“ഈ വീട്ടിൽ നിന്നൊരു പെൺകുട്ടിയെ നിങ്ങളുടെ വീട്ടിലേക്ക് മരുമകളായ് കൊണ്ടു പോവുന്നുണ്ടെങ്കിൽ അത് നിങ്ങളുടെ അന്തസിനും വിലയ്ക്കും നിലയ്ക്കും യാതൊരു കോട്ടവും തട്ടാത്ത രീതിയിൽ തന്നെ ആവും… നിർബന്ധമാണത് , എനിയ്ക്കും മക്കൾക്കും….
വിദേശ പെർഫ്യൂമുകളുടെ ഗന്ധത്തിലും പട്ടുടുപ്പിൻ്റെ പകിട്ടിലും സ്വർണ്ണത്തിൻ്റെ തിളക്കത്തിലും തനിയ്ക്ക് മുമ്പിലിരിക്കുന്ന ആഡ്യത്തം നിറഞ്ഞ സ്ത്രീയെ നോക്കി ദേവകി അല്പം കൂടിയ
അഹങ്കാരത്തോടെ തന്നെ പറഞ്ഞു നിർത്തിയതും അവരെ തന്നെ ശ്രദ്ധിച്ചിരുന്നിരുന്ന ഗീതാദേവിയുടെ ചുണ്ടിലൊരുപുഞ്ചിരി വിരിഞ്ഞു…
“ഞങ്ങളുടെ വിലയ്ക്കും നിലയ്ക്കും ഒത്തൊരു രീതിയിൽ മീനുവിനെ ഞങ്ങളുടെ വീട്ടിലേക്ക് നിങ്ങൾ അയക്കണമെങ്കിൽ നിങ്ങളുടെ സമ്പാദ്യങ്ങൾക്കും കരുതലുകൾക്കും അപ്പുറം നിങ്ങളി താമസിയ്ക്കുന്ന വീടു കൂടി വിറ്റാൽ തികയില്ല അതിന്…”
മുഖത്തുള്ള പുഞ്ചിരി മായാതെ പറയുന്ന ഗീതാദേവിയെ അവരുടെ സംസാരം കേട്ട് പകപ്പോടെ നോക്കി പോയ് നിവേദ്…
അവരു പറഞ്ഞതൊരു സത്യം തന്നെയാണെന്ന് അവർ ധരിച്ചിരിയ്ക്കുന്ന ആടയാഭരണങ്ങളും പുറത്തവർ കൊണ്ടു നിർത്തിയിരിയ്ക്കുന്ന വിലകൂടിയ കാറും അവന് മറ്റാരും പറയാതെ തന്നെ മനസ്സിലാക്കി കൊടുക്കുന്നുണ്ട്…..
“നിങ്ങളുടെ മോളെ ഞങ്ങളന്വേഷിച്ചു വന്നത് അവളെ ഞങ്ങളുടെ മകൻ ഗോവിന്ദിന് അത്രയേറെ ഇഷ്ടപ്പെട്ടതുകൊണ്ടാണ്… അവനിഷ്ടപ്പെട്ട പെൺക്കുട്ടിയെ അവനു നേടികൊടുക്കുക എന്നതിനപ്പുറം ഞങ്ങൾക്ക് യാതൊരുവിധ
സ്വർണ്ണമോ പണമോ ഒന്നും ആവശ്യമില്ല ഇവിടെ നിന്ന്… നിറഞ്ഞ മനസ്സോടെ നിങ്ങളുടെ കുട്ടിയെമാത്രം കൈപിടിച്ച് ഞങ്ങൾക്ക് തന്നാൽ മതി… മറ്റൊന്നുമാവശ്യമില്ല ഇവിടെ നിന്ന് ഞങ്ങൾക്ക്….”
നിവേദിൻ്റെ പരിഭ്രമം കണ്ടറിഞ്ഞെന്നപോലെ ഗീതാദേവി ദേവകിയേയും നിവേദിനെയും നോക്കി പറഞ്ഞെങ്കിലും അവരുടെ ആ സംസാരം ഇഷ്‌ടപ്പെടാത്തൊരു ഭാവമാണ് തൻ്റെ അമ്മയുടെ മുഖത്തെന്ന് എളുപ്പം തിരിച്ചറിഞ്ഞു നിവേദും….
കയ്യിലുള്ളതും കരുതി വെച്ചതും കടം വാങ്ങിയതും ഒക്കെ കൂടി ചേർത്താലൊരു മുപ്പതു പവൻ
എങ്ങനേലും ഒപ്പിയ്ക്കാം ഇപ്പോഴത്തെ സ്വർണ്ണ വിലയിലെന്ന കണക്കുകൂട്ടലോടെ വീണ്ടും അമ്മയെ നോക്കി നിവേദ്…
“ഇരിയ്ക്കുന്ന വീടൊന്നും വില്ക്കാൻ പറ്റില്ല ഞങ്ങൾക്ക് …അതൊന്നും ചെയ്യാതെ തന്നെ ഞങ്ങളുടെ കുട്ടിയക്ക് ഒരമ്പതുപ്പൻ കൊടുക്കാൻ ഉണ്ടാവും ഞങ്ങൾക്ക്…”
അമ്മ പറഞ്ഞതും ഞെട്ടലോടെ അമ്മയെ പകച്ചു നോക്കി നിവേദ് എന്തോ പറയാനായ് അമ്മയ്ക്ക് അരികിലേക്ക് അവൻ നീങ്ങിയതും അവൻ്റെ കയ്യിലൊരു പിടുത്തം വീണു…
മീനു….
“ഒന്നും പറയല്ലേ ഏട്ടാ… ഇവരു പോയിട്ട് സംസാരിക്കാം നമ്മുക്ക് …പ്ലീസ്…”
ആഗ്രഹിച്ച് മോഹിച്ച് നേടിയെടുത്ത ഇഷ്‌ടം വിവാഹത്തിലെത്തും മുമ്പേ ഏട്ടൻ്റെ വാക്കിനാൽ നഷ്ടപ്പെട്ടുപോവുമോ എന്നൊരു ആധിയുണ്ട് അവളുടെ മുഖത്തും പിന്നെയാ പറച്ചിലിലും…
നിവേദൊന്ന് തിരിഞ്ഞ് തനിയ്ക്കും മീനുവിനും പുറകിലായ് നിൽക്കുന്ന ഷീനയെ ഒന്നു നോക്കി
അമ്മയുടെ സംസാരം കേട്ട് തനിയ്ക്കുണ്ടായ അതേ ഞെട്ടലും പകപ്പും ഷീനയിലും കണ്ടു നിവേദ്…. ഒപ്പം അവളുടെ മുഖത്ത സങ്കടത്തിൻ്റെ കാരണവും അവൾ പറയാതെ തന്നെ തിരിച്ചറിഞ്ഞവൻ….. അമ്മ ലക്ഷ്യം വെയ്ക്കുന്നത് അവൾക്കും തങ്ങൾക്കും ആകെ ഉള്ള സമ്പാദ്യമായ അവളുടെ സ്വർണ്ണമാണ്….അത് നഷ്ടപ്പെടുന്ന വേദനയിലാണവൾ
” പണമോ ഒന്നും ഞങ്ങൾ ചോദിക്കുന്നില്ല…. ഞങ്ങൾക്ക് വേണ്ടത് ഞങ്ങളുടെ മകൻ ഇഷ്ടപ്പെടുന്ന നിങ്ങളുടെ മകളെയാണ്….. ബാക്കി എല്ലാം നിങ്ങളുടെ ഇഷ്‌ടം… ”
ഇരുന്നിടത്തു നിന്നെഴുന്നേറ്റ് ദേവകിയേയും നിവേദിനെയും നോക്കി പറഞ്ഞ് മീനുവിൻ്റെ തലയിലൊന്നു തലോടി പുറത്തേയ്ക്ക് നടന്നു ഗീതാദേവി…
“നിൻ്റെ ഭാര്യയുടെ സ്വർണ്ണം കൂടി കണ്ടിട്ടു തന്നെയാണ് നിവേദേ ഞാനവരോട് അമ്പതു പവനെന്ന് പറഞ്ഞത്… അത് നീ തന്നേ പറ്റൂ….”
അവർ കയറിയ കാർ കണ്ണിൽ നിന്ന് മറഞ്ഞതും അമ്മയ്ക്ക് നേരെ തിരിഞ്ഞു നിവേദെങ്കിലും അവൻ സംസാരിക്കുന്നതിനു മുമ്പേ അവനോടു പറഞ്ഞവർ…
“അതിൻ്റെ ആവശ്യമെന്താണ് അമ്മേ…?
അവർക്കൊന്നും വേണ്ടാന്ന് പറഞ്ഞതല്ലേ… എന്നിട്ടും കൊടുക്കാൻ മുപ്പതു പവനുണ്ട് നമ്മുടെ കയ്യിൽ… അതും പോരാഞ്ഞ് അമ്പതൊന്ന് പവനെന്ന് അമ്മ എന്തിനാ പറഞ്ഞത്…?
“വേണ്ടാന്ന് പറഞ്ഞത് അവരുടെ മര്യാദ … അത്രയെങ്കിലും കൊടുത്തയച്ചില്ലെങ്കിൽ ആ വീട്ടിൽ എൻ്റെ മകൾക്കൊരു വിലയും കാണില്ല… അറിയ്യോ നിനക്ക്…?
നിവേദിനോടു വാക്ക് പോരിനൊരുങ്ങി ദേവകിയും
“സ്വർണ്ണം കൊണ്ടുവന്നാൽ ലഭിയ്ക്കുന്നതാണ് നിലയും വിലയും എങ്കിൽ എൻ്റെ ഷീനയും കൊണ്ടു വന്നില്ലേ ഇരുപത്തഞ്ചു പവൻ … എന്നിട്ടവൾക്ക് എവിടെയാണമ്മ വില നൽകിയത്…?
ഈ വീട്ടിൽ വന്നു കയറിയ നാൾ മുതൽ അവളോട് പോരെടുത്തിട്ടേ ഉള്ളു, കുത്തുവാക്കുകൾ പറഞ്ഞ് വേദനിപ്പിച്ചിട്ടേ ഉള്ളു അമ്മയും പിന്നെയീ നിൽക്കുന്ന അമ്മയുടെ മോളും… അതുകൊണ്ട് സ്വർണ്ണം കൊണ്ടുള്ള വിലയും നിലയുമൊന്നും അമ്മ പറയണ്ട…”
തൻ്റെ ഭാര്യയ്ക്ക് തൻ്റെ വീട്ടിൽ നിന്ന് കിട്ടുന്ന സ്വീകരമെന്തെന്നറിഞ്ഞ് നിവേദ് ശബ്‌ദമുയർത്തിയതും അവനെ ദേഷ്യത്തിൽ നോക്കി അമ്മയും മോളും…
“നീ വലിയ കണക്കൊന്നും പറയണ്ട… തൽക്കാലം ഒന്നിവളുടെ സ്വർണ്ണം തന്നാൽ മതി… കല്യാണം കഴിഞ്ഞിട്ട് തിരിച്ചുതരും നിനക്ക് ഞാനത്…”
യാതൊരു ഭാവഭേതവുമില്ലാതെ അമ്മ പറയുമ്പോൾ അമ്മയെ പകപ്പോടെ നോക്കി മീനു
“കല്യാണത്തിൻ്റ അന്ന് ഒന്നിട്ടാൽ പിന്നെ ആരു ശ്രദ്ധിക്കാനാ ഇവളുടെ സ്വർണ്ണമൊക്കെ… അവർക്കതിൻ്റെ ആവശ്യമൊന്നുമില്ലതാനും… അതുകൊണ്ട് കല്യാണം കഴിഞ്ഞിട്ടിവൾ നിങ്ങളുടെ സ്വർണ്ണം കൃത്യമായ് മടക്കി തരും അല്ലേടി മോളെ…?
മീനുവിനു മാത്രം മനസ്സിലാവുന്നൊരു കുടിലതയോടെ അമ്മ തിരക്കിയതും വേഗം അമ്മയെ അനുസരിച്ച് തലയിളക്കി മീനു… തനിയ്ക്ക് കിട്ടിയ സ്വർണ്ണമൊന്നും താൻ ആർക്കും തിരികെ കൊടുക്കില്ലെന്ന ഉറപ്പോടെ തന്നെ…
അമ്മയും മീനുവും ആഗ്രഹിച്ചതുപോലെ തന്നെ എല്ലാ ആർഭാടത്തോടെയും മീനുവിൻ്റെ കല്യാണം നാടും നാട്ടാരും അറിയും വിധം വളരെ വലിയ രീതിയിൽ നടന്നു
മീനു അവളാഗ്രഹിച്ച അമ്പതു പവനും അണിഞ്ഞ് ഗോവിന്ദിൻ്റെ ഒപ്പം മണ്ഡപത്തിലിരിയ്ക്കുമ്പോൾ നെഞ്ചിൽ നോവ് പൊടിഞ്ഞതു പക്ഷെ ഷീനയ്ക്കാണ്…
മീനു അണിഞ്ഞതിൽ ഇരുപത്തഞ്ചു പവൻ ആഭരണങ്ങൾ ഷീനയുടെ മാതാപിതാക്കൾ വളരെ കഷ്ടപ്പെട്ടവൾക്ക് നേടി കൊടുത്തതാണ്.. അതും സ്വർണ്ണമില്ലാത്തതിൻ്റെ പേരിൽ തങ്ങളുടെ മകൾ എവിടെയും ഒറ്റപ്പെട്ട് പോവരുതെന്ന ആഗ്രഹത്തോടെ… എന്നിട്ടും പക്ഷെ തനിയ്ക്കാ വീട്ടിൽ എന്നും ഒറ്റപ്പെടലും കുറ്റപ്പെടുത്തലുകളും മാത്രമാണ് അമ്മയിൽ നിന്നും മീനുവിൽ നിന്നും കിട്ടിയത്…
തൻ്റെ കയ്യിൽ നിന്ന് പോളിഷ് ചെയ്ത് കൊണ്ടുവരാമെന്ന് പറഞ്ഞ് നിവേദേട്ടൻ ആഭരണങ്ങൾ വാങ്ങുബോഴേ അതിനി മടക്കി കിട്ടില്ലെന്നുറപ്പിച്ചിരുന്നു അവൾ… കൊതി തീരെ കണ്ടതുപോലുമില്ല അവയെന്നവൾ ചിന്തിച്ചതും നീറി പുകഞ്ഞാ മിഴികൾ രണ്ടും…
മീനുവിൻ്റെ വിവാഹവും തുടർന്ന് രണ്ടു വിരുന്നുകളും വീട്ടിൽ വെച്ചു തന്നെ കടന്നുപോയിട്ടും ആ സ്വർണ്ണത്തെ പറ്റിയോ അതു തിരിച്ചു തരുന്നതിനെ പറ്റിയോ യാതൊരു സംസാരവും ഉണ്ടായില്ല അവരമ്മയിൽ നിന്നും മകളിൽ നിന്നും…
വിവാഹം കഴിഞ്ഞ് മാസം മൂന്നായൊരുനാൾ വീട്ടിൽ വിരുന്നു നിൽക്കാനായ് തനിച്ചു വന്നു മീനു…
“മീനു നീ ഷീനയുടെ ആഭരണങ്ങൾ കൊണ്ടു വന്നോ…?
നാളെ ഒരു കല്യാണമുണ്ട് അവളുടെ ബന്ധുവീട്ടിൽ… അതിന് പോവുബോൾ അവൾക്കിടാനാണ്…. നീ കൊണ്ട് വന്നില്ലേ…?
എല്ലാവരും ഭക്ഷണം കഴിക്കാനിരുന്നതും മെല്ലെ അനിയത്തിയോട് തിരക്കി നിവേദ്…
ഏട്ടൻ്റെ ചോദ്യം
കേട്ടതുംമീനു വേഗം അമ്മയെ സൂക്ഷിച്ചു നോക്കി…
“മോനെ നിവേദേ അമ്മ നിന്നോട് പറയാൻ മറന്നു പോയെടാ അത്… മീനുവിന്റെ കയ്യിലെ സ്വർണമെല്ലാം ഗോവിന്ദിൻ്റെ അമ്മ വാങ്ങി ബാങ്ക്
ലോക്കറിൽ വെച്ചെടാ… ഇനിയതെങ്ങനെ തിരിച്ചു മേടിയ്ക്കും നമ്മൾ… അതുമാത്രമല്ല തിരികെ വാങ്ങിയാലും ഇനിയത് അതേപോലെ തന്നെ നമ്മളവർക്ക് കൊടുക്കേണ്ടേ…?
എന്താ ചെയ്യാ ഇനി…?
നിസ്സഹായ ഭാവം മുഖത്തു വരുത്തി ദേവകി ചോദിച്ചതും അമ്മയെ
സൂക്ഷിച്ചൊന്നു നോക്കി നിവേദ്…
“ഞാനുള്ള കാര്യം പറഞ്ഞതാണ്… അമ്പതു പവൻ തന്നെ അവരുടെ വിലയ്ക്കും നിലയ്ക്കുമില്ല… നിങ്ങളുടെ അച്ഛനുണ്ടായിരുന്നെങ്കിൽ എങ്ങനേലും നൂറു പവൻ തികച്ചേനെ എൻ്റെ മോൾക്ക്… അച്ഛൻ്റെ സ്ഥാനത്തുള്ള ആങ്ങള നീയൊരുവൻ സ്വന്തം പെങ്ങൾക്ക് കൊടുത്തതു പോലും തിരികെ ചോദിക്കുന്നു…”
ഒട്ടും പ്രതീക്ഷിക്കാതെ ശബ്‌ദമുയർത്തി കരച്ചിലോടെ അമ്മ പറഞ്ഞു തുടങ്ങിയതും അതേറ്റുപിടിച്ചു മീനുവും..
“ഇതുപോലെ മരിച്ചു പോയ അച്‌ഛൻ്റെ പേരുപറഞ്ഞല്ലേ അമ്മേ എൻ്റെ ഇരുപതാം വയസ്സു മുതലമ്മ എന്നെ കൊണ്ട് ഓരോന്നും ചെയ്യിച്ചത്…? ഒന്നും തിരിച്ചു ചോദ്യം ചെയ്തിട്ടില്ലല്ലോ ഞാൻ,…
“ഇതുവരെ ഞങ്ങൾക്ക് വേണ്ടി ചിലവാക്കിയതൊന്നും തിരികെ ചോദിക്കാത്ത നീ ആ ഇരുപത്തഞ്ചു പവനും ഇനി തിരികെ ചോദിക്കണ്ട … നിൻ്റെ അനിയത്തിയ്ക്ക് നിങ്ങളായ് നൽകി എന്നങ്ങ് കണക്കാക്കിയാൽ മതി….”
കൂസലേന്യേ അമ്മ പറഞ്ഞതും തിരികെ പറയാൻ വാ തുറന്ന നിവേദിനെ പറ്റെ
അവഗണിച്ച് ഷീനയെ ഒന്നു നോക്കുക പോലും ചെയ്യാതെ അമ്മയും അനിയത്തിയും അകത്തേയ്ക്ക് നടന്നു… തങ്ങളാഗ്രഹിച്ചത് നടത്തി എടുത്ത സന്തോഷത്തോടെ…
നിവേദിൻ്റെ കണ്ണുകളൊന്ന് ഷീനയെ തേടി ചെന്നതും കണ്ടു ഇതൊക്കെ ഞാനെന്നേ പ്രതീക്ഷിച്ചിരുന്നതാ എന്നയൊരു ഭാവത്തിൽ തന്നെ മാത്രം നോക്കി നിൽക്കുന്നവളെ…
പിറ്റേ ദിവസം ഷീനയുടെ കുടുംബത്തിലെ കല്യാണത്തിനായ് നിവേദിനൊപ്പം ഒരുങ്ങിയിറങ്ങിയ ഷീന യെ കണ്ട് പകപ്പോടെ മിഴിച്ചു നോക്കി ദേവകിയും മീനുവും
മീനുവിന് നിവേദ് നൽകിയ അതേ സ്വർണ്ണാഭരണങ്ങൾ തന്നെയാണ് ഷീന ധരിച്ചിരിക്കുന്നത്…
“ഇ… ഇത്… ഇതെങ്ങനെ…. ഏടത്തിയുടെ കയ്യിൽ…..?
പതറിയും പരിഭ്രമിച്ചും മീനു ഷീനയുടെ ആഭരണങ്ങൾ കയ്യിലെടുത്ത് ചോദിക്കുമ്പോൾ ദേവകി ശ്രദ്ധിച്ചത് അതിൻ്റെ പഴക്കമാണ്…
മീനുവിന് കല്യാണത്തിന് ഷീനയുടെ ആഭരണങ്ങൾ നൽകിയപ്പോൾ നിവേദ് അത് പോളിഷ് ചെയ്താണ് നൽകിയത്… അതിനുള്ള തിളക്കവും ഉണ്ടായിരുന്നു അവ… ഇതാണാ ആഭരണങ്ങളെങ്കിൽ അതെങ്ങനെ ശരിയാവും….
ചിന്തകൾ മനസ്സിനെ മദിച്ചതും നിവേദിനെ സംശയത്തോടെ നോക്കിയവർ….
“നീ മുക്കുപണ്ടം തന്ന് ഞങ്ങളെ പറ്റിച്ചു അല്ലേടാ…?
മനസ്സിലെ സംശയം അവർ തുറന്നങ്ങ് ചോദിച്ചതും അവിശ്വാസത്തോടെ ഏട്ടനെ മിഴിച്ചു നോക്കി മീനു
അമ്മ വെറുതെ ഇല്ലാവചനം പറയാതെ.. ഞാൻ തന്നത് മുക്കു പണ്ടം ആയിരുന്നെങ്കിൽ അതെങ്ങനെ ഇവളുടെ അമ്മായി അമ്മ ബാങ്ക് ലോക്കറിൽ വെയ്ക്കും…?
പോലീസ് പിടിച്ചിട്ടുണ്ടാവില്ലേ അവരെ..?
നിവേദ് ഗൗരവത്തോടെ ചോദിച്ചതും മീനു വേഗം ദേവകിയുടെ അലമാര തുറന്ന് താൻ സൂക്ഷിച്ചു വെച്ചിരുന്ന ആഭരണ പെട്ടി വലിച്ചു പുറത്തു വെച്ചു…
ഷീന അണിഞ്ഞ അതേ ആഭരണങ്ങൾ കൂടുതൽ തിളക്കത്തോടെ പെട്ടിയിൽ കണ്ടതും വേഗത്തിലത് കയ്യിലെടുത്തവൾ
അതിൻ്റെ കനം കുറവും മറ്റും അറിഞ്ഞതേ ഏട്ടൻ തന്നെ വിദഗ്ധമായ് പറ്റി ചെന്നുറപ്പിച്ചു മീനു…
ദേഷ്യവും സങ്കടവും തിളച്ചവളുടെ ഉള്ളിൽ…
“അമ്മായി അമ്മ ലോക്കറിൽ വെച്ചത് അമ്മയുടെ അലമാരയിലോ… കൊള്ളാലേ അമ്മാ ഈ സൂത്രവിദ്യ…”
മുറിയിലേക്ക് വന്ന് നിവേദ് പറഞ്ഞതും അവനെ നോക്കാതെ തലതാഴ്ത്തി അമ്മ…
“ഏട്ടനെന്നെ പറ്റിച്ചല്ലേ….?
നിവേദിനു നേരെ വിരൽ ചൂണ്ടി ദേഷ്യപ്പെട്ടു മീനു…
“നിനക്കും നമ്മുടെ അമ്മയ്ക്കും മാത്രം ബുദ്ധി ഉണ്ടായാൽ പോരല്ലോ മീനു… നിങ്ങളുടെ ഒപ്പം താമസിക്കുന്ന എനിയ്ക്കും വേണ്ടേ കുറച്ചങ്കിലും അത്… അല്ലെങ്കിൽ നിങ്ങളെന്നും എന്നെ പഴയതു പോലെ പറ്റിച്ചു കൊണ്ടിരിക്കില്ലേ…? ഞാനൊരു പൊട്ടനാവില്ലേ നിങ്ങൾക്ക് മുമ്പിൽ… നിങ്ങൾ ചതിയ്ക്കും എന്നറിഞ്ഞ് തന്നെ ഞാനൊരു മുൻകരുതലെടുത്താണ്…എന്തായാലും അത് വെറുതെ ആയില്ല അല്ലേ അമ്മേ…?
മീനുവിനെ തഴഞ്ഞ് അമ്മയ്ക്ക് മുമ്പിലെത്തി തിരക്കിയവൻ
“മകൾക്ക് വേണ്ടി അമ്മ കണക്കിലധികം ഓരോന്നും ചെയ്തു കൊടുക്കുന്നതിലോ എന്നെ തഴഞ്ഞ് മാറ്റി നിർത്തുന്നതിലോ ഒന്നും ഒരു പരാതിയും പറയില്ല ഞാനമ്മയോട് … പകരം ഒരമ്മയുടെ കടമ എന്നോടൊരിക്കൽ പോലും കാട്ടാത്ത അമ്മയെ മകനെന്ന നിലയിൽ ഞാനൊരിക്കലും പരിഗണിക്കില്ല… അന്ന് അതിനെ ചൊല്ലിയൊരു പരാതി അമ്മയും പറയരുതെന്നോട്…”
അമ്മയ്ക്ക് വ്യക്തമാവും വിധം കാര്യങ്ങൾപറഞ്ഞ് ഷീനയേയും കൂട്ടി നിവേദ് പുറത്തേയ്ക്കിറങ്ങിയപ്പോൾ ആ മുക്കു പണ്ടങ്ങൾക്കരികിൽ മറ്റൊരു മുക്കു പണ്ടം പോലെ തലതാഴ്ത്തി നിന്നു പോയ് ദേവകി… മകൻ പറഞ്ഞു പോയതിൻ്റെ പൊരുളറിഞ്ഞു തന്നെ….
✍️RJ
