ചിലപ്പോൾ ഒരു സ്ത്രീ ആഗ്രഹിക്കുന്നത് താൻ വിളമ്പിയ ഭക്ഷണത്തിന് മുന്നിൽ ഭർത്താവ് സ്നേഹത്തോടെ പറയുന്ന ഒരു വാക്ക് മാത്രം ആയിരിക്കും. നീയും വാ… നമുക്ക് ഒരുമിച്ചിരുന്ന് കഴിക്കാം…..

ഉച്ചയ്ക്ക് ചോറും കൂട്ടാനുമൊക്കെ ഉണ്ടാക്കി വെച്ചൊന്നു നടു നിവർത്താനായി സോഫയിലേക്കൊന്നിരിക്കുമ്പോഴാണ് ഭർത്താവ് കൂടെ ജോലി ചെയ്യുന്ന ഒന്നു രണ്ടുപേരുമായി വീട്ടിലോട്ട് കയറി വരുന്നത്….

ഊണ് കാലായോ?

ആളെന്നോട് ചോദിച്ചു…

മ്മ്, ആയിട്ടുണ്ട്…

എന്നാ എടുത്തോളൂ…
ഇന്ന് കൂടെ കഴിക്കാൻ രണ്ടു പേരൂടെ ഉണ്ട്‌. ഇന്നെന്റെ പിറന്നാളാണ് ഞാൻ വീട്ടിലേക്ക് ഉണ്ണാൻ പോരുവാന്ന് പറഞ്ഞപ്പോൾ രണ്ടാളും എന്റെ കൂടെയിങ്ങ് പോന്നു…ആളെന്റെ നേരെ നോക്കി ഭക്ഷണം എടുത്തോ എന്ന അർത്ഥത്തിൽ ആംഗ്യം കാട്ടി.

ഭർത്താവ് വന്ന ശേഷം ഒരുമിച്ചുണ്ണാമെന്ന് കരുതി രാവിലത്തെ ഭക്ഷണം പോലും കഴിക്കാൻ നിക്കാതെ അടുക്കളയിൽ കിടന്നുള്ള പണിയായിരുന്നു.ആൾക്ക് ഇഷ്ടപ്പെട്ട കറികളും പായസവുമൊക്കെ എത്ര സന്തോഷത്തോടെയാണ് ഞാൻ ഉണ്ടാക്കിയത്.എന്നിട്ടതൊരുമിച്ചു രണ്ടാൾക്കും കഴിക്കാൻ പറ്റിയോ?ഒക്കെ വെറുതെയായി.

ഞാൻ ഒന്ന് നെടുവീർപ്പിട്ട ശേഷം അടുക്കളയിൽ ഇരുന്ന ഭക്ഷണമെല്ലാം എടുത്തു ഊണുമേശയിൽ കൊണ്ട് വെച്ചു.
കൂടെ വന്നവരും വീട്ടിലുള്ള എന്റെ ആളും അതാസ്വദിച്ചു കഴിക്കുന്നത് ഞാൻ നോക്കി നിന്നു.

നീ കഴിച്ചോ? ഇല്ലെങ്കിൽ നീയും കൂടെയിരിക്ക് എന്നൊരു വാക്ക് പോലും എന്റെ ഭർത്താവിന്റെ വായിൽ നിന്നും വീണില്ല,എപ്പഴേലും അയാൾ അത് പറയുമെന്ന പ്രതീക്ഷയിൽ ഞാൻ അവിടെ തന്നെ നിന്നു.പക്ഷെ ആ പ്രതീക്ഷയും വെറുതെയായി.

എല്ലാവരും ഭക്ഷണം കഴിച്ചു കഴിഞ്ഞ് കൈ കഴുകി എഴുന്നേറ്റപ്പോഴും ഞാൻ അടുക്കളയുടെ വാതിൽക്കൽ തന്നെ നിൽക്കുകയായിരുന്നു. ഒഴിഞ്ഞ പാത്രങ്ങളും ബാക്കിയുള്ള കറികളും നോക്കിയപ്പോൾ അറിയാതെ കണ്ണുകൾ നിറഞ്ഞു.

ഭക്ഷണം നന്നായിരുന്നു കേട്ടോ… പായസം സൂപ്പറായിട്ടുണ്ട്.

ഭർത്താവിന്റെ കൂടെ വന്ന ഒരാൾ ചിരിച്ചുകൊണ്ട് പറഞ്ഞു.

നന്ദി…

ഞാനൊന്ന് ചിരിച്ചെന്ന് വരുത്തി.

എന്നാൽ ഞങ്ങളിറങ്ങട്ടെ.
ഓഫീസിൽ കുറച്ച് പണിയുണ്ട്.

ശരി,അങ്ങനെയാവട്ടെ ഞാൻ അല്പം കഴിഞ്ഞു വന്നേക്കാം നിങ്ങള് പൊക്കോ,ഭർത്താവ് അവരെ നോക്കി പറഞ്ഞു.

പോകാനിറങ്ങിയ കൂട്ടുകാരിലൊരാൾ എന്നെ നോക്കി ചോദിച്ചു.

ചേച്ചി,
ചേച്ചി കഴിച്ചാരുന്നോ?

ഞാൻ മറുപടി പറയുന്നതിനു മുമ്പേ ഭർത്താവ് പറഞ്ഞു.

അവൾ പിന്നെ കഴിച്ചോളും.
വീട്ടിലെ പണിയൊക്കെ കഴിഞ്ഞിട്ട് കഴിക്കുന്നതല്ലേ അവളുടെ പതിവ്.

ആ വാക്കുകൾ കേട്ടപ്പോൾ എന്തോ ഉള്ളിലൊരു നോവ് തോന്നി.

അവർ പോയി വാതിലടച്ചതും ഞാൻ ഭർത്താവിനോട് ചോദിച്ചു.

നിങ്ങൾക്ക് ഒരു കാര്യം അറിയാമോ?

എന്താ?

ഇന്ന് നിങ്ങളുടെ പിറന്നാളായിരുന്നില്ലേ?

അതെ,അതിനെന്താ?

അതിനെന്താന്നോ?
നിങ്ങൾക്ക് ഇഷ്ടമുള്ള കറികളൊക്കെ ഉണ്ടാക്കാൻ വേണ്ടി രാവിലെ മുതൽ കഷ്ടപ്പെടുവായിരുന്നു.ഇത്രേം നേരം ആയിട്ടും ഞാൻ ഒന്നും കഴിച്ചിട്ടില്ല.നിങ്ങൾ വരുമ്പോൾ ഒരുമിച്ചിരുന്ന് ഊണു കഴിക്കാമെന്ന് കരുതിയിരുന്നു.പക്ഷേ…

ഞാൻ മുഴുമിപ്പിച്ചില്ല.

അതിനെന്താ ഇത്ര വലിയ കാര്യം?
വീട്ടിൽ അതിഥികൾ വന്നാൽ അവരെ സൽക്കരിക്കണ്ടേ?

വേണം.പക്ഷേ ആ സൽക്കാരത്തിനിടയിൽ എന്നെക്കൂടി ഒരു മനുഷ്യനായി കാണാമായിരുന്നില്ലേ? നിങ്ങൾക്കൊപ്പം വന്നവർക്ക് ഭക്ഷണം വിളമ്പുമ്പോൾ എനിക്കും ഒരു പ്ലേറ്റ് എടുത്തുവെക്കാമായിരുന്നില്ലേ? അല്ലെങ്കിൽ നീയും ഇരുന്ന് കഴിക്ക് എന്നൊരു വാക്കെങ്കിലും നിങ്ങൾക്ക് പറയാമായിരുന്നില്ലേ?

അയാൾ ഒന്നും മിണ്ടിയില്ല.

ഞാൻ അടുക്കളയിലേക്ക് നടന്നു. കലത്തിൽ ബാക്കിയുണ്ടായിരുന്ന ചോറ് ഒരു പാത്രത്തിലേക്കെടുത്തു.കറിയും പായസവും കുറച്ചെടുത്തു മേശയ്ക്കരികിൽ ഇരുന്നു.

ആദ്യത്തെ ഉരുള വായിലേക്കെടുക്കുമ്പോൾ കണ്ണുനീർ ചോറിലേക്ക് വീണു.

അപ്പോഴാണ് പിന്നിൽ നിന്ന് അയാളുടെ ശബ്ദം കേട്ടത്.

നീ എന്തിനാ കരയുന്നത്?
അതിനും മാത്രം ഇപ്പിവിടെ എന്താ ഉണ്ടായേ??

ഞാൻ കണ്ണുകൾ തുടച്ച് അയാളെ നോക്കി.

ഒന്നുമില്ല.എനിക്ക് വിശന്നിട്ടാണ്.

അതിന് കരയുന്നതെന്തിനാ നിന്റെ മുന്നിൽ ഭക്ഷണമുണ്ടല്ലോ….

അതെ, ഭക്ഷണമുണ്ട്. പക്ഷേ വിശപ്പുള്ളപ്പോൾ കൂടെയിരുന്ന് കഴിക്കാൻ ഒരാളില്ലല്ലോ…

അയാൾ നിശ്ശബ്ദനായി.

ഞാൻ വീണ്ടും പറഞ്ഞു.

ഇന്ന് നിങ്ങളുടെ പിറന്നാളായിരുന്നു. നിങ്ങൾക്ക് വേണ്ടി ഞാൻ ഒരുപാട് സന്തോഷത്തോടെയാണ് ഭക്ഷണമുണ്ടാക്കിയത് പക്ഷേ ഇന്ന് എനിക്ക് മനസ്സിലായി, ഒരു വീട്ടിൽ ഭക്ഷണം പാകം ചെയ്യുന്നവൾക്ക് വിശപ്പുണ്ടാകില്ലെന്നാണ് പലരുടെയും വിചാരം. എല്ലാവർക്കും വിളമ്പുന്ന കൈകൾക്കും വിശക്കുന്നുണ്ടെന്ന് ആരും ഓർക്കാറില്ല.

അയാൾ പതിയെ എന്റെ അടുത്തേക്ക് വന്നു.

സോറി…

ഞാൻ അയാളോട് ഒന്നും പറഞ്ഞില്ല.

നീ കഴിച്ചോ…ഞാൻ ഒന്ന് കിടക്കട്ടെ..

അയാൾ മുറിയിലേക്ക് പോയി.

ഞാൻ കഴിച്ചുതീർത്ത് പാത്രമെടുത്ത് എഴുന്നേറ്റു.

പാത്രം കഴുകുന്നതിനിടയിൽ എനിക്കൊരു കാര്യം മനസ്സിലായി.

ഒരു സ്ത്രീയുടെ സ്നേഹത്തിന് അളവില്ലാത്തതുകൊണ്ട് അവൾക്ക് വിശപ്പില്ലെന്നും ക്ഷീണമില്ലെന്നും സങ്കടമില്ലെന്നും കരുതരുത്.

അവൾക്കും ആഗ്രഹങ്ങളുണ്ട്. അവൾക്കും വിശപ്പുണ്ട്. അവൾക്കും ആരുടെയെങ്കിലും കരുതലോടെ ഒരു ഉരുള ചോറ് കഴിക്കണമെന്ന് തോന്നാറുണ്ട്.

കാരണം…

ചിലപ്പോൾ ഒരു സ്ത്രീ ആഗ്രഹിക്കുന്നത്
താൻ വിളമ്പിയ ഭക്ഷണത്തിന് മുന്നിൽ ഭർത്താവ് സ്നേഹത്തോടെ പറയുന്ന ഒരു വാക്ക് മാത്രം ആയിരിക്കും.

നീയും വാ… നമുക്ക് ഒരുമിച്ചിരുന്ന് കഴിക്കാം എന്നൊരു വാക്ക്.

ഞാൻ എല്ലാവർക്കും സ്നേഹത്തോടെ ചോറ് വിളമ്പി…പക്ഷേ എനിക്കും വിശക്കുന്നുണ്ടെന്ന് ഓർക്കാൻ മാത്രം ആരുമുണ്ടായിരുന്നില്ല. കാരണം, ഈ ലോകത്ത് പലപ്പോഴും ഭക്ഷണം പാകം ചെയ്യുന്നവളുടെ വിശപ്പാണ് എല്ലാവരും മറന്നുപോകുന്നത്.

NB:ചില അവഗണനകൾക്ക് ശബ്ദമുണ്ടാകില്ല… പക്ഷേ വിളമ്പിയ ചോറിൽ വീഴുന്ന കണ്ണുനീർ അതിന്റെ ആഴം പറഞ്ഞുതരും.

കഥ : വിശപ്പിന്റെ വില.
✍️അച്ചു വിപിൻ

Leave a Reply

Your email address will not be published. Required fields are marked *