നീ ജനിച്ചതിൽ പിന്നെയാണ് എന്റെ സകല സമാധാനവും സന്തോഷവും നഷ്ടമായത്…. ശരണ്യ, ഏക മകൾ, ഒന്നാം ക്ലാസ്സുകാരി ശ്രദ്ധയോട് കയർത്തു.. …

നീ ജനിച്ചതിൽ പിന്നെയാണ് എന്റെ സകല സമാധാനവും സന്തോഷവും നഷ്ടമായത്….

ശരണ്യ, ഏക മകൾ, ഒന്നാം ക്ലാസ്സുകാരി ശ്രദ്ധയോട് കയർത്തു..

ശ്രദ്ധ നിറഞ്ഞ കണ്ണുകളുയർത്തി അമ്മയെ നോക്കി.

നിന്റെ അപ്പന് ഒന്നുമറിയുണ്ടല്ലോ
നേരം വെളുക്കുമ്പോൾ ജോലിക്ക് പോകും. എന്നിട്ട് വൈകിട്ട് വന്നാലോ
ആ ഫോണിലേക്ക് തലയും കുത്തികിടക്കും..ഓഹ് എന്റെ കഷ്ടകാലം…
ശരണ്യ സ്വന്തം തലയിൽ തട്ടി

ശ്രദ്ധ മിണ്ടാതെ മുറിയിലേക്ക് പോയി.

സ്കൂൾ വിട്ടു വന്നിട്ട് വിശക്കുന്നു ബ്രെഡ്‌ അല്ലാതെ വേറെ എന്തെങ്കിലും തരുമോ എന്ന് ചോദിച്ചതിനാണ് അമ്മ ഇത്രയും പറയുന്നത്…

അല്ലെങ്കിലും അച്ഛനുമമ്മക്കും തന്നോട്
ഒരു സ്നേഹവുമില്ല…

ജോലി കഴിഞ്ഞു വീട്ടിൽ വന്നാലും രണ്ടുപേരും ഫോണിലാണ്, തന്നെ അവർക്ക് വേണ്ട…ശ്രദ്ധയുടെ കണ്ണ് നിറഞ്ഞു…

ഇന്ന് ഉച്ചയ്ക്ക് സ്കൂളിൽ കൊണ്ടുപോകാൻ ബ്രെഡിൽ ജാം പുരട്ടിയാണ് അമ്മ തന്നു വിട്ടത്…എല്ലാ ദിവസവും ബ്രെഡ്‌ അല്ലെങ്കിൽ ചപ്പാത്തി, അത് തന്നെ കഴിച്ച് കഴിച്ച് മടുത്തു..

കൂട്ടുകാരൊക്കെ എന്തൊക്കെ സാധനങ്ങളാണ് കൊണ്ടുവരുന്നത്.
ഇന്ന് കൂട്ടുകാരി മിഴി കൊണ്ടുവന്നത് ചോറും മീൻ വറുത്തതും പുളിശ്ശേരിയുമാണ്..
അവളുടെ അമ്മ വെക്കുന്ന പുളിശ്ശേരിക്ക് എന്ത് രുചിയാണെന്നോ…
എനിക്കും അവർ ഷെയർ ചെയ്യും…

തനിക്ക് എന്നും ബ്രെഡും ജാമും ,അല്ലെങ്കിൽ
പാക്കറ്റ് ചപ്പാത്തിയും ചിക്കൻ കറിയുമായിരിക്കും .അത് കഴിച്ചു മടുത്തു…

അമ്മമ്മയുടെ വീട്ടിൽ പോകുമ്പോൾ അമ്മമ്മ എന്തൊക്കെ വിഭവങ്ങളാണ് തനിക്ക് ഉണ്ടാക്കിത്തരുന്നത്… അമ്മമ്മയുടെ തൊടിയിൽ മുഴുവൻ പച്ചക്കറികളാണ്..
അതൊക്കെ പറിച്ചു വെറുതെ പച്ചക്ക് കഴിക്കാൻ എന്ത് രുചിയാണെന്നോ…

ശ്രദ്ധ വാതിൽക്കൽ നിന്ന് ശരണ്യയെ നോക്കി

ശരണ്യ കണ്ണുതുടച്ചുകൊണ്ട് എഴുന്നേറ്റ് ബാൽക്കണിയിൽ പോയിരിക്കുന്നത് അവൾ കണ്ടു…

ശ്രദ്ധ മെല്ലെ അമ്മയുടെ ഫോൺ കൈയ്യിൽ എടുത്ത് അമ്മമ്മയെ വിളിച്ചു…

അമ്മമ്മേ ഞാനാ… അവൾ പറഞ്ഞു

ആഹ്…അമ്മമ്മയുടെ ചക്കരമുത്തേ…

അവരുടെ വിളി കേട്ടതും ശ്രദ്ധ വിങ്ങിവിങ്ങി കരഞ്ഞു…

എന്താ മോളെ..എന്തിനാ കരയുന്നത്..??

എന്നെ ആർക്കും ഇഷ്ട്ടമല്ല അമ്മമ്മ
എന്നെ വന്ന് കൊണ്ടുപോകാമോ… അവൾ ഏങ്ങലോടെ ചോദിച്ചു.

മോള് കരയാതെ … അമ്മമ്മയും അച്ഛാച്ചനും കൂടെ നാളെ അങ്ങ് വരാം കേട്ടോ…

പിറ്റേന്ന് ശനിയാഴ്ച വൈകുന്നേരം രണ്ടാളും കൂടെ വീട്ടിലെത്തി..

ശ്രദ്ധ അമ്മമ്മയെ കണ്ടതും കെട്ടിപ്പിടിച്ചു

വീട്ടിൽ നിന്നും കൊണ്ടുവന്ന നാടൻ പഴങ്ങളും പച്ചക്കറികളും ഒക്കെ സാവിത്രി ശരണ്യയെ ഏൽപ്പിച്ചു…

എന്താ അമ്മേ ഒരറിയിപ്പുമില്ലാതെ വന്നത്?? ശരണ്യ ചോദിച്ചു.

എന്റെ മകളെയും കൊച്ചുമോളെയും മരുമോനേം കാണാൻ,
ഞാനും നിന്റെ അച്ഛനും വരുന്നതിന് പ്രത്യേക അറിയിപ്പിന്റെ ആവശ്യമൊന്നുമില്ലല്ലോ.

അവർ ശ്രദ്ധ മോളെ കെട്ടിപ്പിടിച്ച്
അവളോട് ഓരോരോ വിശേഷങ്ങള്‍ ചോദിച്ചുകൊണ്ടിരുന്നു.

ശരണ്യ അപ്പോഴേക്കും അച്ഛനും അമ്മയ്ക്കും ചായ എടുത്തു കൊടുത്തു.

പോകുമ്പോൾ എന്നെക്കൂടി കൊണ്ടുപോകാമോ??
എന്നെ ഇവിടെ ആർക്കും ഇഷ്ടമല്ല…
ശ്രദ്ധ അമ്മമ്മയോട് പറഞ്ഞു…

കൊണ്ടുപോകാം കേട്ടോ…

അവർ കൊണ്ടുവന്ന പഴങ്ങൾ ആർത്തിയോടെ കഴിക്കുന്ന ശ്രദ്ധ മോളെ കണ്ടപ്പോൾ സാവിത്രിയുടെ ഉള്ളം പിടഞ്ഞു

സാവിത്രി നേരെ അടുക്കളയിലേക്ക് ചെന്നു ശ്രദ്ധ മോൾ പറഞ്ഞത് ശരിയാണ് പാക്കറ്റ് ചപ്പാത്തിയും ചിക്കൻ കറിയും, ബ്രെഡും ജാമും അല്ലാതെ മറ്റൊന്നും ആ വീട്ടിലില്ല….

നീ എന്താ ശരണ്യ ഇങ്ങനെയൊക്കെ ??
ഈ വീട്ടിൽ വേറെ കഴിക്കാനൊന്നും നീ ഉണ്ടാക്കാറില്ലേ?.

എനിക്കെവിടെയാ അമ്മേ സമയം.
തലയ്ക്ക് ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നുവാ.
ഓഫീസിലെ ജോലി, ഇവിടെ വന്നാൽ അടിക്കലും തുടയ്ക്കലും,
അതിനിടയിൽ ഇവളെ പഠിപ്പിക്കുന്നു
എന്നെക്കൊണ്ട് വയ്യ, മടുത്തു ഈ ജീവിതം..

സാവിത്രി ഒന്നും പറയാൻ പോയില്ല…

ഏഴ് മണി ആയപ്പോഴേക്കും രാഹുൽ മടങ്ങി വന്നു.

ശരണ്യയുടെ അച്ഛനെയും അമ്മയെയും കണ്ടയാൾ ഒന്നു പുഞ്ചിരിച്ചു
അച്ഛനും അമ്മയും എപ്പോൾ വന്നു ??
അയാൾ ചോദിച്ചു.

മ. ദ്യത്തിന്റെ ഗന്ധം അപ്പോൾ തന്നെ മോഹനും സാവിത്രിയും തിരിച്ചറിഞ്ഞു….

മോൻ പോയി കുളിച്ചിട്ട് വാ.. അത്താഴം കഴിക്കാം. നീ വരുന്നത് നോക്കിയിരിക്കുകയായിരുന്നു ഞങ്ങൾ. സാവിത്രി പറഞ്ഞു.
ശരി അമ്മ…ഇപ്പോൾ വരാം..അവൻ പറഞ്ഞു.

അയാൾ കുളി കഴിഞ്ഞ് വന്നു.

എല്ലാവരും ഇരുന്നു.

സാവിത്രിയാണ് എല്ലാവർക്കും ആഹാരം വിളമ്പിയത്, ചോറും അച്ചിങ്ങ മെഴുക്കുപുരട്ടിയും കുമ്പളങ്ങ മോരൊഴിച്ചു വച്ച കറിയും, മീൻ വറുത്തതും കൂട്ടി ചോറുണ്ണുമ്പോൾ രാഹുലിന് ഏറെ സന്തോഷം തോന്നി.

കണ്ടുപഠിക്കടി… ഇന്ന് അമ്മ വന്നതുകൊണ്ട് ഇങ്ങനെ ഭക്ഷണം കഴിക്കാൻ പറ്റി… രാഹുൽ ശരണ്യയെ കുറ്റപ്പെടുത്തി..

അല്ലെങ്കിൽ ചപ്പാത്തിയും ചിക്കനും
തരും, എല്ലാദിവസവും അത് തന്നെ.
ഒന്നുമുണ്ടാക്കില്ല ഒരു പണിയും ചെയ്യില്ല…

ശരണ്യയുടെ അച്ഛനും അമ്മയും അതിനു മറുപടിയൊന്നും പറഞ്ഞില്ല..

പിറ്റേന്ന് രാവിലെശരണ്യയുടെ അച്ഛൻ മോഹൻ, ശരണ്യയേയും രാഹുലിനെയും അരികിലേക്ക് വിളിച്ചു.

നിങ്ങളോട് വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയാനുണ്ട്.

മക്കളെ…. കുടുംബം എങ്ങനെ മുന്നോട്ടു കൊണ്ടുപോകണമെന്ന് നിങ്ങൾ ഇതുവരെയും മനസ്സിലാക്കിയിട്ടില്ല…
നിങ്ങൾക്കിടയിൽ കിടന്ന് വിഷമിക്കുന്നത് നിങ്ങളുടെ മകളാണ്.

അതിന് ഇവൾ ഏത് നേരവും ഫോണും നോക്കി വെറുതെ ഇരിക്കുന്നതേ
ഞാൻ കാണാറുള്ളൂ… വീട്ടിലെ ഒരു ജോലിയുംഇവൾ ചെയ്യില്ല. രാഹുൽ ഭാര്യയെ കുറ്റപ്പെടുത്തി

പറച്ചിൽ കേട്ടാൽ തോന്നും നിങ്ങളീ
വീട്ടിൽ മലമറിക്കുകയാണെന്ന്.
നിങ്ങളും വന്നു കഴിഞ്ഞാൽ
ആ ഫോണിനകത്ത് നിന്ന് തല ഉയർത്താറു പോലുമില്ലല്ലോ.. ശരണ്യയും വിട്ടുകൊടുത്തില്ല.

മതി. പരസ്പരം കുറ്റപ്പെടുത്താനുള്ള സമയമല്ല ഇത്.

മോളെ…. നീ അപ്പുറത്ത് പോയിരുന്നു കളിച്ചോ സാവിത്രി, ശ്രദ്ധയെ മുറിയിലേക്ക് പറഞ്ഞുവിട്ടു.

മക്കളെ….എനിക്ക് നിങ്ങളോട് രണ്ടുപേരോടുമായി പറയാനുള്ളത്
ഒരു കാര്യം മാത്രമാണ്. നിങ്ങളുടെ ജീവിതത്തിന്റെ സൗന്ദര്യം നഷ്ടപ്പെടുത്തിയത് നിങ്ങൾ മാത്രമാണ്.

രാഹുൽ ഇപ്പോൾ പറഞ്ഞല്ലോ,
ശരണ്യ വീട്ടിൽ ഒരു ജോലിയും ചെയ്യുന്നില്ലെന്ന് എന്തുകൊണ്ട് രാഹുലിന് അവളെ സഹായിച്ചു കൂടാ??

നിങ്ങൾ രണ്ടാളും ജോലിയുള്ളവരാണ്.
വീട്ടിലെ ജോലികൾ കൂടി നിങ്ങൾ ഷെയർ ചെയ്താൽ വീട്ട് ജോലി എളുപ്പമാകും..

പരസ്പരം സഹായിക്കുന്നതിലൂടെ,
സമയം പങ്കുവയ്ക്കുന്നതിലൂടെ, പങ്കാളികൾക്കിടയിൽ സ്നേഹം കൂടുകയേ ഉള്ളൂ…

ഞാൻ എന്റെ ഭാര്യയെ ഇപ്പോഴും ഏതൊരു കാര്യത്തിനും സഹായിക്കാറുണ്ട്.
സ്നേഹം മനസ്സിൽ പൊതിഞ്ഞു കെട്ടി കൊണ്ടുനടന്നിട്ട് കാര്യമില്ല.
പ്രകടിപ്പിക്കും തോറുമാണ് അതിന്റെ ഗുണമേറുന്നത്.മോഹൻ പറഞ്ഞു.

ഇപ്പോൾ പുതിയ തലമുറയിൽ അവിഹിതബന്ധങ്ങൾ സർവ്വസാധാരണമാണ് അതെന്തുകൊണ്ടാണെന്നറിയാമോ??
വീട്ടിൽ നിന്നും അവർക്ക് ആവശ്യത്തിനുള്ള പ്രണയമോ പരിഗണനയോ കിട്ടുന്നില്ല. പുറത്തുനിന്നും പരിഗണനയുടെ ചെറിയൊരു അംശം കിട്ടുമ്പോഴേക്കും അവർ അതിന്റെ പുറകെ പോകും. എന്നാൽ ആ ബന്ധം നിലനിൽക്കുമോ അതുമില്ല… മിന്നുന്നതൊന്നും പൊന്നല്ല പിള്ളേരെ..

നിങ്ങൾ വിവാഹത്തിന്റെ തുടക്കത്തിൽ തന്നെ ഒരു കുഞ്ഞിനെ ആഗ്രഹിച്ചിരുന്നില്ല എന്ന് എനിക്ക് നേരത്തെ മനസ്സിലായതാണ്. അബദ്ധം പറ്റി ജനിച്ചതാണെങ്കിലും ആ
കുഞ്ഞു പിറന്നു പോയില്ലേ, അതിനോട് നിങ്ങൾക്ക് ഒരു കടമയും ഇല്ലേ..?? നിങ്ങൾക്കിടയിൽ കിടന്ന് ആ കുഞ്ഞു വേദനിക്കുന്നത് നിങ്ങൾ കാണുന്നില്ലേ ??

സ്വന്തം മനസ്സാക്ഷിയോട് ഒന്ന് ചോദിച്ചു നോക്കൂ…നിങ്ങളീ ചെയ്യുന്നതൊക്കെ തെറ്റുകളല്ലേ എന്ന്

ഞങ്ങൾ എന്തായാലും ഇന്ന് മടങ്ങി പോകുമ്പോൾ മോളെ കൂടെ കൊണ്ടുപോകാൻ തീരുമാനിച്ചു.
മോൾ ഇവിടെ നിൽക്കുന്ന ഓരോ നിമിഷവും നിങ്ങളതിനെ മാനസികമായി തളർത്തുകയാണ്.

ഒരു കുഞ്ഞിനെ വളർത്താൻ നിങ്ങൾ മാനസികമായി തയ്യാറായിട്ടില്ലെങ്കിൽ ദയവുചെയ്ത് കുഞ്ഞുങ്ങൾക്ക് ജന്മം കൊടുക്കാതിരിക്കുക…
ആ ഒരു കാര്യമെങ്കിലും ദമ്പതികൾ ഓർക്കണം..

നിങ്ങൾക്ക് കുടുംബത്തുള്ള സമാധാനം നഷ്ടപ്പെട്ടപ്പോൾ, രണ്ടാളും ഫോണിനെ ആശ്രയിച്ചു. അതിലേക്ക് മാത്രം നിങ്ങളുടെ ശ്രദ്ധയത്രയും പോയി… തമ്മിലുള്ള പിണക്കം മാറ്റാനോ ഇണങ്ങാനോ,
നിങ്ങൾ തീരെ ശ്രമിച്ചില്ല

മക്കളെ… തിരുത്താൻ ഇനിയും നിങ്ങൾക്ക് സമയമുണ്ട്.
ഭാര്യക്കും ഭർത്താവിനും തുല്യപ്രാധാന്യമാണ് ആരും ആർക്കും മുകളിലോ താഴെയോ അല്ല…

വീട് എന്നാൽ നമ്മുടെ ഏറ്റവും വലിയ അഭയസ്ഥാനമാണ്. അവിടെ വന്നാൽ സമാധാനത്തോടെയും സന്തോഷത്തോടെയുമിരിക്കാൻ നമുക്ക് കഴിയണം. അതുകൊണ്ടല്ലേ നമ്മൾ അതിനെ നമ്മുടെ വീട് എന്ന് പറയുന്നത്…

നോക്ക്…കുടുംബം നശിപ്പിച്ചുകളയാൻ
ഒരു നിമിഷം മതി, പക്ഷേ പിന്നെയൊരിക്കൽ ചേർത്തുവെക്കാൻ നോക്കിയാൽ
പഴയ ഭംഗി അതിനുണ്ടാവില്ല..അതുകൊണ്ട് നശിപ്പിക്കാതെ നോക്കുക.

എന്നിട്ടും ഒരുമിച്ച് യോജിച്ചു പോകാൻ നിങ്ങൾക്ക് കഴിയുന്നില്ലെങ്കിൽ പരസ്പരം പിരിയുക.. ഇഷ്ടമില്ലാത്ത ബന്ധങ്ങളിൽ കടിച്ചു തൂങ്ങിനിൽക്കാൻ ആരും ആരെയും നിർബന്ധിക്കുന്നില്ല…

ഒന്നാലോചിച്ചു നോക്കിക്കേ…
നിങ്ങൾ നിങ്ങൾക്കായി പരസ്പരം സമയം ചെലവഴിക്കുന്നു, സ്നേഹിക്കുന്നു,
ഉള്ളിലുള്ള പ്രണയം പങ്കാളിക്ക് പകർന്നുകൊടുക്കുന്നു…
എന്ത് രസമായിരിക്കും അത്….

ഞങ്ങൾ അങ്ങനെയാണ്.അതുകൊണ്ട് ഈ അറുപതുകളിലും ഞങ്ങൾക്ക് പരസ്പരം സ്നേഹിക്കാനാവുന്നുണ്ട്, ജീവിതത്തിലെ സന്തോഷങ്ങളെ അറിയാനാകുന്നുണ്ട്…മോഹൻ പറഞ്ഞു..

സദാസമയവും ഫോണിലേക്ക് മുഖം താഴ്ത്തി, അതാണ് സമാധാനത്തിനുള്ള ഏകമാർഗമെന്ന് വിശ്വസിച്ചാൽ കുടുംബജീവിതത്തിന്റെ സുഖം നുകരാൻ കഴിയാതെയാകും…

അവർ കുഞ്ഞിനേയും കൊണ്ട് ഇറങ്ങി….

രാഹുൽ അവരെ തടയാൻ പോയില്ല
തന്റെ അച്ഛനും അമ്മയും നഷ്ടപ്പെട്ടതിന് ശേഷം, അച്ഛന്റെയും അമ്മയുടെയും സ്നേഹം തന്നത് ശരണ്യയുടെ മാതാപിതാക്കളാണ്..
അവർ വളരെ നല്ല മനുഷ്യരാണ്..

എപ്പോഴോ തനിക്കും ശരണ്യക്കുമിടയിൽ അകൽച്ച വന്നുപോയി…

ശരണ്യ തല കുനിച്ചിരിക്കുകയായിരുന്നു.
ശരിക്കും പറഞ്ഞാൽ മകൾ ഉണ്ടായതിൽ പിന്നെ, ജീവിതസാഹചര്യങ്ങൾ മാറി.

കുട്ടിയുടെ കാര്യം, വീട്ടുജോലി
എന്നിവയിൽ മാത്രം ശരണ്യ തളയ്ക്കപ്പെട്ടു പോയപ്പോൾ, അവൾക്ക് കുട്ടിയോട് ദേഷ്യമായി…

അതവൾ കുട്ടിയോട് പ്രകടിപ്പിക്കാനും തുടങ്ങി..

മോൾ സ്കൂളിൽ പോകാൻ തുടങ്ങിയതോടുകൂടി ശരണ്യ വീണ്ടും ജോലിക്ക് പോയെങ്കിലും.

ഓഫീസിലെ ടെൻഷനും വീട്ടിലെ ജോലിയും കുട്ടിയെ പഠിപ്പിക്കലും എല്ലാം കൂടി ആയപ്പോൾ വീട്ടിലെ പണികളൊക്കെ നിർത്തിവെച്ചു…

പകരം പാക്കറ്റ് ചപ്പാത്തിയും ചിക്കനും മാത്രമാക്കി വീട്ടിലെ ആഹാരം..
രാഹുലിനോടുള്ള ദേഷ്യം അങ്ങനെയൊക്കെയാണ് അവൾ തീർത്തിരുന്നത്….

രാഹുലിന് അവളെ സഹായിക്കണമെന്നും കുട്ടിയെ നോക്കണമെന്ന് ഒക്കെയുണ്ട് പക്ഷേ ദേഷ്യം പിടിച്ച ഭാര്യയുടെ മുഖം കാണുമ്പോൾ ഒന്നും ചെയ്യാൻ തോന്നില്ല…

ചെറിയ പിണക്കം മാറ്റാൻ ശ്രമിക്കാതെ ഇരുന്നത്, വലിയ പിണക്കത്തിലേക്കായി..
മാനസികമായി അതവരെ അകറ്റി
രണ്ടാളും രണ്ടു റൂമിലേക്ക് കിടപ്പു മാറ്റിയതോടെ ശാരീരികമായും അകൽച്ച കൂടി..

കൂടുതൽ സമയവും പിന്നെയവർ ഫോണിലേക്ക് മുഖം താഴ്ത്തി…അതിനെ ആശ്വാസമായി കണ്ടു..

നോക്കൂ…ദമ്പതികൾക്കിടയിൽ മാനസികമായും, ശാരീരികമായും അടുപ്പം നിലനിർത്തണം..

മനസ്സ് ഇടക്കൊക്കെ ഒന്ന് ഡൗൺ ആയാൽ, ഒരു യാത്രയൊക്കെ പോകണം…
ജീവിതം എപ്പോഴും സന്തോഷം മാത്രം നിറഞ്ഞതായിരിക്കില്ല…..
സങ്കടങ്ങളിൽ താങ്ങാവാൻ കൂടി വേണ്ടിയാണ് നാം പങ്കാളിയെ കണ്ടെത്തുന്നത്.

രണ്ടുമൂന്നു ദിവസങ്ങൾ കൊണ്ട് വിവാഹത്തിന്റെ തുടക്കകാലത്തിലെ
അതേ സ്നേഹവും പരിഗണനയുമൊക്കെ തിരിച്ചുപിടിക്കാൻ അവരെ കൊണ്ടായി…

അവർ രണ്ടാളും കൂടിയാണ് മോളെ കൂട്ടാനായി ശരണ്യയുടെ വീട്ടിലേക്ക് ചെന്നത്

അതുവരെ കിട്ടാത്ത സ്നേഹവും പരിഗണനയും ഒക്കെ അച്ഛനും അമ്മയും നൽകാൻ ശ്രമിച്ചപ്പോൾ ശ്രദ്ധ മോൾക്കത് അംഗീകരിക്കാൻ പോലും കഴിഞ്ഞിരുന്നില്ല.

അവരുടെ കെട്ടിപ്പിടിക്കലും ചുംബനങ്ങളും ഒക്കെ കുട്ടിക്ക് അസ്വസ്ഥതയാണുളവാക്കിയത്…

അത് രാഹുലിനും ശരണ്യക്കും മനസ്സിലാവുകയും ചെയ്തു .

ശ്രദ്ധമോളെയും കൊണ്ട് അവർ രണ്ട് ദിവസത്തേക്ക് എവിടെയെങ്കിലും യാത്ര പോകണമെന്ന് തീരുമാനിച്ചിരിക്കുകയാണ്…
തിരിച്ചുവരുമ്പോഴേക്കും
അവൾ കൂട്ടാകും….ഉറപ്പാണ്..

അല്ലെങ്കിലും നമ്മുടെ സമയം, നമ്മുടെ പ്രിയപ്പെട്ടവർക്കായി കൂടി നീക്കി വയ്ക്കുമ്പോഴല്ലേ ജീവിതത്തിന് ചന്തമേറുന്നത്…
അപ്പോഴല്ലേ ജീവിതത്തിന്റെ യഥാർത്ഥ മാധുര്യം നുകരാനാവൂ..അല്ലേ??

✍️Anju Thankachan

Leave a Reply

Your email address will not be published. Required fields are marked *