അവളുടെ വിവാഹം മുടങ്ങിപ്പോയി. രണ്ടു വർഷത്തെ അവളുടെ പ്രണയമാണ് അവിടെ അവസാനിച്ചത്. സ്ത്രീധനത്തിന്റെ പേരിലുള്ള ചെറിയ തർക്കമാണ് ഇത് അവസാനിക്കാനുള്ള കാരണം. വിവാഹത്തിൽ നിന്നുള്ള ചെറുക്കന്റെ പിന്മാറ്റം….

“നിനക്കറിയാമോ നീരജ് ചില മനുഷ്യർ നമ്മുടെ ജീവിതത്തിലേക്ക് വരുന്നത് നമ്മുടെ ജീവിതത്തിലെ ഇരുട്ടുകൾ മാറ്റി പ്രകാശമാക്കാൻ ആണ്. ”

ബീച്ചിലെ ആ തണുത്ത മണലിൽ ഇരുന്ന് ദൂരെ അസ്തമയ സൂര്യന്റെ ചുമപ്പ് പടരുന്ന കടലിലേക്ക് നോക്കി അനാമിക അത് പറയുമ്പോൾ നീരജ് മറുപടി ഒന്നും പറയാതെ അവളെ തന്നെ നോക്കിയിരുന്നു.

കോഴിക്കോട്ടെ അറിയപ്പെടുന്ന ഒരു ആർട്ട്‌ ഗാലറിയിൽ വർണ്ണങ്ങൾ എന്ന പേരിൽ ഒരു ചിത്രപ്രദർശനം നടക്കുക്കായിരുന്നു.

അവിടെ എത്തുന്ന ആളുകളുടെ കൂട്ടത്തിൽ തികച്ചും ഒറ്റപ്പെട്ടു നിൽക്കുന്ന അനാമിക നീരജിന്റെ ശ്രദ്ധയിൽപെട്ടു. അതായിരുന്നു അവരുടെ ആദ്യ കൂടിക്കാഴ്ച..

വസ്ത്രധാരണത്തിലും ചലനങ്ങളിലും ഒരു ലാളിത്യം ഉണ്ടായിരുന്നെങ്കിലും അവളുടെ കണ്ണുകളിൽ മായാത്ത ഒരു വിഷാദം ഉണ്ടായിരുന്നു.. അത് നീരാജിന്റെ ശ്രദ്ധയിൽപെട്ടു.

നീരജ് ആ എക്സിബിഷന്റെ സംഘടകനും ഒരു ഫോട്ടോഗ്രാഫറും ആയിരുന്നു. ജീവിതത്തെ എപ്പോഴും പോസിറ്റീവ് ആയി മാത്രം കാണുന്ന. ഒറ്റപെടലിലും സ്വയം സന്തോഷം കണ്ടെത്തുന്ന ഒരു സ്വഭാവക്കാരൻ..

അവസാനത്തെ ചിത്രത്തിനും മുന്നിൽ അനാമിക നിൽക്കുമ്പോൾ നീരജ് പതുക്കെ അവളുടെ അടുത്തേക്ക് നടന്നുചെന്നു.

“ആ പെയിന്റിംഗ് ഒരുപാട് ഇഷ്ടപ്പെട്ടോ?” നീരജ് സൗമ്യമായി ചോദിച്ചു.

അനാമിക പെട്ടെന്ന് ഒന്ന് ഞെട്ടി. അവൾ അവനെ നോക്കി. “അതൊന്നുമായിരുന്നില്ല… ആ കിളികൾക്ക് നനയാതിരിക്കാൻ വലിയൊരു മരത്തിന്റെ തണലില്ല. ആ ചെറിയ ചില്ല മാത്രമാണ് അഭയം. എങ്കിലും അവ പരസ്പരം ചേർന്നിരിക്കുന്നു. ആ ചിത്രത്തിന് വലിയൊരു പ്രതീക്ഷയുണ്ട്.”

ആ മറുപടി നീരജിന്റെ ഉള്ളിൽ തട്ടി. സാധാരണ ആ പെയിന്റിംഗ് കാണുന്നവർ അതിന്റെ കളർ ടോണിനെക്കുറിച്ചോ ടെക്നിക്കുകളെക്കുറിച്ചോ ആണ് സംസാരിക്കാറുള്ളത്. എന്നാൽ അവൾ കണ്ടത് അതിലെ വികാരമായിരുന്നു.

“ഞാൻ നീരജ്. ഈ എക്സിബിഷന്റെ സംഘാടകരിൽ ഒരാളാണ്,” അവൻ കൈ നീട്ടി.

“അനാമിക,” അവൾ ചെറിയൊരു പുഞ്ചിരിയോടെ മാത്രം മറുപടി നൽകി, കൂടുതൽ സംസാരിക്കാൻ നിൽക്കാതെ പുറത്തേക്ക് നടന്നു.

ആഴ്ചകൾക്ക് ശേഷം, കോഴിക്കോട് നഗരത്തിലെ പ്രശസ്തമായ ഒരു കഫേയിൽ വെച്ച് നീരജ് അവളെ വീണ്ടും കണ്ടു.

അവൾ ഒരു ഡയറിയിൽ എന്തൊക്കെയോ തിരക്കിട്ട് എഴുതുകയായിരുന്നു. മുന്നിലെ കാപ്പി തണുത്തുറഞ്ഞു കിടപ്പുണ്ട്.

നീരജ് ഒട്ടും മടിച്ചില്ല. അവൻ അവളുടെ മേശയ്ക്കടുത്തേക്ക് ചെന്നു. “തണുത്ത കാപ്പി കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല അനാമിക.”

അവൾ തലയുയർത്തി നോക്കി. പെട്ടെന്ന് തിരിച്ചറിഞ്ഞ ഭാവത്തിൽ അവളുടെ മുഖത്ത് ഒരു ചെറിയ വെളിച്ചം മിന്നി. “നീരജ്… ഹായ്!”

“ഞാൻ ഇവിടെ ഇരിക്കുന്നതിൽ ബുദ്ധിമുട്ട് ഇല്ലല്ലോ ” അവൻ ചോദിച്ചു..

“ഏയ് ഇല്ല.. ” അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു..

അന്ന് അവർ മണിക്കൂറുകളോളം സംസാരിച്ചു.

അനാമിക ഒരു സ്കൂളിലെ അധ്യാപികയായിരുന്നു. കുട്ടികളെ പഠിപ്പിക്കാനും എഴുതാനുമൊക്കെ ഒരുപാട് ഇഷ്ടപ്പെടുന്ന പെൺകുട്ടി. എന്നാൽ അവളുടെ ഉള്ളിലെ വസന്തം മുഴുവൻ കവർന്നെടുത്ത ഒരു ഭൂതകാലം അവൾക്കുണ്ടായിരുന്നു.

കുറച്ചു മാസങ്ങൾക്കു മുന്നേ നിശ്ചയിച്ചുറപ്പിച്ചിരുന്ന അവളുടെ വിവാഹം മുടങ്ങിപ്പോയി. രണ്ടു വർഷത്തെ അവളുടെ പ്രണയമാണ് അവിടെ അവസാനിച്ചത്. സ്ത്രീധനത്തിന്റെ പേരിലുള്ള ചെറിയ തർക്കമാണ് ഇത് അവസാനിക്കാനുള്ള കാരണം. വിവാഹത്തിൽ നിന്നുള്ള ചെറുക്കന്റെ പിന്മാറ്റം അവളെ വളരെയധികം തളർത്തി. അതിനുശേഷം അവൾ പഴയപോലെ ചിരിച്ചിട്ടും കളിച്ചിട്ടും ഒന്നുമില്ല.

ഇതെല്ലാം കേട്ടിട്ടും നീരജ് അവളെ സങ്കടങ്ങൾ മറക്കാനായി ഉപദേശിച്ചില്ല പകരം അവൻ അവൾക്കിഷ്ടമുള്ള ഒരുപാട് പുസ്തകങ്ങളെ കുറിച്ചും ഫോട്ടോഗ്രാഫിയെ കുറിച്ചും അവളോട് സംസാരിച്ചു. അവന്റെ കൂടെ ഇരുന്നപ്പോൾ അവൾ പഴയതുപോലെ ചിരിക്കാനും സന്തോഷിക്കാനും തുടങ്ങി. പതിയെ പതിയെ അവരുടെ സൗഹൃദം വളരാൻ തുടങ്ങി.

ഇടയ്ക്കൊക്കെ അവർ തമ്മിൽ കാണാനും ഒരുമിച്ച് യാത്രകൾ ചെയ്യാനും തുടങ്ങി. പതിയെ പതിയെ അവരുടെ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറി..

എന്നാൽ അനാമികയുടെ ഉള്ളിന്റെ ഉള്ളിൽ ഒരു ഭയം ഉണ്ടായിരുന്നു.. ഇനി ഇതും പഴയ പോലെ ആകുമോ എന്ന്.. എന്നാൽ ഓരോ ദിവസവും ആ ഭയം ഒക്കെ വെറും തോന്നൽ ആണെന്ന് തോന്നിക്കുന്ന വിധം ആയിരുന്നു നീരജിന്റെ പെരുമാറ്റം.. അവൻ അവളെ ഒരിക്കൽ പോലും പഴയതൊന്നും ഓർത്ത് വിഷമിക്കാനുള്ള അവസരം ഉണ്ടാക്കിയില്ല..

ഒരു മഴയുള്ള വൈകുന്നേരം, നീരജ് അവളെ തന്റെ ചെറിയ തറവാട്ടു വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ അവന്റെ അമ്മ മാത്രമാണ് താമസിച്ചിരുന്നത്.

നീരജിന്റെ അമ്മ വളരെ സ്‌നേഹത്തോടെ അനാമികയെ സ്വീകരിച്ചു. ഒരു മകളെപ്പോലെ അവളെ ചേർത്തുപിടിച്ചു.

“നീ എന്താണ് ആലോചിക്കുന്നത് അനാമിക?” വരാന്തയിലെ തൂണിൽ ചാരിനിന്ന് നീരജ് ചോദിച്ചു.

“ഞാൻ… ഞാൻ ഒരുപാട് പേടിച്ചിരുന്ന ഒരാളാണ് നീരജ്. വിശ്വസിക്കുന്നതൊക്കെ തകർന്നുപോകുമോ എന്ന്. പക്ഷേ ഇവിടേക്ക് വരുമ്പോൾ, നിന്റെ കൂടെയിരിക്കുമ്പോൾ… എനിക്ക് പേടി തോന്നുന്നില്ല. എന്തുകൊണ്ടാണത്?” അവൾ അവന്റെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു.

നീരജ് പതുക്കെ അവളുടെ അടുത്തേക്ക് വന്നു.

“കാരണം, നമ്മൾ വീണുപോയത് ഇരുട്ടിലേക്കാണെങ്കിൽ, അവിടെ നിന്ന് നമ്മളെ കരകയറ്റാൻ മറ്റൊരാളുടെ വിരലുകൾ വേണമെന്നില്ല… നമ്മളെ ഉള്ളറിഞ്ഞു മനസ്സിലാക്കുന്ന ഒരു സാന്നിധ്യം മാത്രം മതി. ഞാൻ നിന്റെ ഭൂതകാലത്തെ തിരുത്താൻ വന്ന ആളല്ല അനാമിക. നിന്റെ വർത്തമാനത്തിലും ഭാവിയിലും ഒരു തണലായി നിൽക്കാൻ ആഗ്രഹിക്കുന്ന ഒരാളാണ്.”

ആ വാക്കുകളിൽ വലിയ വാഗ്ദാനങ്ങളോ, ആർഭാടങ്ങളോ ഉണ്ടായിരുന്നില്ല. എന്നാൽ ഒരു പെൺകുട്ടിയുടെ മനസ്സിന് ശാന്തത നൽകാൻ ആവശ്യമായ എല്ലാ സ്നേഹവും അതിലുണ്ടായിരുന്നു.

മഴത്തുള്ളികൾ വരാന്തയിലേക്ക് തെറിച്ചുവീഴുമ്പോൾ, അനാമിക ആദ്യമായി അവളുടെ എല്ലാ ഭയങ്ങളും മാറ്റിവെച്ച് നീരജിന്റെ നെഞ്ചിലേക്ക് ചാരിനിന്നു. ആ മരവിച്ച തണുപ്പിൽ, അവന്റെ ഹൃദയമിടിപ്പ് അവൾക്ക് ഏറ്റവും സുരക്ഷിതമായ ഇടമായി തോന്നി.

നീരജിന്റെ കൈകളിൽ പിടിച്ച് ആകാശം നോക്കുമ്പോൾ അനാമിക മനസ്സിൽ പറഞ്ഞു—ജീവിതം എത്ര സുന്ദരമാണ്, നമ്മളെ മനസ്സിലാക്കുന്ന ഒരാൾ കൂടെയുണ്ടെങ്കിൽ..

✍️ആമി

Leave a Reply

Your email address will not be published. Required fields are marked *