അയാളുടെ ജീവിതത്തിൽ ഒരിക്കൽ താൻ ഉണ്ടായിരുന്നുവെന്ന് വീണ്ടും ഓർമ്മിപ്പിച്ച് അയാൾക്ക് വീണ്ടും ദുഃഖം സമ്മാനിക്കുന്നത് എന്തിനാണ്? അവൾക്ക് അയാളോട് ഇപ്പോഴും….

രാവിലെ ചായയുമായി മുറ്റത്തേക്ക് ഇറങ്ങിയപ്പോഴാണ് സന്ധ്യ ഫോൺ എടുത്തത്.

പതിവുപോലെ ആദ്യം ഫേസ്ബുക്ക് തുറന്നു.

കുറച്ചു വര്ഷങ്ങളായി രാവിലെ മുടങ്ങാതെ ഫേസ്ബുക്ക് തുറക്കുന്നത് അവൾക്ക് ഒരു ശീലമായിരുന്നു. അതിനൊരു കാരണവും ഉണ്ടായിരുന്നു. ഫേസ് ബുക്ക്‌ തുറന്ന് അവൾ എന്നും ഒരു പ്രൊഫൈലിൽ മാത്രം എത്തി നിൽക്കുമായിരുന്നു.

വിശ്വനാഥ മേനോൻ.

ഒരു ചിത്ര കാരൻ ആയിരുന്ന അയാൾ തന്റെ ജീവിതം ചിലവഴിച്ചിരുന്നത് പല വർണങ്ങളോടും ക്യാൻവസുകളോടും ഒപ്പമാണ്.. ഒട്ടുമിക്ക ദിവസങ്ങളിലും പൂർത്തിയാക്കിയ പെയിന്റിംഗ് അയാൾ തന്റെ പ്രൊഫൈലിൽ post ചെയ്യാറുണ്ട്.. സന്ധ്യ അതെല്ലാം മുടങ്ങാതെ നോക്കിയിരുന്നു.

അന്നും അങ്ങനെ തന്നെയായിരുന്നു.

ഒരു പുതിയ പെയിന്റിംഗ്.

പഴയൊരു വീട്.

ചുമരിൽ പടർന്നുകയറിയ പച്ചപ്പ്. മുറ്റത്ത് വീണുകിടക്കുന്ന ഉണങ്ങിയ ഇലകൾ. പാതി തുറന്ന ജനൽ. അകത്തേക്ക് വീണുനിൽക്കുന്ന മങ്ങിയ വെളിച്ചം.

സന്ധ്യ ചിത്രം തുറന്നു.

കുറച്ചുനേരം അതിലേക്ക് നോക്കിയിരുന്നു.

പിന്നെ അവളുടെ ചുണ്ടിൽ ചെറിയൊരു പുഞ്ചിരി വിരിഞ്ഞു.

“നന്നായിട്ടുണ്ട്…”

അവൾ പതുക്കെ പറഞ്ഞു.

അവൾ എപ്പോഴും അങ്ങനെയായിരുന്നു.

അയാൾ വരച്ച ചിത്രം നോക്കും.

ഇഷ്ടപ്പെട്ടാൽ മനസ്സിൽ അയാളോട് നന്നായിട്ടുണ്ട് എന്ന് പറയും.
ഒരുപാട് ഇഷ്ടപ്പെട്ടാൽ വീണ്ടും തുറന്നുനോക്കും.

പക്ഷേ ലൈക്ക് ചെയ്യില്ല.
കമന്റ് ചെയ്യില്ല.

ഒരു വാക്കുപോലും എഴുതില്ല.

താൻ ഇപ്പോഴും അയാളുടെ ഓർമകളെ കാത്തു സൂക്ഷിക്കുന്നു എന്ന സത്യം ആ മനുഷ്യനെ അറിയിക്കാൻ അവൾ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല.

അയാൾ തന്നെ മറന്നിട്ടുണ്ടാകാം…
അത് തന്നെയായിരുന്നു അവൾ വിശ്വസിക്കാൻ ഇഷ്ടപ്പെട്ടിരുന്നതും.

മറന്നിട്ടുണ്ടെങ്കിൽ അങ്ങനെ തന്നെ ഇരിക്കട്ടെ…

വർഷങ്ങൾക്ക് മുമ്പ് അവസാനിച്ച ഒരു ബന്ധത്തിന്റെ വാതിൽ വീണ്ടും തുറക്കേണ്ട കാര്യമെന്താണ്?

അയാളുടെ ജീവിതത്തിൽ ഒരിക്കൽ താൻ ഉണ്ടായിരുന്നുവെന്ന് വീണ്ടും ഓർമ്മിപ്പിച്ച് അയാൾക്ക് വീണ്ടും ദുഃഖം സമ്മാനിക്കുന്നത് എന്തിനാണ്?

അവൾക്ക് അയാളോട് ഇപ്പോഴും സ്നേഹം ഉണ്ടായിരുന്നു.

പക്ഷേ ആ സ്നേഹത്തിനു അവൾ ഒരു പേരും നൽകിയിരുന്നില്ല.
അത് ചിലപ്പോൾ വീട്ടുകാരുടെ വാശിക്ക് മുന്നിൽ വേണ്ടെന്ന് വെക്കേണ്ടി വന്ന പഴയൊരു പ്രണയത്തോടുള്ള കുറ്റബോധം ആകാം.. അല്ലെങ്കിൽ സ്വന്തം ചങ്ക് പിടയുമ്പോഴും തന്റെ പ്രാണനെ വിട്ട് നൽകിയ ആ മനുഷ്യനോടുള്ള ആരാധന ആകാം..

ആ സ്നേഹത്തെ എന്ത് ചൊല്ലി വിളിച്ചാലും
ആരെയും വഞ്ചിക്കാതെയും .
ആരെയും വേദനിപ്പിക്കാതെയും .അതവൾ മനസ്സിൽ തന്നെ കാത്തു വെച്ചു.
തന്റെ മനസ്സാക്ഷി മാത്രം അറിഞ്ഞിരുന്ന ഒന്ന്.

അവൾക്ക് ഒരു നല്ല കുടുംബമുണ്ടായിരുന്നു.
ഭർത്താവുണ്ടായിരുന്നു.
കുട്ടികളുണ്ടായിരുന്നു.

അവരുടെ ജീവിതത്തിൽ സന്തോഷങ്ങളുണ്ടായിരുന്നു.

അവൾ ആ ജീവിതത്തിൽ സന്തോഷവതിയുമായിരുന്നു.

തന്റെ ഭർത്താവിനെ വിശ്വനാഥനുമായി സന്ധ്യ ഒരിക്കൽ പോലും താരതമ്യം ചെയ്തിട്ടില്ല.

അയാളോടുള്ള സ്നേഹത്തെ ഇപ്പോഴത്തെ ജീവിതത്തിന് മുകളിൽ പ്രതിഷ്ഠിച്ചിട്ടുമില്ല.

പക്ഷേ പഴയൊരു പെട്ടിയിൽ സൂക്ഷിച്ചിരുന്ന കത്തുകൾ പോലെ, ആ മനുഷ്യന്റെ ഓർമ്മകൾ അവളുടെ മനസ്സിൽ എവിടെയോ ഉണ്ടായിരുന്നു.

ആ പെട്ടി അവൾ ആരെയും കാണിച്ചില്ല.
തുറന്നുനോക്കിയതുമില്ല.
പക്ഷേ അത് അവിടെ ഉണ്ടെന്ന് അവൾക്കറിയാമായിരുന്നു.

വിശ്വനാഥന്റെ ഫേസ്ബുക്ക് പേജും അങ്ങനെയായിരുന്നു.

ആ പേജ് തുറക്കുമ്പോൾ അവൾക്ക് പഴയ സന്ധ്യയെ കുറച്ചുനേരത്തേക്ക് കാണാമായിരുന്നു.

ഒരുപാട് സ്വപ്നങ്ങളുണ്ടായിരുന്ന ഒരു പെൺകുട്ടിയെ…

ചെറിയ കാര്യങ്ങളിൽ സന്തോഷിച്ചിരുന്ന പെൺകുട്ടിയെ…

ആ മനുഷ്യന്റെ കൂടെ ജീവിതം സ്വപ്നം കണ്ടിരുന്നൊരു പെൺകുട്ടിയെ..

അവരുടെ സ്വപ്നങ്ങൾ തകർന്നത്
വീട്ടുകാരുടെ ദുർവാശിക്ക് മുന്നിലായിരുന്നു.

ആർക്കും പൂർണ്ണമായി കുറ്റം പറയാനാകാത്ത തരത്തിൽ പല കാര്യങ്ങളും സംഭവിച്ചു.

അവളുടെ വീട്ടുകാർക്ക് അവരുടെ മകളുടെ ഭാവിയെക്കുറിച്ച് ഭയമുണ്ടായിരുന്നു.

വിശ്വനാഥന്റെ ജീവിതം അന്ന് ഉറപ്പുള്ളതായിരുന്നില്ല.

കലാകാരനായിരുന്നു .
ചിത്രങ്ങൾ വരയ്ക്കും.
ചെറിയ വരുമാനങ്ങൾ കിട്ടും.
പക്ഷെ ഭാവി അനിശ്ചിതമായിരുന്നു.

വീട്ടുകാർക്ക് അതൊന്നും മതിയായിരുന്നില്ല.
സന്ധ്യ കുറെ എതിർത്തു നിന്നെങ്കിലും അവരുടെ വാശിക്കും ഭീഷണിക്കും മുന്നിൽ അവൾക്ക് പിടിച്ചു നിൽക്കാൻ ആയില്ല..

വിശ്വനാഥനും അവളെ ഒരു വാക്ക് കൊണ്ട് പോലും പിടിച്ചു നിർത്തിയില്ല.അവൾ അർഹിക്കുന്ന പോലൊരു ജീവിതം നൽകാൻ കഴിയുമോ എന്ന ഭയം അയാളെയും അലട്ടിയിരുന്നു.

ഒട്ടു മിക്ക നഷ്ടപ്രണയങ്ങളും അവസ്നിക്കുന്നത് പോലെ അവരുടെ കഥയും അവിടെ അവസാനിച്ചു.

വർഷങ്ങൾക്കുശേഷം അവൾ വിവാഹിതയായി.

ജീവിതം മുന്നോട്ട് പോയി.

വിശ്വനാഥനും ആ നാട്ടിൽ നിന്ന് മറ്റെങ്ങോട്ടൊക്കെയോ ചേക്കേറി.കുറെ നാളുകൾ അയാളെ പറ്റി ഒന്നും തന്നെ അവൾ അറിഞ്ഞിരുന്നില്ല.

പിന്നീട് ഒരിക്കൽ ഫേസ്ബുക്കിലാണ് അവൾ അയാളെ വീണ്ടും കണ്ടത്.

ആദ്യ ദിവസം ആ രൂപം വീണ്ടും കണ്ടപ്പോൾ സന്തോഷവും കൗതുകവും തോന്നി.

പിന്നെ അത് ഒരു ശീലമായി.

വിശ്വനാഥൻ ഒരു ചിത്രം പോസ്റ്റ് ചെയ്താൽ സന്ധ്യ അത് നോക്കിയിരിക്കും.

അയാൾ അറിയാതെ.

അയാളോട് ഒന്നും പറയാതെ

അയാളുടെ ജീവിതത്തിൽ ഇടപെടാതെ..

വെറുതെ ദൂരത്ത് നിന്നങ്ങനെ നോക്കും അത്രമാത്രം.

അയാൾ വരയ്ക്കുന്ന ഓരോ ചിത്രത്തിലും അവൾക്ക് അയാളുടെ ജീവിതം കാണാമായിരുന്നു.

സന്ധ്യയ്ക്ക് അത് മതിയായിരുന്നു.

അന്നത്തെ ചിത്രവും അവൾ കുറച്ചുനേരം കൂടി നോക്കി.

പിന്നെ ഫോൺ മേശപ്പുറത്ത് വെച്ചു.

ചായ കുടിച്ചു.

അകത്തേക്ക് പോയി.

ദിവസങ്ങൾ പതിവുപോലെ മുന്നോട്ട് പോയി.

ഒരു ദിവസം ഫേസ്ബുക്ക് തുറന്നപ്പോൾ അയാളുടെ പുതിയ പോസ്റ്റ് ഒന്നും കണ്ടില്ല.

സന്ധ്യ അതത്ര കാര്യം ആക്കാതെ തന്റെ കാര്യങ്ങളുമായി മുന്നോട്ട് പോയി..

പക്ഷെ അടുത്ത ദിവസവും ഒന്നും കണ്ടില്ല.

മൂന്നാം ദിവസം അവൾ അയാളുടെ പ്രൊഫൈൽ തുറന്നു.

പുതിയ ചിത്രമില്ല.

“എന്തുപറ്റി?”

അവൾ അറിയാതെ മനസ്സിൽ ചോദിച്ചു.

അയാൾ ഇടയ്ക്കൊക്കെ രണ്ട് മൂന്ന് ദിവസത്തെ ഇടവേള എടുക്കാറുണ്ടായിരുന്നു.
അതുകൊണ്ട് അവൾ അതിനെക്കുറിച്ച് അധികം ചിന്തിച്ചില്ല.

പക്ഷേ പിന്നെയും ദിവസങ്ങൾ കഴിഞ്ഞു.

പുതിയതൊന്നും ആ പ്രൊഫൈലിൽ നിന്ന് വന്നിരുന്നില്ല.

ഒരു ദിവസം രാവിലെ ഫേസ്ബുക്ക് തുറന്നപ്പോൾ അവൾ പതിവുപോലെ ആദ്യം നോക്കിയത് അയാളുടെ പേജിലേക്കായിരുന്നു.

അവിടെ ഒരു പുതിയ പോസ്റ്റ്.

സന്ധ്യയുടെ വിരൽ നിശ്ചലമായി.

പക്ഷേ ഇത്തവണ ചിത്രം അയാൾ വരച്ചതായിരുന്നില്ല.

കറുത്ത ബോർഡറിലുള്ള ഒരു ചിത്രം.
താഴെ കുറച്ച് വരികൾ.
അവൾ വായിക്കാൻ തുടങ്ങി.

ആദ്യ വരി കഴിഞ്ഞു
രണ്ടാമത്തെ വരി വായിച്ചു.
മൂന്നാമത്തെ വരിയിലേക്ക് എത്തിയപ്പോൾ അവളുടെ കാഴ്ച മങ്ങാൻ തുടങ്ങി..

‘വിശ്വനാഥൻ മേനോൻ ഇനി നമ്മോടൊപ്പമില്ല.അതുല്യനായ കലാ കാരന് ആദരാഞ്ജലികൾ.’

അവൾ വീണ്ടും വായിച്ചു.

ഒരു വട്ടം, രണ്ട് വട്ടം, മൂന്ന് വട്ടം

ഇല്ല.
അത് അങ്ങനെയാകാൻ പാടില്ല.

ഇന്നലെ വരെ കണ്ട മനുഷ്യനാണ്.

പുതിയ ചിത്രം പോസ്റ്റ് ചെയ്ത മനുഷ്യനാണ്

“നന്നായിട്ടുണ്ട്” എന്ന് ആ മനുഷ്യനോട് താൻ എന്നും പറയുറുണ്ടായിരുന്നതാണ് ..

പക്ഷേ ആ മനുഷ്യൻ ഇനി ഇല്ല.

അവൾ ഫോൺ പതുക്കെ താഴെ വെച്ചു.നെഞ്ചിൽ ഭാരം വന്നടിഞ്ഞു കൂടുന്നത് അവൾ അറിയുന്നുണ്ടായിരുന്നു.

മുറ്റത്ത് കുട്ടികൾ സംസാരിക്കുന്ന ശബ്ദം കേട്ടു.

അടുക്കളയിൽ പാത്രങ്ങളുടെ ശബ്ദം.

അകത്തുനിന്ന് ഭർത്താവിന്റെ വിളി.

“സന്ധ്യേ… ചായ ആയോ?”

അവൾ മറുപടി പറഞ്ഞില്ല.

കണ്ണുകൾ നിറഞ്ഞു.
അവൾക്ക് ഒന്ന് പൊട്ടി കരയാൻ കൊതി തോന്നി.
പക്ഷേ കരച്ചിൽ പുറത്തേക്ക് വന്നില്ല.

അവൾ വീണ്ടും ഫോൺ എടുത്തു.

ആ പോസ്റ്റിന് താഴെ ഒരുപാട് ആളുകൾ എഴുതിയിരുന്നു.

“നല്ല മനുഷ്യനായിരുന്നു.”

“വലിയ നഷ്ടം.”

“കലാലോകത്തിന് തീരാനഷ്ടം.”

“വിശ്വേട്ടാ… ഒരുപാട് ഓർമ്മകൾ സമ്മാനിച്ച് പറയാതെ പോയല്ലോ..…”

ഓരോരുത്തർക്കും അയാളെക്കുറിച്ച് ഒരുപാട് പറയാനുണ്ടായിരുന്നു.

സന്ധ്യയ്ക്ക് മാത്രം ഒന്നും പറയാനില്ല.

അവൾ എന്ത് എഴുതും?

എനിക്ക് നിങ്ങളെ ഇപ്പോഴും ഇഷ്ടമായിരുന്നു എന്നോ?

വർഷങ്ങളായി ഞാൻ നിങ്ങളുടെ ചിത്രങ്ങൾ നോക്കിയിരുന്നു എന്നോ?

നിങ്ങളറിയാതെ ഞാൻ നിങ്ങളെ ദൂരത്തുനിന്ന് സ്നേഹിച്ചിരുന്നു എന്നോ?

ഇല്ല.തനിക്കത് പറയാൻ ആകില്ല.

ആരും അറിയാതെ ഇത്രയും നാൾ അയാളോടുള്ള സ്നേഹം സൂക്ഷിച്ചു വെച്ചിരുന്നതാണ്.

പക്ഷേ ഇനി..അങ്ങനെ ഒരാൾ ഇല്ല.

ആ തിരിച്ചറിവ് ആണ് അവളെ തകർത്തത്.

വർഷങ്ങളായി താൻ നിധി പോലെ കാത്തു വെച്ച സ്നേഹത്തിനു മേലെ കാലം പെട്ടെന്നൊരു നാൾ വാതിൽ കൊട്ടിയടച്ചത് പോലെ..

ഇനി ഫേസ്ബുക്ക് തുറന്നാൽ പുതിയൊരു ചിത്രം ഉണ്ടാകില്ല.

അയാൾ വരച്ച ആകാശം കാണില്ല.

ആ പഴയ വീടിന്റെ ചുമരിൽ പടർന്ന പച്ചപ്പ് കാണില്ല.

അവൾ ഫോൺ മേശപ്പുറത്ത് വെച്ചു.

അപ്പോഴേക്കും ഭർത്താവ് വീണ്ടും വിളിച്ചു.

“സന്ധ്യേ, ചായ എടുത്തുവച്ചോ?”

അവൾ കണ്ണുകൾ തുടച്ചു.

“വച്ചിട്ടുണ്ട്.”

ശബ്ദം സാധാരണപോലെ തന്നെയായിരുന്നു.

അവൾ അടുക്കളയിൽ പോയി.
ഒരു ഗ്ലാസിലേക്ക് ചായ ഒഴിച്ചു.
ഭർത്താവിന്റെ കയ്യിൽ കൊടുത്തു.
അയാൾ അവളെ നോക്കി.

“എന്താ? മുഖം വല്ലാതെ ഇരിക്കുന്നല്ലോ.”

സന്ധ്യ ഒരു നിമിഷം മിണ്ടാതെ നിന്നു.

എല്ലാം അയാളോട് പറയണമെന്ന് തോന്നി.

വർഷങ്ങളായി ആരോടും പറയാത്ത കാര്യം.
പക്ഷേ എങ്ങനെ?

അവൾ പതുക്കെ തലകുലുക്കി.

“ഒന്നുമില്ല.”

“ഉറങ്ങിയില്ലേ?”

“ഉറങ്ങി.”

“പിന്നെ എന്താ?”

അവൾ ചെറിയൊരു പുഞ്ചിരി വരുത്തി.

“ഒന്നുമില്ലെന്ന് പറഞ്ഞില്ലേ.”

അയാൾ പിന്നെ ഒന്നും ചോദിച്ചില്ല.
ചായ കുടിച്ച് കൊണ്ട് അകത്തേക്ക് പോയി.
സന്ധ്യ അവിടെത്തന്നെ നിന്നു.

അവളുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു.

കണ്ണുനീർ കവിളിലൂടെ പതുക്കെ താഴേക്ക് ഇറങ്ങി.

അവൾ ശബ്ദമുണ്ടാക്കിയില്ല.
വീട്ടിലുള്ള ആരും അവളുടെ കരച്ചിൽ കേട്ടില്ല.

അവൾ മുറ്റത്തേക്ക് നോക്കി.

രാവിലെ അയാൾ വരച്ച ചിത്രത്തിലെ ആ പഴയ വീട് അവളുടെ മനസ്സിൽ വീണ്ടും തെളിഞ്ഞു.

പച്ചപ്പ്.

ഉണങ്ങിയ ഇലകൾ.

പാതി തുറന്ന ജനൽ.

അവൾ കണ്ണുകൾ അടച്ചു.

“നിങ്ങൾ എന്നെ ഓർക്കാറുണ്ടായിരുന്നോ, വിശ്വേട്ടാ …”

വർഷങ്ങൾക്കുശേഷം അവളുടെ ചുണ്ടിൽ നിന്ന് ആ പേര് പുറത്തുവന്നു.

പതുക്കെ..
ആരും കേൾക്കാത്തത്ര പതുക്കെ..

പിന്നെ അവൾ തന്നെ ആ ചോദ്യം വേണ്ടായിരുന്നു എന്ന പോലെ തലകുനിച്ചു.

“ഇല്ല… ഓർക്കണ്ട.”

കണ്ണുനീർ വീണ്ടും ഒഴുകി.

“നിങ്ങൾ മറന്നിട്ടുണ്ടെങ്കിൽ… അങ്ങനെ തന്നെ ഇരിക്കട്ടെ.”

അവൾ കുറച്ചുനേരം മിണ്ടാതെ നിന്നു.
പിന്നെ ഫോൺ എടുത്തു.

വിശ്വനാഥന്റെ അവസാന ചിത്രത്തിലേക്ക് നോക്കി..

അത് തുറന്നു.
വീണ്ടും നോക്കി.

ആദ്യമായിട്ടായിരുന്നു അവൾക്ക് ആ ചിത്രത്തിന് താഴെ എന്തെങ്കിലും ഒന്ന് എഴുതണമെന്ന് തോന്നിയത്.

വിരൽ കമന്റ് ബോക്സിലേക്ക് നീങ്ങി.

കുറച്ചുനേരം അവൾ അവിടെ നിന്നു.
പിന്നെ ഒന്നും എഴുതാതെ ഫോൺ ഓഫ് ചെയ്തു.

അവൾക്ക് പറയാനുള്ളത് ഒരുപാട് ഉണ്ടായിരുന്നു.

പക്ഷേ ജീവിച്ചിരിക്കുമ്പോൾ മൗനമായി സൂക്ഷിച്ച സ്നേഹത്തിന് മുന്നിൽ
മരണശേഷം വാക്കുകൾ കിട്ടാതെ അവൾ ഉഴറി.

“നന്നായിട്ടുണ്ട്”.

അവൾ ആ വാക്ക് മനസ്സിൽ അവസാനമായി ഒരിക്കൽ കൂടി പറഞ്ഞു.

പിന്നെ ഫോൺ നെഞ്ചോട് ചേർത്തുപിടിച്ച് കുറച്ചുനേരം കണ്ണുകൾ അടച്ചുനിന്നു.

വീട്ടിനുള്ളിൽ നിന്ന് കുട്ടികളുടെ ചിരി വീണ്ടും കേട്ടു.

അവൾ കണ്ണുനീർ തുടച്ചു.
അടുക്കളയിലേക്ക് നടന്നു.
ജീവിതം പതിവുപോലെ അവളെ കാത്തുനിൽപ്പുണ്ടായിരുന്നു.

.അന്നുമുതൽ, ഓരോ ദിവസവും ഫോൺ തുറക്കുമ്പോഴും അവൾക്ക് അറിയാം
അവിടെ ഇനി അങ്ങനെ ഒരാൾ ജീവനോടെ ഇല്ലെന്ന്

എങ്കിലും അവൾ ചില ദിവസങ്ങളിൽ അയാളുടെ പ്രൊഫൈലിലേക്ക് പോകും.

പഴയ ചിത്രങ്ങൾ തുറക്കും.

ഒന്നോ രണ്ടോ മിനിറ്റ് നോക്കും.കണ്ണ് നിറയും

പിന്നെ ഫോൺ അടയ്ക്കും.അത് തുടർന്ന് കൊണ്ടേ ഇരിക്കും

ആരും അറിയാതെ….

ഒന്നും അവകാശപ്പെടാതെ….

ഒന്നും തിരികെ ചോദിക്കാതെ…

✍️അംബിക ശിവശങ്കരൻ.

Leave a Reply

Your email address will not be published. Required fields are marked *