അവളുടെ അമ്മയ്ക്ക് ശസ്ത്രക്രിയ നിശ്ചയിച്ച ദിവസം, കുറച്ചുനാളത്തേക്ക് വീട്ടിൽനിന്ന് മാറിനിൽക്കേണ്ടിവന്നു.
“അമ്മയെ നോക്കാൻ എനിക്ക് പോകണം.”
അവൾ പറഞ്ഞു.
“ശരി പൊയ്ക്കോ, പക്ഷേ വീട്ടിലെ കാര്യങ്ങൾ?”
അവൾ അയാളെ നോക്കി.
പതിനാറു വർഷമായി അവൾ കൈകാര്യം ചെയ്തിരുന്ന വീട്ടിലെ കാര്യങ്ങൾ.
രാവിലെ എഴുന്നേൽക്കുന്നതുമുതൽ രാത്രി ഉറങ്ങുന്നതുവരെ അവളുടെ ചുമലിലുണ്ടായിരുന്ന ഉത്തരവാദിത്തങ്ങൾ.
“എല്ലാം കുറച്ചുദിവസത്തേയ്ക്ക് ഏട്ടൻ നോക്കണം.”
അവൾ ശാന്തമായി പറഞ്ഞു..
അയാൾ ഒന്നും പറഞ്ഞില്ല. എതിർപ്പ് പറഞ്ഞിട്ടും കാര്യമില്ല. അമ്മ വീട്ടിൽ ഒറ്റയ്ക്കാണ്.
അവൾ ബാഗുമായി അവളുടെ
വീട്ടിലേക്ക് പോയി.
അവൾ പോയ ആദ്യ ദിവസം തന്നെ അയാൾക്ക് മനസ്സിലായി.
വീട് സ്വയം തനിക്കായിട്ട് ഒന്നും ചെയ്തു തരുന്നില്ല.
രാവിലെ ബെഡ്റൂമിൽ ആരും ചായ കൊണ്ടുവന്നില്ല.
അടുക്കളയിൽ കയറിയപ്പോൾ പാത്രങ്ങൾ കൂമ്പാരമായി കിടക്കുകയായിരുന്നു.
കുട്ടികളുടെ ടിഫിൻ തയ്യാറാക്കണം.
വസ്ത്രങ്ങൾ അലക്കണം.
വീട് വൃത്തിയാക്കണം.
വൈകുന്നേരത്തേക്കുള്ള സാധനങ്ങൾ വാങ്ങണം.
അവൾ ഇതെല്ലാം എപ്പോഴാണ് ചെയ്തിരുന്നത്?
അയാൾ ഒരിക്കലും അത്തരം കാര്യങ്ങളൊന്നും ചിന്തിച്ചിരുന്നില്ല.
അവൾ വീട്ടിലുണ്ടായിരുന്നപ്പോൾ എല്ലാം സ്വാഭാവികമായി നടക്കുന്നതുപോലെയായിരുന്നു.
പക്ഷേ അവൾ ഇല്ലാതായപ്പോൾ വീടിന്റെ ഓരോ കോണും അവളുടെ അഭാവം വിളിച്ചുപറഞ്ഞു.
ബെഡ്റൂമിൽ അവളുടെ വസ്ത്രങ്ങൾ മടക്കി വച്ചിരിക്കുന്നു.
മരുന്നുകൾ കൃത്യമായി വേർതിരിച്ച് വച്ചിരിക്കുന്നു.
തലയിണയ്ക്കരികിൽ ഇഷ്ടമുള്ള പുസ്തകം.
അടുക്കളയിൽ ഇഷ്ടമുള്ള കപ്പിൽ ചായപ്പൊടി നിറച്ചിരിക്കുന്നു.
ഫ്രിഡ്ജിൽ ചെറിയ കുറിപ്പുകൾ.
ജനലരികിൽ ഫ്രഷ് ചെടികൾ..
“മരുന്ന് കഴിക്കാൻ മറക്കരുത്.”
“പാൽ തീർന്നാൽ വാങ്ങണം.”
“മീൻ മസാല പുരട്ടി ഫ്രീസറിൽ വെക്കണം..
ആ കുറിപ്പുകൾ വായിച്ചുകൊണ്ട് അയാൾ ഏറെ നേരം നിന്നു.
അവൾ വീട്ടിലുണ്ടായിരുന്നപ്പോൾ അവയൊന്നും ശ്രദ്ധിച്ചിരുന്നില്ല.
അവൾ ചെയ്തിരുന്നത് പാചകം മാത്രമല്ലായിരുന്നു.
അവൾ തന്റെ ജീവിതത്തെ ഓർമ്മിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു..!
അവൾ ഇല്ലാത്ത ദിവസങ്ങളിൽ പലതവണ ഭക്ഷണം കരിഞ്ഞു പോയി.. ഉപ്പും എരിയും ആവശ്യത്തിൽ കൂടുതലായി..
വസ്ത്രങ്ങൾ തെറ്റായ രീതിയിൽ അലക്കി ചുരുങ്ങിയും കീറിയും പോയി.
കുട്ടികളുടെ ടിഫിനിൽ ഉപ്പില്ലാത്ത കറി നിറച്ചു.വാട്ടർ ബോട്ടിൽ കൊടുത്തു വിടാൻ മറന്നു പോയി.
യൂണിഫോം ഇസ്തിരിയിട്ടപ്പോൾ എവിടെയോ ഉരുകി പിടിച്ചു.
രാത്രിയിൽ ക്ഷീണിച്ച് കിടക്കയിലേക്ക് വീണപ്പോൾ, അവളുടെ ക്ഷീണം എത്രമാത്രമുണ്ടായിരുന്നുവെന്ന് അയാൾക്ക് അന്ന് ആദ്യമായി മനസ്സിലായി.
അവൾ ഒരിക്കലും പരാതിപ്പെട്ടിരുന്നില്ല.
അവൾക്ക് ക്ഷീണമില്ലാത്തതുകൊണ്ടല്ല.
പരാതിപ്പെടാൻ പോലും സമയം കിട്ടാത്തതുകൊണ്ടായിരുന്നു എന്ന് മനസ്സിലായി.
അമ്മയുടെ ശസ്ത്രക്രിയ കഴിഞ്ഞ് അവൾ ദിവസവും വീട്ടിലേക്ക് വിളിച്ചു.
“എല്ലാവരും സുഖമായി ഇരിക്കുന്നോ?”
അയാൾ പതിവുപോലെ പറയാൻ ശ്രമിച്ചു.
“കുഴപ്പമില്ല…”
പക്ഷേ ശബ്ദത്തിലെ ക്ഷീണം മറയ്ക്കാനായില്ല.
അവൾ ഒന്നും ചോദിച്ചില്ല എങ്കിലും
അവൾക്ക് എല്ലാം മനസ്സിലായിരുന്നു.. അവൾക്കല്ലാതെ അതൊക്കെ ആർക്കാണ് അറിയുക..!
ഉറക്കം വരാത്ത ഒരു രാത്രി അയാൾ അവളെ ഫോണിൽ വിളിച്ചു.
“നീ എപ്പോഴാണ് തിരിച്ചു വരുന്നത്?”
“അമ്മയ്ക്ക് കുറച്ചുദിവസം കൂടി വിശ്രമം വേണം. ഇവിടെ വേറാരും ഇല്ലല്ലോ ഇട്ടിട്ട് ഓടിപ്പോരാൻ..”
അയാൾ അത് കേട്ട് മിണ്ടാതിരുന്നു.
പിന്നെ പതുക്കെ പറഞ്ഞു..
“നീ ഇല്ലാതെ ഈ വീട് ഇത്രയും ബുദ്ധിമുട്ടാണെന്ന് എനിക്ക് അറിയില്ലായിരുന്നു.”
അവൾ കുറച്ചുനേരം മിണ്ടിയില്ല.
പതിനാറു വർഷമായി അവൾ കാത്തിരുന്ന ഒരു വാക്കായിരുന്നു അത്.
പക്ഷേ അവൾക്ക് സന്തോഷത്തേക്കാൾ വേദനയാണ് തോന്നിയത്.
കാരണം, അവളുടെ വില മനസ്സിലാക്കാൻ അവൾക്ക് വീട്ടിൽനിന്ന് മാറിനിക്കേണ്ടിവന്നു.
അവൾ തിരിച്ചുവന്ന ദിവസം, വീട് പഴയതുപോലെ ആയിരുന്നില്ല.
വാതിൽ തുറന്കത്ത് കയറിയപ്പോൾ അയാൾ അടുക്കളയിൽ നിൽക്കുകയായിരുന്നു.
കൈയിൽ പച്ചക്കറി അരിയാനുള്ള കത്തി.
അടുക്കളമേശപ്പുറത്ത് പകുതി അരിഞ്ഞ പച്ചക്കറികൾ.
“ഏട്ടൻ എന്താണ് ചെയ്യുന്നത്?”
അവൾ ചോദിച്ചു.
“പാചകം പഠിക്കുകയാണ്.”
അവൾ ചിരിച്ചു.
“ഇത്രയും ദിവസം കൊണ്ട് ഒന്നും പഠിച്ചില്ലേ.. ”
“വൈകിയെങ്കിലും ഇനി പഠിക്കണം.”
അയാൾ അവളുടെ ബാഗ് വാങ്ങിവച്ചു.
ബെഡ്റൂമിൽ അവളുടെ വസ്ത്രങ്ങൾ അലമാരയിൽ ക്രമപ്പെടുത്തി വെച്ചിരിക്കുന്നത് കണ്ട്
അവൾ അത്ഭുതത്തോടെ നോക്കി.
“ഇതൊക്കെ ഏട്ടനാണോ ചെയ്തത്?”
“അതെ.”
“എന്തിനാ?”
ഏട്ടൻ അവളെ നോക്കി.
“നീ ഇല്ലാത്തപ്പോഴാണ് മനസ്സിലായത്…
ഈ വീട്ടിൽ നീ ചെയ്തിരുന്നത് വീട്ടുപണി മാത്രമല്ലെന്ന്.”
അവൾ മിണ്ടാതെ നിന്നു.
“നീ എല്ലാവരെയും നോക്കിയിരുന്നു. പക്ഷേ നിന്നെ നോക്കാൻ ആരുമുണ്ടായിരുന്നില്ല.”
അയാളുടെ ശബ്ദം താഴ്ന്നു.
“ഇനി മുതൽ ഞാൻ കൂടെയുണ്ടാകും.”
അവൾ ഒന്നും പറഞ്ഞില്ല.
അയാൾ അടുക്കളയിലേക്ക് തിരിഞ്ഞു.
“ചായ വേണോ?”
അവൾ പതുക്കെ തലകുനിച്ചു.
അയാൾ ചായ ഉണ്ടാക്കാൻ തുടങ്ങി.
ചായയ്ക്ക് കുറച്ച് കടുപ്പമുണ്ടായിരുന്നു.
പഞ്ചസാരയും കൂടുതലായിരുന്നു.
പക്ഷേ അവൾ രുചിയോടെ അത് കുടിച്ചു.
അന്നുമുതൽ വീട്ടിലെ ജോലികളും രീതികളും മാറി.
അയാളും രാവിലെ എഴുന്നേറ്റ് അവൾക്കൊപ്പം അടുക്കളയിൽ കയറി..
അവൾ പാചകം ചെയ്യുമ്പോൾ പച്ചക്കറി അരിഞ്ഞു.
അവൾ വസ്ത്രങ്ങൾ മടക്കുമ്പോൾ അതെല്ലാം അലമാരയിൽ വച്ചു.
വീട് വൃത്തിയാക്കുമ്പോൾ ചെടികൾക്ക് വെള്ളമൊഴിച്ചു..
രാത്രിയിൽ ബെഡ്റൂമിൽ കിടക്കുമ്പോൾ, അന്നത്തെ കാര്യങ്ങൾ പറയാൻ പരസ്പരം സമയം കണ്ടെത്തി.
വർഷങ്ങളായി അവൾ കാത്തിരുന്ന, പറയാൻ ബാക്കി വെച്ച
ആ ചെറിയ സംഭാഷണങ്ങൾ പതുക്കെ അവരുടെ ജീവിതത്തിലേക്ക് തിരികെ വന്നു.
വർഷങ്ങളോളം അവൾ കാത്തിരുന്ന മാറ്റം വലിയ വാക്കുകളിലൂടെയല്ല വന്നത്.
അത് ഒരു കപ്പ് ചായയിലൂടെയും,
അടുക്കളയിൽ അരിഞ്ഞ പച്ചക്കറികളിലൂടെയും,
ബെഡ്റൂമിൽ മടക്കി വച്ച വസ്ത്രങ്ങളിലൂടെയും,
വീടിനുള്ളിൽ പങ്കിട്ട ചെറിയ ജോലികളിലൂടെയും ആയിരുന്നു.
അയാൾ അവളുടെ വില മനസ്സിലാക്കി തുടങ്ങിയിരുന്നു.
അവൾ ഇല്ലാതായപ്പോൾ മാത്രല്ല,
അവൾ തിരിച്ചുവന്നശേഷം അവളോടൊപ്പം ജീവിക്കാൻ പഠിച്ചുകൊണ്ടായിരുന്നു അത്..
അന്ന് രാത്രി അവൾ കണ്ണാടിയുടെ മുന്നിൽ ഏറെ നേരം നോക്കി നിന്നു.
വർഷങ്ങൾക്കുശേഷം അവൾക്ക് സ്വന്തം മുഖം അന്യമായി തോന്നിയില്ല.
അവൾ പതുക്കെ സ്വയം ചോദിച്ചു.
“നീ എവിടെയായിരുന്നു ഇത്രയും കാലം?”
ഈ തവണ അവളുടെ ഉള്ളിൽനിന്ന് വന്ന ശബ്ദം വ്യത്യസ്തമായിരുന്നു.
“ഞാൻ ഇവിടെത്തന്നെയുണ്ടായിരുന്നല്ലോ. പക്ഷെ ആരും എന്നെ കണ്ടില്ല.. കാണാൻ ശ്രമിച്ചില്ല.. പക്ഷേ ഇനി ഞാൻ നിന്നെ വിട്ടുപോകില്ല.”
രാവിലെ അലാറം കേട്ട് ചാടിയെഴുന്നേൽക്കാൻ തുടങ്ങുമ്പോൾ അവളുടെ കയ്യിൽ കയറി അയാൾ പിടിച്ചു.
“എന്തിനാ ഇത്രയും ധൃതി. ഞാനും കൂടെ വരുമല്ലോ..”
അവൾക്ക് വലിയ സന്തോഷം തോന്നി.
പതിനാറു വർഷത്തിന് ശേഷം ആദ്യമായി ഈ വീട് അവൾക്കുവേണ്ടിയും ഉണർന്നത് പോലെ..
Nb: ഇഷ്ട്ടപ്പെട്ടാൽ ഒരു വരി കുറിക്കുമല്ലോ
✍️ശാലിനി മുരളി
