വല്ലാത്ത പെണ്ണ്
(രചന: Sadik Eriyad)
രാവിലെയാണ് അൻവർ ഗൾഫിൽ നിന്നും എത്തിയത്. അന്ന് രാത്രി തന്നെ കൊണ്ട് വന്ന പെട്ടിയെല്ലാം പൊട്ടിച്ച് അതിൽ നിന്ന് കുറെ സാധനങ്ങളെടുത്ത് അൻവർ മാറ്റിവെക്കുന്നത് കണ്ടപ്പോൾ ഭാര്യ തസ്നി ചോദിച്ചു..
എന്തിനാ ഇക്കാ അതെല്ലാം മാറ്റിവെക്കുന്നത്.
ഇതെല്ലാം ഷാഹിദിന്റെ വീട്ടിലേക്കുള്ളതാണ്..
ഇത്രയധികം സാധനങ്ങളൊ. നമ്മുടെ ബന്ധുക്കൾക്കും അയൽക്കാർക്കും ഒക്കെ കൊടുക്കണ്ടേ ഇക്കാ..
തസ്നി നീയൊന്ന് മിണ്ടാതെ നിൽക്കോ..
നീ പറഞ്ഞ ചെയിൻ ഞാൻ കൊണ്ട് വന്നിട്ടുണ്ട് ഇതാ..
ചെയിൻ കണ്ട തസ്നിയുടെ മുഖം സന്തോഷം കൊണ്ട് വിടർന്നു..
അതും കഴുത്തിലണിഞ്ഞ് അലമാരയുടെ ഗ്ലാസിന് മുന്നിൽ പോയി കുറച്ചു നേരം അതിന്റെ ഭംഗിയും ആസ്വാദിച്ച് നിന്ന ശേഷം അൻവറിനരികിലേക്ക് തിരിച്ചു വന്നു..
നാളെ തന്നെ കൂട്ട് കാരന്റെ വീട്ടിലേക്ക് പോണോ ഇക്കാ. ഇന്ന് വന്നിട്ടല്ലെയുള്ളു രണ്ട് മൂന്ന് ദിവസം കഴിഞ്ഞിട്ട് പോയാൽ പോരെ..
പോര തസ്നി. അവസാനമായി അവന്റെ മയ്യത്തിനൊപ്പം നാട്ടിലേക്ക് വരാൻ കഴിയാഞ്ഞതിൽ ഒരുപാട് വേദനയുണ്ടെനിക്ക്…
കുറെ പരിശ്രമിച്ചതാണ് ഞാൻ അവന്റെ മയ്യത്തിനൊപ്പം നാട്ടിലേക്ക് വരാൻ
എത്ര ശ്രമിച്ചിട്ടും എനിക്കതിന് കഴിഞ്ഞില്ല..
നാളെ അവന്റെ ഖബറിനരികിൽ പോണം അവന്റെ ഉമ്മാനെയും ഭാര്യയെയും അവന്റെ കുഞ്ഞ് മോളെയും കാണണം..
പിന്നെ അവിടേക്ക് എടുത്ത് വച്ച ഈ സാധനങ്ങൾ. ഇതെന്നെല്ല അവന്റെ വീട്ടിലേക്ക് ഞാൻ എന്ത് കൊടുത്താലും ഒന്നും കൂടുതലാകില്ല..
ഞാനിന്ന് മരുഭൂമിയിൽ കിടന്ന് ജോലി ചെയ്യാൻ കിട്ടിയ ഈ ആരോഗ്യത്തിന്റെ ഒരു പങ്ക് അവന്റെ ഉമ്മ വെച്ച് വിളമ്പി തീറ്റിച്ച ഭക്ഷണത്തിന്റേത് കൂടിയാണ്..
ഉമ്മയില്ലാത്ത എനിക്ക് കിട്ടിയ ഉമ്മാന്റെ സ്നേഹം…
നീ എന്റെ ജീവിതത്തിലേക്ക് വന്നിട്ട് അധിക നാൾ ആയിട്ടില്ലല്ലൊ തസ്നി…
ഇക്കാന്റെ വെറുമൊരു ചങ്ങാതിയായ ഷാഹിദിനെയല്ലെ നിനക്കറിയൂ.
നീ കരുതുന്നതിലും ഒത്തിരി വിലയുണ്ടായിരുന്നു ഞങ്ങടെ സൗഹൃദത്തിന്..
നിനക്കറിയില്ല കഴിഞ്ഞു പോയ ഞങ്ങടെ ചെറുപ്പ കാലത്തെ കുറിച്ച്.. മ ദ്ര സക്കാലം മുതൽ എന്റെ ഏറ്റവും നല്ല കൂട്ട് കാരനായിരുന്നു അവൻ ഒരിക്കൽ പോലും ഞാനുമായൊന്ന് പിണങ്ങിയിട്ടില്ലാത്തവൻ..
വീട്ടിലെ പ്രയാസങ്ങൾ കൊണ്ട് പഠിപ്പ് ഞങ്ങൾക്ക് നേരത്തെ അവസാനിപ്പിക്കേണ്ടി വന്നു..
പല പല കൂലി വേലകൾക്കും ഞങ്ങൾ ഒരുമിച്ചാണ് പോയിരുന്നത്..
നമ്മുടെ കല്യാണത്തിന് ഫോട്ടോ എടുക്കാൻ നിന്ന ആ പുഴക്കടവ് നിനക്കോർമ്മയില്ലെ…
അവിടെയായിരുന്നു ചെറുപ്പം മുതൽ ഞങ്ങൾ ഒരുമിച്ച് കൂടിയിരുന്ന്
ഒരുപാട് സ്വപ്നങ്ങൾ നെയ്തെടുത്ത ഞങ്ങടെ വിശ്രമകേന്ദ്രം..
കുറച്ച് വർഷങ്ങൾക്ക് മുൻപ് ഒരു വെള്ളിയാഴ്ച്ച വൈകുന്നേരം അവിടെ ഞങ്ങൾ ഒത്തു കൂടി. അന്ന് ഞാൻ അവനോട് പറഞ്ഞു കൊടുത്തത് അന്നത്തെ ജുമാ നമസ്കാരത്തിന് മുൻപ് ഖത്തീബ് ഖുതുബയിൽ പ്രസംഗിച്ച യതീം മക്കളെ കുറിച്ചുള്ള കാര്യങ്ങളായിരുന്നു..
എന്ത് കഥകൾ എവിടെ നിന്ന് കേട്ടാലും അത് ഓർത്ത് വച്ച് പരസ്പരം പറയുന്നത് ഞങ്ങളുടെ പതിവായിരുന്നു..
അന്ന് എന്തോ കാര്യത്തിന് ടൗണിൽ പോയ അവൻ അവിടെയുള്ള പള്ളിയിലാണ് ജുമാ നമസ്കരിച്ചത്..
ഖത്തീബ് പറഞ്ഞ ഹൃദയം വിങ്ങുന്ന യത്തീമായൊരു കുട്ടിയുടെ കഥ എന്റെ ഓർമകളിൽ പതിഞ്ഞ രീതിയിൽ അവനോട് പറയുമ്പോൾ ഞാൻ കണ്ടു.
നിറഞ്ഞ് തുളുമ്പുന്ന അവന്റെ കണ്ണുകൾ..
അന്നെല്ലാം വേദന നിറഞ്ഞ എന്ത് കഥകൾ കേട്ടാലും പെട്ടന്ന് കരയുമായിരുന്നു അവൻ…
അന്ന് അവിടെന്ന് പിരിയാൻ നേരം അവൻ എന്നോട് പറഞ്ഞു. എടാ ഞാനൊരു യത്തീമായ കുട്ടിയെ കല്യാണം കഴിക്കാത്തൊള്ളൂട്ടൊ..
അന്ന് എന്ത് പറഞ്ഞാലും നമുക്ക് ചെയ്യാമെടാ എന്ന് പറയുന്ന ഞാനും അവന് വാക്ക് കൊടുത്തു.. പടച്ചോന്റെന്ന് വലിയ കൂലികിട്ടുന്ന കാര്യമല്ലെടാ ഞാനും അങ്ങനെ തന്നെ കല്യാണം കഴിക്കത്തൊള്ളൂ എന്ന്…
കാലം കുറേ കഴിഞ്ഞു പോയിട്ടും അന്ന് പറഞ്ഞ വാക്കുകൾ അവൻ മറന്നിരുന്നില്ല.. ആരോരുമില്ലാത്ത ഒരു അനാഥ കുട്ടിയെ അവൻ യത്തീങ്കാനയിൽ നിന്ന് കല്യാണം കഴിച്ചു…
ആരോടും വെറുപ്പില്ലാത്ത ഒന്നിനോടും അമിതമായ മോഹമില്ലാത്ത. എല്ലാവരെയും സ്നേഹിക്കാൻ മാത്രമറിയുന്ന അവന്റെ മനസ്സ് അത്രക്ക് ശുദ്ധമായിരുന്നു. അത് എന്നെ പോലെ തിരിച്ചറിഞ്ഞവർ വേറെ ഉണ്ടാകില്ല തസ്നി..
എത്ര വലിയ പ്രയാസത്തിലൂടെയും കുടുംബ ജീവിതം സന്തോഷത്തോടെ മുന്നോട്ട് കൊണ്ട് പോയിരുന്നവൻ..
ഞാൻ ഗൾഫിലെത്തിയ നാൾ മുതൽ അവനോട് പലപ്പോഴും പറയുമായിരുന്നു ഷാഹിദെ ഞാൻ നിനക്കൊരു വിസ ശരിയാക്കി തരാം നീ ഗൾഫിലേക്ക് വാടായെന്ന്…
നാട് വിട്ട് നിൽക്കാൻ ഒട്ടും ഇഷ്ട്ടമില്ലാതിരുന്ന അവൻ എന്നോടപ്പോൾ പറയും.
എനിക്ക് ഈ നാടും വീടും വിട്ട് വരാൻ താല്പര്യമില്ല അൻവറെ. ഉള്ളത് കൊണ്ട് ഇവിടെ ജീവിച്ച് പോകാമെന്ന്. അങ്ങനെ പറഞ്ഞിരുന്ന അവന്റെ മനസ്സ് മാറിയത് എന്ത് കൊണ്ടാണെന്നോ..
അവൻ ഗൾഫിലേക്ക് വരുന്നതിന് നാലഞ്ച് മാസം മുൻപ് ഞാനവനെ വിളിച്ചിരുന്നു അന്നവൻ എന്നോട് പറഞ്ഞു..
അൻവറെ ഞാനും വരാമെടാ ഗൾഫിലേക്ക് എന്ത് ജോലിയായാലും കുഴപ്പമില്ല. ഇവിടെ എത്ര പണിയെടുത്തിട്ടും നാളേക്കെന്ന് പറഞ്ഞ് പത്ത് രൂപ എടുത്ത് വെക്കാൻ കഴിയുന്നില്ലെടാ..
ഇങ്ങനെ പോയാൽ ഈ ജന്മം എന്നെക്കൊണ്ട് ഒരു വീട് പണിയാൻ കഴിയില്ല വീട് ആകെ പൊളിഞ്ഞു തുടങ്ങി അൻവറെ. പിന്നെ എന്റെ മോളും വളരുകയല്ലെ എന്ന്..
അതെ തസ്നി സ്വന്തം നാടും വീടും വിട്ട് നിൽക്കാൻ അവനെ പോലെ പലർക്കും ഇഷ്ട്ടമല്ല. എന്നിട്ടും ആളുകൾ പ്രവാസിയാകുന്നത് അവൻ പറഞ്ഞത് പോലെയുള്ള പല സ്വപ്നങ്ങളും ഉള്ളിൽ വെച്ച് കൊണ്ടാണ്..
ഏതൊരു മനുഷ്യനും നാട് വിട്ട് മറ്റൊരു നാട്ടിൽ പോയി കഷ്ടപ്പെടുന്നത് അവന്റെ കുടുംബത്തിന്റെ സുന്ദരമായ ജീവിതം സ്വപ്നം കണ്ട് കൊണ്ടാണ്…
പക്ഷെ എന്റെ കൂട്ട്കാരൻകണ്ട സ്വപ്നങ്ങളുമായ്. ഒരു ഹൗസ് ഡ്രൈവർ വിസയിൽ അവിടെ വന്നിട്ട് ഒരു മാസം തികയുന്നതിന് മുന്നെ അവനീ ലോകത്ത്ന്ന് പോയില്ലെ..
അവന്റെ ഉമ്മയേയും പെണ്ണിനേയും ബുദ്ദിയുറക്കാത്ത അവന്റെ പൊന്ന് മോളെയും തനിച്ചാക്കി അവന്റെ സ്വപ്നങ്ങൾ നിറവേറ്റാൻ കഴിയാതെ അവൻ പോയി.. അവന്റെ ആ പൊന്ന് മോള് കുഞ്ഞിലെ തന്നെയൊരു യത്തീമായില്ലെ തസ്നി..
ഇത്ര പെട്ടന്ന് ഒരു നെഞ്ച് വേദനയുടെ രൂപത്തിൽ എന്തിനാണല്ലെ പടച്ചോൻ അവനെ കൊണ്ട് പോയത്..
നിറഞ്ഞു വന്ന തന്റെ കണ്ണുകൾ അൻവർ തുടക്കുമ്പോൾ.
തസ്നി പുതിയ മാലയുടെ ഭംഗി ആസ്വദിക്കുകയായിരുന്നു.
പിറ്റേന്ന് കൂട്ട് കാരന്റെ വീട്ടിലേക്ക് പോകാൻ തയ്യാറെടുക്കുമ്പോൾ അണിഞ്ഞൊരുങ്ങി വന്ന തസ്നിയെ കണ്ട അൻവർ പറഞ്ഞു..
എന്താ തസ്നിയിത് നമ്മളൊരു മരണം നടന്ന വീട്ടിലേക്കല്ലെ പോകുന്നത് എന്തിനാ ഈ സ്വർണ്ണമെല്ലാം അണിഞ്ഞു കൊണ്ട് പോകുന്നത്..
അതിന് ഞാൻ ഈ വളയും മാലയും മാത്രമെ ഇട്ടിട്ടൊള്ളു ഇക്കാ…
അവിടെ ഇതൊന്നും കാണാൻ ആരുമില്ല പെണ്ണെ..
അൻവറിനെ കൊണ്ട് പിന്നെയൊന്നും പറയിക്കാതിരിക്കാൻ വേണ്ടി തസ്നി പറഞ്ഞു..
ഇക്കാ ഈ മാല സൂപ്പറാട്ടോ ഞാൻ ആഗ്രഹിച്ചതിലും അടിപൊളി..
ഇതിനോടിനി എന്ത് പറഞ്ഞിട്ടും കാര്യമില്ലായെന്ന് അൻവർ മനസ്സിൽ പറഞ്ഞു കൊണ്ട് ചെറിയ അമർഷത്തിലും എല്ലാം മനസ്സിലടക്കി അവൻ യാത്ര തിരിച്ചു…
ഷാഹിദിന്റെ വീടിന് മുന്നിൽ വണ്ടി നിറുത്തി ഇറങ്ങുമ്പോൾ ആ വീട് കണ്ട് അൻവർ മനസ്സിൽ പറഞ്ഞു..
ആകെ പൊളിഞ്ഞു തുടങ്ങിയല്ലൊ.
നല്ലൊരു വീടെന്ന അവന്റെ സ്വപ്നം പൂവണിയാതെ അവൻ പോയല്ലൊ റബ്ബെ..
ഏറെ നേരം ഷാഹിദിന്റെ ഉമ്മയെയും ഭാര്യയെയും സമാധാനിപ്പിച്ച്.
അവന്റെ കുഞ്ഞ് മോളെ കളിപ്പിച്ച് ഇറങ്ങാൻ നേരം ഉമ്മയെ വിളിച്ച് കുറച്ച് രൂപ അവരുടെ കയ്യിൽ വെച്ച് കൊടുത്ത് അൻവർ പറഞ്ഞു..
എന്റെ ചില പ്രവാസി സുഹൃത്തുക്കളോട് ഞാൻ പറഞ്ഞിട്ടുണ്ട്. പിന്നെ എന്നെകൊണ്ട് കഴിയുന്നതും..
ഇൻശാ അല്ലാഹ് അടുത്തമാസം നമ്മൾ വീടിനുള്ള പണിതുടങ്ങും ഉമ്മാ.. വീടെന്ന അവന്റെ സ്വപ്നം പെട്ടന്ന് പൂവണിയട്ടെ.
പിന്നീടുള്ള ജീവിതമല്ലെ അത് ഞാൻ നോക്കി കൊള്ളാം ഉമ്മാ…
ഉമ്മ വിഷമിക്കണ്ട ഉമ്മയുടെ ഒരു മകനെ മാത്രമെ അള്ളാഹു കൊണ്ട് പോയിട്ടുള്ളൂ. അൻവർ അത് പറയുമ്പോൾ ഉമ്മ അവനെ കെട്ടിപ്പിടിച്ച് കരയുകയായിരുന്നു..
അവരോട് യാത്രയും പറഞ്ഞ് തിരിച്ചു പോരുമ്പോൾ. യാത്രക്കിടയിൽ തസ്നി അൻവറിനോട് പറഞ്ഞു ഇക്കയോട് ചോദിക്കാതെ ഞാൻ ഒരു കൂട്ടം ചെയ്തിട്ടുണ്ട്. തെറ്റായെങ്കിൽ ഇക്ക എന്നോട് ക്ഷമിച്ചേക്കണേ..
എന്റെ വളകൾ ഞാൻ ഷാഹിദിന്റെ ഉമ്മയുടെ കയ്യിൽ ഊരികൊടുത്തു ഇക്കാ.. പിന്നെ ഇന്നലെ ഇക്ക കൊണ്ട് വന്ന ആ മാലയില്ലെ. അത് ഞാൻ ആ കുഞ്ഞ് മകളുടെ കഴുത്തിൽ ഇട്ട് കൊടുത്തുട്ടൊ..
അത് കേട്ടപ്പോൾ അൻവർ വണ്ടി സൈഡിലേക്ക് ഒതുക്കി നിർത്തി തസ്നിയുടെ കഴുത്തിലേക്ക് നോക്കി..
അൻവർ കഴുത്തിലേക്ക് നോക്കുന്നത് കണ്ടപ്പോൾ തസ്നി പറഞ്ഞു.
ഷാഹിദിന് ഗൾഫിലേക്ക് വരാൻ ടിക്കറ്റിനുള്ള കാശ് കൊടുത്തത്
ഷാഹിദിന്റെ ഭാര്യക്ക് ആകെ ഉണ്ടായിരുന്ന കമ്മലും ആ കുഞ്ഞു മോളുടെ ചെറിയ മാലയും വിറ്റിട്ടാണെന്ന് ഉമ്മ പറഞ്ഞു…
ആ വളകൾ വിറ്റിട്ട് മരുമകളുടെ കാതിൽ ഒരു ജോഡി കമ്മല് വാങ്ങി ഇട്ട് കൊടുക്കാൻ പറഞ്ഞു..
ഭാര്യയുടെ നിഷ്കളങ്കമായ സംസാരം കേട്ട്. പുഞ്ചിരിയോടെ അവളെ തന്നിലേക്ക് അടുപ്പിച്ച് നെറ്റിയിൽ രണ്ട് മൂന്ന് മുത്തം നൽകി കൊണ്ട് അൻവർ പറഞ്ഞു.. എന്റെ തസ്നി നീയൊരു വല്ലാത്ത പെണ്ണ് തന്നെയാ…