(രചന: ശാലിനി)
“കണ്ടില്ലേ ഒരു ഇരുപ്പ്, അവര് ആ പെങ്കൊച്ചിന്റെ അടുത്തൂന്ന് മാറാതെ അതിന് ഗതി പിടിക്കില്ല..”
മകന് മാത്രം കേൾക്കാവുന്ന സ്വരത്തിൽ പിന്നെയും അവർ എന്തൊക്കെയോ അടക്കം പറഞ്ഞു കൊണ്ടേയിരുന്നു. മരുമകളുടെ ആറ്റുനോറ്റിരുന്ന കടിഞ്ഞൂൽ ഗർഭമാണ്.
കുട്ടികൾ ഉണ്ടാകാൻ കുറച്ചു താമസിച്ചു. ഒരുപാട് പ്രാർത്ഥനയും വഴിപാടുകളും ഒക്കെ നടത്തി. പല ഡോക്ടർമാരെയും കണ്ടു. രണ്ട് പേർക്കും കുഴപ്പമില്ല.
കാത്തിരിക്കുക. ആ സന്തോഷം ഉടനെ ഉണ്ടാകും. അവർ പ്രതീക്ഷ നൽകി മടക്കിയയച്ചു.
കുറച്ചു നാളുകൾ അല്ല, എത്ര നാളുകൾ വേണമെങ്കിലും കാത്തിരിക്കാൻ തയ്യാറായിരുന്നു അവരിരുവരും.
പക്ഷെ ദൈവം അവരെ ഒത്തിരി കാത്തിരിപ്പിച്ചില്ല കേട്ടോ..
ഒരു മീനചൂടിൽ ആണ് ഗായത്രി വടക്ക് വശത്തെ പറമ്പിലെയ്ക്ക് ഓടിയിറങ്ങിയത്.
അവൾ ഇഷ്ടത്തോടെ കഴിച്ച ചെമ്മീൻ തീയലും ചോറുമെല്ലാം വന്ന വഴിയേ വലിയ വലിയ ശബ്ദത്തോടെ പുറത്തേയ്ക്ക് പോയി.
ഓക്കാനത്തിന്റെ ശബ്ദം കേട്ട് വീടിനുള്ളിൽ നിന്ന് അതിലും വേഗത്തിൽ ഒരുപാട് തലകൾ പുറത്തേക്ക് നീണ്ടു വന്നു.
‘ചെമ്മീൻ കൊള്ളത്തില്ലായിരിക്കും.
ഇപ്പോഴത്തെ മീനും പച്ചക്കറിയും എല്ലാം വിഷമല്ലേ.. വിഷം.. ”
ഛർദിച്ച് അവശയായ മരുമകളെ ചുഴിഞ്ഞൊന്ന് നോക്കിയാണ് അവരത് പറഞ്ഞത്.
മുഖത്ത് ഒരു വിളർച്ച ഒക്കെ കാണുന്നുണ്ട്.
ഇനി വിശേഷം വല്ലതും ആണോ ?
ഈ മാസം തീരാനിനി രണ്ടു ദിവസം കൂടിയേയുള്ളൂ. ഇതുവരെ വെളുപ്പിന് കുളിക്കാൻ പോകുന്നത് കണ്ടില്ല.
നോക്കാം എന്തായാലും.
തല കറങ്ങുന്നത് പോലെ തോന്നിയിട്ട് ഗായത്രി കട്ടിലിലേക്ക് മെല്ലെ കിടന്നു.
അവളുടെ മനസ്സിലും ചില സംശയങ്ങൾ നാമ്പിടുന്നുണ്ടായിരുന്നു.
” എന്തായാലും രാവിലെ ഹോസ്പിറ്റലിൽ ഒന്ന് പോകാം.. ”
അവളുടെ തളർന്ന കിടപ്പ് കണ്ടാണ് ഭർത്താവ് അത് പറഞ്ഞത്.
പിറ്റേന്ന് അവരുടെ ദിവസം ആയിരുന്നു. അതായത് കാത്തിരുന്ന ആ വാർത്ത ഡോക്ടറിന്റെ ശബ്ദത്തിൽ കേട്ടത് വിശ്വസിക്കാനാവാതെ രണ്ട് പേരും പരസ്പരം നോക്കി.
അന്ന് വീട്ടിൽ തിരിച്ചെത്തിയ ശേഷം അവളാദ്യം ചെയ്‌തത് അമ്മയെ ഫോൺ വിളിക്കുകയായിരുന്നു.
രണ്ട് വീടുകളിലും അന്ന് സന്തോഷപ്പെരുമഴ തന്നെയായിരുന്നു. അവൾക്ക് ഏറെ ഇഷ്ടപ്പെട്ട ഉണ്ണിയപ്പവും ശർക്കര പെരട്ടിയുമൊക്കെ ഉണ്ടാക്കി അമ്മയും അച്ഛനും അവളെ കാണാൻ പിറ്റേന്ന് തന്നെ ഓടിപ്പാഞ്ഞെത്തി..
അങ്ങനെ പ്രതീക്ഷികളോടെ മുന്നോട്ട് ദിവസങ്ങൾ പോകവേയാണ്
അവൾക്ക് പെട്ടന്ന് വയറ്റിൽ വല്ലാത്ത വേദന തോന്നിയത്.
ബാത്‌റൂമിൽ പോയപ്പോൾ അടിവസ്ത്രത്തിലെ രക്തക്കറകൾ കണ്ട് ഭയന്ന് ഓടി ച്ചെന്ന് ഭർത്താവിനെ വിവരം അറിയിച്ചു.
വെച്ച് താമസിപ്പിക്കണ്ട, ഈ സമയത്ത് ഇങ്ങനെ ഒന്നും വരാൻ പാടില്ലാത്തത് ആണ്. പെട്ടന്ന് ഹോസ്പിറ്റലിൽ പോയി ഡോക്ടറെ ഒന്ന് കണ്ടിട്ട് വരൂ എന്ന് അമ്മ പറഞ്ഞത് കേട്ട് അയാൾ പെട്ടന്ന് ഒരു ടാക്സി വിളിച്ചു വരുത്തി.
പരിശോധനയിൽ, കുറച്ചു റസ്റ്റ് ആവശ്യമാണെന്നും ഒരു ഡ്രിപ് ഇടാമെന്നും ഡോക്ടർ പറഞ്ഞു.
വിവരം അറിഞ്ഞ് സഹോദരിമാരും വേണ്ടപ്പെട്ടവരുമൊക്കെ കാണാൻ എത്തി.
അമ്മയെ മാത്രം ആരും അറിയിച്ചില്ലല്ലോ എന്നവൾ വിഷമത്തോടെ ഓർത്തു.
ഫോൺ ചെയ്‌തു പറയുമ്പോൾ ചുറ്റിനും ഇരുന്നവരുടെ മുഖം എത്ര പെട്ടന്ന് ആണ് ഇരുണ്ടു പോയത് എന്നോർത്ത് അവൾ അതിശയിച്ചു.
അല്ലെങ്കിലും തന്റെ വീട്ടിൽ നിന്ന് ആരെങ്കിലും വരുന്നതോ, സമ്മാനങ്ങൾ കൊണ്ട് വരുന്നതോ ഒന്നും ഭർത്തൃ വീട്ടിലുള്ളവർക്ക് പിടിക്കാറില്ല എന്ന് അവൾ വളരെ നേരത്തെ തന്നെ തിരിച്ചറിഞ്ഞിരുന്നു.
വിവാഹം കഴിപ്പിച്ചു വിട്ടിട്ട് പിന്നെ മകളെ കാണാനെന്നും പറഞ്ഞു എപ്പോഴും കയറി വരേണ്ട ആവശ്യം ഉണ്ടോ എന്നാണ് അവരുടെ രഹസ്യ ചർച്ചകൾ എന്ന് ഗായത്രിയ്ക്ക് എങ്ങനെ സ്വന്തം വീട്ടുകാരോട് പറയാൻ പറ്റും. പ്രത്യേകിച്ച് അവളുടെ അമ്മയോട്!
അവരുടെ ഒരേയൊരു മകളെ കെട്ടിച്ചു വിട്ടതോടെ മകളുടെ മേലുള്ള ബാധ്യതകളെല്ലാം തീരുമോ? മനുഷ്യന്റെ മനസ്സിലിരുപ്പുകളെ കുറിച്ച് അവൾക്ക് ഒന്നും മനസ്സിലാക്കാൻ പറ്റുന്നുണ്ടായിരുന്നില്ല.
വിവരം അറിഞ്ഞെത്തിയ അമ്മയുടെയും അച്ഛന്റെയും മുഖങ്ങളിൽ വല്ലാത്തൊരു പേടിയുണ്ടായിരുന്നു.
എത്ര നാളുകൾ കഴിഞ്ഞ് ഉണ്ടായ ഒരു വിശേഷം ആണ്.. ഒന്നും സംഭവിക്കരുതേ എന്റെ ദേവീ.. അമ്മ മകളുടെ അരികിൽ ഇരുന്ന് കണ്ണുകൾ അടച്ചു കൈ കൂപ്പി പ്രാർത്ഥിച്ചു.
അമ്പലത്തിൽ അവളുടെ പേരിൽ കഴിപ്പിച്ച അർച്ചന പ്രസാദം നെറ്റിയിൽ തൊട്ട് കൊടുത്തു.
ഇതെല്ലാം നിരീക്ഷിച്ച് നിന്നവരുടെ മുഖം കൂടുതൽ കൂടുതൽ കറുത്തു പോയി എന്നല്ലാതെ എന്ത് പറയാൻ !
പിറ്റേന്ന് ഡിസ്ചാർജ് ആകാമെന്ന് ഡോക്ടർ പറഞ്ഞത് കേട്ട് മനഃസമാധാനത്തോടെയാണ് ഗായത്രിയുടെ അച്ഛനും അമ്മയും തിരികെ പോയത്.
പക്ഷെ, പിറ്റേന്ന് രാവിലെ അവൾക്ക് വീണ്ടും ബ്ലീഡിങ് തുടങ്ങി. ഇപ്പോഴുള്ള ഹോസ്പിറ്റലിൽ നിന്ന് മാറ്റി വേറെ ഏതെങ്കിലും നല്ല ഡോക്ടറിനെ കാണിക്കാം എന്ന് ആലോചിക്കുന്നത് കേട്ട് അവൾ വിഷമത്തോടെ കിടന്നു..
അപ്പോഴാണ് അവളോർത്തത് അമ്മ തനിക്ക് കഴിപ്പിച്ച ക്ഷേത്രത്തിലെ പ്രസാദം കബോർഡിൽ ഇരിപ്പുണ്ടല്ലോ എന്ന്.
“ഏട്ടാ.. അവിടെ ഇരിക്കുന്ന ആ പ്രസാദം
ഒന്നെടുത്തു തരുമോ. അമ്മയെന്റെ പേരിൽ
ഇന്നലെ അമ്പലത്തിൽ കഴിപ്പിച്ചതാണ്..”
ഉള്ളിൽ അടക്കിപ്പിടിച്ചിരുന്ന അമർഷം മുഴുവനും അയാൾ പുറത്ത് എടുത്തു.
“ഇതിനെല്ലാം കാരണം നിന്റെ തള്ളയാണ്. അവര് വന്ന് കണ്ടിട്ട് പോയത് കൊണ്ടാണ് ഇപ്പൊ ഇതൊക്കെ സംഭവിച്ചത്..”
ഷോക്കടിച്ചത് പോലെ ഗായത്രി പ്രസാദത്തിനായി നീട്ടിയ കൈകൾ പെട്ടന്ന് പിൻവലിച്ചു.
കേൾക്കരുതാത്തത് കേട്ടത് പോലെയുള്ള ഞെട്ടൽ അവളുടെ മുഖത്ത് അപ്പോഴും തങ്ങി നിന്നു.
“അതെങ്ങനെയാ ആയില്യം നാളല്ലേ ..
അവരുടെ കണ്ണ് പറ്റുന്നിടത്തൊന്നും ഒരു ഗതിയും ഉണ്ടാവില്ല..”
അവളുടെ തൊണ്ടയിൽ നിന്ന് ഒരഗ്നി
ഗോളം എരിഞ്ഞു താഴേക്ക് പോയത് പോലെ..
കണ്ണുകൾ മുളക് അരച്ചു പുരട്ടിയത്
പോലെ നീറിപ്പുകയുന്നു..
എന്നോ ഒരിക്കൽ ഭർത്താവൊന്നിച്ച് അമ്പലത്തിൽ പോയപ്പോൾ അവൾ എല്ലാവരുടെയും പേരിൽ അർച്ചന
കഴിപ്പിച്ചു.
അന്ന് അമ്മയുടെ പേരിനൊപ്പം നാള് പറഞ്ഞു കൊടുക്കുമ്പോൾ ഇങ്ങനെ ഒരു വിഷം ഉള്ളിൽ അയാൾ ഒളിപ്പിച്ചു വെച്ചിരുന്നു എന്നവൾ തിരിച്ചറിയുന്നത് അപ്പോഴായിരുന്നു.
ആയില്യം നാളുകാർ നിൽക്കുന്നിടം മുടിഞ്ഞു പോകുമത്രേ..
അവരുടെ കൺ മുന്നിൽ പെട്ടു പോയാൽ കരിഞ്ഞുണങ്ങി പൊകുമത്രേ..
ഇതൊക്കെയായിരുന്നു തന്റെ ഭർത്താവിന്റെയും വീട്ടുകാരുടെയും ഉള്ളിലിരുപ്പ് എന്ന് ഇപ്പോഴാണ് അവൾക്ക് മനസ്സിലായത്.
ചുമ്മാതല്ല, അമ്മ വരുമ്പോഴൊക്കെ അമ്മായിയമ്മയും, ഭർത്താവും സഹോദരിമാരുമൊക്കെ ഇരുണ്ട മുഖത്തോടെ നിൽക്കുന്നത്.. ഓരോന്ന് ഓർക്കുംതോറും അവൾക്ക് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല.
എല്ലാ മലയാളം ഒന്നാം തീയതിയും അമ്മയെ വിളിച്ചു കയറ്റുന്ന അയല്പക്കത്തെ ചേച്ചിയെ അപ്പോഴവൾ ഓർത്തു.
അവരുടെ വീട്ടിൽ എപ്പോഴോ ഒരിക്കൽ അമ്മ ഓർക്കാതെ കയറി ചെന്നത് ഒരു ഒന്നാം തീയതിയായിരുന്നു.
പക്ഷെ, പിന്നീട് അവർക്ക് ഉണ്ടായ അനുഭവങ്ങൾ അവരെ അതിശയിപ്പിച്ചത്രേ. അതോടെ അവരുടെ വീട്ടിൽ എല്ലാ മലയാളം ഒന്നാം തീയതിയും അമ്മയ്ക്ക് മാത്രമേ പ്രവേശനം ഉണ്ടായിരുന്നുള്ളൂ
പക്ഷെ, ഇപ്പോഴും വിവരം വെച്ചിട്ടില്ലാത്ത കുറെയെണ്ണങ്ങളുണ്ട് തന്റെ ബന്ധുക്കളായിട്ട് ! അവൾ പല്ല് ഞെരിച്ചമർത്തി.
അമർഷവും, ദുഃഖവും, വേദനകളും ഒക്കെ ഓരോന്നായിമനസ്സിലൂടെ കടന്നു പോയി.
ആരോ കുലുക്കി വിളിച്ചപ്പോഴാണ് താനുറങ്ങി പോയത് അവളറിയുന്നത് തന്നെ!
“വേഗം റെഡി ആവ്. ഡിസ്ചാർജ് കിട്ടിയിട്ടുണ്ട്. നമുക്ക് വേറെ ഏതെങ്കിലും നല്ല ഹോസ്പിറ്റലിൽ പോകാം.. ഇവിടെ കിടന്നാൽ ഒരു മാറ്റവും ഉണ്ടാവില്ല.”
ഏട്ടനാണ്. ഒന്നും എതിർത്തു പറയാനുള്ള ശക്തിയില്ല. ആരൊക്കെയോ തന്റെ മേൽ എന്തൊക്കെയോ തീരുമാനങ്ങൾ എടുക്കുന്നു.
ഭർത്താവിന്റെ വീടിനു മുന്നിലാണ് ടാക്സി ചെന്ന് നിന്നത്. വേറൊരു ഹോസ്പിറ്റലിൽ വിളിച്ചു ചോദിച്ചു വിവരങ്ങൾ എല്ലാം പറഞ്ഞു വെച്ചിരുന്നു എന്ന് വീട്ടിലുള്ളവരുടെ സംസാരങ്ങളിൽ നിന്നാണ് അവൾ മനസ്സിലാക്കിയത്.
അവർക്ക് തൊട്ട് പിന്നാലെ എത്തിയ അച്ഛനെയും അമ്മയെയും കണ്ട് അവളൊന്നു ഭയന്നു.
ദൈവമേ..
വീട്ടിലുള്ളവരുടെ മനസ്സിലെ ദുഷിച്ച ചിന്തകളൊന്നും ഇവരറിയാതിരുന്നെങ്കിൽ !
ആരും വലിയ അടുപ്പം കാട്ടലോ, സംസാരങ്ങളോ ഇല്ലെന്ന് അവൾ പ്രത്യേകം ശ്രദ്ധിച്ചു.
ഭർത്താവിന്റെ വലിഞ്ഞു മുറുകിയ മുഖം ഏതു നിമിഷവും പൊട്ടിത്തെറിക്കുമെന്ന് അവൾക്കുറപ്പായിരുന്നു..
അമ്മേ.. ഞാനെങ്ങനെ ആ സത്യം അമ്മയോട് പറയും. എനിക്ക് അതിനുള്ള ശക്തിയില്ലല്ലോ. ഒരമ്മയോട് അല്ലെങ്കിലും മകൾക്ക് പറയാൻ പറ്റുന്ന കാര്യമാണോ അത്..
മനസ്സ് കൊണ്ട് ഒരുപാട് വട്ടം അവൾ അമ്മയോട് മാപ്പിരന്നു. തന്റെ ഗതികേടിൽ അവൾക്ക് സ്വയം നിന്ദ തോന്നി.
അത്യാവശ്യം വേണ്ട ഡ്രെസ്സുകൾ ഒക്കെ പായ്ക്ക് ചെയ്‌തു. കുറച്ചു ദൂരെയുള്ള ഹോസ്പിറ്റലിലേയ്ക്കാണ് പോകുന്നത്.
കൂടെ വരുന്നത് ഭർത്താവിന്റെ മൂത്ത സഹോദരിയാണ്.
പോകാൻ ഒരുങ്ങിയ തന്റെയൊപ്പം ഇറങ്ങിയ അമ്മയെ കണ്ടതും ഭർത്താവിന്റെ വിധം മാറിയത് പെട്ടെന്നായിരുന്നു !
“ഇവരെ കൂടെ കൊണ്ട് പോകാൻ പറ്റില്ല..
വേണേൽ അച്ഛൻ കൂടെ വന്നോട്ടെ.”
“അതെയതെ..അവര് മാത്രം പോയിട്ട് വരട്ടെ. എന്തിനാ എല്ലാരും കൂടെ വെറുതെ പോകുന്നത്”
കിട്ടിയ സമയം പാഴാക്കാതെ അമ്മായിയമ്മ ഗോളടിച്ചു !
മറ്റുള്ളവരുടെയൊക്കെ മുഖങ്ങളിലെ പരിഹാസം കൂടി കണ്ടപ്പോൾ എല്ലാവരുടെയും മുന്നിൽ തന്റെ തൊലിയുരിഞ്ഞു പോകുന്നത് പോലെ..
എല്ലാവർക്കും മുന്നിൽ അപമാനിതയായ സ്വന്തം അമ്മയുടെ രക്തം വാർന്ന മുഖം കണ്ടപ്പോൾ സഹിച്ചില്ല. തോളിൽ കിടന്ന വാനിറ്റി ബാഗ് തറയിലേയ്ക്ക് സർവ്വ ശക്തിയുമെടുത്ത് വലിച്ചെറിഞ്ഞു കൊണ്ടവൾ അലറി.
“എന്റെ അമ്മയെ കൊണ്ട് പോകാത്തിടത്തേയ്ക്ക് ഞാനും വരുന്നില്ല..”
പെട്ടന്ന് ഒരു വല്ലാത്ത നിശബ്ദത അവിടെയാകെ മരവിച്ചു നിന്നു.
അമ്മയുടെ മുഖം പൊത്തിയുള്ള കരച്ചിൽ കണ്ടപ്പോൾ നെഞ്ചു വിങ്ങി.. ഒരമ്മയ്ക്കും ഇങ്ങനെ ഒരപമാനം ഉണ്ടാകരുതേ എന്നവൾ കണ്ണ് നീരിലും ദൈവത്തോട് അപേക്ഷിച്ചു..
പിന്നെ, എന്തൊക്കെയോ പറച്ചിലും ചോദ്യം ചെയ്യലുകളുമൊക്കെ അവിടെ നടന്നു.
അവളൊന്നും കേൾക്കുന്നുണ്ടായിരുന്നില്ല.
ഒടുവിൽ, അവളുടെ കരച്ചിൽ കണ്ട് അമ്മയെയും കൂടെ കൊണ്ട് പോകാൻ അയാൾ സമ്മതിച്ചു. പക്ഷെ, ഒപ്പം വരാൻ അമ്മ തയ്യാറായില്ല.
“വേണ്ട മോളെ, നിങ്ങൾ പോയിട്ട് വാ.. അമ്മയുടെ പ്രാർത്ഥന എപ്പോഴും ഉണ്ടാവും എന്റെ മോൾക്ക്..”
കണ്ണ് നീരിനിടയിലൂടെ അമ്മയുടെ വിളറിയ മുഖം അവ്യക്തമായിരുന്നുവെങ്കിലും ആ നെഞ്ചിലെ തേങ്ങലുകൾ അവൾ വ്യക്തമായും കേട്ടറിഞ്ഞു.
നെഞ്ചു പൊടിയുന്ന വേദനയോടെ ഗായത്രി കാറിലേയ്ക്ക് കയറുമ്പോൾ പുറത്തു യാത്ര അയയ്ക്കാൻ നിന്നിരുന്ന ചില മുഖങ്ങളിൽ
ഒരു വിജയച്ചിരി !
കൊള്ളരുതാത്ത ഒരു നാളുകാരിയെ ഒഴിവാക്കിയതിന്റെ സന്തോഷം ആരും മറച്ചു വെച്ചില്ല. ചുറ്റും തനിക്കെതിരെ പരിഹാസ ശരങ്ങൾ ഉതിർക്കുന്നവരെ തീരെയും ഗൗനിക്കാതെ അവർ നിന്നു.
ഈ തോൽവി മകൾക്ക് വേണ്ടിയുള്ള വിട്ടുകൊടുക്കലിന്റെ തോൽവിയാണ്..
മകളുടെ സന്തോഷം മാത്രം കാണാൻ ആഗ്രഹിക്കുന്ന ഒരമ്മ മനസ്സിന്റെ പിൻവാങ്ങലാണ്..
അകന്ന് പോകുന്ന കാറിലേയ്ക്ക് നോക്കി നിൽക്കുമ്പോൾ ഗായത്രിയുടെ അമ്മയുടെ ഉള്ളിൽ അവശേഷിച്ചത് ഒരു പിടി പ്രാർത്ഥനകൾ മാത്രമായിരുന്നു.