മക്കളൊക്കെ അവരുടെ സ്വപ്നങ്ങൾ തേടി പോകും. ഒടുവിൽ നമ്മൾ രണ്ടുപേർ മാത്രം ബാക്കിയാകും. നമുക്ക് ജീവിക്കാൻ ഒരു ചെറിയ വീടുപോരെ, കണ്ണെത്തുന്ന…..

ഞങ്ങളുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു, സ്വന്തമായി ഒരു വീട്…

ഞാനും എന്റെ ഭർത്താവും പാഴ്ചിലവൊന്നും നടത്താതെ ഓരോ രൂപയും കൂട്ടി വച്ചത്
ഒരു വീട് എന്നുള്ള ആഗ്രഹത്തിന് പുറത്തായിരുന്നു…

അതിനായി ഒരുമിച്ചുള്ള ജീവിതം തുടങ്ങിയ ആദ്യ നാളിൽ തന്നെ, ഞങ്ങൾ ടൗണിനടുത്തായി കണ്ണായ സ്ഥലത്ത് അൻപതു സെന്റ് സ്ഥലം വാങ്ങിച്ചു.

എനിക്ക് വീതം കിട്ടിയ സ്ഥലവും, അദ്ദേഹത്തിന് വീതം കിട്ടിയ സ്ഥലവും
വിറ്റ് ആ പണവും, എന്റെ സ്വർണ്ണമുണ്ടായിരുന്നത് പണയം വച്ചുമാണ് അൻപത് സെന്റ് സ്ഥലംവാങ്ങാനുള്ള പണം ഞങ്ങളുണ്ടാക്കിയത്.

സ്ഥലം വാങ്ങിച്ചിടാൻ മാത്രേ ഞങ്ങൾക്ക് കഴിഞ്ഞുള്ളൂ..അതിൽ വീട് പണിയാൻ കഴിഞ്ഞില്ല. കാരണം, അപ്പോഴേക്കും ഞങ്ങൾ രണ്ടു കുട്ടികളുടെ അച്ഛനും അമ്മയുമായി മാറിയിരുന്നു..

മക്കളുടെ കാര്യങ്ങൾ നോക്കാതിരിക്കാനാവില്ലല്ലോ,അവരുടെ പഠനം,
അവരുടെ ആരോഗ്യം, അവരുടെ ആവശ്യങ്ങൾ, അതിനിടയിൽ വീടുണ്ടാക്കാൻ ഞങ്ങൾക്ക് കഴിഞ്ഞില്ല എന്നതാണ് സത്യം.

എങ്കിലും കുറേശ്ശെ കുറേശ്ശെയായിട്ടാണെങ്കിലും ഒരു വീട് പണിയാനുള്ള പണം ഞങ്ങൾ സ്വരുക്കൂട്ടുന്നുണ്ടായിരുന്നു…

ഇപ്പോൾ ഞങ്ങളുടെ അൻപത് സെന്റ് ഒഴികെ ബാക്കി ചുറ്റും പുറവുമുള്ള, സ്ഥലത്ത് മുഴുവൻ അഞ്ചുസെന്റിലും, പത്തുസെന്റിലും,
മൂന്ന് സെന്റിലുമൊക്കെയായി നിറയെ വീടുകളാണ്.

ഞങ്ങളുടെ സ്ഥലം മാത്രമേ കൂടുതൽ ഉള്ളൂ..

അതിലൊരു അയ്യായിരം സ്ക്വയർ ഫീറ്റിന്റെ വീട് വച്ചാൽ അടിപൊളിയായിരിക്കുമെന്നാണ് മക്കൾ പറയുന്നത്.

ഞങ്ങളുടെ മൂത്തമകന് വിദേശത്ത് ജോലി നോക്കണമെന്നാണ് ആഗ്രഹം

ഇളയ മകൾക്ക് ഒരു പ്രണയമുണ്ട്,
അവളുടെ പയ്യനും വിദേശത്താണ് അതുകൊണ്ട് ഭാവിയിൽ മകളും വിദേശത്തേക്ക് പോകുമെന്നുറപ്പാണ്…

കുട്ടികളുടെ ഇഷ്ടത്തിന് എതിര് നിൽക്കാത്ത മാതാപിതാക്കളാണ് ഞങ്ങൾ.
അതുകൊണ്ട് തന്നെ, അവർ അവരുടെ സ്വപ്നം നേടിയെടുക്കാൻ മിടുക്കരാണ്…
അവരുടെ കാര്യം അവർ നോക്കിക്കോളും..

ഇനിയിപ്പോൾ ഒരു വീടും കൂടെയായാൽ പിന്നെ ഞങ്ങൾ സ്വസ്ഥമായി…പിന്നെയൊന്നും ചെയ്യാനില്ല.

അല്ലെങ്കിലും വയ്യ ,ഓടിയോടി മടുത്തു.ഇനിയൽപ്പം വിശ്രമിക്കണം.

ഒരു മനുഷ്യനായി ജനിച്ചു കഴിഞ്ഞാൽ എന്തെല്ലാം ഉത്തരവാദിത്തങ്ങൾചെയ്തുതീർത്താലാണ്…

മനുഷ്യകുലത്തിൽ മാത്രമേയുള്ളൂ ഇത്രയധികം ഉത്തരവാദിത്തങ്ങളെന്ന് എനിക്ക് തോന്നുന്നു.

പക്ഷിമൃഗാദികളൊക്കെ അവനവന്റെ കുട്ടികളെ സ്വയം പര്യാപ്തരാക്കി അവരുടെ വഴിക്ക് വിടുകയാണ്.
പക്ഷെ മനുഷ്യർക്ക് മാത്രം അങ്ങനെയാവാൻ കഴിയുന്നില്ല.
അത് എന്തുകൊണ്ടാവുമെന്ന് പലവട്ടം ഞാൻ ചിന്തിച്ചിട്ടുണ്ട്,
കാരണം ഒന്നേയുള്ളൂ മനുഷ്യന് സ്വാർത്ഥതയുണ്ട്.. എല്ലാം എന്റേത് എന്റേത് എന്ന ചിന്തയുണ്ട്…..

ആ ഒരു ചിന്തയില്ലായിരുന്നുവെങ്കിൽ
ലോകം എത്ര സുന്ദരമായിരിക്കുമെന്ന് എനിക്കപ്പോൾ തോന്നി

ഞങ്ങൾ അദ്ദേഹത്തിന്റെ സുഹൃത്തായ ഒരു എഞ്ചിനീയറെ കൊണ്ടുവന്നു..
അദ്ദേഹം വീടിനെ കുറിച്ചുള്ള ഞങ്ങളുടെ സ്വപ്നങ്ങളൊക്കെ സുഹൃത്തിനോട് പറഞ്ഞു.

അങ്ങനെഅയ്യായിരം സ്ക്വയർ ഫീറ്റിന്റെ ഒരു വീട് പണിയാൻ തീരുമാനമായി.
പ്ലാൻ ഉടനെതന്നെ തയ്യാറാക്കാമെന്ന് പറഞ്ഞാണ് അദ്ദേഹത്തിന്റെ സുഹൃത്ത് മടങ്ങിയത്.

അങ്ങനെ ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നത്തിന് തുടക്കം കുറിക്കാൻ പോവുകയാണ്.

അന്നെന്റെ ഭർത്താവ് വളരെയധികം സന്തോഷവാനായിരുന്നു.

പക്ഷെ,അന്നെനിക്ക് തീരെ ഉറങ്ങാനായില്ല.
എന്താണെന്നറിയില്ല ഉറക്കം വരുന്നില്ല.

ഞാൻ പൂമുഖത്ത് പോയിരുന്നു….

കാരണം തിരിച്ചറിയാനാവാത്ത ഒരുതരം ദുഃഖമെന്നെ വന്ന് പൊതിഞ്ഞു…

എന്താടീ ഉറങ്ങുന്നില്ലേ…??
ഭർത്താവ് എന്റെയരുകിൽ വന്നിരുന്നു…

ഇല്ല….

മുറ്റത്ത് നിറഞ്ഞ നിലാവിലേക്ക് നോക്കി ഞാനും അദ്ദേഹവും വെറുതെയിരുന്നു..

ചേട്ടാ….

ഉം…

നമ്മൾ ജോലി കഴിഞ്ഞ് വരുന്ന ഇടങ്ങളിൽ എത്രയെത്ര വലിയ വീടുകളാണ്
അല്ലേ..??

അതെ കൊട്ടാരം പോലെ വലിയ വീടുകൾ..

പക്ഷേ ആ വീടുകളിലൊന്നും ആൾതാമസം ഇല്ല. അവരൊക്കെ വിദേശരാജ്യങ്ങളിലാണ്. വല്ലപ്പോഴും വന്നു പോകാനും വെറുതെ ആഡംബരം കാണിക്കാനും വേണ്ടി മാത്രമായി ഉണ്ടാക്കിയിട്ടിരിക്കുന്നതാണ് അത്തരം വലിയ
വീടുകൾ..

ചില വലിയ വീടുകളിൽ,
വയസ്സായ അമ്മയോ അച്ഛനോ മാത്രം ഉണ്ടാകും, ചുറ്റിലും കുറേ സിസിടിവി ക്യാമറകളും.
സത്യത്തിൽ എന്തിനാ ചേട്ടാ ഇത്രയധികം വലിപ്പമേറിയ വീടുകൾ പണിതിടുന്നത്.??

മറ്റുള്ളവരുടെ വീടിനേക്കാൾ വലുത് ഞങ്ങളുടെതാണ് എന്നുള്ള പൊങ്ങച്ചം കാണിക്കാൻ വേണ്ടി മാത്രം ഒരു വീട് പണിയേണ്ടതുണ്ടോ.??

ഞാനെന്റെ ഭർത്താവിന്റെ കണ്ണുകളിലേക്ക് നോക്കി..

മക്കളൊക്കെ അവരുടെ സ്വപ്നങ്ങൾ തേടി പോകും. ഒടുവിൽ നമ്മൾ രണ്ടുപേർ മാത്രം ബാക്കിയാകും. നമുക്ക് ജീവിക്കാൻ ഒരു ചെറിയ വീടുപോരെ, കണ്ണെത്തുന്ന സ്ഥലത്ത് എല്ലാ സാധനങ്ങളും വയ്ക്കാൻ പറ്റുന്ന..
കൈ അകലത്തിൽ എല്ലാം കിട്ടുന്ന ഒരു വീട്…
ഏറിവന്നാൽ ഒരു എണ്ണൂറ്
സ്ക്വയർ ഫീറ്റിൽ ഒരു വീട് പോരെ
നമുക്ക് രണ്ടാൾക്കും..??

ഭർത്താവ് എന്നെ നോക്കി മൗനമായി ഇരുന്നു.

അയ്യായിരം സ്ക്വയർ ഫീറ്റിന്റെ വലിയ വീട് പണിയാനുള്ള കാശ് നമുക്കുണ്ടോ??
ഇല്ല. തികയാത്ത പണം നമ്മൾ ലോൺ എടുക്കും…

എന്നിട്ട് ആ വലിയ വീട്ടിൽ തെല്ലും സമാധാനം ഇല്ലാതെ നമ്മൾ ജീവിക്കും.. അതിന്റെയൊക്കെ ആവശ്യമുണ്ടോ.?

വീട് പണിയാൻ എടുക്കുന്ന കാശുണ്ടെങ്കിൽ,
നമുക്കിനിയുള്ള കാലം മുഴുവൻ സുഖമായി ജീവിക്കാൻ കഴിയുമല്ലോ.

ജോലിക്ക് പോകാൻ പറ്റാത്ത പ്രായത്തിൽ ആ പണം കൊണ്ട് നമുക്ക് ജീവിക്കാമല്ലോ.
ഒരസുഖം വന്നാൽ നമുക്ക് നല്ല ചികിത്സ തേടാമല്ലോ, മ. രി.ക്കുന്നത് വരെ ആരുടെയും മുന്നിൽ കൈ നീട്ടാതെ നമുക്ക് ജീവിക്കാമല്ലോ,അത്രയൊക്കെ പോരേ ചേട്ടാ നമുക്ക്..??

നമുക്ക് പ്രായമേറിയ വരികയാണ്.
വലിയ വീട് പണിതാൽ അത് വൃത്തിയാക്കാൻ ജോലിക്കാരില്ലാതെ പറ്റില്ല. മാത്രമോ ആ വീടിന്റെ മുകൾ നിലയിലേക്ക് നമുക്ക് കയറാൻ പറ്റാതാവും, ഇപ്പോൾ തന്നെ എനിക്ക് കാലിന്റെ മുട്ടിനുവേദനയാണ്

ആഡംബരം കാണിക്കാൻ വേണ്ടി മാത്രം നമ്മൾ ചെലവാക്കുന്ന പണമുപയോഗിച്ച് നമുക്ക് കുറച്ച് യാത്രകളൊക്കെ പോയാലെന്താ.
ഈ ഭൂമിയിൽ നമ്മൾ കാണാത്ത എന്തൊക്കെ കാഴ്ചകളുണ്ട്.
നമുക്ക് ഓർമ്മയിൽ സൂക്ഷിച്ചുവെക്കാൻ എന്തെങ്കിലുമൊക്കെ വേണ്ടേ..??

ഊന്നുവടിയുടെ സഹായത്തോടെ നടക്കുന്ന കാലത്ത് ജീവിക്കാൻ മറന്നുപോയല്ലോ എന്ന് ദുഃഖിച്ചിട്ട് കാര്യമില്ല.
പോകാൻ പറ്റുന്ന ഇടങ്ങളിലൊക്കെ നമുക്കിപ്പോൾ പോകണം.

പണമുണ്ടാക്കുക, വീട് വയ്ക്കുക,
മക്കളെ നോക്കുക, അവരുടെ ഭാവി സുരക്ഷിതമാക്കുക, അതിനപ്പുറം മനുഷ്യന് സ്വന്തം ജീവിതത്തോട് ഒരാത്മാർത്ഥതയൊക്കെ വേണ്ടെ…??

ഭർത്താവ് ഏറെനേരം മിണ്ടാതിരുന്നു.

ഞാനപ്പോൾ പരന്നൊഴുകിയ
നീല നിലാവിനെ നോക്കിയിരിക്കുകയായിരുന്നു.

ഇത്തരം മനോഹരമായ കാഴ്ചകളിലേക്ക് കണ്ണ് തുറന്നിരുന്നിട്ട്, എത്രയോ വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു…

നക്ഷത്രങ്ങൾ പൂത്തിറങ്ങിയ ആകാശവും, ചന്ദ്രബിംബവുമൊക്കെ കുട്ടിക്കാലത്ത് കൗതുകത്തോടെ നോക്കിയിരിക്കുമായിരുന്നു.

ഇപ്പോൾ ആകാശം കണ്ടിട്ട് തന്നെ കാലമെത്രയായിരിക്കുന്നു…

തിരക്കുകളിൽ നിന്നും തിരക്കുകളിലേക്ക് മാത്രമായിരുന്നു സഞ്ചാരം.

ഇനിയീ സ്വർഗ്ഗഭൂമിയെ കൺതുറന്ന്
ഒന്ന് കാണണം..

കാഴ്ച മങ്ങുന്ന കാലമായാൽ,
ഭൂമിയെ അതിന്റെ പൂർണ്ണ സൗന്ദര്യത്തോടെ കാണാനാവില്ലല്ലോ..

പുഴകളുടെ കളകളാരവം, കിളികളുടെ കൂജനങ്ങൾ…അതൊക്കെ
ചെവി കേൾക്കുന്ന കാലം വരെയല്ലേ ശ്രവിക്കാൻ കഴിയൂ…
ഇനിയെങ്കിലും ഒന്ന് ജീവിക്കണം…..

പിറ്റേന്ന് ബ്രേക്ഫാസ്റ്റ് ഉണ്ടാക്കിക്കൊണ്ട് നിൽക്കുകയായിരുന്ന എന്റെയരികിലേക്ക് ഭർത്താവ് നിറഞ്ഞ ചിരിയോടെ വന്നു.

എടീ… നീ പറഞ്ഞത് ശരിയാണ്.

ഇന്നലെ രാത്രിയിൽ മുഴുവൻ ഞാൻ ആലോചിക്കുകയായിരുന്നു.

നമുക്ക് രണ്ടാൾക്കും താമസിക്കാൻ ചെറിയൊരു വീടു മതി.

എന്തിനാണ് വലിയൊരു കെട്ടിടം പണിതിടുന്നത്. മക്കൾ എന്തായാലും ആരുടെ സ്വപ്നങ്ങൾക്ക് പുറകെ, അവരുടേതായ ജീവിതവുമായി പോകും.

പഴയ തലമുറയിലെ ആളുകൾ മക്കൾക്കായി
എല്ലാം കരുതി വയ്ക്കുന്നവരായിരുന്നു.
നമ്മളും, നമുക്ക് ശേഷം നമ്മുടെ മക്കൾക്ക്, എന്ന നിലയിൽ ജീവിക്കുന്നവരാണ്.

പക്ഷേ പുതിയ കുട്ടികൾ അങ്ങനെയൊന്നുമല്ല.
അവരുടെ ജീവിതം ജീവിക്കാനാണ് അവർ നോക്കുന്നത്.
പലതും നമ്മൾ അവരിൽ നിന്നും
കണ്ട് പഠിക്കേണ്ടിയിരിക്കുന്നു…

നമ്മുടെ മുഴുവൻ സമ്പാദ്യങ്ങളും ഉപയോഗിച്ച് വലിയ വീട് പണിതിട്ടിട്ട് എന്ത് കാര്യം ? ഇരുപതോ, മുപ്പതോ വർഷങ്ങൾക്കപ്പുറം അത് അപ്പോഴത്തെ തലമുറ ഇടിച്ചുപൊളിച്ച് കളയും. നമ്മുടെ ഒരായുസ്സിലെ കഷ്ടപ്പാട് ഒന്നുമല്ലാതെ ആകും..

അല്ലെങ്കിലും വളരെ കുറച്ചുകാലം മാത്രം ഭൂമിയിൽ ജീവിക്കാൻ അനുവദിക്കപ്പെട്ട മനുഷ്യരാണ് നമ്മളെല്ലാവരും.

എടീ….ഇവിടെ, നമുക്ക് സുരക്ഷിതമായി ജീവിക്കാൻ പറ്റിയ ഒരു ചെറിയ വീട് നമ്മൾ ഉണ്ടാക്കും.
എന്നിട്ട് മരങ്ങളും, ഫലവൃക്ഷങ്ങളും,
പച്ചക്കറികളും, പൂക്കളുമൊക്കെ നമ്മൾ നട്ടുണ്ടാക്കും..

വൈകിട്ട് മരങ്ങളിൽ ചേക്കേറാൻ ഒരുപാട് പക്ഷികൾ പാറി വരും.
പൂക്കളിൽ നിന്നും തേൻ നുകരാൻ ഒരുപാടൊരുപാട് ചിത്രശലഭങ്ങളും വണ്ടുകളുമെത്തും…
പൂത്തുമ്പികൾ പറന്നിറങ്ങും..
നമ്മളതൊക്കെ കൺനിറയെ കാണും..
നമ്മൾ യാത്രകൾ പോകും .
കാണാത്ത കാഴ്ചകൾ കാണും.. നമ്മൾ ജീവിക്കും..

അതേ അതാണ് ശരി… എന്തിനാണ് വെറുതെ ഭൂമി മുഴുവൻ കോൺക്രീറ്റ് വനങ്ങൾ നട്ടുണ്ടാക്കുന്നത്

ഈ ഭൂമി ആരുടേയും സ്വന്തമല്ല…..
മലകളെ… പുഴകളെ… മഴയെ…..കാറ്റിനെ.. ആകാശത്തിനെ…അങ്ങനെയൊന്നിനെയും നമുക്ക് നമ്മുടെ സ്വന്തമാക്കാൻ പറ്റില്ല…

ഈ ഭൂമിയും അതേപോലെ തന്നെയാണ് കുറച്ചുവർഷം നമ്മുടേതെന്ന് പറഞ്ഞ് കൈപ്പിടിയിലാക്കാൻ കഴിയും,അത്രമാത്രം.
അതിനുമപ്പുറം ഒന്നും ആരുടേതുമല്ല…

ഞാനെന്റെ ഭർത്താവിന്റെ ചുമലിലേക്ക് തല ചായ്ച്ചു..

അതെ ഞങ്ങൾ സുരക്ഷിതമായി ജീവിക്കാൻ മാത്രമായി ചെറിയൊരു വീടുണ്ടാക്കും..
അല്പം വൈകിയെങ്കിലും ഞങ്ങൾ ജീവിക്കാൻ തുടങ്ങുകയാണ്….

✍️Anju Thankachan

Leave a Reply

Your email address will not be published. Required fields are marked *