അച്ഛൻ വേറെ കല്യാണം കഴിച്ചിട്ടുണ്ട്. അവിടെ ഞാൻ ഒരു ബുദ്ധിമുട്ട് ആണെന്ന് തോന്നിയപ്പോ അച്ഛനും ചെറിയമ്മേം കൂടി എന്നെ അമ്മമ്മേടെ വീട്ടിൽ നിർത്തി.

(രചന: പുഷ്യാ. V. S)

അമ്മയുടെ നിർബന്ധം സഹിക്ക വയ്യാതെ ആണ് അനിരുദ്ധൻ അന്ന് അമ്പലത്തിലേക്ക് എത്തിയത്. പൊതുവെ ക്ഷേത്ര കാര്യങ്ങളിൽ ഒന്നും വല്യ താല്പര്യം ഇല്ലാതെ ആയിട്ട് വർഷങ്ങൾ കഴിഞ്ഞു.

ഇന്ന് ഇത്ര ദൂരെയുള്ള അമ്പലത്തിൽ അമ്മയ്ക്ക് തനിയെ പോകാൻ വയ്യ എന്ന് പറഞ്ഞിട്ട് തന്നെ നിർബന്ധിച്ചു കൂട്ട് വിളിച്ചത് ആണ്.

കാർത്തിക ദിവസം ആയതിനാൽ ക്ഷേത്രത്തിന്റെ ചുറ്റിലും എണ്ണിയാൽ തീരാത്ത അത്രയും മൺചിരാതുകൾ തെളിഞ്ഞു നിൽക്കുന്നുണ്ട്. നേരം സന്ധ്യ കഴിഞ്ഞു.

ക്ഷേത്രത്തിൽ നല്ല തിരക്കുണ്ട്. അനിരുദ്ധൻ മടുപ്പോടെ അമ്മയെയും പ്രതീക്ഷിച്ചു ഒതുങ്ങി നിൽക്കുകയാണ്. അപ്പോഴാണ് ആ വിളക്കുകളുടെ പ്രകാശത്തിൽ അവൻ ആ മുഖം തെളിഞ്ഞു കണ്ടത്. “പത്മ ”

ഓഫീസിൽ ജോയിൻ ചെയ്ത കാലത്ത് സ്ഥിരം കണ്ടുമുട്ടിയവൾ. വളരെ നാളിന് ശേഷം കണ്ടതാണ് ഇന്ന്. അവന് വിശ്വസിക്കാനായില്ല.

പഠനം കഴിഞ്ഞു ഉടനെ തന്നെ താൻ ഒരു ഓഫീസിൽ ടെസ്റ്റ്‌ എഴുതി കയറിപ്പറ്റി. അത്യാവശ്യം വലിയ ഓഫീസ് ആയതിനാൽ അവിടെ അഞ്ചാറു ചേച്ചിമാർ ക്ലീനിങ് സ്റ്റാഫ്‌ ആയിട്ട് ഉണ്ടായിരുന്നു.

അവർക്ക് വസ്ത്രം മാറാനും ആഹാരം കഴിക്കാനും ഒക്കെ സൌകര്യത്തിന് ചെറിയ ഒരു മുറിയും ഓഫീസിന്റെ ഒരു കോണിലായി ഉണ്ടായിരുന്നു.

ഞങ്ങളുടെ ഒക്കെ വർക്കിംഗ്‌ ക്യാബിനിൽ നിന്ന് നോക്കിയാൽ കാണാൻ ആവാത്ത തരത്തിൽ മാറി ആയിരുന്നു ആ മുറി. എംപ്ലോയീസിന് കുടിക്കാനായ് ക്യാനിൽ വെള്ളം വച്ചിരിക്കുന്നത് അവരുടെ മുറിയുടെ ഫ്രണ്ടിൽ ആണ്. അതിനാൽ ഇടയ്ക്ക് താനും അങ്ങോട്ടേക്ക് പോകാറുണ്ടായിരുന്നു.

അങ്ങനെ ഒരു ദിവസം പതിവില്ലാതെ അവിടെ ജോലിക്കാരുടെ കൂട്ടത്തിൽ ഒരു ചെറിയ പെൺകുട്ടി ഇരിക്കുന്നത് കണ്ടു.

ഊണ് നേരം ആണ്. അവൾ അവരോടൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കുന്നു. ആരുടെയെങ്കിലും മകൾ ആയിരിക്കും എന്ന് ഓർത്ത് അനിരുദ്ധൻ തിരികെ നടന്നു.

പിറ്റേ ദിവസവും അവൾ അവിടെ ഉണ്ട്. കയ്യിൽ ഒരു ബുക്ക്‌ ഉണ്ട്. അരികിൽ ബാഗും. ആള് പഠിത്തം ആണ്. അവന് ആകെ ഒരു കൗതുകം തോന്നി.

“”പത്മാ… അമ്മാമ്മ ബാത്രൂം കഴുകിയിട്ടു വരാം. മോള് ഇവിടിരുന്നു പഠിച്ചോ.”” അതും പറഞ്ഞു ഇന്ദിര ചേച്ചി റൂമിൽ നിന്ന് ഇറങ്ങി വന്നത് അനിരുദ്ധൻ കണ്ടു.

ശെരിക്കും അവർക്ക് അധികം പ്രായം ഉണ്ടെങ്കിലും അവിടെ തൂക്കാൻ വരുന്ന സ്ത്രീകളെയൊക്കെ ഒരുപോലെ ചേച്ചി എന്ന് സംബോധന ചെയ്തു ശീലമായതാണ്.

“” ചേച്ചിടെ കൂടെ വന്നതാണോ ഈ കുട്ടി “” അനിരുദ്ധൻ ചോദിച്ചു

“” ആഹ് സാറെ. എന്റെ മോൾടെ കുട്ടിയാ. ഇപ്പൊ പ്ലസ് ടു പരീക്ഷ ആവാറായി. സ്റ്റഡി ലീവ് ആയിട്ട് നിക്കുവാ. വീട്ടിൽ ഒറ്റയ്ക്ക് നിർത്തിയാൽ ശെരിയാവില്ല. അതാ ഇങ്ങ് കൂടെ കൂട്ടിയത് “” അവർ പറഞ്ഞു.

അനിരുദ്ധൻ അവളെ നോക്കി.അവൾ ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റു അവനെ നോക്കി ചെറുതായി ചിരിച്ചു.

“” താൻ പഠിക്കുവായിരുന്നില്ലേ… എണീക്കണ്ട പഠിത്തം നടക്കട്ടെ “” അതും പറഞ്ഞു അവൻ അവിടെ നിന്നും പോയി

പിന്നീട് എല്ലാ ദിവസവും അവൻ അവളെ കണ്ടു. അധികം മിണ്ടാത്ത പ്രകൃതം. എപ്പോ നോക്കിയാലും പുസ്തകം കയ്യിൽ ഉണ്ടാകും.

ഒരു ദിവസം താൻ അങ്ങോട്ട് ചെന്നപ്പോൾ അവൾ ബുക്കും മടിയിൽ വച്ചു ഫോൺ സ്പീക്കർമോഡിൽ ഇട്ട് അരികിൽ വച്ചിരിക്കുകയാണ്.

“” എടാ ഒന്നൂടെ പറഞ്ഞേ. എനിക്ക് മനസിലായില്ല. ഇതിൽ ഏത് സ്റ്റെപ് ഇന്റഗ്രേറ്റ് ചെയ്യാൻ. ഇത് കുറേ ഉണ്ടല്ലോ.

“” എന്റെ പത്മേ നീ ഈ ഫോൺ ചെയ്തു ആ സ്റ്റെപ് ഈ സ്റ്റെപ് എന്നൊക്കെ പറഞ്ഞാൽ ഞാൻ ഇവിടിരുന്നു എങ്ങനെ പറഞ്ഞു തരാനാ. നിനക്ക് എവിടെയാ തെറ്റിയെ എന്നെങ്കിലും കണ്ടാൽ അല്ലെ എനിക്ക് പറഞ്ഞു തരാൻ പറ്റൂ.

അറ്റ്ലീസ്റ്റ് നീ ചെയ്തോണ്ടിരിക്കുന്ന പ്രോബ്ലം ഒന്ന് ഫോട്ടോ എടുത്തു അയക്കേ എങ്കിലും ചെയ്യ് “” ഫോണിന്റെ മറുതലയ്ക്കൽ കൂട്ടുകാരി ആണെന്ന് അനിരുദ്ധന് മനസിലായി.

“” നിനക്ക് അറിയാല്ലോ ഇത് അമ്മാമ്മേടെ ഒരു കുഞ്ഞു ഫോണാ. ഇതിൽ ഫോട്ടോ എങ്ങനെയാ അയക്കുന്നെ. ആ കുഴപ്പം ഇല്ല നീ പഠിച്ചോ. ഞാൻ ഇത് കിട്ടോ എന്ന് ഒന്നൂടെ നോക്കട്ടെ “” പത്മ ഫോൺ വച്ചു.

“” എന്താണ് ഇന്റഗ്രേഷനും ആയി യുദ്ധം ആണോ “” റൂമിന്റെ പുറത്തു നിന്ന് അനിരുദ്ധൻ വിളിച്ചു ചോദിച്ചു. പെട്ടന്നുള്ള ശബ്ദം കേട്ട് അവൾ ചെറുതായ് ഒന്ന് ഞെട്ടി ആണ് തിരിഞ്ഞത്.

“” ഓഹ് സർ ആയിരുന്നോ… “” അവൾ ചിരിച്ചുകൊണ്ട് എഴുന്നേറ്റു.

“” ഇയാള് എന്താ ഇവിടെ എന്റെ കീഴ്ഉദോഗസ്ഥയോ സാറേന്ന് ഒക്കെ വിളിക്കാൻ. നീ ഇവിടുത്തെ സ്റ്റാഫ്‌ പോലും അല്ലല്ലോ ചേട്ടാ എന്ന് വിളിച്ച മതി”” അവൻ പറഞ്ഞു.

“” ചേട്ടാ അത് ഫ്രണ്ടിനെ വിളിച്ചു സംശയം ഒക്കെ ചോദിക്കുവായിരുന്നു. മറ്റന്നാൾ എക്സാം തുടങ്ങും ആദ്യം മാത്‍സ് ആണ്. അതാ ഇന്റഗ്രേഷനും ആയിട്ട് യുദ്ധം “” അവൾ കുറുമ്പോടെ പറഞ്ഞു.

“” എന്നിട്ട് യുദ്ധം ജയിചോ. ഫ്രണ്ട് വച്ചിട്ട് പോയല്ലോ. ഞാൻ ഒന്ന് നോക്കട്ടെ “” അതും പറഞ്ഞു അവൻ ബുക്ക്‌ എടുത്തു ആകെ മൊത്തം ഒന്ന് നോക്കി. എന്നിട്ട് കണ്ണിൽ പെട്ട ഒരു തെറ്റ് തിരുത്തികൊടുത്തു ബാക്കി ചെയ്യാൻ പറഞ്ഞു കൊടുത്തു.

“” കൊള്ളാലോ ചേട്ടന് ഇപ്പോഴും ഇതൊക്കെ ഓർമ ഉണ്ടോ. കുറേ കാലം ആയില്ലേ പഠിച്ചിട്ട് “”അവൾ ചോദിച്ചു

“” കുറേ കാലം ആയില്ലേ എന്ന് ചോദിച്ചാൽ… ആഹ് ഒരു അഞ്ചു വർഷം ആയി. പക്ഷേ ഞാൻ പ്ലസ് ടു കഴിഞ്ഞു ഡിഗ്രി സമയത്തു ട്യൂഷൻ ഒക്കെ എടുക്കുമായിരുന്നെടോ.

ജോലിക്ക് പ്രിപയർ ചെയ്യാൻ തുടങ്ങിയപ്പോഴാ നിർത്തിയത്. അതുകൊണ്ട് കുറെയൊക്കെ ഓർമ ഉണ്ട് ഇപ്പോഴും “” അവൻ പറഞ്ഞു

“” ആഹാ അപ്പൊ എനിക്ക് ഇനി ഡൌട്ട് വന്നാൽ ചേട്ടനെ വിളിച്ചാൽ മതിയല്ലോ. “” അവൾ ചോദിച്ചു.

“” പിന്നെന്താ. ഇവിടെ ഇവിടെ ബ്രേക്ക്‌ ടൈം ഒക്കെ കിട്ടുമ്പോ നോക്കാം. മെയിൻ എക്സാം അല്ലെ തനിക്ക് ട്യൂഷന് പൊയ്ക്കൂടേ “” അവൻ ചോദിച്ചു

“” അതൊന്നും നടക്കില്ല ചേട്ടാ. പത്താം ക്ലാസ്സിൽ ട്യൂഷന് പോവാൻ ഒക്കെ നോക്കിയതാ. അമ്മമ്മേ കൊണ്ട് കഴിയില്ല അതിനൊന്നും വിടാൻ “” അവളുടെ മുഖം വാടി.

“” ഇയാളുടെ അച്ഛനും അമ്മയും ഒക്കെ എന്താ ചെയ്യുന്നത് “” അവൻ ചോദിച്ചു.

“” അമ്മ ഇല്ല ഇപ്പൊ. മരിച്ചു പോയി. അച്ഛൻ വേറെ കല്യാണം കഴിച്ചിട്ടുണ്ട്. അവിടെ ഞാൻ ഒരു ബുദ്ധിമുട്ട് ആണെന്ന് തോന്നിയപ്പോ അച്ഛനും ചെറിയമ്മേം കൂടി എന്നെ അമ്മമ്മേടെ വീട്ടിൽ നിർത്തി.

അമ്മമ്മേ ഏൽപ്പിച്ചു ഒഴിവായി എന്ന് പറയുന്നതാവും ശെരി “” അവൾ പുഞ്ചിരിയോടെ ആണ് അത് പറഞ്ഞത് എങ്കിലും അവനിൽ അത് വല്ലാതെ നോവുണർത്തി.

പിന്നീട് അവളുടെ പരീക്ഷകാലം അത്രയും അവൻ അവളെ സഹായിച്ചു. ഇരുവരും അത്രനാൾ കൊണ്ട് നല്ല കൂട്ടുകാർ ആയി.

കോളേജിൽ പോയി തുടങ്ങിയപ്പോൾ ആയിരുന്നു അവളുടെ അമ്മമ്മ മരണപ്പെടുന്നത്. തിരികെ വീണ്ടും അച്ഛന്റെയും ചെറിയമ്മയുടെയും തണലിലേക്ക് അവൾ മനസില്ല മനസോടെ പറിച്ചുമാറ്റപ്പെട്ടു.

അവിടെ അവൾക്ക് ഏറെ കഷ്ടപ്പാട് ആണെന്ന് അറിഞ്ഞിട്ടും അവന് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. സ്വന്തം അച്ഛൻ പോലും ശ്രദ്ധിക്കാതെ ഇരിക്കുമ്പോൾ അന്യനായ താൻ എങ്ങനെ അവളുടെ കാര്യത്തിൽ ഇടപെടും എന്ന് അവന് അറിയില്ലായിരുന്നു.

കോളേജിലെ കാര്യങ്ങൾക്കും പഠന ചിലവിനും ഒക്കെ എന്തേലും ആവശ്യം വന്നാൽ നിർബന്ധമായും തന്നോട് ചോദിക്കണം എന്ന് അവളോട് പറഞ്ഞിട്ടുണ്ട് അവൻ. മടിയോടെ ആണെങ്കിലും കുഞ്ഞു കുഞ്ഞു ആവശ്യങ്ങൾ അവൾ അവനോട് പറയാറുണ്ട്.

അന്യനായി നിന്ന് പരിധികളോടെ അവളെ സഹായിക്കുന്നതിനേക്കാൾ നല്ലത് തന്റെ ജീവിതത്തിലേക്ക് അവളെ കൂട്ടുന്നത് അല്ലെ എന്ന ചിന്ത എപ്പോഴാണ് കടന്നു വന്നതെന്ന് കൃത്യമായി അവന് ഓർമ ഇല്ല.

പക്ഷേ ഈ കാലത്തിനിടയ്ക്ക് എപ്പോഴോ അവളോടുള്ള കരുതൽ പ്രണയമായി മാറിയത് അവൻ തിരിച്ചറിഞ്ഞു.

പത്മയുടെ കോളേജ് ഇനി ഒരു വർഷം കൂടിയേ ഉള്ളു. അത് കഴിഞ്ഞു അവളോട് പറയാം എന്ന് അവൻ മനസ്സിൽ ഉറപ്പിച്ചു.

ഒരു ദിവസം രാത്രി പത്മ അവനെ വിളിച്ചു. ശബ്ദം വല്ലാതെ ഇടറി ഭയത്തോടെ ആണ് അവൾ സംസാരിച്ചത്. അവൻ ആധിയോടെ കാര്യം എന്തെന്ന് തിരക്കി.

അവൾ അവനോട് പറഞ്ഞ കാര്യം കേട്ട് അവൻ ആകെ തറഞ്ഞു പോയി. അവൾക്ക് കുഞ്ഞിലേ മുതൽ ഒരു പ്രണയം ഉണ്ടായിരുന്നത്രേ.

അവളുടെ അമ്മയുടെ സഹോദരന്റെ മകൻ. അമ്മ വീട്ടുകാരും ആയി അച്ഛന് തീരെ താല്പര്യം ഇല്ലാത്തത്കൊണ്ട് തന്നെ അച്ഛന് ഈ ബന്ധം താല്പര്യം ഇല്ലായിരുന്നു.

അത് അവർ നേരത്തെ പ്രതീക്ഷിച്ചതാണ്. പക്ഷേ ഇപ്പോഴും ഈ ബന്ധം തുടരുന്നു എന്ന് കണ്ട് അരിശം മൂത്ത് അവളുടെ അച്ഛൻ ആ പയ്യനെ ആളെവിട്ട് തല്ലിച്ചു എന്നും അയാൾ ഹോസ്പിറ്റലിൽ ആണെന്നും പറഞ്ഞു അവൾ കരയുകയാണ്.

ഇത്ര നാളും ആ പയ്യന്റെ വീട്ടുകാരിൽ ഉണ്ടായിരുന്ന പ്രതീക്ഷ കൂടി ഈ സംഭവത്തോടെ ഇല്ലാതായത്രേ. അവർക്കും അവളോട് നല്ല വെറുപ്പ് ആയിട്ടുണ്ട്. അച്ഛൻ അവളെ ഒത്തിരി തല്ലി മുറിയിൽ ഇട്ടിരിക്കുകയാണ്.

അനിരുദ്ധൻ അവളെ എങ്ങനെ സമാധാനിപ്പിക്കണം എന്ന് അറിയാതെ വലഞ്ഞു.ഒപ്പം അവൾക്ക് മറ്റൊരാളോട് ഉള്ള പ്രണയവും അവന് ഒരു ഷോക്ക് ആയിരുന്നു.

കുറച്ചു ദിവസങ്ങൾക്കു അകം തന്നെ പത്മലക്ഷ്മിയുടെയും ഗോവിന്ദിന്റെയും വിവാഹം നടന്നു.അനിരുദ്ധൻ അവന്റെ കുറച്ചു ചങ്ങാതിമാരെയും കൂട്ടി ആരും അറിയാതെ വീട്ടിൽ നിന്ന് പത്മയെയും ഹോസ്പിറ്റലിൽ നിന്ന് ഗോവിന്ദിനെയും മറ്റുള്ളവരുടെ കണ്ണ് വെട്ടിച്ചു മാറ്റി.

ശേഷം വിവാഹം രജിസ്റ്റർ ചെയ്തു കുറച്ചു ദൂരെയുള്ള ഫ്രണ്ടിന്റെ വീട്ടിൽ താമസിപ്പിച്ചു.

അവരെ ഫ്രണ്ടിന്റെ വീട്ടിൽ ആക്കി തിരികെ വന്ന ശേഷം അനിരുദ്ധൻ വല്ലാത്തൊരു മാനസികാവസ്ഥയിൽ ആയിരുന്നു. പ്രിയപ്പെട്ടതെന്തോ നഷ്ടപ്പെട്ടത്തിന്റെ ഭ്രാന്ത്‌ അവന്റെ സ്വഭാത്തിൽ ഉണ്ടായിരുന്നു.

ആ മുറിയിൽ അവന്റെ ദേഷ്യം അറിയാൻ ബാക്കിയായി ഒരു വസ്തുവും ഇനി അവശേഷിച്ചിരുന്നില്ല.എന്നിരുന്നാലും അവളോട് അല്പം പോലും വെറുപ്പ് അവനിൽ ഉണ്ടായിരുന്നില്ല.

മൂന്ന് വർഷം കഴിഞ്ഞു. ഗോവിന്ദ് പരിക്കുകൾ ഒക്കെ മാറി അവിടെ ഒരു ജോലി കൂടി ഒപ്പിച്ചെടുത്ത ശേഷം അവളെയും കൂട്ടി താമസം മാറി എന്ന് അവൻ അറിഞ്ഞു. ഇപ്പോൾ പത്മ വല്ലപ്പോഴും ഇങ്ങോട്ട് കോൺടാക്ട് ചെയ്താലും അവൻ ഒഴിഞ്ഞു മാറുകയാണ് പതിവ്. മെല്ലെ അവൻ ആ പ്രണയം മറന്ന് തുടങ്ങിയിരുന്നു.

അതിനിടയിൽ ആണ് അമ്മ ക്ഷേത്രത്തിലേക്ക് വിളിക്കുന്നത്. അവിടെ വച്ചു അവളെ കാണുമെന്നു തീരെ കരുതിയിരുന്നില്ല. അവൻ അവൾക്ക് മുഖം കൊടുക്കാതെ പിന്നോട്ട് നീങ്ങി. അവളുടെ അരികിലേക്ക് ഒരു രണ്ട് വയസ് തോന്നിക്കുന്ന ആൺകുഞ്ഞിനേയും എടുത്തുകൊണ്ടു ഗോവിന്ദ് നടന്നു വന്നു.

കുഞ്ഞിനെ കൈകളിലേക്ക് വാങ്ങി അവൾ അവനോട് എന്തൊക്കെയോ സംസാരിക്കുന്നത് അനിരുദ്ധൻ കൗതുകത്തോടെ നോക്കി നിന്നു. ആ ദീപങ്ങൾക്ക് ഒപ്പം അവളുടെ കണ്ണുകളിലും സന്തോഷത്തിന്റെ തിളക്കം ഉണ്ടായിരുന്നു. അത് മതിയായിരുന്നു അവന്റെ മനസിന്‌ ആശ്വാസം ലഭിക്കാൻ.

Leave a Reply

Your email address will not be published. Required fields are marked *