ഗായത്രി
(രചന: അഥർവ ദക്ഷ)
ഗായത്രി അടുക്കളയിൽ തിരക്കിട്ട പണിയിലായിരുന്നു.. രാത്രി ഏറെ വൈകിയിരുന്നു നാളെ ഓണം ആണ് സദ്യ വട്ടത്തിനുള്ള കാര്യങ്ങളൊക്കെ അടുപ്പിക്കുന്ന തിരക്കിലായിരുന്നു അവൾ…
ഉണ്ണിയപ്പവും കായ വറുത്തതും രാവിലെ അമ്മയുണ്ടാക്കി… ഇഞ്ചി അച്ചാറും കാളനും ശെരിയായി… അവിടെ സദ്യയ്ക്കൊപ്പം നോൺ വെജും വെയ്ക്കുന്ന ശീലം ഉണ്ട്…
അത് കൊണ്ട് തന്നെ ചിക്കനും മീനും വറുക്കുവാനായി അരപ്പു തേച്ച് ഫ്രിഡ്ജിലേക്ക് എടുത്തു വെച്ചു…
അയില വറുത്തരച്ചു വെയ്ക്കാനുള്ള തേങ്ങ വറുത്തരയ്ക്കുമ്പോൾ അകത്ത് നിന്നും മോന്റെ കരച്ചിൽ കേട്ടു..
പാല് കുടിക്കുന്ന കുഞ്ഞാണ് അവളൊന്ന് ശ്രെദ്ധിച്ചു അപ്പോൾ അമ്മ അവനെ ഉറക്കാൻ ശ്രെമിക്കുകയാണെന്ന് മനസ്സിലായി.. ഗായത്രി തിരികെ തന്റെ പണികളിൽ മുഴുകി..
വീട് പണി പൂർത്തിയാകാത്തത് കൊണ്ട് പാച്ചകമൊക്കെ വീടിനു പിറകിലെ ഷെഡിൽ ആണ്… കറി തിളച്ചു കൊണ്ടിരിക്കുമ്പോൾ അകത്ത് റൂമിൽ ആരോ ചീത്തപറയും പോലെ അവൾക്ക് തോന്നി അവൾ ഒന്ന് കാതോർത്തു….
ഭർത്താവാണ് ഉത്രാടദിന ആഘോഷം കഴിഞ്ഞ് വന്നിട്ട് കുറച്ചു നേരമായിട്ടൊള്ളു…….
ജനൽ തുറന്നു കിടക്കുന്നതു കൊണ്ട് ഭർത്താവിന്റെ നാവിൽ വികടസരസ്വതി വിളയാടുന്നത് ശെരിക്കും കേട്ടു………
“വേ ശ്യ……. എന്നു പറഞ്ഞാൽ പോരെ കടും വേ ശ്യ…..പി ഴ ച്ചവൾ ആരെ കാത്താണാവോ പുറത്ത് നിൽക്കുന്നത്…… ”
കേട്ടപ്പോൾ തന്നെ മനസ്സിലായി തന്നെയാണ് പറയുന്നത്……..
ഒരു നിർവികാരതയോടെ അത് കെട്ടശേഷം വേഗം അടുക്കളയിലെ പണികൾ ഒതുക്കി….. തല വല്ലാത്ത വേദന എന്താണെന്ന് അറിയില്ല……
പണി തീർത്ത് വീടിനകത്ത് കയറി നോക്കിയപ്പോൾ അമ്മയുടെ തോളിൽ കിടന്ന് മോൻ ഉറങ്ങിയിരുന്നു…….
എമർജൻസി എടുത്തു കൊണ്ട് കുളിമുറിയിലേക് നടന്നു അവിടത്തെ ലൈറ്റ് ഇപ്പോൾ തെളിയുന്നില്ല………. അവിടെ ചെന്നപ്പോൾ വട്ടകയൊക്കെ ശൂന്യമാണ് വേഗം ബക്കറ്റുമായി പയ്പ്പിന്റെ അടുത്തേക്ക് നടന്നു……
മൂന്നു തൂക്ക് വെള്ളം കൊണ്ട് വട്ടക നിറഞ്ഞു ഗായത്രിക്ക് കാൽപാദങ്ങളും ഉപ്പുറ്റിയും നീറി പുകയുന്നുണ്ടായിരുന്നു…… കുറനാളുകളായി അങ്ങനെയാണ്…..
കാലിന്റെ വിരലുകളിൽ ഏല്ലാം അസഹ്യമായ ചൊറിച്ചിൽ…. ചൊറിഞ്ഞു കഴിഞ്ഞാൽ അതിൽ നിന്നും ചോ ര യും വെള്ളവും ഒലിക്കും പിന്നെ വല്ലാത്ത നീറ്റലാണ്…….
കുളിക്കഴിഞ്ഞു വന്ന് കുഞ്ഞിനെ വാങ്ങി ബെഡിൽ കിടത്തി അമ്മ ചോറുണ്ണാൻ പോയപ്പോൾ….. ഗായത്രി ബോധം കേട്ടുറങ്ങുന്ന ഭർത്താവിനെ വെറുതെ നോക്കി നിന്നു
പിന്നെ ദീർഘ നിശ്വാസത്തോടെ കാലുകളിൽ ഓയാൽമെന്റ് പുരട്ടി……പൂ പോലിരുന്ന കാലുകളാണ് ഇപ്പോൾ വിണ്ടു കീറി വികൃതമായി ഇരിക്കുന്നത്…….
കുഞ്ഞിനേയും ചേർത്ത് പിടിച്ച് ഉറങ്ങുവാനായി കിടക്കുമ്പോൾ മനസ്സ് നിറയെ ഭയമായിരുന്നു നാളത്തെ ദിവസത്തെ കുറിച്ചുള്ള ഭയം
വര്ഷങ്ങളായി വിഷുവും ഓണവും ഏല്ലാം അവൾക്ക് പേടിപ്പിക്കുന്ന ഓർമ്മകൾ ആയിരുന്നു……. ഏത്തൊരു നല്ല ദിവസം വന്നാലും അന്നൊക്കെ ജീവൻ മ ദ്യ പി ച്ച് മറ്റുള്ളവർക്ക് മുന്നിൽ നാണം കെടുത്തും……
കുഞ്ഞിന്റെ 28 കെട്ടും ചേച്ചിയുടെ മോളുടെ പിറന്നാളും എല്ലാം അങ്ങനെയാണ് കഴിഞ്ഞ് പോയത്….
വിവാഹത്തിനു മൂന്നുള്ള ഓണനാളുകളും മറ്റും അവളുടെ ഓർമ്മയിൽ ഓടിയെത്തി എന്ത് സന്തോഷമായിരുന്നു അന്നൊക്കെ വിവാഹം കഴിഞ്ഞതോടെ ഏല്ലാം കഴിഞ്ഞു…..
ലോക്ക് ഡൌൺ സമയത്തുള്ള ആ വിഷു നാൾ മാത്രമേ ഇവിടെ വന്നിട്ട് സമാധാനത്തോടെ കഴിഞ്ഞ് പോയിട്ടുള്ളൂ….
പിറ്റേന്ന് അതി രാവിലെ തന്നെ ഉണർന്നു അടുത്തുള്ള വീടുകളിൽ പൂവിളികൾ കേൾക്കുന്നുണ്ട്……. വീട്ടിൽ പാൽ കാച്ചിയിട്ടില്ല അത് കൊണ്ട് തന്നെ വിളക്കൊന്നും വെയ്ക്കാൻ പറ്റില്ലാലോ….. പൂക്കളം ഇടാനും
അവൾ കുളിക്കാൻ പോയപ്പോൾ അമ്മ മുറ്റമടിക്കാൻ പുറത്തേക്കിറങ്ങി… കുളിക്കഴിഞ്ഞു വന്ന് പിന്നെയും പണിതിരക്കിലേക്ക് അമ്മ സഹായിക്കാൻ ഉള്ളത് കൊണ്ട് ഒരു ആശ്വസമാണ്……..
പാൽ പഞ്ചസാര ചേർത്ത് തിളപ്പിച്ച്……. വലിയ കപ്പിൽ ബ്രൂ കാപ്പി പൊടിയിട്ട് അതിലേക്ക് തിളച്ച പാൽ ഒഴിച്ച് കൊണ്ടിരിക്കുമ്പോൾ….. ജീവൻ അവിടേക്ക് വന്നു……..
“എല്ലാം ശെരിയായോ…… ” അവൻ തിരക്കി…
“ആകുന്നു….. ” അവൾ കട്ടൻ ചായ അവനു പകർന്നു നെൽകി…..
“ഞാൻ പായസത്തിനുള്ള പാൽ വാങ്ങി വരാം…. ” അവൻ ചായയുമായി അവിടെ കിടന്ന കസേരയിൽ ഇരുന്നു…..
“ഇന്നെന്താ ജീവേട്ടന്റെ പ്ലാൻ…. ഇന്നലത്തെ പോലെ തന്നെയാണോ….. ” അവൾ തിരക്കി……
“ഇല്ലടി….. ഇന്ന് ഒന്നും ഇല്ല…. ” അവൻ ചിരിച്ചു കാട്ടി……
“ഇതൊരു അപേക്ഷയാണ്…… ചേച്ചിയൊക്കെ വരുമ്പോൾ അവരുടെ മുന്നിൽ നാണം കെടുത്തരുത്…… ” അവൾ അപേക്ഷയോടെ അവനെ നോക്കി……
“”ഇത് വലിയ പാടായല്ലോ….. ഞാൻ പറഞ്ഞില്ലേ ഇന്ന് ഒന്നും ഇല്ല…. ” ഈർഷ്യയോടെ പറഞ്ഞു കൊണ്ട് അവൻ പുറത്തേക്കിറങ്ങി…
ഗായത്രി അവൻ പോയ വഴിയേ നോക്കി നിസഹായതയോടെ ഒന്ന് ചിരിച്ചു……. രാവിലത്തെ ചായയ്ക്കുള്ളത് എല്ലാം ആയപ്പോളേക്കും ജീവൻ പാലും മറ്റുമായി വന്നു…..
ഒരുമിച്ചിരുന്നു തന്നെ അവർ ഫുഡ് കഴിച്ചു… അതിനുശേഷം അമ്മയാണ് സാമ്പാറും….അവിയലും ഉണ്ടാക്കിയത്…… മീൻ കറി ഇന്നലയെ അവൾ ഉണ്ടാക്കി വെച്ചിരുന്നു അതൊന്ന് ചൂടാക്കി……
പിന്നെ ചിക്കനും മീനും പൊരിക്കാൻ തുടങ്ങി…. അടുത്ത വീട്ടിലെ കുട്ടി വന്ന് മോനെ എടുത്തു കൊണ്ട് പോയി അവനെ അവർക്ക് ഒരുപാട് ഇഷ്ട്ടമാണ് …..
അമ്മ അടുപ്പിൽ ഉരുളിവെച്ച് പായസം ശെരിയാക്കാൻ ഇരുന്നു……ഓരോന്ന് ചെയ്തു കൊണ്ടിരിക്കെ തന്നെ ബൈക്ക് സ്റ്റാർട്ട് ചെയ്യുന്ന ശബ്ദം കേട്ടു……
ഗായത്രിയുടെ നെഞ്ചിൽ പെരുമ്പറ മുഴങ്ങി തുടങ്ങി…. ഇരിക്കുവാനും നിക്കുവാനും പറ്റുന്നില്ല… ഇനി വരുമ്പോളുള്ള ജീവന്റെ കോലം അവൾക്ക് ഊഹിക്കാമായിരുന്നു……
കണ്ണുകൾ അറിയാതെ നിറഞ്ഞു വന്നു….. എന്തിനാ ദൈവമേ ഇങ്ങനെ ഒരു ജീവിതം എനിക്ക് തന്നത്…. ഇങ്ങനെ അപമാനിക്കപെട്ട് ജീവിക്കാൻ വയ്യ എനിക്ക്….. അവൾ മനസ്സിൽ ആർത്തു കരഞ്ഞു കൊണ്ടിരുന്നു….
ഫോണിൽ ഒന്ന് വിളിച്ചു നോക്കിയാലോ അവൾ ഫോൺ എടുത്ത് ജീവന്റെ നമ്പറിലേക്ക് വിളിച്ചു… പക്ഷെ ഫോൺ അകത്തെ റൂമിൽ തന്നെയുണ്ടായിരുന്നു…..
ഇനിയിപ്പോൾ വരുന്നത് പോലെ…. അവൾ മനസ്സിൽ ഉറപ്പിച്ചു…. സദ്യ വട്ടങ്ങളൊക്കെ ഒരുങ്ങി ഏല്ലാം എടുത്തു വെച്ചപ്പോളാണ് പിന്നെ അവൻ തിരികെ വരുന്നത്……
ഗായത്രി ഒന്നും ചോദിച്ചില്ല…. എന്ത് കാര്യം സംസാരം കേട്ടാൽ അറിയാം ഉള്ളിൽ ചെന്നിരിക്കുന്ന വിഷത്തിന്റെ വീര്യം….. അതികം സംസാരിക്കാത്തയാൾ എന്തൊക്കെയോ ചളിപ്പ് പറഞ്ഞ് ഒറ്റയ്ക്ക് തന്നെ ചിരിക്കുന്നു….
കാതുകൾ കൊട്ടിയടച്ച് സദ്യ വിളമ്പി കുഞ്ഞിന്റെ ആദ്യത്തെ ഓണം ആണ് അത് കൊണ്ട് അവനെ കാസവുമുണ്ട് ഉടുപ്പിച്ച് സദ്യയ്ക്കിരുതി…….
ഓണ സദ്യ കഴിഞ്ഞ് കുറച്ചു കഴിഞ്ഞപ്പോൾ ജീവന്റെ പെങ്ങളും ഭർത്താവും മക്കളും എത്തി……. ജീവന്റെ സംസാരവും പെരുമാറ്റവും ആകെ നാണം കെട്ട് അവരുടെ മുന്നിൽ ഗായത്രി നിന്നു…..
അയാളുടെ സ്വഭാവം അവർക്കും നന്നായി അറിയാമായിരുന്നു……. കുറച്ച് കഴിഞ്ഞപ്പോൾ ജീവൻ ഉറങ്ങാനായി മുറിയിൽ കയറി അപ്പോളാണ് അവളുടെ ശ്വാസം നേരെ വീണത്……..
പിന്നെ ഗായത്രി സന്തോഷത്തോടെ തന്നെ അവരോടു സംസാരിച്ചിരുന്നു….. വിശേഷങ്ങൾ പറയുകയും ചോദിച്ചറിയുകയും ചെയ്തു… സാധാരണ അവിട്ടതിന്റെ അന്നാണ് അവൾ സ്വന്തം വീട്ടിലേക്ക് പോകുന്നത്…
സന്ധ്യയോടെ എഴുന്നേറ്റ ജീവൻ വീണ്ടും ബൈക്ക് എടുത്ത് പുറത്തേക്ക് പോയി… അയാൾ തിരിച്ചു വരും മുൻപ് എല്ലാവരും ഉറങ്ങിയിരുന്നെങ്കിൽ എന്നു ഗായത്രി ആശിച്ചു പോയി…
പക്ഷെ വീണ്ടും മാനം കെടാൻ തന്നെയായിരുന്നു അവളുടെ വിധി….
ആടുന്ന കാലുകളുമായി അവൻ തിരികെയെത്തി എന്തൊക്കെയോ വാരിത്തിന്ന് പോയി കിടന്നു ജീവന്റെ പെങ്ങളും ഭർത്താവും സഹതാപത്തോടെ അവളെ നോക്കി.. ഗായത്രി വിളറിയ ഒരു ചിരി ചിരിച്ചു…
ഉറങ്ങാൻ ചെന്നപ്പോൾ തന്നെ പ്രാപിക്കാൻ ഒരുങ്ങിയ ആ മനുഷ്യനെ വെറുപ്പോടെ അവൾ തള്ളി നീക്കി……
“വേ ശ്യ അവൾക്കിപ്പോൾ എന്നെ പറ്റില്ല….. ” അയാൾ പിറു പിറുത്തുകൊണ്ടെയിരുന്നു… ഗായത്രി വെറുപ്പോടെ അയാളെ നോക്കി കുഞ്ഞിനേയും നെഞ്ചോടു ചേർത്ത് പിടിച്ച് കസേരയിൽ ഇരുന്ന് നേരം വെളുപ്പിച്ചു……..
അവിട്ടതിന്റെ അന്ന് ഉച്ചയൂണും കഴിഞ്ഞ് പെങ്ങളും ഫാമിലിയും യാത്രപറഞ്ഞു പോയി….ഗായത്രി മുഖവും കയ്യും കാലും കഴുകി വന്നു ഒരു പഴയ ചുരുദാർ എടുത്തിട്ടു……
പിന്നെയുള്ള രണ്ട് ടോപ്പുമായി അവൾ ഹാളിൽ സെറ്റിയിൽ ഇരിക്കുന്ന ജീവന്റെ അടുത്തെത്തി അത് അയാൾക്ക് മുന്നിൽ വെച്ചു…..
“ഇത് എനിക്ക് ആകെയുള്ള ഡ്രസ്സ് ആണ്…. ഇത് എനിക്ക് അവശേഷിക്കുന്ന പൊന്നും …. ” അവൾ ആ ഡ്രസും മൂക്കിലെ കുഞ്ഞു മൂക്കുതിയും ചൂണ്ടി കാട്ടി ശേഷം തുടർന്നു…..
“ഇത് ഞാൻ നിങ്ങളെ കാട്ടിയത് എന്തിനാണെന്ന് അറിയാമോ… നിങ്ങളുടെ ഇപ്പോളത്തെ അവസ്ഥ അറിഞ്ഞു തന്നെയാണ് ഞാൻ ജീവിക്കുന്നതെന്ന് മനസ്സിലാക്കി തരാൻ അതിൽ എനിക്ക് തെല്ലും സങ്കടം ഇല്ലാതാനും.. ”
“അവൾ തുടങ്ങിയല്ലോ….. ” ജീവൻ നെറ്റി ചുളിച്ചു
“അതെ തുടങ്ങി….. ഒന്ന് എനിക്ക് പറയാനുണ്ട്….എന്നെ എന്റെ വീട്ടുകാർ നിങ്ങളുടെ കൈയ്യിൽ ഏലപ്പിക്കും വരെയും ഞാൻ വേ ശ്യയോ പി ഴ ച്ചവളോ അല്ലായിരുന്നു……
പിന്നെ ഇപ്പോൾ നിങ്ങൾ എന്നെ അങ്ങനെ വിളിക്കാൻ നിങ്ങൾ എന്നെ കൂട്ടി കൊടുത്തിട്ടുണ്ടോ അങ്ങനെയാണോ നിങ്ങൾ കുടുംബം പോറ്റുന്നത് …… ” പതറാതെ അവന്റെ കണ്ണുകളിൽ നോക്കി അവൾ തിരക്കി….
“ഗായൂ…. ” അവൻ അവളെ അനുനയിപ്പിക്കാൻ നോക്കി…..
“വേണ്ട……. നിങ്ങളോട് എനിക്ക് ഒരപേക്ഷയുണ്ട് എന്റെ മോനെ വെള്ളം തോർത്തിയെടുക്കണം എന്ന ഒറ്റ ആഗ്രഹമേ എനിക്കുള്ളു നിങ്ങളായിട്ട് ആ കുഞ്ഞിന് പെറ്റ തള്ളയെ ഇല്ലാതാക്കരുത്….. ”
“അതിനിപ്പോൾ ഞാൻ ഏത് ചെയ്തു ഗായൂ…..”
” മ ദ്യ പിക്കുമായിരുന്ന നിങ്ങൾ വിവാഹം കഴിക്കാൻ വേണ്ടി മാത്രം അത് നിറുത്തി…… ഇപ്പോൾ അതിനിരട്ടി കുടിക്കുന്നു ചതിയല്ലേ നിങ്ങൾ ചെയ്തത്…… എനിക്കിനി വയ്യ എന്നെ കൊണ്ട് ആവും വിധം ഏല്ലാം നിങ്ങളെ തിരുത്താൻ നോക്കി ഇനി വയ്യ….. ”
“മോളെ അവൻ കുടിച്ചിട്ട് ബോധമില്ലാതെ പറഞ്ഞതല്ലേ….. ” അമ്മ വേറെന്തു പറയാൻ
“ഇല്ല അമ്മേ എനിക്ക് അങ്ങനെ തോന്നുന്നില്ല…. മനസ്സിലുള്ള കാര്യങ്ങൾ മ ദ്യം ചെല്ലുബോൾ അറിയാതെ പുറത്തു വരുന്നതാണ്……. എനിക്ക് വയ്യ ഇനിയും ഇങ്ങനെ നാണം കേട്ട് ജീവിക്കാൻ…… ” അവൾ തീർതും പറഞ്ഞു…..
“ഇന്നലെ ചേച്ചി ഒരുപാട് സന്തോഷത്തിലാകും നല്ലൊരു ദിവസമായിട്ട് ഇങ്ങോട്ട് കയറി വന്നത് അത് കൊണ്ട് മാത്രമാണ് ഇന്നലെ ഞാൻ ഇവിടെ നിന്നും ഇറങ്ങാതിരുന്നത്…… ” അവൾ ജീവനെ നോക്കി കൊണ്ട് പറഞ്ഞു
“ഇനി ഞാൻ കുടിക്കില്ല ഗായൂ….. ”
“ഒരു വട്ടമല്ല പലവട്ടം നിങ്ങൾ ഇത് ആവർത്തിച്ചു കഴിഞ്ഞു ഇനി വയ്യ…… ”
അപ്പോളേക്കും പുറത്ത് ഒരു ബൈക്ക് വന്നു നിന്നിരുന്നു……. അവൾ ഭർത്താവിനെയും അമ്മയെയും മാറി മാറി നോക്കി പിന്നെ കുഞ്ഞിനെ കൈയ്യിൽ വാങ്ങി റൂമിൽ നിന്നും ഒരു ബാഗ് കൈയ്യിൽ എടുത്തു…….
“ഗായൂ….. ” മുറ്റത്തു നിന്നും തന്റെ അനിയന്റെ വിളി അവൾകേട്ടു….. ഇന്നലെ രാത്രി തന്നെ വിളിച്ച് അവൾ അവനോട് വരാൻ പറഞ്ഞിരുന്നു……
“മോളെ…. ” അമ്മ വിളിച്ചു….
“എന്നെ തടയരുത് അങ്ങനെ വന്നാൽ അമ്മയില്ലാതാകുന്ന ഈ കുഞ്ഞിനെ അമ്മ നോക്കേണ്ടി വരും 5വർഷം ദൈവത്തോട് കെഞ്ചികിട്ടിയതാ ഇവനെ എനിക്ക് എനിക്ക് അവനെ നന്നായി വളർത്തിയെ പറ്റൂ …..
നിങ്ങൾ എന്റെ കഴുത്തിൽ ചാർത്തിയ ഈ താലി അത് ഞാൻ ചെപ്പിലാക്കി സൂക്ഷിക്കാൻ തുടങ്ങിയിട്ട് നാളുകൾ ഒരു പാടായി….. ഇതാ ഇത് പിടിച്ചോളൂ…..”
കൈയ്യിലെ ചെറിയൊരു ചെപ്പ് അവന്റെ മുന്നിൽ വെച്ചിട്ട് അവൾ ആ പടിയിറങ്ങി……..
“മറ്റെന്തിനേക്കാളും വലുതാണ് അഭിമാനം…. അത് നഷ്ട്ടപ്പെടുത്തി കൊണ്ടുള്ള ഒരു ജീവിതം അത് മരണത്തെക്കാൾ ഭയാനകമാണ്…..
ഇനി അതിന് താൻ തയ്യാറല്ല മാനഭിമാനം പണയപ്പെടുത്തി താലിക്ക് വേണ്ടി മാത്രം ജീവിക്കാൻ വയ്യ ….. ” ഗായത്രി മനസ്സിൽ ഉറപ്പിച്ചിരുന്നു…