പെണ്ണ് കാണാൻ വരുന്നതിനു മുന്നേ ചെറുക്കനെയൊന്നു കണ്ടോന്നു പറഞ്ഞു വീട്ടുകാർ പറഞ്ഞു വിട്ടത് പ്രകാരം ടൗണിൽ ഉള്ള ഒരു കോഫി ഷോപ്പിൽ വന്നതാണ് ഞാൻ…
അയാൾ ആരാണ്?
അയാളുടെ പേരെന്താണ്?
എന്നൊക്കെ ഓർത്തോണ്ടിരിക്കുന്നതിനിടയിൽ
തൊപ്പിയൊക്കെ വെച്ച് ഫോർമൽ ഡ്രെസ്സിൽ ആറടി പൊക്കത്തിൽ ഉള്ള ഒരു മനുഷ്യൻ ദൂരേന്ന് നടന്നു വരുന്നത് കണ്ടു.
അയാൾ എന്നെ കൈ പൊക്കി കാണിച്ചു.
ഞാനും.
അടുത്തേയ്ക്ക് നീങ്ങി വന്ന ശേഷം അയാൾ എന്നോട് പറഞ്ഞു,
ഹായ്, ഞാൻ അഭയ് കൃഷ്ണ…
അയാൾ എന്റെ നേരെ കൈ നീട്ടി..
ഞാൻ അയാൾക്ക് ഷേക് ഹാൻഡ് കൊടുത്തു.
താൻ വൈറ്റ് ഫ്ലോറൽ ഡ്രസ്സ് ആണ് ഇട്ടിരിക്കുന്നതെന്ന് വീട്ടിൽ നിന്നും പറഞ്ഞ കൊണ്ട് ആളെ കണ്ടു പിടിക്കാൻ വല്യ ബുദ്ധിമുട്ടുണ്ടായില്ല കേട്ടോ..
അയാൾ എന്റെ നേരെ നോക്കിയൊന്നു ചിരിച്ച ശേഷം തലയിൽ ഇരുന്ന തൊപ്പി ഊരി ടേബിളിൽ വെച്ചു…
അയാൾ കഷണ്ടി ആയിരുന്നു..
ഒരു കോഫി ഓർഡർ ചെയ്താലോ?
അയാൾ എന്നോട് ചോദിച്ചു.
മ്മ്.. ഞാൻ തലയാട്ടി..
ഞാൻ നോക്കുന്നത് കണ്ടിട്ടാവണം അയാൾ ചോദിച്ചു,എന്താടോ എന്നെ ശരിക്ക് കണ്ട സ്ഥിതിക്ക് കോഫി ഓർഡർ ചെയ്യണ്ട എന്ന് തോന്നുന്നുണ്ടോ?
അത് കേട്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി..
അയ്യോ….
ഏയ് അങ്ങനെയൊന്നുമില്ല,
ഞാൻ ഒന്ന് ചിരിച്ചു.
സത്യം പറയാലോ, താൻ അങ്ങനെ ചിന്തിച്ചിട്ടുണ്ടെങ്കിൽ തന്നെ അതിൽ എനിക്ക് അത്ഭുതമൊന്നുമില്ല.
അയാളുമൊന്നു ചിരിച്ചു.
ഞാൻ അയാളെ നോക്കി.
അതെന്താ?
കാരണം കല്യാണം കഴിക്കാൻ വരുന്ന പെൺകുട്ടികൾക്ക് ചെക്കനിൽ ഒരുപാട് സങ്കൽപ്പങ്ങളുണ്ടാവുമല്ലോ.ആറടി പൊക്കം, നല്ല മുടി, നല്ല മുഖം, നല്ല ജോലി… അങ്ങനെ ഒരുപാട്…..
ഞാൻ ചെറുതായി ചിരിച്ചു കൊണ്ട് ചോദിച്ചു,
അപ്പോ അതിലൊന്നും പെടാത്ത ആളാണല്ലേ അഭയ്,
മുടിയുടെ കാര്യത്തിൽ മാത്രം അൽപ്പം പിന്നിലാണ്.ബാക്കിയൊക്കെ മോശമില്ലെന്നാണ് എന്റെ അഭിപ്രായം.
അത് കേട്ട് അറിയാതെ എനിക്ക് ചിരി വന്നു.
അപ്പോഴേക്കും വെയിറ്റർ വന്നു.
സാർ, എന്താണ് വേണ്ടത്?
എനിക്ക് ഒരു ബ്ലാക്ക് കോഫി.
തനിക്ക്?
ഒരു കാപ്പുച്ചിനോ.
വെയിറ്റർ പോയതും അയാൾ എന്നെ നോക്കി പറഞ്ഞു,
അല്ല, ഒരു കാര്യം ചോദിച്ചോട്ടെ?
ചോദിച്ചോളൂ.
എന്റെ തലയിൽ മുടിയില്ലാത്തത് കണ്ടിട്ട് തനിക്ക് വല്ല ബുദ്ധിമുട്ടും തോന്നിയോ?
ഇല്ലാ എന്തിനാ അങ്ങനെ തോന്നുന്നേ?
അല്ല, വീട്ടിൽ പോയ ശേഷം വീട്ടുകാരോട് പറയേണ്ടേ,ചെക്കനെ കാണാൻ പോയപ്പോൾ ചെക്കന്റെ മുടി കണ്ടില്ലെന്ന്.
ഞാൻ ചിരിച്ചുപോയി.
അഭയ്, തനിക്ക് എപ്പോഴും ഇങ്ങനെ തമാശ പറയുന്ന സ്വഭാവമാണോ?
അല്ല.ടെൻഷൻ വരുമ്പോഴാണ് കൂടുതൽ തമാശ പറയുന്നത്.
ഇപ്പോൾ താൻ ടെൻഷനിലാണോ?
ഞാൻ ചോദിച്ചു.
പിന്നില്ലാതെ ആദ്യമായിട്ടാണ് ഒരു പെൺകുട്ടിയെ കോഫി ഷോപ്പിൽ വെച്ച് കാണാൻ വരുന്നത്. അതും ജീവിതകാലം മുഴുവൻ കൂടെ ജീവിക്കേണ്ടി വരുമോ എന്നറിയാത്ത ഒരാളെ.
അയാളുടെ മുഖത്തെ ചിരി പതുക്കെ ഗൗരവമായി.
തനിക്ക് ഈ ആലോചനയോട് താൽപ്പര്യമുണ്ടോ?
ഞാൻ ഒരു നിമിഷം മിണ്ടാതിരുന്നു.
വീട്ടുകാർക്ക് താൽപ്പര്യമുണ്ട്. അതുകൊണ്ടാണ് ഞാൻ വന്നത്.
അത് എനിക്ക് മനസ്സിലായി പക്ഷേ തനിക്ക്?
ഞാൻ അയാളെ നോക്കി.
എനിക്ക് ഒരാളെ ഇഷ്ടപ്പെടാൻ അയാളെ ഒന്ന് അറിയണം.അല്ലാതെ ഫോട്ടോ കണ്ടിട്ട് ഇഷ്ടപ്പെടുന്ന ടൈപ്പല്ല ഞാൻ.
അത് നന്നായി.കാരണം എന്റെ ഫോട്ടോ കണ്ടിട്ട് ഇഷ്ടപ്പെടാനുള്ള സാധ്യത കുറവാണെന്ന് എനിക്ക് നേരത്തെ അറിയാം.അത്കൊണ്ട് പറഞ്ഞതാ…
കോഫി വന്നു.
അയാൾ കപ്പെടുത്ത് ഒരു സിപ്പ് കുടിച്ചു.
അല്ല, തന്റെ പേര് ഞാൻ ചോദിച്ചില്ലല്ലോ.”
മാളവിക.
മ്മ്….നല്ല പേരാണ്.
താങ്ക്യൂ.
മാളവിക എന്താണ് ചെയ്യുന്നത്?
ഞാൻ ഒരു ബാങ്കിൽ ജോലി ചെയ്യുന്നു.
അല്ലാ ഇതൊന്നും അറിയാതെ ആണോ, ഇയാളെന്നെ കാണാൻ വന്നത്…
മനപ്പൂർവം ചോദിക്കാഞ്ഞതാ നമുക്ക് സംസാരിക്കാനും വിഷയം വേണമല്ലോ…
എന്തായാലും തന്നെ കെട്ടുന്ന ആൾക്ക് പൈസയുടെ കാര്യത്തിൽ രക്ഷയില്ലെന്ന് മനസ്സിലായി..
അതെന്താ?ഞാൻ പുരികം ചുളിച്ചു.
അല്ലാ…കല്യാണം കഴിഞ്ഞാൽ ഭർത്താവിനോട് എല്ലാ ചെലവിന്റെയും കണക്ക് ചോദിക്കില്ലെ…
ഞാൻ ഒന്നു ചിരിച്ച ശേഷം പറഞ്ഞു.. മ്മ് തന്നെ ഞാൻ കല്യാണം കഴിച്ചാൽ ഉറപ്പായും ചോദിക്കേണ്ടി വരും കാരണം തൊപ്പി വാങ്ങാനുള്ള ചെലവ് എത്രയാണെന്ന് എനിക്ക് അറിയണമല്ലോ.
തൊപ്പി വാങ്ങാൻ ചിലവാകും പക്ഷെ ചീപ്പിന് ചിലവാകില്ല കാരണം എനിക്കതിന്റെ ആവശ്യം ഇല്ലാലോ…..
അയാളുടെ മറുപടി കേട്ടപ്പോൾ ഞാൻ അറിയാതെ ചിരിച്ചു പോയി.
ഓരോന്ന് പറയുന്നതിനിടയിൽ അയാൾ പെട്ടെന്ന് എന്നോട് ചോദിച്ചു.
മാളവികേ,ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യസന്ധമായി ഉത്തരം പറയുമോ?
മ്മ്,ചോദിക്ക്.
നാളെ ഞാൻ ഈ തൊപ്പിയൊന്നും വെക്കാതെ,മുടിയില്ലാത്ത ഈ കഷണ്ടി തലയും വെച്ച് തന്റെ വീട്ടിലേക്ക് വന്നാൽ തന്റെ വീട്ടുകാർക്ക് ബുദ്ധിമുട്ടുണ്ടാകുമോ?
അവർക്കും ഉണ്ടാകില്ലേ സങ്കൽപ്പങ്ങൾ.
ഞാൻ കപ്പിൽ നോക്കി.
അത് എനിക്ക് അറിയില്ല അഭയ്.
ഹ്മ്മ്…
പക്ഷേ ഞാൻ ഒരു കാര്യം പറയാം.
എന്താ?
ഈ മുടിയിൽ ഒന്നും ഒരു കാര്യവും ഇല്ലടോ,സ്വഭാവത്തിൽ ആണ് കാര്യം.അതില്ലെങ്കിൽ പിന്നെ എന്തുണ്ടായിട്ടെന്താ…
അയാൾ ഒരു നിമിഷം എന്നെ നോക്കി.
പിന്നെ ചിരിച്ചു.
അത് മതി.ഇപ്പോൾ അത്രയും മതി.
കുറച്ചുനേരം ഞങ്ങൾ ഓരോ കാര്യങ്ങളും സംസാരിച്ചു.
ജോലി, വീട്, ഇഷ്ടങ്ങൾ, യാത്രകൾ, സിനിമകൾ…
എനിക്ക് യാത്രകൾ ഒരുപാട് ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ അയാൾ എന്നോട് പറഞ്ഞു.
എനിക്ക് മഴയുള്ള ദിവസങ്ങളിൽ ലോംങ്ങ് ഡ്രൈവ് പോകാനാണ് ഏറ്റവും ഇഷ്ടം.
എനിക്കും.
പക്ഷേ ഒരു പ്രശ്നമുണ്ട്.
എന്താടോ?
കാറിൽ പാട്ട് വെക്കുന്നത് എന്റെ ഇഷ്ടത്തിനാണ്.പഴയ പാട്ടുകളാണ് കൂടുതലും.
അയ്യോ!! എനിക്കാണെങ്കിൽ പുതിയ പാട്ടുകളാണ് ഇഷ്ടം.
അത് സാരമില്ല.ഒരു ദിവസം തന്റെ പാട്ട്, ഒരു ദിവസം എന്റെ പാട്ട് അങ്ങനെ ആവാല്ലോ..
അപ്പോ നമ്മൾ തമ്മിൽ വഴക്ക് വന്നാലോ?
അന്ന് പാട്ട് വെക്കാതെ നമുക്ക് യാത്ര ചെയ്യാം….
അയാൾ പറയുന്നതൊക്കെ എനിക്ക് ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു.
എന്നിട്ടും മനസ്സിൽ ഒരു ചോദ്യം ബാക്കിയുണ്ടായിരുന്നു.
അഭയ്…
എന്തോ?
തനിക്ക് തലയിൽ മുടിയില്ലാത്തത് കൊണ്ട് എന്തേലും അപകർഷതയുണ്ടോ?
അയാൾ ചിരിച്ചു.
ഇതിപ്പോ അഞ്ചാറ് വർഷമായി.ആദ്യം കുറച്ച് വിഷമമുണ്ടായിരുന്നു. പിന്നെ അതുമായി പൊരുത്തപ്പെട്ടു.
വിവാഹാലോചനകളൊക്കെ വന്നപ്പോൾ ഇതൊരു പ്രശ്നമായിരുന്നോ?
ഒരുപാട് തവണ.
എന്നിട്ട്?
ചിലർ എന്റെ ഫോട്ടോ കണ്ടിട്ട് തന്നെ പിന്മാറി. ചിലർ നേരിൽ കണ്ടപ്പോൾ മുഖം മാറി. ചിലർ നേരെ ചോദിച്ചു, മുടി വെക്കാൻ എന്തെങ്കിലും ചികിത്സ ചെയ്യുന്നില്ലേ എന്ന്.
ഞാൻ ഒന്നും മിണ്ടിയില്ല.
പക്ഷേ മാളവിക,എനിക്ക് ഒരു കാര്യം മാത്രമേ ആഗ്രഹമുള്ളൂ.എന്നെ വിവാഹം കഴിക്കുന്ന പെൺകുട്ടിക്ക് എന്റെ രൂപത്തേക്കാൾ എന്റെ കൂടെ ജീവിക്കുന്നതിൽ സന്തോഷമുണ്ടാകണം.
ആഗ്രഹങ്ങൾ എല്ലാം എന്നോട് തുറന്നു പറയുന്നവൾ ആയിരിക്കണം.
ജോലിക്ക് പോയി സ്വന്തമായി സമ്പാദിച്ചു സ്വന്തം കാലിൽ നിവർന്നു നിൽക്കുന്നവൾ ആയിരിക്കണം.മനുഷ്യന്റെ കാര്യമാണ് നാളെ ഞാൻ തട്ടിപ്പോയാലും ആ പെൺകുട്ടി വിഷമിക്കരുത്.
ആ വാക്കുകൾ കേട്ടപ്പോൾ അയാളോട് എനിക്ക് വല്ലാത്തൊരു ബഹുമാനം തോന്നി.
സംസാരിക്കുന്നതിനിടയിൽ അഭയ് എന്നോട് ചോദിച്ചു.
അല്ല മാളവിക, യാത്രകൾ ഇഷ്ടമാണെന്ന് പറഞ്ഞല്ലോ. വേറെ എന്തൊക്കെയാണ് തന്റെ ഇഷ്ടങ്ങൾ?
ഞാൻ ചിരിച്ചു.
ഒരുപാട് ഇഷ്ടങ്ങളുണ്ട്. മഴ കാണാൻ ഭയങ്കര ഇഷ്ടമാണ്. മഴയുള്ള ദിവസം ജനാലയ്ക്കരികിൽ ഇരുന്ന് ഒരു കാപ്പിയും കുടിച്ച് പുസ്തകം വായിക്കുന്നതൊക്കെ എനിക്ക് വല്ലാത്ത ഇഷ്ടമാണ്.
ഓഹോ! അപ്പോൾ താൻ നല്ലൊരു റൊമാന്റിക് ടൈപ്പാണല്ലേ?
അങ്ങനെ പറയാം. പക്ഷേ സിനിമയിൽ കാണുന്നതുപോലെയുള്ള പ്രണയമൊന്നും എനിക്ക് വേണ്ട.
പിന്നെ?
ചെറിയ ചെറിയ കാര്യങ്ങളിൽ സന്തോഷം കണ്ടെത്തുന്ന ഒരാളായിരിക്കണം കൂടെയുള്ളത്. തിരക്കിനിടയിലും എനിക്ക് വേണ്ടി കുറച്ച് സമയം മാറ്റിവെക്കുന്ന ഒരാൾ. ഞാൻ പറയുന്ന ചെറിയ കാര്യങ്ങൾ പോലും ഓർത്തുവെക്കുന്ന ഒരാൾ.
അഭയ് ചിരിച്ചുകൊണ്ട് ചോദിച്ചു.
ഉദാഹരണത്തിന്?
ഉദാഹരണത്തിന്, എനിക്ക് ചായയേക്കാൾ കാപ്പിയാണ് ഇഷ്ടമെന്ന് ഓർത്തുവെക്കുക. എനിക്ക് വിഷമമുള്ളപ്പോൾ എന്തുപറ്റി എന്ന് ചോദിക്കുക. ചിലപ്പോൾ ഒന്നും പറയാതെ അടുത്തിരുന്നാൽ പോലും മതി.അത്രേമൊക്കെ മതി.
അപ്പോൾ തനിക്ക് ഒരുപാട് പ്രതീക്ഷകളുണ്ടല്ലേ?
പ്രതീക്ഷകളുണ്ട്.പക്ഷേ അതിലൊന്നും വലിയ കാര്യങ്ങളില്ല. പരസ്പരം ബഹുമാനിക്കണം,എന്ത് പ്രശ്നമുണ്ടായാലും തുറന്നു സംസാരിക്കണം.ദേഷ്യം വന്നാൽ പോലും അപമാനിക്കുന്ന വാക്കുകൾ പറയരുത്.
അയാൾ ശ്രദ്ധയോടെ എന്നെ കേട്ടിരുന്നു.
പിന്നെ എനിക്ക് ജോലി ഉപേക്ഷിച്ച് വീട്ടിലിരിക്കുന്നതിനോട് വലിയ താൽപ്പര്യമില്ല.എന്റെ ജോലി എനിക്ക് ഇഷ്ടമാണ്.സ്വന്തമായി സമ്പാദിക്കണം, ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യണം.വിവാഹം കഴിഞ്ഞാലും എന്റെ വ്യക്തിത്വം നഷ്ടപ്പെടരുതെന്ന് ആഗ്രഹമുണ്ട്.അത്രേമൊക്കെയേ ഉള്ളൂ…
അത് നല്ല കാര്യമാണല്ലോ മാളവികേ…
അതുപോലെ വിവാഹം കഴിഞ്ഞാൽ എല്ലാത്തിനും ഒരു ടീം വർക്ക് വേണം. വീട്ടുജോലികൾ മുതൽ സാമ്പത്തിക കാര്യങ്ങൾ വരെ രണ്ടുപേരും പരസ്പരം സഹായിക്കണം.എല്ലാം പെൺകുട്ടിയുടെ അല്ലെങ്കിൽ ആൺകുട്ടിയുടെ മാത്രം ഉത്തരവാദിത്തമാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല.
അഭയ് ചിരിച്ചു.
അയാളുടെ ആ അഭിപ്രായം എനിക്കിഷ്ട്ടമായി.അങ്ങനെ ഓരോന്ന് പറഞ്ഞു സമയം പോയതറിഞ്ഞില്ല.
അഭയ് കാപ്പിയുടെ അവസാന സിപ്പും കുടിച്ചുകൊണ്ട് ചോദിച്ചു.
മാളവിക, ഒരു കാര്യം ചോദിക്കട്ടെ?
ഇനിയും ചോദ്യങ്ങൾ ബാക്കിയുണ്ടോ?
ഞാൻ ചിരിച്ചു.
ഒന്നുകൂടി മാത്രം.തനിക്ക് എന്നിൽ ഏറ്റവും ഇഷ്ടപ്പെട്ടത് എന്താണ്?
ഞാൻ അയാളെ നോക്കി.
ആദ്യമായി കണ്ടപ്പോൾ ഈ തൊപ്പിയായിരുന്നു ഞാൻ ശ്രദ്ധിച്ചത്. തൊപ്പി ഊരിയപ്പോൾ തന്റെ മുടിയില്ലാത്ത തലയും കണ്ടു.പക്ഷേ ഇപ്പോൾ അതൊന്നും എന്റെ ശ്രദ്ധയിൽ പോലുമില്ല.”
പിന്നെ?
താൻ സംസാരിക്കുന്ന ഒരു രീതിയുണ്ട്.തമാശ പറയുമ്പോഴും മറ്റൊരാളെ വേദനിപ്പിക്കാത്ത ഒരു സൂക്ഷ്മത.സ്വന്തം കുറവുകളെക്കുറിച്ച് തുറന്നു സംസാരിക്കാനുള്ള ധൈര്യം. അതൊക്കെയാണ് എനിക്ക് ഇഷ്ടമായത്.”
അയാൾ ചിരിച്ചു.
അപ്പോൾ എന്റെ കഷണ്ടി പ്രശ്നമല്ലല്ലേ?
അഭയ്, ഒരു കാര്യം പറഞ്ഞോട്ടെ?
പറഞ്ഞോളൂ.
എനിക്ക് നല്ല മുടിയുള്ള ഒരാളെ വിവാഹം കഴിക്കണമെന്ന് ഒരിക്കലും ആഗ്രഹമുണ്ടായിരുന്നില്ല.എന്നെ മനസ്സിലാക്കുന്ന ഒരാളെയാണ് ഞാൻ ആഗ്രഹിച്ചത്. എന്റെ ജോലിയെയും സ്വപ്നങ്ങളെയും ഇഷ്ടങ്ങളെയും ബഹുമാനിക്കുന്ന ഒരാൾ. എന്റെ സന്തോഷത്തിൽ സന്തോഷിക്കുകയും സങ്കടത്തിൽ കൂടെ നിൽക്കുകയും ചെയ്യുന്ന ഒരാൾ.
അങ്ങനെയൊരാളാകാൻ എനിക്ക് കഴിയുമെന്ന് മാളവികയ്ക്ക് തോന്നുന്നുണ്ടോ?”
അതറിയാൻ ഇനിയും കുറച്ചുകൂടി സമയം വേണം പക്ഷേ അതിനൊരു അവസരം തരാൻ എനിക്ക് താൽപ്പര്യമുണ്ട്.
അയാളുടെ മുഖത്ത് ഒരു വലിയ പുഞ്ചിരി വിരിഞ്ഞു.
അപ്പോൾ വീട്ടിൽ പോയി താൻ എന്താണ് പറയാൻ പോകുന്നത്?
ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു.
ചെക്കന് മുടി കുറവാണ്. പക്ഷേ മനസ്സിൽ നിറയെ നന്മയുണ്ട്. പിന്നെ…
പിന്നെ?
വീണ്ടും കാണാൻ…..കൂടുതൽ ആളെ പറ്റി അറിയാൻ….പിന്നെ ചിരിക്കുമ്പോൾ ചെറുതാവുന്ന കണ്ണുകൾ ഉള്ള ഇയാളെ എനിക്ക് ഇഷ്ടമാണ് എന്നും പറയാം.
അയാളുടെ മുഖത്ത് വീണ്ടും ഒരു പുഞ്ചിരി വിരിഞ്ഞു.
എന്നാൽ നമുക്ക് ഇറങ്ങിയാലോ?
എഴുന്നേൽക്കാൻ നേരം അയാൾ തൊപ്പി കൈയിലെടുത്തു.
ഞാൻ പെട്ടെന്ന് പറഞ്ഞു.
അതിനി വെക്കണ്ട.
അയാൾ എന്നെ നോക്കി.
അതെന്താ?
ഇനി തൊപ്പി വെക്കേണ്ട ആവശ്യമില്ല അത് വെക്കാത്തതാ തനിക്ക് ഭംഗി.
ശരിക്കും?
മ്മ്….ആന്നെ..
അപ്പോ എനിക്ക് ചെറിയൊരു പ്രതീക്ഷ വെക്കാമല്ലോ?
ഞാൻ ചിരിച്ചു.
ഒപ്പം അയാളും ചിരിച്ചുകൊണ്ട് പറഞ്ഞു,
താങ്ക്യൂ മാളവിക.
എന്തിന്?
എന്റെ മുടിയെക്കാൾ എന്നെ ശ്രദ്ധിച്ചതിന്.
ആ നിമിഷം എനിക്ക് അയാളോട് എന്തോ ഒരു പ്രത്യേക ഇഷ്ടം തോന്നി.
അത് അയാളുടെ രൂപത്തോടായിരുന്നില്ല.
അയാളുടെ സംസാരത്തോടും, തമാശകളോടും, ഉള്ളിലെ നന്മയോടും, ഒന്നും മറച്ചുവെക്കാതെ തന്നെത്തന്നെ അവതരിപ്പിച്ച ആ മനസ്സിനോടുമായിരുന്നു.
വീട്ടിലേക്ക് പോകാൻ കാറിൽ കയറുന്നതിനുമുമ്പ് അയാൾ ചോദിച്ചു.
മാളവിക, ഒരു കാര്യം കൂടി?
എന്താ?
അടുത്ത തവണ ഈ കോഫി ഷോപ്പിൽ വെച്ചു തന്നെ കാണാല്ലോ അല്ലെ?
ആവാം.പക്ഷേ ഒരു കണ്ടീഷനുണ്ട്.
എന്താണ്?
അടുത്ത തവണ വരുമ്പോൾ ആ തൊപ്പി കൊണ്ടുവരരുത്.
ശരി മാഡം.അയാൾ പൊട്ടിച്ചിരിച്ചു.
ചില ഇഷ്ടങ്ങൾ അങ്ങനെയാണ്…
നമ്മൾ മനസ്സിൽ വരച്ചുവെച്ച രൂപത്തിലായിരിക്കില്ല അവർ വരുന്നത് പക്ഷേ നമ്മുടെ മനസ്സിന് ഏറ്റവും ഇണങ്ങുന്ന ഒരാളായി പിന്നീടവർ മാറും.
കഥ : നിറം
✍️അച്ചു വിപിൻ
