“ഇനി ജീവിച്ചിരിക്കുന്നതിൽ അർത്ഥമില്ല. എല്ലാവരുടെയും പരിഹാസങ്ങളും കുറ്റപ്പെടുത്തലുകളും കേട്ട് ജീവിതം തള്ളിനീക്കുന്നതിലും നല്ലത് മരിക്കുന്നതാണ്…”
സിദ്ധാർത്ഥ് ഒരു ഉറച്ച തീരുമാനമെടുത്തിരുന്നു.
ജനൽച്ചില്ലുകളിൽ മഴത്തുള്ളികൾ താളം പിടിക്കുന്നുണ്ടായിരുന്നു. മുറിക്കുള്ളിലെ നിശ്ശബ്ദതയ്ക്ക് പുറത്തെ മഴയേക്കാൾ കനമുണ്ടായിരുന്നു. ബിസിനസ്സിലുണ്ടായ വലിയൊരു തകർച്ചയ്ക്കു ശേഷം, കയ്യിലുണ്ടായിരുന്ന സമ്പാദ്യമെല്ലാം നഷ്ടപ്പെട്ട് ശൂന്യതയിലേക്ക് നോക്കിയിരിക്കുകയായിരുന്നു അവൻ.
“സിദ്ധൂ… ഈ ചായയെങ്കിലും കുടിക്ക്. തണുത്തുപോയി.”
ലൈറ്റിട്ടുകൊണ്ട് മാളവിക അവന്റെ അരികിലേക്ക് വന്നു. അവൻ ചായക്കപ്പിലേക്ക് ഒന്നു നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല.
“എന്തിനാ മാളൂ നീ എന്നെ ഇങ്ങനെ സ്നേഹിക്കുന്നത്? ഈ തോറ്റവനെ സ്നേഹിക്കുമ്പോൾ നിനക്ക് മടുക്കുന്നില്ലേ? നീ ആഗ്രഹിച്ച ഒരു ജീവിതം തരാൻ എനിക്ക് പറ്റില്ല നീ നിന്റെ വീട്ടിലേക്ക് തിരിച്ച് പൊയ്ക്കോ ”
അവന്റെ ശബ്ദത്തിൽ സങ്കടവും നിരാശയും നിറഞ്ഞിരുന്നു.
അവൾ ചായക്കപ്പ് ടീപ്പോയിയിൽ വെച്ചു.
“തോൽക്കുന്നത് ഒരു കുറ്റമാണോ സിദ്ധൂ? ഈ മഴ പെയ്യുന്നതുപോലെയാണ് ജീവിതവും. പെയ്തു തോരും, പിന്നെ വെയിൽ വരും.”
” ഇനി എന്റെ ജീവിതത്തിൽ വെയിൽ വരില്ല മാളൂ!” അവൻ പൊട്ടിത്തെറിച്ചു. “എല്ലാം പോയി. നമ്മൾ സ്വപ്നം കണ്ട് പണിത വീടുപോലും നാളെ ലേലത്തിലാണ്. എന്റെ കൂടെ നിന്നവരൊക്കെ ഇന്ന് എന്നെ നോക്കി പരിഹസിച്ചു ചിരിക്കുകയാണ്. ഇനിയൊരു പിച്ചക്കാരനായി ജീവിക്കുന്നതിലും നല്ലത് ഒരു മുഴം കയറാണ്!”
“മാളവിക അവന്റെ കൈകളിൽ മുറുകെ പിടിച്ചു.നഷ്ടപ്പെട്ടതിനെ ഓർത്ത് ദുഖിച്ചിരുന്നിട്ട് കാര്യം ഇല്ല നഷ്ടപ്പെട്ടത് ഒന്നും നമ്മുടേത് ആയിരുന്നില്ല സിദ്ധു…
പിന്നെ ആരൊക്കെയാണ് ചിരിക്കുന്നത്? നിന്റെ കയ്യിൽ പണമുണ്ടായിരുന്നപ്പോൾ നിന്റെ ചുറ്റും കൂടിയിരുന്ന ആ കൂട്ടുകാരോ? അവർക്ക് വേണ്ടിയിരുന്നത് നിന്റെ പണമായിരുന്നു, നിന്നെയായിരുന്നില്ല. പക്ഷേ എനിക്ക് വേണ്ടത് നിന്നെയാണ്. നീ കൂടെയുണ്ടെങ്കിൽ എനിക്ക് ഏത് കൂരയിലും സന്തോഷത്തോടെ ജീവിക്കാം. നീ നിന്നെ വിശ്വസിക്കുന്നത് നിർത്തുമ്പോൾ മാത്രമേ നീ യഥാർത്ഥത്തിൽ തോൽക്കുകയുള്ളൂ.അതുകൊണ്ട് നീ വിശ്വാസിക്ക് നിനക്ക് വിജയിക്കാൻ പറ്റും ”
“പക്ഷേ മാളൂ… ഞാനിനി എങ്ങനെ തുടങ്ങും? കയ്യിൽ ഒരു രൂപ പോലുമില്ല.”
“നിന്റെ ഈ കൈകളില്ലേ? നിന്റെ ബുദ്ധിയും അധ്വാനിക്കാനുള്ള മനസ്സുമില്ലേ? അതൊക്കെ പോരേ നമുക്ക്? പൂജ്യത്തിൽ നിന്ന് തുടങ്ങുന്നതിലും വലിയൊരു ധൈര്യം വേറെയില്ല സിദ്ധൂ. നമുക്ക് ഒന്നിച്ച് ശ്രമിക്കാം. എത്ര ദൂരം പോകാനാകുമെന്ന് നോക്കാം.”
മാളവികയുടെ കണ്ണുകളിലെ ആത്മവിശ്വാസം സിദ്ധാർത്ഥിന്റെ ഉള്ളിൽ പ്രതീക്ഷയുടെ ഒരു തിരി തെളിച്ചു.
അടുത്ത കുറച്ചു ദിവസങ്ങളിൽ സിദ്ധാർത്ഥിനെ കാണാൻ പഴയ സുഹൃത്തുക്കൾ ഓരോരുത്തരായി എത്തി. വീണ്ടും ബിസിനസ്സിലേക്ക് ഇറങ്ങാനുള്ള അവന്റെ തീരുമാനത്തെ ചിലർ പരിഹസിച്ചു, മറ്റു ചിലർ നിരുത്സാഹപ്പെടുത്തി.
“സിദ്ധൂ, ഇനിയൊരു സാഹസത്തിന് മുതിരരുത്. നിന്റെ സമയം ഇപ്പോൾ ഒട്ടും ശരിയല്ല,” ഒരു സുഹൃത്ത് ഉപദേശിച്ചു.
“നിന്റെ ജാതകവും രാശിയുമൊക്കെ ഇപ്പോൾ മോശം സമയത്താണ്. ഈ സമയത്ത് എന്ത് ചെയ്താലും തകർച്ചയായിരിക്കും ഫലം. ഉള്ളതുകൂടി നശിപ്പിക്കാതെ എവിടെയെങ്കിലും ഒരു ജോലിക്ക് കയറാൻ നോക്ക്.”
സിദ്ധാർത്ഥ് ഒന്നും മിണ്ടിയില്ല. സുഹൃത്തുക്കൾ പോയിക്കഴിഞ്ഞപ്പോൾ മാളവിക അവനരികിലെത്തി.
“സമയവും കാലവുമൊക്കെ നോക്കിയിരുന്നാൽ ജീവിതം അവിടെത്തന്നെ നിൽക്കുകയേയുള്ളൂ സിദ്ധൂ. അധ്വാനിക്കാനുള്ള മനസ്സും ആത്മവിശ്വാസവുമാണ് നമുക്ക് വേണ്ടത്. നിന്റെ ജാതകം നിന്റെ അധ്വാനമാണ്. അതിൽ വിശ്വസിക്കൂ.”
പിന്നീട് വന്നത് സന്ദീപായിരുന്നു. സിദ്ധാർത്ഥിന്റെ പഴയ ആഘോഷക്കൂട്ടത്തിലെ ഒരാൾ.
“സിദ്ധൂ… നിന്റെ അവസ്ഥ അറിഞ്ഞു. വല്ലാത്ത കഷ്ടമായിപ്പോയി കേട്ടോ! എങ്കിലും ഞാൻ പറയട്ടെ, നിന്റെ ഭാഗത്തല്ല തെറ്റ്. മാളവിക കുറച്ചുകൂടി സപ്പോർട്ടീവ് ആകണമായിരുന്നു. ഒരു ബിസിനസ്സുകാരന്റെ ഭാര്യ ഇങ്ങനെയല്ല പെരുമാറേണ്ടത്. അവൾ നിന്നെ തളർത്തുകയാണോ എന്നുപോലും എനിക്ക് സംശയമുണ്ട്.”
സിദ്ധാർത്ഥ് അവനെ നോക്കി ഒന്നു പുഞ്ചിരിച്ചു.
“സന്ദീപ്, മാളവിക കൂടെയുള്ളതുകൊണ്ടാണ് ഞാൻ ഇന്നും പ്രതീക്ഷയോടെ നിൽക്കുന്നത്. ഞാൻ തകർന്നുപോയപ്പോൾ എനിക്ക് താങ്ങായത് അവളാണ്. ഞാൻ വീണപ്പോൾ നീ എവിടെയായിരുന്നു?”
സന്ദീപിന് മറുപടിയുണ്ടായിരുന്നില്ല. എന്തോ പറയാൻ ശ്രമിച്ചെങ്കിലും വാക്കുകൾ കിട്ടാതെ അവൻ അവിടെനിന്ന് യാത്രപറഞ്ഞു.
പുതിയൊരു തുടക്കം അത്ര എളുപ്പമായിരുന്നില്ല. ചെറിയൊരു ഓഫീസിൽ ഇരുന്ന് രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ഇരുവരും അധ്വാനിച്ചു. ഓരോ രൂപയും സൂക്ഷിച്ചുചെലവഴിച്ചു. നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിനിടയിൽ പലപ്പോഴും സിദ്ധാർത്ഥിന് ക്ഷമ നഷ്ടപ്പെട്ടു.
ഒരിക്കൽ ജോലിക്കിടയിൽ വന്ന ദേഷ്യത്തിൽ ഒരു ജീവനക്കാരനോട് അവൻ അനാവശ്യമായി കയർത്തു.
“സിദ്ധൂ, നീ ചെയ്തത് തെറ്റാണ്.”
മാളവികയുടെ ശബ്ദത്തിൽ ഗൗരവമുണ്ടായിരുന്നു.
“നമ്മുടെ അവസ്ഥ മോശമായതുകൊണ്ട് മറ്റുള്ളവരോട് ദേഷ്യപ്പെടാൻ നമുക്ക് അവകാശമില്ല. അയാളും നമ്മളെപ്പോലെ അധ്വാനിക്കുന്ന ഒരാളാണ്. നീ അയാളോട് മാപ്പ് പറയണം.”
“ഞാൻ ബോസ്സാണ് മാളൂ. ഞാനെന്തിന് മാപ്പ് പറയണം?”
“നീ ബോസ്സല്ല, ഒരു സംരംഭകനാണ്. കൂടെ ജോലി ചെയ്യുന്നവരെ ബഹുമാനിക്കാനും അവരുടെ അധ്വാനത്തെ വിലമതിക്കാനും കഴിയണം.അവരുടെ അധ്വാനത്തിന്റെ ഫലം കിട്ടുന്നത് നമുക്കാണ് അധികാരം കാണിക്കുന്നതിലല്ല, മറ്റുള്ളവരെ ചേർത്തുപിടിക്കുന്നതിലാണ് ഒരു നല്ല നേതാവിന്റെ വിജയം.”
മാളവികയുടെ വാക്കുകൾ സിദ്ധാർത്ഥിനെ ചിന്തിപ്പിച്ചു. തെറ്റ് മനസ്സിലാക്കിയ അവൻ ആ ജീവനക്കാരനോട് മാപ്പുപറഞ്ഞു.
പിന്നീട് കണക്കുകൾ പരിശോധിക്കുന്നതിനിടയിൽ ഓരോ ചെറിയ ചെലവുകളിലും അവൾ അവന്റെ ശ്രദ്ധ ക്ഷണിച്ചു.
“ഓരോ ചില്ലിത്തുട്ടിനും വിലയുണ്ട് സിദ്ധൂ. ഒരു രൂപ ചെലവഴിക്കുമ്പോഴും അതെന്തിനാണെന്ന് നമ്മൾ ചിന്തിക്കണം. വരുമാനം എത്രയാണെന്നു നോക്കുന്നതുപോലെ പ്രധാനമാണ് ചെലവ് എവിടെയൊക്കെയാണ് പോകുന്നതെന്ന് അറിയുന്നതും.”
പിന്നീട് ഓരോ രൂപ ചെലവഴിക്കുമ്പോഴും മാളവികയുടെ വാക്കുകൾ അവന്റെ മനസ്സിൽ തെളിഞ്ഞു. ബിസിനസ്സ് വളരുന്നതിനൊപ്പം അവന്റെ കാഴ്ചപ്പാടിലും മാറ്റങ്ങൾ വന്നുതുടങ്ങി.
വർഷങ്ങൾ കടന്നുപോയി…
നഗരത്തിലെ ഏറ്റവും വലിയ ബിസിനസ്സ് ടവറുകളിലൊന്നിൽ തന്റെ പുതിയ പ്രോജക്റ്റിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു സിദ്ധാർത്ഥ്. ഒരിക്കൽ തകർന്നടിഞ്ഞുപോയ ആ മനുഷ്യൻ ഇന്ന് വീണ്ടും വിജയത്തിന്റെ ഉയരങ്ങളിലെത്തിയിരിക്കുന്നു.
അപ്പോഴാണ് സന്ദീപ് അവിടേക്ക് കടന്നുവന്നത്. ഇത്തവണ അവന്റെ കയ്യിൽ വലിയൊരു ബൊക്കെയുണ്ടായിരുന്നു.
“സിദ്ധാർത്ഥ്! നീ അത് സാധിച്ചു! നീ ഒരു ജീനിയസാണെന്ന് എനിക്ക് അന്നേ അറിയാമായിരുന്നു.”
ആവേശത്തോടെ കൈ നീട്ടിയ സന്ദീപിന് സിദ്ധാർത്ഥ് ശാന്തമായി കൈകൊടുത്തു.
“നന്ദി സന്ദീപ്.”
“നമുക്കിന്ന് ഇതൊന്ന് ആഘോഷിക്കണ്ടേ? വലിയൊരു പാർട്ടി നടത്താം. നമ്മുടെ പഴയ സുഹൃത്തുക്കളെയെല്ലാം ഞാൻ വിളിക്കാം.”
സിദ്ധാർത്ഥ് ഒന്നും പറയാതെ നിൽക്കുന്നത് കണ്ട് സന്ദീപ് വീണ്ടും തുടർന്നു.
“എന്തുപറ്റി? പഴയ ആവേശമൊന്നും ഇപ്പോഴില്ലല്ലോ! ചിലവൊക്കെ നിന്റെ വക. നമുക്ക് അടിച്ചുപൊളിക്കാം!”
സിദ്ധാർത്ഥ് മാളവികയെ നോക്കി. അവൾ പുഞ്ചിരിച്ചുകൊണ്ട് ഫയലുകൾ ഒതുക്കിവെക്കുകയായിരുന്നു.
“സന്ദീപ്… ആഘോഷങ്ങൾക്കായി ഇപ്പോൾ എന്റെ കയ്യിൽ പണമില്ല.”
അവന്റെ മറുപടി കേട്ട് സന്ദീപ് അമ്പരന്നു.
“എന്ത്? ഇത്രയും വലിയൊരു ബിസിനസ്സ് സാമ്രാജ്യം സ്വന്തമായുള്ള നീയാണോ ഇങ്ങനെയൊക്കെ പറയുന്നത്?”
“അതെ. ആവശ്യത്തിനും അനാവശ്യത്തിനും പണം ചെലവഴിച്ചിരുന്ന പഴയ സിദ്ധാർത്ഥല്ല ഇപ്പോൾ. ഓരോ രൂപയുടെയും വില എനിക്കറിയാം. പിന്നെ, ഇന്ന് എനിക്ക് മറ്റൊരു പ്ലാനുണ്ട്. മാളവികയ്ക്ക് ഇഷ്ടപ്പെട്ട ഒരു സിനിമ കാണാൻ ഞങ്ങൾ പോവുകയാണ്.”
അവൻ മാളവികയുടെ അരികിലേക്ക് നീങ്ങി.
“വർഷങ്ങൾക്കുമുമ്പ്, എല്ലാം തകർന്നുപോയി എന്നു കരുതി മഴയുള്ളൊരു രാത്രിയിൽ ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചപ്പോൾ എന്റെ കൂടെയുണ്ടായിരുന്നത് ഇവളായിരുന്നു. എന്റെ സമയം മോശമാണെന്നും ഇനി ഒന്നും ശരിയാകില്ലെന്നും പറഞ്ഞ് പലരും കൈവിട്ടപ്പോൾ, എന്നെ വിശ്വസിച്ച ഒരാൾ. അന്ന് അവൾ എനിക്കുവേണ്ടി മാറ്റിവെച്ച സമയത്തിനും കരുതലിനും സ്നേഹത്തിനും പകരം എന്ത് നൽകണം എന്ന് എനിക്ക് അറിയില്ല എങ്കിലും എന്റെ ജീവിതത്തിലെ ഓരോ നല്ല നിമിഷവും അവളോടൊപ്പം പങ്കിടണമെന്നാണ് ആഗ്രഹം.”
സിദ്ധാർത്ഥ് മാളവികയുടെ കൈപിടിച്ചു.
സന്ദീപ് ഒന്നും പറയാനാകാതെ അവിടെത്തന്നെ നിന്നു.
ഒരിക്കൽ സമ്പത്തും സൗകര്യങ്ങളും ഉണ്ടായിരുന്നപ്പോൾ ചുറ്റും കൂടിയിരുന്നവരിൽ പലരും പ്രതിസന്ധി വന്നപ്പോൾ അകന്നുപോയി. എന്നാൽ എല്ലാം നഷ്ടപ്പെട്ടപ്പോഴും കൈവിടാതെ ചേർത്തുപിടിച്ച മാളവികയുടെ സ്നേഹത്തിന് പകരംവെക്കാൻ മറ്റൊന്നിനും കഴിയില്ലെന്ന് അവന് ബോധ്യമുണ്ടായിരുന്നു.
പുറത്ത് മഴ തോർന്നിരുന്നു. ആകാശത്ത് ഏഴു വർണങ്ങൾ ചാലിച്ച മഴവില്ല് വിരിഞ്ഞുനിന്നു.
“മാളൂ… അന്ന് നീ പറഞ്ഞില്ലേ, മഴ പെയ്തു തോരുമെന്ന്. നോക്കൂ, ഇപ്പോൾ എന്തൊരു മനോഹരമായ വെയിൽ!”
അവൾ അവന്റെ കൈകളിൽ ഒന്നുകൂടി മുറുകെ പിടിച്ചു. ആ സ്പർശനത്തിൽ ഒരായിരം വാക്കുകളുടെ കരുത്തുണ്ടായിരുന്നു.
ജീവിതത്തിൽ പരാജയങ്ങളും വീഴ്ചകളും സ്വാഭാവികമാണ്. എന്നാൽ ആ വീഴ്ചകളിൽ നമ്മെ കൈപിടിച്ചുയർത്താൻ ആരൊക്കെയുണ്ടെന്ന് തിരിച്ചറിയാൻ കഴിയുന്നതാണ് ഏറ്റവും വലിയ തിരിച്ചറിവ്. വിജയം വരുമ്പോൾ കൂടെ ചേരുന്നവരെക്കാൾ, പരാജയപ്പെടുമ്പോൾ ചേർത്തുപിടിക്കുന്നവരാണ് ജീവിതത്തിലെ യഥാർത്ഥ സമ്പത്ത്.
✍️Shainy Varghese
