(രചന: അംബിക ശിവശങ്കരൻ)
ഫോണിൽ നിർത്താതെ വരുന്ന ഫോൺ കോളുകളിലേക്ക് അവൾ മൗനമായി നോക്കിയിരുന്നു.
ഇന്നാണ് അരുണിന്റെ വിവാഹം. പത്തരയ്ക്കാണ് മുഹൂർത്തം. എല്ലാവരും തന്നെയും പ്രതീക്ഷിച്ചു നിൽപ്പുണ്ടാകും.
ക്ലോക്കിലെ സെക്കൻഡ് സൂചിയുടെ മുൻപോട്ടുള്ള ചലനത്തിനനുസരിച്ച് അവളുടെ ഹൃദയമിടിപ്പിന്റെ വേഗതയും വർദ്ധിച്ചുകൊണ്ടിരുന്നു.
” ആരാണ് അരുൺ?
ഡിഗ്രിക്ക് ജോയിൻ ചെയ്ത നാളാണ് അരുൺ എന്ന വ്യക്തി അവളുടെ ജീവിതത്തിലേക്ക് ആദ്യമായി കടന്നുവരുന്നത്.
ചെറുപ്പം മുതൽക്കേ കറുത്ത നിറത്തോട് ലഭിച്ചിരുന്ന അവഗണന അവളെ എല്ലാറ്റിൽ നിന്നും പിന്തിരിച്ചിരുന്നു. അതുകൊണ്ടുതന്നെ വലിയ സുഹൃത്ത് ബന്ധങ്ങളും അവൾക്കുണ്ടായിരുന്നില്ല.
എല്ലാവരും ഒത്തു ചേർന്നിരിക്കുമ്പോൾ തന്റെ നിറത്തിനെതിരെ തൊടുത്തു വിടുന്ന ചെറിയ തമാശകൾ പോലും അവളുടെ മനസ്സിനെ ആഴത്തിൽ സ്പർശിച്ചിരുന്നു.
ഒന്നു കൊതിയോടെ ഒരല്പം ഒരുങ്ങി വന്നാൽ കാക്ക കുളിച്ചാൽ കൊക്ക് ആകില്ലെന്ന കളി പറിച്ചിൽ.
ഇഷ്ടത്തോടെ ഒരു ഡ്രസ്സ് ഇട്ടു വന്നാൽ ഈ കളർ നിനക്ക് തീരെ ചേരില്ലെന്നുള്ള അഭിപ്രായങ്ങൾ.
ഒന്ന് മനസ്സറിഞ്ഞ് ചിരിച്ചാൽ പല്ല് മാത്രം കാണാം എന്നുള്ള പരിഹാസങ്ങൾ.
ഇത്തരം കമന്റുകൾ സുഹൃത്തുക്കളിൽ നിന്നുപോലും ലഭിച്ചു തുടങ്ങിയപ്പോൾ തന്റെ സൗഹൃദവലയങ്ങളിൽ നിന്ന് അവൾ പതിയെ ഉൾവലിഞ്ഞു.
കോളേജിലെ ആദ്യത്തെ ദിവസം തന്നെ സീനിയേഴ്സിന്റെ റാഗിങ്ങ് അവളെ നല്ല രീതിയിൽ തളർത്തിയിരുന്നു.
പാട്ടുപാടാൻ ആവശ്യപ്പെട്ടതും കരഞ്ഞ തന്നെ നോക്കി അവർ ചിരിച്ചത് തന്റെ സൗന്ദര്യമില്ലായ്മ കാരണമായിരിക്കുമെന്ന് അവളുടെ ഉള്ളിലെ അപകർഷതാബോധം ആവർത്തിച്ചു പറഞ്ഞുകൊണ്ടിരുന്നു.
ക്ലാസിൽ മറ്റാരോടും മിണ്ടാതെ തനിച്ചിരുന്ന അവളോട് ആദ്യമായി സംസാരിച്ചതും കൂട്ടുകൂടിയതും അരുണായിരുന്നു.
” എന്താ തന്റെ പേര്? ”
“ദൃ… ദൃശ്യ.”
തന്റെ അരികിലേക്ക് വന്ന മനോഹരമായ ചിരിയുടെ ഉടമയെ നോക്കി വിക്കി വിക്കി അവൾ പറഞ്ഞു.
” എവിടെയാ തന്റെ വീട്? ”
” ഇവിടുന്ന് ഒരു കിലോമീറ്റർ ഉള്ളൂ. ”
” താൻ എന്തിനാടോ ഇങ്ങനെ വിറയ്ക്കുന്നത്?? ഞാനും ഈ ക്ലാസിൽ തന്നെയാ പഠിക്കുന്നത് അല്ലാതെ തന്നെ വിഴുങ്ങാൻ ഒന്നും വന്നതല്ല.
ഞാൻ കണ്ടിരുന്നു താൻ സീനിയേഴ്സിനെ മുന്നിൽ നിന്നും കരയുന്നത്. ഒരു പാട്ട് പാടാൻ പറഞ്ഞതിനാണോടോ താൻ ഇങ്ങനെ കിടന്ന് കരഞ്ഞു കൂട്ടിയത്.
അയ്യേ… മോശം. തന്റെ വോയിസ് നല്ല സ്വീറ്റ് ആണല്ലോ ഒരു പാട്ടങ്ങ് പാടി അവരെ ഞെട്ടിക്കുകയല്ലേ വേണ്ടത്. ”
ജീവിതത്തിൽ ആദ്യമായി കിട്ടിയ കോംപ്ലിമെന്റ്,.. അത് അവളിൽ ഉണ്ടാക്കിയ ആത്മവിശ്വാസം ചെറുതൊന്നുമല്ല.
പിന്നീടുള്ള ദിവസങ്ങളിൽ അവളുടെ ഏറ്റവും നല്ലൊരു സുഹൃത്തായി മാറാൻ അരുണിന് കഴിഞ്ഞു.
തന്റെ കുറവുകളെ കുറിച്ച് തമാശയായി പോലും കളി പറയാത്ത, തന്റെ നല്ല വശങ്ങളെക്കുറിച്ച് മാത്രം എപ്പോഴും സംസാരിച്ചു തനിക്ക് ആത്മവിശ്വാസം പകർന്നിരുന്ന അരുണിനോട് അവൾക്ക് അതിരറ്റ ബഹുമാനവും കൂടിയായിരുന്നു.
” ഡോ ദൃശ്യ ഇനി അടുത്തത് എന്താ തന്റെ പ്ലാൻ? ”
ക്ലാസ് കഴിഞ്ഞുള്ള ഒരു ഇടവേളയിൽ ലൈബ്രറിയിൽ ഇരിക്കുമ്പോഴാണ് അരുൺ ചോദിച്ചത്.
” എന്ത് പ്ലാൻ? ”
” അത് ശരി… എടോ ഇനി നമ്മുടെ കലാലയ ജീവിതം മൂന്നുമാസം കൂടിയേ ബാക്കിയുള്ളൂ..… അതുകഴിഞ്ഞാൽ നമ്മൾ ഈ കോളേജിൽ ലൈഫിനോട് വിട പറയും. അതുകഴിഞ്ഞുള്ള പ്ലാൻ എന്താണെന്ന് ഞാൻ ചോദിച്ചത്. ”
” ദൈവമേ മൂന്നുമാസം കൂടി … എത്ര വേഗമാണ് മൂന്നു വർഷങ്ങൾ കടന്നു പോയത്. തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ മൂന്നു വർഷങ്ങൾ. ഇനി എന്നെങ്കിലും ഈ നാളുകൾ തിരികെ കിട്ടുമോ? ”
സമയം പുറകിലോട്ട് പോയിരുന്നെങ്കിൽ എന്ന് അവൾ ആഗ്രഹിച്ചു.
“ഡോ ദൃശ്യ… എന്താ ആലോചിക്കുന്നത്?താൻ ഇവിടെ ഒന്നും ഇല്ലെന്നു തോന്നുന്നു.”
“ഏയ്.. ഞാൻ വെറുതെ… ഞാനൊന്നും തീരുമാനിച്ചിട്ടില്ല അരുൺ. ബി എഡ് ചെയ്യണമെന്ന് ആഗ്രഹമുണ്ട് എന്തായാലും എക്സാം കഴിയട്ടെ…. അരുൺ എന്താ തീരുമാനിച്ചിരിക്കുന്നത്?”
” എന്റെ ഒരു അങ്കിൾ അബ്രോഡ്ഉണ്ട് പഠിത്തം കഴിഞ്ഞ് നേരെ അങ്ങോട്ട് ചെല്ലാൻ പറഞ്ഞേക്കുവാ… അങ്കിളിന് അവിടെ ബിസിനസ് ആണ്. നോക്കട്ടെ അവിടെ എന്തെങ്കിലും സ്കോപ്പ് ഉണ്ടോ എന്ന്. നമ്മുടെ നാട്ടിലൊക്കെ നിന്ന് ഇനി എന്ന് രക്ഷപ്പെടാനാടോ? ”
കളിയായി പറഞ്ഞതാണെങ്കിലും അത് തറച്ചത് അവളുടെ ഹൃദയത്തിൽ ആയിരുന്നു. അരുണിന്റെ പ്രസൻസ് ഇല്ലാതാകുന്ന ഒരു ദിവസത്തെക്കുറിച്ച് തനിക്ക് എങ്ങനെ ചിന്തിക്കാനാകും?
എന്നും പ്രസന്നമായ ചിരിയോടെ തന്റെ മുന്നിലെത്തിയിരുന്ന പ്രിയ സുഹൃത്തിന്റെ അസാമിപ്യം ഇനി എങ്ങനെയാണ് മറികടക്കേണ്ടത്? ഉള്ളിൽ ഉരു കൂടി വന്ന ചോദ്യങ്ങൾക്ക് ഒന്നും തന്നെ അവൾക്കുത്തരം ഉണ്ടായില്ല.
പകരം ഒന്നുമാത്രം അറിയാം അരുൺ തനിക്ക് ആരെല്ലാമോ ആയിരുന്നു എന്ന് മാത്രം.
അരുൺ വിദേശത്തേക്ക് പോയതോടെയാണ് ഒരു സുഹൃത്ത് എന്നതിനപ്പുറത്തേക്ക് അവനു തന്റെ മനസ്സിൽ സ്ഥാനം ഉണ്ടെന്ന് അവൾ തിരിച്ചറിഞ്ഞത്.
ഏതൊരാളോടും മാന്യമായി മാത്രം പെരുമാറുന്ന അവൻ എന്നും ജീവിതത്തിൽ കൂട്ടായി ഉണ്ടായിരുന്നെങ്കിൽ എന്ന് അവൾ എന്നും പ്രാർത്ഥിച്ചു.
മെസ്സേജുകളിലൂടെയും ഫോൺകോളിലൂടെയും തന്റെ ഉള്ളിലെ ഇഷ്ടം പലവട്ടം തുറന്നു പറയാൻ മുതിർന്നെങ്കിലും ഉള്ളിലെ അപകർഷതാബോധം അവളെ അനുവദിച്ചില്ല.
” അരുണിന്റെ സങ്കല്പത്തിലെ പെൺകുട്ടി ചിലപ്പോൾ നല്ല സുന്ദരി ആയിരിക്കും.”
വെറുതെ ഉള്ളിലെ ഇഷ്ടം തുറന്നുപറഞ്ഞ് ഇപ്പോൾ ഉള്ള സൗഹൃദം കൂടി ഇല്ലാതാകുമോ എന്ന ഭയം അവളുടെ മനസ്സിനെ വേട്ടയാടി.
ദിവസങ്ങൾ ഓരോ യുഗം പോലെയാണ് അവൾക്ക് തോന്നിയത് അതിനിടയിൽ അവൾ തന്റെ ഉപരിപഠനം പൂർത്തിയാക്കി.
അരുണിന്റെ അസാന്നിധ്യം മറ്റാരെക്കൊണ്ടും നികത്താൻ കഴിയാതിരുന്നതിനാൽ കോളേജ് ലൈഫിന്റെ ആ കാലഘട്ടം അവൾക്ക് വെറും മടുപ്പുളവാക്കുന്നതായിരുന്നു.
രണ്ടുമാസം കൂടി കഴിഞ്ഞാൽ താൻ നാട്ടിലേക്ക് വരുമെന്നുള്ള അരുണിന്റെ മെസ്സേജ് കണ്ടതും അവൾ സന്തോഷം കൊണ്ട് തുള്ളിച്ചാടി.
ഇത്തവണ എന്തുതന്നെയായാലും ഉള്ളിലെ ഇഷ്ടം തുറന്നു പറഞ്ഞിരിക്കും ഇനിയും ഇത് പറയാതെ കൊണ്ട് നടന്നാൽ താൻ വീർപ്പുമുട്ടി മരിക്കും എന്ന് അവൾക്ക് തോന്നി.
ഒരു വർണ്ണക്കടലാസിൽ മനോഹരമായ തന്റെ കൈപ്പടയിൽ അവൾ തന്റെ ഇഷ്ടം തുറന്നെഴുതിയ ശേഷം അത് തനിക്ക് ഏറെ പ്രിയമുള്ള ഡയറിയിൽ സൂക്ഷിച്ചുവെച്ചു.
” മോളെ ദാ അരുൺ വന്നിട്ടുണ്ട് ഇവിടെ.… നീയെന്താ ആ കുട്ടി വരുമെന്ന് പറയാതിരുന്നത്? നീ വേഗം ഇങ്ങോട്ട് വാ വരുമ്പോൾ ആ കുട്ടിക്ക് കഴിക്കാൻ എന്തെങ്കിലുമൊക്കെ വാങ്ങിച്ചേക്ക് മറക്കേണ്ട ”
ടൗണിലേക്ക് ഇറങ്ങിയ നേരം അമ്മയുടെ ഫോൺകോൾ വന്നതും എന്താ ചെയ്യേണ്ടത് എന്ന് അറിയാതെ അവൾ തരിച്ചു നിന്നു.
സന്തോഷം കൊണ്ട് പോയ കാര്യം പകുതിയും മറന്നു. എന്തൊക്കെയോ വാങ്ങിക്കൂട്ടി ഒരു ഓട്ടോ പിടിച്ച് നേരെ വീട്ടിലേക്ക് പാഞ്ഞു.
വീട്ടിലെത്തിയതും അരുൺ അരികിലേക്ക് ഓടി വന്നു. പെട്ടെന്നുള്ള കാഴ്ചയിൽ എന്താ പറയേണ്ടത് എന്ന് പോലും അവൾക്ക് നിശ്ചയം ഉണ്ടായില്ല.
” താൻ എന്താടോ പറയാതെ വന്നേ … ഇന്ന് വരുമെന്ന് ഒരു സൂചന പോലും തന്നില്ലല്ലോ… ”
” സൂചന തന്നിട്ട് വന്നാൽ തന്റെ ഈ ചമ്മിയ മുഖം എനിക്ക് കാണാൻ പറ്റില്ലല്ലോ.… ദൃശ്യയ്ക്ക് ഒരു മാറ്റവും ഇല്ലല്ലോ അമ്മേ പഴയ പരുങ്ങൽ ഇപ്പോഴും ഉണ്ട്. ”
” മോനെ കണ്ടില്ലേ ഇനി ശരിയായിക്കോളും. ”
അതും പറഞ്ഞവർ അവളുടെ കയ്യിലേക്ക് കവറുകൾ വാങ്ങി അടുക്കളയിലേക്ക് നടന്നു.
” ദൃശ്യ എനിക്ക് തന്നോട് ഒരു ഇംപോർട്ടന്റ് മാറ്റർ പറയാനുണ്ട് ”
വാ തോരാതെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിനിടയിലാണ് അവൻ അത് പറഞ്ഞത്.
” എന്താ അരുൺ? ”
അവൾ ആശ്ചര്യത്തോടെ ചോദിച്ചു.
എന്റെ അങ്കിളിന്റെ കാര്യം ഞാൻ പറഞ്ഞിട്ടില്ലേ… പുള്ളിക്കാരന് ഒരു മകൾ ഉണ്ട്. എന്റെ പെരുമാറ്റവും പെർഫോമൻസുമൊക്കെ കണ്ടിട്ട് പുള്ളി ഫ്ലാറ്റ്. അങ്കിളിന് എന്നെ അങ്കിളിന്റെ മരുമകൻ ആക്കിയാൽ കൊള്ളാമെന്നുണ്ട്.
ഈ വരവിന് പെണ്ണുകാണൽ എന്നൊരു ഉദ്ദേശ്യം കൂടിയുണ്ട്. ഞാൻ ഓക്കേ പറഞ്ഞാൽ അടുത്ത വരവിന് വിവാഹം നടത്താം എന്നാണ് പറയുന്നത്. എന്താ തന്റെ അഭിപ്രായം. ദാ ഇതാണ് പെൺകുട്ടി. അങ്കിൾ അയച്ചു തന്നതാ… ഞാനീ കുട്ടിയെ ചെറുപ്പത്തിൽ കണ്ടിട്ടുള്ളതാ. ”
ഫോണിൽ തെളിഞ്ഞ സുന്ദരമായ മുഖം കണ്ടതും അവളുടെ ഉള്ളിൽ ഒരു മിന്നൽ പിണർ പാഞ്ഞു.
അരുണിനെ കണ്ടപ്പോൾ വിരിഞ്ഞ പുഞ്ചിരി നിമിഷ നേരം കൊണ്ട് മിന്നി മാഞ്ഞു. കൺകോണിൽ പടർന്ന നനവ് മറയ്ക്കാൻ അവൾ നന്നെ പ്രയാസപ്പെട്ടു.
” നല്ല കുട്ടിയാ തനിക്ക് നന്നായി ചേരും. ”
ഉള്ളിലെ സങ്കടം അത്രയും മറച്ചുവെച്ചുകൊണ്ട് അവൾ പുഞ്ചിരിക്കാൻ ശ്രമിച്ചു.
” എങ്കിൽ ഓക്കേ പറയാം അല്ലേ? ”
“ഉം പറഞ്ഞോളൂ… അരുൺ ഇരിക്ക് ഞാൻ ചായ എടുത്തിട്ട് വരാം..”
അവിടെനിന്നും അവൾ നേരെ പോയത് ബാത്റൂമിലേക്കാണ് പൈപ്പ് മുഴുവനായും തുറന്നിട്ട് ആരും അറിയാതെ പൊട്ടിക്കരഞ്ഞു.
” എന്താടോ എന്താ കണ്ണൊക്കെ ചുവന്നിരിക്കുന്നത്? ”
തന്റെ മുന്നിലെത്തിയ അവളോട് അവൻ കാര്യം തിരക്കി.
” ഏയ് അത് എന്തോ പൊടി വീണത… അരുൺ ചായ കുടിക്കൂ. ”
അവൾ മനപ്പൂർവ്വം ഒഴിഞ്ഞു മാറി.
പിന്നീട് അവൻ തിരികെ പോകുന്ന ഒരു മാസത്തോളം തമ്മിലുള്ള കണ്ടുമുട്ടലുകൾ അവൾ ഒഴിവാക്കി. നാട്ടിൽനിന്ന് പോയതിനുശേഷം അവളെ വിളിക്കാൻ ശ്രമിച്ചപ്പോഴൊക്കെയും ശ്രമം വിഫലമായി.
” അരുണിന്റെ ജീവിതത്തിലേക്ക് ഒരു പുതിയ വ്യക്തി കടന്നുവരികയാണ്. ആവശ്യമില്ലാത്ത ഇഷ്ടവും മനസ്സിലിട്ട് വീണ്ടും അരുണിന്റെ ജീവിതത്തിലേക്ക് കടന്നുചെന്നാൽ അത് അവരുടെ ജീവിതത്തെ സാരമായി ബാധിക്കും.
അതുകൊണ്ട് തന്റെ ഇഷ്ടം അത് തന്റെ ഉള്ളിൽ മാത്രം ഇരുന്നാൽ മതി”
അരുണിന്റെ ഓർമ്മകൾ മറവിക്ക് സമ്മാനിക്കാൻ ശ്രമിക്കുമ്പോഴൊക്കെയും അവൾ പരാജയപ്പെട്ടുകൊണ്ടിരുന്നു.
” നീ എന്താ മോളെ ആ കുട്ടി വിളിച്ചിട്ട് എടുക്കാതിരുന്നത്. നിന്നെ വിളിച്ചിട്ട് കിട്ടാഞ്ഞിട്ടാണെന്ന് തോന്നുന്നു അവൻ എന്നെ വിളിച്ചിരുന്നു. എന്ത് പാവമാ ആ കുട്ടി. എന്തിനാ നീ ഇങ്ങനെ അഹങ്കാരം കാണിക്കുന്നേ…”
അമ്മ വന്ന് ഇത് ഓർമ്മിപ്പിക്കുമ്പോഴൊക്കെയും അവൾ അത് കേട്ടില്ലെന്ന് നടിച്ചു.
മൂന്നുവർഷത്തോളം ഇത് തുടർന്നുകൊണ്ടേയിരുന്നു. അതിനിടയ്ക്ക് അവൾ ബിഎഡ് കമ്പ്ലീറ്റ് ആക്കി അടുത്തുള്ള ഒരു മാനേജ്മെന്റ് സ്കൂളിൽ ജോലിക്ക് കയറി.
കുട്ടികളുമായി ഇടപഴുകുന്ന നേരമെങ്കിലും അരുണിനെ മറക്കാൻ കഴിയുന്നു എന്നതിനാൽ ഒരു ദിവസം പോലും മുടങ്ങാതെ അവൾ ജോലിക്ക് പോയിക്കൊണ്ടിരുന്നു.
” ഞാൻ നാട്ടിലേക്ക് വരികയാണ് ഈ മാസം ഇരുപത്തിയാറിനു എന്റെ വിവാഹമാണ് താൻ തീർച്ചയായും ഉണ്ടാകണം”
മറുപടി കൊടുക്കാതെ കിടന്ന മെസേജുകൾക്കിടയിൽ അവസാനം വന്ന മെസ്സേജ് അവളെ വീണ്ടും സങ്കടത്തിലാഴ്ത്തി.
വീണ്ടും ഫോൺ കോളുകൾ ശ്രദ്ധിക്കാൻ തുടങ്ങിയതോടെ ഓർമ്മകളിൽ നിന്നും അവൾ തിരികെ വന്നു.
“ഇന്നാണ് ആ ദിവസം ഡിസംബർ ഇരുപത്തിയാറ് ”
കരഞ്ഞു കലങ്ങിയ കണ്ണുകൾ കൊണ്ട് അവൾ വീണ്ടും മൊബൈലിലേക്ക് നോക്കി അരുണിന്റെ കോൾ അടക്കം പല സുഹൃത്തുക്കളും മാറിമാറി വിളിക്കുന്നു.
” ഈശ്വരാ എങ്ങനെയാണ് ഞാൻ ആ മുഹൂർത്തം കാണേണ്ടത്? അരുൺ മറ്റൊരാളുടെ സ്വന്തമാകുന്ന കാഴ്ച എങ്ങനെയാണ് ഞാൻ കണ്ടു നിൽക്കേണ്ടത് കൃഷ്ണാ… ”
അവൾക്ക് ഉറക്കെ ഉറക്കെ പൊട്ടി കരയാൻ തോന്നി.
” എന്താ അമ്മു നീ ഇനിയും റെഡി ആയില്ലേ? ആ കുട്ടിയും വീട്ടുകാരും ഇത്ര കാര്യമായി ക്ഷണിച്ചിട്ടും പോകാതിരിക്കുന്നത് ശരിയാണോ? ഇന്നലെ തന്നെ പോകേണ്ടതായിരുന്നു. നീ വേഗം റെഡിയാക്. ”
ഉള്ളു പിടഞ്ഞു നിൽക്കുന്ന നേരമാണ് അമ്മ വന്നത്.
” ഞാനില്ല അമ്മേ.. എനിക്ക് എന്തോ സുഖമില്ല അമ്മ പോയി വാ. ”
” നീ ഒന്നും പറയണ്ട. ഞാൻ പറയുന്നത് കേട്ടാൽ മതി. നിങ്ങൾ തമ്മിൽ എന്തേലും പ്രശ്നം ഉണ്ടോ എന്ന് എനിക്കറിയില്ല എന്ത് ഉണ്ടേലും മര്യാദ എന്നൊരു കാര്യമുണ്ട് പോയി റെഡിയായി വാ…”
അമ്മയുടെ നിർബന്ധത്തിന് അവൾക്ക് വഴങ്ങാതിരിക്കാൻ കഴിഞ്ഞില്ല.
അലമാരയിൽ നിന്നൊരു നരച്ച കളർ ചുരിദാർ എടുത്തിടാൻ പോയ അവളെ കൊണ്ട് നിർബന്ധിച്ച് ഒരു പുതിയ പട്ടുസാരി എടുത്ത് ഉടുപ്പിച്ചതും നന്നായി അണിയിച്ചൊരുക്കിയതും അവരായിരുന്നു.
കല്യാണ മണ്ഡപത്തോട് അടുക്കുംതോറും അവളുടെ നെഞ്ചിടിപ്പ് വർദ്ധിച്ചു കൊണ്ടിരുന്നു. ഈ നിമിഷം ഭൂമിക്കടിയിലേക്ക് പോകാൻ അവൾ ഏറെ കൊതിച്ചു. ഓട്ടോ ചെന്ന് മണ്ഡപത്തിന് മുന്നിൽ നിന്നതും സുഹൃത്തുക്കൾ അവരെ ആനയിക്കാൻ ഓടിവന്നു.
താലികെട്ടാൻ തയ്യാറായി നിൽക്കുന്ന അരുണിനടുത്ത് ചെന്ന് നിന്നതും പൊട്ടി കരയാൻ ആണ് അവൾക്ക് തോന്നിയത്. ഈ നിമിഷമെങ്കിലും തന്റെ ഇഷ്ടം ഒന്ന് തുറന്നു പറയാൻ അവളുടെ മനസ്സ് വല്ലാതെ കൊതിച്ചു എങ്കിലും മൗനമായി നിന്നു.
” നല്ല ആളാ ഇപ്പോഴെങ്കിലും എത്തിയല്ലോ… ഒരു ഗിഫ്റ്റ് പോലും കൊണ്ടുവരാതെയാണോടോ വന്നത്?
ശരിയാ… ഒരു സമ്മാനപ്പൊതി പോലും കരുതാതെ ഒരു കല്യാണത്തിന് വന്ന താൻ എത്ര വിഡ്ഢിയാ…
” സാരമില്ല കല്യാണം കഴിഞ്ഞ് ഞാൻ വീട്ടിലേക്ക് വരുന്നുണ്ട് തന്റെ കൈ കൊണ്ട് ഉണ്ടാക്കിയ നല്ല അസ്സൽ ഒരു സദ്യ തന്നാൽ മതി. ”
അവൾ പുഞ്ചിരിച്ചു കണ്ണുകൾ ചുറ്റും പരതി നടന്നു. ആ ഭാഗ്യവതിയെ ഒരു നോക്ക് കാണാൻ.
” ഇനി വധുവും വരനും അവരുടെ വേണ്ടപ്പെട്ടവരും മാത്രം മണ്ഡപത്തിൽ നിൽക്കുക… മുഹൂർത്തമായി. ”
തിരുമേനിയുടെ ശബ്ദം ഉയർന്നതും തിരിഞ്ഞു നടക്കാൻ ഒരുങ്ങിയ തന്റെ കയ്യിൽ മുറുകെ പിടിച്ച അരുണിനെ അവൾ ഞെട്ടലോടെ നോക്കി.
” താൻ പോയാൽ എങ്ങനെ പിന്നെ കല്യാണം നടക്കുക? ”
ഒന്നും മനസ്സിലാകാതെ പകച്ചുനിന്നപ്പോഴാണ് ബന്ധുക്കളുടെ കൂട്ടത്തിൽ അമ്മയും മണ്ഡപത്തിലേക്ക് കയറി വരുന്നത് കണ്ടത്.
” എന്റെ ഭാര്യ ആകാൻ പോകുന്നവളെ … ഉള്ളിലെ ഇഷ്ടം ഒരിക്കലെങ്കിലും താൻ തുറന്നു പറഞ്ഞിരുന്നെങ്കിൽ ഇന്ന് ഞങ്ങൾക്ക് ഈ നാടകം കളിക്കേണ്ടി വരില്ലായിരുന്നു.
അന്ന് ആദ്യമായി വീട്ടിൽ വന്ന ദിവസം തന്നെ തനിക്ക് എന്നോടുള്ള ഇഷ്ടം ഞാൻ മനസ്സിലാക്കിയിരുന്നു. ഡയറിയിൽ എനിക്കായി കുറിച്ചിട്ട ഓരോ വാക്കും അന്നെന്റെ മനസ്സിലാണ് തറച്ചത്.
ഞാൻ വാങ്ങിത്തന്ന ഓരോ മിട്ടായി കടലാസ് പോലും താൻ എത്ര ഭംഗിയായി ആണെടോ സൂക്ഷിച്ച് വെച്ചത്. എല്ലാം മനസ്സിലാക്കി കൊണ്ട് തന്നെയാണ് ഞാൻ അന്ന് ആ കല്യാണ കാര്യത്തെക്കുറിച്ച് സംസാരിച്ചത്.
അപ്പോഴെങ്കിലും താൻ എന്നോടുള്ള ഇഷ്ടം തുറന്നുപറയും എന്ന് ഞാൻ കരുതി. പക്ഷേ അപ്പോഴും താനത് മറച്ചുവെച്ചു.
പിന്നീട് പലവട്ടം ഞാൻ വിളിച്ചപ്പോഴും താൻ സംസാരിക്കാൻ തയ്യാറായില്ല. എനിക്കും തന്നെ ഇഷ്ടമാണെടോ… അതുകൊണ്ടാണ് തന്റെ അമ്മയെ വിളിച്ച് എനിക്ക് കാര്യങ്ങൾ തീരുമാനിക്കേണ്ടി വന്നത്. അമ്മയുടെ എല്ലാം മറച്ചുവെക്കാൻ പറഞ്ഞതും ഞാനാണ്.
ഞാൻ തന്റെ മനസ്സിന്റെ സൗന്ദര്യം മാത്രമാണ് നോക്കിയത് അതിൽ താൻ മറ്റാരെക്കാളും സുന്ദരിയാണ്. കാണുന്ന കണ്ണിലാണ് സൗന്ദര്യം എന്റെ കണ്ണിൽ മറ്റാരെക്കാളും സുന്ദരി താൻ തന്നെ. ഇനിയെങ്കിലും ഒന്ന് പറയടോ എന്നെ ഇഷ്ടമാണെന്ന്. ”
സംഭവിക്കുന്നത് സത്യമാണോ സ്വപ്നമാണോ എന്നറിയാതെ അവൾ തരിച്ചു നിന്നു.
തിരുമേനിയുടെ നിർദ്ദേശപ്രകാരം അരുൺ അവളുടെ കഴുത്തിൽ താലി ചാർത്തുമ്പോൾ ചുറ്റും കൂടിയവർ പുഷ്പങ്ങൾ ചൊരിഞ്ഞു കൊണ്ട് അവരെ അനുഗ്രഹിച്ചു.
കണ്ണുനീർ വന്ന് കാഴ്ചയെ മറച്ച നേരം നെറുകയിൽ സിന്ദൂര കുറി ചാർത്തി അവൻ അവളെ തന്നോട് ചേർത്തുനിർത്തി.
ആരും കേൾക്കാതെ ഇടറിയ സ്വരത്തിൽ അവൾ അവന്റെ കാതിൽ മന്ത്രിച്ചു.
“I love you so much”
അവന്റെ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരി പതിയെ അവളിലേക്കും പടർന്നു.