പുതുവെട്ടം
(രചന: സൃഷ്ടി)
” അല്ല ദിവാകരേട്ടാ… പെണ്ണിന് പൊക്കം നല്ല കുറവ്.. പ്രായവും തീരെ കുറവല്ലേ.. നമുക്ക് വേറെ നോക്കിയാലോ ”
പെണ്ണു കണ്ടു മടങ്ങുമ്പോൾ ഉണ്ണി ബ്രോക്കറോട് ചോദിച്ചു.. പുച്ഛിച്ച ഒരു നോട്ടമായിരുന്നു മറുപടി..
” മോനേ ഉണ്ണീ.. കാര്യം നിനക്ക് കുറച്ചു നിറവും പൊക്കവും ഒക്കെ ഉണ്ട്.. ഓട്ടോ ഓടിച്ചു നീ അത്യാവശ്യം നന്നായി കഴിയുന്നുമുണ്ട്..
പക്ഷെ ഒന്ന് നീ ഓർക്കണം.. പാമ്പ് സുധാകരന്റെ മോൻ എന്ന പേര് നിസ്സാരമല്ല.. നിങ്ങള് തന്തേം മോനും മാത്രമുള്ള വീട്ടിലേക്ക് ഒരു പെങ്കൊച്ചിനെ കിട്ടുന്നതും എളുപ്പമല്ല..
ബാക്കി പിന്നെ ഞാൻ പറയണ്ടല്ലോ.. ഇതിപ്പോ അവര് കുറച്ചു പ്രാരാബ്ദക്കാർ ആയതുകൊണ്ടും പെണ്ണിന് വല്യ പഠിപ്പും പത്രാസും ഒന്നും ഇല്ലാത്തൊണ്ടും കിട്ടിയതാ.. ”
ദിവാകരൻ പറഞ്ഞത് കേട്ട് ഉണ്ണി ഒന്നും പറഞ്ഞില്ല.. പറഞ്ഞത് അത്രയും സത്യമാണ്.. അച്ഛന്റെ കള്ളുകുടി കുപ്രസിദ്ധമാണ്.. ഓർമ വെച്ച നാൾ മുതൽ അവന്റെ അഡ്രസ് പാമ്പ് സുധാകരന്റെ മോൻ എന്നാണ്..
സന്ധ്യ കഴിഞ്ഞാൽ അവന്റെ അച്ഛൻ ഷാപ്പിലേക്ക് പോകും.. പിന്നെ ബോധം മറയുവോളം കുടിയാണ്.. അത് കഴിഞ്ഞാൽ പാട്ടും ഡാൻസും ഒക്കെയായി കവലയിൽ ഒരു കോമാളിയാവും..
അച്ഛന്റെ ഈ സ്വഭാവം കാരണം ആവണം അവന്റെ അമ്മ ഏതോ ഒരാൾക്കൊപ്പം വീട് വിട്ടു പോയത്.. അവനന്നു എട്ട് വയസാണ് പ്രായം..
ആദ്യമൊക്കെ വൈകീട്ട് മാത്രം ഉണ്ടായിരുന്ന കള്ളുകുടി അതോടെ പിന്നെ പിന്നെ കൂടി കൂടി വന്നു.. ആള് മുഴുവൻ സമയവും ഷാപ്പിൽ തന്നെയായി..
സുധാകരന് കള്ള് വാങ്ങിക്കൊടുത്തു പാട്ട് പാടിക്കാനും കവലയിൽ ഇറക്കി ഡാൻസ് ചെയ്യിക്കാനും ഒക്കെ ആളുകൾ ഉണ്ടായിരുന്നു.. എന്നിട്ടവർ ആർത്തുകൂവി വിളിക്കും..
ഉണ്ണി എന്നൊരു മകനെ പറ്റി അയാൾ ഓർത്തതേയില്ല.. കുടിയനായ അച്ഛനും, ആർക്കോ ഒപ്പം ഓടിപ്പോയ അമ്മയും..! അവന്റെ ബാല്യം ഒറ്റയ്ക്കാവൻ അത് ധാരാളമായിരുന്നു..
ആകെയുണ്ടായിരുന്ന കൂട്ടുകാരൻ വിമലിന്റെയും അവന്റെ കുടുംബത്തിന്റെയും സഹായം കൊണ്ട് ഉണ്ണി പന്ത്രണ്ടാം ക്ലാസ്സ് വരെ പഠിച്ചു. പിന്നെ പഠിക്കാൻ തോന്നിയില്ല..
അത്ര മിടുക്കനും ആയിരുന്നില്ല.. വിമലിന്റെ അച്ചന്റെ സഹായത്തോടെ ഓട്ടോ ഓടിക്കാൻ പഠിച്ചു.. ആദ്യമൊക്കെ വാടകയ്ക്ക് വണ്ടി എടുത്തായിരുന്നു ഓട്ടം.. പിന്നെ ഒന്ന് വാങ്ങി..
അച്ഛനും അവനോടൊപ്പം ആ വീട്ടിലുണ്ട്.. തമ്മിൽ അങ്ങനെ കണ്ടാലും മിണ്ടാട്ടമില്ല.. ചിലപ്പോൾ ഓട്ടം കഴിഞ്ഞു വരുമ്പോൾ വഴിയിൽ എവിടെയെങ്കിലും ഉടുമുണ്ട് ഇല്ലാതെ കിടക്കുന്നത് കാണാം.
ആദ്യമൊക്കെ കണ്ടാൽ അവന് വിഷമം ആയിരുന്നു.. പിന്നെ ദേഷ്യം. ഇപ്പോൾ ഒരു നിർവികാരതയാണ്.. വലിച്ചു വണ്ടിയിൽ കയറ്റി കൊണ്ടുവരും.. ഇറയത്ത് കിടത്തും.. അത്ര തന്നെ..
ചിലപ്പോൾ കുറച്ചു പൈസ വേണം എന്ന് എവിടേക്കോ നോക്കി പറയുന്നത് കേൾക്കാം.. ഒന്നും പറയാതെ മേശമേൽ പൈസ വെച്ചിട്ട് പോകും..
ഭക്ഷണമൊക്കെ കവലയിലെ ഹോട്ടലിലാണ്.. ആർക്കോ വേണ്ടിയുള്ള ജീവിതം!
ജീവിതമൊന്നു മെച്ചപ്പെട്ടപ്പോൾ വിമലിന്റെ അമ്മയാണ് ഒരു കൂട്ട് വേണമെന്ന് നിർബന്ധിച്ചത്.. പിന്നെ എപ്പോളോ അവനും തോന്നി..
സ്വന്തമായി ഒരാൾ വേണമെന്ന്.. ഒറ്റയ്ക്കുള്ള ജീവിതം അത്രമേൽ മടുത്തിരുന്നു.. അങ്ങനെയാണ് ബ്രോക്കർ ദിവാകരേട്ടൻ പെണ്ണിനെ തപ്പി ഇറങ്ങിയത്..
അവന്റെ ചുറ്റുപാടുകൾ അറിയുമ്പോൾ തന്നെ ഒരുവിധം എല്ലാവർക്കും മടുപ്പാകും.. അങ്ങനെ എല്ലാം പറഞ്ഞു ശരിയായി ഇന്ന് പോയി കണ്ടതാണ് അവളെ..
തുളസി..
പേര് പോലെ തന്നെ ഒരു നല്ല പെൺകുട്ടി.. വലിയ കണ്ണുകളും, നീണ്ട വിടർന്ന തലമുടിയും ഒക്കെയായി ഒരു കൊച്ചു സുന്ദരിക്കുട്ടി..
കൂലിപ്പണിക്കാരായ അച്ഛനമ്മമാരുടെ നാല് മക്കളിൽ മൂത്തവളാണ്.. വലിയ പഠിപ്പൊന്നുമില്ല..
എന്തോ.. അവൾക്ക് ചേരാത്തവൻ ആണ് താനെന്നൊരു ചിന്തയാണ് അവന്റെ ഉള്ളിൽ ആദ്യം വന്നത്.. അവൾക്കൊപ്പം ഭംഗിയില്ല.. പ്രായം കൂടുതലാണ്.. അങ്ങനെ എന്തൊക്കെയോ ചിന്തകൾ..
കല്യാണം കഴിക്കാനൊക്കെ തീരുമാനിച്ചെങ്കിലും, എന്തോ ഒന്ന് പിറകിലോട്ട് വലിക്കുന്നു.. അമ്മ ചെയ്തത് പോലെയൊരു ചതി സംഭവിച്ചാൽ? അവന്റെ ഉള്ളിൽ ആ ചോദ്യമങ്ങനെ കിടന്നു..
കൃഷ്ണന്റെ അമ്പലത്തിൽ വെച്ച് ഒരു താലി കെട്ടി ഉണ്ണി, തുളസിയെ കൂടെ കൂട്ടുമ്പോൾ അധികം ആരും ഉണ്ടായിരുന്നില്ല..
വിമലിന്റെ അച്ഛനമ്മമാരും പെങ്ങളും ദിവാകരേട്ടനും മാത്രം.. അവളുടെ അമ്മയും അനിയത്തിമാരും എന്തൊക്കെയോ പറഞ്ഞു കരയുന്നുണ്ടായിരുന്നു.
തന്നെപ്പോലെ ഒരുത്തനു കൊടുത്തതിന്റെ ക്ഷമാപണമാവാം എന്ന് ഉണ്ണിയ്ക്ക് തോന്നി .. അവളുടെ അച്ഛൻ മാത്രം ദയനീയമായി നോക്കി.. ആ നോട്ടത്തിൽ ഉണ്ടായിരുന്നു എല്ലാം..
വീടൊക്കെ തലേ ദിവസം ഒന്നു വൃത്തിയാക്കി ഇട്ടിരുന്നു.. ഇനി പെണ്ണൊരുത്തി പെരുമാറേണ്ട അകമാണെന്ന് വിമലിന്റെ അമ്മ പറഞ്ഞപ്പോൾ അവന് ഉള്ളിലെന്തോ ഒരു തണുപ്പ്..
അപ്പോളും ഭയമായിരുന്നു.. വിമലിന്റെ അമ്മ തന്നെയാണ് അവൾക്കൊരു നിലവിളക്ക് കൊടുത്ത് കയറ്റിയത്..
ഉച്ചയൂണ് കഴിഞ്ഞു അവരൊക്കെ പോയതോടെ പിന്നെ അവർ തനിച്ചായി.. അച്ഛനെ കണ്ടതേയില്ല.. ഉണ്ണിയ്ക്ക് സ്വയം അവജ്ഞ തോന്നി..
” നിനക്ക് മാറിയുടുക്കാൻ ഉള്ളതൊക്കെ അകത്തെ മുറിയിൽ ഉണ്ടാകും.. പിന്നെ എന്തെങ്കിലും വേണമെങ്കിൽ പറഞ്ഞാൽ മതി.. ഞാൻ വാങ്ങിച്ചു വരാം.. ”
അവളുടെ മുഖത്ത് നോക്കാതെ അത്രയും പറഞ്ഞു ഉണ്ണി പുറത്തെ തിണ്ണയിൽ ഇരുന്നു..
അവന്റെ ചിന്തകൾ അങ്ങനെ പാഞ്ഞു പാഞ്ഞു പോയി.. ഭൂതകാലത്തും ഭാവിയിലും ഒക്കെ അങ്ങനെ കറങ്ങുമ്പോളാണ് ” ദീപം.. ദീപം ” എന്നൊരു പതിഞ്ഞ സ്വരം..
നിലവിളക്കുമായി തുളസി.. കുളി കഴിഞ്ഞ് കെട്ടിവെച്ച തലമുടിയും, മാറിൽ താലിയും, നെറ്റിയിൽ സിന്ദൂരവുമായി അവൾ..
ആ നിമിഷം.. ആ മാത്രയിൽ അവളോട് ഉണ്ണിയ്ക്ക് പ്രണയം തോന്നി.. പാതിയായവളോട് മാത്രം തോന്നുന്ന പ്രണയം…
അത്താഴത്തിനു സമയമായപ്പോൾ തുളസി അവനെ അകത്തേക്ക് വിളിച്ചു.. എത്രയോ നാളുകൾക്ക് ശേഷം വീട്ടിൽ നിന്നു വിളമ്പി കിട്ടിയ അത്താഴത്തിൽ അവന്റെ കണ്ണീരുപ്പ് കലർന്നു..
ആ കണ്ണുകൾ തുടച്ചു കൊടുത്തപ്പോൾ തുളസി അവനോട് പറയാതെ പറഞ്ഞു.. ഇനി ഞാനുണ്ട് എന്ന്..
ചായാനൊരു ചുമൽ കിട്ടിയപ്പോൾ ഉണ്ണിയുടെ സങ്കടങ്ങളൊക്കെ കുത്തിയൊലിച്ചു.. അവൻ അനുഭവിച്ച ഒറ്റപ്പെടലിന്റെയും, അവഗണനയുടെയും നനവ് തന്നിലേക്ക് പടർന്നപ്പോൾ തുളസി അവനെ അരുമയായി ചേർത്തു പിടിച്ചു..
ആ നിമിഷം ഭർത്താവ് എന്നതിലുപരി കൂട്ടം തെറ്റി ഒറ്റയ്ക്കായ ഒരു കുട്ടിയാണ് അവനെന്നു അവൾക്ക് തോന്നി..
തുളസി അവനൊരു പുതിയ ആകാശമായിരുന്നു.. വീട്ടിൽ നിന്നിറങ്ങുമ്പോൾ ശ്രദ്ദിച്ചു പോണേ എന്ന് പറയാനൊരാൾ..
താൻ പോകുന്നതും നോക്കി കണ്ണടച്ച് പ്രാർത്ഥിക്കാൻ ഒരാൾ.. നേരത്തെ വരുമോ എന്ന് വിളിച്ചു ചോദിക്കാൻ ഒരാൾ..
ഓട്ടം കഴിഞ്ഞെത്തുമ്പോൾ വഴിക്കണ്ണുമായി കാത്തിരിക്കുന്ന ഒരാൾ.. ഒപ്പമിരുന്നു ഉണ്ണാനും, സ്വപ്നങ്ങളും പ്രതീക്ഷകളും സങ്കടങ്ങളും ഒക്കെ പങ്ക് വെക്കാനും ഒരാൾ..
അവൾക്കും അവൻ ഒരു കൗതുകമായിരുന്നു.. പുറമേ കാണുന്ന പരുക്കൻ രൂപത്തിനുള്ളിൽ ആർദ്രമായ സ്നേഹം നിറച്ച ഹൃദയവുമായി ഒരുവൻ.. കുഞ്ഞു കുഞ്ഞു കാര്യങ്ങളിൽ ഒത്തിരി സന്തോഷിക്കുന്ന ഒരു പാവം!
കൂട്ടത്തിൽ അവൾ ശ്രദ്ദിച്ച വേറൊരാളും ഉണ്ടായിരുന്നു ആ വീട്ടിൽ.. സുധാകരൻ.. പാമ്പ് സുധാകരൻ എന്ന അവന്റെ അച്ഛനെ അവൾക്ക് ഭയമായിരുന്നു..
അയാൾ വീട്ടിൽ വരുന്ന സമയങ്ങളിൽ അവൾ മുന്നിൽ പോകാതെ ഇരിക്കും.. അവൻ മിണ്ടാത്ത അയാളോട് അവളും അടുപ്പത്തിന് പോയില്ല..
ആയിടയ്ക്കാണ് ഒരു ദിവസം അവൾ മുറ്റത്തു തെന്നി വീണത്..! ഇറയത്തിരുന്ന സുധാകരൻ ഓടി വന്നപ്പോൾ അവൾ പേടിച്ചു പോയി..
” അയ്യോ മോളേ.. എണീക്ക് മോളേ.. അയ്യോ.. എന്ത് പറ്റി.. ”
കണ്ണ് നിറച്ചു കരയുന്ന അയാളെ അവൾ അമ്പരപ്പോടെ നോക്കി.. അവളെ എണീക്കാനും അകത്തേക്ക് പോകാനുമൊക്കെ അയാൾ കൂടെ നിന്നു..
പരിഭ്രാന്തിയോടെ നിൽക്കുന്ന അയാളോട് അവൾ ” ഒന്നുമില്ല അച്ഛാ ” എന്ന് പറഞ്ഞപ്പോൾ അയാളുടെ കണ്ണുകൾ നിറഞ്ഞു..
” അച്ഛാ ” എന്ന്.. എത്ര നാളായി അങ്ങനെ കേട്ടിട്ട്..!
” മോളെ.. എന്റെ ഉണ്ണിയ്ക്ക് ഇനി നീയേ ഉള്ളൂ.. അവനെ ഒറ്റയ്ക്കാക്കല്ലേ മോളേ”
സുധാകരൻ പൊട്ടികരഞ്ഞപ്പോൾ അവൾക്ക് അലിവ് തോന്നി.. പുതിയൊരു ബന്ധം അവിടെ തുടങ്ങുകയായിരുന്നു..
അയാൾ സന്ധ്യ ആകുമ്പോളേക്കും വീട്ടിലെത്തണമെന്ന് അവൾ അവസാന വാക്ക് പറഞ്ഞു..
നേരം വൈകി എത്തുന്ന അയാളെ അവൾ കണക്കിന് ശാസിച്ചു.. അയാൾ കുടിക്കുന്ന മ ദ്യത്തിന് അവൾ കണക്കു വെച്ചു..
ആദ്യമൊക്കെ ഇത്തിരി ബുദ്ദിമുട്ടി എങ്കിലും അവളുടെ, ഒരു മകളുടെ സ്നേഹത്തിനു മുന്നിൽ സുധാകരൻ മുട്ട് മടക്കി..! അയാൾ മ ദ്യപിച്ചാലും ബോധം പോകാതെയായി..
രാവിലെ പ്രാതൽ കഴിക്കാൻ എത്തുന്ന അച്ഛനെ ഉണ്ണിയും കാണുന്നുണ്ടായിരുന്നു.. കവലയിൽ വെച്ച് പലരും പരിഹാസത്തോടെ പറഞ്ഞു കേട്ട പാമ്പ് സുധാകരന്റെ മനമാറ്റം അവനും അതിശയമായി..
തുളസിയും സുധാകാരനും കൂടിയുള്ള സംസാരവും ചിരിയുമൊക്കെ ഉണ്ണി നിശ്ശബ്ദമായി ആസ്വദിച്ചു.. തന്റെ വീടൊരു വീടാകുന്നത് അവൻ മനസ്സ് നിറഞ്ഞു കണ്ടു..
മെല്ലെ മെല്ലെ കടുത്ത പരിശ്രമവും, ആത്മനിയന്ത്രണവും കൊണ്ട് സുധാകരന്റെ മ ദ്യപാനം ഏതാണ്ട് പൂർണമായും മാറി..
അയാൾ സ്വബോധത്തോടെ നടക്കുന്നത് കണ്ട നാട്ടുകാർ മൂക്കത്തു വിരൽ വെച്ചു..
ഉണ്ണിയുടെ വീട്ടു പറമ്പിൽ എന്നോ തരിശായി പോയ മണ്ണിൽ സുധാകരൻ വിത്തുകൾ പാകി.. തന്റെ ജീവിതം പോലെ പുതുമുള പൊട്ടുന്ന വിത്തുകൾ അയാൾ ആത്മസംതൃപ്തിയോടെ കണ്ടു..
പാമ്പ് സുധാകരൻ എന്ന മേൽവിലാസം മാറി തോപ്പിലെ സുധാകാരനും പിന്നെ സുധാകരേട്ടനും ഒക്കെ ആയി..
അപ്പോളും ഉണ്ണി എന്ന മകൻ മാത്രം വിളിപ്പാടകലെ ആയിരുന്നു.. തുളസി എന്ന കണ്ണി ഇരുവരെയും ബന്ധിപ്പിച്ചു കൊണ്ടിരുന്നു..
കാലം കടന്നു പോയി..! തുളസിയുടെയും ഉണ്ണിയുടെയും പ്രണയത്തിന്റെ വിത്തുകൾ അവൾക്കുള്ളിലും മുള പൊട്ടി..
ഒരച്ഛന്റെ കരുതലോടെ സുധാകാരനും എന്തിനും തുണയായി ഉണ്ണിയും അവളെ പരിചരിക്കുന്നത് അവളുടെ അച്ഛനമ്മമാരുടെയും മനസ്സ് നിറച്ചു..!
” ദേ.. നമ്മുടെ കുഞ്ഞിങ്ങു വന്നാൽ അച്ഛനോടുള്ള പിണക്കമൊക്കെ നിർത്തിയേക്കണം കേട്ടോ.. ”
വീർത്ത വയറിൽ മുഖം ചേർത്തു കൊഞ്ചുന്നവനോട് അവൾ പറയും.. ഉണ്ണി അത് കേൾക്കാത്ത പോലെ ഇരിക്കും..
ഒടുവിൽ മഴ പെയ്തൊരു തുലാവർഷ സന്ധ്യയിൽ തുളസി ഒരു മകന് ജന്മം കൊടുത്തു.. കുഞ്ഞിനെ ഏറ്റുവാങ്ങിയ ഉണ്ണിയുടെ കണ്ണുകളിൽ മിഴിനീർ നിറഞ്ഞു..
തന്റെ മകൻ.. തന്റെ പ്രാണൻ…
” അച്ഛനാടാ പൊന്നേ ”
അവൻ കുഞ്ഞു പൈതലിനോട് കൊഞ്ചി.. ആ നിമിഷം അവൻ അവന്റെ അച്ഛനെ കുറിച്ചോർത്തു.. തന്നെ ഏറ്റുവാങ്ങിയ നിമിഷം അച്ഛനും ഇങ്ങനെ സന്തോഷിച്ചു കാണില്ലേ??
അവന് അച്ഛനെ കാണാൻ തോന്നി.
” അച്ഛാ ”
ആശുപത്രിയുടെ വരാന്തയിൽ കണ്ണ് കൂപ്പി പ്രാർത്ഥിച്ചിരുന്ന സുധാകരൻ ഞെട്ടിക്കൊണ്ട് നോക്കി.. ഉണ്ണി! അയാൾക് വിശ്വസിക്കാൻ കഴിഞ്ഞില്ല.. കയ്യിലുള്ള കുഞ്ഞു ജീവനെ ഉണ്ണി അയാൾക്ക് നേരെ നീട്ടി..
” മോനാണ് അച്ഛാ ”
സുധാകരൻ വിങ്ങിപ്പൊട്ടി.. അത് പേരക്കുഞ്ഞിനെ കണ്ടത് കൊണ്ടായിരുന്നില്ല.. വർഷങ്ങൾക്കിപ്പുറം തന്റെ മകൻ അച്ഛാ എന്ന് വിളിച്ചത് കൊണ്ടായിരുന്നു..
കുഞ്ഞിനെ തുളസിയുടെ അമ്മയ്ക്ക് കൈമാറി ഉണ്ണി സുധാകരന്റെ അരികിലെത്തി..
” അച്ഛനോട് ക്ഷമിക്കെടാ മോനേ ”
അയാൾ ഉണ്ണിയുടെ കയ്യിൽ പിടിച്ചു തേങ്ങിയപ്പോൾ അവൻ അച്ഛനെ ചേർത്തു പിടിച്ചു.. അതിനു മറുപടിയായി ഉണ്ണി അച്ഛനെ നോക്കി ചിരിച്ചു..
” ചിലതൊക്കെ മറന്നാൽ പകരം കിട്ടുന്നത് ഒത്തിരി സന്തോഷമാണെങ്കിൽ എന്റെ വേദനകളെ ഞാൻ മറക്കാം അച്ഛാ ”
അവൻ മൗനമായി പറഞ്ഞു…