“അമ്മായി അമ്മ ആ സ്ഥാനത്ത് നിന്നാൽ മതി. എന്നെ ഭരിക്കാൻ വരണ്ട. എന്റെ കാര്യങ്ങൾ തീരുമാനിക്കുന്നത് ഞാനാ.. അല്ലാതെ നിങ്ങളല്ല.
എല്ലാവരുടെയും മുന്നിൽ വച്ച് മരുമകൾ ദിവ്യ തന്റെ മുഖത്ത് നോക്കി അങ്ങനെയൊക്കെ പറഞ്ഞിട്ട് പോയത് വിലാസിനിക്ക് ക്ഷീണമായി.
“നീ കേട്ടില്ലേ നിന്റെ ഭാര്യ എന്നോട് പറഞ്ഞത്. എന്നിട്ട് നിനക്കൊന്നും പറയാനില്ലേ. വന്ന് കയറിയപ്പോഴേ ഇങ്ങനെ ആണെങ്കിൽ കുറച്ചു കഴിഞ്ഞ എന്തായിരിക്കും അവസ്ഥ.
വിലാസിനി മകൻ അരുണിന് നേരെ ചൂടായി.
“അവൾക്ക് വേണ്ടി അമ്മയോട് ഞാൻ മാപ്പ് ചോദിക്കാം.”
അരുൺ തല താഴ്ത്തി പറഞ്ഞു.
“അവളോട് അടങ്ങി ഒതുങ്ങി നിൽക്കാൻ പറ്റുമെങ്കിൽ ഇവിടെ നിന്നാൽ മതിയെന്ന് പറഞ്ഞോ. അതുപോലെ ഭർത്താവിന്റെ അമ്മയോട് എങ്ങനെ പെരുമാറണം എന്നും പറഞ്ഞു കൊടുത്തേക്ക്. ഇനിയും അവൾ ഇതുപോലെ എന്നോട് പെരുമാറിയാൽ അടിച്ചു കരണം പുകയ്ക്കും ഞാൻ.
മരുമകളോടുള്ള ദേഷ്യം മുഴുവനും അവർ മകനോട് തീർത്തു.
അതോടെ അവനും ഭക്ഷണം മതിയാക്കി എഴുന്നേറ്റ് പോയി.
അരുണിന്റെ ഭാര്യയായി ദിവ്യ ആ വീട്ടിലേക്ക് വന്നിട്ട് കഷ്ടിച്ച് ഒരാഴ്ച ആവുകയെ ഉള്ളു.
പ്രണയ വിവാഹം ആയിരുന്നു അവരുടേത്. അതുകൊണ്ട് വിലാസിനിക്ക് ദിവ്യയെ തീരെ ഇഷ്ടമല്ലായിരുന്നു. പാവപെട്ട വീട്ടിലെ കുട്ടി ആയിരുന്നു അവൾ. അതുകൊണ്ട് സ്ത്രീധനം പോലും കിട്ടിയില്ല.
അരുണിനെ നല്ല കാശുള്ള വീട്ടിലെ പെണ്ണിനെ കൊണ്ട് കെട്ടിക്കാൻ ആയിരുന്നു വിലാസിനിക്ക് താല്പര്യം. അത് നടക്കാത്തതിന്റെ ചൊരുക്ക് അവർ അവളോട് തരം കിട്ടുമ്പോ എല്ലാം എടുക്കുന്നുണ്ട്. അതുകൊണ്ട് ആ വീട്ടിലെ തന്റെ ജീവിതം അത്ര എളുപ്പം ആയിരിക്കില്ലെന്ന് ദിവ്യ വന്ന് കയറിയ അന്ന് തന്നെ മനസ്സിലാക്കി.
അരുണിന് ഒരു ചേട്ടൻ കൂടി ഉണ്ട്. അരവിന്ദ്. അവന് ഭാര്യയും രണ്ട് മക്കളുമുണ്ട്. അവരും ആ വീട്ടിൽ തന്നെയാണ് താമസം. അരുൺ ന്റെ അച്ഛൻ ശശിധരൻ ഗവണ്മെന്റ് സെർവീസിൽ നിന്ന് റിട്ടയർ ആയതാണ്. വിലാസിനിയെ പോലെ അല്ല അയാൾ. അയാൾക്ക് മരുമകളോട് ഇഷ്ടക്കുറവ് ഒന്നുമില്ല. പണത്തിന്റെ പേരിൽ ആളുകളെ അളക്കുന്ന ആളല്ല ശശിധരൻ.
ദിവ്യ എഞ്ചിനീയർ ആണ്. ടെക്നോ പാർക്കിൽ ആണ് ജോലി ചെയ്യുന്നത്. ഗവണ്മെന്റ് കോളേജിൽ മെറിട്ടിൽ സീറ്റ് കിട്ടി പഠിച്ചതാണ് അവൾ.
പഠിപ്പ് കഴിഞ്ഞ ഉടനെ ദിവ്യയ്ക്ക് ടെക്നോ പാർക്കിൽ ജോലിയും കിട്ടി. അവൾക്ക് താഴെ പ്ലസ് ടു ക്ലാസ്സിൽ പഠിക്കുന്ന ഒരു അനിയത്തി കൂടി ഉണ്ട്.
അവരുടെ അച്ഛൻ ചുമട്ടു തൊഴിലാളി ആയിരുന്നു. നടുവിന് പരിക്ക് പറ്റിയതോടെ ആ ജോലി പറ്റാതായി. കൂടാതെ ഡോക്ടർ റസ്റ്റ് പറഞ്ഞത് കൊണ്ട് അയാൾ ഒരു വർഷമായി വീട്ടിൽ റെസ്റ്റിലാണ്.
ചുരുക്കത്തിൽ ദിവ്യയുടെ ശമ്പളം കൊണ്ടാണ് അവരുടെ വീട് കഴിയുന്നത്.
അവൾക്ക് 26 വയസ്സായി. അരുണും ടെക്നോ പാർക്കിലാണ് ജോലി ചെയ്യുന്നത്. ദിവ്യ അവിടെ ജോലിക്ക് വന്നപ്പോ മുതൽ അവന് അവളിൽ നോട്ടമുണ്ട്. ഇഷ്ടം പറഞ്ഞു പുറകെ നടന്നപ്പോ അവളവനെ ഒഴിവാക്കി വിട്ടു.
അവസാനം അവളുടെ വീട്ടുകാരെ പറഞ്ഞ് മനസ്സിലാക്കി അവരുടെ സ്നേഹവും വിശ്വാസവും പിടിച്ചു പറ്റിയാണ് അവൻ ദിവ്യയുടെ മനസ്സിലേക്ക് കയറി പറ്റിയത്.
അരുണിന്റെ വീട്ടിൽ ദിവ്യയുടെ കാര്യം അറിഞ്ഞപ്പോ നല്ല എതിർപ്പ് വിലാസിനി കാണിച്ചെങ്കിലും അവസാനം അരുണിന്റെ വാശിക്ക് മുന്നിൽ അവർക്ക് മുട്ട് മടക്കേണ്ടി വന്നു.
ദിവ്യയ്ക്ക് സാമ്പത്തികം കുറവായത് കൊണ്ട് കല്യാണം അമ്പലത്തിൽ വച്ച് സിംപിൾ ആയിട്ടാണ് നടത്തിയത്. അതിന്റെ വാശിക്ക് തങ്ങളുടെ പെരുമ കാണിക്കാൻ വിലാസിനി 2000 ആൾക്കാരെ ക്ഷണിച്ചു വലിയ റിസപ്‌ഷൻ തന്നെ നടത്തി.
“താൻ എന്തിനാ അച്ഛന്റേം ഏട്ടന്റേം ഏട്ടത്തിയുടെയും ഒക്കെ മുന്നിൽ വച്ച് അമ്മയോട് അങ്ങനെയൊക്കെ സംസാരിച്ചത്. എന്റെ അമ്മയല്ലേ. ആ ഒരു പരിഗണനയും റെസ്‌പെക്ട് ഉം നിനക്ക് കൊടുത്തൂടെ. എല്ലാരേം മുന്നിൽ വച്ച് നീ അങ്ങനെയൊക്കെ പറഞ്ഞപ്പോ അമ്മ നാണംകെട്ടുപോയി.
നീ അങ്ങനെ പറഞ്ഞതിന്റെ ദേഷ്യം അമ്മ തീർത്തത് എന്നോടാ. വന്ന് കയറിയപ്പോ തന്നെ ഇങ്ങനെ തുടങ്ങിയ എങ്ങനെയാ ദിവ്യ.”
മുറിയിലേക്ക് കയറി വന്ന അരുൺ ദിവ്യയോട് ചോദിച്ചു.
“ഞാൻ അമ്മയോട് പറഞ്ഞത് മാത്രേ നിങ്ങൾ കേട്ടുള്ളു? എന്നോട് അവർ പറഞ്ഞതൊന്നും നിങ്ങൾ കേട്ടില്ലേ?
ഇവിടുത്തെ പെണ്ണുങ്ങളാരും ജോലിക്ക് പോകാറില്ല. ഞാനും ജോലി മതിയാക്കി അടങ്ങി ഒതുങ്ങി ഈ വീട്ടിലെ ജോലികൾ ചെയ്ത് ഇവിടെ നിന്നോണം. ഞാൻ ജോലിക്ക് പോയിട്ട് വേണ്ട ഈ കുടുംബം കഴിയാൻ. ഈ വീട്ടിലെ സ്വത്തു മോഹിച്ചല്ലേ ഞാൻ നിങ്ങളെ കറക്കി എടുത്തത്.
ഇതൊക്കെ നിങ്ങടെ അമ്മ കുറച്ചു മുൻപ് എന്നോട് പറഞ്ഞതാ. നിങ്ങളും അതൊക്കെ കേട്ടതല്ലേ. എന്നിട്ട് എന്നെ സപ്പോർട്ട് ചെയ്ത് എന്തെങ്കിലും പറഞ്ഞോ?
അവൾ തിരിച്ചു ചോദിച്ചു.
“അമ്മ വിവരമില്ലാതെ എന്തെങ്കിലും പറഞ്ഞെന്ന് വച്ച് നീ എന്തിനാ അതൊക്കെ തലയിൽ എടുത്തു വയ്ക്കാൻ നിൽക്കുന്നത്. കേട്ടില്ലെന്ന് നടിച്ചാൽ പോരായിരുന്നോ. അല്ലാതെ അമ്മയോട് തിരിച്ചു പറയാൻ നിന്നാൽ വലിയ വഴക്ക് ആകുമെന്ന് അറിയില്ലായിരുന്നോ?”
അരുൺ ചോദിച്ചു.
“നിങ്ങളെ അമ്മ എന്നെ അത്രയും പറഞ്ഞ് ഇൻസൾട്ട് ചെയ്തിട്ടും ഞാൻ എല്ലാം കേട്ട് മിണ്ടാതിരിക്കണമായിരുന്നു അല്ലേ?
എന്റെ വീട്ടുകാരാണ് നിങ്ങളെ ഇൻസൾട്ട് ചെയ്യുന്നതെങ്കി ഞാൻ നിങ്ങളെ പോലെ കേട്ട് കൊണ്ട് ഇരിക്കില്ലായിരുന്നു.
ഇവിടെ എനിക്ക് വേണ്ടി സംസാരിക്കാൻ നിങ്ങൾ നാക്ക് പൊന്തിക്കില്ലെന്ന് തോന്നിയത് കൊണ്ട ഞാൻ തന്നെ എനിക്ക് വേണ്ടി സംസാരിച്ചത്. അത്രയും പറഞ്ഞത് ഒട്ടും കുറഞ്ഞു പോയില്ല. കുറച്ചൂടെ പറയാനുള്ളതായിരുന്നു.
“എന്താ ദിവ്യ ഇത്… അവരെന്റെ അമ്മയല്ലേ?
അരുണിന് സങ്കടമായി.
“എന്ന് കരുതി എന്നെ ഇൻസൾട്ട് ചെയ്യാൻ വന്ന ഞാൻ തിരിച്ചു പറയും. കാശിനെ ഞങ്ങൾക്ക് കുറവുള്ളു അരുൺ. അതുകൊണ്ട് അന്തസ് ആർക്ക് മുന്നിലും പണയം വയ്ക്കാൻ പറ്റില്ല. ഞാൻ വന്ന് കയറിയ അന്ന് മുതൽ ഓരോ കുറ്റവും കുറവും കണ്ട് പിടിച്ചു എന്നെ കുറ്റം പറയാൻ തുടങ്ങിയത നിങ്ങടെ അമ്മ. പൈസേടെ പേരിലും കുത്തി പറയുന്നുണ്ട്. അതൊക്കെ ഞാൻ കേട്ടില്ലെന്ന് നടിച്ചു.
ഞാൻ കഷ്ടപ്പെട്ട് പഠിച്ചു വാങ്ങിയ ജോലിക്ക് എന്നോട് പോണ്ടാന്ന് പറയാൻ നിങ്ങടെ അമ്മയ്ക്ക് എന്താ അവകാശം. എന്റെ ശമ്പളം കൊണ്ടാ എന്റെ വീട് കഴിയുന്നത്. ഈ വീട്ടിൽ എന്നെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞ നിങ്ങൾ സപ്പോർട്ട് ആയിട്ട് ഉണ്ടാകുമെന്ന് ഞാൻ വിചാരിച്ചു അരുൺ. പക്ഷേ അതുണ്ടായില്ല. അപ്പോ ഞാൻ എങ്കിലും എനിക്ക് വേണ്ടി സംസാരിക്കണ്ടേ. എന്റെ വീട്ടിൽ നിങ്ങൾക്കാണ് ഈ അവസ്ഥ എങ്കിൽ കേട്ട് കൊണ്ട് മിണ്ടാതിരിക്കോ നിങ്ങൾ?
ദിവ്യയുടെ ചോദ്യത്തിന് അരുണിന് മറുപടി ഉണ്ടായിരുന്നില്ല.
“ഇങ്ങനെ ആണെങ്കിൽ ഈ നമുക്ക് ഒരുമിച്ച് സന്തോഷത്തോടെ ജീവിക്കാൻ പറ്റില്ല അരുൺ. പണ്ടത്തെ പെണ്ണുങ്ങളെ പോലെ സർവ്വം സഹയാകാൻ എന്നെ കിട്ടില്ല. അതുകൊണ്ട് വലിയ വഴക്കുകൾ ഉണ്ടായി ശത്രുക്കൾ ആവുന്നതിനേക്കാൾ നല്ലത് നമ്മൾ വേറെ വീട് എടുത്ത് മാറുന്നതാ.
ഇല്ലെങ്കിൽ ദിവസവും ഇതുപോലെ ഓരോ പ്രശ്നങ്ങൾ ഉണ്ടായി കൊണ്ടിരിക്കും. അതൊക്കെ നിങ്ങൾക്ക് സഹിക്കാൻ പറ്റുമെങ്കി ഇവിടെ നിൽക്കാം. ഞാൻ ഏതായാലും എന്നെ എന്തെങ്കിലും പറഞ്ഞ കേട്ട് കൊണ്ട് നിൽക്കില്ല.
പറഞ്ഞിട്ട് ദിവ്യ കയറി കിടന്നു.
അവളുടെ ഭാഗത്താണ് 100 % ന്യായം എന്ന് അരുണിന് അറിയാം. പക്ഷേ പെറ്റമ്മയെ തള്ളി പറയാനോ ഭാര്യയ്ക്ക് വേണ്ടി അവരോട് ചൂടായി സംസാരിക്കാനോ അവനെ കൊണ്ട് കഴിയില്ലായിരുന്നു.
പിറ്റേന്ന് മുതൽ ദിവ്യ ജോലിക്ക് പോകാൻ തുടങ്ങിയത് വിലാസിനി വലിയ ബഹളമാക്കി. അവളെ ജോലിക്ക് വിടാതെ വീട്ടിൽ നിർത്തി തന്റെ ചൊല്പടിക്ക് കൊണ്ട് വന്ന് ആ വീട്ടിലെ വേലക്കാരിയെ പോലെ ആക്കണമെന്ന് ആയിരുന്നു അവർ സ്വപ്നം കണ്ടത്. പാവപെട്ട വീട്ടിലെ പെണ്ണ് ആയോണ്ട് താൻ പറഞ്ഞത് കേട്ട് അടങ്ങി ഒതുങ്ങി പേടിച്ചു കിടക്കുമെന്നും അവർ കരുതി. എന്നാൽ അത് സാധിക്കാതെ വന്നത് വിലാസിനിയെ ദേഷ്യം പിടിപ്പിച്ചു.
ദിവസവും അമ്മേടേം ഭാര്യടേം വഴക്ക് കണ്ടും കേട്ടും മാധ്യസ്ഥ വഹിച്ചു മടുത്ത അരുൺ ഒടുവിൽ ഓഫീസിന്റെ അടുത്ത് വീട് എടുത്ത് അങ്ങോട്ട് മാറാൻ തീരുമാനിച്ചു
ദിവ്യ പറഞ്ഞത് പോലെ വലിയ പൊട്ടിത്തെറിയിലേക്ക് പോകുന്നതിന് മുൻപ് ഇങ്ങനെ മാറുന്നതാണ് നല്ലതെന്ന് അവനും ചിന്തിച്ചു പോയി.
അങ്ങനെ അധികം വൈകാതെ തന്നെ ദിവ്യയ്ക്ക് അമ്മായി അമ്മയോട് പോരെടുക്കാതെ സമാധാനത്തോടെ ഭർത്താവിനൊപ്പം മറ്റൊരു വീട്ടിൽ കഴിയാൻ സാധിച്ചു.
✍️അഞ്ജലി
