നീയിപ്പോൾ ചെയ്യുന്നതെന്നാണ് …?? ഒരിക്കൽ ഉപേക്ഷിച്ച് പോന്നവനരിക്കിലേക്ക് വീണ്ടും തിരികെ ചെല്ലുക … അതും ഭർത്താവിനെയും  മക്കളെയും കളഞ്ഞിട്ട്….

(രചന: Rajitha Jayan)

എന്റ്റെയീ പോക്ക് ഏട്ടനൊരിക്കലും അംഗീകരിക്കാൻ പറ്റില്ലാന്നെനിക്കറിയാം …. പക്ഷേ, എനിക്ക് പോവാതിരിക്കാൻ പറ്റില്ല ഏട്ടാ. ..

മറ്റുള്ളവർ എന്ത് പറയുമെന്ന ചിന്തയാൽ ഇനിയെനിക്കെറ്റെ ആഗ്രഹങ്ങൾ ,, ഇഷ്ടങ്ങൾ ഒന്നും ഉപേക്ഷിക്കാൻ വയ്യ…

ഒരു  ഭാര്യയുടെ എല്ലാ കടമകളും കർത്തവ്യങ്ങളും ഞാൻ ഈ നിമിഷംവരെ കൃത്യമായി നിർവ്വഹിച്ചിട്ടുണ്ട്….

ഒരമ്മയുടെ ഉത്തരവാദിത്വങ്ങളും  ഞാൻ നമ്മുടെ ആൺമക്കളുടെ ജീവിതത്തിൽ  നടപ്പിലാക്കി കഴിഞ്ഞു. ..,, കഴിഞ്ഞു എന്ന് പറഞ്ഞത് ഇനിയവർക്ക് ഈ അമ്മയുടെ സേവനങ്ങൾ ആവശ്യമില്ലെന്ന് അവർ തന്നെ പറഞ്ഞത് കൊണ്ടാണ്. ..

സ്വന്തം ഇഷ്ടങ്ങൾക്കനുസരിച്ച് ജീവിതം ജീവിക്കുന്നവർക്കിടയിൽ നിന്ന് ഞാനും മടങ്ങിപോവുകയാണ് എന്റ്റെ ഇഷ്ടങ്ങളിലേക്ക്

നിർമ്മലയുടെ വെട്ടിതുറന്നുളള സംസാരം കേട്ട്  ഒന്നും തിരിച്ചു പറയാൻ സാധിക്കാതെ ഗോപിനാഥൻ അവളുടെ മുഖത്തേക്ക് തുറിച്ചു നോക്കി. .. ..

കഴിഞ്ഞ  ഇരുപത്തഞ്ച് വർഷങ്ങൾക്കിടയിൽ ആദ്യമായാണ് അവളിങ്ങനെ തന്റ്റേടത്തോടെ മുഖത്ത് നോക്കി സംസാരിക്കുന്നത്…

വിവാഹത്തിലൂടെ അവളെ സ്വന്തമാക്കിയതിനൊപ്പം തന്നെ താനവളുടെ  സ്വാതന്ത്ര്യങ്ങളും ഇഷ്ടങ്ങളും അതിരിട്ട് തിരിച്ചു താൻ സ്വന്തമാക്കിയിരുന്നല്ലോ….

ഏട്ടനെന്തെങ്കിലും പറയാനുണ്ടോ എന്നോട്…??

നിർമ്മലയുടെ ശബ്ദം അയാളെ ചിന്തയിൽ നിന്നുണർത്തി…..

ഞാൻ  …എനിക്ക്. … ,,,അവൾക്ക് മുന്നിൽ വാക്കുകൾക്കായ് പരതുപ്പോൾ  ഗോപിനാഥൻ  ഒരു കുറ്റവാളിയായ് ശിരസ്സ് താഴ്ത്തി പിടിച്ചിരുന്നു….

നിർമ്മലയുടെ ഈ തീരുമാനങ്ങൾക്കെല്ലാം കാരണം താനാണെന്നയാൾ അപ്പോൾ തിരിച്ചറിയുന്നുണ്ടായിരുന്നു

” നീ…നീയങ്ങനെ നിന്റ്റെ  ഇഷ്ടങ്ങൾക്കനുസരിച്ച് പോവുന്നത് എനിക്കൊന്നു കാണണമെടീ…..

പെട്ടെന്ന് സമചിത്തത വീണ്ടെടുത്ത് ഗോപിയത് പറയുമ്പോൾ  പുച്ഛം ആയിരുന്നു നിർമ്മലയുടെ മുഖത്ത്

ഞാൻ പോവുമെന്ന്  പറഞ്ഞാൽ പോവുക തന്നെ ചെയ്യുംഗോപിയേട്ടാ … അതിനെ തടയാൻ ഏട്ടനെന്തെല്ലാം ചെയ്യാമോ അതെല്ലാം ചെയ്യാം. ..

നിന്റ്റെ  ഈ പ്രവർത്തി എനിക്കും മക്കൾക്കും എത്രത്തോളം നാണക്കേട് വരുത്തുമെന്ന്  നീ ചിന്തിക്കുന്നുണ്ടോ നിമ്മീ……??

നിമ്മീ. … നിങ്ങളങ്ങനെ എന്നെ വിളിച്ചിട്ടെത്ര  കാലമായെന്ന് നിങ്ങളോർക്കുന്നുണ്ടോ ഗോപിയേട്ടാ ….??

നിർമ്മലയുടെ ചോദ്യത്തിന്  മൗനം ആയിരുന്നു ഗോപിനാഥൻന്റ്റെ മറുപടി. .

എനിക്കോർമ്മയുണ്ട്   ഗോപിയേട്ടാ,,  നമ്മുടെ കല്യാണത്തിന്റ്റെ അന്ന് രാത്രി… …അന്നാണ് നിങ്ങളെന്നെ അവസാനമായിട്ടങ്ങനെ വിളിച്ചത്,,

അന്ന് നിങ്ങൾ പറഞ്ഞു മറ്റൊരുത്തൻ നെഞ്ചിലേറ്റി താലോലിച്ച ആ പേര് ഇനിമുതൽ നമ്മുടെ ഇടയിലില്ലെന്ന്…എന്താ ശരിയല്ലേ ഗോപിയേട്ടാ…??

ആ പറഞ്ഞു….. ശരി തന്നെയാണ്…… ആത്മാഭിമാനമുളള ഏതൊരു പുരുഷനും  പറയുന്നത് മാത്രമേ ഞാനും അന്ന് പറഞ്ഞുളളു…,, പക്ഷേ നീയിപ്പോൾ ചെയ്യുന്നതെന്നാണ് …??

ഒരിക്കൽ ഉപേക്ഷിച്ച് പോന്നവനരിക്കിലേക്ക് വീണ്ടും തിരികെ ചെല്ലുക … അതും ഭർത്താവിനെയും  മക്കളെയും കളഞ്ഞിട്ട്….

നിനക്ക് കാമ ഭ്രാന്താണെന്ന് പറഞ്ഞീ നാട്മുഴുവൻ ചിരിക്കുമ്പോൾ താഴ്ന്നു പോവുന്നത് എന്റ്റെയും മക്കളുടെയും തലയാണ് അറിയുമോ നിനക്ക്. ..

അതേ ഈ നാട്,, നാട്ടുകാർ അവരെന്ത് പറയുമെന്ന  ചിന്ത അതിപ്പോൾ മാത്രമാണ് നിങ്ങൾ ചിന്തിക്കുന്നത്….

പക്ഷെ ആ നാട്ടുകാരുടെ നൂറായിരം പരിഹാസങ്ങൾക്കും കുത്തുവാക്കുകൾക്കും ഇരയായവളാണ് ഞാൻ … അതും എന്റെ പ്രവർത്തി ദോഷം കൊണ്ടല്ല,, നിങ്ങളുടെയും നമ്മുടെ മക്കളുടെയും പ്രവർത്തനങ്ങൾ കൊണ്ട്. …

കുഞ്ഞുനാൾമുതൽ ഞാൻ കേട്ടുവളർന്നതാണ് നിർമ്മല  വേണുവിനാണെന്ന്….
മുതിർന്നപ്പോൾ  എല്ലാവരും പറഞ്ഞു വേണുവേട്ടന്റ്റെ മുറപ്പെണ്ണാണ്  ഞാനെന്ന്….

പ്രായം കൂടുന്തോറും  മനസ്സിലുറച്ച വിശ്വാസം അതായിരുന്നു വേണുവേട്ടനെനിക്ക്….ഇഷ്ടങ്ങൾ പരസ്പരം തുറന്നു പറഞ്ഞില്ലെങ്കിലും ഞങ്ങളൊരുമിച്ചൊരുപാട് സ്വപ്നങ്ങൾ നെയ്തു കൂട്ടിയിരുന്നു. ….

പക്ഷേ  ഒരിക്കലും ഒരു  ചീത്ത നോട്ടമോ അമിത സ്വാതന്ത്ര്യമോ വേണുവേട്ടനെന്നോട് കാണിച്ചിട്ടില്ല ,,അതെന്നെക്കാൾ നന്നായി  ഗോപിയേട്ടനറിയാലോ അത്രയ്ക്ക് വലിയ ചങ്ങാതിമാരായിരുന്നില്ലേ നിങ്ങൾ. …

ഒടുവിൽ  ഞാൻ  വേണുവേട്ടനെ വിവാഹം ചെയ്താൽ അദ്ദേഹത്തിന്  അപമൃത്യ  സംഭവിക്കുമെന്ന് കണിയാൻ പറഞ്ഞപ്പോൾ   അടർത്തിമാറ്റി ഞങ്ങളിരുവരെയും എല്ലാവരും ചേർന്ന്. ..

ഒടുവിൽ എന്റെ അച്ഛൻ  ഗോപിയേട്ടനോട് എന്നെ വിവാഹം കഴിക്കാൻ പറഞ്ഞപ്പോൾ ഞാൻ തിരിച്ചറിഞ്ഞിരുന്നു വേണുവേട്ടന്റ്റെ സുഹൃത്തായ്  നടിക്കുപ്പോഴും നിങ്ങളുടെ ഉള്ളിൽ ഞാനായിരുന്നെന്ന്….

എന്റ്റെ എല്ലാ എതിർപ്പിനെയും അവഗണിച്ച്  നിങ്ങളെന്നെ സ്വന്തമാക്കിയപ്പോൾ എനിക്ക് നഷ്ടമായതെന്നെ തന്നെയായിരുന്നു..

ആരോടോ ഉള്ള പകതീർക്കലായിരുന്നു നിങ്ങൾക്ക് ഞാൻ. ..ഒരിക്കലും ഒരു ഭാര്യയുടെ പരിഗണന നിങ്ങളെനിക്ക് തന്നിട്ടില്ല ….,,,

എനിക്ക് മുന്നിൽ തോന്നിയപടി ജീവിച്ച്  നിങ്ങളാ പക  കളയുപ്പോൾ  ഇവിടെ ഈ വീട്ടിൽ എനിക്ക് മുന്നിലൂടെ കയറിയിറങ്ങി പോയത് എത്ര തെരുവ്  വേശ്യകളായിരുന്നെന്ന് നിങ്ങളോർക്കുന്നില്ലെങ്കിലും  ഞാനും ഈ നാട്ടുക്കാരുംഅതിന്നും ഓർക്കുന്നുണ്ട് …

അന്നീ നാട്ടുകാർ പഴിച്ചത് എന്നെയാണ് എന്റ്റെ കഴിവുകേടിനെയാണ്…

നിങ്ങളുടെ പ്രവർത്തികൾ  കണ്ടുവളർന്ന നമ്മുടെ മക്കൾ  പ്രായപൂർത്തിയായപ്പോൾ തന്നെ തെളിയിച്ചു അവർ നിങ്ങളുടെ മക്കൾ ആണെന്ന്….

ഇനിയെനിക്കിവിടെ ആടിതീർക്കാൻ വേഷങ്ങൾ ഒന്നും ഇല്ല അതുകൊണ്ട് ഞാൻ മടങ്ങുകയാണ് നിങ്ങളുടെ കാൽചുവട്ടിൽ പണയം വെച്ചിരുന്ന എന്റ്റെ മനസ്സുമാത്രം തിരിച്ചെടുത്ത് കൊണ്ട്. ….

നീ വലിയ വാക്കുകൾ പറഞ്ഞു കൊണ്ട്, കുറ്റങ്ങൾ മുഴുവൻ എന്നിൽ ചാർത്തി  തിരികെ ചെല്ലുന്നതവന്റ്റെ അടുത്തേക്കല്ലേ വേണുവിന്റ്റെ….??

നിന്നെ ഓർത്തൊരു വിവാഹം പോലും ഇന്നേവരെ കഴിക്കാത്തവന്റ്റെ അടുത്തേക്ക് ഈ വയസ്സാം കാലത്ത് മടങ്ങി ചെല്ലാൻ നാണമില്ലേടീ നിനക്ക്…??

ഞാനെന്തിന് നാണിക്കണം..??

നാണീക്കേണ്ടത് നിങ്ങളാണ്..

മനസ്സിൽ നിന്ന് സ്നേഹിച്ച പുരുഷനെ അടർത്തിമാറ്റാൻ പോലും സമയംതരാതെ എന്നെ കീഴ്പെടുത്തിയതിന്….

എനിക്ക് മുന്നിൽ തെരുവ് കൂതാടികൾക്കൊപ്പം  കുത്തിമറിഞ്ഞു ജീവിച്ചതിന്……,, …ഒടുവിൽ ഈ വയസ്സിൽ അനാശാസ്യത്തിന് പോലീസ് പിടിച്ചു കൊണ്ടു പോയതിന്…എല്ലാം. ..എല്ലാം   നാണിക്കേണ്ടത് നിങ്ങളാണ്…

എന്റെ കൂടെയൊരു ജീവിതം മോഹിച്ചിട്ട് അത് നടക്കാതെ വന്നപ്പോൾ മറ്റൊരുവളെ കൂടെ കൂട്ടാതെ ഏകനായ് ജീവിച്ച വേണുവേട്ടൻ എനിക്ക്  ഇപ്പോൾ എന്റെ എല്ലാമാണ്…

മനസ്സുകൊണ്ട് ഞാനിപ്പോൾ ആ പഴയ കൗമാരക്കാരിയാണ്….

ആരൊക്കെ  എന്തൊക്കെ പറഞ്ഞാലും ഞാൻ പോവുകയാണ് ആ അടുത്തേക്ക്….

ചീഞ്ഞളിഞ്ഞ മനസ്സുകൊണ്ട് നോക്കുന്നവർക്ക് ഇത് കാമം ആയിരിക്കും പക്ഷേ എനിക്കിത് എന്റ്റെ മനസ്സിന്റെ ദാഹം ആണ്…. സ്നേഹിക്കപ്പെടാനുളള,,, അർഹിക്കപ്പെടാനുളള ദാഹം… …എന്റെ ഉളളിലെ സ്ത്രീയെ  തൃപ്തി പെടുത്താനുളള മോഹം…. ..

മറ്റുള്ളവരുടെ ചിന്തകളെ പേടിച്ച്  ചീഞ്ഞളിഞ്ഞ നാട്ടുകാരുടെ നാവിനെ പേടിച്ച്  ഇനിയൊരു മടങ്ങി വരവ്എനിക്കില്ല…

പോവുകയാണ് ഞാൻ  അങ്ങകലെ പതിവായി എന്നെയും കാത്ത് വേണുവേട്ടൻ നിൽക്കാറുളള ആ വാകമരചുവട്ടിലിപ്പോഴും അദ്ദേഹം എന്നെ കാത്തു നിൽപ്പുണ്ടെന്ന തിരിച്ചറിവോടെ….

ഒന്നും മാത്രം പറയുന്നു സ്നേഹം ,, ഇഷ്ടം,, അതൊന്നും വെറും ശരീരങ്ങൾ കൊണ്ട് മാത്രം നേടിയെടുക്കേണ്ട ഒന്നല്ല.. മനസ്സുകൊണ്ട് വേണം സ്നേഹിക്കപ്പെടാൻ…… സ്വന്തമാക്കപ്പെടാൻ….

തനിക്ക് മുന്നിൽ നീണ്ടു കിടക്കുന്ന  പാതയിലൂടെ പുതിയ  സ്വപ്നങ്ങളിലേക്ക് നിർമ്മല നടന്നകലുമ്പോൾ തെറ്റും ശരിയും തിരിച്ചറിയാൻ കഴിയാതെ ഗോപിനാഥൻ പകച്ച് നിൽപ്പുണ്ടായിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *