പോറ്റമ്മ
രചന: Jolly Shaji
*********
“നന്ദേട്ടാ, എന്നാലും അവര് എന്നോട് അങ്ങനെ പറഞ്ഞല്ലോ, ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാണ് എന്നോടിങ്ങനെ..”
“സാരമില്ലെടോ മക്കൾ ആയി പോയില്ലേ… തനിക്കു വിഷമം ആയെന്നു അറിയാം..”
“നന്ദേട്ടനും പൊയ്ക്കൂടാരുന്നോ അവർക്കൊപ്പം… എനിക്ക് ആരും വേണ്ട.. ഞാൻ ഒറ്റയ്ക്ക് മതി… അതായിരിക്കും ഒടുവിൽ എന്റെ വിധി..”
“എടോ തന്നെ ഒറ്റയ്ക്ക് വിട്ടിട്ടു ഞാൻ പോകുമെന്ന് തോന്നുണ്ടോ.. പത്തിരുപതഞ്ചു കൊല്ലം ആയില്ലെടോ താൻ എനിക്കൊപ്പം കൂടിയിട്ട് എന്നിട്ടും താനെന്താ മനസ്സിലാകാത്തത് പോലെ പെരുമാറുന്നത്…”
“എന്റെ സങ്കടങ്ങൾ ഞാൻ പിന്നെ ആരോട് പറയും ഏട്ടാ…”
“കുട്ടികൾ മുതിർന്നില്ലേ ദേവീ അവർക്കിനി നമ്മുടെ ആവശ്യം ഇല്ല…”
“അതേ നന്ദേട്ടാ അവർക്കിന്ന് അവരുടെ അമ്മയെ തിരികെകിട്ടി, രണ്ടാൾക്കും കുടുംബം ആയി, ഇപ്പോൾ ദേ അവരുടെ അമ്മ അവരെ വിദേശത്തേക്ക് കൊണ്ടുപോകുന്നു.. അതല്ലേ അവർക്കു വലുത്…”
“പക്ഷെ അവർ ഇന്നലെകൾ മറക്കരുതായിരുന്നു… അവർ ഈ നിലയിൽ എത്തിയത് എങ്ങനെ എന്ന് ഒന്നു ചിന്തിച്ചെങ്കിൽ ഇന്ന് ദേവിക്ക് ഈ കണ്ണുനീർ ഉണ്ടാവില്ലായിരുന്നു.. ഞാനും നീയും ഒറ്റപ്പെടില്ലായിരുന്നു..”
“ഒറ്റപ്പെടുത്തിയതിൽ അല്ല നന്ദേട്ടാ എന്റെ വിഷമം… കണ്ണന്റെ വാക്കുകൾ ആണ് എന്നേ വേദനിപ്പിച്ചത്…”
“ദേവീ എന്റെ മക്കളുടെ തെറ്റുകൾക്ക് നീയെന്നോട് ഷമിക്കു…”
“നന്ദേട്ടന്റെ മക്കളോ…? എന്നുമുതൽ.. ഏട്ടനും തോന്നിതുടങ്ങിയോ അങ്ങനെ… അവർ നമ്മുടെ മക്കൾ ആയിരുന്നില്ലേ നന്ദേട്ടാ… ഞാൻ എന്തെങ്കിലും ഇഷ്ടക്കുറവ് കാട്ടിയിട്ടുണ്ടോ അവരോടു… ഞാൻ പ്രസവിച്ചില്ല എന്നല്ലേ ഉള്ളു അവരെ… എന്റെ പ്രാണൻ ആയിരുന്നില്ലേ അവർ…”
ദേവി പൊട്ടികരഞ്ഞു…
നന്ദകുമാർ ഇന്ദുവിനെ വിവാഹം കഴിക്കുമ്പോൾ അവൾ നേഴ്‌സ് ആയിരുന്നു… വിവാഹ ശേഷവും ജോലിക്ക് വിടണം എന്ന് അവർ വിവാഹത്തിന് മുന്നേ പറഞ്ഞിരുന്നു… കല്യാണം കഴിഞ്ഞും ജോലി തുടർന്നു.. പക്ഷെ അപ്പോളേക്കും കണ്ണനെ അവർ ഗർഭം ധരിച്ചു… ഗർഭവസ്ഥയിലെ ഷീണം മറന്നും ഇന്ദു ജോലിക്ക് പൊയ്ക്കൊണ്ടിരുന്നു.. കണ്ണനെ പ്രസവിക്കും വരേ ജോലി തുടർന്നു… കുട്ടിയുണ്ടായി കഴിഞ്ഞപ്പോൾ നോക്കാൻ ആരുമില്ലാത്തതിനാൽ തത്കാലം ജോലിക്ക് പോകേണ്ട എന്ന് നന്ദൻ പറഞ്ഞു… കുഞ്ഞിനെ തന്റെ വീട്ടിൽ ആക്കാം ജോലി കളയേണ്ട എന്ന ഇന്ദുവിന്റെ വാശിക്ക് നന്ദൻ സമ്മതിച്ചില്ല…
അന്നു തുടങ്ങി അവർക്കിടയിൽ കൊച്ചുകൊച്ചു പൊട്ടിത്തെറികൾ… കണ്ണന് രണ്ടുവയസ്സ് ആയപ്പൊളേക്കും ഇന്ദു മാളുവിനെ ഗർഭിണിയായി… ഇന്ദുവിന് കുഞ്ഞ് വേണ്ട എന്ന വാശി..
“നന്ദേട്ടാ തത്കാലം നമുക്ക് കണ്ണൻ മാത്രം മതി… ഇത് അബോർട്ടു ചെയ്യാം.. കണ്ണന് തിരിച്ചറിവ് ആയിട്ടുമതി അടുത്ത കുഞ്ഞ്.. ”
“ഞാൻ സമ്മതിക്കില്ല ഇന്ദു… കുഞ്ഞുങ്ങൾ ഈശ്വരൻ തരുന്ന ദാനം ആണ് അതിനെ നശിപ്പിക്കാൻ ഞാൻ കൂട്ടുനിൽക്കില്ല…”
അങ്ങനെ കണ്ണന് മൂന്ന് വയസ്സ് തികയും മുന്നേ ഇന്ദു മാളൂനെ പ്രസവിച്ചു… മാളുകൂടി ആയപ്പോൾ ഇന്ദുവിന്റെ സ്വഭാവം വല്ലാതെ മാറി… കുട്ടികളോട് മാനസിക അടുപ്പം ഇല്ലാത്തപോലെ പലപ്പോഴും അവർക്കു ഭക്ഷണം കൊടുക്കാനും അവരെ കളിപ്പിക്കാനുമൊക്കെ അവൾ മടി കാണിച്ചു… ശാസിച്ചാൽ കരച്ചിൽ ആയി.. അവളുടെ ലൈഫ് നശിപ്പിച്ചവൻ എന്ന പേരും ആയി..
അങ്ങനെ ഇരിക്കെയാണ് അവളുടെ പഴയയൊരു സുഹൃത്തുമായി അവൾ വീണ്ടും പരിജയം പുതുക്കുന്നത്… ആയാൽ അമേരിക്കയിൽ ആണ് ജോലി… ആ സൗഹൃദം വളരും തോറും ഇന്ദു നന്ദനിൽ നിന്നും കുട്ടികളിൽ നിന്നും അകലാൻ തുടങ്ങി… എങ്ങനെയെങ്കിലും പേപ്പർസ് റെഡിയാക്കി കയറി പോരൂ ഇവിടെ ജോലി ശെരിയാക്കാം എന്ന അയാളുടെ വാക്ക് കേൾക്കേണ്ട താമസം അവൾ പോകാനുള്ള തയ്യാറെടുപ്പു തുടങ്ങി…
മാക്സിമം നന്ദൻ എതിർത്തു… ഒരു ദിവസംനന്ദൻ ജോലിക്ക് പോയപ്പോൾ അവൾ കുട്ടികളുമായി തന്റെ വീട്ടിലേക്കു പോയി… നന്ദൻ കൂട്ടികൊണ്ട് വരാൻ ചെന്നു.. പക്ഷെ ഇന്ദുവും വീട്ടുകാരും തന്നെ കുറ്റക്കാരനാക്കി… ചെറിയൊരു വഴക്കിനു ശേഷം നന്ദൻ നാലുവയസ്സുള്ള കണ്ണനെയും രണ്ടുവയസ്സുകാരി മാളുവിനെയും കൂട്ടി തിരിച്ചുപോന്നു… ഇന്ദു കുട്ടികളെ കൊണ്ടുപോന്നപ്പോൾ എതിർത്തുമില്ല..
കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ അറിഞ്ഞു അവൾ വിദേശത്തേക്ക് പോയെന്നു… നന്ദന്റെ രോഗിയായ അമ്മയാണ് കുഞ്ഞുങ്ങളെ നോക്കികൊണ്ടിരുന്നത്…
അങ്ങനെ ഇരിക്കെയാണ് ഒരു ദിവസം കുട്ടികളുമായി ക്ഷേത്രത്തിൽ നിന്നും നന്ദൻ റോഡിലേക്ക് ഇറങ്ങുമ്പോൾ അമ്പലത്തിലേക്ക് കയറുന്ന ദേവിയെ കാണുന്നത് ഒറ്റ നോട്ടത്തിൽ ഇന്ദുവിനെ ഓർത്തു.. പെട്ടെന്നാണ് നന്ദന്റെ കൈവിടുവിച്ചു കണ്ണൻ ദേവിയുടെ അടുത്തേക്കി ഓടിയത് ..
“അമ്മേ.. അമ്മേ…”
കണ്ണൻ ഓടിച്ചെന്നു ദേവിയെ ചുറ്റിപിടിച്ചു… ദേവി എന്തുചെയ്യണം എന്നറിയാത്തൊരു അവസ്ഥയിൽ ആയി… ദേവിയുടെ അമ്മ കണ്ണനെ. മെല്ലെ പിടിച്ച് മാറ്റി… അപ്പോളേക്കും നന്ദൻ മാളുവും ആയി അങ്ങോടു വന്നു…
“മോനെ ഇത് മോന്റെ അമ്മയല്ല.. വാ നമുക്ക് പോകാം..”
നന്ദൻ വിളിച്ചിട്ടും കണ്ണൻ ദേവിയുടെ അടുത്തുനിന്നും പോകാൻ തയ്യാറായില്ല..
ദേവിയുടെ അമ്മ വിവരങ്ങൾ എല്ലാം നന്ദനോട് ചോദിച്ചു… ദേവി കണ്ണനെ ചേർത്തുപിടിച്ചു… മാളുവും വേഗം കൂട്ടായി ദേവിയുമായി… ദേവിയും അമ്മയും തൊഴുതിറങ്ങും വരേ നന്ദൻ കാത്തുനിൽക്കേണ്ടി വന്നു… കാരണം കുട്ടികൾ അവർക്കൊപ്പം പോയി..
നന്ദൻ തന്റെ കാറിൽ അവരെയും കൂട്ടി ദേവിയുടെ വീട്ടിലേക്കു പോയി… പഴയൊരു ഇല്ലം ആയിരുന്നു അത്… ദേവിക്ക് താഴെ രണ്ടു പെൺകുട്ടികൾ
അതിൽ ഒരാളുടെ വിവാഹം കഴിഞ്ഞ്… ജാതകദോഷക്കാരിയായ ദേവി അടുത്തൊരു പ്രൈമറി സ്കൂളിൽ ടീച്ചർ ആണ്… അവിടുന്ന് തിരിച്ചിറങ്ങുമ്പോഴേക്കും കുട്ടികളും ദേവിയുമായി വല്ലാത്തൊരു മാനസിക അടുപ്പം ആയി കഴിഞ്ഞിരുന്നു…
രണ്ടുമൂന്നു ദിവസം കൂടുമ്പോൾ നന്ദൻ കുട്ടികളുമായി ദേവിയുടെ വീട്ടിൽ പോകും… ദേവിയുടെ അച്ഛനും അമ്മയ്ക്കും അനുജത്തിക്കുമൊക്കെ കുട്ടികളെയും നന്ദനെയും ഇഷ്ടം ആയി… ഇതിനിടെ ഇന്ദു വിവാഹമോചനത്തിന് പേപ്പർ അയച്ചു.. നന്ദൻ പേപ്പർ ഒപ്പിട്ടു കൊടുത്തു…
ഒരു ദിവസം നന്ദൻ ദേവിയുടെ അച്ഛനോട് തുറന്നു ചോദിച്ചു..
“ദേവിക്ക് രണ്ടാം വിവാഹക്കാരൻ ആയ എന്നെയും എന്റെ മക്കളെയും ഇഷ്ടമാണെങ്കിൽ ഞങ്ങൾക്ക് അവളെ തരുമോ..”
“എടോ നന്ദ.. ഞങ്ങൾ എങ്ങനെ തന്നോട് ഇത് ആവശ്യപ്പെടും എന്ന അവസ്ഥയിൽ ആയിരുന്നു… സമ്മതമാണെടോ എന്റെ മോൾക്ക് നിങ്ങളെയും കുട്ടികളെയും ഒരുപാട് ഇഷ്ടമാണ് . ”
അങ്ങനെ ദേവിയുടെ കഴുത്തിൽ നന്ദൻ താലി ചാർത്തി… അന്നുമുതൽ ദേവിക്ക് കണ്ണനും മാളുവും സ്വന്തം മക്കൾ ആയി… കല്യാണം കഴിഞ്ഞ് ആദ്യരാത്രിയിൽ ദേവി നന്ദനോട് ഒരു വാക്ക് ചോദിച്ചു…
“നന്ദേട്ടാ എനിക്ക് ഒരാഗ്രഹം ഉണ്ട് അതിന് നന്ദേട്ടൻ എതിര് നിൽക്കരുത്..”
“എന്താടോ..”
“ഏട്ടാ നമുക്ക് രണ്ടു കുട്ടികൾ ഉണ്ട്.. നമുക്ക് മക്കളായി അവർ മതി..”
“ദേവി നിന്റെ അച്ഛനും അമ്മയ്ക്കും ആഗ്രഹം ഉണ്ടാവില്ലേ നിന്റെ കുഞ്ഞിനെ ലാളിക്കാൻ… നിനക്കും ആഗ്രഹം ഇല്ലേ ഒരു കുഞ്ഞിനെ പ്രസവിച്ചു മുലയൂട്ടാൻ…”
“ആഗ്രഹങ്ങൾ സാധിക്കുമ്പോൾ ഒരുപക്ഷെ എന്റെ മനസ്സും മാറിയേക്കാം ഏട്ടാ.. അതുകൊണ്ട് നമുക്ക് ഇവർ മതി മക്കളായി… നമ്മുടെ പോന്നോമനകൾ..”
കുട്ടികൾ വളർന്നു… അവരുടെ എല്ലാകാര്യങ്ങൾക്കും ദേവമ്മ വേണം..
മാളുവിന് ഇരുപതു വയസ്സ് ആയപ്പൊളേക്കും കല്യാണം ആയി.. ദേവി തന്റെ സ്വർണ്ണം മുഴുവൻ മോൾക്കായി നൽകി… മാളുവിന് കുഞ്ഞുണ്ടായപ്പോൾ സ്വന്തം അമ്മയെപ്പോലെ ദേവിയാണ് എല്ലാം ചെയ്തത് ..
അങ്ങനെ സന്തോഷത്തോടെ ജീവിതം മുന്നോട്ട് പോകുമ്പോൾ ആണ് ഒരുദിവസം ഇന്ദു മാളുവിന്റെ വീട്ടിൽ കുഞ്ഞിനെ കാണാൻ എത്തുന്നത്… കൈനിറയെ സമ്മാനങ്ങളും പണവുമായി അമ്മ എത്തിയപ്പോൾ മാളുവിന്റെ മനസ്സിൽ ഒരു ചാഞ്ചാട്ടം.. ഇന്ദു അമേരിക്കയിൽ വലിയൊരു ഹോസ്പിറ്റലിൽ നേഴ്സിംഗ് സൂപ്രണ്ട് ആണ്… മാളുവിനെയും ഭർത്താവിനെയും അമേരിക്കയിലേക്ക് കൊണ്ടുപോകാം എന്ന് വാക്കും കൊടുത്തു…
മാളുവിന്റെ തിരിച്ചു കൊടുക്കൽ കൊണ്ട് കണ്ണനും അമ്മയിലേക്ക് ചായ്‌വ് ആയിതുടങ്ങി… അങ്ങനെ അവനും അമ്മയുമായി കോണ്ടാക്ട് ആയി… പക്ഷെ ദേവമ്മ എന്നാൽ അവനു ജീവൻ ആയിരുന്നു…
ഇന്ദുവിന്റെ അകന്ന ബന്ധത്തിലുള്ള ഒരു കുട്ടിയുമായി കണ്ണന്റെ വിവാഹം ഉറപ്പിച്ചതും ഇന്ദുവിന്റെ പദ്ധതി ആയിരുന്നു… കണ്ണനെയും മാളുവിനെയും കുറേശ്ശേ ആയി അവൾ തന്നിലേക്ക് അടുപ്പിച്ചു…
ഇന്ദുവിനെ അമേരിക്കയിലേക്ക് കൊണ്ടുപോയ സുഹൃത്ത് അഞ്ചാറു വർഷം കഴിഞ്ഞപ്പോൾ അവളെയും ഉപേക്ഷിച്ചു നാട്ടിൽ പോയി വേറെ വിവാഹം കഴിച്ചു… പിന്നീട് ഒരു ഇഗ്ളീഷ് കാരനുമായി അവൾക്ക് അരുതാത്ത ബന്ധം ആയി… കുറച്ച് നാളുകൾ കഴിഞ്ഞ് ആയാളും അവളെ ഇട്ടേച്ചു പോയി… പക്ഷെ അവൾ അയാളിൽനിന്നും ആവശ്യത്തിന് പണം സ്വന്തമാക്കിയിരുന്നു… ഇപ്പോൾ ഒറ്റയ്ക്ക് ഒരു ഫ്ലാറ്റിൽ ആയപ്പോൾ കുട്ടികളെ ഓർത്തു വന്നതാണ്…
കണ്ണന്റെ വിവാഹം കഴിഞ്ഞ് ഒരുമാസം ആയിട്ടേ ഉള്ളു… മാളുവും ഭർത്താവും അമേരിക്കയിൽ നിന്നും കല്യാണം കൂടാൻ വന്നത് തിരികെ പോകുമ്പോൾ അച്ഛനെയും കണ്ണനെയും ഭാര്യയെയും കൂട്ടികൊണ്ട് പോകാൻ ആണെന്ന് പറഞ്ഞു…
“അപ്പോൾ ദേവമ്മയോ മക്കളെ…”
“ദേവമ്മ തത്കാലം മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പം നിൽക്കട്ടെ…”
“അത് പറ്റില്ല ദേവി ഇല്ലാതെ ഞാൻ ഈ വീട്ടിൽ നിന്നും എങ്ങോടും ഇല്ല..”
“അച്ഛൻ വാശിപിടിക്കേണ്ട, ഇത്രയും നാൾ ഇവരെ സംരെക്ഷിച്ചില്ലേ… ഇനി എന്റെ അമ്മയുടെ കൂടെ വേണം എനിക്ക് ജീവിക്കാൻ… അമ്മയാണ് ഇപ്പോൾ ഞങ്ങൾക്ക് നല്ലൊരു ജീവിത മാർഗ്ഗം തുറന്നു തന്നത്…”
“കണ്ണാ ഇവിടെ നിങ്ങൾക്ക് ഞാനോ നിങ്ങടെ അച്ഛനോ ഒരു കുറവും വരുത്തിയിട്ടില്ല… പിന്നെന്താ നിനക്കിപ്പോൾ ഇങ്ങനെ ഒരു വാശി.”
“നിങ്ങൾ മിണ്ടേണ്ട.. ഇത് ഞങ്ങളുടെ ഫാമിലി പ്രശ്നം ആണ്…”
“അപ്പോൾ ഞാൻ ആരുമല്ലേ കണ്ണാ..”
” നിങ്ങൾ കാരണമാണ് അച്ഛൻ ഇതുവരെ അമ്മയെ തിരക്കാത്തത്… ഇനിയെങ്കിലും ഞങ്ങടെ അമ്മയുടെ കൂടെ ഞങ്ങൾ ഒന്നു ജീവിക്കട്ടെ… നിങ്ങൾക്ക് പൊയ്ക്കൂടേ ഇവിടുന്നു… ”
“കണ്ണാ വാക്കുകൾ സൂക്ഷിച്ചു പറയുക…”
“അച്ഛൻ അല്ലേലും അവരുടെ പക്ഷമേ പറയു ഞങ്ങൾ പോകുന്നു മോളുവിന്റെ വീട്ടിലേക്കു… നാളെ ഈവിനിംഗ് ആണ് ഫ്ലൈറ്റ്… അച്ഛന് ഇവരെ ഉപേക്ഷിച്ചു വരാൻ തോന്നിയാൽ വരാം…”
കണ്ണനും മാളുവും കുടുബത്തോടെ ഇറങ്ങിപ്പോയി… കണ്ണന്റെ വാക്കുകൾ ദേവിയിൽ അസ്ത്രം തറച്ച വേദന ആയി…
“ദേവീ നിന്നേ എനിക്ക് കിട്ടിയത് ഒരു ക്ഷേത്ര നടയിൽ നിന്നുമാണ്… സത്യത്തിൽ നീ ദേവിയാണ് ലക്ഷ്‌മീ ദേവി… നീ കൂടെ വന്നതിനു ശേഷമാണ് ഞാൻ സന്തോഷം എന്തെന്ന് അറിഞ്ഞത്… അവർ പോട്ടെടോ… തീരെ വയ്യാ എന്നായാൽ നമുക്ക് ഒരുമിച്ച് പോകാമെടോ… ജോലിയും ഉപേക്ഷിച്ചു ഒരു കുഞ്ഞുപോലും വേണ്ടെന്നു വെച്ചത് ഇപ്പോൾ അബദ്ധം ആയെന്നു തോന്നുന്നില്ലെടോ തനിക്കു..”
“ഇല്ല നന്ദേട്ടാ.. നമ്മുടെ കുട്ടികൾ അല്ലെ അവർ.. അവർക്കു ദോഷം ഒന്നും വരുത്താതെ ഇരിക്കട്ടെ ഈശ്വരൻ..”
“താൻ എന്നേ സ്നേഹം കൊണ്ട് വീണ്ടും വീണ്ടും തോല്പിക്കുവാണല്ലോ എന്റെ ദേവീ…”
നന്ദകുമാർ ദേവിയെ ചേർത്തുപിടിച്ചു..ആ ചേർത്തുപിടിക്കൽ അവരുടെ സങ്കടം മുഴുവൻ മഴപോലെ പെയ്തു തോരുക്കുന്നത് ആയിരുന്നു…
ജോളി ഷാജി… ✍️