൽ പോകാൻ ഇഷ്ടമാണെന്ന്.
അവൻ പറഞ്ഞ ഒരു വാക്ക് അവൾ ഇന്നും മറന്നിട്ടില്ല.
നിനക്ക് എന്തെങ്കിലും വിഷമമുണ്ടെങ്കിൽ ആദ്യം എന്നോട് പറയണം. ലോകം മുഴുവൻ അറിഞ്ഞിട്ട് ഞാൻ അറിയുന്ന ഒരാളാകരുത്.
അവൾ അന്ന് ചിരിച്ചു.
നമ്മൾ വിവാഹം കഴിച്ചിട്ടുപോലുമില്ലല്ലോ.
അതിന്?
ഇത്ര അധികാരം എവിടെ നിന്നാണ്?
നീ തന്നതാണ്.
അവൾ ചിരിച്ചുകൊണ്ട് ഫോൺ വച്ചു.
അത് പ്രണയമായിരുന്നോ എന്ന് അവൾക്കറിയില്ല.
പക്ഷേ അവൻ ഫോൺ ചെയ്യാത്ത ഒരു ദിവസം അവൾക്ക് എന്തോ നഷ്ടപ്പെട്ടതുപോലെ തോന്നിത്തുടങ്ങിയിരുന്നു.
അപ്പോഴാണ് ഒരു ദിവസം എല്ലാം മാറിമറിഞ്ഞത്.
ഒരു ചെറിയ തെറ്റിദ്ധാരണ.
ആരോ പറഞ്ഞ ഒരു വാക്ക്.
തന്നെ കുറിച്ച് അവൻ വിശ്വസിച്ച ഒരു തെറ്റായ കാര്യം.
അവൾ വിശദീകരിക്കാൻ ശ്രമിച്ചു.
നീ എന്നെ വിശ്വസിക്കുന്നില്ലേ?
വിശ്വസിച്ചിരുന്നു.ഒരിക്കൽ..
ആ വാക്ക് അവളുടെ നെഞ്ചിൽ തറച്ചുപോയി.
അതിന് അർത്ഥം ഇപ്പോൾ ഇല്ലന്നല്ലേ..?
അവൻ കുറച്ചു നേരം മിണ്ടിയില്ല.
ഇപ്പോൾ എനിക്ക് എന്താണ് സത്യമെന്ന് പോലും അറിയില്ല.
എന്നോട് ചോദിച്ചാൽ അറിയാമല്ലോ
ചില കാര്യങ്ങൾ ചോദിച്ചറിയേണ്ടതില്ല.
ആ ദിവസം ഫോൺ കട്ട് ചെയ്ത ശബ്ദം ഇന്നും അവളുടെ ചെവിയിൽ ഉണ്ടായിരുന്നു.
പിന്നെ അവൻ വിളിച്ചില്ല.
അവൾ വിളിച്ചപ്പോൾ എടുത്തില്ല.
ഒടുവിൽ അവൾക്കും മടുത്തു.
ചില ബന്ധങ്ങൾ അവസാനിക്കുന്നത് വെറുപ്പുകൊണ്ടല്ല…
ഒരാൾ പറയാതെ പോയ ഒരു വാക്കുകൊണ്ടാണ്.
കാലം കടന്നു.
അവളുടെ വിവാഹം നടന്നു.
ഭർത്താവ് നല്ല മനുഷ്യനായിരുന്നു.
അവളെ സ്നേഹിക്കുന്നവൻ.
അവളുടെ വിഷമങ്ങൾ മനസ്സിലാക്കുന്നവൻ.
അവളുടെ കൈപിടിച്ച് ജീവിതത്തിലൂടെ നടക്കാൻ തയ്യാറുള്ളവൻ.
അവൾക്കും അയാളെ സ്നേഹിക്കാൻ പഠിച്ചു.
പക്ഷേ ചില ഓർമ്മകൾക്ക് വാതിൽ അടച്ചാൽ മാത്രം അവ പുറത്തുപോകില്ലല്ലോ.
മഴ പെയ്യുമ്പോൾ അവനെ ഓർമ്മ വരും.
ക്ഷേത്രത്തിൽ പോകുമ്പോൾ ഓർമ്മ വരും.
ചായയിൽ പഞ്ചസാര കുറയ്ക്കുമ്പോൾ ഓർമ്മ വരും.
ഫോണിൽ ഒരു പരിചയമില്ലാത്ത നമ്പർ തെളിയുമ്പോൾ പോലും ഹൃദയം ഒരു നിമിഷം വേഗത്തിൽ മിടിക്കും.
അവൾ സ്വയം പറയും,
അത് കഴിഞ്ഞ കാര്യമാണ്.
പക്ഷേ മനസ്സ് ചിലപ്പോൾ വളരെ മോശം സാക്ഷിയാണ്.
അത് കഴിഞ്ഞുപോയതിനെ പോലും ഇന്നലെ നടന്നതുപോലെ സൂക്ഷിക്കും.
വർഷങ്ങൾക്കുശേഷം ഒരു ഞായറാഴ്ച.
അവളും ഭർത്താവും കുറെ ദൂരേയുള്ള
ഒരു വലിയ ക്ഷേത്രത്തിൽ ദർശനത്തിന് പോയി.
നല്ല തിരക്കായിരുന്നു അവിടെ..
നടപ്പന്തലിലൂടെ ഭർത്താവിന്റെ കൈപിടിച്ച് നടക്കുമ്പോൾ അവളുടെ കണ്ണുകൾ പെട്ടെന്ന് ഒരിടത്ത് നിശ്ചലമായി.
അവൻ.
അതേ കണ്ണുകൾ.
കുറച്ച് പ്രായം കൂടിയിരിക്കുന്നു.
മുടിയിൽ ചെറിയൊരു നര.
പക്ഷേ ആ മുഖം…
അവളുടെ മനസ്സ് വർഷങ്ങൾ പിന്നിലേക്ക് ഓടി.
അവൻ അവളെ കണ്ടോ?
കണ്ടില്ലെന്ന് നടിച്ച് അവൾ മുന്നോട്ട് നടന്നു.
എന്താ?
ഭർത്താവ് ചോദിച്ചു.
ഒന്നുമില്ല.
നീ പെട്ടെന്ന് എന്തോ കണ്ടതുപോലെ നിന്നല്ലോ.
ഒന്നുമില്ലെന്ന് പറഞ്ഞില്ലേ…
അവർ നടന്നു.
അഞ്ചോ ആറോ ചുവടുകൾ മാത്രം.
പിന്നിൽ നിന്ന് ഒരു ശബ്ദം.
സുഖമാണോ?
അവൾ നിന്നു.
ആ ശബ്ദം.
എത്ര വർഷം കഴിഞ്ഞാലും ചില ശബ്ദങ്ങൾക്ക് പ്രായമാകില്ല.
അവൾ പതുക്കെ തിരിഞ്ഞു.
അവൻ പുഞ്ചിരിച്ചു.
ഒരുപാട് വർഷമായല്ലോ നമ്മൾ കണ്ടിട്ട്..!
അവൾ ഒന്നും പറഞ്ഞില്ല.
അവൻ ഭർത്താവിനെ നോക്കി.
ഹസ്…?
അവൾ പതുക്കെ പറഞ്ഞു.
അതെ.സുഖമാണോ.. ?അയാൾ ഷേക്ക് ഹാൻഡിനായി കൈ നീട്ടി.
ഭർത്താവ് ചിരിച്ചു.
സുഖമായിരിക്കുന്നു..അയാളും തിരിച്ച് കൈ കൊടുത്തു.
അവൻ അവളെ നോക്കി.
തനിക്കും സുഖമാണല്ലേ അല്ലെ..?
സുഖം.
നന്നായിരിക്കട്ടെ..
വീണ്ടും ഒരു നിശ്ശബ്ദത.
ഒരിക്കൽ മണിക്കൂറുകളോളം സംസാരിച്ചിരുന്ന രണ്ടുപേർക്ക് പറയാൻ ഒന്നുമില്ലാതായ നിമിഷം.
ഭർത്താവ് പെട്ടന്ന് ഫോണിൽ ഒരു കോൾ വന്നപ്പോൾ സംസാരിക്കാനായി പുറത്തോട്ട് നടന്നു..
അവൻ പതുക്കെ പറഞ്ഞു.
പഴയ കാര്യങ്ങളൊന്നും ഓർത്ത് വിഷമിക്കണ്ട..
അവളുടെ കണ്ണുകൾ അവന്റെ മുഖത്ത് പതിഞ്ഞു.
ഞാൻ അതിന് ഒന്നും ഓർക്കുന്നില്ലല്ലോ..
അവൻ ചെറുതായി ചിരിച്ചു.
അതേ, അതായിരിക്കും നല്ലത്.
ശരി… എങ്കിൽ പോകട്ടെ.
അവൾ മെല്ലെ തലയാട്ടി.
അവൻ തിരിഞ്ഞുനടന്നു.
അവൾ കുറച്ചു നേരം അയാൾ പോകുന്നത് നോക്കി നിന്നു.
വരൂ …
ഭർത്താവിന്റെ ശബ്ദം കേട്ടപ്പോൾ അവൾ തിരിഞ്ഞു നടന്നു..
കാറിൽ തിരിച്ചുപോകുമ്പോൾ അവൾ ജനലിലൂടെ പുറത്തേക്ക് നോക്കിയിരുന്നു.
ഭർത്താവ് എന്തോ സംസാരിക്കുന്നുണ്ടായിരുന്നു.
പക്ഷേ അവൾ കേട്ടില്ല.
മനസ്സിൽ വീണ്ടും ആ പഴയ വീട്.
പെണ്ണുകാണാൻ വന്ന ദിവസം.
ചായക്കപ്പ്.
ആദ്യ ഫോൺകോൾ.
നിന്നെ കണ്ടപ്പോൾ വീട്ടിലേക്ക് പോകാൻ തോന്നിയില്ല…
മഴയുള്ള രാത്രികൾ.
നീ എന്നെ വിശ്വസിക്കുന്നില്ലേ?
വിശ്വസിച്ചിരുന്നു…
അവളുടെ കണ്ണുകൾ പതുക്കെ നിറഞ്ഞു.
അവൾ ജനലിലൂടെ പുറത്തേക്ക് നോക്കി.
മഴത്തുള്ളികൾ ഗ്ലാസിലൂടെ താഴേക്ക് ഒഴുകി.
ഒരിക്കൽ അവന്റെ കൈവിരലിലൂടെ ഒഴുകിയ മഴത്തുള്ളികൾ പോലെ.
എന്തുപറ്റി?
ഭർത്താവ് ചോദിച്ചു.
അവൾ കണ്ണുകൾ തുടച്ചു.
ഒന്നുമില്ല.
പെട്ടെന്ന് നീ സൈലന്റ് ആയല്ലോ.അതാരാണ്, നമ്മൾ കുറച്ചു മുൻപ് കണ്ടത്…
അത്.. എന്നെ പണ്ട് പെണ്ണ് കാണാൻ വന്നയാൾ..!
ഓഹ്, ഞാൻ വിചാരിച്ചു…
എന്താണ് വിചാരിച്ചത് എന്ന് ചോദിക്കാൻ അവൾക്ക് ഭയം തോന്നി..
അവൻ അവളുടെ കൈയിൽ കൈവച്ചു.
ആ സ്പർശത്തിൽ അവൾക്ക് ഒരു തിരിച്ചറിവുണ്ടായി.
ഒരിക്കൽ താൻ നഷ്ടപ്പെട്ടുവെന്ന് കരുതിയ ജീവിതം ഇതാണ്.
ഇന്ന് തന്റെ കൈപിടിച്ച് നടക്കാൻ കൂടെയുണ്ട് ഒരാൾ..
അവൾ ഭർത്താവിന്റെ കൈ മുറുകെ പിടിച്ചു.
കണ്ണുകൾ അടച്ചു സീറ്റിൽ ചാരിയിരുന്നു.
മനസ്സിനോട് പതുക്കെ പറഞ്ഞു കൊണ്ടിരുന്നു..
അയാൾ എന്റെ ഓർമ്മയിൽ പോലും ഇല്ല…
പക്ഷേ ആ വാക്ക് പറഞ്ഞപ്പോൾ അവളുടെ കണ്ണിൽ നിന്ന് ഒരു തുള്ളി കണ്ണുനീർ വീണു.
അവൾ അത് തുടച്ചുമാറ്റിയില്ല.
കാരണം അവൾക്കറിയാമായിരുന്നു..
ചില മനുഷ്യരെ നമ്മൾ മറക്കുന്നില്ല.
അവരെ ഓർത്ത് ജീവിക്കുന്നതുമില്ല.
അവർ നമ്മുടെ ജീവിതത്തിൽ നിന്ന് പോയിട്ട് വർഷങ്ങൾ കഴിഞ്ഞാലും…
ഒരു മഴത്തുള്ളിയായി,
ഒരു ക്ഷേത്രമണിയായി,
ഒരു പഴയ പാട്ടായി,
അല്ലെങ്കിൽ തിരക്കിനിടയിൽ പെട്ടെന്ന് കേൾക്കുന്ന ഒരു ശബ്ദമായി…
അവർ ഒരു നിമിഷത്തേക്ക് തിരികെ വരും.
പിന്നെ വീണ്ടും പോകും.
എന്നാലോ നമ്മുടെ ജീവിതം അവരോടൊപ്പം പോകാതെ…
നമ്മുടെ കൂടെയുള്ളവന്റെ കൈപിടിച്ച് തന്നെ മുന്നോട്ട് പോകും.അത് ദുഃഖം ആയാലും സന്തോഷം ആയാലും..
അവൾ കണ്ണുകൾ തുറന്നു.
ഭർത്താവ് അവളെ നോക്കി ചിരിച്ചു.
ചായ കുടിക്കണോ?
അവൾ ആദ്യമായി മനസ്സുതുറന്ന് ചിരിച്ചു.
വേണം.
കാർ മുന്നോട്ട് പോയി.
പിന്നിലെ വഴിയിൽ…
ഒരു പഴയ പ്രണയം പതുക്കെ അപ്രത്യക്ഷമായി.
അവളുടെ ഓർമ്മയിൽ നിന്ന് അല്ല.
അവളുടെ ജീവിതത്തിൽ നിന്ന്.
കാറിന്റെ ജനൽച്ചില്ലിൽ മഴത്തുള്ളികൾ വെള്ളാരം കല്ലുകൾ പോലെ പതിച്ചുകൊണ്ടിരുന്നു.
ശാലിനി മുരളി ✍🏼
