(രചന: Rinna Jojan)
“ഈ തള്ളയെ എവിടെയെങ്കിലും കൊണ്ടുപോയി കൊന്നുകളയാതെ ഇനി ഇങ്ങോട്ടു കയറി പോവരുത് ”
ഭാര്യയുടെ താക്കീതിന് മുമ്പിൽ തോറ്റ അയാൾ പ്രായമായ അമ്മയേയും കൊണ്ട് മലമുകളിലേ വിജനമായ സ്ഥലത്ത് അമ്മയെ കൊല്ലാൻ കൊണ്ടുപോയി…
അമ്മയോട് മാപ്പപേക്ഷിച്ച് തനിക്ക് ജീവിക്കാൻ ഇതു ചെയ്യുകയല്ലാതെ നിവൃത്തിയില്ലെന്ന് പറഞ്ഞ് അയാൾ തന്റെ അമ്മയെ കൊന്നു.
കൊന്നതിന് തെളിവിനായി ഹൃദയം ചൂഴ്ന്നെടുത്ത് കൊണ്ടുവരണമെന്ന ഭാര്യയുടെ നിർദേശമനുസരിച്ച് ചൂഴ്ന്നെടുത്ത ഹൃദയവുമായി അയാൾ കുന്നിറങ്ങി….
ഇറക്കത്തിലെപ്പോഴോ കാൽ തെറ്റി അയാൾ വീണു…. കൈയ്യിലിരുന്ന അമ്മയുടെ ഹൃദയം ദൂരെ എവിടെയോ തെറിച്ചുവീണു….
വീണിടത്തു നിന്നും എണീറ്റ അയാൾ ഹൃദയം തിരഞ്ഞു നടന്നു… “മോനെ വീണപ്പോൾ നിനക്കെന്തെങ്കിലും പറ്റിയോ” എന്ന ചോദ്യം കേട്ടാണ് അയാൾ ആ കുറ്റിക്കാട്ടിലേക്ക് നോക്കിയത്…
അത് തന്റെ അമ്മയുടെ ഹൃദയമായിരുന്നു….. ചൂഴ്ന്നെടുത്തിട്ടും മകനു വേണ്ടി മിടിക്കുന്ന അമ്മയുടെ ഹൃദയം….
താൻ ഒരു ദയയുമില്ലാതെ കൊന്നുകളഞ്ഞിട്ടും തന്റെ അമ്മയുടെ ഹൃദയം തന്റെ വേദനയറിയുന്നത് കണ്ട ആ മകൻ ഒരു ഭ്രാന്തനായാണ് തിരിച്ചു വീട്ടിലെത്തിയത്…………
ഇത് കഥ… വർഷങ്ങൾക്ക് മുമ്പ് അമ്മ പറഞ്ഞു തന്നത്….
സ്വന്തം മക്കൾ കൊന്നുകളഞ്ഞാൽ പോലും ഒരമ്മക്കും മക്കളെ വെറുക്കാനാവില്ലെന്നും ഉപേക്ഷിക്കാനാവില്ലെന്നും പഠിക്കാനുള്ള വെറും കഥ……
ഇന്ന് കാലം മാറി…. സ്വന്തം കുഞ്ഞിനെ കാമുകന് ഉപയോഗിക്കാൻ കൊടുക്കുന്ന അമ്മയിലേക്ക്
മകളെ കൊല്ലാൻ കാമുകനു കൂട്ടുനിന്ന അമ്മയിലേക്ക്
കുഞ്ഞിനെ ഞാൻ ഇന്ന സ്ഥലത്ത് ഉപേക്ഷിച്ചിട്ടുണ്ടെന്നും വേണമെങ്കിൽ പോയി കൊണ്ടുവന്നോളൂ എന്ന് പറഞ്ഞ അമ്മയിലേക്ക്
സ്വത്തിന് വേണ്ടി വെറും പതിനാല് വയസ്സുള്ള കുഞ്ഞിനെ ഞാൻ കൊന്നുവെന്ന് പറയുന്ന അമ്മയിലേക്ക്,
വേവിച്ച ചിക്കന്റെ കാല് പറിച്ചെടുക്കുന്ന ലാഘവത്തോടെ സ്വന്തം മകനെ വേവിച്ച് അവയവങ്ങൾ പിഴുതെടുക്കുന്ന അമ്മയിലേക്ക് നമ്മുടെ കൊച്ചു കേരളം വളർന്നു…. അതോ ചുരുങ്ങിയോ?????
സ്വന്തം മക്കൾക്ക് ഒരു കുഞ്ഞു മുറിവ് പറ്റിയാൽ പോലും സഹിക്കാനാവാത്ത അമ്മമാരും ലോകത്തുണ്ടെന്ന് ചിന്തിക്കാതെ തന്നെ പ്രസവിച്ചതും തന്റെ കുഞ്ഞുങ്ങളെ പ്രസവിച്ചതും
തന്റെ കുഞ്ഞു പെങ്ങളും പെണ്ണാണെന്ന് ചിന്തിക്കാതെ ഇതാണ് സ്ത്രീ ഇതാണ് അമ്മ, കാമുകനു വേണ്ടി സ്വത്തിനു വേണ്ടി,
അവിഹിതത്തിനു വേണ്ടി സ്വന്തം മക്കളെ കൊല്ലാൻ മടിക്കാത്തവർ എന്നൊക്കെയുള്ള കുറ്റപ്പെടുത്തലുകൾ ഒരുപാടു പുരുഷപ്രജകളിൽ നിന്നും കേട്ടു…..
ഇങ്ങനുള്ള പുച്ഛ ഹാരങ്ങൾ എല്ലാ സ്ത്രീ സമൂഹത്തിനും ചാർത്തി തരാൻ ഇനിയും തുനിഞ്ഞിറങ്ങുന്നവരുണ്ടെങ്കിൽ അവരോടുള്ള അപേക്ഷയാണ്….
നിങ്ങൾ ആ കുഞ്ഞിനെ ഒമ്പതു മാസം ക്ഷമയോടെ കാത്തിരുന്നതല്ലേ..?
അതിനെ ഈ ഭൂമിയിലെത്തിക്കാൻ നിങ്ങളൊരുപാട് വേദന സഹിച്ചതല്ലേ????
അതിനേക്കാൾ വലിയ എന്ത് പുണ്യമാണ് പിന്നീടുള്ള ജീവിതത്തിൽ നിന്ന് നിങ്ങൾക്ക് കിട്ടാൻ പോവുന്നത്.?
ഒരു ദിവസം പോലും മനസ്സമാധാനത്തോടെ ജീവിക്കാനാവുമോ? അങ്ങനെ ചെയ്തവരൊക്കെ ഇപ്പോ അനുഭവിക്കുന്നത് സന്തോഷം തന്നെയാണോ ?
ഇങ്ങനെ ഒരു പാട് ചോദ്യങ്ങൾക്ക് ഉത്തരം കിട്ടിയതിന് ശേഷം മാത്രം ഇറങ്ങി തിരിക്കൂ…. നിങ്ങൾ ചെയ്യുന്നതിന്റെ പാപഭാരം ചുമക്കാൻ വയ്യാത്തോണ്ട് പറയുന്നതാ…..