“നീ ഇന്നലെ എത്തിയിട്ടല്ലേ ഉള്ളൂ ഗൾഫിൽ നിന്ന്.. പിന്നെ എന്താ ഈ വിറ്റഴിക്കുന്ന സ്ഥലത്തേക്ക്?”

(രചന: J. K)

വിറ്റഴിക്കൽ വമ്പിച്ച വിലക്കുറവ് എന്ന് ബോർഡ് കണ്ട ഇടത്തേക്ക് കേറി ദാസൻ….

അവിടെ നിന്നും അവൾക്ക് വിലക്കുറവിൽ ഒരു സാരി തിരഞ്ഞെടുക്കുമ്പോൾ മനസ് നിറയെ നോവുന്നുണ്ടായിരുന്നു….

അക്കൂട്ടത്തിൽ നല്ലത് ഒന്നും ഉണ്ടായിരുന്നില്ല. എല്ലാവരും തെരഞ്ഞെടുത്തു പോയിരുന്നു. ഒരുപാട് നേരം നോക്കിയപ്പോൾ കണ്ടു അവൾക്കിഷ്ടപ്പെട്ട കരിമ്പച്ച കളറിൽ ഒരു സാരി…

ഇത് തന്നെ എടുത്തോളൂ എന്ന് പറഞ്ഞ് സെയിൽസിൽ നിൽക്കുന്ന അയാളുടെ അടുത്ത് പാക്ക് ചെയ്യാൻ കൊടുത്തു… എത്രയാണ് എന്ന് ചോദിച്ചപ്പോൾ ഇരുന്നൂറ്റമ്പത് രൂപ എന്നു പറഞ്ഞു…

അത് തികക്കാൻ പോക്കറ്റിൽ ഉള്ളതെല്ലാം നുള്ളി പെറുക്കുകയായിരുന്നു……

അപ്പോഴാണ് ഏതോ കൂട്ടുകാരൻ തോളിൽ വന്ന് കൈ വച്ചത്.

“നീ ഇന്നലെ എത്തിയിട്ടല്ലേ ഉള്ളൂ ഗൾഫിൽ നിന്ന്.. പിന്നെ എന്താ ഈ വിറ്റഴിക്കുന്ന സ്ഥലത്തേക്ക്???”

അത്ഭുതത്തോടെ നോക്കുന്ന അവനെ നോക്കി ഒന്ന് ചിരിച്ചു… ഏയ് വെറുതെ എന്ന് പറഞ്ഞ് പൈസയും കൊടുത്ത് അയാൾ നീട്ടിയ പാക്കറ്റ് വാങ്ങി പുറത്തേക്കിറങ്ങി…..

വീർത്ത വയറും വെച്ച് വീട്ടിലെ ജോലി ചെയ്യുന്ന അവളെ നോക്കി കയ്യിലുള്ള പാക്കറ്റ് കൊടുത്തു അപ്പോൾ അവളുടെ മുഖത്ത് ചെറിയൊരു സന്തോഷം കണ്ടിരുന്നു…

അവൾ അത് മുറിയിലേക്ക് കൊണ്ടുപോയി നോക്കി ആൾക്ക് ഒത്തിരി ഇഷ്ടമായി എന്ന് പറഞ്ഞു…

ഒരു നല്ല പരിപാടിക്ക് പോലും ആ സാരിയുടുക്കാൻ ആവില്ല എന്ന് എങ്കിലും എനിക്കറിയാമായിരുന്നു….

ഉച്ചയ്ക്ക് അവൾ വിളമ്പിയ ചോറുണ്ണുമ്പോൾ തൊണ്ടയിൽ നിന്ന് ഇറങ്ങുന്നേ… ഉണ്ടായിരുന്നില്ല ഞാൻ അവിടേക്ക് കാശ് അയച്ചു കൊടുത്തിട്ട് ഒരുപാട് ആയിരിക്കുന്നു..

പെങ്ങളുടെ മുറുമുറുപ്പ് സഹിച്ച് ആൾ ഇവിടെ നിന്നത് എങ്ങനെയെന്ന് എനിക്ക് വലിയൊരു അത്ഭുതമായിരുന്നു…

എല്ലാം സഹിച്ചു കാണും പാവം പെണ്ണ്…
അല്ലാതെ എന്ത് ചെയ്യാൻ..

വേഗം മുറിയിലേക്ക് നടന്നു. അവിടെ കട്ടിലിൽ കിടക്കുമ്പോൾ മിഴികളും ചാലിട്ടൊഴുകിയിരുന്നു എന്റെ….

അച്ഛനും അമ്മയും ചെറുപ്പത്തിലെ നഷ്ടപ്പെട്ട എനിക്ക് ചേച്ചി മാത്രമായിരുന്നു ഉണ്ടായിരുന്നത്. ചേച്ചിയും ഞാനും തമ്മിൽ ഒരുപാട് വ്യത്യാസം ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഞാൻ മൂന്നാം ക്ലാസ്സ് എത്തിയപ്പോഴേ ചേച്ചിയുടെ വിവാഹം കഴിഞ്ഞിരുന്നു ചേച്ചിക്ക് ഒരു മോളും ഉണ്ടായിരുന്നു…

പഠിക്കുന്ന കാലത്തെ കയറി കൂടിയതാണ് അവൾ മനസ്സിൽ…

നീന..

അവളോട് ഇഷ്ടമാണെന്ന് പറയുമ്പോൾ ആകെ വിറയ്ക്കുന്നുണ്ടായിരുന്നു. അവൾ ഒന്നും മിണ്ടാതെ ഓടിയപ്പോൾ വല്ലാത്തൊരു സങ്കടം ഉള്ളിൽ വന്നു മൂടുന്നത് അറിഞ്ഞു…

പിന്നീട് ഏതോ ഒരു കൂട്ടുകാരിയുടെ അടുത്ത് ഇഷ്ടമാണ് എന്ന് പറഞ്ഞു അയക്കുമ്പോൾ ലോകം കീഴടക്കിയ സന്തോഷമായിരുന്നു എനിക്ക്….

അതായിരുന്നു തുടക്കം അവളുടെ വീട്ടിൽ പെണ്ണ് ചോദിക്കാൻ ഉള്ള യാതൊരു യോഗ്യതയും ഉണ്ടായിരുന്നില്ല…

അതുകൊണ്ട് തന്നെയാണ് ഒരു ജോലി കിട്ടുന്നത് വരെ കാത്തിരുന്നത്..

ഒരു ബന്ധുവിന്റെ സഹായത്തിൽ ദുബായിലേക്ക് പോയി അവിടെ നിന്ന് ജോലി ശരിയായപ്പോൾ ഒരുവർഷം കഴിഞ്ഞ് നാട്ടിലേക്ക് എത്തി അപ്പോഴാണ് അവളെ പെണ്ണ് ചോദിക്കാൻ വേണ്ടി ചെല്ലുന്നത്. അപ്പോഴാണ് ധൈര്യം ഉണ്ടായത് എന്ന് വേണം പറയാൻ..

പക്ഷേ അവിടെ നിന്നും അത്ര നല്ല സ്വീകരണം ഒന്നുമല്ല കിട്ടിയത്…. അവർക്ക് ഒരു ദുബായിക്കാരന് മകളെ കൊടുക്കാൻ താല്പര്യം ഇല്ല എന്ന് പറഞ്ഞു….

ഞാൻ ആകെ കൂടെ തകർന്നു പോയി. അവൾക്കു വേണ്ടിയായിരുന്നു എല്ലാം ഉപേക്ഷിച്ച് ഗൾഫിലേക്ക് പോയതും ഒരു ജോലിക്കാരൻ ആയതും….

അതുകൊണ്ടു തന്നെ അവളെ ഞാൻ, വിളിച്ചിറക്കി കൊണ്ടു വന്നു….

ചേച്ചിയുടെ മകളുടെ വിവാഹ ശേഷം ആയിരുന്നു അത് ചെയ്തത്. കാരണം ഞാൻ എന്ത് ചെയ്താലും അത് അവരുടെ ജീവിതത്തിൽ ഒരു പ്രശ്നമായി വരരുത് എന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു…

അതുകൊണ്ടു തന്നെ ആരുടേയും സമ്മതത്തിന് പിന്നെ കാത്തുനിൽക്കാതെ ഞാൻ അവളെ വിളിച്ചിറക്കി കൊണ്ടു വന്നു.എന്റെ മുന്നിൽ വേറെ വഴിയില്ലായിരുന്നു അവൾ ഇല്ലാത്ത ഒരു ജീവിതം എനിക്കും സാധ്യമായിരുന്നില്ല….

കുറച്ചുകാലം കഴിഞ്ഞ് വീണ്ടും ജോലിക്ക് ദുബായിലേക്ക് തന്നെ തിരിച്ചു പോകേണ്ടി വന്നു…. അപ്പോൾ അവൾ ഗർഭിണിയായിരുന്നു…. ചേച്ചിയെ പറഞ്ഞു ഏൽപ്പിച്ചിട്ട് ആയിരുന്നു പോയത്…

ഒരു കമ്പനിയിലെ ഡ്രൈവർ ആയിരുന്നു ഞാൻ. അവരുടെ പ്രോഡക്റ്റ് വിൽക്കുന്ന സ്ഥലങ്ങളിലെല്ലാം പോയി പണം പിരിക്കുക എന്നതായിരുന്നു എന്റെ ജോലി…

അവൾ ഗർഭിണിയാണ് എന്ന് അറിഞ്ഞതുകൊണ്ട് ആകെ ടെൻഷൻ ആയിരുന്നു…..

ചിലവുകൾ കൂടുകയല്ലേ അവളെ ഡോക്ടറെ കാണിക്കണം നല്ല ഭക്ഷണം കൊടുക്കണം ചേച്ചിക്ക് വീട്ടില് ഓരോ ആവശ്യത്തിന് പൈസ അയച്ചു കൊടുക്കണം അങ്ങനെ ഒരുപാട് ചെലവുകൾ….

കൂടുതൽ പൈസ ഉണ്ടാക്കാൻ ആണ് ഓവർടൈം ജോലി ചെയ്തത്. ഊണ് ഇല്ലാതെ ഉറക്കവുമില്ലാതെ ഫുൾടൈം പണി അങ്ങനെയാണ് അറിയാതെ ഒന്ന് കാർ സ്ലിപ് ആയത്….

അവിടുത്തെ തന്നെ വലിയൊരു വ്യവസായിയുടെ കാറിന് മുകളിൽ പോയി ഇടിച്ചു….. വലിയ കേസായി എന്നെ ജയിലിലും ആക്കി…

നാലഞ്ചു മാസത്തെ ജയിൽവാസം കഴിഞ്ഞ് ആരുടെയൊക്കെ സഹായത്തോടെ പുറത്തിറങ്ങി….

പക്ഷേ ജയിലിൽനിന്ന് പുറത്തിറങ്ങിയപ്പോൾ ജോലി നഷ്ടപ്പെട്ടിരുന്നു.

ഇപ്പോൾ ജോലി നഷ്ടമായാൽ പിന്നെ ചാവുക അല്ലാതെ വേറെ നിവൃത്തിയില്ല എന്ന അവരുടെ കാലുകുത്തി പറഞ്ഞപ്പോൾ അവർ ഒരു സഹായം ചെയ്തു തന്നു എനിക്ക് നാട്ടിലേക്ക് പോകാൻ ടിക്കറ്റ് എടുത്തു തന്നു…..

വേറെ വഴിയില്ലാതെ നാട്ടിലെത്തി അഞ്ച് ആറു മുഷിഞ്ഞ ഡ്രസ്സുകൾ അല്ലാതെ ഒന്നും എന്റെ കയ്യിൽ ഇല്ലായിരുന്നു….

നാലഞ്ചുമാസം ആയിരുന്നു ദുബായിൽ നിന്ന് എന്റെ പണം വന്നിട്ട്.ചേച്ചിയുടെ മട്ടും ഭാവവും ആകെ മാറിയിരുന്നു അവളെ വല്ലാതെ കഷ്ടപെടുത്താറുണ്ടെന്ന് എനിക്ക് വന്ന ഉടനെ തന്നെ മനസ്സിലായിരുന്നു.എനിക്ക് ഒന്നും പറയാനുള്ള ധൈര്യം പോരായിരുന്നു അപ്പോൾ…

അവളെ കുറ്റപ്പെടുത്തുന്നത് കുറെ നാൾ കേട്ടു നിന്നു. ആരും കാണാതെ അവൾ ഓരോയിടത്തും പോയി കരയുന്നത് കാണുന്നുണ്ടായിരുന്നു…. എന്നെ ഒരിക്കലും അറിയിക്കാതെ നോക്കാൻ അവർ ശ്രമിച്ചിരുന്നു എന്റെ മനസ്സ് കൂടെ വിഷമിക്കാതിരിക്കാൻ….

ഒരിക്കൽ എന്തോ ചെയ്തത് പോരാഞ്ഞിട്ട് അവളുടെ ദേഹത്ത് കൈ വയ്ക്കുന്ന ചേച്ചിയെ ഞാൻ കണ്ടു… ഓടി ചെന്ന് ചോദിച്ചു

“നിങ്ങളും ഒരു സ്ത്രീയല്ലേ….. ഒരു ഗർഭിണിയല്ലേ ഒന്നുമില്ലെങ്കിലും അവൾ “എന്ന്…

“എന്റെ ഭർത്താവിന്റെ ചിലവിൽ നിൽക്കുമ്പോൾ ഇതൊക്കെ സഹിക്കേണ്ടി വരും” എന്നായിരുന്നു ചേച്ചിയുടെ മറുപടി….

ഇത്രയും കാലം ഗൾഫിൽനിന്ന് കഷ്ടപ്പെട്ട് അയച്ചു കൊടുത്തത് ഇവർക്ക് കൂടി ആയിരുന്നല്ലോ എന്നോർത്ത് എനിക്ക് അപ്പോൾ ലജ്ജ തോന്നി …

ഇനിയും എന്റെ കയ്യിൽ നിന്ന് ഒന്നും കിട്ടാനില്ല എന്ന് അറിഞ്ഞത് ആവാം അവരുടെ ഈ ഭാവമാറ്റത്തിന് കാരണം… അവളെയും കൊണ്ട് അന്ന് ഇറങ്ങി അവിടെ നിന്നും എന്തും വരട്ടെ എന്ന് കരുതി…

കൂട്ടുകാരന്റെ സഹായത്തോടെ ഒരു കോർട്ടേഴ്സ് ശരിയാക്കി… അവൻ തന്നെയാണ് വാടകയ്ക്ക് ഒരു ഓട്ടോ ഒപ്പിച്ചു തന്നതും….

എല്ലാ ചെലവും കഴിഞ്ഞ് ഒത്തിരി ഒന്നും നീക്കിയിരിപ്പ് കാണില്ല…

പക്ഷേ സ്വസ്ഥതയും സമാധാനവും ഉണ്ട്….

പ്രസവം പ്രൈവറ്റ് ഹോസ്പിറ്റലിൽ നിന്ന് ഗവൺമെന്റ് ഹോസ്പിറ്റലിലേക്ക് ആക്കാം എന്ന് അവൾ തന്നെയാണ് പറഞ്ഞത്…അതിന് ഒരുപാട് ചെലവ് ഒന്നും വരില്ല എന്ന്….

വേറെ മാർഗമില്ലാതെ അങ്ങനെ ചെയ്തു..
എത്രയോ പേര് അങ്ങനെയും പ്രസവിക്കുന്നില്ലേ… അവൾ എന്റെ മോൾക്ക് ജന്മം കൊടുക്കുന്നത് വരേയ്ക്കും ആധിയായിരുന്നു… അമ്മയും മോളെയും പൂർണ്ണ ആരോഗ്യത്തോടെ കിട്ടി….

അപ്പോഴാണ് ഒരു കൂട്ടുകാരൻ വന്നിട്ട് ദുബായിൽ ഒരു ജോലിയുണ്ട് ശരിയാക്കി തരട്ടെ എന്ന് ചോദിച്ചത്… ഞാനും നീനയും ഒരുമിച്ച് പറഞ്ഞു വേണ്ട എന്ന്…

ഇവിടെ ഇങ്ങനെയൊക്കെ തട്ടിമുട്ടി പോയാൽ മതി സന്തോഷതോടെ.. ഇപ്പോൾ ഞങ്ങൾ ഈ ചെറിയ ലോകത്ത് സന്തോഷിച്ചു കഴിയാൻ പഠിച്ചിരിക്കുന്നു….

ഒന്നുമറിയാത്ത പൊട്ടിപ്പെണ്ണ് എത്രപെട്ടെന്നാണ് കുഞ്ഞിനെ കുളിപ്പിക്കാനും നോക്കാനും ഒക്കെ പഠിച്ചത്.. എന്ന് അവളോട് പറഞ്ഞപ്പോൾ, കുറുമ്പാട് പെണ്ണെന്റെ കയ്യിൽ നുള്ളി….

ആരും വേണ്ട ഇനി എന്ന് തീരുമാനിച്ചു…. ഞങ്ങൾ മാത്രം മതി എന്ന്….

Leave a Reply

Your email address will not be published. Required fields are marked *