കല്യാണം കഴിഞ്ഞ് മൂന്നാല് ദിവസങ്ങൾ ആയപ്പോൾ തന്നെ എനിക്ക് ഭർത്താവിന്റെയും അമ്മയുടെയും സ്വഭാവം ഏറെക്കുറെ മനസ്സിലായിരുന്നു. രണ്ട് മാസങ്ങൾ കഴിഞ്ഞ….

കല്യാണം കഴിഞ്ഞ് മൂന്നാല് ദിവസങ്ങൾ ആയപ്പോൾ തന്നെ എനിക്ക് ഭർത്താവിന്റെയും അമ്മയുടെയും സ്വഭാവം ഏറെക്കുറെ മനസ്സിലായിരുന്നു. രണ്ട് മാസങ്ങൾ കഴിഞ്ഞ ഒരു രാത്രിയിലാണ് അമ്മായിയമ്മ തനി സ്വഭാവം പുറത്തെടുത്തത്. അത്താഴം കഴിക്കാൻ ഇരിക്കുന്ന സമയത്ത്‌ അവരാണ് സംസാരത്തിനു തുടക്കം കുറിച്ചത്.

അല്ല കിരണേ, സാധാരണ ഇപ്പൊഴൊക്കെ കല്യാണം കഴിഞ്ഞാൽ മരുമോനു കാറോ ബൈക്കോ എന്തേലുമൊക്കെ കൊടുക്കും. അതൊക്കെ ഒരു നാട്ടുനടപ്പ് പോലെ ആയി. നിനക്ക് എന്താ നിന്റെ അമ്മായിയപ്പൻ തരുന്നത്?

ഇതൊക്കെ ഞാൻ കേൾക്കാൻ വേണ്ടി ആണ് പറയുന്നത് എന്ന് എനിക്ക് മനസ്സിലായിരുന്നു. പക്ഷെ ഞാൻ അവര് സംസാരിക്കുന്നത് ശ്രദ്ധിക്കാത്ത മട്ടിൽ ഭക്ഷണം കഴിച്ച് കൊണ്ടിരുന്നു. ഞാൻ ഒന്നും പറയുന്നില്ല എന്ന് കണ്ടപ്പോൾ അവർ എന്റെ നേരെ തിരിഞ്ഞു.

ലയന, നീ വേണം ഇതൊക്കെ അച്ഛനോടും അമ്മയോടും പറയാൻ,

എന്ത് പറയാൻ? ഞാൻ മനസ്സിലാകാത്തത് പോലെ ചോദിച്ചു.
ഇപ്പോ ഞാൻ വേണ്ട വിധം പ്രതികരിച്ചില്ല എങ്കിൽ ഇവരെന്റെ തോളിൽ കയറും എന്ന് മനസ്സിലായത് കൊണ്ടാണ് ഞാൻ അങ്ങനെ ചോദിച്ചത്.

അത് കിരൺ നിന്നെ കല്യാണം കഴിച്ചില്ലേ?
അപ്പൊ അവനു കിട്ടേണ്ട ചില കാര്യങ്ങൾ ഒക്കെ ഉണ്ട്‌. അതൊക്കെ കൊടുക്കണം എന്ന്.

നിങ്ങൾ എന്നെ പെണ്ണ് കാണാൻ വന്ന സമയത്തു പറഞ്ഞത് എന്താണെന്ന് ഓർമ്മ ഉണ്ടോ? ഞങ്ങൾക്കൊന്നും വേണ്ട, പെണ്ണിനെ മാത്രം മതി എന്നല്ലേ?

അത് അന്നേരം അങ്ങനെ ഒക്കെ പറയും. എന്ന് കരുതി ആരെങ്കിലും വെറുതെ അങ്ങ് ഇറക്കി വിടുമോ പെണ്ണിനെ? കൊടുക്കാനുള്ളതൊക്കെ കൊടുക്കണം.

എനിക്ക് തരാനുള്ളത് ഒക്കെ എന്റെ അച്ഛനും അമ്മയും തന്നിട്ടുണ്ടല്ലോ.

അമ്മ അർത്ഥഗർഭമായി മകനേ നോക്കി.
അത് നിനക്കല്ലേ? എന്റെ മകന് എന്ത് കൊടുത്തു എന്നാണ് ഞാൻ ചോദിക്കുന്നത്?

ഞാൻ കഴിപ്പ് നിർത്തി രണ്ടുപേരെയും നോക്കി.
ശെരി, ഞാൻ എന്ത് ചെയ്യണം എന്നാണ് നിങ്ങൾ പറയുന്നത്?

അത് കേട്ടതും അമ്മയുടെയും മകന്റെയും മുഖത്തു ഒരു ചിരി പരന്നു.

നീ ചോദിക്കണം നിന്റെ അച്ഛനോട്, കിരണിന് എന്താണ് ഒരു കാർ വാങ്ങി കൊടുക്കാത്തത് എന്ന്.?

ഞാൻ ചോദിക്കില്ല! ഞാൻ അത് ചിരിച്ചു കൊണ്ടാണ് പറഞ്ഞത്. എന്റെ കല്യാണം കിരണുമായി ഫിക്സ് ചെയ്‌തപ്പോൾ തന്നെ അച്ഛൻ എന്റെ പേർക്ക് ഒരേക്കർ സ്ഥലം രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടാതെ എന്റെ പേരിൽ അഞ്ചു ലക്ഷത്തിന്റെ ഫിക്സഡ് ഡെപ്പോസിറ്റും ഉണ്ട്‌. കൂടാതെ അവർ എനിക്ക് നല്ല വിദ്യാഭ്യാസവും നൽകിയിട്ടുണ്ട്. ഇതിൽ കൂടുതൽ ഒന്നും എന്റെ അച്ഛനും അമ്മയും ഇനി നൽകില്ല.

എങ്കിൽ ആ ഒരേക്കർ സ്ഥലം കിരണിന്റെ കൂടി പേരിൽ എഴുത്, അതല്ലേ ന്യായം.
അത് എന്ത് ന്യായം ആണെന്ന് എനിക്ക് മനസ്സിലാകുന്നില്ല അമ്മേ?
അല്ല! നിന്നെ ജീവിതകാലം മുഴുവൻ നോക്കണ്ടേ?

അത് ശരി, എന്റെ പേരിലുള്ള സ്ഥലം ഞാൻ എഴുതിത്തന്നിട്ടു വേണോ അമ്മയുടെ മോനു ഭാര്യയെ സംരക്ഷിക്കാൻ? ഭാര്യയെ നോക്കാനും സംരക്ഷിക്കാനും കഴിയാത്തവർ പെണ്ണ് കിട്ടാതിരിക്കുന്നത് നല്ലത്. അത്രയും പറഞ്ഞു ആ സംസാരം അവിടെ നിർത്തി ഞാൻ എഴുന്നേറ്റു അടുക്കളയിലേക്ക് പോയി.

കിച്ചൺ ഒന്ന് ക്ലീൻ ആക്കി കിടക്കാനായി ഞാൻ റൂമിൽ എത്തിയതും കിരൺ കൈവീശി എന്റെ വലതു കവിളിൽ ആഞ്ഞു തല്ലി. പ്രതീക്ഷിക്കാത്തത് ആയതു കൊണ്ട് ഞാൻ നിലതെറ്റി വീണുപോയി. അയാൾ എന്റെ മുടിയിൽ കൂട്ടിപിടിച്ചു നിലത്തു നിന്നും എന്നെ വലിച്ചു പൊക്കി, കവിളിൽ കൂട്ടിപിടിച്ചു പുറകോട്ടു നിരക്കി എന്നെ ഭിത്തിയോട് ചേർത്ത് നിർത്തി.

നീയാരാടി എന്റെ അമ്മയോട് തറുതല പറയാൻ?
തന്തയോടു മര്യാദക്ക് തരാനുള്ളത് ഇങ്ങ് തന്നേക്കാൻ പറഞ്ഞോണം. അങ്ങനെ ആണെങ്കിൽ നിനക്കു മനസ്സമാധാനത്തോടെ ഇവിടെ എന്റെ ഭാര്യ ആയി ജീവിക്കാം. ഇല്ലെങ്കിൽ കിരൺ ആരാണെന്നു നീ ശരിക്കുമറിയും.

എന്റെ കവിളുകൾ മുറിഞ്ഞു വായക്കുള്ളിൽ ചോര കിനിയാൻ തുടങ്ങിയിരുന്നു. ഞാൻ രണ്ട് കൈ കൊണ്ടും അയാളെ ആഞ്ഞു തള്ളി മാറ്റാൻ ശ്രമിച്ചു. അതോടെ കിരൺ കൈ വലിച്ചെടുത്തു വീണ്ടും എന്റെ കവിളുകളിൽ ആഞ്ഞു തല്ലി.

നീയെന്നോട് മത്സരിക്കുന്നോ പട്ടിച്ചി?
വീട്ടിൽ നിന്നും ഒന്നും ഞാൻ ആവിശ്യപ്പെടില്ല എന്ന് പറഞ്ഞതിന്റെ ദേഷ്യം മുഴുവൻ അയാൾ എന്റെ ശരീരത്തിൽ തീർത്തു കൊണ്ടിരുന്നു. അടിയുടെ സൗണ്ടും എന്റെ കരച്ചിലും കേട്ടു അമ്മായിയമ്മ റൂമിനു മുന്നിൽ വന്നു നോക്കി.

“കൊടുക്കെടാ അവൾക്കു, രണ്ടെണ്ണം കൂടുതൽ കൊടുക്ക്‌, എന്നിട്ട് മര്യാദക്ക് ആ സ്ഥലം നിന്റെ പേരിൽ ആക്കിതരാൻ പറ”.

അവർ മകനേ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു.
എന്റെ ആത്മാഭിമാനം വ്രണപ്പെട്ട രാത്രി ആയിരുന്നത്. അയാളുടെ ഭാര്യ ആയി ആ ഒരു രാത്രി കൂടിയേ ആ വീട്ടിൽ നിൽക്കൂ എന്നത് ഞാൻ തീരുമാനിച്ചു കഴിഞ്ഞിരുന്നു. കാരണം വിവാഹം കഴിഞ്ഞു എന്നതിന്റെ പേരിൽ എന്തും സഹിച്ചു അങ്ങനെ ഒരു വീട്ടിൽ നിലനിന്നു പോരുന്നതിനോട് എനിക്ക് ഒട്ടും യോജിപ്പില്ലായിരുന്നു. കിരണിന്റെയും അമ്മയുടെയും സ്വഭാവം ഇനിയും ഇതുതന്നെ ആയിരിക്കുമെന്നും സമാധാനമോ സന്തോഷമോ ഉള്ള ജീവിതം പ്രതീക്ഷിക്കേണ്ടതില്ലെന്നും ഞാൻ മനസ്സിലാക്കി. എല്ലാം മാറും എന്ന് പ്രതീക്ഷിച്ചു ഒരു പരീക്ഷണത്തിനായി എന്റെ വിലപ്പെട്ട ജീവിതം പാഴാക്കാനും ഞാൻ തയ്യാറായിരുന്നില്ല.

പിറ്റേന്ന് രാവിലേ ഞാൻ ഒരു ഓട്ടോ വിളിച്ചു പോലീസ് സ്റ്റേഷനിൽ പോയി. കിരണിനെതിരെയും അമ്മയ്ക്കെതിരെയും ഗാർഹിക പീഡനത്തിന്റെ പേരിലും സ്ത്രീധന നിരോധന നിയമത്തിന്റെ പേരിലും കേസ് കൊടുത്തു. എന്റെ മുഖത്തും കയ്യിലും പുറത്തും ഒക്കെ തലേന്ന് രാത്രിയിലെ മർദ്ദനത്തിന്റെ ഭാഗമായി ചോര ചതഞ്ഞു കരിനിലിച്ചു കിടപ്പുണ്ടായിരുന്നു. പരാതി കൊടുത്തതിനു ശേഷം ഞാൻ നേരെ പോയത് ഒരു വക്കീലിനെ കാണാൻ ആയിരുന്നു. കാര്യങ്ങൾ വ്യക്തമാക്കിയതിനു ശേഷം ഡിവോഴ്സിന്റെ നടപടികളെക്കുറിച്ച് ഞാൻ ചോദിച്ചു മനസ്സിലാക്കി. എല്ലാം കഴിഞ്ഞു ഞാൻ ടൗണിൽ തന്നെയുള്ള ഒരു ക്ലിനിക്കിൽ പോയി ചതവിനുള്ള മരുന്ന് വാങ്ങി. അവിടെയും ഡോക്ടറുടെ ചോദ്യങ്ങൾക്കു കൃത്യമായി മറുപടി കൊടുത്തു. കാരണം കേസിന്റെ നടപടികൾക്ക് ബലം കൂട്ടാൻ ഡോക്ടറുടെ മൊഴിയും പ്രാധാന്യമുള്ളതാണെന്നു എനിക്കറിയാമായിരുന്നു.

തിരികെ വീട്ടിലെത്തി എന്റെ പെട്ടികൾ പാക്ക് ചെയ്യുന്ന സമയം കൊണ്ട് പോലീസ് ജീപ്പ് വീടിന്റെ മുന്നിലെത്തി. അമ്മയും മകനും ഒട്ടും പ്രതീക്ഷിക്കാത്തത് ആണ് അവിടെ നടന്നത്. രണ്ടുപേരെയും അറസ്റ്റ് ചെയ്തു സ്റ്റേഷനിലേക്ക് കൊണ്ട് പോയി. ഞാൻ എന്റെ അച്ഛനെയും അമ്മയെയും വിളിച്ചു കാര്യങ്ങൾ പറഞ്ഞു. ഒരു മണിക്കൂറിനകം അവർ എത്തി. എന്റെ ശരീരത്തിലെ പാടുകൾ കണ്ടു അമ്മയും അച്ഛനും കരഞ്ഞുപോയി. എന്റെ നിലപാട് അവരെ അറിയിച്ചതും അച്ഛൻ എന്നെ ചേർത്ത് പിടിച്ചു.

മോളെ നീ ചെയ്തത് തന്നെയാ ശരി, ആട്ടും തുപ്പും അടിയും തൊഴിയുമേറ്റു ഇവിടെ നിൽക്കേണ്ട കാര്യം ഇല്ല. നമ്മുക്ക് വീട്ടിൽ പോകാം. ഇരുപത്തി നാല് വയസ്സ് വരെ നിന്നെ നോക്കാൻ അറിയാമെങ്കിൽ ഇനിയും അച്ഛന് അത് സാധിക്കും.

അച്ഛൻ എന്റെ മൂർദ്ധാവിൽ ചുംബിച്ചു. ഞങ്ങൾ നേരെ പോലീസ് സ്റ്റേഷനിൽ എത്തി.

അവിടെ പോലീസ്കാർ കിരണിനെ കാണേണ്ടത് പോലെ കണ്ടിരുന്നു. ചുണ്ടൊക്കെ അടിയേറ്റ് വീർത്തിരിപ്പുണ്ട്. കിരണിന്റെ അമ്മ തല കുനിച്ചു ഒരു ബെഞ്ചിൽ മൂലക്ക് ഇരിപ്പുണ്ട്.

ഞാൻ കിരണിന്റെ മുന്നിൽ ചെന്നു നിന്നു. കഴുത്തിൽ കിടക്കുന്ന താലിമാല ഊരി അയാളുടെ മുഖത്തേക്ക് എറിഞ്ഞു കൊടുത്തു.
നിന്റെ അടിയും തൊഴിയും കൊണ്ട് ഞാൻ എന്നും നിൽക്കുമെന്ന് കരുതിയോ? നിനക്കു തെറ്റി, എല്ലാ പെണ്ണുങ്ങളെയും പോൽ അവസാനം വരെ സഹിക്കാനും ഒടുക്കം ഒരു മുഴം കയറിലോ ഒരു കുപ്പി വിഷത്തിലോ ഒടുങ്ങാൻ മാത്രം മണ്ടിയല്ല ഞാൻ. എന്റെ ജീവിതം എനിക്കത്രയും വിലപെട്ടതാണ്. ഇനി നമ്മുക്ക് കോടതിയിൽ കാണാം.
ദാ ഇതുകൂടി.. പറഞ്ഞതും ഞാൻ എല്ലാ ശക്തിയും വലതു കൈയ്യിലേക്ക് ആവാഹിച്ചു കിരണിന്റെ കരണം നോക്കി ഒരെണ്ണം പൊട്ടിച്ചു.

നീ എന്നെ ചെയ്ത കൊല്ലാക്കൊലയ്ക്ക് ഇതെങ്കിലും തന്നില്ലെങ്കിൽ ജീവിതകാലത്ത് എനിക്കൊരു സമാധാനം തോന്നില്ല.

അപ്പോഴേക്കും വനിതാ പോലീസ് ഓടി വന്നു എന്നെ പിടിച്ചു മാറ്റി.

ഹേയ്, എന്താ കാണിക്കുന്നത്? കസ്റ്റഡിയിൽ ഉള്ള യാളെ നിങ്ങൾ തല്ലാൻ പാടില്ല.
ഞാൻ അമ്മയെന്നു പറയുന്ന ആ സ്ത്രീയെ നോക്കി. അഹങ്കാരത്തിന്റെയും വിവരമില്ലായ്മയുടെയും ആൾരൂപമായ ആ സ്ത്രീയോട് എനിക്കൊന്നും പറയാൻ ഇല്ലായിരുന്നു. അവർക്കുള്ളത് കോടതി കൊടുക്കട്ടെ. അച്ഛന്റെയും അമ്മയുടെയും കൈപിടിച്ച് ഞാൻ അവിടെ നിന്നിറങ്ങി. സമാന അനുഭവങ്ങൾ ഉള്ള പെൺകുട്ടികൾക്ക് എന്റെ അനുഭവം ഒരു പ്രചോദനം ആകുമെന്ന് എനിക്കുറപ്പുണ്ട്.

വിവാഹം കഴിഞ്ഞതിന്റെ പേരിൽ ഭർത്താവിന്റെ വീട്ടിൽ ചെണ്ടയായി നിൽക്കേണ്ട ആവിശ്യം ഒരു പെണ്ണിനും ഇല്ല. ആദ്യത്തെ വട്ടം ശരീരത്തു കൈവെക്കുമ്പോൾ തന്നെ മനസ്സിലാക്കി കൊള്ളുക, ഇത് നിങ്ങൾക്കുള്ള ജീവിതം അല്ലെന്ന്. വിവാഹം എന്നത് ഒരു പെൺകുട്ടികൾക്കും കെണി ആകാൻ പാടില്ല .
ഞാൻ അച്ഛന്റെയും അമ്മയുടെയുംമുഖത്തേക്ക് നോക്കി.
അച്ഛൻ എന്നെ ചേർത്ത് പിടിച്ചു. അമ്മ തലയിൽ തലോടി.

ഞാൻ ഓർക്കുകയായിരുന്നു എല്ലാ പെൺകുട്ടികൾക്കും സ്വന്തം വീട്ടിൽ നിന്നും ഇങ്ങനെ ഒരു സപ്പോർട്ട് കിട്ടിയിരുന്നു എങ്കിൽ എത്ര പേര് ഇന്ന് ജീവനോടെ കണ്ടേനെ എന്ന്.

✍️Soumya Sabu

Leave a Reply

Your email address will not be published. Required fields are marked *