മഴ പെയ്തു ശമിച്ച ആ സായാഹ്നത്തിൽ, നഗരത്തിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലെ നൈറ്റ് ഷിഫ്റ്റിനായി ഇറങ്ങുമ്പോൾ ഭാനുവിന്റെ മനസ്സ് പെയ്യാൻ മടിച്ചുനിൽക്കുന്ന മേഘങ്ങളെപ്പോലെ വിങ്ങിപ്പൊട്ടാൻ പാകത്തിലായിരുന്നു.
മദ്യപിച്ചു സ്വബോധം ഇല്ലാത്ത ഭർത്താവിന്റെ പ്രവർത്തികൾ അവളുടെ മനസ്സിനെ വല്ലാതെ ബാധിച്ചിരുന്നു. ജീവിതം പോലും മടുത്ത അവസ്ഥ.. രണ്ട് കുട്ടികളെ ഓർത്തു മാത്രം ആത്മ ഹത്യയിലേക്ക് പോകാതെ പിടിച്ചു നിൽക്കുന്ന തനിക്ക് ഇനിയും ജീവിതത്തിൽ വലിയ പ്രതീക്ഷയൊന്നുമില്ലെന്നു അവൾ സ്വയം തിരിച്ചറിഞ്ഞു.
ആകെയുള്ള ഈയൊരു ജോലി മാത്രമാണ് വീട്ടിലെ ശ്വാസം മുട്ടിക്കുന്ന അന്തരീക്ഷത്തിൽ നിന്നൊരു വിടുതൽ..
സ്റ്റോപ്പിൽ മിനിറ്റുകൾ കടന്നുപോയി. പെയ്തൊഴിഞ്ഞ കാറ്റിൽ തണുപ്പ് വല്ലാതെ പടരുന്നുണ്ടായിരുന്നു. നൈറ്റ് ഷിഫ്റ്റിന് സമയമാകുന്നു.
പോകേണ്ട ബസ് കാണാഞ്ഞതോടെ ഭാനുവിന് പരിഭ്രമമായി. അപ്പോഴാണ് വഴിയോരത്തെ വെള്ളക്കെട്ടുകൾ ചിതറിതെറിപ്പിച്ച് കൊണ്ട് ഒരു ബൈക്ക് അങ്ങോട്ട് വന്നത്…പിന്നിൽ ആരുമില്ല, ഇനിയും ഇവിടെ നിന്നാൽ സമയം പോകും..
മറ്റൊന്നും ചിന്തിക്കാതെ അവൾ കൈ കാണിച്ചു.
ബൈക്ക് നിർത്തി. ഹെൽമെറ്റിന്റെ ഗ്ലാസ് ഉയർത്തി അയാൾ അവളെ നോക്കി.
സുന്ദരിയായ ഒരു പെണ്ണ് ഈ നേരത്ത് ഒറ്റയ്ക്ക് തന്റെ വണ്ടിക്ക് മുന്നിൽ കൈ കാണിച്ചതിന്റെ അതിശയത്തിൽ ആയിരുന്നു അയാൾ..
അവളും അയാളുടെ മുഖം ശ്രദ്ധിക്കുകയായിരുന്നു..
മുപ്പതുകളുടെ തുടക്കം തോന്നിക്കുന്ന ഒരു ചെറുപ്പക്കാരൻ.. കട്ടിമീശയും കട്ടി പിരികവും.. നല്ല വെളുത്ത നിറവും..!
”ഹോസ്പിറ്റൽ ഭാഗത്തേക്കാണോ? ബസ്സ് ഒന്നും കാണുന്നില്ല, എനിക്ക് ഹോസ്പിറ്റലിൽ ഡ്യൂട്ടിക്ക് കേറാൻ സമയമായി…”
വിറയ്ക്കുന്ന ശബ്ദത്തോടെ അവൾ പറഞ്ഞു.
”കയറിക്കോളൂ, ഞാൻ ആ വഴിക്കാണ് പോകുന്നത്.”
സൗമ്യമായ ശബ്ദത്തിൽ അയാൾ പറഞ്ഞു.
മഴയേറ്റു നനഞ്ഞ റോഡിലൂടെ ബൈക്ക് മുന്നോട്ട് കുതിക്കുമ്പോൾ, തണുത്ത കാറ്റിൽ അവരുടെ സംഭാഷണം ആരംഭിച്ചു. അയാളുടെ പേര് പ്രദീപ് എന്നായിരുന്നു. ഐ.ടി കമ്പനിയിലെ ജീവനക്കാരൻ. അല്പസമയത്തെ സംഭാഷണത്തിനിടയിൽ പ്രദീപിന്റെ ശബ്ദത്തിലെവിടെയോ ഒളിച്ചിരുന്ന
ഒരു നിരാശ ഭാനു തിരിച്ചറിഞ്ഞു. അധികം നിർബന്ധിക്കാതെ തന്നെ അയാൾ തന്റെ കഥ പറഞ്ഞു—
ഭാര്യയുമായുള്ള മാനസിക അകൽച്ചയെക്കുറിച്ചും, രണ്ടു വഴിക്കായ അവരുടെ ജീവിതത്തെക്കുറിച്ചും ..അയാൾ സംസാരിക്കുമ്പോൾ എവിടെയോ ഒരു മോഹഭംഗം അവൾ തിരിച്ചറിഞ്ഞു..
അന്യന്റെ ആശ്വാസവാക്കുകൾക്ക് വലിയ വിലയുള്ള രണ്ടുപേരായിരുന്നു അവർ. ഒരേപോലെ മനസ്സിൽ മുറിവുകളുള്ളവർ.
ഹോസ്പിറ്റൽ ഗേറ്റിനു മുന്നിൽ ഇറങ്ങുമ്പോൾ ഭാനു നന്ദി പറഞ്ഞു.
“നല്ല തണുത്ത കാറ്റുണ്ട് ശ്രദ്ധിക്കണം,”
യാത്രപറയുമ്പോൾ ഭാനു പുഞ്ചിരിയോടെ പറഞ്ഞു. ആ വാക്കുകളിൽ അയാൾക്ക് പണ്ടെങ്ങോ നഷ്ടപ്പെട്ട ഒരു കരുതലിന്റെ ചൂടുണ്ടായിരുന്നു.
പിറ്റേന്ന് വൈകുന്നേരവും ഭാനു ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോൾ തീരെ പ്രതീക്ഷയുണ്ടായിരുന്നില്ല.. എങ്കിലും വെറുതെ അവൾ ഓർത്തത് തലേന്ന് കണ്ട ആ ചെറുപ്പക്കാരനെയായിരുന്നു.. ഫോൺ നമ്പർ ചോദിക്കേണ്ടതായിരുന്നു എന്നവൾ നിരാശയോടെ ഓർത്തു..
എന്നാൽ അപ്രതീക്ഷിതമായി പ്രദീപിന്റെ ബൈക്ക് വീണ്ടും അവളുടെ മുന്നിൽ വന്നുനിന്നപ്പോൾ അവൾ ശരിക്കും ഞെട്ടിപ്പോയി..
”ഇന്നും ബസ്സ് വൈകിയോ?”
അയാൾ ചിരിയിടെയാണ് ചോദിച്ചത്.
ആ ചോദ്യത്തിൽ അവളുടെയും ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു. അന്ന് ബസ്സിന് കാത്തുനിൽക്കാതെ അവൾ അയാളുടെ ബൈക്കിന് പിന്നിൽ സ്വാതന്ത്ര്യത്തോടെ കയറി അയാളുടെ അരക്കെട്ടിൽ ചുറ്റിപ്പിടിച്ചു..
പിന്നീട് ആ യാത്രകൾ പതിവായി. ഷിഫ്റ്റുകൾ കഴിഞ്ഞുള്ള അവരുടെ കണ്ടുമുട്ടലുകൾ, ചായക്കടകളിലെ കൊച്ചു കൊച്ചു വർത്തമാനങ്ങൾ, വാട്സ്ആപ്പ് സന്ദേശങ്ങൾ… അങ്ങനെ രണ്ടുപേരുടെയും ജീവിതത്തിലേക്ക് അവർ പോലുമറിയാതെ പുതിയൊരു വെളിച്ചം പടരുകയായിരുന്നു.
സ്വന്തം വീട്ടിലെ സ്നേഹ ശൂന്യതയിൽ നിന്ന് ഭാനുവും, തകർന്നുപോയ ദാമ്പത്യത്തിന്റെ കയ്പിൽ നിന്ന് പ്രദീപും പരസ്പരം അഭയം കണ്ടെത്തുകയായിരുന്നു. അത് കേവലം ഒരു സൗഹൃദമായിരുന്നില്ല, ആരും കാണാതെ, മനസ്സുകൊണ്ട് പരസ്പരം താങ്ങായി മാറിയ, പേരില്ലാത്ത ഒരു ആഴമുള്ള ബന്ധത്തിന്റെ തുടക്കമായിരുന്നു അത്.
ആദ്യമൊക്കെ വഴിപോക്കരായ രണ്ടുപേരുടെ ആശ്വാസവാക്കുകളിൽ മാത്രം ഒതുങ്ങിനിന്നിരുന്ന ആ ബന്ധം,വളരെ വേഗത്തിലാണ് അതിരുകൾ ലംഘിക്കാൻ തുടങ്ങിയത്. ഒരേപോലെ നിരാശയും ഒറ്റപ്പെടലും പേറിയ രണ്ടു മനസ്സുകൾ പരസ്പരം കണ്ടുമുട്ടിയപ്പോൾ, ശരിതെറ്റുകളെക്കുറിച്ചുള്ള ബോധ്യങ്ങൾ അപരിചിതമായ ശര വേഗത്തിൽ മാഞ്ഞുപോയി.
തുടക്കത്തിൽ അത് നഗരത്തിലെ തിരക്കുകളിൽ നിന്ന് ഒളിച്ചുനിൽക്കാവുന്ന ചെറിയ ഹോട്ടൽ മുറികളിലായിരുന്നു. ഭാനുവിന്റെ നഴ്സിംഗ് യൂണിഫോമിന്റെ മറവിൽ ഒളിച്ചുവെച്ച സങ്കടങ്ങൾക്ക്, പ്രദീപിന്റെ സാമീപ്യം ഒരു താത്കാലിക ആശ്വാസമായി തോന്നി. എന്നാൽ, ഭയവും ലജ്ജയും ഇടകലർന്ന ആ നിമിഷങ്ങൾ വൈകാതെ അവർക്കിടയിൽ ഒരു ശീലമായി മാറി.
പിന്നീടൊരിക്കൽ, ഭർത്താവ് ജോലിക്കാര്യങ്ങൾക്കായി ദൂരദേശത്തേക്ക് പോയ ഒരു രാത്രിയിൽ, മക്കളെ ഉറക്കി കിടത്തിയിട്ട് ഭാനു പ്രദീപിനെ സ്വന്തം വീട്ടിലേക്ക് ക്ഷണിച്ചു. വീടിന്റെ അന്ധകാരവും നിശബ്ദതയും അവളെ ഭയപ്പെടുത്തിയിരുന്നിടത്ത്, അയാളുടെ സാന്നിധ്യം ഒരു പുതിയ ആവേശം നൽകി. അടച്ചിട്ട കിടപ്പറയുടെ വാതിലുകൾക്ക് പിന്നിൽ, തങ്ങളുടെ തെറ്റായ പ്രവൃത്തിയെക്കുറിച്ച് ഒരു നിമിഷം മനസ്സിൽ ഭയം മിന്നിമറഞ്ഞെങ്കിലും,
പരസ്പരമുള്ള ആകർഷണത്തിൽ ആ ബോധം കടപുഴകി വീണു.
അയാളുടെ നെഞ്ചിൽ തലചായ്ക്കുമ്പോൾ മാത്രമാണ് താൻ ഒരു മനുഷ്യനായി ജീവിക്കുന്നത് എന്ന് അവൾക്ക് തോന്നി.
ആ സ്നേഹം വൈകാതെ ഒരു ഭ്രാന്തമായ പ്രണയമായി മാറി. പ്രദീപ് തന്റെ മാത്രം സ്വന്തമാകണമെന്ന ആഗ്രഹം അവളിൽ ശക്തമായി.
പ്രദീപ് നൽകിയ സ്വാതന്ത്ര്യത്തിലും പരിചരണത്തിലും ഭാനു തന്റെ പുതിയ ലോകം പടുത്തുയർത്തുകയായിരുന്നു. അവളുടെ ആഗ്രഹങ്ങൾക്ക് തടയിടാൻ ഭർത്താവിന് കഴിയാതിരുന്നപ്പോൾ, അവൾ ചോദിക്കുന്ന പണവും വസ്ത്രങ്ങളും സിനിമയും യാത്രകളുമെല്ലാം പ്രദീപ് സന്തോഷത്തോടെ നൽകി. ഭർത്താവിന്റെ പീഡനങ്ങളിൽ തളർന്നുപോയ ഒരു സ്ത്രീക്ക് പ്രദീപിൽ നിന്നുള്ള ഈ പരിഗണന ഒരുതരം അധികാരബോധവും അവകാശവും നൽകി. അയാൾ തന്റേത് മാത്രമാണെന്ന ചിന്ത അവളിൽ അത്രമേൽ ആഴത്തിൽ വേരുറപ്പിച്ചിരുന്നു.
മാസങ്ങൾ കടന്നുപോയി. ഭാനുവിന്റെ ഭ്രാന്തമായ പ്രണയവും അതിരുവിട്ട അധികാരപ്രയോഗവും പ്രദീപിന് പതിയെ ഒരു ഭാരമായി മാറാൻ തുടങ്ങി. തുടക്കത്തിൽ ഇതൊരു താത്കാലിക ആശ്വാസമായിരുന്നുവെങ്കിലും, ഭാനുവിന്റെ വാശികളും നിരന്തരമായ ആവശ്യങ്ങളും അയാളുടെ വ്യക്തിജീവിതത്തെയും സമാധാനത്തെയും ബാധിച്ചു തുടങ്ങി.
ഭാര്യയുമായി അകന്നു കഴിയുകയാണെങ്കിലും, ഒരു പൂർണ്ണമായ വിവാഹമോചനത്തിലേക്കോ ഭാനുവിനൊപ്പമുള്ള പരസ്യമായ ജീവിതത്തിലേക്കോ പോകാൻ പ്രദീപിന്റെ കുടുംബ സാഹചര്യങ്ങൾ അനുവദിച്ചിരുന്നില്ല.
ഭയം മൂത്ത അയാൾ ആ ബന്ധത്തിൽ നിന്ന് പതിയെ പിന്മാറാൻ ശ്രമിച്ചു. കോളുകൾ എടുക്കാതിരിക്കുക, തിരക്കുകൾ പറയുക, നേരിട്ട് കാണുന്നത് ഒഴിവാക്കുക—അങ്ങനെ അയാൾ അകലം പാലിക്കാൻ തുടങ്ങി.
എന്നാൽ ഭാനു അത് സമ്മതിച്ചുകൊടുക്കാൻ തയ്യാറായിരുന്നില്ല.
തോറ്റുകൊടുക്കാൻ അവൾക്ക് ശീലമില്ലായിരുന്നു; പ്രത്യേകിച്ച്, തന്റെ ജീവിതത്തിലെ ഒരേയൊരു ആശ്വാസമായ പ്രദീപിന്റെ കാര്യത്തിൽ. അയാൾ അകലുന്തോറും അവളുടെ പ്രണയം ക്രൂരമായ ഒരു വാശിയായി മാറി.
അയാൾ തന്നെ ഒഴിവാക്കാൻ നോക്കിയ ഒരു വൈകുന്നേരം, ഭാനു നേരിട്ട് പ്രദീപിന്റെ ഫ്ലാറ്റിലെത്തി. ഭയന്നുപോയ പ്രദീപിനോട് വളരെ ശാന്തമായി, എന്നാൽ കടുപ്പമുള്ള ശബ്ദത്തിൽ അവൾ പറഞ്ഞു.
”എന്നെ ഉപേക്ഷിച്ചു പോകാൻ നോക്കണ്ട പ്രദീപ് . ഭർത്താവിൽ നിന്ന് ഇല്ലാത്ത അധികാരമാണ് ഞാൻ നിന്റെ മേൽ കാണിക്കുന്നത്. നിന്നെ നഷ്ടപ്പെടാൻ എനിക്ക് കഴിയില്ല. നീ എന്നെ വിട്ടുപോയാൽ, നമ്മുടെ ഈ ബന്ധത്തിന്റെ ചിത്രങ്ങളും തെളിവുകളും നിന്റെ ഭാര്യയ്ക്കും ഓഫീസിലും ഞാൻ എത്തിക്കും. എന്റെ ജീവിതം പോയാലും കുഴപ്പമില്ല, നിന്നെ ഞാൻ വേറൊരാൾക്കും വിട്ടുകൊടുക്കില്ല…”
പ്രദീപ് ഞെട്ടിപ്പോയി. താൻ സ്നേഹിച്ച, ആശ്വസിപ്പിച്ച ഭാനുവല്ല അത്. സ്വന്തം ഭർത്താവിനോടുള്ള വാശിയും പ്രദീപിനോടുള്ള അന്ധമായ പ്രണയവും അവളെ ഏതു അറ്റവും വരെ പോകാൻ മടിക്കാത്ത ഒരു സ്ത്രീയാക്കി മാറ്റിയിരുന്നു.
ഒഴിഞ്ഞുമാറാൻ പ്രദീപ് ശ്രമിക്കുന്തോറും ഭാനുവിന്റെ ഭീഷണികളും നിയന്ത്രണങ്ങളും ശക്തമായി. പ്രദീപിന് മുന്നിൽ വഴി അടഞ്ഞു; സ്നേഹമായി തുടങ്ങിയ ആ ബന്ധം ഇപ്പോൾ അയാളെ വിഴുങ്ങുന്ന ഒരു ചിലന്തി വലയായി മാറിക്കഴിഞ്ഞിരുന്നു.
പ്രദീപിന്റെ ജീവിതം പൂർണ്ണമായും ഭാനുവിന്റെ കൈപ്പിടിയിലായി. ഭർത്താവിനോടുള്ള വെറുപ്പിൽ നിന്ന് തുടങ്ങിയ പക, ഇപ്പോൾ പ്രദീപിനെ എന്നെന്നേക്കുമായി സ്വന്തമാക്കാനുള്ള ഭ്രാന്തമായ പിടിവാശിയായി മാറിയിരുന്നു.
അവളുടെ ഒരു സന്ദേശമോ ഫോൺ കോളോ വന്നാൽ, ജോലി മാറ്റിവെച്ചും പ്രദീപിന് ഓടിയെത്തേണ്ടി വന്നു. താൻ കെട്ടിയുണ്ടാക്കിയ സമാധാനത്തിന്റെ ലോകം തകരുമെന്ന ഭയത്തിൽ അയാൾ ഭാനുവിന്റെ ഓരോ ആവശ്യങ്ങൾക്കും മുന്നിൽ തലകുനിച്ചു.
പക്ഷേ, ഭയന്ന് ജീവിക്കുന്നതിൽ ഒരു അതിരുണ്ടായിരുന്നു. പ്രദീപിന് ആ ബന്ധം ഒരു ശ്വാസംമുട്ടലായി മാറി. ഒടുവിൽ, ഈ ഭീഷണികളിൽ നിന്ന് രക്ഷപ്പെടാൻ അയാൾ ഒരു വഴി കണ്ടെത്തി—ബാംഗ്ലൂരിലേക്ക് രഹസ്യമായി ഒരു ട്രാന്സ്ഫർ വാങ്ങുക.
ആരും അറിയാതെ നഗരം വിടാൻ പദ്ധതിയിട്ട പ്രദീപ് , ഭാനു അറിയാതിരിക്കാൻ ഏതാനും ദിവസങ്ങൾ സാധാരണ പോലെ പെരുമാറി. ട്രെയിൻ ടിക്കറ്റും ബാഗുകളും റെഡിയാക്കി, പുറപ്പെടേണ്ടതിന്റെ തലേന്ന് രാത്രി അയാൾ ആശ്വാസത്തോടെ ശ്വാസമടുത്തു.
പക്ഷേ, ഭാനുവിനെ അയാൾ പൂർണ്ണമായും മനസ്സിലാക്കിയിരുന്നില്ല.
ആശുപത്രിയിലെ ഷിഫ്റ്റ് കഴിഞ്ഞ് അന്ന് രാത്രി അവൾ പ്രദീപിന്റെ ഫ്ലാറ്റിലേക്ക് അപ്രതീക്ഷിതമായി കടന്നുവന്നു. ഹാളിൽ അടുക്കിവെച്ചിരിക്കുന്ന ട്രാവൽ ബാഗുകളും പാക്കിംഗ് ബോക്സുകളും കണ്ടപ്പോൾത്തന്നെ അവൾക്ക് കാര്യം മനസ്സിലായി.
പ്രദീപ് ഞെട്ടിത്തരിച്ചുപോയി.
”എന്നെ ഒഴിവാക്കി ഓടാനല്ലേ പ്രദീപ് നോക്കിയത്?”
വിറയ്ക്കുന്ന ചിരിയോടെ ഭാനു ചോദിച്ചു.
”ഭാനു… പ്ലീസ്, എന്നെ വെറുതെ വിട്. ഞാൻ ആകെ തകർന്നു. നിനക്ക് എന്ത് വേണമെങ്കിലും ഞാൻ തരാം, പക്ഷെ ഇനി ഇതും കൊണ്ട് മുന്നോട്ട് പോകാൻ എനിക്ക് കഴിയില്ല!”
പ്രദീപ് കെഞ്ചി.
പ്രദീപ് കാണിക്കുന്ന അനാസ്ഥയുടെയും അകൽച്ചയുടെയും കാരണം ഭാനുവിന് വൈകാതെ മനസ്സിലായി. അവൻ തന്നിൽ നിന്ന് പൂർണ്ണമായും രക്ഷപ്പെടാൻ പദ്ധതിയിടുകയാണ്; ആരുമറിയാതെ ബാംഗ്ലൂരിലേക്ക് ട്രാൻസ്ഫർ വാങ്ങി നാടുവിടാൻ ഒരുങ്ങുന്നു!
തന്നെ നരകത്തിൽ നിന്ന് കരകയറ്റിയവനും ഒടുവിൽ ഉപേക്ഷിച്ചു പോകുകയാണെന്ന ചിന്ത ഭാനുവിൽ വലിയൊരു ആഘാതമുണ്ടാക്കി. ഭർത്താവിനോടുള്ള വാശിയിൽ തുടങ്ങിയ സ്നേഹമാണ്, പക്ഷേ ഇപ്പോൾ പ്രദീപില്ലാത്ത ഒരു ജീവിതം അവൾക്ക് സങ്കൽപ്പിക്കാൻ പോലും കഴിയില്ലായിരുന്നു. അവനെ തടയണം, തന്നിലേക്ക് തന്നെ തിരികെ കൊണ്ടുവരണം. അതിനായി തന്റെ ജീവൻ തന്നെ പണയം വെക്കാൻ അവൾ തീരുമാനിച്ചു.
തന്റെ ആത്മഹത്യ ശ്രമം പ്രദീപിനെ ഭയപ്പെടുത്തുമെന്നും, കുറ്റബോധം കൊണ്ട് അവൻ ഓടിയെത്തി തന്നെ കൂടെക്കൂട്ടുമെന്നും അവൾ ഉറച്ചു വിശ്വസിച്ചു.
അന്ന് രാത്രി, ഹോസ്പിറ്റലിലെ ഡ്യൂട്ടി കഴിഞ്ഞ് മുറിയിലെത്തിയ ഭാനു, കയ്യിലെ ഞരമ്പ് മുറിച്ച് ചോരയൊഴുകുന്ന ചിത്രങ്ങൾ പ്രദീപിന് വാട്സ്ആപ്പിൽ അയച്ചു.
“നീ എന്നെ ഉപേക്ഷിച്ചു പോയാൽ ഈ രാത്രി കൊണ്ട് എന്റെ ജീവൻ ഞാൻ ഇല്ലാതാക്കും.ഇത് സത്യം..”
പിറ്റേന്ന് രാവിലെ, ഭാനു രക്തത്തിൽ കുളിച്ചുകിടന്നത് കണ്ട മക്കൾ അലമുറയിട്ടു ആളുകളെ വിളിച്ചു കൂട്ടി. അവരവളെ ഉടൻ തന്നെ അവൾ ജോലി ചെയ്യുന്ന അതേ ഹോസ്പിറ്റലിൽ എത്തിച്ചു.
കണ്ണുകൾ തുറക്കുമ്പോൾ ഭാനു കണ്ടത് ഐ.സി.യുവിന്റെ തണുത്ത വെളിച്ചമായിരുന്നു. ശൂന്യമായ ആ മുറിയിൽ, കട്ടിലിനരികിലെ കസേരയിൽ തലതാഴ്ത്തി ഇരിക്കുന്ന ഒരാളെ കണ്ട് അവൾ ഞെട്ടി.
അത് അവളുടെ ഭർത്താവായിരുന്നു!
എപ്പോഴും മദ്യത്തിന്റെ ലഹരിയിലും അക്രമവാസനയിലും കണ്ടിരുന്ന ആ മനുഷ്യൻ അന്ന് തീർത്തും ശാന്തനായിരുന്നു. താടിരോമങ്ങൾ വളർന്ന്, കണ്ണുകൾ ചുവന്ന്, വസ്ത്രങ്ങൾ വൃത്തികേടായി ഇരിക്കുന്ന അയാൾ, ഭാനുവിന് ബോധം വന്നത് കണ്ട് വെപ്രാളത്തോടെ എഴുന്നേറ്റു. അയാളുടെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു.
”ഭാനു… നിനക്ക്… നിനക്ക് ഇപ്പോൾ എങ്ങനെയുണ്ട്?”
വിറയ്ക്കുന്ന ശബ്ദത്തിൽ അയാൾ ചോദിച്ചു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അവൾ എവിടെയായിരുന്നു, എന്താണ് ചെയ്തത് എന്നൊന്നും അയാൾ ചോദിച്ചില്ല. താൻ കാരണം മാത്രമാണ് അവൾ ഈ അറ്റം വരെ പോയതെന്ന വലിയൊരു കുറ്റബോധം ആ മനുഷ്യന്റെ കണ്ണുകളിൽ നിഴലിച്ചിരുന്നു. രാത്രിയിൽ അവൾക്ക് കാവലിരുന്നതും, മരുന്നുകൾ വാങ്ങി നൽകിയതും, ഡോക്ടർമാരുടെ മുന്നിൽ കരഞ്ഞതും അയാളായിരുന്നുവെന്ന് സിസ്റ്റർമാർ പറഞ്ഞപ്പോൾ ഭാനുവിന്റെ ഉള്ളിലൊരു വലിയ ഇടിമിന്നൽ വെട്ടി.
താൻ ആർക്കു വേണ്ടിയാണ് സ്വന്തം ജീവിതം പണയം വെച്ചത്?
പണവും സൗകര്യങ്ങളും തന്ന് ഒടുവിൽ അപകടം കണ്ടപ്പോൾ തെരുവുനായയെപ്പോലെ ഉപേക്ഷിച്ചുപോയ പ്രദീപ്..! അവനുവേണ്ടിയാണ് താൻ സ്വന്തം മാനവും ജീവനും കളഞ്ഞു കുളിക്കാൻ തുനിഞ്ഞത്. പക്ഷേ, താൻ എത്ര വെറുത്തിട്ടും, എത്ര ക്രൂരമായി പെരുമാറിയിട്ടും, ഒടുവിൽ ഈ ഐ.സി.യുവിന്റെ വാതിൽക്കൽ തനിക്കായി കണ്ണീരോടെ കാവലിരുന്നത് ഈ പാവം മനുഷ്യൻ മാത്രമാണ്.
മദ്യപാനവും ദേഷ്യവും കൊണ്ട് അന്ധനായിരുന്നെങ്കിലും, തന്റെ ഭാര്യയെ നഷ്ടപ്പെടുമെന്ന ഭയം അയാളെ മാറ്റിമറിച്ചിരുന്നു.
ഡിസ്ചാർജ്ജ് ചെയ്യുന്ന ദിവസം, ഭാനു ആ വെളുത്ത ഹോസ്പിറ്റൽ വസ്ത്രം മാറി സാധാരണ സാരി അണിഞ്ഞു. കൈയിലെ പ്ലാസ്റ്ററിലേക്ക് നോക്കുമ്പോൾ അവളുടെ മനസ്സിൽ പ്രദീപിനോടുള്ള പ്രണയമായിരുന്നില്ല, പകരം സ്വന്തം തെറ്റുകളെക്കുറിച്ചുള്ള വലിയൊരു കുറ്റബോധമായിരുന്നു എരിഞ്ഞു കത്തിയത്.
ഹോസ്പിറ്റലിന് പുറത്ത് കാത്തുനിന്ന ഭർത്താവിന്റെ അടുക്കലേക്ക് അവൾ പതുക്കെ നടന്നുചെന്നു. അയാൾ അവളുടെ കയ്യിലെ ചെറിയ ബാഗ് വാങ്ങാൻ കൈ നീട്ടി. ഇത്തവണ അവൾ അതിന് സമ്മതിച്ചില്ല; പകരം, വിറയ്ക്കുന്ന വിരലുകളോടെ അവൾ അയാളുടെ കരം ചേർത്തുപിടിച്ചു.
തന്റെ പരുക്കൻ കൈക്കുള്ളിൽ അവളുടെ മൃദുവായ വിരലുകൾ അമർന്നപ്പോൾ അയാൾ അത്ഭുതത്തോടെ അവളെ നോക്കി. ഭാനുവിന്റെ കണ്ണുകളിൽ നിന്ന് പൊഴിഞ്ഞ തുള്ളികൾ ആ തെറ്റിദ്ധാരണകളെല്ലാം കഴുകിക്കളഞ്ഞു.
അവർ രണ്ടുപേരും ഒന്നിച്ചു മുന്നോട്ട് നടന്നു. വീണ്ടും പെയ്യാൻ തുടങ്ങുന്ന ചെറിയ മഴത്തുള്ളികൾക്കിടയിലൂടെ, ശൂന്യതകൾ മാറി സ്നേഹത്തിന്റെ പുതിയൊരു അധ്യായം തുടങ്ങാനായി അവർ സ്വന്തം വീട്ടിലേക്ക് മടങ്ങി.
✍️ശാലിനി മുരളി..
