(രചന: Jk)
“” നിങ്ങടെ ഈ ഭാര്യ പറഞ്ഞിട്ട് തന്നെയാണ് ഞാൻ ഈ വീട്ടിൽ നിന്ന് ഇറങ്ങി പോയത്!!””
എല്ലാവരുടെയും മുന്നിൽവച്ച് അവൾ അങ്ങനെ പറഞ്ഞപ്പോൾ എന്തുവേണമെന്ന് അറിയാതെ നിൽക്കുകയായിരുന്നു ആ സാധു സ്ത്രീ…
ജന്മം കൊടുത്തു എന്നൊരു തെറ്റു മാത്രമേ അവർ ചെയ്തിരുന്നുള്ളൂ…
വിശ്വാസം വരാതെ ചന്ദ്രേട്ടൻ തന്റെ നേരെ നോക്കുന്നത് അറിഞ്ഞു..
“”” എന്നോട് ഇഷ്ടപ്പെട്ടവന്റെ കൂടെ ഇറങ്ങിപ്പോയിക്കോളാൻ സമ്മതം തന്നത് എന്റെ അമ്മ, നിങ്ങളുടെ ഭാര്യ തന്നെയാണ് അല്ലെങ്കിൽ ചോദിച്ചു നോക്ക് അവർ പറയട്ടെ അല്ല എന്ന്!!!!””
എന്ന് വേരോടെ അവൾ പറയുമ്പോൾ ചന്ദ്രേട്ടൻ എന്റെ അരികിലേക്ക് നടന്നുവന്നു..
“” പറ ശാലു അവൾ പറഞ്ഞത് സത്യമാണോ?? അതിൽ എന്തെങ്കിലും കഴമ്പുണ്ടോ നീ അങ്ങനെ ചെയ്തിട്ടില്ല എന്ന് തന്നെയാണ് ഇപ്പോഴും ഞാൻ വിശ്വസിക്കുന്നത്!!!””
ചന്ദ്രേട്ടൻ അങ്ങനെ പറഞ്ഞതും ഞാനാകെ പൊട്ടി കരഞ്ഞു പോയിരുന്നു..
അത് കണ്ടതും എല്ലാം മനസ്സിലായ പോലെ അദ്ദേഹം ആകെ തകർന്നു നിന്നു…
എന്റെ മേലുള്ള വിശ്വാസമാണ് അദ്ദേഹത്തിന് ഒരു നിമിഷം കൊണ്ട് നഷ്ടപ്പെട്ടത് പക്ഷേ അത് അങ്ങനെയല്ല എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത് എന്ന് പറയണമെന്നുണ്ടായിരുന്നു..
പക്ഷേ അദ്ദേഹം അത് കേൾക്കാൻ കൂട്ടാക്കിയില്ല എന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ അകത്തേക്ക് നടന്നു പോയി… എല്ലാം തകർന്നവളെ പോലെ ഞാൻ ആ കസേരയിലേക്ക് വീണു….
കൂസൽ ഏതുമില്ലാതെ അവൾ അവിടെ നിൽക്കുന്നുണ്ടായിരുന്നു എന്തിനാണ് എന്നോട് ഈ ചതി ചെയ്തത് എന്ന് ഞാൻ അവളോട് ചോദിച്ചു,
പുച്ഛത്തോടെ എന്നെ നോക്കി ഒന്ന് ചിരിച്ച് അവൾ അകത്തേക്ക് നടന്നു പോയി…
ചന്ദ്രേട്ടന്റെ അപ്പോഴത്തെ അവസ്ഥ എനിക്ക് ശരിക്കും അറിയാമായിരുന്നു.. എന്നും കൂടെയുണ്ടാവണം എന്ന് എന്നെ ചേർത്ത് പിടിച്ച് പറയാറുള്ള ചന്ദ്രേട്ടനെ എനിക്ക് ഓർമ്മ വന്നു ആ മുന്നിൽ ഒന്ന് പോയി നിൽക്കാനുള്ള ധൈര്യം പോലും അപ്പോൾ ഇല്ലായിരുന്നു …
അവൾ അങ്ങനെയല്ലേ പറഞ്ഞത് സത്യം എന്തായാലും അദ്ദേഹം അറിയുക തന്നെ വേണം..
ചൊവ്വ ദോഷമുള്ള പെണ്ണിനെ ആർക്കും വേണ്ട എന്ന് പറഞ്ഞ് വിവാഹ കമ്പോളത്തിൽ മാർക്കറ്റ് ഇല്ലാതിരുന്ന സമയത്ത് അതൊന്നും പ്രശ്നമല്ല എന്ന് പറഞ്ഞ് തന്റെ കഴുത്തിൽ താലികെട്ടിയതാണ് ചന്ദ്രേട്ടൻ അന്നുമുതൽ തന്നെ പൊന്നുപോലെ തന്നെയാണ് നോക്കിയത് ചന്ദ്രേട്ടൻ…
സ്വന്തമായി പലചരക്ക് കടയായിരുന്നു അദ്ദേഹത്തിന്.
യാതൊരു ദുശീലവും ഇല്ല നന്നായി കുടുംബം നോക്കും ശരിക്കും എന്റെ ഭാഗ്യം തന്നെയായിരുന്നു ഈ ബന്ധം…
അതുകൊണ്ടുതന്നെ അകമഴിഞ്ഞ് അദ്ദേഹത്തെ ഞാൻ സ്നേഹിച്ചു ആദ്യം ഞാൻ ഗർഭിണിയാണ് എന്നറിഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞിരുന്നു നമുക്ക് ഒരു പെൺകുഞ്ഞ് മതി അദ്ദേഹത്തിന് പെൺകുഞ്ഞുങ്ങളെയാണ് കൂടുതൽ ഇഷ്ടം എന്ന്…
അദ്ദേഹത്തിന്റെ പ്രാർത്ഥന പോലെ അതൊരു പെൺകുഞ്ഞ് ആവാൻ ഞാൻ പ്രാർത്ഥിച്ചു പക്ഷേ അതൊരു ആൺകുഞ്ഞ് ആയിരുന്നു പക്ഷേ എന്നാലും രണ്ടുപേരും ഹാപ്പി ആയിരുന്നു..
അവന് താഴെ ഒരു പെൺകുട്ടി കൂടി വേണം എന്നായിരുന്നു മോഹം പക്ഷേ നാലഞ്ചു കൊല്ലത്തിന് ഞങ്ങൾക്ക് പിന്നെ ആ ഭാഗ്യം ഉണ്ടായില്ല വിഷമമായിരുന്നു അതിന്റെ പേരിൽ..
എങ്കിലും ഒരു മോൻ ഉണ്ടല്ലോ എന്ന് സമാധാനിക്കും അഞ്ചു വർഷം കഴിഞ്ഞാണ് വീണ്ടും ഗർഭിണിയാകുന്നത് അത് പെൺകുട്ടിയാവാൻ ചെയ്യാത്ത വഴിപാടൊന്നും ഉണ്ടായിരുന്നില്ല അങ്ങനെയാണ് അവളെ കിട്ടിയത് അദ്ദേഹത്തിന്റെ അമ്മയുടെ പേരും ഇട്ടു ഗായത്രി എന്ന്…
താഴത്തും തലയിലും വയ്ക്കാതെ അദ്ദേഹം അവളെ കൊണ്ട് നടന്നു എന്തുവേണമെന്ന് പറഞ്ഞാലും സാധിപ്പിച്ചു കൊടുത്തു അതുകൊണ്ടുതന്നെ അവൾ തന്നിഷ്ടകാരിയായ വളർന്നു ഞാൻ എപ്പോഴും അദ്ദേഹത്തോട് പരാതി പറയാറുണ്ട്
ഇങ്ങനെയൊന്നും മക്കളെ ശീലിപ്പിക്കരുത് എന്ത് വിചാരിച്ചാലും കണ്ണിനു മുന്നിൽ കിട്ടിക്കഴിഞ്ഞാൽ അവർ പിന്നീടുള്ള കാലത്തും അങ്ങനെ തന്നെയായിരിക്കും എന്തെങ്കിലും ഒന്ന് നമുക്ക് സാധിപ്പിച്ചു കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ അവർക്ക് അത് ഉൾക്കൊള്ളാൻ കഴിയില്ല എന്ന്…
അന്നൊന്നും ഞാൻ പറഞ്ഞത് അദ്ദേഹം കേട്ടില്ല പക്ഷേ അത് അദ്ദേഹത്തിന് തന്നെ വിനയായി എന്ന് മനസ്സിലാക്കിയത് അവർ കോളേജിൽ ചേർന്നപ്പോഴാണ് അവിടെ കണ്ട ഒരു ചെറുക്കനുമായി അവൾക്ക് പ്രണയം..
അതറിഞ്ഞതും അദ്ദേഹം ആ ചെക്കനെ പറ്റി അന്വേഷിച്ചു നോക്കിയിരുന്നു അത്യാവശ്യം എല്ലാ തരികിടകളും ഉള്ള ഒരുത്തൻ അവനെ എങ്ങനെയായാലും ഉൾക്കൊള്ളാൻ ആർക്കും കഴിയില്ലായിരുന്നു..
അവളോട് മര്യാദയ്ക്ക് അദ്ദേഹം പറഞ്ഞു മനസ്സിലാക്കി കൊടുത്തു പക്ഷേ അവൾക്കൊന്നും തലയിൽ കയറിയില്ല അവനെത്തന്നെ വേണം എന്ന് പറഞ്ഞ് അവൾ വാശിപിടിച്ചു അതോടെ അദ്ദേഹത്തിന്റെ മട്ടു മാറി അവളെ അടിച്ചു… വീട്ടിൽ പൂട്ടിയിട്ടു…
അവളുടെ ഫോണും അദ്ദേഹം വാങ്ങി വെച്ചിരുന്നു പക്ഷേ എങ്ങനെയാണ് എന്നറിയില്ല അവൾ അവനെ കോൺടാക്ട് ചെയ്തിരുന്നു..
ഒരു ദിവസം അവൾ എന്നോട് പറഞ്ഞു അവൾ പ്രഗ്നന്റ് ആണ് എന്ന് ഞാൻ ആകെ തകർന്നു പോയി!! ചന്ദ്രേട്ടൻ എങ്ങാനും അറിഞ്ഞാൽ എന്നെയും അവളെയും വച്ചേക്കില്ല എന്നെനിക്കറിയാമായിരുന്നു അത്രത്തോളം അദ്ദേഹം ഞങ്ങളെ സ്നേഹിക്കുന്നുണ്ട്..
ഈ മാസം അവൾക്ക് പീരിയഡ്സ് വന്നിട്ടില്ല അതെനിക്കറിയാം… എന്തുവേണം എന്നറിയാതെ ഞാൻ നിന്നു അവൾ എന്നോട് ഞാൻ അവന്റെ കൂടെ ഇറങ്ങിപ്പോയിക്കോട്ടേ എന്ന് ചോദിച്ചു മറ്റു വഴികൾ ഒന്നും എന്റെ മുന്നിൽ ഉണ്ടായിരുന്നില്ല ഞാൻ സമ്മതം കൊടുത്തു.
അവൾ പറഞ്ഞത് കള്ളമായിരുന്നു എന്നും പീരിയഡ് ആവാതിരിക്കാനുള്ള ടാബ്ലറ്റ് അവൾ എടുത്തിരുന്നു എന്നും പിന്നീടാണ് ഞാൻ അറിഞ്ഞത്…
വിദഗ്ധമായി അവൾ ഞങ്ങളെ പറ്റിച്ചു…
അവൾ പോയപ്പോൾ ആകെ തകർന്നിരുന്നു അദ്ദേഹം പുറത്തേക്ക് പോലും ഇറങ്ങാതായി പലചരക്ക് കച്ചവടം മോൻ ഏറ്റെടുക്കേണ്ടി വന്നു…
ഞാനും കുറേ ഉപദേശിച്ചു നോക്കി പക്ഷേ അദ്ദേഹം ആ മുറിവിട്ട് പുറത്തേക്ക് ഇറങ്ങാൻ കൂട്ടാക്കിയില്ല ആളുകളുടെ മുഖത്ത് നോക്കാൻ വയ്യാത്രെ… എന്നോട് അദ്ദേഹത്തിന്റെ കൂടെ തന്നെ ഉണ്ടാവണം എന്ന് പറഞ്ഞു…
പറഞ്ഞത് പ്രകാരം ഞാൻ അദ്ദേഹത്തിന്റെ കൂടെ തന്നെ ഉണ്ടായിരുന്നു… താങ്ങായി തണലായി…
അവന് പുതുമയെല്ലാം തീർന്നപ്പോൾ അവളെ ഉപേക്ഷിച്ചു ഇപ്പോൾ വീട്ടിലേക്ക് കയറി വന്നിരിക്കുകയാണ് എല്ലാ കുറ്റങ്ങളും എന്റെ തലയിൽ കെട്ടിവച്ച്..
ഒരിക്കലും മനസ്സോടെയല്ല അന്ന് ഇറങ്ങി പൊയ്ക്കോളാൻ പറഞ്ഞു അവൾക്ക് ഞാൻ വാതിൽ തുറന്നു കൊടുത്തത്!!! എന്നെ പറ്റിക്കുകയായിരുന്നു അവൾ…
ഗർഭിണിയാണ് എന്നും പറഞ്ഞ് അതും കൂടി അറിഞ്ഞാൽ അദ്ദേഹം ആകെ തകർന്നു പോകും എന്ന് മനസ്സിലാക്കിയതുകൊണ്ട് മാത്രമാണ് അവളോട് അന്ന് ഞാൻ പൊയ്ക്കോളാൻ പറഞ്ഞത്..
ഇപ്പോ അവളുടെ നില നിൽപ്പിനായി എല്ലാം എന്റെ തലയിലിട്ട് തന്നിരിക്കുന്നു ഇത്രയും നന്ദികെട്ട ഒരു മകളെയാണ് വളർത്തി ഉണ്ടാക്കിയത് എന്ന് അറിഞ്ഞില്ല…
എല്ലാത്തിനും കൂട്ട് നിന്ന് അദ്ദേഹത്തെ ഞാനും കൂടി ചേർന്ന് ചതിക്കുകയായിരുന്നു എന്നായിരിക്കും അദ്ദേഹം ഇപ്പോൾ കരുതിവച്ചിരിക്കുക എന്തു പറയണം എന്ന് എനിക്ക് അറിയില്ലായിരുന്നു അദ്ദേഹത്തെ കാണാൻ വേണ്ടി ഞാൻ മുറി വരെ ചെന്നു എന്നെ കാണാൻ പോലും ഒന്ന് കൂട്ടാക്കിയില്ല…
അദ്ദേഹത്തിന്റെ മനസ്സ് വേദനിപ്പിച്ചതിൽ പിന്നെ എനിക്ക് അവിടെ നിൽക്കാൻ തോന്നിയില്ല എങ്ങനെയെങ്കിലും ജീവനൊടുക്കുക എന്നത് മാത്രമായിരുന്നു മുന്നിലുള്ള ലക്ഷ്യം ഞാൻ വീട്ടിൽ നിന്ന് എങ്ങോട്ടെന്നറിയാതെ ഇറങ്ങി നടന്നു…
എങ്കിലും എന്താടി ഉണ്ടായത് എന്ന് എന്നോട് ഒന്ന് ചോദിക്കും എന്ന് ഞാൻ കരുതി അതുപോലുമില്ലാതെ അദ്ദേഹവും അവൾ പറഞ്ഞത് വിശ്വസിച്ചിരിക്കുന്നു എന്നെക്കൊണ്ട് അതൊന്നും താങ്ങാൻ കഴിയുന്നതായിരുന്നില്ല..
വീടിനു തൊട്ടടുത്ത് കൂടി ഒഴുകുന്ന ആറ്റിൽ ചാടാം എന്ന് തന്നെയാണ് കരുതിയത് മതി ഈ ജീവിതം!!!
പാലത്തിനു മുകളിൽ കയറി അതിനു താഴെ നല്ല ആഴം ഉണ്ട് എന്ന് എനിക്കറിയാം .. കണ്ണടച്ചപ്പോൾ കയറിവന്നത് അദ്ദേഹമാണ്!!! വിട്ടുപോകാൻ ഇഷ്ടമുണ്ടായിട്ടല്ല പക്ഷേ ഇതൊന്നും സഹിക്കാനുള്ള ശക്തി എനിക്കില്ല… ചെയ്യാത്ത തെറ്റിനാണ് ഇപ്പോൾ എന്നെ തെറ്റിദ്ധരിച്ചിരിക്കുന്നത്…
കണ്ണുകൾ ഇറുക്കി ചിമ്മി ചാടാൻ പോയ എന്നെ ആരോ പുറകിലേക്ക് പിടിച്ചു വലിച്ചു ഞാൻ കണ്ണു തുറന്നു നോക്കുമ്പോൾ അവിടെ നിൽക്കുന്നുണ്ടായിരുന്നു അദ്ദേഹം ഞാൻ അദ്ദേഹത്തിന്റെ കാലിൽ വീണു മാപ്പ് പറഞ്ഞു… ഉണ്ടായത് എന്താണെന്ന് കേൾക്കണം എന്ന് പറഞ്ഞു..
“”” അവൾ എന്തുതന്നെ പറഞ്ഞാലും നീ എന്നെ ചതിക്കും എന്ന് ഞാൻ ഇപ്പോഴും വിശ്വസിച്ചിട്ടില്ല നിന്റെ മൗനമാണ് എന്നെ നേരത്തെ തകർത്തു കളഞ്ഞത്!!
അവൾക്ക് സ്നേഹം കൊടുക്കുന്നതിൽ ഞാൻ തോറ്റു പോയി എല്ലാം കൺമുന്നിൽ എത്തിക്കുന്നത് ആണ് സ്നേഹം എന്ന് ഞാൻ വിശ്വസിച്ചിരുന്നു അതല്ല തെറ്റ് കാണുമ്പോൾ അത് തിരുത്തുകയും നേർവഴിക്ക് നടത്തുകയും ചെയ്യുന്നതും സ്നേഹം തന്നെയാണ് എന്ന് എനിക്ക് ഇപ്പോ അറിയാം!!!
പലപ്പോഴും നീ എന്നോട് പറഞ്ഞിട്ടുള്ളതും ആണ് ശിക്ഷിക്കേണ്ട സമയത്ത് ശിക്ഷിക്കണമെന്ന് അന്നെല്ലാം നിന്നെ കളിയാക്കി അവളെ ചേർത്തുപിടിച്ചത് ഞാനാണ് എന്റെ തെറ്റാണ്!!!”””
എന്നെ ചേർത്ത് പിടിച്ചപ്പോൾ ഞാൻ അറിയുകയായിരുന്നു അദ്ദേഹം എന്നിൽ അർപ്പിച്ച വിശ്വാസം….
ഒരു തെറ്റ് അദ്ദേഹം ചെയ്തിട്ടുള്ളൂ വല്ലാതെ മകളെ സ്നേഹിച്ചു പോയി..
അതിനുള്ളത് അദ്ദേഹത്തിന് കിട്ടുകയും ചെയ്തു..
‘”” നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ നീ ഉള്ളൂ എനിക്ക് എന്റെ കൂടെ തന്നെ വേണം എന്ന് എന്നിട്ടാണോ നീ ഈ പണി കാണിക്കാൻ പോയത്???”””
എന്ന് ചോദിച്ചപ്പോൾ എനിക്ക് ഉത്തരം ഇല്ലായിരുന്നു….
“” അവളുടെ വീട്ടിൽ തന്നെ നിൽക്കട്ടെ!!! എന്റെ മകൾ എന്നൊരു പരിഗണന ഇനി അവൾക്ക് ഞാൻ കൊടുക്കില്ല!!! അങ്ങനെ ഒരാൾ നമ്മുടെ വീട്ടിൽ ഉണ്ടെന്നു പോലും ഞാൻ കണക്കാക്കില്ല അവളെ എനിക്ക് കാണേണ്ട മിണ്ടണ്ട!!!
അതാണ് അവൾക്ക് കിട്ടാവുന്ന ശിക്ഷ!!! ഒരു കണക്കിന് നോക്കിയാൽ എനിക്കും കൂടിയുള്ള ശിക്ഷയാണ് അത് നേർവഴിക്ക് നടത്താതെ എല്ലാത്തിനും താളം തുള്ളിയ ഒരച്ഛനെ കിട്ടേണ്ട ശിക്ഷ….!!”””
അദ്ദേഹം പറഞ്ഞതാണ് ശരി എന്ന് എനിക്ക് തോന്നി..
വീട്ടിലേക്ക് നടക്കുമ്പോൾ അവൾ ഉണ്ടായിരുന്നു അവിടെ!! കണ്ട ഭാഗം പോലും നടിക്കാതെ ഞങ്ങൾ ഞങ്ങളുടെ കാര്യങ്ങളുമായി മുന്നോട്ടു പോയി…
ഒരിക്കൽ കരഞ്ഞു കാലു പിടിക്കാൻ വന്നിരുന്നു… അപ്പോഴും പറഞ്ഞത് ഞങ്ങൾക്ക് ഇങ്ങനെ ഒരു മകള് ഇല്ല എന്നാണ് ഞങ്ങളുടെ മനസ്സ് അറിഞ്ഞില്ല കാരണം അത്രമേൽ വലിയ തെറ്റാണ് ഞങ്ങളോട് രണ്ടുപേരോടും അവൾ ചെയ്തത്..
ഒടുവിൽ അദ്ദേഹം അവളോട് ക്ഷേമിക്കാൻ തയ്യാറായി ഒപ്പം അവൾക്കായി ഒരു കല്യാണ ആലോചനയും കണ്ടുപിടിച്ച് അയാളുമായി ചേർത്ത് വച്ചു.. അവളുടെ എല്ലാം കാര്യങ്ങളും അറിഞ്ഞ് അവളെ സ്നേഹിക്കാൻ കഴിവുള്ള ഒരാൾ…
പോകാൻ നേരത്ത് അവൾക്കൊരു ഉപദേശവും അദ്ദേഹം കൊടുത്തിരുന്നു ഉണ്ടാവുന്നത് ആണോ പെണ്ണോ ആയിക്കോട്ടെ സ്നേഹം പ്രകടിപ്പിക്കുകയും വേണം പക്ഷേ എന്തും നേടിയെടുക്കാം എന്നൊരു മനസ്സ് അവരിൽ വളർത്തിയെടുക്കരുത് അത് ദോഷം ചെയ്യും!! വളർത്തി വലുതാക്കിയത് അനുഭവിക്കേണ്ടിവരും ഇന്ന് ഞങ്ങൾ അനുഭവിക്കുന്നത് പോലെ….