കല്യാണം കഴിഞ്ഞ് എത്തിയപ്പോൾ മുതൽ വീർത്തു കെട്ടിയ മുഖവുമായി കല്യാണപ്പെണ്ണ് മുറിക്കുള്ളിൽ ഇരിക്കാൻ തുടങ്ങിയിട്ട് നേരം കുറെയായി.ഫോട്ടോ എടുക്കാൻ….

കല്യാണം കഴിഞ്ഞ് എത്തിയപ്പോൾ മുതൽ വീർത്തു കെട്ടിയ മുഖവുമായി കല്യാണപ്പെണ്ണ് മുറിക്കുള്ളിൽ ഇരിക്കാൻ തുടങ്ങിയിട്ട് നേരം കുറെയായി.ഫോട്ടോ എടുക്കാൻ നേരവും ആ മുഖത്ത് യാതൊരു തെളിച്ചവും കണ്ടില്ല.

“എന്താ ഈ പെങ്കൊച്ചിന് ഈ കല്യാണം ഇഷ്ടമില്ലാതെ നടത്തിയതാണോ.
കണ്ടില്ലേ അതിന്റെ മുഖത്ത് ഒട്ടും
സന്തോഷം ഇല്ലല്ലോ..”

“അതെയതെ.. ഞാനും അത് ശ്രദ്ധിച്ചു. ആരോ നിർബന്ധിച്ച് കെട്ടിച്ചത് പോലെ.. അല്ലെങ്കിലും ഏതെങ്കിലും കൊച്ചു പെൺപിള്ളേര് ഈ കല്യാണത്തിന് സമ്മതിക്കുമെന്ന് തോന്നുന്നുണ്ടോ. ഒന്നാമതേ അവന്റെ രണ്ടാം കല്യാണമാണ്.പിന്നെ ഒരു കൊച്ചും. ആ പെണ്ണിനെ വീട്ടുകാർ സ്വത്ത് മോഹിച്ചു പിടിച്ചു കെട്ടിച്ചതാണ്, സംശയമില്ല. ”

“പക്ഷെ പെണ്ണിന്റെ വീട്ടില് അത്ര മോശം ചുറ്റുപാടൊന്നുമല്ല കേട്ടോ. നിശ്ചയത്തിനു ഞാനും പോയിരുന്നു വീട്ടില്.. പിന്നെ എന്താന്ന് ആർക്കറിയാം. വേറെ എന്തെങ്കിലും കാരണം കാണും.
വഴിയേ അറിയാം..”

ചെറുക്കന്റെ വേണ്ടപ്പെട്ടവരൊക്കെ വിവാഹം കഴിഞ്ഞു മടങ്ങിപ്പോകാനുള്ള തിരക്കിലായിരുന്നു..

അനുശ്രീ എന്നായിരുന്നു പുതുപ്പെണ്ണിന്റെ പേര്. വയസ്സ് ഇരുപത്തി ആറ്.
വിദ്യാഭ്യാസ യോഗ്യത ബി കോം..മൂന്ന് പെൺകുട്ടികൾ ആണ്. അവളായിരുന്നു ഏറ്റവും മൂത്തത്.അച്ഛൻ മരിച്ചിട്ട് പത്തു വർഷം കഴിഞ്ഞു.അമ്മയ്ക്ക് സഹകരണ ബാങ്കിൽ ചെറിയൊരു ഹെൽപ്പർ ജോലി ഉള്ളത് കൊണ്ട് ആ വരുമാനത്തിലാണ് അവളും ഇളയവരും കഴിഞ്ഞിരുന്നത്.

ബി കോം കഴിഞ്ഞതോടെ ഇനിയും പഠിക്കാൻ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും അവൾ ഇളയവർക്ക് വേണ്ടി പഠിത്തം മതിയാക്കി ടൗണിൽ ഒരു സൂപ്പർ മാർക്കെറ്റിൽ ബില്ലിംഗ് സെക്ഷനിൽ അക്കൗണ്ടന്റ് ആയി ജോലിക്ക് കയറി.

കാണാൻ സുന്ദരി ആയത് കൊണ്ട് പഠിച്ചുകൊണ്ടിരിക്കുമ്പോൾ തൊട്ട് ഒരുപാട് ആലോചന അവൾക്ക് വരാൻ തുടങ്ങിയിരുന്നു. തനിക്ക് ഡിഗ്രി എടുക്കണം എന്ന് പറഞ്ഞ് അവൾ അതൊക്കെ ഒഴിവാക്കി.

” നീ ഇങ്ങനെ വരുന്ന ആലോചനയൊക്കെ തട്ടിമാറ്റിയാൽ എന്തു ചെയ്യും. നിനക്ക് താഴെ രണ്ടു പെൺകുട്ടികൾ കൂടി വളർന്നുവരുന്നുണ്ട്. മൂന്നുപേരെയും ഒരേ പന്തലിൽ നിർത്തേണ്ടി വരും എന്ന് നാട്ടുകാരെക്കൊണ്ട് പറയിക്കണോ.
അച്ഛൻ മരിച്ചു പോയതുകൊണ്ട് എല്ലാവരും എന്നോടേ ചോദിക്കത്തുള്ളൂ.. നോക്കിക്കോ ഇനി വരുന്ന കല്യാണം ഞാൻ ഒന്നും നോക്കത്തില്ല. നിന്റെ അഭിപ്രായവും എനിക്ക് അറിയേണ്ട. നീ മിണ്ടാതെ സമ്മതിച്ചാൽ മാത്രം മതി. ”

അമ്മ അച്ഛൻ മരിച്ചതോടുകൂടി എല്ലാ ദുഃഖവും ഉള്ളിലൊതുക്കി തങ്ങളെ അതിന്റെ കുറവ് അറിയിക്കാതെ വളർത്തിയതാണ്. അതുകൊണ്ടുതന്നെ അമ്മയുടെ മനസ്സിൽ എന്താണെന്ന് പുറമേ നോക്കിയാൽ പിടി കിട്ടില്ല. സ്നേഹം മുഴുവനും ഉള്ളിൽ അടക്കിവെച്ച് അമ്മ എപ്പോഴും എല്ലാവരോടും ദേഷ്യപ്പെട്ട് നടക്കും.. തന്റെ കാര്യത്തിലും അമ്മയ്ക്ക് ഉത്കണ്ഠ ഉണ്ട്. പോരെങ്കിൽ പലരും നിത്യവും ചോദിക്കുന്ന ഒരു കാര്യമാണ്.. മൂത്ത മോൾക്ക് കല്യാണം ഒന്നുമായില്ലേ എന്ന്..

താൻ വിവാഹം കഴിച്ചു പോയാൽ പിന്നെ അനിയത്തിമാരുടെയും അമ്മയുടെയും കാര്യം ആരാണ് നോക്കുന്നത്. ചെന്ന് കയറുന്ന വീട്ടിലെ ആൾക്കാർ എങ്ങനെയുള്ളതാണെന്ന് ആർക്കറിയാം. തനിക്ക് തന്റെ വീട്ടുകാരെ ഒന്ന് സഹായിക്കാൻ പോലും കഴിയാത്ത സാഹചര്യം ആണെങ്കിൽ എന്ത് ചെയ്യും.. അതുകൊണ്ടൊക്കെയാണ് ഉടനെ ഒന്നും ഒരു കല്യാണം വേണ്ടെന്നു പറഞ്ഞു ഒഴിഞ്ഞുമാറുന്നത്.. പക്ഷേ അമ്മ തന്നെ മനസ്സിലാക്കുന്നില്ലല്ലോ..

ഒരു തിരക്കുള്ള ദിവസം ആയിരുന്നു ഷോപ്പിൽ അന്ന്.
ഒരു കൊച്ചു പെൺകുട്ടിയുമായി ഒരു ചെറുപ്പക്കാരൻ കടന്നു വന്നിട്ട് ബില്ലിംഗ് സെക്ഷനിൽ നിൽക്കുമ്പോൾ കൂടെയുള്ള കുട്ടി റാക്കിലിരുന്ന ഒരു മാഗിപാക്കറ്റ് വലിച്ചെടുത്തു. എടുത്ത വഴി അത് പൊട്ടി ചിതറി താഴെ വീണു. ചെറുപ്പക്കാരൻ ആ കുട്ടിയെ ഒരുപാട് ശാസിച്ചു. അടിക്കാനായി കൈവീശി. അതുകൊണ്ട് അവൾ പെട്ടെന്ന് ചാടി എഴുന്നേറ്റു അയാളെ തടഞ്ഞു.

” സാർ എന്താ സാർ ഇത് ഒരു കൊച്ചു കുഞ്ഞല്ലേ.. അവൾക്ക് പറ്റിയ ഒരു അബദ്ധം അല്ലേ സാരമില്ല ക്ഷമിച്ചേക്കൂ.. ”

” ഞാൻ ക്ഷമിച്ചാലും നിങ്ങൾ ക്ഷമിക്കണം എന്നില്ലല്ലോ.. കടയിലെ സാധനം നശിപ്പിക്കുമ്പോൾ ഞാനല്ലേ അതിനു വില തരേണ്ടത്.. കൂടെ വരണ്ട എന്ന് ഞാൻ ആയിരം വട്ടം പറഞ്ഞതാണ്. പക്ഷേ കേൾക്കണ്ടേ..ചില്ലറ വാശിയല്ല.. അതുകൊണ്ടല്ലേ ഇങ്ങനെയൊക്കെ സംഭവിച്ചത്.. ”

പ്രായത്തിൽ കവിഞ്ഞ പക്വതയോടെ അയാൾ ആ കുട്ടിയെ കുറിച്ച് സംസാരിക്കുന്നത് കേട്ടപ്പോൾ അത് അയാളുടെ സ്വന്തം കുട്ടിയാണെന്ന് അവൾക്ക് തോന്നി..

” സാർ ഒരു മാഗി പായ്ക്കറ്റ് അല്ലേ പൊട്ടിയത്. അതിന് എന്ത് വില വരും എന്ന് സാറിന് അറിയാമല്ലോ.. അത് തരാൻ സാറിന്റെ കൈയിൽ ഇല്ലെങ്കിൽ ഞാൻ എന്റെ കയ്യിൽ നിന്ന് എടുത്തോളാം. എങ്കിലും കുഞ്ഞിനെ ഇനി വഴക്കു പറയരുത്.. ”

അയാൾ അതിശയത്തോടെയാണ് അവളെ നോക്കിയത്.
ഒരു ചെറുപ്പക്കാരി പെണ്ണാണ്. അവൾക്ക് പക്ഷേ തീരെ അഹന്തയുമില്ല. കുട്ടിയോട് എന്ത് കരുതലോടും സ്നേഹത്തോടും ആണ് അവൾ പെരുമാറുന്നത്. വേറെ ആരായിരുന്നെങ്കിലും ഇപ്പോൾ അവളോട് ദേഷ്യപ്പെട്ടേനെ..

ബില്ലടിച്ചു കഴിഞ്ഞു സാധനങ്ങൾ എല്ലാം പായ്ക്ക് ചെയ്തുകഴിഞ്ഞു അവർ പോകാൻ ഒരുങ്ങുമ്പോൾ അവൾ ആ കുട്ടിക്ക് ഒരു ചോക്ലേറ്റ് നീട്ടി.
ആദ്യം അത് വാങ്ങാൻ ഒന്നും മടിച്ചിട്ട് അവൾ അയാളെ നോക്കി.

” മോൾ അച്ഛനെ നോക്കുകയൊന്നും വേണ്ട, ഇത് വാങ്ങിച്ചോ ആന്റി തരുന്ന സമ്മാനമാണ്..”

” വാങ്ങിച്ചോ.. ഇനി അത് ഞാനായിട്ട് വിലക്കി എന്ന് വേണ്ടല്ലോ..”

അവൾ അത് വളരെ സന്തോഷത്തോടെ വാങ്ങിച്ചിട്ട് ആ പെൺകുട്ടിയെ നോക്കി താങ്ക്സ് പറഞ്ഞു.

അച്ഛനും മകളും സാധനങ്ങളുമായി പോകുമ്പോൾ അവൾ ഇടയ്ക്കിടെ തിരിഞ്ഞുനോക്കി കൈ വീശുന്നുണ്ടായിരുന്നു.. കൊടുത്താൽ കിട്ടുന്നതാണ് സ്നേഹം എന്ന് പറയുന്നത് എത്ര ശരിയാണ്..

മാസത്തിലൊന്നോ രണ്ടോ തവണ അച്ഛനും മകളും ഷോപ്പിൽ എത്താറുണ്ട്. അന്നത്തെ ആ സംഭവത്തിനുശേഷം അവൾ അനുവിന്റെ അടുത്തേക്ക് ഓടിവന്ന് വിശേഷങ്ങൾ പറയും. അനു എല്ലാ പ്രാവശ്യവും ഓരോ ചോക്ലേറ്റ് അവൾക്ക് കൊടുക്കും.
സ്കൂളിലെ എല്ലാ വിശേഷങ്ങളും അനു ചോദിക്കാതെ തന്നെ അവളോട് പറയും. ഇതൊക്കെ കുട്ടിയുടെ അച്ഛൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. മകൾക്ക് അവളോടുള്ള താല്പര്യം സ്നേഹവും എല്ലാം അവൾ പോലും അറിയാതെ അയാൾ ശ്രദ്ധിച്ചിരുന്നു.

വീട്ടിലെത്തിയാലും അനുവിനെ കുറിച്ചുള്ള കാര്യങ്ങൾ എപ്പോഴും അച്ഛനോട് അവൾ പറയും. അനുവിന്റെ നമ്പർ വാങ്ങിച്ച് അനുവുമായി വാട്സാപ്പിൽ ചാറ്റ് ചെയ്യാനും തുടങ്ങി.

മാസത്തിൽ ഒന്നോ രണ്ടോ തവണ കടയിൽ പോകാറുണ്ടായിരുന്ന അയാൾ മൂന്നാലു വട്ടമെങ്കിലും കടയിൽ ചെല്ലും. മകളുടെ നിർബന്ധത്താൽ ആണത്.. ഒരിക്കൽ പഠിച്ചുകൊണ്ടിരുന്നപ്പോഴാണ് എഴുതിക്കൊണ്ടിരുന്ന അവൾ മുഖമുയർത്തി അച്ഛനോട് ഒരു ചോദ്യം ചോദിച്ചത്.

” അച്ഛാ അച്ഛൻ അനു ആന്റിയെ കല്യാണം കഴിച്ചായിരുന്നെങ്കിൽ എനിക്കെപ്പോഴും ആന്റിയോടൊപ്പം കഴിയാമായിരുന്നല്ലോ.. അച്ഛന് എന്നെ ഇട്ടിട്ട് എവിടെ വേണേലും പോവുകയും ചെയ്യാം. എന്താ അച്ഛാ.. അച്ഛൻ അനു ആന്റിയോട് ഈ കാര്യം ഒന്ന് സംസാരിക്കാമോ..”

അയാൾ അത് കേട്ട് ഷോക്ക്ഡ് ആയിപ്പോയി. ഇവളുടെ മനസ്സിൽ എന്തൊക്കെയാണ് ഉള്ളത്.ആ പെണ്ണ് ഇതറിഞ്ഞാൽ തന്നെ കടിച്ചു കീറാൻ വരും. അത് വല്ലതും ഇവൾക്ക് അറിയാമോ..

“നോക്ക് മാളു, നീ ആവശ്യമില്ലാത്ത കാര്യത്തിലൊന്നും ഇടപെടേണ്ട കേട്ടോ.. കൊച്ചു പിള്ളേര് വല്യ വായിൽ വർത്തമാനം പറയരുത്, എനിക്ക് അത് ഇഷ്ടമല്ല…”

“എനിക്ക് അമ്മയുണ്ടായിരുന്നെങ്കിൽ ഞാൻ ഇങ്ങനെ ഒന്നും പറയില്ലല്ലോ. എന്റെ എല്ലാ ഫ്രണ്ട്സിനും അമ്മയുണ്ട്. നല്ല സുന്ദരിയായ അമ്മ. എനിക്ക് ഉള്ള അമ്മ ദേ ആ ഭിത്തിയിൽ അല്ലേ കിടക്കുന്നത്.”

അവളുടെ ശബ്ദം വല്ലാതെ ഇടറിപ്പോയിരുന്നു..
അഞ്ചു വയസ്സുള്ള ഒരു കുട്ടി അമ്മയുടെ സ്നേഹം കൊതിക്കുന്നത് തെറ്റാണോ ..
ഉള്ളിലിരുന്ന് ആരോ പറയുമ്പോലെ..

മാളുവിന്റെ മുഖത്ത് നിന്ന് പെട്ടന്ന് നോട്ടം മാറ്റി. ആ കുഞ്ഞിക്കണ്ണുകൾ ഒന്ന് വെറുതെ പോലും നിറയുന്നത് തനിക്ക് ഇഷ്ടമല്ല..
അവളുടെ ചിരിക്കുന്ന മുഖമാണ് എപ്പോഴും കാണേണ്ടത്..

മാളുവിന്റെ ആഗ്രഹം നിസ്സാരമല്ല. തന്നെ പോലെയുള്ള ഒരാളെ ആ കുട്ടി വിവാഹം കഴിക്കാൻ താല്പര്യം കാണിക്കുമോ എന്ന് ഒരു വട്ടം പോലും ആലോചിക്കേണ്ട കാര്യമില്ല..

പിറ്റേന്ന് ഒന്നും വാങ്ങാൻ ഇല്ലായിരുന്നിട്ടും അയാൾ വെറുതെ ആ ഷോപ്പിൽ പോയി. അവൾ തിരക്കിലാണ്. പക്ഷെ ആ തിരക്കിലും എത്ര സൗമ്യമായിട്ടാണ് കസ്റ്റമേഴ്‌സിനോട് അവൾ പെരുമാറുന്നത്.
കൂടിയാൽ ഒരു ഇരുപത്തി അഞ്ചു വയസ്സ് കാണും.. നല്ല പ്രസരിപ്പുള്ള മുഖം.

മോൾക്ക് വെറുതെ ആണോ ഇവളോട് അടുപ്പം ഉണ്ടായത്. പക്ഷെ തന്നോട് അങ്ങനെ ഒരു ഫീൽ ഉണ്ടാകണം എന്നില്ലല്ലോ.
മോടെ ആഗ്രഹം എങ്ങനെ ആണ് ഒന്ന് അറിയിക്കുക.
നേരിട്ട് പറഞ്ഞാലോ… ചിലപ്പോൾ നല്ല വർത്തമാനം കേൾക്കേണ്ടി വരും. അല്ലെങ്കിൽ ഒരു മീഡിയേറ്റർ.
അവളുടെ അഡ്രസ് തപ്പിപ്പിടിച്ച് വീട്ടിൽ ചെന്ന് നേരിട്ട് ചോദിക്കാം. അതാണ് നല്ലത്. വേണ്ടെങ്കിൽ വേണ്ടാ.തന്റെ മോൾക്ക് വേണ്ടി ഒന്നും ചെയ്യാൻ പറ്റിയിട്ടില്ല ഇതുവരെ..

ഞായറാഴ്ച അയാൾ മകളെയും കൂട്ടിയാണ് അനുവിന്റെ വീട്ടിൽ പോയത്. പതിവിന് വിപരീതമായി കസവു മുണ്ടും ഷർട്ടുമായിരുന്നു വേഷം.

കോളിങ്ങ് ബെൽ അടിച്ചു കാത്തു നിന്നപ്പോൾ വാതില് തുറന്നത് അവളുടെ അമ്മയാണ്. ചോദ്യഭാവത്തിൽ നോക്കിയ അവരോട് മാളു സ്വാതന്ത്ര്യത്തോടെയാണ് തിരക്കിയത്.

“അനുവാന്റി ഇല്ലേ ഇവിടെ…”

“ഉണ്ടല്ലോ.. മോൾക്ക് ആന്റിയെ കാണണോ.. ഞാൻ ഇപ്പോൾ വിളിച്ചോണ്ട് വരാം. നിങ്ങൾ കയറിയിരിക്ക്.”

കുറച്ചു കഴിഞ്ഞപ്പോൾ അനു പരിഭ്രമത്തോടെ ഇറങ്ങി വന്നു. അവൾക്ക് അവരെ രണ്ട് പേരെയും കണ്ട് അമ്പരപ്പായിരുന്നു. ഇവരെന്തിനാ എന്നെ തിരക്കി വന്നത്.
കാര്യം തിരക്കിയപ്പോൾ അമ്മയ്ക്കും കാരണം അറിയില്ല.

അവരുടെ രണ്ട് പേരുടെയും മുഖങ്ങൾ കണ്ടപ്പോൾ അയാൾ പതിയെ സംസാരിച്ചു
തുടങ്ങി.

“എന്റെ പേര് ആകാശ് മേനോൻ. ഞാൻ ടെക്‌നോ പാർക്കിൽ ജോലി ചെയ്യുന്നു. ഇത് എന്റെ ഒരേയൊരു മകൾ മാളവിക മേനോൻ. ഞാൻ മാളു എന്നാണ് വിളിക്കുന്നത്. എന്റെ വൈഫ്‌ മരിച്ചിട്ട് മൂന്ന് വർഷമായി. ഞാൻ ഇതേവരെ മറ്റൊരു വിവാഹത്തെ കുറിച്ച് ചിന്തിച്ചിരുന്നില്ല. പക്ഷെ എന്റെ മകൾക്ക് നിങ്ങളുടെ മകളെ വിട്ടു പിരിയാൻ പറ്റുന്നില്ല. എപ്പോഴും ആന്റിയെ കാണണം എന്ന് പറഞ്ഞു വഴക്കാണ്. അവൾക്ക് ആന്റിയെ ഞാൻ കല്യാണം കഴിക്കണം എന്നാണ് ആഗ്രഹം. പക്ഷെ, ഞാൻ ഒത്തിരി പിന്തിരിപ്പിക്കാൻ നോക്കി. എന്നാൽ അവൾ സമ്മതിക്കുന്നില്ല.. സ്കൂളിൽ പോകില്ല, ആഹാരം കഴിക്കില്ല എന്നൊക്കെ പറഞ്ഞു വാശിയിലാണ്. ഞാൻ എന്താ ചെയ്യേണ്ടത് എന്നറിയില്ല. നിങ്ങളുടെ മകൾ തന്നെ ഒരു തീരുമാനം പറയട്ടെ.. ഞാൻ ആകെ ടെൻഷനിലാണ്. എനിക്ക് സമാധാനം ആയിട്ട് ജോലി ചെയ്യാൻ പോലും പറ്റുന്നില്ല. ”

എല്ലാം കേട്ട് വിളറി വെളുത്തു നിൽക്കുന്ന അനുവിനെ അമ്മ അംബിക തുറിച്ചു നോക്കി. എന്തൊക്കെയാണ് ഈ കേൾക്കുന്നത്. ഇവളും ആ കൊച്ചും തമ്മിൽ എന്ത് ബന്ധമാണുള്ളത്.
ഒരു ചെറുപ്പക്കാരൻ വീട്ടിൽ കയറി വന്നിട്ട് അയാളുടെ ജീവിതത്തിൽ ഒരു തീരുമാനം എടുക്കാൻ മകളോട് ആവശ്യപ്പെടുമ്പോൾ അതിന്റെ അർത്ഥം എന്തായിരിക്കും..

“സർ ഞങ്ങൾ എന്ത് വേണമെന്നാണ് പറയുന്നത്. എന്റെ മോൾ വിവാഹ പ്രായമായ കുട്ടിയാണ്. അവൾക്ക് താഴെ ഇനിയും രണ്ട് പെൺകുട്ടികൾ കൂടിയുണ്ട്. അവളെക്കൊണ്ട് എന്ത് ചെയ്യാനാണ്.”

“ഞാൻ ഇനി ഒന്നും മറച്ചു വെയ്ക്കുന്നില്ല.. എനിക്കും എന്റെ മകൾക്കും ഇട്ടു മൂടാനുളള സ്വത്തുണ്ട്. ഇനി ഒരാൾ കൂടി ഞങ്ങളുടെ ജീവിതത്തിലേക്ക് കടന്നു വന്നാലും ഒരായുസ്സിൽ അനുഭവിക്കേണ്ട സ്വത്ത് എനിക്കുണ്ട്. നിങ്ങൾക്ക് താല്പര്യം ആണെങ്കിൽ നിങ്ങളുടെ മകളെ ഞാൻ വിവാഹം കഴിക്കാം.എനിക്ക് വേണ്ടി അല്ല, എന്റെ മകൾക്ക് വേണ്ടിയാണു. ഞാൻ ഇത് ആവശ്യപ്പെടുന്നത്..”

ഇത്തവണ അവർ നല്ലത് പോലെയൊന്നു ഞെട്ടി.

“സാറിന് എങ്ങനെ ഇത് ഇവിടെ വന്ന് ചോദിക്കാൻ തോന്നി. അവൾ തീരെ ചെറുപ്പമാണ്. പോരെങ്കിൽ ആദ്യത്തെ വിവാഹവും. ഞങ്ങൾക്ക് പണത്തിനെ കുറവുള്ളൂ. അഭിമാനം ഇതുവരെയും ആർക്കും പണയം വെച്ചിട്ടില്ല..”

ആകാശ് മേനോൻ നിന്ന് വിയർത്തു.. വേണ്ടിയിരുന്നില്ല. മകൾക്ക് വേണ്ടി ആയാൽ പോലും ഇങ്ങനെ ഒരു അപമാനം ആദ്യമായിട്ടാണ്. മടങ്ങി പോകാം..

അയാൾ മകളെ ഒന്ന് നോക്കി. ആ മുഖം വല്ലാതെ വാടിയിരിക്കുന്നു. എല്ലാം അവളും കേട്ടതാണല്ലോ.. അച്ഛനെ ഇങ്ങനെ ഒരു സിറ്റുവേഷനിൽ കൊണ്ടെത്തിച്ചത് താനാണെന്ന് അവൾക്ക് ഒരു കുറ്റബോധം തോന്നുന്നുണ്ടാകുമോ..
അയാൾ മെല്ലെ എഴുന്നേറ്റു.

“പോകാം..” മകളെ നോക്കി ചോദിച്ചു.
അവൾ ഇരുണ്ടു പോയ മുഖത്തോടെ എഴുന്നേറ്റു അച്ഛന്റെ കയ്യിൽ പിടിച്ചു.
എന്നിട്ട് പതിയെ മന്ത്രിച്ചു.

“അച്ഛാ ഒരു മിനിറ്റ് എനിക്ക് വേണ്ടി വെയിറ്റ് ചെയ്യാമോ. ഞാൻ ഇപ്പോൾ വരാം..”
പറഞ്ഞതും അയാളുടെ കയ്യിലെ പിടി വിട്ട് മുന്നോട്ട് ഓടിക്കളഞ്ഞു.
ആകാശ് അന്തം വിട്ടത് പോലെ നിന്നുപോയി.

എങ്ങോട്ടാണ് അവളോടിയത്. അകത്തേയ്ക്കോ.. എന്തിന് വേണ്ടി..
ചിലപ്പോൾ യാത്ര പറയാൻ ആയിരിക്കുമോ..

അഞ്ചു മിനിറ്റ് എടുത്തു അവൾ മടങ്ങി വരാൻ. അപ്പോൾ ആ മുഖത്ത് ഒരു ശാന്തത ആണ് കണ്ടത്. ഇവൾ എന്ത് പറയാനായിരിക്കും പോയത്.

“പോകാം അച്ഛാ..”

അച്ഛന്റെ കയ്യും പിടിച്ചു മുന്നോട്ട് നടക്കുമ്പോൾ ഒന്ന് തിരിഞ്ഞു പോലും നോക്കിയില്ല അവൾ..

കാറിൽ ഇരിക്കുമ്പോൾ അവൾ അയാളുടെ മുഖത്തേക്ക് ഒന്ന് നോക്കി.

“നോക്കിക്കോ അച്ഛൻ.. ആ ആന്റിയുടെ അമ്മയില്ലേ അവര് ഇങ്ങോട്ട് തിരിച്ചു വിളിക്കും.. ഉടനെ തന്നെ..”
“അത് നിനക്കെങ്ങനെ അറിയാം. ഞാൻ ആ ബന്ധം വേണ്ടെന്ന് വെച്ച് കഴിഞ്ഞല്ലോ.”

“പക്ഷെ ഞാൻ വേണ്ടെന്ന് വെച്ചിട്ടില്ലല്ലോ..”

അയാൾ അവളെ ഞെട്ടലോടെ ഒന്ന് തറപ്പിച്ചു നോക്കി.

“നോക്ക് മാളൂ.. മനുഷ്യനായാൽ കുറച്ചൊക്കെ അന്തസ്സ് വേണം. നീ വിചാരിക്കുംമ്പോലെ ഇത് കുട്ടിക്കളിയല്ല. നീ കാരണം ഇന്ന് ഞാൻ എത്ര നാണം കേട്ടെന്ന് അറിയ്യോ..”

അവൾ അതിന് മറുപടി ഒന്നും കേൾക്കാത്ത മട്ടിൽ ദൂരേയ്ക്ക് നോക്കി ഇരുന്നു.

രണ്ട് ദിവസം കഴിഞ്ഞു സ്കൂളിൽ നിന്ന് വന്ന മാളു സ്നാക്ക്സ് കഴിക്കുന്നതിനിടയിൽ പെട്ടന്ന് എന്തോ ഓർത്തത് പോലെ തല പൊക്കി അച്ഛനെ ഒന്ന് നോക്കി.

“അച്ഛാ ഇന്ന് അനു ആന്റി എന്നെ കാണാൻ സ്കൂളിൽ വന്നു.”
അത് കേട്ട് ഒന്ന് ഞെട്ടി. എന്തായിരിക്കും അവളുടെ ഉദ്ദേശം.

“എന്തിന്..?”

“അച്ഛനെ കല്യാണം കഴിക്കാൻ സമ്മതമാണെന്ന് പറയാൻ.. ഞാനല്ലേ ആന്റിയെ കെട്ടാൻ അച്ഛനെ നിർബന്ധിപ്പിച്ചത്.”

അയാൾ പെട്ടന്ന് എഴുന്നേറ്റു..
സത്യമാണോ ഈ കേട്ടത്. പക്ഷെ ഒരു കൊച്ചു കുട്ടിയോടാണോ ഈ കാര്യങ്ങൾ സംസാരിക്കുന്നത്. എന്നെ വിളിച്ചു പറയുകയല്ലേ വേണ്ടത്.
ഇതെക്കെ എന്താ കുട്ടിക്കളി ആണോ.

“അച്ഛൻ ആന്റിയെ ഒന്ന് വിളിക്കാമോ..”
“എനിക്ക് പറ്റില്ല. അവളല്ലേ ഇത് പറയാൻ എന്നെ വിളിക്കേണ്ടത്.”

അവളുടെ മുഖം പെട്ടന്ന് വാടി.
“എങ്കിൽ ഞാൻ വിളിച്ചോട്ടെ.?”
“വേണ്ടാ, ഇങ്ങോട്ട് വിളിക്കാതെ ഇനി അവളെ അങ്ങോട്ട്‌ വിളിക്കാൻ പാടില്ല. കേട്ടല്ലോ..”

അച്ഛന് പിണക്കമായി എന്നവൾക്ക് മനസ്സിലായി. അതോടെ മാളു നിശബ്ദയായി.

അന്ന് മുഴുവനും കൂട്ടിലടച്ച വെരുകിനെ പോലെ അയാൾ നടന്നു.
ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു..

പിറ്റേന്ന് മാളുവിനെ സ്കൂളിൽ വിട്ടിട്ട് ഓഫീസിൽ പോകുന്ന വഴിയിൽ ഫോൺ റിങ് ചെയ്യുന്നത് കേട്ട് വണ്ടി സൈഡിലേയ്ക്ക് ഒതുക്കി.

അനു ആണ്..
ഒന്നും ചിന്തിക്കാതെ അയാൾ പെട്ടന്ന് ഫോൺ എടുത്തു.

“സർ, മാളു എന്തെങ്കിലും പറഞ്ഞായിരുന്നോ.. ഞാൻ ഇന്നലെ അവളുടെ സ്കൂളിൽ പോയിരുന്നു.”

“മ്മം..”
വെറുമൊരു മൂളലിൽ ഒതുക്കി മറുപടി.
“സർ എനിക്ക് ഉടനെ ഒന്നും ഒരു കല്യാണം വേണ്ടെന്ന തീരുമാനത്തിലായിരുന്നു ഞാൻ. അനിയത്തിമാരേ പഠിപ്പിക്കാനും, അമ്മയെ നോക്കാനും ഞാൻ മാത്രമേയുള്ളൂ. ഞാൻ എന്റെ കാര്യം നോക്കി പോയാൽ പിന്നെ അവരുടെ ഭാവി എന്താകും. എനിക്ക് കല്യാണത്തെ കുറിച്ച് ചിന്തിക്കാൻ പോലും പറ്റുന്നില്ല. പക്ഷെ സാറിന്റെ പ്രൊപോസൽ വന്നപ്പോൾ മുതൽ വീട്ടിൽ നിന്ന് ഭയങ്കര പ്രഷർ ആണ്. ഈ കല്യാണത്തിന് അല്ല, വേറെ കല്യാണം കഴിക്കാൻ എന്ന് പറഞ്ഞ്..”

“അതെന്താ മറ്റേതെങ്കിലും ആലോചന വന്നോ ”
“ആലോചന കുറെ നാളുകൾ കൊണ്ട് വരുന്നുണ്ട്. ഞാൻ ഒന്നിനും പിടി കൊടുക്കാതെ നിന്നതാ. പക്ഷെ ഇങ്ങനെ കെട്ടാതെ നിൽക്കുന്നത് കൊണ്ടാണ് രണ്ടാം കെട്ടുകാർ വരുന്നതെന്ന് പറഞ്ഞു അമ്മ അതിൽപിന്നെ എന്നും വഴക്കാണ്.”

“ഓഹോ.. അപ്പോൾ തന്റെ വീട്ടിൽ ആർക്കും സമ്മതമില്ലാതെയാണോ ഈ കല്യാണത്തിന് താൻ ഓക്കേ പറഞ്ഞത്.”

അവൾ ഒന്നും മിണ്ടാതെ നിന്നു.

“താൻ എന്റെ ഈ പ്രൊപ്പോസൽ മറന്നു കളഞ്ഞേക്ക്. ഞാൻ ഒരു കൊച്ചു കുട്ടിയുടെ ആഗ്രഹത്തിന് ചോദിച്ചു പോയതാണ്. അവളെ ഞാൻ പറഞ്ഞു മനസ്സിലാക്കിക്കോളാം.”

അയാൾ ഫോൺ കട്ട് ചെയ്യാനൊരുങ്ങി. അപ്പോൾ അവൾ ചാടിക്കയറി പറഞ്ഞു.
“ഇല്ല സർ, ഇനി എനിക്ക് മറ്റൊരു വിവാഹം വേണ്ടാ. എനിക്ക് മാളുവിന്റെ അമ്മയായാൽ മതി. പക്ഷെ ഒരു കണ്ടീഷൻ. എനിക്ക് വിവാഹം കഴിഞ്ഞും ജോലിക്ക് പോകണം.വീട്ടുകാരെ സഹായിക്കണം. പിന്നെ ഞാൻ മാളുവിന്റെ അമ്മ മാത്രമായിരിക്കും. എന്ന് വെച്ചാൽ നമ്മൾ തമ്മിൽ ഒരു റിലേഷനും ഉണ്ടാവാൻ പാടില്ല എന്ന്. ഇതൊക്കെ സമ്മതമാണെങ്കിൽ നാളെ വേണമെങ്കിലും ഞാൻ തയ്യാറാണ്..”

ആകാശ് ഒന്ന് ആലോചിച്ചു..
ശരിക്കും താൻ അവളെയെന്നല്ല ഒരു പെണ്ണിനേയും ഒരു രണ്ടാം ഭാര്യയുടെ സ്ഥാനത്തു സങ്കൽപ്പിച്ചിട്ട് കൂടിയില്ല. പക്ഷെ മകൾ കാരണം ഇപ്പോൾ അതും സംഭവിക്കാൻ പോകുന്നു. എല്ലാം മകൾക്ക് വേണ്ടി മാത്രം..

കൂടുതൽ ഒന്നും ചിന്തിക്കാതെ അയാൾ യെസ് മൂളി..
പക്ഷെ അതോടെ വീട്ടുകാരുടെ എതിർപ്പ് മുഴുവനും അവളോടായി.
ആരും ഇതിൽ പങ്കെടുക്കില്ല എന്ന് പറഞ്ഞു. അനിയത്തിമാർ മാത്രം കണ്ണീരൊഴുക്കി.
അവർക്കറിയാം ചേച്ചി അവർക്ക് വേണ്ടിയാണു പലതും ത്യജിക്കുന്നതെന്ന്.

അനുവിന്റെ നിർബന്ധം മൂലം ആകാശുമായുള്ള കല്യാണത്തിന് തീരുമാനമായി.. അങ്ങനെ അത് വളരെ ലളിതമായി നടന്നു. പക്ഷെ ഉള്ളിന്റെയുള്ളിൽ തീരെ താല്പര്യം ഉണ്ടായിരുന്നില്ല എന്നതായിരുന്നു സത്യം. ഒരു കുട്ടിയുള്ള ആളിനെ കെട്ടുമ്പോൾ ആളുകൾ മറ്റു വല്ലതുമായിരിക്കും പറഞ്ഞു പരത്തുന്നത്. നിനക്ക് എന്തെങ്കിലും കുഴപ്പം ഉണ്ടായിട്ടായിരിക്കും എന്നെ എല്ലാരും കരുതൂ.. അമ്മ തലേന്ന് പോലും പറഞ്ഞത് അതാണ്. എല്ലാം ഓർത്തപ്പോൾ അവൾക്ക് സഹിക്കാൻ കഴിഞ്ഞില്ല. താൻ എന്തിന് വേണ്ടിയാണ് ഇങ്ങനെ ഒരു വിവാഹത്തിന് ഒരുങ്ങിയത്. അത് ആരും മനസ്സിലാക്കുന്നില്ല. എല്ലാവർക്കും നാണക്കേട് മാത്രമാണ് വിഷയം..

കല്യാണം കഴിഞ്ഞു ഭർത്താവിന്റെ വീട്ടിലേക്ക് പോകാനൊരുങ്ങുമ്പോൾ പോലും അമ്മ ആരും കേൾക്കാതെ കാതിൽ പറഞ്ഞത് ഇനി ഈ ബന്ധത്തിൽ എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ തന്നെത്താൻ അനുഭവിച്ചു കൊണ്ടോളണം. ഞങ്ങളെയാരെയും പ്രതീക്ഷിക്കണ്ട എന്നാണ്.
അതോടെ മനസ്സ് മാത്രമല്ല മുഖവും വാടിപ്പോയി.
ഒരു വിവാഹത്തിന്റെ പേരിൽ ഇത്രയും ശത്രുത സ്വന്തം അമ്മയിൽ നിന്ന് പോലും അവൾ പ്രതീക്ഷിച്ചില്ല.

ആകാശിന്റെ വീട്ടിൽ എത്തിയിട്ടും മുഖത്തെ വാട്ടം മാറിയില്ല. അത് കണ്ട പലരും തമ്മിൽ തമ്മിൽ പിറുപിറുത്തത് ഈ കല്യാണം ആരോ അടിച്ചേൽപ്പിച്ചു നടത്തിയതാണെന്ന് ആണ്.
എല്ലാം ശ്രദ്ധിക്കുന്നുണ്ടെങ്കിലും അവൾ തന്നിലേയ്ക്ക് തന്നെ ഒതുങ്ങിക്കൂടി.

ആകാശിന്റെ അമ്മായി സുലോചന അവളെയും കൂട്ടികൊണ്ട് അകത്തേയ്ക്ക് പോയി എല്ലായിടത്തും കൊണ്ട് നടന്നു കാണിച്ചു.
വീട് അവൾക്ക് ഇഷ്ടമായി. ഒരു ചെറിയ ഫാമിലിക്ക് താമസിക്കാൻ പറ്റിയ മനോഹരമായ വീട്. എല്ലായിടത്തും നല്ല അടുക്കും ചിട്ടയും വൃത്തിയും..!
ഒരു സ്ത്രീ ഉള്ള വീട്ടിൽ പോലും ഇത്രയും വൃത്തി ഉണ്ടാവുമോ.. അവൾ സംശയിച്ചു.
അടുക്കള കാട്ടിക്കൊടുത്തിട്ട് അമ്മായി ചോദിച്ചു ഇഷ്ടമായോ എന്ന്. ഇവിടെ അച്ഛനും മോളും മാത്രമല്ലേയുള്ളൂ അതുകൊണ്ടാണ് ചെറിയ അടുക്കള പണിതത്.
അവൾ ഒന്നിനും മറുപടി കൊടുക്കാതെ എല്ലാം മൂളിക്കേട്ടു.
അവൾക്ക് എവിടെ എങ്കിലും തനിച്ച് ഇരിക്കാനാണ് തോന്നിയത്. പക്ഷെ എപ്പോഴും ആരെങ്കിലും കൂടെ കാണും.

ആകാശിനെ എപ്പോഴോ ഒന്ന് കണ്ടതാണ്.. ആകെഒരു ആശ്വാസം മാളു കൂടെയുള്ളത് മാത്രമാണ്. അവൾക്ക് താൻ ഈ വീട്ടിൽ നിന്ന് പൊയ്ക്കളയുമോ എന്നൊരു ഭയമുണ്ടെന്ന് തോന്നി…
അന്ന് വിരുന്നു സൽക്കാരങ്ങളെല്ലാം കഴിഞ്ഞു വന്നവരൊക്കെ മടങ്ങി.
ആ വീട്ടിൽ അവർ മൂന്ന് പേര് മാത്രമായി.
മാളുവിന്‌ പകലത്തെ ക്ഷീണം കൊണ്ടാവും പെട്ടന്ന് ഉറക്കം വന്നു.
അയാൾ പതിവ് പോലെ അവളെ തന്റെയൊപ്പം കിടത്തി..

അനുവിന് ആകെ ഒരു അനിശ്ചിതാവസ്ഥ തോന്നി. താനിനി എന്താണ് ചെയ്യേണ്ടത്. എവിടെ ആണ് ഉറങ്ങേണ്ടത്.. കിച്ചണിൽ നിന്ന് അവൾ വല്ലാതെ വിയർത്തു.
ഉടുത്തിരുന്ന സാരി മാറ്റി കാബോർഡിൽ പുതുതായി വാങ്ങി വെച്ചിരുന്ന ഒരു നൈറ്റി എടുത്തു ധരിച്ചിരുന്നു.
ഈ സാരിയൊക്കെ ഉടുത്തു വീട്ടിൽ നിൽക്കുന്നവരെ സമ്മതിക്കണം.
അവൾക്ക് എവിടെ എങ്കിലും ഒന്ന് കിടക്കാൻ കൊതി തോന്നി. പുലർച്ചെ മുതൽ തുടങ്ങിയ പരിപാടി ആണ്.

ആകാശ് മാളുവിനെ നന്നായി പുതപ്പിച്ചു.മുറിക്ക് പുറത്ത് വന്നു
അനുവിനെ ഹാളിലെല്ലാം തിരഞ്ഞു.ഒടുവിൽ വെറുതെ കിച്ചണിൽ ഒന്ന് നോക്കിയതാണ്. അവൾ അവിടെ കിടന്ന ഒരു ചെറിൽതല ചേർത്ത് വെച്ച് ഉറങ്ങുന്നു.

“എടോ താനെന്താ ഇവിടെ ഇരുന്നുറങ്ങുന്നത്. വരൂ മുറിയിൽ പോയി കിടക്കാം.”

ആകാശിന്റെ സ്വരം കേട്ട് അവൾ ജാള്യതയോടെ ചാടി എഴുന്നേറ്റു.

അയാൾ കിച്ചനിലെ ലൈറ്റ് അണച്ചു. അതോടെ അനുവിന് അവിടെ നിൽക്കാൻ മാർഗ്ഗം ഒന്നുമില്ലാതായി.

മുറിയിലെ അരണ്ട വെളിച്ചത്തിൽ മാളു സുഖമായി ചരിഞ്ഞു കിടന്നുറങ്ങുന്നു.
എവിടെ ആണ് കിടക്കേണ്ടത്. ഈ ബെഡിൽ അവരോടൊപ്പം താനെങ്ങനെ..
അവൾ കാബോർഡ് തുറന്നു. അതിൽ മടക്കി വെച്ചിരുന്നു പുതിയ ബെഡ് ഷീറ്റുകൾ.

ആകാശ് എല്ലായിടത്തേയും ലൈറ്റുകൾ അണച്ച് ബെഡ്‌റൂമിൽ എത്തുമ്പോൾ അനു നിലത്തു വിരിച്ച ഷീറ്റിൽ കണ്ണടച്ചു കിടക്കുന്നതാണ് കണ്ടത്.

വിളിക്കണോ…?
താൻ താലി കെട്ടി കൊണ്ട് വന്ന പെണ്ണാണ്.
പക്ഷെ അവൾ മാളുവിന്റെ മാത്രം അമ്മയായിരിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് ആണ് മുൻപ് പറഞ്ഞത്..

ആകാശ് അല്പ സമയം അവളെ നോക്കി നിന്നിട്ട് കിടക്കാനായി പോയി

******************

ആകാശ് കുറച്ചുനേരം അവളെ നോക്കി നിന്നു. നിലത്ത് വിരിച്ച ബെഡ്ഷീറ്റിൽ ഒരു വശം ചരിഞ്ഞ് കിടക്കുകയാണ്. ഉറക്കം വന്നിട്ടുണ്ടാകില്ല. കണ്ണുകൾ അടച്ചിട്ടുണ്ടെങ്കിലും അവളുടെ മനസ്സിൽ എന്തൊക്കെയോ ചിന്തകൾ കടന്നുപോകുന്നുണ്ടെന്ന് അയാൾക്ക് തോന്നി.
താൻ എന്താണ് ചെയ്യേണ്ടത്?
ഒരുപാട് ആലോചിച്ചിട്ടാണ് ഇങ്ങനെയൊരു വിവാഹത്തിന് തയ്യാറായത്. പക്ഷേ അതുകൊണ്ട് അവളുടെ ഇഷ്ടങ്ങളും താല്പര്യങ്ങളും മറക്കണമെന്ന് അർത്ഥമില്ലല്ലോ.
അയാൾ പതിയെ കട്ടിലിന്റെ അരികിൽ ഇരുന്നു.

“അനു…”

അവൾ പെട്ടെന്ന് കണ്ണുതുറന്നു.

“എന്താ സർ?”

ആകാശ് അവളെ ഒന്ന് നോക്കി.

“ഇവിടെ കിടന്നാൽ നാളെ നടുവേദന എടുത്ത് നടക്കാൻ പോലും പറ്റില്ല. എഴുന്നേൽക്ക്. കട്ടിലിൽ കിടന്നോളൂ..”

അവൾ ഒന്നും മിണ്ടിയില്ല.

“പിന്നെ ഒരു കാര്യം… താൻ ഈ വീട്ടിലേക്ക് വന്നത് മാളുവിന്റെ അമ്മയായിട്ടാണ്. അതുകൊണ്ട് ഈ വീട്ടിൽ തനിക്ക് ഒരു സ്ഥാനമുണ്ടെന്ന് മറക്കരുത്. അതിനർത്ഥം താൻ ആഗ്രഹിക്കാത്ത ഒന്നും ചെയ്യണമെന്നല്ല. നമുക്ക് പരസ്പരം മനസ്സിലാക്കാൻ കുറച്ച് സമയം എടുക്കട്ടെ.”

ആദ്യമായിട്ടാണ് ഈ വീട്ടിൽ ആരെങ്കിലും അവളുടെ ഇഷ്ടത്തെക്കുറിച്ച് ചോദിക്കാതെ തന്നെ അതിന് വില കൊടുക്കുന്നത്.
അവൾക്ക് എന്തെന്നില്ലാത്ത ഒരു ആശ്വാസം തോന്നി.
പിറ്റേന്ന് രാവിലെ പതിവിലും നേരത്തെ അനു ഉണർന്നു. വീട്ടിലെ ആദ്യത്തെ ദിവസമാണ്. അടുക്കളയിൽ എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് പോലും അറിയില്ല. അടുക്കളയിലേക്ക് ചെല്ലുമ്പോൾ അവിടെ എല്ലാം വൃത്തിയായി അടുക്കിവെച്ചിരിക്കുന്നു.
ചായ ഉണ്ടാക്കാനുള്ള പാത്രം എടുത്തപ്പോഴാണ് പിന്നിൽ നിന്ന് ഒരു ശബ്ദം കേട്ടത്.

“അനു…”

തിരിഞ്ഞുനോക്കിയപ്പോൾ ആകാശാണ്.

“സർ എഴുന്നേറ്റോ?”

“താൻ എന്നെ സർ എന്ന് വിളിക്കുന്നത് കേൾക്കുമ്പോൾ എന്തോ ഒരു ബുദ്ധിമുട്ട്. തന്റെ ഓഫീസിലെ മാനേജരൊന്നുമല്ലല്ലോ ഞാൻ.”

അവൾ ചെറുതായി ചിരിച്ചു.

“പിന്നെ എന്ത് വിളിക്കണം?”

“ആകാശ് എന്ന് വിളിച്ചാൽ മതി.”

“അത് എനിക്ക് പറ്റില്ല.”

“എങ്കിൽ തനിക്ക് ഇഷ്ടമുള്ളത് വിളിച്ചോ. പക്ഷേ ഈ സർ വിളി വേണ്ട.”

അയാൾ ഫ്രിഡ്ജിൽ നിന്ന് പാൽ എടുത്ത് അവളുടെ അടുത്തുവെച്ചു.

“ചായ ഉണ്ടാക്കാൻ ഞാൻ
സഹായിക്കണോ?”

അനു അയാളെ അതിശയത്തോടെ നോക്കി.

“അയ്യോ! അതൊന്നും വേണ്ട. ഞാൻ ചെയ്തോളാം.”

“ഇവിടെ വന്നിട്ട് താൻ അടുക്കളയിലെ എല്ലാ ജോലിയും ഏറ്റെടുക്കേണ്ട കാര്യമില്ല. മാളുവിന്റെ അച്ഛൻ എന്ന നിലയിൽ എനിക്കും കുറച്ച് ഉത്തരവാദിത്തമുണ്ട്.”

അവൾക്ക് ചിരി വന്നു.

“അത് എനിക്ക് അറിയാം.”

“എന്നാൽ ശരി. ചായയിൽ പഞ്ചസാര കുറച്ച് ചേർത്താൽ മതി. മാളുവിന് മധുരം അധികം ഇഷ്ടമല്ല.”

അയാൾ പുറത്തേക്ക് പോയി.
അനു ചായ ഉണ്ടാക്കുന്നതിനിടയിൽ അറിയാതെ പുഞ്ചിരിച്ചു.
പ്രഭാതഭക്ഷണം കഴിക്കാൻ വന്ന മാളു അനുവിനെ കണ്ടതും ഓടിയെത്തി.

“അനു ആന്റീ…”

പെട്ടെന്ന് അവൾ തന്നെ തിരുത്തി.

“അയ്യോ! ഇനി ആന്റി എന്ന്
വിളിക്കണ്ടല്ലോ. അമ്മേ…!”

അത്രയും പറഞ്ഞ് അവൾ അനുവിന്റെ അരക്കെട്ടിൽ ചുറ്റിപ്പിടിച്ചു.
അനു ഒരു നിമിഷം അവളെ നോക്കി നിന്നു. പിന്നെ ആ കുഞ്ഞിനെ ചേർത്തുപിടിച്ച് നെറ്റിയിൽ ചുംബിച്ചു

“എന്താ മോളേ?”

“ഞാൻ ഇന്ന് സ്കൂളിൽ പോയിട്ട് എല്ലാവരോടും പറയാൻ പോവാ. എനിക്ക് അമ്മയെ കിട്ടിയെന്ന്.”

“ങ്ങ്ഹാ,അങ്ങനെ എല്ലാവരോടും പറയാൻ പോകുകയാണോ?”

“പിന്നല്ലാതെ! എന്റെ ഫ്രണ്ട്സിനൊക്കെ അമ്മയുണ്ട്. ഇപ്പോൾ ഇനി എനിക്കും ഉണ്ടല്ലോ.”

അനുവിന്റെ കണ്ണുകൾ നിറഞ്ഞു.
അനു അവളെ ഒന്നുകൂടി ചേർത്തുപിടിച്ചു.

അത് കണ്ട മാളു അവളുടെ മുഖത്തേക്ക് നോക്കി.

“അമ്മയ്ക്ക് സന്തോഷമായില്ലേ?”

“ഒത്തിരി സന്തോഷമായി.”

“പിന്നെന്തിനാ കണ്ണ് നിറയുന്നത്?”

അനു അവളെ ഒന്നുകൂടി ചേർത്തുപിടിച്ചു.

“സന്തോഷം വരുമ്പോഴും കണ്ണ് നിറയും മോളേ.”

അടുത്തിരുന്ന ആകാശ് ആ കാഴ്ച കണ്ടുകൊണ്ട് നിശബ്ദനായി.
താൻ മകൾക്ക് വേണ്ടി ആഗ്രഹിച്ച ഒരു കാര്യം ഇത്ര പെട്ടെന്ന് യാഥാർത്ഥ്യമായിരിക്കുന്നു. പക്ഷേ ആ സന്തോഷത്തിനിടയിലും അനുവിന്റെ മനസ്സിൽ എന്തൊക്കെയോ ആശങ്കകൾ ഉണ്ടെന്ന് അയാൾക്ക് അറിയാമായിരുന്നു.

അനു ആ വീട്ടിലെ കാര്യങ്ങളൊക്കെ പതിയെ പഠിച്ചെടുത്തു. മാളുവിന്റെ സ്കൂൾ കാര്യങ്ങളും പഠനവും ഭക്ഷണവുമെല്ലാം അവൾ ശ്രദ്ധിക്കാൻ തുടങ്ങി.
പക്ഷേ അവൾ രാവിലെ ജോലിക്ക് പോകുന്ന കാര്യം മറന്നില്ല.
ആദ്യത്തെ ആഴ്ച കഴിഞ്ഞപ്പോൾ തന്നെ പഴയ സൂപ്പർമാർക്കറ്റിൽ പോയി ജോലിയിൽ പ്രവേശിച്ചു.
അവളെ അവിടെ കണ്ടപ്പോൾ സഹപ്രവർത്തകർക്കെല്ലാം അതിശയമായിരുന്നു.

“അനൂ, നീ ഇത്രയും പെട്ടെന്ന് ജോലിക്ക് വരുമെന്ന് കരുതിയില്ല. പുതിയ വീട്ടിൽ എന്തെങ്കിലും പ്രശ്നമുണ്ടോ?”

“ഏയ്, അങ്ങനെയൊന്നുമില്ല. എനിക്ക് ജോലി ചെയ്യാൻ ഇഷ്ടമാണ്. അതുകൊണ്ട് പോകുന്നതാണ്.”

അവൾ ചിരിച്ചുകൊണ്ട് ജോലിയിൽ മുഴുകി.
വൈകുന്നേരം വീട്ടിലെത്തുമ്പോൾ മാളു ഓടിവന്ന് അവളെ കെട്ടിപ്പിടിക്കും. സ്കൂളിലെ വിശേഷങ്ങൾ മുഴുവൻ പറയും. ചില ദിവസങ്ങളിൽ അവൾക്ക് പഠിക്കാൻ മടിയായിരിക്കും. അപ്പോഴൊക്കെ അനു അടുത്തിരുന്ന് പഠിപ്പിക്കും.

ആകാശ് ഇതെല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
തന്റെ വീട്ടിൽ ഒരു സ്ത്രീ വന്നതുകൊണ്ട് ഉണ്ടായ മാറ്റമല്ല അത്. മറിച്ച്, ഇത്രയും നാൾ ശബ്ദമില്ലാതിരുന്ന വീടിന് ഒരു ജീവൻ വെയ്ക്കാൻ ഒരു സ്ത്രീ കാരണമായത് കൊണ്ടാണ്.

അടുക്കളയിൽ നിന്ന് കേൾക്കുന്ന പാട്ട്, മാളുവിന്റെ പൊട്ടിച്ചിരി, വൈകുന്നേരങ്ങളിൽ മൂന്നുപേരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത്…
ഒരുപാട് നാളുകൾക്ക് ശേഷം അയാൾക്കും വീട്ടിലേക്ക് പെട്ടെന്ന് മടങ്ങാൻ കൊതി തോന്നിത്തുടങ്ങി.
എങ്കിലും അനുവിനോട് അയാൾ ഒരിക്കലും ഒരു ഭർത്താവിന്റെ അവകാശം കാണിച്ചില്ല.
അവൾക്കും അതൊരു വലിയ ആശ്വാസമായിരുന്നു.

ഒരു ദിവസം രാത്രി മാളുവിന് പെട്ടെന്ന് പനി വന്നു.
ആദ്യം ചെറിയ പനിയാണെന്ന് കരുതിയെങ്കിലും രാത്രി ആയതോടെ ശരീരം നന്നായി ചൂടായി.
അനു പേടിച്ചുപോയി.

“ആകാശേട്ടാ… മാളുവിന് പനി കൂടുന്നുണ്ട്.”

അവളുടെ വിളി കേട്ട് അയാൾ ഓടിയെത്തി.

“നമുക്ക് ആശുപത്രിയിൽ പോകാം.”

മാളുവിനെ എടുത്ത് കാറിലേക്ക് കയറ്റുമ്പോൾ അവൾ അനുവിന്റെ കൈയിൽ മുറുകെ പിടിച്ചിരുന്നു.

“അമ്മേ… അമ്മയും വരണം.”

മാളുവിനെ എടുത്ത് കാറിലേക്ക് കയറ്റുമ്പോൾ അവൾ അനുവിന്റെ കൈയിൽ മുറുകെ പിടിച്ചിരുന്നു.

“അമ്മേ… അമ്മയും വരണം.”

“ഞാനുണ്ട് മോളേ. അമ്മ എവിടെയും പോകില്ല.”

ആശുപത്രിയിൽ പരിശോധനകൾ കഴിഞ്ഞ് മരുന്ന് വാങ്ങി വീട്ടിലെത്തുമ്പോൾ സമയം ഒരുപാടായിരുന്നു.
മാളുവിന് മരുന്ന് കൊടുത്ത് കിടത്തിയ ശേഷം അനു അവളുടെ നെറ്റിയിൽ നനഞ്ഞ തുണി വെച്ചുകൊണ്ടിരുന്നു.
ആകാശ് കുറച്ചുനേരം വാതിൽക്കൽ നിന്നു.

“താൻ പോയി കിടന്നോളൂ. ബാക്കി ഞാൻ നോക്കിക്കോളാം.”

“സാരമില്ല. പനി കുറഞ്ഞിട്ട് ഞാൻ കിടന്നോളാം.”

അല്പസമയത്തിനുശേഷം മാളു ഉറക്കത്തിൽ എന്തോ പിറുപിറുത്തു.

“അമ്മേ…”

അനു അവളുടെ കൈയിൽ തലോടി.

“അമ്മ ഇവിടെയുണ്ട് മോളേ…”

ആകാശ് അത് കേട്ട് മുഖം തിരിച്ചു.
ആ കുഞ്ഞ് ഇത്രയും നാൾ ഉറക്കത്തിൽ വിളിച്ചിരുന്നത് അമ്മയെ തന്നെയായിരുന്നു. പക്ഷേ ഇന്ന് ആ വിളിക്ക് മറുപടി നൽകാൻ ഒരാളുണ്ട്.
അയാളുടെ കണ്ണുകൾ അറിയാതെ നിറഞ്ഞു..

“ഞാൻ വിചാരിച്ചത് മാളുവിന്റെ കാര്യങ്ങൾ മുഴുവൻ എന്റെ ഉത്തരവാദിത്തമാണെന്നാണ്.”

“ആരാ അങ്ങനെ പറഞ്ഞത്?”

“അല്ല, ഞാൻ വന്നത് തന്നെ അതിനല്ലേ.”

ആകാശ് ഒരു നിമിഷം അവളെ നോക്കി നിന്നു.

“അനു, താൻ ഈ വീട്ടിലേക്ക് വന്നത് മാളുവിന്റെ അമ്മയാകാൻ വേണ്ടിയാണ്. പക്ഷേ അതുകൊണ്ട് ഞാൻ അവളുടെ അച്ഛനല്ലാതാകുന്നില്ലല്ലോ. അവൾ നമ്മുടെ രണ്ടുപേരുടെയും ഉത്തരവാദിത്തമാണ്.”

അവൾക്ക് മറുപടി പറയാൻ വാക്കുകൾ കിട്ടിയില്ല.
ആകാശ് ആദ്യമായിട്ടാണ് ‘നമ്മുടെ’ എന്നൊരു വാക്ക് ഇത്ര സ്വാഭാവികമായി ഉപയോഗിക്കുന്നത്.

“ഇതൊക്കെ താൻ മാത്രം നോക്കേണ്ട കാര്യമുണ്ടോ?”

അങ്ങനെ കുറച്ചുമാസങ്ങൾ കടന്നുപോയി.
അനുവിന്റെ വീട്ടിലെ കാര്യങ്ങളിലും മാറ്റങ്ങൾ വന്നു. അനിയത്തിമാരുടെ പഠനത്തിനുള്ള ചെലവുകൾ അവൾ മുടങ്ങാതെ നൽകി. ആകാശ് അതിനൊന്നും തടസ്സം നിന്നില്ല.
ഒരിക്കൽ അനു തന്റെ ശമ്പളത്തിൽ നിന്ന് അനിയത്തിക്ക് കോളേജ് ഫീസ് അടയ്ക്കാൻ പണം മാറ്റിവെക്കുന്നത് കണ്ടപ്പോൾ അയാൾ ചോദിച്ചു.

“ഇതൊക്കെ താൻ മാത്രം നോക്കേണ്ട കാര്യമുണ്ടോ?”

“അത് എന്റെ അനിയത്തിമാരല്ലേ?”

“അപ്പോൾ മാളു എന്റെ മകളല്ലേ?”

അവൾ അയാളെ നോക്കി.

“അതെന്താ അങ്ങനെ ചോദിച്ചത്?”

“താൻ തന്റെ വീട്ടിലെ കാര്യങ്ങൾ നോക്കുന്നത് എനിക്ക് സന്തോഷമാണ്. അതുപോലെ എന്റെ വീട്ടിലെ കാര്യങ്ങൾ നോക്കുന്നതും തനിക്ക് ഒരു ബാധ്യതയായി തോന്നരുത്. നമുക്ക് രണ്ടുപേർക്കും കൂടി നോക്കാം.”

അവൾ ഒന്നും പറഞ്ഞില്ല.
ആകാശ് ഒരിക്കലും അവളോട് സ്നേഹം ആവശ്യപ്പെട്ടില്ല. പക്ഷേ അയാളുടെ ഓരോ പ്രവൃത്തിയിലും അവൾക്കുള്ള കരുതൽ നിറഞ്ഞുനിന്നു.
അത് അവൾ അറിയുന്നുണ്ടായിരുന്നു.

ഒരു ഞായറാഴ്ച രാവിലെ അനുവിന്റെ അമ്മ അംബികയും അനിയത്തിമാരും വീട്ടിലേക്ക് വന്നു.

അനു അവരെ കണ്ടതും സന്തോഷത്തോടെ സ്വീകരിച്ചു. എന്നാൽ അംബികയുടെ മുഖത്ത് പഴയ ഗൗരവം തന്നെയായിരുന്നു.
മാളു എല്ലാവരോടും വിശേഷങ്ങൾ പറഞ്ഞ് നടക്കുന്നതിനിടയിൽ അംബികയുടെ അടുത്തെത്തി.

“അമ്മൂമ്മേ, എന്റെ അമ്മയെ ഇഷ്ടമായോ?”

അംബിക അവളെ നോക്കി.

“ഇഷ്ടമായി മോളേ.”

“അമ്മൂമ്മയ്ക്ക് അറിയാമോ, അമ്മ എനിക്ക് എന്നും ചോക്ലേറ്റ് വാങ്ങിത്തരും. പിന്നെ എന്റെ മുടി കെട്ടിത്തരും. സ്കൂളിൽ പോകുമ്പോൾ ഉമ്മയും തരും.”

അവൾ വലിയ സന്തോഷത്തോടെ ഓരോന്നും എണ്ണിപ്പറഞ്ഞു.

“എനിക്ക് പണ്ട് അമ്മയില്ലായിരുന്നു. ഇപ്പോൾ അമ്മയുണ്ട്. അതുകൊണ്ട് എനിക്ക് ഒരുപാട് സന്തോഷമാണ്.”

അത്രയും പറഞ്ഞ് അവൾ അനുവിന്റെ അടുത്തേക്ക് ഓടിപ്പോയി.
അംബികയുടെ കണ്ണുകൾ മകളെ തേടി.
അടുക്കളയിൽ നിന്ന് എല്ലാവർക്കും ചായ കൊണ്ടുവരുന്ന അനുവിനെ കണ്ടപ്പോൾ അവരുടെ മനസ്സിൽ എന്തോ ഒന്ന് പിടഞ്ഞു.
അംബിക അവളുടെ കൈയിൽ പിടിച്ചു.

“ഞാൻ നിന്നോട് കുറെ കടുപ്പത്തിൽ സംസാരിച്ചിട്ടുണ്ട്. നിന്റെ മനസ്സ് മനസ്സിലാക്കാൻ ശ്രമിച്ചിട്ടില്ല. എല്ലാം നിന്റെ തലയിൽ കെട്ടിവെച്ചിട്ട് ഞാൻ എന്റെ വിഷമം മാത്രം നോക്കി.”

അനു അമ്മയുടെ കൈയിൽ മുറുകെ പിടിച്ചു.

“അമ്മ അതൊന്നും ഇനി ഓർക്കണ്ട.”

“നീ സന്തോഷമായിട്ടിരിക്കണം മോളേ. അത്രയേ എനിക്ക് ഇപ്പോൾ പറയാനുള്ളൂ.”

അനു അമ്മയെ ചേർത്തുപിടിച്ചു.
ദൂരെ നിന്ന് ആ കാഴ്ച കണ്ട ആകാശ് മാളുവിനോട് പതിയെ പറഞ്ഞു.

“മോളേ, നിന്റെ അമ്മയ്ക്ക് ഇപ്പോൾ ഒരുപാട് സന്തോഷമായെന്ന് തോന്നുന്നു.”

അയാൾ ചിരിച്ചു.
അന്ന് രാത്രി.
മാളു പതിവുപോലെ അച്ഛനും അമ്മയ്ക്കും നടുവിൽ കിടന്ന് കഥ കേൾക്കുകയായിരുന്നു.

“അമ്മേ, ഇന്ന് ഒരു കഥ പറഞ്ഞുതരുമോ?”

“എന്ത് കഥയാ വേണ്ടത്?”

“ഒരു അച്ഛനും മോളും മാത്രമുള്ള കഥ വേണ്ട. അമ്മയും കൂടിയുള്ള കഥ മതി.”

അനു ചിരിച്ചു.

“എങ്കിൽ ഒരുപാട് നാളുകൾക്ക് മുൻപ് ഒരു വീട്ടിൽ അച്ഛനും മോളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവർക്ക് രണ്ടുപേർക്കും ഒരുപാട് സ്നേഹമുണ്ടായിരുന്നു. പക്ഷേ ആ വീട്ടിൽ ഒരു കുറവുണ്ടായിരുന്നു…”

“എന്ത് കുറവ്?”

“അവർക്ക് രണ്ടുപേർക്കും മനസ്സ് തുറന്ന് സംസാരിക്കാൻ ഒരാളില്ലായിരുന്നു.”

“എന്നിട്ട്?”

“അങ്ങനെയിരിക്കുമ്പോഴാണ് ഒരു ദിവസം അവിടേക്ക് ഒരാൾ വന്നത്. ആ വീട്ടിൽ ഒരുപാട് സന്തോഷം നിറച്ച ഒരാൾ.”

“അത് അമ്മയല്ലേ?”

“അതെ…”

“പിന്നെ ആ വീട്ടിൽ അവർ മൂന്നുപേരും സന്തോഷത്തോടെ ജീവിച്ചു.
അല്ലേ അമ്മേ?”

അനു ചിരിച്ചുകൊണ്ട് അവളുടെ നെറ്റിയിൽ ചുംബിച്ചു.

“അതെ മോളേ.”

ബാക്കി തുടരവേ
കഥ കേട്ടുകൊണ്ടിരുന്ന മാളു പതിയെ ഉറക്കത്തിലേക്ക് വഴുതിവീണു.

അനു അവളെ പുതപ്പിച്ച ശേഷം എഴുന്നേൽക്കാൻ തുടങ്ങി.
അപ്പോഴാണ് ആകാശിന്റെ ശബ്ദം കേട്ടത്.

“അനു…”

അവൾ തിരിഞ്ഞുനോക്കി.

“എന്താ?”

“താൻ പറഞ്ഞ കഥയിൽ ഒരു കാര്യം വിട്ടുപോയല്ലോ.”

“എന്ത് കാര്യം?”

അയാൾ കുറച്ചുനേരം അവളെ നോക്കി.

“ആ വീട്ടിലേക്ക് വന്ന ആൾക്ക് അവിടെയുള്ള രണ്ടുപേരെയും ഒരുപാട് ഇഷ്ടമായിരുന്നു എന്ന കാര്യം.”

അനു ഒന്നും മിണ്ടാതെ നിന്നു.

“മാളുവിന്റെ അമ്മയാകാൻ താൻ തയ്യാറായപ്പോഴും, എന്നോട് ഒരു ബന്ധവും വേണ്ടെന്ന് പറഞ്ഞത് ഓർമ്മയുണ്ടോ?”

അവൾ പതിയെ തലകുനിച്ചു.

“ഓർമ്മയുണ്ട്.”

“അന്നത് എനിക്ക് സമ്മതമായിരുന്നു. കാരണം താൻ ഈ വീട്ടിലേക്ക് വരണമെന്നത് മാളുവിന്റെ ആഗ്രഹമായിരുന്നു. പക്ഷേ കാലം കഴിയുന്തോറും എനിക്ക് ഒരു കാര്യം മനസ്സിലായി.”

അനു അയാളെ നോക്കി.

“എന്താണ്?”

“മാളുവിന് ഒരു അമ്മയെ കിട്ടിയപ്പോൾ എനിക്കും ഒരു നല്ല കൂട്ടുകാരിയെ കിട്ടി. എനിക്ക് പറയാനുള്ള കാര്യങ്ങൾ കേൾക്കാനും, എന്റെ സന്തോഷങ്ങളിൽ കൂടെ ചിരിക്കാനും, വിഷമങ്ങളിൽ ചേർന്നുനിൽക്കാനും ഒരാൾ. അതൊക്കെ എനിക്ക് ഒരുപാട് ഇഷ്ടമാണ്.”

അയാൾ ഒരു നിമിഷം നിർത്തി.

“പക്ഷേ അതിനപ്പുറം എന്തെങ്കിലും തനിക്ക് തോന്നുന്നുണ്ടെങ്കിൽ മാത്രം മതി. എന്റെ ഭാഗത്തുനിന്ന് ഒരു നിർബന്ധവും ഉണ്ടാകില്ല.”

അനു അയാളുടെ മുഖത്തേക്ക് നോക്കി.
എത്രയോ നാളുകളായി മനസ്സിൽ അടച്ചുവെച്ചിരുന്ന ഒരു ചോദ്യം അവൾക്ക് ചോദിക്കണമെന്ന് തോന്നി.

“ആകാശേട്ടാ…”

അയാൾക്ക് അതൊരു പുതിയ വിളിയായിരുന്നു.

“മ്മ്?”

“ഒരു കാര്യം ചോദിച്ചോട്ടെ?”

“ചോദിച്ചോളൂ.”

“മാളുവിന്റെ ആഗ്രഹം ഇല്ലായിരുന്നെങ്കിൽ എന്നെ വിവാഹം കഴിക്കാൻ ഏട്ടൻ തയ്യാറാകുമായിരുന്നോ?”

ആകാശ് ചിരിച്ചു.

“സത്യം പറയട്ടെ? അന്ന് മാളുവിന്റെ ആഗ്രഹം മാത്രമായിരുന്നു എന്റെ മനസ്സിൽ. പക്ഷേ ഇന്ന്…”

അയാൾ അവളുടെ കണ്ണുകളിലേക്ക് നോക്കി.

“ഇന്ന് ഈ വീട്ടിൽ നിന്ന് താൻ ഒരു ദിവസം പോലും മാറിനിൽക്കുന്നത് എനിക്ക് ചിന്തിക്കാൻ കഴിയുന്നില്ല.”

അനുവിന്റെ കണ്ണുകൾ നിറഞ്ഞു.

“അപ്പോൾ എന്നെ ഇഷ്ടമാണോ?”

ആകാശ് ചിരിച്ചുകൊണ്ട് ചോദിച്ചു.

“അത് തനിക്ക് അറിയില്ലേ?”

“എനിക്ക് കേൾക്കണം.”

അയാൾ പതിയെ അവളുടെ അടുത്തേക്ക് നീങ്ങി.

“ഇഷ്ടമാണ് അനു. ഒരുപാട് ഇഷ്ടമാണ്. പക്ഷേ അത് പറയാൻ ഇത്രയും വൈകിപ്പോയി.”

അവൾ മുഖം താഴ്ത്തി പുഞ്ചിരിച്ചു.

“എനിക്കും ഒരു കാര്യം പറയാനുണ്ട്.”

“എന്താ?”

“ഈ വീട്ടിലേക്ക് വന്നപ്പോൾ എനിക്ക് മാളുവിന്റെ അമ്മയായാൽ മാത്രം മതിയെന്നായിരുന്നു. പക്ഷേ ഇപ്പോൾ…”

അവൾ അയാളുടെ കണ്ണുകളിലേക്ക് നോക്കി.

“ഈ വീട്ടിലെ ഒരാളായി മാത്രം അല്ല, ആകാശേട്ടന്റെ ജീവിതത്തിലെ ഒരാളായും ജീവിക്കാൻ എനിക്ക് ആഗ്രഹമുണ്ട്.”

ആകാശിന്റെ മുഖത്ത് പതിയെ ഒരു പുഞ്ചിരി വിടർന്നു.
അയാൾ അവളുടെ കൈയിൽ ചേർത്തുപിടിച്ചു.

“അപ്പോൾ നമ്മുടെ വിവാഹ ജീവിതം ഇപ്പോഴാണല്ലേ ശരിക്കും തുടങ്ങുന്നത്?”

അനു ചിരിച്ചു.

“അതേ… ഇത്രയും നാളും മാളുവിന് വേണ്ടിയുള്ള ഒരു ജീവിതമായിരുന്നു. ഇനി നമുക്ക് വേണ്ടിയും കൂടി ജീവിക്കാം അല്ലേ…”

അപ്പോഴേക്കും ഉറക്കത്തിനിടയിൽ മാളു കൈ നീട്ടി അനുവിന്റെ സാരി പിടിച്ചു.

“അമ്മേ…”

അനു ഉടനെ അവളുടെ അടുത്തേക്ക് ചാഞ്ഞു.

“എന്താ മോളേ?”

“അമ്മ എങ്ങും പോകരുതേ…”

അനു ആ കുഞ്ഞിക്കൈയിൽ ചുംബിച്ചു.

“ഇല്ല മോളേ… അമ്മ എങ്ങും പോകില്ല.”

ആകാശ് ഇരുവരെയും ചേർത്തുപിടിച്ചു.
ആ നിമിഷം അയാൾക്ക് തോന്നി, ജീവിതത്തിൽ തനിക്ക് നഷ്ടപ്പെട്ടതെല്ലാം തിരികെ കിട്ടിയെന്ന്.
അനുവിനും അങ്ങനെ തന്നെ തോന്നി.
ഒരിക്കൽ തന്റെ കുടുംബത്തിന് വേണ്ടി സ്വന്തം സന്തോഷങ്ങൾ മാറ്റിവെച്ചവളായിരുന്നു അവൾ. മറ്റുള്ളവരുടെ ജീവിതത്തിൽ സന്തോഷം നിറയ്ക്കുന്നതിനിടയിൽ സ്വന്തം ജീവിതത്തെക്കുറിച്ച് ചിന്തിക്കാൻ പോലും മറന്നുപോയവൾ.
പക്ഷേ ഇന്ന് അവൾക്ക് മനസ്സിലായി…
ചില ത്യാഗങ്ങൾ നമ്മളെ ശൂന്യരാക്കാനല്ല, നമ്മൾ അർഹിക്കുന്ന സ്നേഹത്തിലേക്ക് എത്തിക്കാനാണ്.

അനു വന്നത് മാളുവിന്റെ ജീവിതത്തിൽ അമ്മയായി ഇടംപിടിക്കാനായിരുന്നു.
പക്ഷേ അറിയാതെ അവൾ ആകാശിന്റെ മനസ്സിലും ഒരിടം സ്വന്തമാക്കി.
ഒരുപാട് നാളുകൾക്ക് ശേഷം ആ വീട്ടിലെ കിടപ്പുമുറിയിൽ മൂന്ന് പേരും ഒരുമിച്ച് ഉറങ്ങുമ്പോൾ, അവിടെ ഒരു പുതിയ ബന്ധത്തിന്റെ തുടക്കമായിരുന്നു.

ചില ബന്ധങ്ങൾ തുടങ്ങുന്നത് പ്രണയത്തിലൂടെയല്ല… സ്നേഹത്തിലൂടെയാണ്.
ചിലർ നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്നത് ചില കുറവുകൾ നികത്താനാണ്. പക്ഷേ അവർ അറിയാതെ നമ്മുടെ ജീവിതം തന്നെ പൂർണമാക്കിക്കളയും.

അവസാനിച്ചു

#കഥ #പുഴപോലൊരുജീവിതം #ശാലിനിമുരളി

Leave a Reply

Your email address will not be published. Required fields are marked *