അറുപത്തിയഞ്ചുകാരിയായ എന്റെ ഭാര്യ മേനക അന്ന് പതിവിലുമധികം സുന്ദരിയായിരുന്നു. മക്കൾ വാങ്ങി നൽകിയ വിലകൂടിയ സാരിയിലവൾ തിളങ്ങി നിന്നു. …..

ഇന്ന് അവളുടെ അറുപത്തിയഞ്ചാം
പിറന്നാളാണ്.

ആൺമക്കള്‍ രണ്ടുപേരും ചേർന്നവളുടെ പിറന്നാൾ ഗംഭീരആഘോഷമാക്കാൻ തീരുമാനിച്ചിരിക്കുകയാണ്.

അടുത്ത ബന്ധുക്കളെയൊക്കെ വിളിച്ചിട്ടുണ്ട്..
കൂടാതെ അയൽവക്കക്കാരും, മക്കളുടെ സുഹൃത്തുക്കളും ഒക്കെ ചേർന്ന് ഏതാണ്ട് നൂറ് പേരോളം ആൾക്കാരെ വിളിച്ചാണ് പിറന്നാളാഘോഷം…

രാവിലെ മുതൽ വീട് അലങ്കരിക്കാനും ഭക്ഷണം അറേഞ്ച് ചെയ്യാനും ഒക്കെയുള്ള തിരക്കായിരുന്നു. പത്തുമണിയോടുകൂടി ബന്ധുക്കളും അയൽക്കാരുമൊക്കെ എത്തിച്ചേർന്നു..

അറുപത്തിയഞ്ചുകാരിയായ എന്റെ ഭാര്യ മേനക അന്ന് പതിവിലുമധികം സുന്ദരിയായിരുന്നു.
മക്കൾ വാങ്ങി നൽകിയ വിലകൂടിയ സാരിയിലവൾ തിളങ്ങി നിന്നു.

അവൾ കേക്ക് മുറിച്ചു..
മക്കളിരുവരും അവൾക്ക് കേക്ക് വായിൽ വച്ച് നൽകി. കൂടെ,അവളുടെ കവിളിൽ ഓരോ ചുംബനവും..

എല്ലാവർക്കും കേക്ക് കിട്ടിയ കൂട്ടത്തിൽ എനിക്കും കിട്ടി ഒരു കഷ്ണം

ഗാനമേളയും ഡാൻസും ഒക്കെയായി ആ ദിനം വളരെ സന്തോഷകരമായിരുന്നു…

എന്തൊക്കെത്തരം ഭക്ഷണസാധനങ്ങളാണ് അവിടെ ഉണ്ടായിരുന്നതെന്നു പോലും എനിക്കറിയില്ല.. എന്തായാലും കുറേ വിഭവങ്ങൾ ഉണ്ടായിരുന്നു..

എനിക്ക് എന്റെ ഇളയ മരുമകൾ ബിരിയാണി കൊണ്ടുവന്ന് തന്നു..
അവൾ എനിക്കൊപ്പം ഇരുന്നാണ് കഴിച്ചത്..
അച്ഛാ… ദാ.. ഇത്തിരി ഐസ്ക്രീം കൂടെ കഴിച്ചോ… അവൾ എനിക്ക് നേരേ ഐസ്ക്രീം നീട്ടി.. മധുരത്തിനോട്
എനിക്ക് ഏറെ ഇഷ്ടമാണ് .
പക്ഷേ ഷുഗർ ഉള്ളതുകൊണ്ട് മധുരം അങ്ങനെ തരാറില്ല.

ഇന്ന് മാത്രമാണ് കേട്ടോ ഇനി മധുരം തരില്ല അവൾ ചിരിയോടെ പറഞ്ഞു.

ഞാനും അത് കേട്ട് ചിരിച്ചു..

നന്നേ രാത്രിയായിട്ടും ആഘോഷങ്ങൾ തീർന്നില്ലായിരുന്നു…

അച്ഛന് മരുന്ന് കഴിക്കാനുള്ളതല്ലേ, മുറിയിലേക്ക് വാ…എന്റെ ഇളയ മരുമകൾ എന്നെ മുറിയിലേക്ക് കൊണ്ടുപോയി.

രാത്രിയിലേക്ക് അവളെനിക്ക് പതിവ് പോലെ ചപ്പാത്തിയും വെജിറ്റമ്പിൾ കറിയും ഉണ്ടാക്കിയിരുന്നു…

ഈ തിരക്കിനിടയിൽ എനിക്ക് വേണ്ടി മോളിത് ഉണ്ടാക്കണ്ടായിരുന്നല്ലോ…. ഞാൻ പറഞ്ഞു..

അത് സാരമില്ലച്ഛാ ..അച്ഛൻ കഴിക്ക്…

അവൾ മരുന്ന് എടുത്ത് ടേബിളിൽ വച്ചു…

അച്ഛാ ദാ..മരുന്നും വെള്ളവും വച്ചിട്ടുണ്ട് കേട്ടോ,
മരുന്ന് കഴിച്ചിട്ട് കിടക്കാൻ നോക്ക്…
ഞാൻ അപ്പുറത്തേക്ക് പോകുവാണേ….

ശരി..

അവൾ പോയി..

പാവം കുട്ടി… ഈ വീട്ടിൽ തന്നോട് കരുണയോടെ പെരുമാറുന്നത് അവളാണ്….

താൻ വീൽചെയറിൽ ആയിട്ട് രണ്ട് കൊല്ലമായി…

സ്ട്രോക്കിന്റെ രൂപത്തിൽ കാലം എന്നെ
ഒന്ന് കിടത്തി കളഞ്ഞതാണ്, എന്നാലും എഴുന്നേറ്റ് പതിയെ നിൽക്കാനും ബാത്‌റൂമിൽ സ്വയം പോകാനുമൊക്കെ പറ്റും.

എങ്കിലും നടക്കാനുള്ള ബലം കാലുകൾക്കായിട്ടില്ല… ഇനി ഈ പ്രായത്തിൽ പഴയതുപോലെ നടക്കാൻ കഴിയുമെന്നുള്ള പ്രതീക്ഷയും തനിക്കില്ല…

മൂത്ത മകൻ വിദേശത്താണ്.
അവന്റെ ഭാര്യയും കുട്ടികളും അവിടെ തന്നെയാണ്.

ഇളയ മകനും ഭാര്യയുമാണ് ഞങ്ങളോടൊപ്പം ഉള്ളത്.

അമ്മയുടെ പിറന്നാൾ ആയതുകൊണ്ട് മൂത്തവൻ വിദേശത്ത് നിന്നും കഴിഞ്ഞ ദിവസം എത്തിയതാണ്.

മക്കൾക്ക് ജോലിയൊക്കെ കിട്ടിയതിനുശേഷം എല്ലാ കൊല്ലവും അവരുടെ അമ്മയുടെ പിറന്നാൾ അവർ ആഘോഷിക്കാറുണ്ട്. പക്ഷേ അച്ഛനായ തന്റെ ഒരു പിറന്നാൾ ദിനങ്ങളും
അവർ ഓർക്കാറുകൂടിയില്ല

താൻ പണ്ട് അധികം സ്നേഹമൊന്നും മക്കളോട് കാണിച്ചിട്ടില്ല… അതിനുള്ള സമയം എനിക്ക് കിട്ടിയിട്ടില്ല എന്നുള്ളതായിരുന്നു സത്യം.
അതുകൊണ്ടാവാം മക്കൾക്കും എന്നോട് അത്ര സ്നേഹമൊന്നുമില്ല എന്നെനിക്ക് തോന്നിയിട്ടുണ്ട്.

ഞാനൊരു ചെത്തുകാരനായിരുന്നു.
എന്റെ അച്ഛനും പന ചെത്തുന്ന ആളായിരുന്നു…

എന്നുവച്ച് അത് മാത്രമായിരുന്നില്ലഎന്റെ ജോലി.അത് കഴിഞ്ഞാൽ മറ്റു ജോലികൾക്കും ഞാൻ പോകുമായിരുന്നു.
കപ്പ നടാനും, കുരുമുളക് പറിക്കാനും,
പറമ്പ് ചെത്താനും. എന്ന് വേണ്ട
സകല പണിയും ചെയ്യും.
അങ്ങനെയൊക്കെയാണ് എന്റെ കുടുംബം ഞാൻ പുലർത്തിയിരുന്നത്.

എന്റെ രണ്ടാൺമക്കളെയും പഠിപ്പിച്ച്‌ ജോലിക്കാരാക്കണം, ഒരിക്കലും അവരെന്നെ പോലെ ഒരു ചെത്തുകാരനായി ജീവിതം മുന്നോട്ട് കൊണ്ടുപോകരുത് എന്നുള്ള ഒരു ആഗ്രഹം മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ..

കാരണം ചെത്തുകാരന് ഏത് നിമിഷവും അവന്റെ ജീവിതം നഷ്ടമായേക്കാം.
ഒന്ന് കാലിടറിയാൽ മതി അവന്റെ ജീവിതം അസ്തമിക്കാൻ.

അതുകൊണ്ട് എന്റെ മക്കൾ ഒരിക്കലുമിങ്ങനെ ഒരു ജോലി ചെയ്യാൻ പാടില്ലെന്ന് ഞാൻ തീരുമാനിച്ചുറപ്പിച്ചിരുന്നു.

എന്റെ ആഗ്രഹം പോലെ തന്നെ അവന്മാർ രണ്ടുപേരും നന്നായി പഠിച്ചു ഉദ്യോഗസ്ഥരുമായി.

എന്റെ ഭാര്യ നന്നായി വീട് നോക്കി.
സത്യം പറഞ്ഞാൽ അവളാണ് വഴിതെറ്റാതെ മക്കളെ ചേർത്തുപിടിച്ചു വളർത്തിയത്.
അതൊക്കെ ശരിയാണ്.

പക്ഷെ എല്ലാത്തിന്റെയും പിന്നിലുള്ള എന്റെ അധ്വാനത്തിനു മാത്രം ഒരിക്കലും വിലയില്ലായിരുന്നു….

ഇന്നീ നിമിഷം വരെ അച്ഛന്റെ കഷ്ടപ്പാടിനെ കുറിച്ച് മക്കൾ പോലും ഒരു വാക്ക് പറഞ്ഞിട്ടില്ല.

ഈ അച്ഛന്റെ ജന്മദിനങ്ങൾ മക്കൾ ഓർക്കുകയൊ ആഘോഷിക്കുകയോ ചെയ്തിട്ടില്ല…

പരാതിയില്ല. എനിക്ക് നിരത്താൻ പത്തുമാസം ചുമന്ന കണക്കില്ല….
മു.ല. യൂട്ടിയ കണക്കും, മക്കളെ വളർത്തിയ കണക്കുമില്ല….എന്റെ ഏക ലക്ഷ്യം എന്റെ കുഞ്ഞുങ്ങൾ പട്ടിണിയാകരുതെന്നും,
അവരും ചെത്തുകാർ ആകരുതെന്നും മാത്രമായിരുന്നു

മക്കൾ വളരും തോറും ആവശ്യങ്ങൾ ഏറി വന്നു. അതോടൊപ്പം എന്റെ കഷ്ടപ്പാടുകളും കൂടിവന്നു…

ഞാനൊരു എടിഎം മെഷീൻ പോലെ അവർക്ക് ആവശ്യമുള്ളപ്പോഴെല്ലാം പണം നൽകുന്നു ഒരു യന്ത്രം മാത്രമായിരുന്നു…

മക്കൾ വളർന്നതിൽ പിന്നെ ഭാര്യയും എനിക്ക് തെല്ലും വില നൽകിയില്ല.

ഇപ്പോൾ വയ്യാതായതോടുകൂടി വീട്ടിലെ നായക്ക് കൊടുക്കുന്ന പരിഗണന പോലും എനിക്ക് ഭാര്യയോ മക്കളോ തരുന്നില്ല.

എന്റെ ഇളയ മരുമകൾ മാത്രം എന്നെ പരിഗണിക്കും…

വയ്യാതാകും മുൻപ്, സിറ്റിക്ക് പോയിട്ട് വരുമ്പോൾ ഞാൻ അവൾക്ക് വാങ്ങിക്കൊടുത്ത പലഹാരപ്പൊതിയിൽ
എന്റെ സ്നേഹവും കൂടിയുണ്ടെന്ന് തിരിച്ചറിഞ്ഞത് അവൾ മാത്രമായിരുന്നു.

പുറത്തെ ആഘോഷങ്ങൾ ഇനിയും അവസാനിച്ചിട്ടില്ല എന്ന് തോന്നുന്നു.

മക്കളുടെ സുഹൃത്തുക്കളൊക്കെ ചേർന്നുള്ള മ.ദ്യ.പാന സദസ്സ് ആണെന്ന് തോന്നുന്നു . ആളുകൾ ചിരിക്കുന്നത് കേൾക്കാം..

ഞാൻ ഉറങ്ങാൻ ശ്രമിച്ചു.
പക്ഷേ എന്തുകൊണ്ടോ ഉറക്കം വരുന്നില്ല.

എന്നെ ഒരിക്കലും ആരും മനസ്സിലാക്കിയില്ലല്ലോ.
ഒരൊറ്റ തവണയെങ്കിലും അച്ഛന്റെ കഷ്ടപ്പാടിന്റെ ഭലമാണ്
ഞങ്ങളീ അനുഭവിക്കുന്ന സൗഭാഗ്യങ്ങൾ എന്ന് ഒരിക്കലും മക്കൾ ഓർത്തില്ലല്ലോ…

എനിക്കായി ഞാൻ ഒരിക്കലും ഒന്നും കരുതിയിരുന്നില്ല.
എല്ലാം എന്റെ മക്കൾക്കുള്ളതായിരുന്നു…

അല്ലെങ്കിലും അമ്മമാരുടെ ത്യാഗത്തെക്കുറിച്ച് മാത്രമേ ലോകം എഴുതിയിട്ടുള്ളൂ…

അതിന് പിറകിൽ നിശബ്ദമാക്കപ്പെട്ട, കുടുംബത്തിന് വേണ്ടി മാത്രം ജീവിച്ച്, വിലയില്ലാതായിപ്പോയ അച്ഛനെ ആരറിയാൻ..

ഞാൻ മിഴികൾ അടച്ചു….

മറ്റൊരു വീട്ടിൽ നിന്നും വന്ന എന്റെ ഇളയമരുമകൾ മാത്രം,
എനിക്ക് പരിഗണന തരുന്നുണ്ട്.

തീർച്ചയായും അവൾ അവളുടെ അച്ഛന്റെ കഷ്ടപ്പാടുകൾ കണ്ടു വളർന്ന ഒരു മകളായിരിക്കും

അതുകൊണ്ടാണ് അവൾക്ക് എന്നെയും പരിഗണിക്കാൻ തോന്നുന്നത്…

ആഹ്… എല്ലാവരും സന്തോഷത്തോടെ കഴിയട്ടെ…. അതാണ് തന്റെയും സന്തോഷം…

അല്ലെങ്കിലും എഴുതപ്പെടാതെ പോയ സ്നേഹം എന്നും അച്ഛന്റേത് മാത്രമാണല്ലോ…

 

✍️Anju Thankachan

Leave a Reply

Your email address will not be published. Required fields are marked *