ഈ തമ്മിൽ തല്ല്. .. നീ കാരണം അതും ഉണ്ടായല്ലോടീ നാശം  പിടിച്ചവളെ….നീ മുടിഞ്ഞു പോകുമെടീ….ഈ സന്ധ്യാ സമയത്ത് മനസ് നീറി  ഞാൻ  പറയുകയാണ്. .നീ നശിക്കുമെടീ….

ബന്ധങ്ങൾ
(രചന: Rajitha Jayan)

“ഇപ്പോൾ ഇറങ്ങിക്കൊളളണം ഈ എരണംക്കെട്ട ജന്തുവിനെയും കൊണ്ട് എന്റെ വീട്ടീന്ന്…

അമ്മേ,,  അമ്മ പെട്ടന്നിങ്ങനെയൊക്കെ പറഞ്ഞാൽ നിറവയറുമായ് നിൽക്കുന്ന ഇവളെയും കൊണ്ട് ഞാൻ എവിടെ പോവാനാണ്….??
എന്ത് ചെയ്യാനാണ്. ..??

നീ ഇവളെയും കൊണ്ട് എവിടെവേണേലും പൊക്കോ….  എന്ത് വേണേലും ചെയ്തോ….
അതൊന്നും എന്നെയോ എന്റ്റെ ഈ കുടുംബത്തെയോ ഇനി  ബാധിക്കില്ലെടാ സതീശാ… …

ഇതിനു മാത്രം ഞങ്ങളെന്ത് തെറ്റാണമ്മേ ഈ കുടുംബത്തോട് ചെയ്തത്..?? രാത്രിയോ പകലോ എന്ന് നോക്കാതെ ഞാനീ കുടുംബത്തിനു വേണ്ടി കഷ്ടപ്പെട്ടിട്ടില്ലേ…..??

വന്നു കയറിയ അന്നുമുതലിന്നുവരെ ഇവളീ വീട്ടിലെ സകല ജോലികളും ചെയ്യുന്നില്ലേ…??

ഒരു ഗർഭിണി  ആണെന്ന  ചിന്ത പോലുംമില്ലാതെ അമ്മയും   സന്തോഷും  സാവിത്രിയും ഇവളെ കൊണ്ടിവിടുത്തെ ജോലികൾ മുഴുവൻ ചെയ്യിക്കുന്നില്ലേ….?? എന്തിന് നിങ്ങളുടെ അടിവസ്ത്രങ്ങൾ പോലും ദിവസവും നനച്ചുണക്കി തരുന്നത് ഇവളല്ലേ….??

എന്നിട്ടും. …അമ്മേ…..

ഓ…അപ്പോൾ ഇതെല്ലാം നിന്റ്റെ മനസ്സിലുണ്ടായിരുന്നല്ലേ….??

ഇപ്പോൾ ഞാൻ പറഞ്ഞത് ശരിയായില്ലേടാ സതീശാ.. .ഇവൾ നിനക്ക് തലയിണമന്ത്രമോതിയിട്ടാ നീയിങ്ങനൊരു അച്ചിക്കോന്തൻ ആയി മാറിയത്. ..

അല്ലെങ്കിൽ പിന്നെ  പെറ്റമ്മയായ എനിക്കോ കൂടപ്പിറപ്പുകളായ  സന്തോഷിനോ  സാവിത്രിക്കോ ആദ്യം നൽക്കാതെ  നീയൊരു കുഞ്ഞ് മിഠായി പോലും ഒറ്റയ്ക്ക് കഴിച്ചിരുന്നില്ല. …

ആ സ്ഥാനത്താണ്  നീയിവൾക്ക് ബിരിയാണി മേടിച്ചു കൊടുത്തത്…എന്നിട്ടൊപ്പമിരുന്ന് ഊട്ടിയതും ഉണ്ടതും..ഞങ്ങൾ ഒന്നും തരാതെ  നിനക്ക് എങ്ങനെ കഴിഞ്ഞെടാ അതിനെല്ലാം നന്ദിക്കെട്ടവനെ….

ഓ….അതിന്റെ പേരിലാണോ  അമ്മ ഈ വഴക്കുണ്ടാക്കുന്നത്…

അമ്മേ  നിങ്ങളുടെ വയർ നിറച്ചിട്ടല്ലാതെ ഇന്നേവരെ ഞാൻ  എന്റെ വയർ നിറച്ചിട്ടില്ല…

ഈ കുടുംബത്തിന്റെ ഭാരം എന്റ്റെ തലയിൽ വെച്ചുതന്ന് അച്ഛൻ മരിക്കുമ്പോൾ എനിക്ക് വയസ്സ് പതിനഞ്ചാണ് ….അന്ന് മുതലിന്നുവരെ നിങ്ങളെ ഊട്ടിയിട്ടേ ഞാൻ ഉണ്ടിട്ടുളളു…

പിന്നെയിപ്പോൾ ഈ ബിരിയാണി കഥ…. അമ്മയുടെ ആങ്ങളയുടെ..അതായത് എന്റെ മാമറ്റെ വീട്ടുകയറി കൂടലിന് നിങ്ങളെല്ലാം പോയി നല്ല ബിരിയാണി സദ്യ കഴിച്ചു വന്നപ്പോൾ എന്തേ ആരും  എന്റെ ഈ ഭാര്യയെ ഓർത്തില്ല..???

കൂടെ കൂട്ടിയില്ല….??

നിങ്ങൾക്കെല്ലാവർക്കും നാണക്കേട്….

മൂത്തമകൻ സ്നേഹിച്ച് സ്വന്തം  ഇഷ്ടത്തിന് കല്ല്യാണം  കഴിച്ചത് ഒരു അനാഥാലയത്തിലെ  പെണ്ണായത് കൊണ്ട് അവൾക്ക് മാത്രം ഭൃഷ്ട്….

വിലക്ക്. ..

ഒരാളുടെ കൂടെ യും ഒരുബന്ധു വീട്ടിലും കൊണ്ട് പോവില്ല. ..

ഇന്നേവരെ എനിക്കൊപ്പം എന്റ്റെ സുഖത്തിലും  ദുഃഖത്തിലും കൂടെ നിന്ന ഇവൾ കഴിഞ്ഞ ഒരു വർഷത്തിനിടക്ക് ആദ്യമായാണ് എന്നോട്  ഒരു കാര്യം ആവശ്യപ്പെടുന്നത് ഒരു ബിരിയാണി. ..

അതവൾക്ക് ഞാൻ  വാങ്ങി നൽകിയതും അതിൽ നിന്നിച്ചിരി ഞാൻ കഴിച്ചതുമാണോ അമ്മ എന്നിൽ  കണ്ടെത്തിയ കുറ്റം…ഒന്ന് വാങ്ങാനുള്ള പണമേ എന്റെ കയ്യിൽ ഉണ്ടായിരുന്നുള്ളൂ. …

അതിനാണോ ഈ സന്ധ്യാ സമയത്ത് ഞങ്ങളെ ഇറക്കി വിടുന്നത്. ..

ഈ വീട്ടിൽ അപ്പോൾ എനിക്ക് ഒരു അവകാശവും അധികാരവും ഇല്ലേ അമ്മേ ??

ഓ…ഇപ്പോൾ എങ്ങനെ ഉണ്ടമ്മേ….

ഞാൻ  മുമ്പേ പറഞ്ഞില്ലേ അമ്മയോട് ഇവിടെനിന്ന് മാറി താമസിക്കാൻ പറഞ്ഞാൽ അപ്പോൾ ഏട്ടൻ അവകാശം ചോദിക്കുമെന്ന് ..ഇപ്പോൾ  കണ്ടില്ലേ. ..??

ശരിയാടാ എന്റ്റെ മോൻ  പറഞ്ഞത്. .അമ്മയ്ക്ക് ഇപ്പോൾ മനസ്സിലായെടാ…

സന്തോഷിന്റെ വാക്കുകൾക്ക്  കാതു കൊടുത്തമ്മ പറയുന്നത് കേട്ടപ്പോൾ സതീശന്റ്റെ കണ്ണുകൾ  നീറി..കഴിഞ്ഞ  പത്തു പതിനാറ് കൊല്ലം  ഇവർക്ക് വേണ്ടിയാണല്ലോ ഈശ്വരാ ഞാൻ  രാപ്പകലില്ലാതെ കഷ്ടപ്പെട്ടത്…

അവന്റെ ഉളളം  തേങ്ങുന്നത് അരിക്കിലവനോട് ചേർന്ന് നിന്ന അനിത  അറിയുന്നുണ്ടായിരുന്നു..

“”സാരമില്ലേട്ടാ….അമ്മയല്ലേ….അവൾ മെല്ലെ സതീശന്റ്റെ കാതിനരികെ മൊഴിഞ്ഞു…

കണ്ടോ നാണം കെട്ടവൾ പിന്നെയും ഓതികൊടുക്കുവാ നമ്മുടെ കുറ്റം  നമ്മുടെ മുന്നിൽ വെച്ച്… ..നോക്കമ്മേ….

അങ്ങോട്ട് വന്ന  സാവിത്രി  അനിതയെ ചൂണ്ടി  പറയുന്നത് കേട്ടപ്പോൾ സതീശൻ  കൈനിവർത്തി അവൾക്ക് നേരെ ചാടാൻ തുടങ്ങിയപ്പോൾ അനിത കരഞ്ഞുകൊണ്ടവന്റ്റെ കയ്യിൽ കയറി പിടിച്ചു. …

ഇതും കൂടിയെ  എന്റ്റെ  കുടുംബത്ത് ബാ ക്കി ഉണ്ടായിരുന്നുള്ളൂ. ..ഈ തമ്മിൽ തല്ല്. .. നീ കാരണം അതും ഉണ്ടായല്ലോടീ നാശം  പിടിച്ചവളെ….നീ മുടിഞ്ഞു പോകുമെടീ….ഈ സന്ധ്യാ സമയത്ത് മനസ് നീറി  ഞാൻ  പറയുകയാണ്. .നീ നശിക്കുമെടീ….

അമ്മേ എന്താ അമ്മേ ഇത്…

ഞങ്ങൾ ഇവിടുന്ന് പോവണമെങ്കിൽ പോയി തരാം. ..അതിനീ പാവത്തെ ഇങ്ങനെ ശപിക്കരുത്… ഇവളെന്റ്റെ ഭാര്യ ആണ്. ..അവളുടെ വയറ്റിലുളളത് എന്റ്റെ  കുഞ്ഞും… അതമ്മ മറക്കരുത്. .

ഓ..പിന്നെ. ..നിന്റ്റെ ഭാര്യ. …നിന്റ്റെ  കുഞ്ഞ്…. എന്റെ കണക്കിൽ നിനക്കിങ്ങനെയൊരു ഭാര്യപോലുമില്ല…പിന്നെയാ കുഞ്ഞ്. ..

സമയം പോവുന്നു സതീശാ. നീയിവളെയും കൊണ്ട് എങ്ങോട്ടാണ് എന്ന് വെച്ചാൽ പോവാൻ നോക്ക്. …

അമ്മേ  ഞാനീ സന്ധ്യക്ക് എവിടെ പോകാനാണ്….നാളെ നേരം വെളുത്തോട്ടെ അമ്മേ…

സന്തോഷെ…സാവിത്രി. ..ഒന്ന് പറ മക്കളെ അമ്മയോട്…

സതീശൻ  പ്രതീക്ഷയോടെ അവരോരുത്തരെയും മാറി മാറി നോക്കി. ..എന്നാൽ ആ മുഖങ്ങളിലൊന്നും അൽപ്പം പോലും ദയയുണ്ടായിരുന്നില്ല

കയ്യിൽ കാര്യമായ പണം ഒന്നും തന്നെയില്ല… ദിവസവും കിട്ടുന്ന പണികൂലി അപ്പപ്പോൾ അമ്മയെ ഏൽപ്പിക്കാറാണ് പതിവ്.. ഇനിയിപ്പോൾ എന്തും ചെയ്യും ഈശ്വരാ….

സതീശൻ നിസ്സഹായതയോടെ അമ്മയെയും കൂടപ്പിറപ്പുകളെയും നോക്കി… ..ഇല്ല. ..അവരിൽ നിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കണ്ട…. അവനുമനസ്സിലായ്…

ഭാര്യക്ക്  ഭക്ഷണം മേടിച്ചു കൊടുത്തതിന് മകനെ വീട്ടിൽ നിന്നും പുറത്താക്കുന്ന അമ്മയും കൂടപ്പിറപ്പുക്കളും….വേറെ എവിടെയെങ്കിലും  കാണുമോ  ഇങ്ങനൊന്ന്….അവന്റെ ചുണ്ടിൽ വേദനയുടെ  ഒരു ചിരി പടർന്നു. ..

ഇപ്പോൾ ചെറിയ മകന് … സന്തോഷിന്,,സർക്കാർ ജോലി കിട്ടിയിരിക്കുന്നു…അപ്പോൾ മൂത്ത മകനും അവന്റെ അനാഥയായ ഭാര്യയും ഇവിടെ ഇവർക്ക് അധികപറ്റാണ്….

അത്  പറയാതെ പറയുകയാണിവർ..കാരണം ഇനിയിപ്പോൾ തന്റെ കയ്യിൽ നിന്ന് പഴയപോലെ  പണമൊന്നും കിട്ടാൻ പോവുന്നില്ലെന്ന് ഇവരെല്ലാം മനസ്സിലാക്കിയിരിക്കുന്നു…

കരഞ്ഞു കാലുപിടിച്ചൊരു പട്ടിയുടെ ജീവിതം. ..അത് വയ്യ സ്വന്തം വീട്ടിൽ. …

അനിതയുടെ കയ്യ്  പിടിച്ച്  വസ്ത്രങ്ങൾ അടങ്ങിയ ബാഗുമെടുത്ത് സതീശൻ  വീടിന്റെ പടിയിറങ്ങാൻ നേരമാണ് വർഗീസ് ചേട്ടൻ അങ്ങോട്ട് ഓടിപാഞ്ഞു വന്നത്….

ടാ മോനെ സതീശാ……

വർഗീസ് ചേട്ടൻ  അലറികരയുംപോലെ വിളിച്ചപ്പോൾ  സതീശൻ പേടിച്ചുപോയി…

ഈശ്വരാ..ആർക്കെങ്കിലും എന്തെങ്കിലും ആപത്ത്  സംഭവിച്ചുവോ…??

അവൻ പകപ്പോടെ വർഗീസ് ചേട്ടനെ പിടിച്ചു കുലുക്കി…

എന്താ  വർഗീസ് ചേട്ടാ. എന്തുപറ്റീ…??
ചേട്ടനെന്തിനാ കരയുന്നത്….. ??

സതീശന്റ്റെ ചോദ്യവും  വർഗീസിന്റ്റെ കരച്ചിലും കണ്ടപ്പോൾ  അമ്മയും കൂടപ്പിറപ്പുക്കളും മുറ്റത്തേക്കിറങ്ങി…..

കാര്യം പറയൂ വർഗീസേട്ടാ…ആളെ പേടിപ്പിക്കാതെ…..

മോനെ….

മോനെ…നിനക്കാടാ ഇപ്രാവശ്യത്തെ ബംബർ സമ്മാനം…

എട്ടു കോടി….

നീയന്ന് എന്റ്റെ കയ്യിൽ നിന്ന് വാങ്ങി എന്നോട് പിടിച്ചോളാൻ പറഞ്ഞ  ആ ടിക്കറ്റില്ലേ.അതിനാണ് മോനെ സമ്മാനം. ..എട്ടു കോടി….ഇത് നിന്നോട് പറയാൻ. …

വർഗീസ് ചേട്ടൻ പിന്നെയും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു…സതീശൻ അതൊന്നും കേട്ടില്ല. .

അവൻ അനിതയുടെ മുഖത്തേക്ക് നോക്കി. .. അവൾ കൈകൾ കൂപ്പി കരഞ്ഞുകൊണ്ട്  ഈശ്വരനോട് എന്തൊക്കെയോ  പറയുകയായിരുന്നു..

സതീശൻ തിരിഞ്ഞ് അമ്മയെയും കൂടപ്പിറപ്പുകളെയും നോക്കി… അവരുടെ മുഖം പൂർണ്ണചന്ദ്രനെ പോലെ തിളങ്ങുന്നുണ്ടായിരുന്നു..

അൽപം മുമ്പുണ്ടായിരുന്ന വഴക്കെല്ലാം മാറിയത്പോലെ…

മറന്നത്പോലെ…

അവർ വന്ന് സതീശന്റ്റെ കൈപിടിച്ചു…. മോനെ… നമ്മുടെ നല്ല കാലം തെളിഞ്ഞെടാ…

ഒരുനിമിഷം  സതീശനാ കൈകളിൽ പിടിച്ചു… പിന്നെ മെല്ലെയവ തന്റ്റെ കയ്യിൽ നിന്നടർത്തിമാറ്റി….

അനിതയുടെ കയ്യ്പിടിച്ച് വർഗീസ് ചേട്ടനൊപ്പംആ വീടിന്റെ പടിയിറങ്ങി നടന്നകലവേ പിന്നിൽ നിന്നാ വിളികൾ  അവന്റെ ചെവിയിൽ പതിക്കുന്നുണ്ടായിരുന്നു…

മോനെ….പോവല്ലേടാ…എടാ മോനെ….. ഞങ്ങൾക്ക് നീയേ ഉളളുവെടാ…പോവല്ലേ..

ഏട്ടാ. .സതീശേട്ടാ……പോവല്ലേ..

പണംകൊണ്ട് ബന്ധങ്ങൾക്ക് വിലയിടുന്നവർക്കിടയിൽ നിന്ന് സതീശൻ അപ്പോഴും നടന്നകലുകയായിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *