“അമ്മ ദാ അവിടെ മൂത്രത്തിൽ കുളിച്ചു കിടക്കുന്നുണ്ട്. ഏടത്തി ഒന്ന് പോയി വൃത്തിയാക്കോ….? എനിക്കാ മണം കേട്ടാൽ ഓക്കാനം വരും.”
അടുക്കളയിൽ പാത്രങ്ങൾ കഴുകി കൊണ്ടിരിക്കവെയാണ് സിന്ധുവിന്റെ അടുത്തേക്ക് അഞ്ജു ഓടിക്കൊണ്ടുവന്നത്.
പൈപ്പ് ഓഫ് ചെയ്ത് സിന്ധു ഒരു നിമിഷം അവളെ നോക്കി. പിന്നെ ഒന്നും പറയാതെ അമ്മ കിടക്കുന്ന മുറിയിലേക്ക് നടന്നു.
കട്ടിലിൽ മൂത്രത്തിൽ കുതിർന്ന വസ്ത്രങ്ങളുമായി കിടക്കുകയായിരുന്നു ദേവകിയമ്മ.സിന്ധു അടുത്തേക്ക് ചെന്നതും അവരുടെ കണ്ണുകൾ നിറഞ്ഞു.
“അമ്മ എന്തിനാ കരയുന്നത്..? ഞാൻ വന്നല്ലോ..”
സിന്ധു വേഗം ടിഷ്യു എടുത്ത് അവരുടെ കണ്ണുകൾ തുടച്ചു. പിന്നീട് പതിയെ അവരെ എഴുന്നേൽപ്പിച്ച് ദേഹം എല്ലാം തുടച്ചു വൃത്തിയാക്കി.
നനഞ്ഞ വസ്ത്രങ്ങൾ മാറ്റി പുതിയ വസ്ത്രം ധരിപ്പിച്ച ശേഷം കിടക്കവിരിപ്പ് എല്ലാം മാറ്റിവിരിച്ച് ബെഡിലേക്ക് കിടത്തി. എല്ലാം കഴിഞ്ഞ് അമ്മയ്ക്ക് കുടിക്കാൻ വെള്ളവും കൊടുത്തു. ഇതെല്ലാം കണ്ടുകൊണ്ട് അഞ്ചു വാതിൽക്കൽ തന്നെ നിൽക്കുന്നുണ്ടായിരുന്നു.
“ഏട്ടനോട് പറഞ് അമ്മയെ നോക്കാൻ ഒരാളെ വെച്ചുകൂടെ ഏടത്തി… വീട്ടിലെ പണികളും അമ്മയുടെ കാര്യങ്ങളും എല്ലാം കൂടി എങ്ങനാ…എനിക്കാണേൽ കുട്ടികളെ തനിച്ചാക്കി ഇവിടെ വന്ന് നിൽക്കാനും വയ്യ…”
അഞ്ജു നെറ്റി ചുളിച്ചുകൊണ്ട് പറഞ്ഞു.
“അമ്മയ്ക്ക് ആരോഗ്യം ഉള്ളപ്പോൾ നിങ്ങളെ മൂന്നാളെയും നോക്കി ഈ നിലയിൽ എത്തിച്ചില്ലേ..? അമ്മയ്ക്ക് ഇപ്പോൾ വയ്യ. അപ്പോൾ നമ്മളല്ലേ നോക്കേണ്ടത്? നമുക്ക് നോക്കാൻ ആരോഗ്യമുള്ളപ്പോൾ വേറെ ആളെ എന്തിനാണ് വയ്ക്കുന്നത്?”
സിന്ധുവിന്റെ ചോദ്യം കേട്ട് അഞ്ചു ഒന്നും പറയാതെ മുറിയിൽ നിന്ന് പുറത്തേക്ക് പോയി.
ദേവകി അമ്മയ്ക്ക് എഴുപത്തിരണ്ടു വയസ്സായിരുന്നു. ഭർത്താവ് മരിച്ചിട്ട് വർഷങ്ങളായി.
അവർക്ക് രണ്ട് ആൺമക്കളും ഒരു മകളുമാണ് ഉണ്ടായിരുന്നത്.
മൂത്തമകൻ മനോജും ഭാര്യ രമയും കുട്ടികളുമായി വേറെ വീട്ടിലാണ് താമസം.രണ്ടാമത്തെ മകനായ രാജീവും ഭാര്യ സിന്ധുവും അമ്മയോടൊപ്പം തറവാട്ടിലാണ്.ഇളയമകൾ അഞ്ചു വിവാഹം കഴിഞ്ഞ് ഭർത്താവിന്റെ വീട്ടിലായിരുന്നു.
ഭർത്താവ് മരിക്കുന്നതിനു മുൻപ് അൻപത് സെന്റ് സ്ഥലവും പുരയിടവും കുറച്ചു ബാങ്ക് ബാലൻസും ദേവി ദേവകിയമ്മയുടെ പേരിൽ ആക്കിയിരുന്നു. അതുകൊണ്ടുതന്നെ സാമ്പത്തികമായി അവർക്ക് വലിയ ബുദ്ധിമുട്ടുകൾ ഒന്നും ഉണ്ടായിരുന്നില്ല.
എന്നാൽ പ്രായമായതോടെ പലവിധ അസുഖങ്ങളും അവരെ അലട്ടി തുടങ്ങി.ഒരു ദിവസം ജോലി ചെയ്യവേ പെട്ടെന്ന് കുഴഞ്ഞുവീണതാണ് അവർ. സിന്ധു കണ്ടതുകൊണ്ട് അപ്പോൾ തന്നെ ആശുപത്രിയിൽ എത്തിക്കാൻ സാധിച്ചു.
ആശുപത്രിയിൽ നിന്ന് വീട്ടിൽ എത്തിയത് നടക്കാനോ സ്വന്തമായി കാര്യങ്ങൾ ചെയ്യാനോ കഴിയാത്ത അവസ്ഥയിലായിരുന്നു.അന്നുമുതൽ അവരുടെ പരിചരണം മുഴുവൻ സിന്ധുവിന്റെ ചുമതലയായി മാറി.
സിന്ധുവിന് രണ്ട് ചെറിയ മക്കളായിരുന്നു.രാജീവിന്റെയും കുട്ടികളുടെയും കാര്യങ്ങൾ നോക്കണം, വീട്ടിലെ ജോലികൾ ചെയ്യണം അതിനിടയിൽ അമ്മയുടെ കാര്യങ്ങളും ശ്രദ്ധിക്കണം. എന്നിട്ടും അവൾ ഒരിക്കലും ആരോടും പരാതി പറഞ്ഞിരുന്നില്ല.
രാവിലെ എഴുന്നേറ്റതും ആദ്യം അവൾ അമ്മയുടെ മുറിയിലേക്ക് ആണ് പോകുക. അവിടെ ചെന്ന് അമ്മയെ വൃത്തിയാക്കും, ഭക്ഷണം കൊടുക്കും,മരുന്നുകൾ നൽകും.ഉറങ്ങാൻ കിടന്നാലും അമ്മയ്ക്ക് എന്തെങ്കിലും ആവശ്യം ഉണ്ടോ എന്ന് നോക്കാൻ ഇടയ്ക്കിടെ എഴുന്നേൽക്കും.
സിന്ധുവിന്റെ ഈ കഷ്ടപ്പാടുകൾ കാണുമ്പോഴൊക്കെയും ദേവകിയമ്മയുടെ മനസ്സ് വേദനിച്ചിരുന്നു.
“മോളെ നീ എന്തിനാണ് എനിക്ക് വേണ്ടി ഇത്രയും കഷ്ടപ്പെടുന്നത്?സ്വന്തം മക്കൾ പോലും തിരിഞ്ഞു നോക്കാതിടത്ത് നീ എല്ലാ തിരക്കുകളും മാറ്റിവെച്ച് എനിക്ക് വേണ്ടി കഷ്ടപ്പെടുന്നു.” അവരുടെ ശബ്ദം ഇടറി.
“അമ്മ അങ്ങനെ ഒന്നും ചിന്തിക്കേണ്ട.. അമ്മയ്ക്ക് വയ്യാത്തപ്പോൾ ഞാൻ നോക്കേണ്ടേ..? അമ്മ വിഷമിക്കാതെ ഇരുന്നാൽ മതി.”സിന്ധുവിന്റെ മറുപടി കേട്ടതും ദേവകിയമ്മയുടെ കണ്ണ് നിറഞ്ഞു.
തന്റെ അമ്മയെ പോലെ തന്നെയാണ് അവൾ ദേവകിയമ്മയെ സ്നേഹിച്ചതും പരിചരിച്ചതും. എന്നാൽ സ്വന്തം മക്കളുടെ ഭാഗത്തുനിന്ന് അങ്ങനെ ഒരു കരുതൽ ഉണ്ടായിരുന്നില്ല.
മൂത്തമകൻ മനോജ് ഇടയ്ക്കൊക്കെ വീട്ടിൽ വരും അമ്മയുടെ ആരോഗ്യത്തെക്കുറിച്ച് ചോദിക്കും കുറച്ചുനേരം കഴിഞ്ഞാൽ തിരികെ പോകും.
രാജീവും അമ്മയുടെ കാര്യങ്ങളിൽ വലിയ ശ്രദ്ധ കാണിച്ചിരുന്നില്ല. സിന്ധു ആകട്ടെ വന്നാലും അമ്മയുടെ മുറിയിലേക്ക് കയറാൻ പോലും മടിച്ചു.
മുറിയിൽ നിന്നുള്ള ദുർഗന്ധം കാരണം അവൾക്ക് അവിടെ നിൽക്കാൻ കഴിയുന്നില്ല എന്നതായിരുന്നു അവളുടെ പരാതി.
ഒരു ദിവസം മൂന്നാളും കൂടി വീട്ടിൽ ഒത്തുചേർന്നു.
“അമ്മയുടെ കാര്യത്തിൽ എന്തേലും മാറ്റമുണ്ടോ?” മനോജ് ചോദിച്ചു.
“എന്ത് മാറ്റം വരാനാണ് ചേട്ടാ..പഴയതുപോലെതന്നെ കിടപ്പാണ്.” രാജീവ് പറഞ്ഞു.
” ഇനി അമ്മ എഴുന്നേറ്റ് നടക്കുമെന്ന് എനിക്ക് തോന്നുന്നില്ല.എത്ര നാളായി ഇങ്ങനെ കിടക്കുന്നു. “സിന്ധുവാണ് പറഞ്ഞത്.
മനോജ് കുറച്ചു നേരം മിണ്ടാതിരുന്ന ശേഷം തുടർന്നു.
” അമ്മയുടെ പേരിലുള്ള സ്ഥലത്തിന്റെ കാര്യം നമുക്ക് എന്തെങ്കിലും ഒരു തീരുമാനം ആക്കണം.ഇങ്ങനെ വെച്ചുകൊണ്ടിരുന്നത് എന്ത് കാര്യം? ”
ചേട്ടന്റെ തീരുമാനം രാജീവും ശരിവെച്ചു.
“ഞാനൊരു കാര്യം പറയാം.കല്യാണത്തിന് എനിക്ക് കാര്യമായി ഒന്നും തന്നിട്ടില്ല.സ്ഥലത്തിന്റെ കാര്യത്തിൽ എനിക്കും അവകാശമുണ്ട്. നിങ്ങൾ രണ്ടുപേരും മാത്രം എല്ലാം തീരുമാനിച്ചാൽ പോരാ…” സിന്ധു ഇടയ്ക്കു കയറി സംസാരിച്ചു.
ഇതെല്ലാം സിന്ധു സങ്കടത്തോടെ കേട്ട് നിൽക്കുന്നുണ്ടായിരുന്നു. അവരുടെ സംസാരം മുഴുവൻ സ്വത്തിനെ കുറിച്ചായിരുന്നു അമ്മയുടെ ആരോഗ്യത്തെക്കുറിച്ചോ അവർ അനുഭവിക്കുന്ന വേദനയെക്കുറിച്ചോ ആരും സംസാരിച്ചില്ല.
ഒരു ദിവസം രാത്രി ദേവകിയമ്മയ്ക്ക് കടുത്ത പനി വന്നു. ശ്വാസം എടുക്കാനും ബുദ്ധിമുട്ട് അനുഭവപ്പെട്ടു. സിന്ധു പേടിച്ച് രാജീവിനെ വിളിച്ചു.
“ചേട്ടാ.. അമ്മയ്ക്ക് തീരെ വയ്യ നമുക്ക് ഇപ്പോൾ തന്നെ ആശുപത്രിയിൽ കൊണ്ടുപോകണം.”
“ഈ രാത്രിയിലോ? രാവിലെ കൊണ്ടുപോകാം..” ഉറക്കച്ചടവിലാണ് രാജീവ് മറുപടി പറഞ്ഞത്.
“അമ്മയ്ക്ക് ശ്വാസം എടുക്കാൻ പോലും വയ്യ ചേട്ടാ.. രാവിലെ വരെ കാത്തുനിൽക്കാൻ പറ്റില്ല.”
സിന്ധുവിന്റെ നിർബന്ധത്തിനു വഴങ്ങിയാണ് രാജീവ് അമ്മയെ ആശുപത്രിയിൽ എത്തിച്ചത്.
ഡോക്ടർ പരിശോധിച്ചു ചികിത്സ നൽകി.
രണ്ടു ദിവസം ഹോസ്പിറ്റലിൽ അഡ്മിറ്റ് ആക്കി.
അപ്പോഴൊക്കെയും സിന്ധു ഉറക്കമിളച്ച് അവരുടെ കൂടെ തന്നെ നിന്നു. ഡിസ്ചാർജ് ചെയ്യുമ്പോൾ ഡോക്ടർ ഒരു കാര്യം പ്രത്യേകം പറഞ്ഞിരുന്നു.കൃത്യമായ മരുന്നും നല്ല പരിചരണവും ഉണ്ടെങ്കിൽ ദേവകിയമ്മ പഴയ ജീവിതത്തിലേക്ക് തിരികെ വരുമെന്ന്.
വീട്ടിൽ തിരിച്ചെത്തിയശേഷം ദേവകിയമ്മ സിന്ധുവിന്റെ കൈപിടിച്ചു.
“മോളെ ഞാൻ നിനക്ക് ഒരു ഭാരമായല്ലേ…”
അത് ചോദിക്കുമ്പോൾ അവരുടെ കണ്ണുകൾ തുളുമ്പി. അന്നേരം സിന്ധു അവരെ ചേർത്തുപിടിച്ചു.
“അമ്മ എന്തൊക്കെയാണ് പറയുന്നത് അമ്മമാർക്ക് വയ്യാതായാൽ നോക്കേണ്ടത് മക്കളല്ലേ?അതെങ്ങനെ ഒരു ഭാരമാകും?.”
ദേവകിയമ്മ പുഞ്ചിരിച്ചു.
അന്ന് രാത്രി സിന്ധു അമ്മയുടെ കൂടെത്തന്നെയിരുന്നു.
ദിവസങ്ങൾ കടന്നുപോയി.
ഡോക്ടർ നിർദ്ദേശിച്ച ചികിത്സയും സിന്ധുവിന്റെ സ്നേഹവും പരിചരണവും കൊണ്ട് ദേവകിയമ്മയുടെ ആരോഗ്യനില പതുക്കെ മെച്ചപ്പെടാൻ തുടങ്ങി. ആദ്യമാദ്യം കുറച്ചുനേരം ഇരിക്കാനും പിന്നീട് സ്വന്തമായി ഭക്ഷണം കഴിക്കാനും തുടങ്ങി.
ഒരു ദിവസം രാവിലെ സിന്ധു മുറിയിലേക്ക് ചെന്നപ്പോൾ ദേവകിയമ്മ കട്ടിലിന്റെ കാലിൽ പിടിച്ച് എഴുന്നേൽക്കാൻ ശ്രമിക്കുന്നത് കണ്ടു സിന്ധു ഓടി ചെന്ന് അമ്മയെ താങ്ങി പിടിച്ചു
“അമ്മേ.. പതുക്കെ.. വീഴരുത്.”
കുറെ നാളുകൾക്കു ശേഷം ദേവകിയമ്മയുടെ മുഖത്ത് ഒരു പുഞ്ചിരി തെളിഞ്ഞു. അമ്മയുടെ മാറ്റം കണ്ട് സിന്ധുവും ഒരുപാട് സന്തോഷിച്ചു.
നാളുകൾ പോകേ പോകേ സിന്ധുവിന്റെ സഹായത്തോടെ വീടിനുള്ളിൽ തന്നെ പതുക്കെ പതുക്കെ ആരെയും ആശ്രയിക്കാതെ നടക്കാവുന്ന അവസ്ഥയിലേക്ക് ദേവകിയ എത്തി.
ഒരു ദിവസം അഞ്ചു വീട്ടിലെത്തിയപ്പോൾ അമ്മ വരാന്തയിലെ കസേരയിൽ ഇരിക്കുന്നത് കണ്ടു. അമ്മയെ കണ്ടതും അവൾക്ക് അത്ഭുതമായി.
“ആഹാ.. അമ്മയ്ക്ക് ഇപ്പോൾ നല്ല മാറ്റം ഉണ്ടല്ലോ…”
ദേവകിയമ്മ പുഞ്ചിരിച്ചു.
“സിന്ധുവാണ് എന്നെ ഇത്രയും നോക്കിയത് മോളെ..അവളില്ലായിരുന്നെങ്കിൽ എന്റെ കാര്യം എന്താകുമായിരുന്നു എന്ന് എനിക്കറിയില്ല.”
അഞ്ജു അതിനു മറുപടി പറയാതെ അകത്തേക്ക് പോയി. കുറച്ചു സമയം കഴിഞ്ഞു മനോജും എത്തി. രാജീവ് വീട്ടിൽ തന്നെ ഉണ്ടായിരുന്നു.
അമ്മയോട് കുറച്ചുനേരം സംസാരിച്ച ശേഷം അവർ വീണ്ടും സ്വത്തിന്റെ കാര്യം സംസാരിക്കാൻ ഒത്തുകൂടി.
“അമ്മയ്ക്ക് ഇപ്പോൾ അല്പം ഭേദമുണ്ടെന്ന് കരുതി ഇനിയും കിടപ്പാകില്ലെന്ന് ആര് കണ്ടു..പ്രായം ഇത്രയായില്ലേ..അതുകൊണ്ട് സ്വത്തിന്റെ കാര്യത്തിൽ എത്രയും വേഗം ഒരു തീരുമാനം എടുക്കുന്നതാണ് നല്ലത്.” മനോജ് പറഞ്ഞു.
“അതെ.. അത് ശരിയാണ് അമ്മയ്ക്ക് പെട്ടെന്ന് എന്തെങ്കിലും സംഭവിച്ചു കഴിഞ്ഞാൽ പിന്നീട് ഇതിനെ ചൊല്ലി ഒരു വഴക്കുണ്ടാകരുതല്ലോ…” രാജീവ് കൂട്ടിച്ചേർത്തു.
” എന്റെ ഷെയറിന്റെ കാര്യം മറക്കണ്ട. ” അഞ്ജു ഓർമിപ്പിച്ചു.
മക്കളുടെ അടുത്തേക്ക് മെല്ലെ നടന്നുവന്ന ദേവകിയമ്മ അവരുടെ സംസാരം കേൾക്കുന്നുണ്ടായിരുന്നു.മൂന്നാളും കൂടി ഒരുമിച്ച് കൂടിയപ്പോൾ അമ്മയുടെ സുഖ വിവരമന്വേഷിക്കാൻ ആകുമെന്നാണ് കരുതിയത് പക്ഷേ…..
എല്ലാം കേട്ട് ദേവകിയമ്മയുടെ കണ്ണ് നിറഞ്ഞു പക്ഷേ അവർ ആരോടും ഒന്നും പറഞ്ഞില്ല.
അടുത്ത ദിവസം തന്നെ ദേവകി അമ്മ ഒരു വക്കീലിനെ വീട്ടിലേക്ക് വിളിപ്പിച്ചു.തന്റെ പേരിലുള്ള എല്ലാ സ്വത്തുക്കളെ കുറിച്ചും അതിൽ പകുതിഭാഗം മൂന്നു മക്കളുടെ പേരിലും ബാക്കി പകുതി മരുമകൾ സിന്ധുവിnu നൽകാൻ ആഗ്രഹിക്കുന്നതിനെക്കുറിച്ചും അവർ വക്കീലിനോട് സംസാരിച്ചു.
ദേവകിയമ്മയുടെ തീരുമാനം വ്യക്തവും സ്വമേധയാ ഉള്ളതുമാണെന്ന് ഉറപ്പുവരുത്തിയ ശേഷം വക്കിൽ നിയമപരമായ നടപടികൾ ആരംഭിച്ചു.
ഒടുവിൽ രജിസ്റ്റർ ചെയ്ത ആധാരത്തിലൂടെ സ്വത്തിന്റെ പകുതി സിന്ധുവിന്റെ പേരിലേക്കും ബാക്കി പകുതി മൂന്നാളുടെ പേരിലേക്കും മാറ്റി.
ഈ വിവരം അറിഞ്ഞതോടെ മനോജും അഞ്ചുവും ദേഷ്യത്തോടെ വീട്ടിലെത്തി.
“അമ്മ എന്ത് ഭ്രാന്താണ് കാണിച്ചത് ഞങ്ങൾ മക്കൾ ജീവനോടെ ഇരിക്കുമ്പോൾ സ്വത്തിന്റെ പകുതി മരുമകളുടെ പേരിൽ എഴുതിവെക്കാൻ അമ്മയ്ക്ക് എങ്ങനെ തോന്നി?” മനോജ് ചോദിച്ചു.
ദേവകിയമ്മ ശാന്തമായി മറുപടി പറഞ്ഞു.
“നിങ്ങൾ മക്കളായതുകൊണ്ടാണ് ബാക്കി പകുതി മൂന്ന് പേർക്കും വീതിച്ച് എഴുതിയത്. അല്ലെങ്കിൽ മുഴുവനും സിന്ധുവിന്റെ പേരിൽ തന്നെ എഴുതിവച്ചേനെ..എന്റെ പേരിലുള്ള സ്വത്താണ് അത് ആർക്ക് കൊടുക്കണം എന്ന് തീരുമാനിക്കാനുള്ള അവകാശം എനിക്കുണ്ട് അത് നീ എന്നെ പഠിപ്പിക്കേണ്ട..”
“ഇങ്ങനെയൊക്കെ ചെയ്യുമ്പോൾ ഞങ്ങൾ അമ്മയുടെ മക്കളല്ല എന്നല്ലേ അർത്ഥം? “അഞ്ചു ദേഷ്യത്തോടെ ചോദിച്ചു.
ദേവകിയമ്മയുടെ കണ്ണുകൾ നിറഞ്ഞു
“നിങ്ങൾ എന്റെ മക്കളാണ് അതിൽ എനിക്ക് സംശയമില്ല. പക്ഷേ ഞാൻ കിടപ്പിലായിരുന്നപ്പോൾ ഈ മക്കൾ എവിടെയായിരുന്നു?. എന്റെ ശരീരത്തിൽ മൂത്രവും മലവും പറ്റി കിടന്നപ്പോൾ എന്റെ അടുത്തേക്ക് വരാൻ പോലും നിങ്ങൾക്ക് മടിയായിരുന്നില്ലേ..?”
“എന്റെ വസ്ത്രം മാറ്റാനും എന്നെ കുളിപ്പിച്ച് വൃത്തിയാക്കാനും നിങ്ങൾക്ക് കഴിഞ്ഞില്ല.അന്ന് അതെല്ലാം ഒരറപ്പും കൂടാതെ ചെയ്തത് സിന്ധുവായിരുന്നു.”
അവർ തുടർന്നു.
“എന്റെ അസുഖം മാറില്ലെന്നും ഞാൻ ഇനി എഴുന്നേൽക്കില്ലെന്നും കരുതി നിങ്ങൾ എന്റെ സ്വത്ത് എങ്ങനെ പങ്കുവയ്ക്കാം എന്ന് ആലോചിച്ചു.എന്നാൽ സിന്ധു മാത്രം എന്നെ ഒരു ഭാരമായി കണ്ടില്ല.രാത്രിയിൽ ഉറക്കം പോലും കളഞ്ഞു ആ പാവം എനിക്ക് കൂട്ടിരുന്നു. എത്ര തിരക്കിനിടയിലും അവൾ എന്റെ കാര്യം മറന്നില്ല ഒന്നും പ്രതീക്ഷിച്ചല്ല അവൾ ഇതൊന്നും ചെയ്തത്.
അമ്മ പറയുന്നത് കേട്ട് അഞ്ചു തലകുനിച്ചു. സിന്ധുവിന്റെ കണ്ണുകൾ നിറഞ്ഞു.
“അമ്മേ..എനിക്ക് ഒരു സ്വത്തും വേണ്ട. അമ്മ സുഖമായിരിക്കണം അതുമാത്രമാണ് ഞാൻ ആഗ്രഹിച്ചത്.”
ദേവകിയമ്മ സിന്ധുവിന്റെ കൈപിടിച്ചു.
“നീ വിഷമിക്കേണ്ട മോളെ.. ഇനി മരിച്ചാലും എനിക്ക് സന്തോഷത്തോടെ മരിക്കാം. എന്നെ പൊന്നുപോലെ നോക്കിയ നിനക്ക് വേണ്ടി ഇത്രയെങ്കിലും ചെയ്തില്ലെങ്കിൽ പിന്നെ മരിച്ചാൽ പോലും എനിക്ക് സമാധാനം കിട്ടില്ല.”
” നീ എനിക്ക് മരുമകൾ അല്ല മോളെ.. ഞാൻ കിടപ്പിലായിരുന്നപ്പോൾ നീയാണ് എന്റെ മകളായി കൂടെ നിന്നത്.സ്വന്തം മക്കളിൽ നിന്ന് കിട്ടാത്ത സ്നേഹവും കരുതലും എനിക്ക് നിന്നിൽ നിന്ന് മാത്രമാണ് കിട്ടിയത്. അതുകൊണ്ട് ഈ തീരുമാനം ഞാൻ മാറ്റാൻ ആഗ്രഹിക്കുന്നില്ല.”
മനോജും അഞ്ചുവും ദേഷ്യത്തോടെ അവിടെനിന്ന് ഇറങ്ങിപ്പോയി. രാജീവ് മുറിയിലേക്ക് പോയി. സിന്ധു കരഞ്ഞുകൊണ്ട് അമ്മയെ ചേർത്തുപിടിച്ചു. ദേവകിയ അവളുടെ തലയിൽ കൈവെച്ച് സമാധാനിപ്പിച്ചു.
മക്കൾ ആകാൻ ജന്മം നൽകണം എന്നില്ല കർമം കൊണ്ടാണ് ചിലർ മക്കളായി മാറുന്നത്.
✍️അംബിക ശിവശങ്കരൻ.
