ഋതുശലഭം
(രചന: രുദ്ര)
കൈ എടുക്ക് ആദീ…
അരികിലായി ഇരുന്ന ഋതുവിന്റെ ശരീരത്തിലേക്ക് ഇഴഞ്ഞു നീങ്ങിയ എന്റെ കൈ തടുത്ത് കൊണ്ട് ജ്വലിക്കുന്ന കണ്ണുകളോടെ അവളത് പറയുമ്പോൾ ഞാൻ തെല്ലൊന്ന് അമ്പരന്നു.
നീ കൈ എടുക്കുന്നുണ്ടോ ആദീ… അതോ ഞാൻ എഴുന്നേറ്റ് പോകണോ?
എന്തിനാ ഋതു നീയിങ്ങനെ ദേഷ്യപ്പെടണത്? മറ്റാരും അല്ലല്ലോ ഞാനല്ലേ?
എന്നായാലും നീ എനിക്കുള്ളതല്ലേ? പിന്നെന്തിനാ നീയിങ്ങനെ ബലം പിടിക്കണത്? ഇവിടാവുമ്പോൾ ആരും കാണുകയും ഇല്ല പിന്നെന്താ പ്രശ്നം?
ആരെങ്കിലും കാണുന്നുണ്ടോ ഇല്ലയോ എന്നുള്ളതല്ല ആദി ഇവിടെ വിഷയം. ആദിക്ക് അറിയാലോ എനിക്ക് ഈ വക ഏർപ്പാടൊന്നും ഇഷ്ടമല്ലെന്ന് .
പിന്നെ ആദി അത്ര നിർബന്ധിച്ചത് കൊണ്ട് മാത്രമാ ഞാനിന്ന് ഇവിടെ വന്നേ…. അതൊരു അവസരമായി എടുക്കരുത് പ്ലീസ്….
തിങ്കളാഴ്ച ആയത് കൊണ്ട് തന്നെ ബീച്ചിൽ തിരക്ക് കുറവായിരുന്നു. ഒരുപാട് വട്ടം നിർബന്ധിച്ചിട്ടാണ് ഇന്നിവിടെ വരാമെന്ന് ഋതു സമ്മതിച്ചത്. എന്തൊക്കെ പ്രതീക്ഷകളായിരുന്നു.
ഈ പെണ്ണെന്താ ഇങ്ങനെ? ഇവള് മിക്കവാറും എന്നെ കൊണ്ട് പെട്രോള് വാങ്ങിപ്പിക്കും. എന്റെ മനസിൽ ദേഷ്യം അരിച്ചു കയറി.
നീയെന്താ ഋതു ഇങ്ങനെ…? ഇത് പതിനെട്ടാം നൂറ്റാണ്ടല്ല. നമ്മൾ ഒരുമിച്ച് ജീവിക്കാൻ പോകുന്നവരാ നമ്മുടെ ഇഷ്ടത്തെ കുറിച്ച് രണ്ട് വീട്ടുകാർക്കും അറിയാം.
പിന്നെ ഞാൻ നിന്നെ ഒന്ന് തൊട്ടു എന്ന് വിചാരിച്ചാണോ നീ ഇത്ര വലിയ പ്രശ്നം ഉണ്ടാക്കുന്നത്?
പറഞ്ഞതൊക്കെ ശരിയാണ് ആദി …ഇത് പതിനെട്ടാം നൂറ്റാണ്ടൊന്നുമല്ല പക്ഷേ ചില കാര്യങ്ങളിൽ യൂറോപ്യൻ ചിന്താഗതി വൈച്ച് പെരു മാറാനൊന്നും എന്നെ കിട്ടില്ല.
പ്രത്യേകിച്ചും ഇത്തരം കാര്യങ്ങളിൽ. ആദി എന്റെ കഴുത്തിൽ താലികെട്ടാൻ പോകുന്നവനാണ്. എന്റെ ശരീരം ആദിക്ക് മാത്രം സ്വന്തവുമാണ്. പക്ഷേ അത് ആദിയുടെ താലി എന്റെ കഴുത്തിൽ വീണതിന് ശേഷം മാത്രം ആയിരിക്കും.
എന്നെ അത്രക്ക് വിശ്വാസം ഇല്ലാതായോ ഋതു നിനക്ക്?
ഇവിടെ വിശ്വാസത്തിന്റെ കാര്യം ഇല്ല ആദീ… ഈ ഒരു ചോദ്യത്തിന് മുൻപിൽ പതറിപ്പോയി സ്വന്തം ശരീരം വരെ സ്നേഹിക്കുന്നവന് മുൻപിൽ പണയം വെച്ച പല പെൺകുട്ടികളുടെയും ജീവിതത്തെ പറ്റി എനിക്കറിയാം.
എന്നിട്ടൊടുക്കം എല്ലാം കഴിഞ്ഞ് പുറം ലോകം അറിയുമ്പോൾ അവൾക്ക് മാത്രം ഒരു പേര് വീഴും.”പിഴച്ചവൾ.”
സത്യല്ലേ ആദി…?
ഋതു….?
ആദി അങ്ങനെയാണെന്നല്ല ഞാൻ പറഞ്ഞു വരുന്നത്. എനിക്ക് ആദിയെ മറ്റാരേക്കാളും വിശ്വാസവുമാണ്. അതുകൊണ്ട് തന്നെയാണ് എത്ര നല്ല ആലോചന വന്നിട്ടും ഞാൻ ആദിക്ക് വേണ്ടി കാത്തിരിക്കുന്നത്.
അതിപ്പോ തെറ്റായിപ്പോയെന്ന് ഋതുവിന് തോന്നി തുടങ്ങിയോ?
ഒരിക്കലും ഇല്ല ആദി… നമ്മൾ ഒരുമിച്ച് ജീവിക്കേണ്ടവരാണ്. അതുകൊണ്ട് തന്നെ തെറ്റുകൾ പരസ്പരം തിരുത്തേണ്ടതും നമ്മുടെ കടമയാണ്.
നൂറ് ശതമാനം ആദിയോടും നമ്മുടെ പ്രണയത്തോടും നീതി പുലർത്താൻ എനിക്ക് കഴിഞ്ഞിട്ടുണ്ട്. മനസ് കൊണ്ടും ശരീരം കൊണ്ടും പരിശുദ്ധ ആയിട്ടായിരിക്കും ഞാൻ ആദിയുടെ മുൻപിൽ കഴുത്ത് നീട്ടി തരുന്നത്.
അതെനിക്ക് അറിയാലോ ഋതു. എന്തിനാ ഇപ്പോഴിതൊക്കെ പറയുന്നത്?
കാര്യമുണ്ട് ആദീ …. ആദിയോട് നീതി പുലർത്തുന്ന പോലെ എനിക്ക് എന്റെ വീട്ടുകാരോടും സത്യസന്ധത കാട്ടണം.
അവർ എന്റെ കൈ പിടിച്ച് ആദിയെ ഏൽപ്പിക്കും വരെ ആദിയുടെ മുൻപിൽ പോലും ഞാൻ കളങ്കപ്പെടരുത്.’ എന്റെ മനസ് കൊണ്ട് പോലും അവരെ ചതിച്ചെന്ന് എനിക്ക് തോന്നാൻ പാടില്ല ആദീ…
കാരണം അവർ എന്നെ അത്രമാത്രം വിശ്വസിക്കുന്നുണ്ട്. എല്ലാവരുടെയും മനസ് നിറഞ്ഞ അനുഗ്രഹത്തോടെ വേണം എനിക്ക് ആദിയുടെ കൈ പിടിക്കാൻ.
ഋതുവിന്റെ വാക്കുകൾക്ക് മുൻപിൽ മറുപടിയില്ലാതെ ഒരു നിമിഷം ഞാൻ നിന്നു.
ആദീ…. ആദി എപ്പോഴാ ഏറ്റവും കൂടുതൽ ദേഷ്യപ്പെട്ടിട്ടുള്ളേ എന്ന് ഓർമ്മയുണ്ടോ?
അത് പിന്നെ….
ഞാൻ പറയാം…. അത് അമ്മൂനെ ഒരുത്തൻ ശല്യപ്പെടുത്തി എന്നറിഞ്ഞപ്പോഴാണ്. സ്വന്തം പെങ്ങളൂട്ടിയുടെ കാര്യത്തിൽ അച്ചനേക്കാളും ശ്രദ്ധയായിരിക്കും ആങ്ങളമാർക്ക് അതോണ്ടാ ആദി അന്ന് അത്ര പ്രശ്നങ്ങൾ ഉണ്ടാക്കിയത്.
അമ്മൂനെ അത്രയധികം സ്നേഹിക്കുന്ന ആദി എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ഞാനും അതുപോലൊരു ഏട്ടന്റെ പെങ്ങളാണെന്ന്.
ഞാൻ ആദിയെ കുറ്റപ്പെടുത്തിയതല്ല ട്ടോ… എനിക്കും ഉണ്ട് ആദി എന്റെ വീട്ടുകാരോട് ചില ഉത്തരവാദിത്തങ്ങൾ.
ആദിയോടുള്ള പ്രണയം പോലെ തന്നെ പവിത്രമാണ് എനിക്ക് അവരോടുള്ള ഇഷ്ടവും. എല്ലാവരുടെ അനുഗ്രഹത്തോടെ ഞാൻ ആദിയുടെ മാത്രമാകുന്ന നിമിഷം വരെ ക്ഷമയോടെ കാത്തിരിക്കാമെങ്കിൽ ആദിക്ക് കാത്തിരിക്കാം.
ഒരു പുഞ്ചിരിയോടെ അവളത് പറഞ്ഞ് തീർക്കുമ്പോൾ എന്റെ മനസിൽ അവളോട് തെല്ല് പോലും പരിഭവമോ ദേഷ്യമോ തോന്നിയില്ല. പകരം കുറ്റബോധമായിരുന്നു.
ഒരു കാര്യം എനിക്കിപ്പായിരുന്നു ഋതു എനിക്ക് ഭാര്യ മാത്രമായിരിക്കില്ല. തെറ്റ് കണ്ടാൽ ശകാരിക്കുന്ന അതിൽ നിന്ന് പിൻതിരിപ്പിക്കുന്ന ഒരു അമ്മ കൂടിയായിരിക്കുമെന്ന് .