അംബുജാക്ഷനാകെ തകർന്നുപോയത് പങ്കാളിക്ക് മറ്റൊരു ബന്ധമുണ്ടെന്നറിഞ്ഞതോടെയാണ്..
അതും ഈ നാൽപ്പത്തിയെട്ടാമത്തെ വയസ്സിൽ..
ഭാര്യയുടെ ഫോണിലേക്ക് ഇടയ്ക്കിടെ കോൾ വരുന്നതും, അവൾ മാറിനിന്ന് സംസാരിക്കുന്നതും താൻ കുറച്ചായി കാണുന്നുണ്ട്…
അയാൾ മക്കളെ രണ്ടാളെയും വിളിച്ചു വരുത്തി.
അവരും അറിയണമല്ലോ അവരുടെ അമ്മയുടെ ഇത്തരം സ്വഭാവങ്ങൾ..
നിങ്ങളുടെ അമ്മയ്ക്ക് ഈ പ്രായത്തിൽ ഒരുപ്രണയമുണ്ടെന്നറിഞ്ഞാൽ നിങ്ങൾ എന്ത് ചെയ്യും??അംബുജാക്ഷൻ മക്കളോട് ചോദിച്ചു…
മക്കൾ ഞെട്ടലോടെ അച്ഛനെ നോക്കി..
എന്താ അച്ഛാ ഈ പറയുന്നത്…
അമ്മ വെറും പാവമാണ്.
പിന്നെ അവൾ ഏതുനേരവും ഈ ഫോൺ വിളിച്ചു കൊണ്ടിരിക്കുന്നത് ആരെയാണ്??അവളുടെ ഈ മാറ്റത്തിനൊക്കെ കാരണം ആരാണെന്ന് നിങ്ങൾ തന്നെ ചോദിക്ക്.
ഭാര്യ സുധയുടെ നേരെ രൂക്ഷമായി നോക്കിക്കൊണ്ടാണ് അയാൾ മക്കളോടത് പറഞ്ഞത്…
മക്കൾ അമ്മയുടെ നേരെ നോക്കി…
സുധ സാവധാനം ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയാണ്..
അമ്മേ..
ശ്…. മിണ്ടരുത്, ഞാനിതൊന്ന് കഴിച്ചോട്ടെ,
സുധ പതിയെ പറഞ്ഞു.
കഴിച്ചു തീർത്തിട്ട് സുധ മക്കളുടെയും ഭർത്താവിന്റെയും നേരെ നോക്കി..
ഇനി ചോദ്യങ്ങളാവാം. ഉത്തരം പറയാൻ ഞാൻ റെഡി.
അമ്മയുടെ പുതിയ മുഖഭാവം കണ്ടു മക്കൾ പകച്ചു പോയി.
ഇത്രയും നാൾ അച്ഛൻ പറയുന്നതിനപ്പുറത്തേക്ക് ഒന്നുമില്ലാത്ത ആളായിരുന്നമ്മ..
ഇപ്പോൾ അമ്മയ്ക്ക് എന്തൊരു മാറ്റമാണ്.
അമ്മ കൂടുതൽ ചെറുപ്പമായതുപോലെ…
എണ്ണപുരട്ടി ഒതുക്കി വച്ച നീണ്ട മുടി, നീളം കുറച്ച് വെട്ടി, കളർ ചെയ്തു മനോഹരമാക്കിയിരിക്കുന്നു.
നിറുകിൽ പതിവുള്ള സിന്ദൂരമില്ല. നെറ്റിയിൽ കറുത്ത ഒരു ചെറിയ പൊട്ട് മാത്രമേ ഉള്ളൂ…
.
അമ്മ ലിപ്സ്റ്റിക് ഇട്ടിട്ടുണ്ട്..
സാരിയിൽ നിന്നും ചുരിദാറിലേക്ക് മാറിയിരിക്കുന്നു.
അമ്മയെ കണ്ടാൽ ഇപ്പോൾ മുപ്പതിൽ അധികം പറയില്ല.
ഇനി അച്ഛൻ പറഞ്ഞത് ശരിയാണോ അമ്മയ്ക്ക് പ്രണയം ഉണ്ടോ??
അയ്യോ തങ്ങളിനി ഭാര്യമാരുടെ മുഖത്തെങ്ങനെ നോക്കും?? അവരെങ്ങാനുമിതറിഞ്ഞാൽ ആകെ നാണക്കേടാകും…
അമ്മയ്ക്ക് നാണമില്ലേ ഈ പ്രായത്തിൽ????
ഞാനെന്തിന് നാണിക്കണം ??
ഈ പ്രായത്തിലാണോ പ്രണയം??
മക്കളിൽ ഒരുവൻ പല്ലിറുമ്മി…
സുധ ശാന്തമായി മകനെ നോക്കി…
എനിക്ക് ആരുമായും പ്രണയമില്ല.
പിന്നെ ഈ കാണുന്നതൊക്കെ??
എന്താ നിങ്ങൾ കണ്ടത്??
അല്ല അമ്മയ്ക്കാകെ ഒരു മാറ്റം…
അതെ അമ്മക്ക് മാറ്റമുണ്ട്, കാരണം ഞാനിപ്പോൾ എന്നെ സ്നേഹിച്ചു തുടങ്ങി.
ഞാനെന്നെ സ്വയം നോക്കാൻ തുടങ്ങി.
കാരണം എനിക്കെന്നും ഞാനേ ഉണ്ടായിരുന്നുള്ളൂ…
ഇത്രയും കാലം ഞാനെങ്ങനെ ഇവിടെ പിടിച്ച് നിന്നുവെന്നോർക്കുമ്പോൾ അതിശയം തോന്നുന്നു..
നിനക്കിവിടെ എന്തിന്റെ കുറവായിരുന്നെടീ… തിന്നിട്ട് എല്ലിന്റെ ഇടയിൽ കുത്തിയതോ?? അംബുജാക്ഷൻ മുരണ്ടു
സുധ ശാന്തത വെടിയാതെ അയാളെ നോക്കി…
ഞാനും അധ്വാനിച്ച് തന്നെയാണ് ജീവിച്ചത്..
ഓഹ് ….തയ്യൽ ചക്രം കറക്കി
നീ ലക്ഷങ്ങളല്ലേ ഉണ്ടാക്കിയിട്ടത്..
ലക്ഷങ്ങൾ ഉണ്ടാക്കിയില്ലെങ്കിലും, നിങ്ങൾക്ക് ഒരു ആവശ്യം വരുമ്പോൾ ആ പണമുപയോഗിച്ചാണ് ഞാൻ നിങ്ങളെ താങ്ങി നിർത്തിയിരുന്നത്. അത് മറക്കരുത്.
നിങ്ങളീപ്പറഞ്ഞ ചക്രം കറക്കി,
ഈ വീട്ടിലെ അത്യാവശം ചിലവുകളൊക്കെ ഞാൻ നടത്തിയിട്ടുണ്ട്. അതുകൊണ്ട് നിങ്ങളുടെ ആ സംസാരം ഇവിടെ നിർത്തിയേക്ക്.
സുധ മക്കളുടെ നേരെ തിരിഞ്ഞു നിങ്ങൾക്ക് ഓർമ്മയില്ലേ, നിങ്ങളുടെ
അച്ഛന്റെ അച്ഛനെ.
ആ മനുഷ്യൻ ജീവിച്ചിരുന്ന കാലത്തോളം എന്നെ ദ്രോഹിച്ചിട്ടേ ഉള്ളൂ…
മകൻ വിവാഹം കഴിച്ചു കൊണ്ടുവരുന്ന പെൺകുട്ടി വീട്ടിലെ അടിമയാണ് എന്നൊരു ധാരണയായിരുന്നു അയാൾക്ക്.
ഒരു നിമിഷം ഞാൻ വെറുതെ ഇരിക്കുന്നത് കണ്ടാൽ, അപ്പോഴേക്കും എന്തെങ്കിലുമൊക്കെ ജോലികൾ ഏൽപ്പിക്കും. എന്നിട്ട് അയാൾ കിടപ്പിലായപ്പോൾ അയാളെ പരിചരിച്ചത് ഞാനാണ്. നിങ്ങളുടെ അച്ഛൻ സ്വന്തം പിതാവിനെ തിരിഞ്ഞു നോക്കാറില്ലായിരുന്നു..
ഒന്നും രണ്ടുമല്ല,
നീണ്ട നാലുവർഷങ്ങളാണ് അയാൾ കിടപ്പിലായിരുന്നത്..അന്നൊന്നും ഒരു ചെറിയ സഹായം പോലും നിങ്ങളുടെ അച്ഛൻ ചെയ്ത് തന്നിട്ടില്ല. അങ്ങേരുടെ അച്ഛനെ നോക്കേണ്ടത് എന്റെ കടമയാണെന്ന പോലെയായിരുന്നു കാര്യങ്ങൾ.
നിങ്ങൾക്കറിയാമോ എല്ലാ ഭാരവും എന്റെ തലയിലായിരുന്നു.
ഞാനൊരു നാളും സന്തോഷത്തോടെ, സമാധാനത്തോടെ ഉണ്ടിട്ടില്ല,ഉറങ്ങിയിട്ടില്ല.
അല്ല! ഇതൊക്കെ ഞാൻ നിങ്ങളെ പറഞ്ഞ് മനസ്സിലാക്കേണ്ട കാര്യമുണ്ടോ, എല്ലാം നിങ്ങൾക്കറിയാവുന്നതല്ലേ
വെറും പത്തൊൻപതാമത്തെ വയസ്സിൽ ഞാൻ അമ്മയായതാണ് .
രണ്ട് ഇരട്ടക്കുട്ടികളെയും, നിങ്ങളുടെ അച്ഛനെയും, നിങ്ങളുടെ അച്ഛന്റെ അച്ഛനെയും കൊണ്ട് ഞാൻ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്…
ഇക്കാലത്തിനിടയിൽ എനിക്ക് വേണ്ടി ഒരു ദിവസം പോലും ഞാൻ ജീവിച്ചിട്ടില്ല.
ഈ വീട് ഒരു നരകമാണ്.
നിങ്ങളുടെ ഭാര്യമാർ ഇവിടെ കിടന്ന് കഷ്ടപ്പെടാതിരിക്കാൻ വേണ്ടിയാണ് നിങ്ങളുടെ വിവാഹം കഴിഞ്ഞതോടെ നിങ്ങളോട് ഇവിടെ നിന്നും മാറണമെന്ന് ഞാൻ പറഞ്ഞത്.
സുധ പതിയെ എഴുന്നേറ്റു.
ഞാൻ ഇവിടെ നിന്നും പോവുകയാണ്.
എങ്ങോട്ട്…?? മക്കൾ ചോദിച്ചു…
വായിൽ തോന്നിയതെന്തും
വിളിച്ചു പറയരുത്. മര്യാദയ്ക്ക് ഇവിടെ അടങ്ങിയൊതുങ്ങിക്കഴിഞ്ഞോ,
നിന്റെ തോന്നിവാസമൊന്നും ഇവിടെ നടക്കില്ല. അംബുജാക്ഷൻ സുധയുടെ നേരെ കൈ ചൂണ്ടി അലറി..
മിണ്ടരുത്…. എനിക്കിനി നിങ്ങളെ വേണ്ട.
നിങ്ങൾ മുൻപ് പറഞ്ഞ, ആ തയ്യൽ ചക്രം കറക്കി, നാല് സെന്റിൽ ഒരു കുഞ്ഞു വീട് ഞാൻ സ്വന്തമാക്കിയിട്ടുണ്ട്….
അതിന്റെ ഉടമസ്ഥരാണ് ഫോൺ വിളിച്ചു കൊണ്ടിരുന്നത്.. അല്ലാതെ കാമുകനല്ല..
കഴിഞ്ഞ ദിവസം അതിന്റെ രജിസ്ട്രേഷൻ നടപടികളെല്ലാം കഴിഞ്ഞു.
എനിക്കിനി സ്വന്തമായി ഒരിടമുണ്ട്…
ഈ വൈകിയ വേളയിലെങ്കിലും എനിക്കൊന്ന് ജീവിക്കണം….
സുധ മക്കളുടെ അരികിലേക്ക് ചെന്നു .
നിങ്ങൾ എന്നോടാദ്യമായി എതിര് പറഞ്ഞ ദിവസം നിങ്ങൾക്കോർമ്മയുണ്ടോ…??
ഇല്ലായിരിക്കും, പക്ഷേ എനിക്ക് ഓർമ്മയുണ്ട്. വെറും പതിമൂന്നാമത്തെ വയസ്സിൽ പോലും നിങ്ങൾ എന്നോട് എതിര് പറയാനും, ദേഷ്യപ്പെടാനും തുടങ്ങി.
കാരണം, നിങ്ങൾ കണ്ടുവളർന്നത് നിങ്ങളുടെ അച്ഛനെയായിരുന്നല്ലോ.
ആൺകുട്ടികൾ എപ്പോഴും അച്ഛനെ അനുകരിക്കാനാണ് ശ്രമിക്കുന്നതെന്ന് എനിക്കന്നു തോന്നി..
അന്ന് ഞാൻ ഒരു തീരുമാനമെടുത്തു . എനിക്ക് വേണ്ടി എന്തെങ്കിലും കരുതി വയ്ക്കണമെന്ന്.
കിട്ടുന്ന ഓരോ രൂപയും സൂക്ഷിച്ചുവെച്ച് ഞാൻ എനിക്കായി ഒരിടം ഒരുക്കിയിരിക്കുകയാണ്.
ഇരട്ടകളായി ജനിച്ച നിങ്ങളെ വളർത്താൻ ഞാൻ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്.
എത്ര കുറ്റപ്പെടുത്തലും, ച.വി.ട്ടിമേറ്റിട്ടും ഞാൻ ഇവിടെ തുടർന്നത്, മക്കളെ.. നിങ്ങളെ ഓർത്താണ്. നിങ്ങൾക്ക് നിങ്ങളുടെ അച്ഛനെ നഷ്ടപ്പെടരുത് എന്ന് കരുതി മാത്രമാണ്..
ഇപ്പോൾ നിങ്ങൾക്ക് പങ്കാളികളായി, നിങ്ങളുടെ ജീവിതമായി.
ഇനിയെങ്കിലും എനിക്കൊന്ന് ജീവിക്കണം.
ഇവിടെ നിന്നും ഒരാളും എന്റെ പിറകെ വന്നേക്കരുത്…
അല്ലെങ്കിലും വിലയില്ലാത്ത ഇടങ്ങളിൽ നിന്നുമുള്ള ഈ ഇറങ്ങിപ്പോക്ക് അനിവാര്യമാണ്….
സുധ തലയുയർത്തിപ്പിടിച്ച്
കൈ വീശി അവിടെ നിന്നും ഇറങ്ങി നടന്നു….
✍️Anju Thankachan
