എന്റെ ഭാര്യ അന്ത്യശ്വാസം വലിക്കുകയാണ്.
അവൾ എത്രയും പെട്ടെന്ന് മരിക്കണേ എന്ന് പ്രാർത്ഥിച്ചുകൊണ്ട് ഞാനവളുടെ അരികിൽ അക്ഷമനായി കാത്തുനിന്നു.
എന്റെ പ്രാർത്ഥനയിൽ ക്രൂരതയുണ്ടെന്ന് നിങ്ങൾക്കു തോന്നുന്നുണ്ടോ?
ഉണ്ടാവാം….
പക്ഷേ, ആ പ്രാർത്ഥനയ്ക്കു പിന്നിൽ പതിനാറു വർഷം നീണ്ടുനിന്ന ഒരു കാത്തിരിപ്പുണ്ടായിരുന്നു,മരണം വേർപെടുത്തിയ എന്റെ പ്രണയത്തെ വീണ്ടും എന്റെ കൈകളിലേക്ക് തിരിച്ചുതരാനുള്ള ഒരു പ്രാർത്ഥന.
ഡോക്ടർ അവളെ പരിശോധിച്ചശേഷം ഹൃദയമിടിപ്പ് വീണ്ടെടുക്കാനുള്ള ശ്രമം തുടർന്നു.
മുറിയിൽ യന്ത്രങ്ങളുടെ ശബ്ദം മാത്രം.
അവളുടെ നെഞ്ചിൽ ഡോക്ടറുടെ കൈകൾ അമരുമ്പോഴെല്ലാം എന്റെ ഉള്ളവും വേദനകൊണ്ട് പിടഞ്ഞു. അവളെ രക്ഷിക്കണമെന്ന് ഒരിക്കൽപ്പോലും ആഗ്രഹിക്കാത്തവനല്ല ഞാൻ. പക്ഷേ, അവൾക്കുവേണ്ടി ഈ ഭൂമിയിൽ ഇനിയും കാത്തിരിക്കാനുള്ള കരുത്ത് എന്റെ ആത്മാവിന് നഷ്ടപ്പെട്ടിരുന്നു.
മോണിറ്ററിലെ പച്ചവരകൾ പതുക്കെ നിശ്ചലമായി.
ഡോക്ടർ അവളുടെ നെഞ്ചിൽനിന്ന് കൈകൾ പിൻവലിച്ചു. സ്റ്റെതസ്കോപ്പ് വെച്ച് ഹൃദയമിടിപ്പ് പരിശോധിച്ചു. നാഡിമിടിപ്പും കണ്ണുകളിലെ പ്രതികരണവും നോക്കി.
പിന്നീട് അയാൾ വാച്ചിലേക്ക് കണ്ണോടിച്ചു.
സമയം 7.50.
അയാൾ അവളുടെ മരണസമയം രേഖപ്പെടുത്തി.
അരികിലുണ്ടായിരുന്ന നഴ്സ് അവളുടെ മുഖത്തുനിന്ന് ഓക്സിജൻ മാസ്ക് പതുക്കെ എടുത്തുമാറ്റി.
അവളുടെ കണ്ണുകൾ പാതി തുറന്നുകിടന്നു,
എന്നെ കാത്തിരുന്നെന്നപോലെ…
എന്റെ ചുണ്ടുകളിൽ പതിനാറു വർഷത്തിനുശേഷം ഒരു പുഞ്ചിരി വിടർന്നു.
കണ്ണുകളിൽ സന്തോഷത്തിന്റെ കണ്ണുനീർ നിറഞ്ഞു.
എന്റെ പെണ്ണ് വരികയാണ്.
പതിനാറു വർഷങ്ങൾക്കുശേഷം അവൾ വീണ്ടും എന്റെ അരികിലേക്ക് വരികയാണ്.
എനിക്ക് മുപ്പതുവയസ്സുള്ളപ്പോഴാണ് ഒരു അപകടത്തിന്റെ രൂപത്തിൽ വിധി ഞങ്ങൾക്കിടയിലേക്ക് കടന്നുവന്നത്.
പതിവ് പോലെ ഒരു ദിവസം രാവിലെയവൾ എനിക്കുവേണ്ടി ചായയുണ്ടാക്കിക്കൊണ്ടിരിക്കുകയായിരുന്നു,അവളുടെ നെറ്റിയിലെ ചുവന്ന പൊട്ടിൽ ഒരു മുത്തം കൊടുത്തുകൊണ്ട് ഞാൻ പറഞ്ഞു:
വൈകിട്ട് ഞാൻ വരുമ്പോഴേക്കും പിള്ളേരുമായി റെഡി ആയി നിന്നോ നമുക്കൊരു സിനിമയ്ക്ക് പോകാം..
അവൾ എന്നെ നോക്കിയൊന്നു ചിരിച്ചു.
എന്നും പുറത്തുപോകണം,കറങ്ങി നടക്കണം, മൂന്നാലു ചായ കുടിക്കണം… അതല്ലാതെ വേറെ പണിയൊന്നുമില്ലേ…..
ഉണ്ടല്ലോ…..
എന്താ?
അവൾ ചിരിച്ചപ്പോൾ കവിളിലുണ്ടായ ചെറിയ നുണക്കുഴിയിൽ വിരലോടിച്ചുകൊണ്ട് ഞാൻ പറഞ്ഞു,നിന്നെ എന്നും ഇങ്ങനെ സ്നേഹിക്കണം.
അയ്യടാ!!!അവളെന്നെ നോക്കി കണ്ണിറുക്കി…
കുറച്ചു കഴിഞ്ഞു ഞാൻ ജോലിക്ക് പോകാനായി ബൈക്ക് സ്റ്റാർട്ട് ആക്കുന്നതിനിടയിൽ ഉമ്മറത്ത് നിന്നവൾ ചോദിച്ചു,
വൈകിട്ട് നേരത്തെ തന്നെ വരൂല്ലോ അല്ലെ?
തിരിഞ്ഞുനിന്ന് ഞാനവളോട് പറഞ്ഞു:
ഞാൻ എവിടെപ്പോയാലും നിന്റെ അടുത്തേക്ക് തിരിച്ചുവരാതിരിക്കുമോ?
അവൾ ചിരിച്ചു.കൂടെ ഞാനും.
ആ ചിരി എന്റെ ജീവിതത്തിലെ അവസാനത്തെ ഓർമയാകുമെന്ന് ഞങ്ങളപ്പോൾ അറിഞ്ഞിരുന്നില്ല.
അന്നത്തെ യാത്രയ്ക്കുശേഷം ഞാൻ തിരിച്ചുവന്നത് ഒരു വെള്ളത്തുണിയിൽ പൊതിഞ്ഞ ശരീരമായിട്ടായിരുന്നു.
അവളുടെ കൈകളിലേക്ക് തിരിച്ചെത്താമെന്ന് വാക്കുകൊടുത്തവൻ, അവൾക്കുവേണ്ടി തിരിച്ചറിയാനാവാത്തവിധം തകർന്നുപോയൊരു ശരീരമായി മടങ്ങിയെത്തി.
അന്നാ ആശുപത്രിയുടെ വെള്ളച്ചുവരുകൾക്കുള്ളിൽ എന്റെ ശരീരം നിശ്ചലമായി കിടക്കുമ്പോൾ അവളുടെ ലോകം മുഴുവൻ അവസാനിച്ചതുപോലെയായിരുന്നു.
എന്റെ മുഖത്തുനിന്ന് വെള്ളത്തുണി മാറ്റിയപ്പോൾ അവൾ എന്റെ മേൽ കൈവെച്ചു.
എഴുന്നേൽക്ക് …എന്നോട് മിണ്ടാതെയിങ്ങനെ കിടക്കല്ലേ…
അവൾ എന്റെ നെഞ്ചിൽ മുഖംചേർത്ത് കരഞ്ഞു.
നിങ്ങൾക്ക് ഞാനില്ലാതെ ജീവിക്കാൻ പറ്റില്ലെന്ന് പറഞ്ഞിട്ട്… എന്നെ ഒറ്റയ്ക്കാക്കി എവിടെയാ പോയത്?”
ആ ചോദ്യത്തിന് ഉത്തരം പറയാൻ എനിക്ക് കഴിഞ്ഞില്ല.
കാരണം, ഞാൻ അവിടെയുണ്ടായിരുന്നു.
അവളുടെ തൊട്ടരികിൽ.
അവളെ ചേർത്തുപിടിക്കാൻ കൈകൾ നീട്ടിക്കൊണ്ട് പക്ഷേ, എന്റെ കൈകൾ അവളിലൂടെ കടന്നുപോയി.
അവളുടെ കണ്ണുനീർ തുടയ്ക്കാൻ എനിക്ക് കഴിഞ്ഞില്ല.
അവളുടെ നെറ്റിയിൽ ഒരുമ്മ കൊടുക്കാൻ കഴിഞ്ഞില്ല.
ജീവിച്ചിരുന്നപ്പോൾ ഒരിക്കലും അവളെ തനിച്ചാക്കില്ലെന്ന് വാക്കുകൊടുത്ത ഞാൻ, മരിച്ചുകഴിഞ്ഞപ്പോൾ അവളുടെ കണ്ണുനീർ തുടയ്ക്കാൻപോലും കഴിയാത്തവനായി മാറി.
അന്നാണ് ഞാൻ മനസ്സിലാക്കിയത്.
മരണം എന്നത് ഒരാൾ മരിച്ചുപോകുന്നതു മാത്രമല്ല. അയാൾ ഏറ്റവും സ്നേഹിച്ച ഒരാൾക്കരികിൽ ഉണ്ടായിട്ടും അയാളെ തൊടാൻ കഴിയാതെ പോകുന്നതുകൂടിയാണെന്ന്.
ന്ഞാൻ മരിച്ചു കർമങ്ങൾ ഒക്കെ കഴിഞ്ഞ ശേഷം ബന്ധുക്കൾ അവളോട്
പറഞ്ഞു,
കാലം എല്ലാം സുഖപ്പെടുത്തും.
പക്ഷേ, അവർക്കറിയില്ലായിരുന്നു കാലം ചില മുറിവുകൾ ഉണക്കുകയല്ല ചെയ്യുന്നത്. മുറിവിനൊപ്പം ജീവിക്കാൻ മനുഷ്യനെ പഠിപ്പിക്കുകയാണ് ചെയ്യുന്നതെന്ന്.
അവൾ മറ്റൊരു വിവാഹം കഴിച്ചില്ല.
അത് ജീവിതത്തോട് തോറ്റുകൊടുത്തതുകൊണ്ടല്ലഎന്നോടുണ്ടായിരുന്നത് അവളുടെ ജീവിതത്തിലെ അവസാനത്തെ പ്രണയമായതുകൊണ്ടായിരുന്നു.
പറക്കമുറ്റാത്ത ഞങ്ങളുടെ മക്കൾക്കുവേണ്ടി അവൾ ജീവിച്ചു.അവൾ അവരുടെ കൂടെ നിന്നു,അവരുടെ സ്വപ്നങ്ങൾക്കൊപ്പം നടന്നു.
അവരുടെ ഓരോ വിജയത്തിലും അവൾ ചിരിച്ചു……
പക്ഷേ,ചില രാത്രികളിൽ എല്ലാവരും ഉറങ്ങിക്കഴിയുമ്പോൾ അവൾ എന്റെ പഴയ ഫോട്ടോ നെഞ്ചോടുചേർത്തുപിടിച്ച് കരയുന്നത് ഞാൻ കണ്ടിട്ടുണ്ട്.
അത്തരം രാത്രികളിൽ ഞാൻ അവളുടെ കട്ടിലിനരികിൽ വന്നിരിക്കും.
അവളുടെ മുടിയിഴകളിലൂടെ വിരലോടിക്കാൻ ശ്രമിക്കും.
പെണ്ണേ കരയല്ലേ എന്ന് പറയും ..
പക്ഷെ എന്റെ ശബ്ദം അവളിലേക്കെത്തില്ല.
അവളെന്റെ ഫോട്ടോയിൽ ചുണ്ടുചേർക്കുമ്പോൾ എന്റെ ആത്മാവ് നിലവിളിക്കും.
ജീവിച്ചിരുന്നപ്പോൾ അവളുടെ നെറ്റിയിൽ എത്രയോ തവണ ചുംബിച്ചിട്ടുള്ളതാണ് ഞാൻ….പക്ഷെ ഇന്നവൾ ചുംബിക്കുന്നത് എന്റെ ചിത്രത്തെയാണ്.
എന്റെ ഹൃദയത്തോട് ചേർത്തുപിടിക്കേണ്ട അവളെ, ഒരു ചില്ലുഫ്രെയിമിനുള്ളിൽനിന്ന് നോക്കിനിൽക്കേണ്ടിവരുന്ന ഈ അവസ്ഥയേക്കാൾ വലിയ ശിക്ഷ മരണത്തിനുപോലും എനിക്ക് തരാനുണ്ടായിരുന്നില്ല…….
രാത്രിയുടെ നിശ്ശബ്ദതയിൽ എല്ലാവരും ഉറങ്ങിക്കഴിയുമ്പോൾഎന്നും ഞാൻ അവളുടെ അരികിലെത്തും.അവളെ കണ്ണുനിറയെ കണ്ടുനിൽക്കും.
ഉറക്കത്തിൽ അവളുടെ നെറ്റിയിലേക്ക് വീണുകിടക്കുന്ന മുടിയിഴകൾ കാണുമ്പോൾ അവ പഴയതുപോലെ മാറ്റിയിടാൻ തോന്നും.
അവളുടെ മുഖത്തേക്ക് നോക്കുമ്പോൾ വർഷങ്ങൾക്കുമുമ്പ് ഞങ്ങളുടെ ആദ്യരാത്രിയിൽ നാണത്തോടെ തലകുനിച്ചിരുന്ന പെണ്ണിനെയാണ് ഞാൻ ഓർക്കുക.
അന്നവൾ എന്റെ അരികിലിരുന്ന് വിരലുകൾ തമ്മിൽ കോർത്തുകൊണ്ട് ചോദിച്ചിരുന്നു,
നിങ്ങൾക്ക് എന്നെ ഒരുപാട് ഇഷ്ടമാണോ?
അന്നേരം ഞാൻ അവളുടെ കൈപ്പത്തിയിൽ ചുംബിച്ചുകൊണ്ട് പറഞ്ഞു,
ഇഷ്ടമാണ്,ഒരുപാട്…..
അത് നിനക്ക് വയസ്സാകുമ്പോഴും,മുടി നരയ്ക്കുമ്പോഴും, പല്ല് കൊഴിയുമ്പോഴും ഇതേ ഇഷ്ടം തന്നെയായിരിക്കും.”
അവൾ പൊട്ടിച്ചിരിച്ചു.
അയ്യേ! അപ്പോഴേക്കും നിങ്ങൾക്കെന്നെ മടുത്തുപോകില്ലേ?
എനിക്ക് മടുക്കുന്നത് നിന്നെയല്ല പെണ്ണേ, നീയില്ലാത്ത ഒരു ജീവിതത്തെയാണ്.
അന്നവൾ എന്റെ തോളിൽ തലചായ്ച്ച് കൊണ്ട് പറഞ്ഞു എങ്കിൽ ഒരു കാര്യം എനിക്ക് വാക്കുതരണം.”
എന്താ?
ഞാൻ മരിക്കുന്നതുവരെ എന്നെ ഇങ്ങനെതന്നെ സ്നേഹിക്കണം.”
ഞാൻ അവളുടെ നെറ്റിയിൽ ചുംബിച്ചു.
നീ മരിച്ചാലും എന്റെ പ്രണയം മരിക്കില്ല.
അന്നതൊരു പ്രണയവാക്കായിരുന്നു.
ഇന്നതാണ് എന്റെ ജീവിതം.
അവൾ ഉറങ്ങിക്കിടക്കുന്ന മുറിയുടെ ജനാലയ്ക്കരികിൽനിന്ന് ഞാൻ എത്രയോ രാത്രികളിൽ ചോദിച്ചിട്ടുണ്ട്,
എന്റെ പെണ്ണേ, നീ ഇന്നും എന്നെ ഓർക്കുന്നുണ്ടല്ലോ, അല്ലേ?
ഉറക്കത്തിൽ അവൾ ചെറുതായൊന്ന് പുഞ്ചിരിക്കുമ്പോൾ, എന്നെ ഓർത്തായിരിക്കുമോ ആ പുഞ്ചിരിയെന്ന് ഞാൻ വെറുതെയെങ്കിലും ചിന്തിച്ചിട്ടുണ്ട്.
പിന്നെ അവളുടെ അരികിൽനിന്ന് പതുക്കെ മടങ്ങും.
പോകുമ്പോൾ ഓരോ തവണയും തിരിഞ്ഞുനോക്കും.
അവളെ വിട്ടുപോകാൻ എനിക്കൊരിക്കലും മനസ്സുവന്നിരുന്നില്ല.
പക്ഷേ, ആ വീടിന്റെ ചുവരുകൾക്കുള്ളിൽ എനിക്കവളുടെ ഓർമയായി മാത്രമേ ജീവിക്കാൻ കഴിയുമായിരുന്നുള്ളൂ.
എല്ലാ വൈകുന്നേരങ്ങളിലും അവൾ എന്റെ അസ്ഥിത്തറയിരിക്കുന്ന തെക്കേ പറമ്പിലുള്ള മൂവാണ്ടൻ മാവിന്റെ ചുവട്ടിലെത്തും.
ആദ്യം കുറച്ചുനേരമവൾ മിണ്ടാതിരിക്കും.
പിന്നെ, അന്നത്തെ വിശേഷങ്ങളെല്ലാം വള്ളിപുള്ളി വിടാതെ എന്നോട് പറയാൻ തുടങ്ങും.
അറിയോ, നമ്മുടെ മോൻ രാവിലെ എന്നോട് ദേഷ്യപ്പെട്ടു.അവന് ഇഷ്ടമുള്ള കറി ഞാൻ ഉണ്ടാക്കിക്കൊടുത്തില്ലെന്ന്….. നിങ്ങളായിരുന്നെങ്കിൽ അവനെ ഒന്ന് വഴക്കുപറയുമായിരുന്നു.
അത് കേട്ട് ഞാൻ അവളുടെ അരികിലിരുന്ന് ചിരിക്കും.
അവൾ വീണ്ടും പറയും.
പക്ഷേ,ദേ ഇപ്പൊ വൈകുന്നേരമായപ്പോൾ അവനെന്റെ അടുത്തുവന്ന് കെട്ടിപ്പിടിച്ചു. നിങ്ങളെപ്പോലെത്തന്നെയാ അവനും. ദേഷ്യം വന്നാൽ മുഖം വീർപ്പിച്ചിരിക്കും. പിന്നെ കുറച്ചുകഴിയുമ്പോൾ വന്ന് സ്നേഹം കാണിക്കും.”
അവളുടെ ചിരിയിൽ ഞങ്ങളുടെ മകന്റെ കുട്ടിക്കാലം തെളിഞ്ഞുവരും.
ചിലപ്പോൾ അവൾ മണ്ണിൽ പതിയെ വിരലോടിച്ചുകൊണ്ട് പറയും:
നിങ്ങൾ പോയതിൽപ്പിന്നെ ഞാനൊരുപാട് മാറിപ്പോയി,അറിയോ? പഴയതുപോലെ പെട്ടെന്ന് ദേഷ്യം വരാറില്ല. ആരോടും പിണങ്ങി മിണ്ടാതിരിക്കാറില്ല. ജീവിതത്തിൽ എന്തൊക്കെ സംഭവിച്ചാലും ഒടുവിൽ ഞാൻ നിങ്ങളോട് പറയാൻ വരുമായിരുന്നു. ഇപ്പോൾ പറയാൻ ഒരുപാട് കാര്യങ്ങളുണ്ട്. പക്ഷേ, കേൾക്കാൻ നിങ്ങളില്ലല്ലോ..
അവളുടെ ശബ്ദം ഇടറുമ്പോൾ എന്റെ ആത്മാവുപോലും കരഞ്ഞുപോകും.
ഞാനിവിടെയുണ്ട്, പെണ്ണേ…
ഞാൻ അവളുടെ കൈകളിൽ തൊടാൻ ശ്രമിക്കും.
നിന്റെ ഓരോ വാക്കും ഞാൻ കേൾക്കുന്നുണ്ട്. നീ ചിരിക്കുമ്പോൾ ഞാനും ചിരിക്കുന്നുണ്ട്. നീ കരയുമ്പോൾ എന്റെ നെഞ്ചും പിടയുന്നുണ്ട്. നീയറിയുന്നില്ലെന്നേയുള്ളൂ.
പക്ഷേ, എന്റെ വാക്കുകൾ അവളിലേക്കെത്തില്ല.
അവൾക്കു കാണാൻ കഴിയുന്നത് എന്റെ അസ്ഥിത്തറ മാത്രമാണ് എനിക്ക് കാണാൻ കഴിയുന്നത് എന്റെ ജീവിതമായിരുന്ന അവളെയും.
ചില ദിവസങ്ങളിൽ അവൾ സന്തോഷത്തോടെ വരും.
“ദേ, ഇന്ന് നമ്മുടെ മോൻ എന്നെ പുറത്തുകൊണ്ടുപോയി.അവനൊരു പെൺകുട്ടിയെ ഇഷ്ടമാണത്രേ!”
അവൾ ചിരിച്ചുകൊണ്ട് മാവിൽ ചാരിയിരിക്കും.
“ശോ! അവൻ വലിയ ചെക്കനായി.മീശയൊക്കെ വന്നു. നിങ്ങൾ കൂടെയുണ്ടായിരുന്നെങ്കിൽ നമ്മൾ രണ്ടുപേരും കൂടി അവനെ കളിയാക്കുമായിരുന്നു. അവന്റെ മുഖം അപ്പോളൊന്നു കാണേണ്ടതായിരുന്നു!”
ഞാൻ അവളോടൊപ്പം ചിരിക്കും.
അവളുടെ കണ്ണുകളിലെ തിളക്കം കാണുമ്പോൾ എനിക്കും സന്തോഷം തോന്നും.
അടുത്ത നിമിഷം തന്നെ ആ സന്തോഷത്തിനുള്ളിൽ ഒരു വേദന മുളച്ചുവരും.
അവന്റെ ആദ്യപ്രണയത്തെക്കുറിച്ച് അവൾ പറയുമ്പോൾ അരികിലിരുന്ന് കേൾക്കേണ്ടത് ഞാനായിരുന്നു.
അവന്റെ വിവാഹാലോചനകൾക്കിടയിൽ അവളോടൊപ്പം അഭിപ്രായം പറയേണ്ടത് ഞാനായിരുന്നു.
ഞങ്ങളുടെ മക്കളുടെ ജീവിതത്തിൽ എനിക്കായി ഒഴിഞ്ഞുകിടക്കുന്ന ഓരോ ഇടവും എന്റെ ആത്മാവിനെ വേദനിപ്പിച്ചു.
മറ്റുചില ദിവസങ്ങളിൽ അവൾ ഒന്നും മിണ്ടാതെ എന്റെ അസ്ഥിത്തറയ്ക്കരികിൽ ഇരിക്കും.
അവളുടെ മൗനംപോലും എനിക്ക് വായിക്കാൻ കഴിയുമായിരുന്നു.
എന്തുപറ്റി, പെണ്ണേ?
ഞാൻ ഉള്ളിൽ ചോദിക്കും.
അവൾ ഏറെനേരം കഴിഞ്ഞ് പതുക്കെ പറയും,
മോളുടെ കല്യാണം കഴിഞ്ഞവൾ അവളുടെ ഭർത്താവിന്റെ വീട്ടിലേക്ക് പോയി.എല്ലാവരും സന്തോഷത്തിലായിരുന്നു.പക്ഷേ, എനിക്കെന്തോ വല്ലാത്ത സങ്കടം തോന്നുന്നു.
അവൾ കണ്ണുനീർ തുടച്ചു,
ഇന്നവൾ യാത്രപറഞ്ഞിറങ്ങിയപ്പോൾ നിങ്ങളെന്റെ കൈ പിടിച്ചുനിന്നിരുന്നെങ്കിൽ എന്ന് വെറുതെ ആഗ്രഹിച്ചുപോയി.നമ്മുടെ മകളെ മറ്റൊരാളുടെ കൈപിടിച്ചേൽപ്പിക്കുമ്പോൾ നിങ്ങൾ എന്റെ അരികിൽ നിൽക്കേണ്ടതായിരുന്നു.”
അവൾ മുഖം കുനിച്ചു കരഞ്ഞു,
എല്ലാവരും എന്റെ കൂടെയുണ്ടായിരുന്നു. എന്നിട്ടും എന്തോ ഭയങ്കര ഒറ്റപ്പെടലായിരുന്നു.”
ഞാൻ അവളെ ചേർത്തുപിടിക്കാൻ ശ്രമിച്ചു,
അവളുടെ തോളിൽ കൈവെച്ച് ആശ്വസിപ്പിക്കാൻ ആഗ്രഹിച്ചു
എന്നാൽ എന്റെ കൈകൾ അവളെ തൊടാതെ കടന്നുപോയി…
അങ്ങനെ അവളെ ആശ്വസിപ്പിക്കേണ്ട സമയങ്ങളിലെല്ലാം നിസ്സഹായനായി നിന്നിട്ടുള്ള ഈ പതിനാറ് വർഷങ്ങൾ എന്നെ പഠിപ്പിച്ച ഒരു സത്യമുണ്ട്,
സ്നേഹിക്കുന്നവരുടെ അരികിലുണ്ടായിരിക്കുക എന്നതല്ല സ്നേഹം അവർക്ക് നമ്മളെ ആവശ്യമുള്ളപ്പോൾ അവരെ ചേർത്തുപിടിക്കാൻ കഴിയുക എന്നതുകൂടിയാണ്.
ഞങ്ങളുടെ പഴയ കിടക്കയുടെ ഒഴിഞ്ഞ പകുതിയിൽ അവൾ കിടക്കുമ്പോൾ,ആ ഒഴിഞ്ഞ ഇടം നികത്താൻ എനിക്ക് എത്രയോ തവണ ആഗ്രഹം തോന്നിയിട്ടുണ്ട്.
അവൾ തലയിണയിൽ മുഖംചേർത്ത് കരയുമ്പോൾ അവളുടെ മുടിയിഴകളിലൂടെ വിരലോടിക്കാൻ എത്രയോ വട്ടം ഞാൻ കൊതിച്ചിട്ടുണ്ട്.
ഒരിക്കൽക്കൂടി അവളുടെ ശബ്ദത്തിൽ എന്റെ പേര് കേൾക്കാൻ.
ഒരിക്കൽക്കൂടി അവളുടെ നെറ്റിയിൽ ചുംബിക്കാൻ.
ഒരിക്കൽക്കൂടി അവളെ നെഞ്ചോടുചേർത്ത് പിടിച്ച ശേഷം നീ എന്റേതാണ്, പെണ്ണേ… എന്നും എന്റേതായിരിക്കും,എന്ന് പറയാൻ.
അതൊക്കെ എത്ര ചെറിയ ആഗ്രഹങ്ങളായിരുന്നു!
ജീവിച്ചിരുന്നപ്പോൾ എത്ര നിസ്സാരമെന്നു തോന്നിയിരുന്ന കാര്യങ്ങളാണ് ഇന്നെന്റെ ആത്മാവിന്റെ ഏറ്റവും വലിയ മോഹങ്ങളായി മാറിയിരിക്കുന്നത്.
ജീവിതം മുഴുവൻ ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്ന ആ ചെറിയ സന്തോഷങ്ങൾ വീണ്ടും കിട്ടാൻ ഞാൻ പതിനാറു വർഷമായി കാത്തിരിക്കുന്നു.
മരണത്തിനു ഞങ്ങളുടെ പ്രണയത്തെ ഇല്ലാതാക്കാൻ കഴിഞ്ഞില്ല പക്ഷേ, ഒന്നിച്ചിരിക്കാനുള്ള ഞങ്ങളുടെ ആഗ്രഹത്തെ പതിനാറു വർഷം ഒരു മൂവാ ണ്ടൻ മാവിൻചുവട്ടിൽ തളച്ചിട്ടു.
ഇന്ന്…
ആ പതിനാറു വർഷത്തെ കാത്തിരിപ്പിന് അവസാനമാകാൻ പോകുകയാണ്.
അവളുടെ ശരീരം ആശുപത്രിയിൽ നിശ്ചലമായി കിടക്കുമ്പോൾ ഞാൻ വീടിന്റെ പുറകിലുള്ള മൂവാണ്ടൻ മാവിൻചുവട്ടിലെത്തി.എന്റെ അസ്ഥിത്തറയ്ക്കരികിൽ അക്ഷമനായി കാത്തുനിൽക്കുകയായിരുന്നു
ഇന്നവൾ വരും.
ഇത്തവണ വൈകുന്നേരത്തെ വിശേഷങ്ങൾ പറയാൻ മാത്രമല്ല.
പതിനാറു വർഷമായി പറയാതെ പോയ എല്ലാ വാക്കുകളും പറയാൻ.
എന്റെ കൈ പിടിക്കാൻ….
എന്റെ നെഞ്ചിൽ തലചായ്ക്കാൻ….
എന്നോടൊപ്പം നടക്കാൻ….
ഞാൻ മാവിൽ ചോട്ടിലിരുന്നു.
കാറ്റിൽ ഇലകൾ മെല്ലെ ഇളകുന്നുണ്ടായിരുന്നു.
ആകാശത്ത് സന്ധ്യയുടെ ചുവപ്പു പടർന്നിരുന്നു.
എന്റെ പെണ്ണേ,ഇത്തവണ നിന്നെ ഞാൻ കാത്തുനിർത്തില്ല. നീ വന്നാൽ ഉടനെ തന്നെ ഞാൻ നിന്നെ നെഞ്ചോടുചേർത്ത് പിടിക്കും. എത്രനേരം വേണമെങ്കിലും.നിനക്ക് കരയണമെങ്കിൽ എന്റെ നെഞ്ചിൽ മുഖംചേർത്ത് കരയാം. ചിരിക്കണമെങ്കിൽ എന്റെ കണ്ണുകളിലേക്ക് നോക്കി ചിരിക്കാം. നിനക്ക് പറയാനുള്ളതെല്ലാം ഞാൻ കേൾക്കും.
എന്റെ ശബ്ദം കാറ്റിൽ അലിഞ്ഞുപോയി.
പതിനാറു വർഷമായി നീയില്ലാത്ത ലോകത്ത് ഞാൻ ജീവിക്കുകയാണ്.ഇനി ഒരു നിമിഷംപോലും നീയില്ലാതെ ജീവിക്കേണ്ടിവരരുതേ…
അവൾക്കായി വീട്ടുകാർ എന്റെ അരികിൽ തന്നെ ചിതയൊരുക്കി.
വിവാഹസാരിയിൽ അവൾ അതീവ സുന്ദരിയായി കിടന്നു.
പതിനാറു വർഷം മുമ്പ് എന്നിൽനിന്ന് പിരിഞ്ഞുപോയ അതേ മുഖം.
അതേ നെറ്റിത്തടം.
അതേ ചുണ്ടുകൾ.
ഒരിക്കൽ എന്റെ നെഞ്ചിൽ തലചായ്ച്ച് ഉറങ്ങിയിരുന്ന എന്റെ പെണ്ണിന്ന് നിശ്ശബ്ദയായി കിടക്കുന്നു.
അവളുടെ നെറ്റിയിലെ ചുവന്ന പൊട്ടിലേക്ക് നോക്കിയപ്പോൾ എന്റെ മനസ്സ് പഴയ കാലത്തിലേക്ക് ഓടിപ്പോയി.
ഞങ്ങളുടെ വിവാഹദിവസം അവളെ ആദ്യമായി കണ്ടപ്പോൾ എനിക്കുണ്ടായ അതേ അനുഭൂതി.
അന്നവൾ നാണംകൊണ്ട് തലകുനിച്ചുനിന്നു.
ഞാൻ അവളുടെ അരികിലേക്ക് ചെന്ന് പതുക്കെ ചോദിച്ചു:
എന്താ, എന്റെ മുഖത്തേക്ക് നോക്കാൻ ഇത്ര നാണം?
അവൾ ചുണ്ടുകൾ കടിച്ചുകൊണ്ട് പറഞ്ഞു:
അതേയ് എല്ലാവരും നമ്മളെ നോക്കുന്നുണ്ട്.
അവർ നോക്കിക്കോട്ടെ,ഞാനെന്റെ പെണ്ണിനെയാണ് നോക്കുന്നത്.
അവൾ കണ്ണുയർത്തി എന്നെയൊരു നോട്ടം നോക്കി,ഹോ!!!അന്നാ കണ്ണുകളിൽ ഞാൻ കണ്ട പ്രണയം ഇന്നും എന്റെ ഉള്ളിൽ മായാതെ കിടക്കുന്നുണ്ട്.
ഇന്നാ കണ്ണുകൾ നിശ്ചലമാണ്.
എന്നിട്ടും എനിക്കവളോട് പറയാൻ തോന്നി:
എന്റെ പെണ്ണേ…അന്നും ഇന്നും നീ എനിക്ക് ഒരുപോലെയാണ് നിനക്ക് പ്രായമായാലും നിന്റെ മുടി നരച്ചാലും എന്റെ കണ്ണുകളിൽ നീ എന്നും ആ വിവാഹദിവസം കണ്ട അതേ പെണ്ണായിരിക്കും.
മൂത്ത മകൻ അവളുടെ ചിതയ്ക്ക് തീ കൊളുത്തി.
തീ പതുക്കെ അവളുടെ ശരീരത്തെ പൊതിഞ്ഞു.
ചുറ്റും ബന്ധുക്കളുടെ കരച്ചിലും തേങ്ങലുകളും ഉയർന്നുകേട്ടു.
കത്തിയെരിയുന്ന ചിതയിൽനിന്ന് പുക അന്തരീക്ഷത്തിലേക്ക് പടർന്നു.
തീനാളങ്ങൾക്കിടയിലൂടെ അവളുടെ ശരീരം മറഞ്ഞുതുടങ്ങി.
ഞാൻ മാത്രം അക്ഷമനായി കാത്തുനിന്നു.
എന്റെ കണ്ണുകൾ ആ പുകമറയിൽ പതിഞ്ഞിരുന്നു.
ഒടുവിൽ…
പുകമറയ്ക്കുള്ളിൽനിന്ന് ചുവന്ന പട്ടുസാരിയുടുത്തൊരു ദേവിയെപ്പോലെ അവൾ പുറത്തേക്കിറങ്ങിവന്നു.
പതിനാറു വർഷം മുമ്പ് എന്നിൽനിന്ന് വേർപെട്ടുപോയ അതേ മുഖം.
അതേ പുഞ്ചിരി.
നെറ്റിയിലെ അതേ ചുവന്ന പൊട്ട്.
എന്റെ ഹൃദയത്തിൽ ഇന്നും മായാതെ കിടന്നിരുന്ന എന്റെ പെണ്ണ്!
അവൾ പതുക്കെ ചുറ്റും നോക്കി.
പിന്നെ അവളുടെ കണ്ണുകൾ എന്നിൽ വന്നു പതിച്ചു.
ഒരു നിമിഷം അവൾ നിശ്ചലയായി.
അവളുടെ കണ്ണുകളിൽ അത്ഭുതം വിടർന്നു.
വിശ്വസിക്കാനാവാത്തതുപോലെ അവൾ എന്നെത്തന്നെ നോക്കിനിന്നു.
ഞാനും അവളെ നോക്കി.
പതിനാറു വർഷത്തെ കാത്തിരിപ്പ് ഒരു നിമിഷത്തേക്ക് ഞങ്ങളുടെ കണ്ണുകളിൽ ഒത്തുചേർന്നു.
അവളുടെ കണ്ണുകളിൽ പതിനാറു വർഷത്തെ ഏകാന്തതയുണ്ടായിരുന്നുഎന്റെ കണ്ണുകളിൽ പതിനാറു വർഷത്തെ കാത്തിരിപ്പും.
അവൾ വിറയ്ക്കുന്ന ചുണ്ടുകളോടെ പതുക്കെ ചോദിച്ചു:
നിങ്ങൾ…?
എനിക്ക് മറുപടി പറയാൻ കഴിഞ്ഞില്ല.
എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.
അവൾ ഒരടി മുന്നോട്ടുവച്ചു.
നിങ്ങളാണോ ഇത്?
ഞാൻ ചിരിച്ചുകൊണ്ടെന്റെ രണ്ടു കൈകളും നീട്ടി.
ഇങ്ങോട്ട് വാടി…..
അവളുടെ കണ്ണുകളിൽനിന്ന് കണ്ണുനീർ ഒഴുകി.
അടുത്ത നിമിഷം അവൾ എന്റെ നെഞ്ചിലേക്ക് ഓടിവന്നു വീണു…
ഞാൻ അവളെ ചേർത്തുപിടിച്ചു.
പതിനാറു വർഷത്തിനുശേഷം ആദ്യമായി അവളുടെ ശരീരത്തിന്റെ ചൂട് എന്റെ നെഞ്ചിലറിഞ്ഞതുപോലെ തോന്നി.
അവളുടെ മുടിയിഴകൾ എന്റെ മുഖത്ത് തഴുകി.
അവളുടെ കണ്ണുനീർ എന്റെ നെഞ്ചിൽ വീണു.
ഞാൻ അവളുടെ മുഖം കൈകളിലെടുത്തു.
ആ നെറ്റിയിൽ പതുക്കെ ചുംബിച്ചു പിന്നെ കവിളിൽ, മൂക്കിൽ,ചുണ്ടിൽ……..അവളെ മുഴുവനായും ഞാനെന്റെ കൈക്കുള്ളിലാക്കി.
“എന്റെ പെണ്ണേ…”
എന്റെ ശബ്ദം ഇടറി.
അവൾ എന്റെ കവിളുകളിൽ കൈവെച്ചു.
നിങ്ങൾ ഇത്രയും നാൾ എനിക്കുവേണ്ടി കാത്തിരുന്നോ?അവൾ പരിഭവിച്ചു,
ഞാൻ അവളുടെ നെറ്റിയിൽ വീണ്ടും ചുംബിച്ചുകൊണ്ട് പറഞ്ഞു:
പിന്നെ ഞാൻ എവിടെ പോകാനാണ്, ഒരിക്കൽ നീ ഇങ്ങോട്ടുതന്നെ വരുമെന്നെനിക്കറിയാമായിരുന്നു.”
അവൾ എന്റെ നെഞ്ചിലേക്ക് മുഖംചേർത്തു കരഞ്ഞു.
ഞാൻ അവളുടെ മുടിയിഴകളിലൂടെ വിരലോടിച്ചുകൊണ്ട് പറഞ്ഞു,നിന്നെ കാണാൻ കഴിയാത്ത ഒരു ദിവസംപോലും എനിക്കുണ്ടായിട്ടില്ല പക്ഷേ, നിന്നെ തൊടാൻ കഴിയാത്ത ഓരോ നിമിഷവും എന്നെ വീണ്ടും വീണ്ടും കൊന്നുകൊണ്ടിരുന്നു.”
അവൾ മുഖമുയർത്തി എന്റെ കണ്ണുകളിലേക്ക് നോക്കി.
ഞാൻ നിങ്ങളോട് ഒരുപാട് കാര്യങ്ങൾ പറയാറുണ്ടായിരുന്നു. നിങ്ങൾ കേൾക്കുന്നുണ്ടായിരുന്നോ?
ഞാൻ ചിരിച്ചു.
നീയീ മൂവാണ്ടൻ മാവിൻചുവട്ടിൽ വന്നിരുന്ന് പറയുന്ന എല്ലാ കാര്യങ്ങളും ഞാൻ കേട്ടിട്ടുണ്ട്. നീ നമ്മുടെ മകനെക്കുറിച്ച് പറയുമ്പോഴും, മകളുടെ കല്യാണത്തെക്കുറിച്ച് പറഞ്ഞു കരയുമ്പോഴുമൊക്കെ ഞാൻ നിന്റെ അരികിൽ തന്നെയുണ്ടായിരുന്നു.”
അവൾ അത്ഭുതത്തോടെ എന്റെ മുഖത്തേക്ക് നോക്കി.
അപ്പോൾ…ഞാൻ കരയുമ്പോഴൊക്കെ?
ഞാനും കരഞ്ഞിട്ടുണ്ട്, പെണ്ണേ….
ഞാൻ അവളുടെ കൈകൾ എന്റെ
കൈകൾക്കുള്ളിലാക്കി.
എനിക്ക് നിന്നെയൊന്നു തൊടാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ഞാൻ ഓരോ നിമിഷവും ആഗ്രഹിച്ചിട്ടുണ്ട്.”
അവൾ എന്റെ നെഞ്ചിൽ മുഖംചേർത്തു.
ഇനി എന്നെ വിട്ടുപോകരുത്.
ഞാൻ അവളെ ഒന്നുകൂടി മുറുകെ ചേർത്തുപിടിച്ചു.
ഇല്ല..ഇനി എവിടെയും പോകുന്നില്ല.ഇനിയീ മൂവാണ്ടൻ മാവിന്റെ ചോട്ടിലാണ് നമ്മുടെ ലോകം.
അവൾ പതുക്കെ എന്റെ മുഖത്തേക്ക് നോക്കി ചിരിച്ചു.
ആ ചിരി കണ്ടപ്പോൾ എനിക്ക് ഞങ്ങളുടെ ആദ്യരാത്രി ഓർമവന്നു.
അന്ന് രാത്രി എന്റെ നെഞ്ചിൽ തലചായ്ച്ചുകിടന്നുകൊണ്ട് അവൾ ചോദിച്ച അതേ ചോദ്യം വീണ്ടും അവൾ ചോദിച്ചു:
അതേയ്,നിങ്ങൾക്കെന്നെ ഇപ്പോഴും ഒരുപാട് ഇഷ്ടമാണോ?”
ഞാൻ അവളുടെ കൈപ്പത്തിയിൽ ചുംബിച്ചുകൊണ്ട് പറഞ്ഞു,
പതിനാറു വർഷം മുമ്പ് നിന്നെ എത്രത്തോളം സ്നേഹിച്ചിരുന്നോ,അതിനേക്കാൾ കൂടുതൽ ഇപ്പോൾ സ്നേഹിക്കുന്നുണ്ട്.എന്താ പോരേ?
അവളെന്റെ നെഞ്ചിൽ മെല്ലെ അടിച്ചു.
“കള്ളം!”
ഞാൻ പൊട്ടിച്ചിരിച്ചു.
അവൾ കണ്ണുനീർ തുടച്ചുകൊണ്ട് ചിരിച്ചു.
ആ ചിരിയിൽ പതിനാറു വർഷത്തെ സങ്കടം പതുക്കെ അലിഞ്ഞുപോകുന്നതു പോലെ എനിക്ക് തോന്നി.
അവൾ എന്റെ കൈകൾ മുറുകെപ്പിടിച്ചു.
മാവിന്റെ ഇലകൾക്കിടയിലൂടെ നിലാവെളിച്ചം ഞങ്ങളുടെ മേൽ പതിക്കുന്നുണ്ടായിരുന്നു.
അവൾ പതുക്കെ എന്നോട് പറഞ്ഞു,
നിങ്ങൾക്കറിയാമോ, ഇത്രയും വർഷം ഞാൻ നിങ്ങളോട് ഒരു കാര്യം പറയണമെന്ന് ആഗ്രഹിച്ചിരുന്നു.
എന്താ?
ഞാൻ നിങ്ങളെ ഒരുപാട് സ്നേഹിച്ചിരുന്നു. പക്ഷേ, ജീവിച്ചിരുന്നപ്പോൾ അത് നിങ്ങളോട് എത്രത്തോളം പറയാൻ കഴിഞ്ഞിട്ടുണ്ടെന്ന് എനിക്കറിയില്ല….
ഞാൻ അവളുടെ മുഖം കൈകളിലെടുത്തു.
നീ എന്നെ സ്നേഹിച്ചിരുന്നെന്ന് എനിക്കറിയാം പെണ്ണേ……
നീയുണ്ടാക്കിത്തന്ന ചായയിലും….
എനിക്കായി കാത്തിരുന്ന നിന്റെ കണ്ണുകളിലും….
ഞാൻ വൈകിയെത്തുമ്പോൾ മുഖം വീർപ്പിച്ചിരുന്ന നിന്റെ ചുണ്ടുകളിലും….
ഉറങ്ങുന്നതിനുമുമ്പ് എന്റെ കൈ പിടിച്ചിരുന്ന നിന്റെ വിരലുകളിലും ഞാനാ സ്നേഹം കണ്ടിട്ടുണ്ട്.
അവൾ എന്റെ നെഞ്ചിൽ മുഖംചേർത്തു കൊണ്ട് പറഞ്ഞു എനിക്ക് മതിയായിരുന്നില്ല…
ഞാൻ അവളുടെ നെറ്റിയിൽ ചുംബിച്ചു.
എനിക്കും മതിയായിരുന്നില്ല…. അതുകൊണ്ടല്ലേ പതിനാറു വർഷം കഴിഞ്ഞിട്ടും നിന്നോടുള്ള പ്രണയം എനിക്കവസാനിക്കാത്തത്?”
അവൾ എന്റെ കൈകളിൽ വിരലുകൾ കോർത്തു.
ഞങ്ങൾ കുറേനേരം ഒന്നും മിണ്ടാതെ ഇരുന്നു ചില സ്നേഹങ്ങൾക്ക് വാക്കുകൾ ആവശ്യമില്ലല്ലോ.
ഒരിക്കൽ അവളുടെ കൈ പിടിച്ചിരിക്കാൻ കഴിയാതെ പതിനാറു വർഷം കാത്തിരുന്ന ഞാൻ, ഇന്ന് അവളുടെ വിരലുകൾ എന്റെ വിരലുകൾക്കിടയിൽ കോർത്തുവെച്ചിരുന്നു.
ഒരിക്കൽ അവളുടെ കണ്ണുനീർ തുടയ്ക്കാൻ കഴിയാതെ നിസ്സഹായനായി നിന്ന ഞാൻ, ഇന്ന് അവളുടെ കവിളിൽ ഒഴുകിയിറങ്ങിയ അവസാനത്തെ കണ്ണുനീർത്തുള്ളിയും തുടച്ചുമാറ്റി.
ഒരിക്കൽ അവളുടെ നെറ്റിയിൽ ചുംബിക്കാൻ കൊതിച്ചുകൊണ്ട് രാത്രികൾ തള്ളിനീക്കിയ ഞാൻ, ഇന്ന് ആ നെറ്റിയിൽ വീണ്ടും വീണ്ടും ചുംബിച്ചു.
ജീവിച്ചിരുന്നപ്പോൾ അവൾക്കരികിലിരുന്ന് ഒരുപാട് നേരം സംസാരിക്കാൻ എനിക്ക് കഴിഞ്ഞില്ല.ഞാൻ മരിച്ചപ്പോൾ അവൾക്ക് എന്റെ ശബ്ദം കേൾക്കാനും കഴിഞ്ഞില്ല.
എന്നിട്ടും ഞങ്ങളുടെ പ്രണയം അവസാനിച്ചില്ല.
അവൾക്കായി ഞാൻ കാത്തിരുന്നു.
എനിക്കായി അവൾ ജീവിച്ചു.
കാലം അവളുടെ മുടിയിൽ നര വരുത്തിയിരിക്കാം.ജീവിതം അവളുടെ കണ്ണുകളിൽ സങ്കടത്തിന്റെ ആഴങ്ങൾ തീർത്തിരിക്കാം പക്ഷേ, ഞങ്ങളുടെ പ്രണയത്തെ തൊടാൻ കാലത്തിനും മരണത്തിനും കഴിഞ്ഞില്ല.
ആ രാത്രി അവൾ എന്റെ നെഞ്ചിൽ തലചായ്ച്ച് കണ്ണുകളടച്ചു.
പതിനാറു വർഷങ്ങൾക്കുശേഷം, ആദ്യമായി അവൾക്ക് സമാധാനത്തോടെ കണ്ണുകളടയ്ക്കാൻ കഴിഞ്ഞു.
എനിക്കും.
കാരണം, ഒരിക്കൽ അവൾ ഉറങ്ങിക്കഴിഞ്ഞാൽ അവളെ നോക്കിനിന്ന് തിരിച്ചുപോകേണ്ടിവന്ന ഞാൻ, ഇന്ന് അവൾക്കരികിൽത്തന്നെയുണ്ടായിരുന്നു.
ജീവിച്ചിരിക്കുമ്പോൾ ഒന്നിച്ചിരിക്കാൻ വിധി അനുവദിച്ചില്ലെങ്കിലും, മരണത്തിനപ്പുറം ഞങ്ങളുടെ പ്രണയത്തിന് ഒരുമിച്ചിരിക്കാൻ ഒരിടം ലഭിച്ചുവെന്ന് ഞങ്ങൾ വിശ്വസിച്ചു.
ഒരുപക്ഷേ, പ്രണയത്തിന്റെ ഏറ്റവും മനോഹരമായ അർത്ഥം അതായിരിക്കാം.
മരണം ശരീരങ്ങളെ വേർപെടുത്തിയേക്കാം, പക്ഷേ ഹൃദയങ്ങൾ തമ്മിലുള്ള സ്നേഹത്തെ ഇല്ലാതാക്കാൻ അതിനാവില്ല.
ഒരാൾ പോയാലും അയാൾക്കായി ഹൃദയത്തിൽ ഒരിടം ഒഴിച്ചിടുക.
കാലം എത്ര കടന്നുപോയാലും ആ ഇടം മറ്റാർക്കും കൊടുക്കാതിരിക്കുക.
ഒടുവിൽ, ഒരിക്കൽക്കൂടി കാണാമെന്ന പ്രതീക്ഷയിൽ സ്നേഹിച്ചുകൊണ്ടിരിക്കുക.
കാരണം, ചില പ്രണയങ്ങൾ മരണത്തോടെ അവസാനിക്കുന്നില്ല മറിച്ച്,
ഈ ലോകത്തുനിന്ന് യാത്രയായാലും, മറ്റൊരാളുടെ ഹൃദയത്തിൽ അയാൾ ജീവിച്ചുകൊണ്ടേയിരിക്കും.
ഒരു നാൾ വീണ്ടും കണ്ടുമുട്ടുമെന്ന പ്രതീക്ഷയിൽ…..
ഓർമ്മകളെ ചേർത്തുപിടിച്ച്, പറയാൻ ബാക്കിവെച്ച വാക്കുകളുമായി……
പൂർത്തിയാക്കാൻ കഴിയാതെപോയ സ്വപ്നങ്ങളുമായി ആ കാത്തിരിപ്പ് അവസാനിക്കുന്നതുവരെ ചില പ്രണയങ്ങൾക്ക് മരണമില്ല.
കാരണം, യഥാർഥ പ്രണയം എന്നത് ഒരുമിച്ചുള്ള ജീവിതം മാത്രമല്ല വേർപിരിഞ്ഞിട്ടും അവസാനിക്കാത്ത കാത്തിരിപ്പുകൂടിയാണ്……… but
ആത്മാവിന്റെ പ്രണയം
അച്ചു വിപിൻ
©️copyrightprotected
