നേരാവണ്ണം എഴുന്നേറ്റു നടക്കാൻ പോലും വയ്യാത്ത പുല്ലാനിയിലെ ആ ഇളയ പെൺകൊച്ചിനെ നമ്മുടെ ചന്ദ്രിക ചേച്ചിയുടെ മോൻ നന്ദു കെട്ടാൻ പോവാണത്രേ….” ….

“നേരാവണ്ണം എഴുന്നേറ്റു നടക്കാൻ പോലും വയ്യാത്ത പുല്ലാനിയിലെ ആ ഇളയ പെൺകൊച്ചിനെ നമ്മുടെ ചന്ദ്രിക ചേച്ചിയുടെ മോൻ നന്ദു കെട്ടാൻ പോവാണത്രേ….”

ഓഫീസു വിട്ടു വന്ന അച്‌ഛൻ അമ്മയോടു പറയുന്നത് മുറിയിലിരുന്ന് കേട്ട ശ്രുതിയുടെ ചുണ്ടിലൊരു ചിരി അവളറിഞ്ഞു തന്നെ തെളിഞ്ഞതും അച്ഛൻ്റെ കൂടുതൽ സംസാരം കേൾക്കാനായ് ഹാളിലേക്ക് കാതോർത്തവൾ…

“ചന്ദ്രിക ചേച്ചിയുടെ മോനോ …. നമ്മുടെ നന്ദുവോ..?

അമ്മയുടെ അവിശ്വാസം നിറഞ്ഞ ചോദ്യത്തിനൊന്ന് ചുണ്ടു കോട്ടി ശ്രുതി

“നമ്മുടെ നന്ദുവല്ല അമ്മേ അവൻ… അവനെൻ്റെ നന്ദുവാ… ഈ ശ്രുതിയുടെ മാത്രം നന്ദു….”

ലഹരിയിലെന്നപോലെ പിറുപിറുത്തവൾ പതിയെ

“നമ്മുടെ നന്ദുവായാലും ചന്ദ്രിക ചേച്ചിയുടെ
നന്ദുവായാലും അവനെ ആ പെൺകൊച്ചിന് വലിയ ഇഷ്ടമാണെന്ന്… ഇപ്പോഴൊന്നും തുടങ്ങിയതല്ല ആ കൊച്ചിന് അവനോടുള്ള ഇഷ്‌ടം.. അതിൻ്റെ കുഞ്ഞുനാളിലെങ്ങോ തുടങ്ങിയതാണ്…അതാ കൊച്ച് പുല്ലാനിയിൽ പറയേണ്ട താമസം അവര് ആലോചനയും കൊണ്ട് ചന്ദ്രിക ചേച്ചിയുടെ വീട്ടിലെത്തി കഴിഞ്ഞ ആഴ്ച… ആദ്യമൊന്നും നന്ദു താല്പര്യം കാണിച്ചില്ലെങ്കിലും മകളുടെ ഇഷ്‌ടം നേടി കൊടുക്കാൻ എടുത്താൽ പൊങ്ങാത്തത്ര പണവും സ്വർണ്ണവും പുല്ലാനിക്കാരു കൊടുക്കാമെന്ന് പറഞ്ഞതും
അവനാ കൊച്ചിനെ വിവാഹം കഴിക്കാൻ സമ്മതം പറഞ്ഞു കഴിഞ്ഞു…”

“പുല്ലാനിക്കാരുടെ പൈസ കണ്ടിട്ടു തന്നെയാണ് അവൻ്റെ ഈ ചാട്ടം… അതു പക്ഷെ ആ കൊച്ചിനോടും ആ വീട്ടുക്കാരോടും വേണ്ടായിരുന്നു… അത്രയ്ക്കും സാധുക്കൾ ആണവർ… ശുദ്ധമനസ്സുള്ളവർ… ആ പെൺകുട്ടിയ്ക്കും അവളുടെ സന്തോഷത്തിനും വേണ്ടി മാത്രം ജീവിക്കുന്നവരാണവർ… അവരെ അവൻ ചതിക്കാതെ ഇരുന്നാൽ മതിയായിരുന്നു…”

നന്ദുവിൻ്റെ ലക്ഷ്യം കൃത്യമായ് തിരിച്ചറിഞ്ഞ് പറയുന്ന അച്ഛനെ റൂമിൽ നിന്നൊന്ന് എത്തി നോക്കി ശ്രുതി…
പണത്തിനു വേണ്ടി തന്നെയാണ്… അതിലുപരി ഇതെല്ലാം തനിയ്ക്കും കൂടി വേണ്ടിയാണ്… തങ്ങൾക്കൊന്നിച്ചു ജീവിക്കാൻ വേണ്ടി….

തങ്ങളുടെ വിവാഹത്തിന് എന്തായലും അച്ഛനും അമ്മയും സമ്മതിക്കില്ല… അങ്ങനെ ഉള്ളപ്പോ ഒളിച്ചോട്ടം മാത്രമാണ് ഒന്നിച്ചു ജീവിക്കാനുള്ള ആകെയുള്ള വഴി….

ഒരു പ്രൈവറ്റ് സ്ഥാപനത്തിൽ ജോലി ചെയ്യുന്ന നന്ദുവിൻ്റെ കയ്യിൽ കാര്യമായ നീക്കിയിരിപ്പൊന്നുമില്ല…

എന്തു ചെയ്യും എളുപ്പത്തിൽ പൈസ ഉണ്ടാക്കാൻ എന്ന് തങ്ങൾ ചിന്തിയ്ക്കുമ്പോഴാണ് പുല്ലാനിക്കാരുടെ കല്യാണ ആലോചന നന്ദിവിന് വന്നത്

ഏതൊരു പെണ്ണും ഇഷ്‌ടപ്പെടും വിധം നല്ലവനാണ് നന്ദു… താൻ തന്നെ എത്ര പ്രയാസപ്പെട്ടിട്ടാണ് അവൻ്റെ ഇഷ്‌ടം നേടിയത്… ഇനിയവനെ നഷ്ടപ്പെടുത്താൻ വയ്യ ഒന്നിനു വേണ്ടിയും….

താൻ തന്നെയാണവന് പുല്ലാനിയിലെ മീരയെ കെട്ടാനുള്ള ബുദ്ധി ഉപദേശിച്ചതു… അവളെ കെട്ടുന്നതിലൂടെ കിട്ടുന്ന പണവും സ്വർണ്ണവും കൊണ്ട് ആരും കണ്ടു പിടിക്കാത്തൊരിടത്ത് പോയ് സുഖമായ് ജീവിക്കണം… അതാണ് തൻ്റെലക്ഷ്യം… ഇതിനൊന്ന് നന്ദുവിനെകൊണ്ട് സമ്മതിപ്പിച്ച പ്രയാസം തനിയ്ക്കേ അറിയൂ…

ഓർത്തു ദീർഘ നിശ്വാസം വിട്ട് അച്ഛൻ്റെയും അമ്മയുടെയും സംസാരത്തിന് പിന്നെയും കാതോർത്തൂ ശ്രുതി

“ഇത്തിരി പൈസയുടെ കുറവുണ്ടെന്നല്ലേ ഉള്ളു നന്ദുന്… അല്ലാതെ മിടുക്കനാണവൻ… നേരും നെറിയും ഉള്ളവൻ… അവനാരെയും ചതിക്കാനും പറ്റിക്കാനുമൊന്നും അറിയില്ല… ശുദ്ധനാണവൻ….”

നന്ദുവിൻ്റെ ഭാഗം പറയുന്നുണ്ട് അമ്മ പിന്നെയും…
അമ്മയ്ക്ക് ഇഷ്‌ടവും വിശ്വാസവുമെല്ലാം ആണവനെ… എന്നാൽ മകളായ തന്നെ കെട്ടിക്കാൻ തക്ക വിശ്വാസം ഇല്ലതാനും…. അങ്ങനെ ആയിരുന്നെങ്കിൽ ഇതൊന്നും വേണ്ടി വരില്ലായിരുന്നു… നന്ദുവിനൊപ്പം വീട്ടുകാരെ ഉപേക്ഷിച്ച് ഇറങ്ങി പോയാൽ അഞ്ചിൻ്റെ പൈസയോ സ്വർണ്ണമോ തരില്ല അച്ഛനും അമ്മയും.. അവനൊരാളെ കെട്ടിയതിൻ്റെ പേരിൽ സുഖ സൗകര്യങ്ങൾ ഉപേക്ഷിക്കാനും കഷ്‌ടപ്പെടാനുമൊന്നും തനിയ്ക്ക് വയ്യ

പല്ലുകടിച്ചോർത്തവൾ…

ആ നേരം തന്നെയാണ് ശ്രുതിയുടെ ഫോണടിച്ചതും…

വിളിയ്ക്കുന്നത് നന്ദുവാണെന്നുറപ്പാണ് ശ്രുതിയ്ക്ക്..

അവളുടെ പ്രതീക്ഷ തെറ്റിക്കാതെ അവളുടെ ഫോൺ സ്‌ക്രീനിൽ നന്ദുവിൻ്റെ പേരങ്ങനെ തെളിഞ്ഞു നിന്നു

“എടീ… നിൻ്റെ വാക്കു കേട്ട് ഓരോന്നിനിറങ്ങി പുറപ്പെട്ടിട്ട് എനിയ്ക്കെന്തോ നല്ല പേടി തോന്നുന്നുണ്ട് ട്ടോ ഇപ്പോൾ…”

ഫോൺ കാതോരം ചേർത്ത് ശ്രുതി ഹലോ പറയും മുമ്പ് തന്നെ മറുവശത്ത് നിന്നും വന്നു തുടങ്ങി നന്ദുവിൻ്റെ പരാതിയും പരിഭവവും എല്ലാം…

ഒന്നു ദീർഘ ശ്വാസമെടുത്തു ശ്രുതി… ഈയൊരു കാര്യത്തിന് മനസ്സുകൊണ്ടിപ്പോഴും തയ്യാറല്ല അവൻ… അതറിയുന്നതു കൊണ്ടുതന്നെ സ്വയമൊന്ന് നിയന്ത്രിച്ചു ശ്രുതി

“നീ ഇങ്ങനെ പേടിക്കാതെൻ്റെ നന്ദൂ….. ഒക്കെ നമ്മുക്കും നമ്മൾ സ്വപ്‌നം കണ്ട നമ്മുടെ ജീവിതത്തിനും വേണ്ടിയല്ലേ… നീ ജസ്റ്റ് അവളെ താലി കെട്ടുക മാത്രമല്ലേ ചെയ്യുന്നു ള്ളു… അന്ന് രാത്രി തന്നെ അവളുടെ സ്വർണ്ണവും പണവുമായ് നാടു വിടില്ലേ നമ്മൾ… ഇതിലെന്താ ഇത്ര പ്രശ്‌നം നീയ്യിങ്ങനെ പേടിക്കാൻ…?

ശ്രുതി ചോദിച്ചതും മറുവശം നന്ദുവിൽ നിന്നൊരു ദീർഘ നിശ്വാസം ഉയർന്നു… എന്തോ അവൻ്റെ മനസ്സിതൊന്നും അംഗീകരിച്ചിട്ടില്ല ഇതുവരെ…

“നന്ദൂ… ടാ…

നന്ദുവിൽ നിന്ന് മറുപടിയൊന്നും ലഭിക്കാതെ വന്നതും അവനെ വിളിച്ചു ശ്രുതി

പരസ്പരം സ്‌നേഹിക്കുന്നവർക്ക് ഒരുമ്മിച്ച് ജീവിക്കാൻ ഇതിനെക്കാൾ നല്ല വഴിയില്ലെന്നു പറഞ്ഞ് നന്ദുവിനെ ഈയൊരുകാര്യത്തിനിറക്കിയതിൻ്റെ ടെൻഷൻ ആവോളം ഉണ്ട് ശ്രുതിയിൽ…അതിനൊപ്പം നന്ദുവിൻ്റെ മൗനം കൂടി ആയതും ആധിയേറി അവളിൽ..

“ശ്രുതീ…നീ പറഞ്ഞിട്ടാണ് ഞാനീ പണിക്കിറങ്ങി തിരിച്ചത് ..ഇതിപ്പോ ഞാൻ വിവാഹത്തിനൊന്ന് സമ്മതം മൂളിയതേ ഉള്ളൂ, അപ്പോഴേയ്ക്കും അത് എല്ലാവരോടും വിളിച്ചു പറഞ്ഞു കഴിഞ്ഞു പുല്ലാനിക്കാർ… വിവരം അറിഞ്ഞ
ഓരോരുത്തരും ദാ ഇവിടെ അമ്മയെ വിളിച്ചോണ്ടിരിക്കുവാണ്..എനിയ്ക്ക് ആകെ ടെൻ ഷനാവുന്നെടി….ഞാനാ പാവം പെൺക്കുട്ടിയെ പറ്റിക്കുവല്ലേടീ… അതും എന്നെ അവൾക്ക് ഒരുപാടിഷ്ടമാണെന്ന ഒറ്റ കാരണം വെച്ച്… മഹാ പാപം ആണെടീ….”

വല്ലാത്തൊരു നിസ്സഹായത നിറഞ്ഞു നിന്നു നന്ദുവിൻ്റെ ശബ്‌ദത്തിലെങ്കിൽ അവൻ്റെ സംസാരം ശ്രുതിയിൽ ദേഷ്യം നിറച്ചു

“നീ അവളെ പറ്റി അധികം ചിന്തിക്കണ്ട നന്ദൂ… ഒന്നരക്കാലെ ഉള്ളു അവൾക്ക്…. നേരാവണ്ണം കാല് കുത്തി നടക്കാൻ പോലും പറ്റില്ല… കാണാനോ ഒരു കാക്ക കറുമ്പിയും.. ആ അവൾക്ക് നിന്നോട് പ്രേമം…എന്നിട്ടത് അവള് അവളുടെ വീട്ടിലും പറഞ്ഞേയ്ക്കുന്നു … എത്ര ധൈര്യം വേണമവൾക്ക്… അവളാ ചെയ്തത് എത്ര വലിയ തെറ്റാണെന്ന് അവൾക്ക് മനസ്സിലാക്കി കൊടുക്കണം നീ….
അതിന് ഏറ്റവും നല്ലത് അവളെ കല്യാണം കഴിച്ചിട്ട് അന്ന് രാത്രി തന്നെ അവളെ ഉപേക്ഷിക്കുന്നതാണ്… കുറച്ചധികം പണമുണ്ട് അവളുടെ വീട്ടുകാരുടെ കയ്യിലെങ്കിലും ആൾബലവും ബന്ധുബലവും കുറവാണവർക്ക്… അതുകൊണ്ടു തന്നെ അവളെ പറ്റിച്ചു നമ്മൾ ഇവിടം വിട്ടാലും കേസും കൂട്ടവുമൊന്നും ഉണ്ടാവില്ല… ഒന്ന് പഠിക്കട്ടെ അവളും അവളുടെ വീട്ടുകാരും..”

തനിയ്ക്ക് ഇന്നേവരെ യാതൊരു ദോഷവും ചെയ്യാത്ത ഒരു പെൺകുട്ടിയേയും അവളുടെ വീട്ടുകാരെയും ഉപദ്രവിക്കാനും വേദനിപ്പിക്കാനും വല്ലാത്തൊരു ത്വരയുണർന്നു ശ്രുതിയുടെ ഉള്ളിൽ…

ശ്രുതിയുമായുള്ള സംസാരത്തിനു ശേഷം ഫോൺ കട്ടു ചെയ്യുമ്പോൾ ആകെ അസ്വസ്ഥനായിരുന്നു നന്ദു…

ചെയ്യുന്നതെല്ലാം വലിയ തെറ്റാണെന്നവൻ്റെ മനസ്സ് അവനെ തന്നെ ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു….

ദിവസങ്ങൾ ഓരോന്നായ് കൊഴിഞ്ഞു വീണു തുടങ്ങിയതും പുല്ലാനിയിൽ വിവാഹ മേളങ്ങൾ ആർഭാടമായ് തന്നെ തുടങ്ങിയിരുന്നു….

ഇതിനിടയിൽ നേരിട്ടു കണ്ടും ഫോൺ വിളിച്ചും നല്ല സുഹൃത്തുക്കളായി മാറിയിരുന്നു പുല്ലാനിയിലെ മീരയും നന്ദുവും…

മീരയെ അടുത്തറിയും തോറും അവളെന്നെ പെണ്ണിനെയും അവളുടെ നല്ല മനസ്സിനെയുമെല്ലാം വളരെയധികം ഇഷ്ടത്തോടെയും ആരാധനയോടെയും ശ്രദ്ധിക്കാൻ തുടങ്ങി നന്ദു…

ശ്രുതി അവനെ പ്രണയമന്ന പേരിൽ കുരുക്കിട്ട് നിയന്ത്രിച്ച് തൻ്റെ ആജ്ഞാനുവർത്തിയാവനെ മാറ്റിയിരുന്നെങ്കിൽ മീര അവനെ കണ്ടത് അവനായിട്ടാണ്…

നന്ദുവും തിരിച്ചറിഞ്ഞു തുടങ്ങിയിരുന്നു മീരയും ശ്രുതിയും തമ്മിലുള്ള വ്യത്യാസങ്ങൾ…

സമ്പന്നതയുടെ മടിത്തട്ടിൽ ജനിച്ചു ജീവിച്ചിട്ടും മീര ആഗ്രഹിച്ചത് നന്ദുവും അവൻ്റെ അമ്മയും ഉള്ള ചെറിയ ലോകത്ത് ജീവിക്കാനാണ്…

“നന്ദൂ… നിൻ്റെ മാറ്റങ്ങൾ ഞാനറിയുന്നില്ലെന്ന് കരുതരുത്.. നിനക്കിപ്പോൾ എന്നോടൊരു സ്‌നേഹവും ഇല്ല.. എപ്പോഴും നീ ഇപ്പോൾ ആ ചട്ടുക്കാലിയ്ക്കൊപ്പമാണല്ലേ..?

പരാതികളും പരിഭവങ്ങളും മാത്രം നിറഞ്ഞു നിന്ന ശ്രുതിയുടെ സംസാരത്തിൽ മീരയെ അവൾ ചട്ടുക്കാലിയെന്ന് വിളിച്ചതും ഹൃദയത്തിലൊരു മുറിവുണ്ടായതു പോലെ നീറി നന്ദുവിന്…

“ശ്രുതീ…സൂക്ഷിച്ചു സംസാരിക്കണം നീ… ഇന്നേവരെ നിന്നെ വാക്കുകൾ കൊണ്ടോ പ്രവർത്തികൾ കൊണ്ടോ വേദനിപ്പിക്കാത്തൊരു പാവം പെണ്ണിനെ എന്തിനാടി നീയിങ്ങനെയെല്ലാം പറയുന്നത്…?

ചോദിക്കാതിരിക്കാനായില്ല നന്ദുവിന്…

എന്നാൽ തന്നെ കുറ്റപ്പെടുത്തി മീരയ്ക്ക് വേണ്ടി നന്ദു സംസാരിച്ചത് ശ്രുതിയെ വല്ലാതെ ചൊടിപ്പിച്ചു..

“നിനക്കെന്താടാ അവളോടിത്ര ഇഷ്ടം…എന്താ നിനക്കവൾ######……?

ഒരു പെണ്ണും മറ്റൊരു പെണ്ണിനെ പറയാൻ പാടില്ലാത്തത്ര ദുഷിപ്പ് നിറഞ്ഞ സംസാരം ശ്രുതി മീരയെ പറ്റി വിളിച്ചു പറഞ്ഞതും ശ്രുതിയെന്ന പെണ്ണിനെ അവളിലെ പ്രണയിനിയെ ആ നിമിഷം വെറുത്തു പോയ് നന്ദൂ… അതേ വെറുപ്പോടെ തന്നെയവൻ അവളുടെ കോൾ കട്ട് ചെയ്ത് ഫോൺ സ്വിച്ചോഫിലിട്ടു…

ഇത്രയും ദുഷിപ്പ് നിറഞ്ഞവളെയോ താൻ നെഞ്ചിലേറ്റിയത് എന്ന കുറ്റബോധത്തിൽ നീറി നന്ദു അന്ന് തന്നെ മീരയെ കണ്ട് താനെങ്ങനെ ഇങ്ങനെയൊരു വിവാഹത്തിലേക്ക് എത്തി എന്നതവളെ നേരിട്ടറിയിച്ചതും ഞെട്ടലോടെ അവനെ നോക്കി മീര…

ഇന്നായിരുന്നു മീരയുടെയും നന്ദുവിൻ്റെയും കല്യാണം.. പൊന്നിൻ്റെ ഭാരമില്ലാതെ പണത്തിൻ്റെ കനമില്ലാതെ തികച്ചും ലളിതമായ് നടന്ന ആ കല്യാണം കൂടാൻ ആൾക്കൂട്ടത്തിലൊരാളായ് ശ്രുതിയും വന്നിട്ടുണ്ടായിരുന്നു..

താനായ് നഷ്ടപ്പെടുത്തിയവൻ മറ്റൊരുവളുടേത് ആവുന്നത് നിറമിഴികളോടെ നിശമ്പ്ദം നോക്കി കണ്ടിരുന്നവൾ…

ചേരേണ്ടവർ തമ്മിൽ ചേരാൻ ചിലപ്പോഴെങ്കിലും ഇതു പോലെ ഒരാൾ നിമിത്തമാവും … ഇവിടെ മീരയ്ക്കും നന്ദുവിനും ഒന്നു ചേരാനുള്ള വഴി മാത്രമാണ് താനെന്ന തിരിച്ചറിവിൽ ശ്രുതി തകർന്നിരുന്നപ്പോൾ മീര താനാഗ്രഹിച്ചത് നേടി എടുത്ത സംത്യപ്തിയിലാണ്…

RJ

Leave a Reply

Your email address will not be published. Required fields are marked *