(രചന: Sivapriya)
അന്ന് ഓഫീസിൽ ഇരിക്കുമ്പോൾ പതിവില്ലാതെ ഒരു തളർച്ചയും തലചുറ്റലും തോന്നി. പീരിയഡ്സ് തെറ്റിയിട്ട് ഒരാഴ്ചയാകുന്നു എന്ന് സുമിത്ര ഞെട്ടലോടെ ഓർത്തു.
“ഈശ്വരാ ഇനി പ്രെഗ്നന്റ് ആയിരിക്കുമോ?” ആരോടെന്നില്ലാതെ അവൾ ആത്മഗതം ചെയ്തു.
“എന്ത് പറ്റി സുമിത്രേ? മുഖത്തൊരു വിളർച്ച, സുഖമില്ലേ?” അടുത്ത സീറ്റിലിരിക്കുന്ന മാലിനി ചോദിച്ചു.
“രണ്ടു ദിവസമായി ചെറിയൊരു ക്ഷീണം തുടങ്ങിയിട്ട്. ഇന്ന് ആയപ്പോൾ ഒരു തളർച്ചയും തലച്ചുറ്റലുമൊക്കെ തോന്നുന്നു. പീരിയഡ്സ് തെറ്റിയിട്ട് ഒരാഴ്ചയായി മാലിനി.” ക്ഷീണിച്ച സ്വരത്തിൽ സുമിത്ര പറഞ്ഞു.
“ഇനി പ്രെഗ്നന്റ് എങ്ങാനും ആണോടി..”
“അറിയില്ലെടി… രണ്ട് പ്രസവം കഴിഞ്ഞിട്ടും പ്രസവം നിർത്തിയിട്ടില്ലായിരുന്നു. അതുകൊണ്ട് എനിക്കും ഒരു സംശയം ഇല്ലാതില്ല.”
“നീയൊരു കാര്യം ചെയ്യ്.. ഒരു പ്രെഗ്നൻസി കിറ്റും വാങ്ങി വീട്ടിലേക്ക് ചെല്ല്. എന്നിട്ട് ടെസ്റ്റ് ചെയ്ത് നോക്ക്. പോസറ്റീവ് ആണെങ്കിൽ വച്ചോണ്ടിരിക്കണ്ട.
വീട്ടിൽ കെട്ടിയോൻ ഉണ്ടല്ലോ. ചേട്ടനേം വിളിച്ചു കൊണ്ട് അടുത്ത് ഏതെങ്കിലും ഹോസ്പിറ്റലിൽ പോവാൻ നോക്ക്.” മാലിനി ഒരു ഉപായം പറഞ്ഞു കൊടുത്തു.
“ഇന്നിനി വർക്ക് ചെയ്യാൻ എനിക്കും വയ്യ.. നല്ല ക്ഷീണം തോന്നുന്നുണ്ട്. ഉച്ചയ്ക്ക് ശേഷം ലീവ് എഴുതി കൊടുത്തിട്ട് ഞാൻ വീട്ടിലേക്ക് പോകാം. നീ പറഞ്ഞത് പോലെ പ്രെഗ്നൻസി ടെസ്റ്റും ചെയ്തു നോക്കാം.”
“അതാടി നല്ലത്.. ഈ പ്രായത്തിൽ ഇനി മൂന്നാമതൊരു കൊച്ച് വേണോന്ന് നീയൊന്ന് ആലോചിച്ചു നോക്ക്. വയസ്സ് മുപ്പത്തി ഒൻപത് കഴിഞ്ഞില്ലേ.
രണ്ട് പെൺകുട്ടികൾ മുതിർന്നു വരുന്നു. അവരുടെ കാര്യം നോക്കണ്ടേ നിനക്ക്. ഭർത്താവ് ആണെങ്കിൽ ഗൾഫിൽ ഉണ്ടായിരുന്ന ജോലിയും കളഞ്ഞ് വീട്ടിൽ വന്നിരിക്കാൻ തുടങ്ങിയിട്ട് വർഷം രണ്ടായില്ലേ. അതുകൊണ്ട് നേരത്തെ കണ്ടുപിടിച്ചാൽ വച്ച് താമസിപ്പിക്കാൻ നിൽക്കണ്ടന്നെ ഞാൻ പറയു.”
“എന്റെ മനസ്സിലും നീ പറഞ്ഞത് തന്നെയാ. ഏതായാലും വീട്ടിൽ പോയി ടെസ്റ്റ് ചെയ്തു നോക്കട്ടെ ഞാൻ.”
സുമിത്രയും മാലിനിയും വില്ലേജ് ഓഫീസിലെ ജീവനക്കാരാണ്. ഒരുമിച്ച് ജോലി ചെയ്യാൻ തുടങ്ങിയിട്ട് അഞ്ചാറു വർഷം ആയിക്കാണും. രണ്ടുപേരും നല്ല സുഹൃത്തുക്കളാണ്. പരസ്പരം എല്ലാ കാര്യങ്ങളും ഷെയർ ചെയ്യുകയും ചെയ്യും.
സുമിത്ര വിവാഹിതയും രണ്ട് പെൺകുട്ടികളുടെ അമ്മയുമാണ്. മൂത്ത മകൾ പ്ലസ് വണ്ണിനും ഇളയവൾ ഒൻപതാം ക്ലാസ്സിലുമാണ് പഠിക്കുന്നത്.
ഭർത്താവ് സുരേഷ് ഗൾഫിൽ ആയിരുന്നു. രണ്ടു വർഷം മുൻപ് ജോലി മതിയാക്കി നാട്ടിൽ വന്നു. ഈയിടെയായി ചില ബിസിനസ് തുടങ്ങാനുള്ള പരിപാടിയിലാണ് സുരേഷ്. പിന്നെ അല്ലറ ചില്ലറ റിയൽ എസ്റ്റേറ്റ് പരിപാടിയുമുണ്ട്.
സുരേഷ് ഗൾഫിൽ നിന്നും വന്ന ശേഷം വീട്ടിലെ സകല ചിലവും കുട്ടികളുടെ പഠിപ്പുമൊക്കെ സുമിത്രയാണ് നോക്കുന്നത്. പോരാത്തതിന് സുരേഷിന്റെ ബിസിനസ് ആവശ്യത്തിനായി സുമിത്രയുടെ ജാമ്യത്തിൽ ലോണിന് അപേക്ഷിക്കാനുള്ള മുന്നൊരുക്കത്തിലാണ് സുരേഷ്.
സുമിത്രയ്ക്കും എതിർ അഭിപ്രായം ഒന്നുമില്ലായിരുന്നു. ഭർത്താവ് അന്യ നാട്ടിൽ കിടന്ന് കഷ്ടപ്പെടുന്നതിനേക്കാൾ നല്ലത് നാട്ടിൽ തന്നെ എന്തെങ്കിലും ബിസിനസ് ചെയ്ത് കൂടെയുണ്ടായിരിക്കുന്നതാണെന്ന് സുമിത്രയ്ക്ക് തോന്നി.
ഉച്ചയ്ക്ക് ശേഷം ലീവ് എഴുതികൊടുത്ത് സുമിത്ര ഒരു ഓട്ടോ പിടിച്ച് വീട്ടിലേക്ക് പുറപ്പെട്ടു. പോകുന്ന വഴി മെഡിക്കൽ സ്റ്റോറിൽ കയറി ഒരു പ്രെഗ്നൻസി കിറ്റും വാങ്ങി.
വീട്ടിലെത്തി ഓട്ടോ കാശ് കൊടുത്ത ശേഷം ഗേറ്റ് തുറന്ന് അവൾ അകത്തേക്ക് കയറി. ചെരുപ്പഴിച്ചു വരാന്തയിൽ വച്ച് കാളിംഗ് ബെല്ലിൽ വിരൽ അമർത്താൻ തുടങ്ങുമ്പോഴാണ് സുമിത്ര ആ കാഴ്ച കാണുന്നത്.
ചെടി ചട്ടികൾക്കിടയിൽ ആരും അധികം ശ്രദ്ധിക്കാത്ത തരത്തിൽ ഒരു ജോഡി ലേഡീസ് ചെരുപ്പ് കിടക്കുന്നു. അത് കണ്ടതും പെരുവിരലിൽ നിന്നും ഒരു വിറയൽ ശരീരത്തിൽ പടരുന്നത് അവളറിഞ്ഞു.
“ഈശ്വരാ സുരേഷേട്ടൻ എന്നെ ചതിക്കുവാണോ? ഈ ചെരുപ്പ് ഇതെങ്ങനെ ഇവിടെ വന്നു.” നിറഞ്ഞ കണ്ണുകളോടെ ചുമർ ചാരി സുമിത്ര നിലത്തേക്കിരുന്നുപോയി. കുറച്ചു സമയം അവൾ അങ്ങനെ തന്നെ ഇരുന്നു.
പ്രാണനെ പോലെ സ്നേഹിച്ചു വിശ്വസിച്ചു കൂടെ കഴിയുന്ന ഭർത്താവ് ഇങ്ങനെ ഒരു ചതി ചെയ്യുമെന്ന് അവൾക്ക് ഊഹിക്കാൻ പോലും കഴിഞ്ഞില്ല.
അകത്തു നിന്ന് അടക്കിപ്പിടിച്ച ചിരിയും സംസാരവും കേട്ടതും സുമിത്ര കാത് കൂർപ്പിച്ചു. അവളിലെ പെണ്ണിലെ പക ഉണർന്നു.
മിഴികളിൽ നിന്നും ഇറ്റു വീണ നീർകണങ്ങൾ തുടച്ചു മാറ്റികൊണ്ട് സുമിത്ര ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു.
സുമിത്രയും സുരേഷും കിടക്കുന്ന മുറിയിൽ നിന്നാണ് ശബ്ദം കേൾക്കുന്നത്. സുമിത്ര പുറത്തേക്കിറങ്ങി തങ്ങളുടെ മുറിയുടെ ജനാലയുടെ അടുത്ത് ചെന്നു.
ബാത്റൂമിനുള്ളിൽ ഷവറിൽ നിന്നും വെള്ളം വീഴുന്ന ശബ്ദം കേൾക്കാം. ഒപ്പം സുരേഷിന്റെയും ഒരു സ്ത്രീയുടെയും ചിരിയും സംസാരവും കേൾക്കുന്നുണ്ട്.
ഇരുവരും ബാത്റൂമിൽ ഒരുമിച്ച് കുളിക്കുകയാവുമെന്ന് സുമിത്രയ്ക്ക് മനസ്സിലായി. അവൾക്ക് തന്നെ അറപ്പ് തോന്നിപ്പോയി.
വളർന്നു വരുന്ന രണ്ട് പെണ്മക്കൾ ഉണ്ടെന്നുള്ള കാര്യം മറന്നുകൊണ്ട് തന്റെ ഭർത്താവ് കാണിച്ചുകൂട്ടുന്ന കാര്യങ്ങൾ കണ്ട് സുമിത്രയ്ക്ക് അയാളോട് കഠിനമായ വെറുപ്പ് തോന്നി.
തന്റെ ഭർത്താവിനൊപ്പമുള്ള സ്ത്രീ ആരാണെന്ന് കണ്ടുപിടിക്കണം. രണ്ടുപേരെയും തെളിവുകളോടെ തന്നെ പിടിച്ചു എല്ലാവരുടെയും മുന്നിൽ കൊണ്ട് നിർത്തണം. പെട്ടെന്നാണ് അവൾക്ക് ഒരു ഉപായം തോന്നിയത്.
ശബ്ദമൊന്നും ഉണ്ടാക്കാതെ സുമിത്ര തന്റെ ബാഗിൽ കിടന്ന വീടിന്റെ മറ്റൊരു താക്കോൽ ഉപയോഗിച്ച് വീട് തുറന്ന് അകത്തു കയറി. എന്നിട്ട് തന്റെ മൊബൈൽ ഫോൺ സൈലന്റ് മോഡിൽ ആക്കിയ ശേഷം തങ്ങളുടെ മുറിയിലേക്ക് ചെന്നു.
ബെഡ്റൂമിന്റെ വാതിൽ തുറന്നു കിടക്കുകയായിരുന്നു. രണ്ടുപേരും അപ്പോഴും ബാത്റൂമിനുള്ളിൽ തന്നെ ആയിരുന്നു.
സുമിത്ര വേഗം തന്നെ മൊബൈൽ ഫോണിന്റെ വീഡിയോ ഓൺ ആക്കി ആരുടെയും ശ്രദ്ധ പതിയാത്ത സ്ഥലം നോക്കി ബാത്റൂമും ബെഡ്റൂംമും കാണാത്തക്ക വിധത്തിൽ വച്ചു. പിന്നെ പെട്ടന്ന് തന്നെ പുറത്തിറങ്ങി വാതിൽ അടച്ച ശേഷം റോഡിലേക്കിറങ്ങി നടന്നു.
സുമിത്രയുടെ കണ്ണുകൾ നിറഞ്ഞൊഴുകി കൊണ്ടിരുന്നു. അവൾക്ക് ഹൃദയത്തിൽ വല്ലാത്തൊരു വേദന തോന്നി. താൻ വഞ്ചിക്കപ്പെട്ടതോർത്തു അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. ഇനി അയാളോടൊത്തൊരു ജീവിതം ഉണ്ടാവില്ലെന്ന് മനസ്സിൽ പ്രതിജ്ഞ ചെയ്തു.
ഒരു ഓട്ടോ വന്നപ്പോൾ സുമിത്ര അതിൽ കയറി. ഹോസ്പിറ്റലിലേക്ക് ആയിരുന്നു അവൾ പോയത്.
പ്രെഗ്നൻസി പോസിറ്റീവ് ആണെന്നുള്ള ലാബ് റിപ്പോർട്ട് കണ്ടപ്പോൾ സുമിത്ര ഞെട്ടിയില്ല. താൻ പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു എന്നവൾ ഓർത്തു. ഡോക്ടറെ കാണാനായി കാത്തിരിക്കുമ്പോൾ സുമിത്ര മനസ്സിൽ ചില തീരുമാനങ്ങൾ കൈകൊള്ളുകയായിരുന്നു.
“ഡോക്ടർ എനിക്ക് ഈ കുഞ്ഞിനെ പ്രസവിക്കണ്ട. മുതിർന്ന രണ്ട് പെൺകുട്ടികൾ എനിക്കുണ്ട്. ഭർത്താവിന് മറ്റൊരു സ്ത്രീയുമായി അടുപ്പമുള്ള വിവരം ഞാൻ കുറച്ചുമുൻപാണ് അറിയുന്നത്.
ഈ പ്രശ്നങ്ങൾക്കിടയിൽ ഈ കുഞ്ഞിനെ കൂടി വലിച്ചിഴയ്ക്കാൻ എനിക്ക് താല്പര്യമില്ല. അതുകൊണ്ട് ഡോക്ടർ എനിക്ക് അബോർഷൻ ചെയ്തു തരണം.” തൊണ്ടയിടറുന്നുണ്ടായിരുന്നെങ്കിലും ഉറച്ചതായിരുന്നു അവളുടെ സ്വരം.
ഡോക്ടർ സ്മിത ഒരു നിമിഷം സുമിത്രയെ തന്നെ ഉറ്റുനോക്കിയിരുന്നു. പിന്നെ ആ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു.
“റിലാക്സ് സുമിത്ര… ഡോണ്ട് വറി. ഐ ക്യാൻ ഹെല്പ് യൂ. ഈ ടാബ്ലറ്റ് കഴിച്ചാൽ മതി.” ഡോക്ടർ സ്മിത അവളെ നോക്കി പറഞ്ഞു.
“താങ്ക്സ് ഡോക്ടർ… ഒരുപക്ഷെ ഭർത്താവ് ഒപ്പം ഉണ്ടായിരുന്നെങ്കിൽ ഞാൻ ഈ തീരുമാനം എടുക്കില്ലായിരുന്നു ഡോക്ടർ.
എന്റെ രണ്ടു മക്കളെ നോക്കാൻ ഇനി ഞാനേ ഉള്ളു. അപ്പോൾ അതിനിടയിൽ ഈ കുഞ്ഞിനെ വേണ്ടവിധം ശ്രദ്ധിക്കാൻ എനിക്ക് കഴിഞ്ഞെന്ന് വരില്ല. ആരോടെങ്കിലും ഇതൊന്ന് തുറന്നു പറഞ്ഞില്ലെങ്കിൽ ഭ്രാന്ത് പിടിക്കുമെന്ന് തോന്നി.
ഡോക്ടറെ കണ്ടപ്പോൾ തന്നെ മനസ്സിനൊരു സമാധാനം തോന്നി. അതാ ഞാൻ ഡോക്ടറോട് ഇതൊക്കെ പറഞ്ഞത്.”
വിഷാദം നിറഞ്ഞൊരു പുഞ്ചിരി സുമിത്രയുടെ മുഖത്ത് വിരിഞ്ഞു നിന്നു.
“സാരമില്ല സുമിത്ര… ജീവിതം ഇങ്ങനെയാണ് പല പ്രതിസന്ധികൾ ഉണ്ടാവും.”
ഡോക്ടറെ കണ്ട് ഇറങ്ങിയത് കൊണ്ട് വൈകുന്നേരം പതിവുപോലെ ഓഫീസിൽ നിന്നും തിരിച്ചെത്തുന്ന സമയത്താണ് വീട്ടിലെത്തിയത്. മക്കൾ സ്കൂളിൽ നിന്നും വന്നിട്ട് ട്യൂഷന് പോയിരുന്നു. സുരേഷേട്ടന്റെ കാർ പുറത്തില്ലായിരുന്നു. അയാൾ അവളെ കൊണ്ട് വിടാൻ പോയതായിരിക്കുമെന്ന് ഊഹിച്ചു.
റൂമിലെത്താൻ തിടുക്കാമായിരുന്നു സുമിത്രയ്ക്ക്. ബെഡ് ഷീറ്റ് ഒക്കെ രാവിലെ ഞാൻ വിരിച്ചിട്ടത് പോലെ ഭംഗിയായി തന്നെ വിരിച്ചിട്ടുണ്ടായിരുന്നു. എനിക്ക് ആ മനുഷ്യനോട് വെറുപ്പ് തോന്നി. ഒരു അന്യ സ്ത്രീയുമായി കെട്ടിമറിഞ്ഞു കിടക്ക പങ്കിട്ടിരുന്ന അയാൾ ഒരു കുറ്റബോധവുമില്ലാതെയാണ് ഇതേ കിടക്കയിൽ തന്നെ എന്നോടും….
ഛേ… വെറുപ്പോടെ സുമിത്ര മുഖം വെട്ടിച്ചു.
സുമിത്ര ഒളിപ്പിച്ചു വച്ചിരുന്ന ഫോൺ എടുത്ത് നോക്കി. അയാളോടൊപ്പം ആ മുറിയിൽ കഴിഞ്ഞിരുന്ന സ്ത്രീ ആരാണെന്ന് അറിയാൻ അവൾക്ക് ആകാംക്ഷയായി.
വിറ കൈകളോടെയാണ് സുമിത്ര വീഡിയോ പ്ലേ ചെയ്തത്. ഈറനോടെ ബാത്റൂമിൽ നിന്നും പുറത്തേക്ക് ഇറങ്ങിയ സുരേഷ് അവളെ കൈകളിൽ കോരിയെടുത്തിരുന്നു. അയാളുടെ മുറപ്പെണ്ണ് ശൈലയായിരുന്നു അത്.
ശൈലയെ മടിയിലിരുത്തി തല തുവർത്തി കൊടുക്കുകയും ഇരുവരും പരസ്പരം ചുംബിക്കുകയും കെട്ടിപിടിച്ചു ബെഡിലേക്ക് മറിയുന്നതുമൊക്കെ കണ്ടപ്പോൾ കണ്ണുനീർ വന്നെന്റെ കാഴ്ച മറഞ്ഞു. അവര് തമ്മിൽ അത്തരത്തിലൊരു അടുപ്പം എനിക്ക് ചിന്തിക്കാൻ പോലും സാധിക്കില്ലായിരുന്നു.
കുടുംബവഴക്കിന്റെ പേരിൽ വർഷങ്ങളായി പിണങ്ങി കഴിയുകയായിരുന്നു ഇരു വീട്ടുകാരും. സുരേഷേട്ടൻ എന്നെ വിവാഹം കഴിച്ചുകൊണ്ട് വന്ന് ആദ്യ മോൾ ഉണ്ടായ ശേഷമാണ് വഴക്കൊക്കെ മാറി ഇരുകുടുംബവും ഒന്നായത്.
കുടുംബ വഴക്കിന്റെ പേരിൽ സുരേഷേട്ടനും ശൈലയുമായി പറഞ്ഞു വച്ചിരുന്ന വിവാഹവും മുടങ്ങി പോയിരുന്നുവെന്ന് കുടുംബക്കാർ പറഞ്ഞു ഞാൻ അറിഞ്ഞിരുന്നു. ശൈലയെ വിവാഹം കഴിച്ചതും ഒരു ഗൾഫ് കാരനായായിരുന്നു. അയാളോടൊപ്പം അവളും മക്കളും ദുബായിൽ തന്നെയായിരുന്നു.
പിന്നെ എപ്പോഴാ നാട്ടിൽ വന്നതെന്ന് എനിക്ക് അറിയില്ല. സുരേഷേട്ടനും ദുബായിൽ തന്നെയായിരുന്നു എന്ന് ഞാൻ ഒരുനിമിഷം ഓർത്തു. ഇവളെ കാണാനായിരിക്കുമോ അയാൾ ഗൾഫിൽ ജോലിക്ക് പോയതെന്ന് എനിക്ക് സംശയമായി.
വീഡിയോയിൽ ഇരുവരുടെയും പേക്കൂത്തുകൾ കണ്ട് എനിക്ക് അറപ്പ് തോന്നി. എന്റെ മനസ്സിൽ പക ആളികത്തിക്കാൻ ആ വീഡിയോ ധാരാളമായിരുന്നു. അത് മുഴുവനും കാണാനുള്ള ശേഷി എനിക്കില്ലായിരുന്നു.
എരിഞ്ഞു പുകയുന്ന മനസ്സോടെ അവരെ എന്ത് ചെയ്യണമെന്നതായിരുന്നു അടുത്ത് ഞാൻ ചിന്തിച്ചത്. തെളിവായി ആ വീഡിയോ ഞാൻ കയ്യിൽ സൂക്ഷിച്ചു വച്ചു.
രാത്രി അയാൾ വരുന്നതിനു മുൻപ് തന്നെ ഞാൻ ഉറക്കം നടിച്ചു കിടന്നു. രാത്രി ഏറെ വൈകിയാണ് അയാൾ വന്നത്. കുടിച്ചിട്ടുള്ള വരവായിരുന്നു അത്. ഇടയ്ക്ക് വല്ലപ്പോഴും അത് പതിവാണ്. കുടിച്ചു കഴിഞ്ഞാൽ പിന്നെ ബോധമില്ലാതെ രാവിലെ വരെ ഉറങ്ങും.
സുരേഷ് മുറിയിലേക്ക് വരുന്നതും അടുത്ത് കിടക്കുന്നതുമൊക്കെ സുമിത്ര അറിയുന്നുണ്ടായിരുന്നു. കുറച്ചു കഴിഞ്ഞു കൂർക്കം വലിക്കുന്ന ശബ്ദം കേട്ടതും ഞാൻ എഴുന്നേറ്റു. അയാളുടെ ഫോണിനായി ഞാൻ മുറി മുഴുവൻ പരതി.
അവിടെയെങ്ങും ഫോൺ കാണാതായപ്പോൾ അവൾക്കാകെ നിരാശ തോന്നി. അപ്പോഴാണ് സുരേഷിന്റെ പാന്റ്സിന്റെ പോക്കറ്റിൽ കിടന്ന് ഫോൺ വൈബ്രേറ്റ് ചെയ്യുന്നത് സുമിത്ര കണ്ടത്.
സുരേഷ് ഒന്നുമറിയാതെ ഉറക്കത്തിലാണ്.
സുമിത്ര വേഗം ചെന്ന് ഫോൺ എടുത്തു നോക്കി. ശൈലയാണ് വിളിക്കുന്നത്. വീട്ടിലെത്തിയോന്ന് അറിയാൻ വിളിക്കുകയാവും. സുമിത്ര ഫോൺ ഫ്ലൈറ്റ് മോഡിൽ ആക്കി. ശേഷം അയാളുടെ ഫിംഗർ ഉപയോഗിച്ച് ലോക്ക് ഓപ്പൺ ആക്കി ഫോൺ പരിശോധിക്കാൻ തുടങ്ങി.
ഇരുവരും ഒന്നിച്ചുള്ള നഗ്ന ചിത്രങ്ങളും വീഡിയോകളും കൊണ്ട് ഗാലറി നിറഞ്ഞു കിടക്കുകയാണ്. വാട്സാപ്പ് ചാറ്റ് നോക്കിയപ്പോൾ രണ്ടുപേരും തമ്മിൽ അവിഹിതം തുടങ്ങിയിട്ട് വർഷങ്ങൾ ആയെന്ന് സുമിത്രയ്ക്ക് മനസിലായി.
ശൈലയെ കാണാൻ വേണ്ടിയായിരുന്നു സുരേഷ് ദുബായിൽ ജോലിക്ക് പോയത്. ശൈലയുടെ ഭർത്താവ് ശൈലയെയും മക്കളെയും നാട്ടിലേക്ക് കയറ്റി വിട്ടപ്പോഴാണ് സുരേഷും ജോലി മതിയാക്കി നാട്ടിലേക്ക് വന്നത്.
ബിസിനസ് ആവശ്യമെന്ന് പറഞ്ഞു സുമിത്രയെ കൊണ്ട് ലോൺ എടുപ്പിക്കുന്നത് ആ പൈസയുമായി രണ്ടുപേർക്കും ഒളിച്ചോടാൻ ആയിരുന്നു. ഇപ്പോഴുള്ള വീടും സുമിത്ര അറിയാതെ പണയപ്പെടുത്തി ആ കാശും, ലോൺ തുകയുമായി നാടുവിട്ടു മുബൈക്ക് പോയി സെറ്റിൽ ആകാനായിരുന്നു അവരുടെ പദ്ധതി.
ഇത്രയും നാൾ തന്നെയും മക്കളെയും സുരേഷ് സമർത്ഥമായി വഞ്ചിക്കുകയിരുന്നു എന്ന തിരിച്ചറിവ് സുമിത്രയെ തളർത്തി. രണ്ടുപേരെയും വെറുതെ വിടാൻ പാടില്ലെന്ന് അവൾ ഉറപ്പിച്ചു. അടുത്ത ആഴ്ച സുരേഷിന്റെ അച്ഛന്റെ സപ്തതി ആഘോഷിക്കാനായി കുടുംബത്തിലെ എല്ലാവരെയും വിളിച്ചിട്ടുണ്ടായിരുന്നു.
എല്ലാവരും ഒത്തുകൂടുന്ന ദിവസം നോക്കി എല്ലാവരുടെയും മുന്നിൽ രണ്ടുപേരുടെയും ബന്ധം തുറന്നു കാട്ടണമെന്ന് സുമിത്ര തീരുമാനിച്ചു. സുരേഷിന്റെ ഫോണിൽ നിന്നും തനിക്ക് വേണ്ട തെളിവുകൾ എല്ലാം ശേഖരിച്ചു വച്ചു.
അങ്ങനെ കാത്തിരുന്ന ദിവസം വന്നെത്തി. സുമിത്ര രഹസ്യമായി വിവരം അറിയിച്ചതിനെ തുടർന്ന് ശൈലയുടെ ഭർത്താവ് രമേഷും വന്നിട്ടുണ്ടായിരുന്നു.
സുരേഷിന്റെ അച്ഛന്റെ സപ്തതിക്ക് എല്ലാവരും ഒത്തുകൂടിയപ്പോൾ സുമിത്ര എല്ലാവരുടെയും മുന്നിൽ സത്യങ്ങൾ തുറന്നടിച്ചു.
രമേഷിൽ നിന്നും മുഖമടച്ചൊരു അടിയായിരുന്നു സുരേഷിനും ശൈലയ്ക്കും കിട്ടിയ മറുപടി. സുമിത്രയും ഇരുവരുടെയും ചെകിടത്തു നോക്കി രണ്ടെണ്ണം വീതം പൊട്ടിച്ചു. സുമിത്രയുടെ ആങ്ങളയുടെ വകയായും സുരേഷിന് വയറ് നിറച്ചു കിട്ടി.
ആ കാഴ്ചകളെല്ലാം കണ്ടുകൊണ്ട് വിങ്ങിപൊട്ടി നിൽക്കുകയായിരുന്നു സുമിത്രയുടെയും സുരേഷിന്റെയും മക്കളും ശൈലയുടെയും രമേഷിന്റെയും മക്കളും.
“നീ പ്രസവിച്ച കുഞ്ഞുങ്ങളെ കൂടി കളഞ്ഞിട്ട് ഇവന്റൊപ്പം ഒളിച്ചോടാൻ നിന്നതല്ലേ. പൊയ്ക്കോ… എവിടെയാന്നു വച്ചാ പോ. ഇനി എന്റെ മക്കളിൽ അവകാശം പറഞ്ഞു വന്നേക്കരുത്. കൊന്ന് കുഴിച്ചു മൂടും ഞാൻ. ഇങ്ങനെയൊരു അമ്മ അവർക്കില്ല.”
ശൈലയെ നോക്കി അത്രയും പറഞ്ഞുകൊണ്ട് രമേഷ് തന്റെ രണ്ടു മക്കളെയും നെഞ്ചോട് ചേർത്ത് പിടിച്ചു.
“മക്കളിൽ അവകാശം പറഞ്ഞു കൊണ്ട് നിങ്ങളും ആ വീടിന്റെ പടി ചവിട്ടി പോകരുത്. അത് ഞാൻ അധ്വാനിച്ചു ഉണ്ടാക്കിയ വീടാണ്. ഇങ്ങനെയൊരു അച്ഛനുണ്ടെന്ന് പറയുന്നത് എനിക്കും എന്റെ മക്കൾക്കും നാണക്കേടാണ്.” സുമിത്ര സുരേഷിനോട് പറഞ്ഞു.
സുരേഷും ശൈലയും എല്ലാവർക്കും മുന്നിൽ നാണംകെട്ട് തല കുനിച്ചു നിന്നു. ആർക്കും ഒന്നും എതിർത്ത് പറയാനും കഴിഞ്ഞില്ല. കാരണം സുമിത്രയുടെ കൈയ്യിൽ അവർക്കെതിരെയുള്ള തെളിവുകൾ എല്ലാം ഉണ്ടായിരുന്നു.
മക്കളെയും വിളിച്ചു കൊണ്ട് സുമിത്ര ഇറങ്ങി. അവൾക്ക് പിന്നാലെ രമേഷും മക്കളെയും കൊണ്ട് പടിയിറങ്ങി.
മുതിർന്നവർ ചെയ്ത തെറ്റുകൾക്ക് ഏറ്റവും കൂടുതൽ വേദനിക്കേണ്ടി വന്നത് അവരുടെ മക്കളായിരുന്നു. സുമിത്ര തന്റെ രണ്ടു പെണ്മക്കളെയും കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി.
ഒത്തിരി വേദനയോടെ ആണെങ്കിലും അവർ അതെല്ലാം ഉൾക്കൊണ്ടു. രമേഷും തന്റെ മക്കൾക്ക് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കൊടുത്തു.
ജീവിതം തന്ന തിരിച്ചടിയിൽ അടി പതറാതെ സുമിത്ര തന്റെ മക്കളുമായി സന്തോഷമുള്ളൊരു ജീവിതം എത്തിപിടിച്ചു. രമേഷ് മക്കളെയും അവരെ നോക്കാനായി തന്റെ അച്ഛനെയും അമ്മയെയും ദുബായ്ക്ക് കൊണ്ട് പോയി.
സുരേഷിന്റെയും ശൈലയുയും ജീവിതം എങ്ങുമെത്താതെ പോയി. കുടുംബത്തിൽ നിന്നും അവരെ പുറത്താക്കിയ ശേഷം കഷ്ടപ്പാട് നിറഞ്ഞ ജീവിതമായിരുന്നു അവർക്ക്.
ഒളിച്ചും പാത്തും പങ്കാളികളെ ചതിച്ചു രതി സുഖം കണ്ടെത്തിയവർക്ക് അതിനുള്ള പൂർണ്ണ സ്വാതന്ത്ര്യം കിട്ടിയപ്പോൾ അത് ആസ്വദിക്കാൻ കൈയ്യിൽ ആവശ്യത്തിന് പണമില്ലാതായി.
അതോടെ അവർക്കിടയിൽ പ്രശ്നങ്ങളും തുടങ്ങി. ഒടുവിൽ കടം കയറി സുരേഷ് ആത്മഹത്യ ചെയ്തപ്പോൾ ജീവിക്കാൻ നിവർത്തിയില്ലാതെ ശൈലയും ഒരു മുഴം കയറിൽ ജീവിതം അവസാനിപ്പിച്ചു.