വസ്ത്രങ്ങൾ ഓരോന്നായി ശരീരത്തിൽ നിന്നും അടർത്തി മാറ്റാൻ തുടങ്ങിയപ്പോൾ ആദ്യം ആദ്യം പ്രകടിപ്പിച്ച എതിർപ്പ് പിന്നീട് ഇല്ലാതായത് അയാളോടുള്ള വിശ്വാസം കൊണ്ട്

(രചന: അംബിക ശിവശങ്കരൻ)

“കുഞ്ഞേ… കുഞ്ഞിനെ കാണാൻ ഒരാൾ വന്നിട്ടുണ്ട്.”

തിരക്കുപിടിച്ച ഒരു ദിവസത്തിനിടയ്ക്കാണ് സെക്യൂരിറ്റി ഗോവിന്ദൻ അവർക്കരികിലേക്ക് ചെന്നത്.

ഒരു നാല്പത്തിയഞ്ചിനടുത്ത് പ്രായം തോന്നുന്ന അവർ തന്റെ സ്റ്റാഫുകൾക്കിടയിൽ ഓടിനടന്ന് അവർക്ക് വേണ്ട നിർദേശങ്ങൾ നൽകുന്നു. ഇപ്പോഴും ഇരുപതുകളുടെ ഊർജ്ജസ്വലത തോന്നിക്കുന്ന അവരുടെ കണ്ണുകളിൽ നോക്കിയാൽ ഒരിക്കലും നാല്പത് പിന്നിട്ടെന്ന് പറയുകയേയില്ല.

“ആരാണെന്ന് ചോദിച്ചില്ലേ ഗോവിന്ദേട്ടാ?”

കയ്യിലിരുന്ന സ്റ്റിച്ചിങ് ക്ലോത്ത് താഴെ വെച്ച് കൊണ്ട് അവർ തിരക്കി.

“തൃശ്ശൂരിൽ നിന്ന് വരികയാണ് മുരളീകൃഷ്ണൻ എന്ന് പറഞ്ഞാൽ മതി കുഞ്ഞിന് അറിയാം എന്ന് പറഞ്ഞു.”

” ദൈവമേ വീണ്ടും പരീക്ഷിക്കുകയാണോ? ”

ആ പേര് കേട്ടതും എന്തെന്നില്ലാത്ത വിധം ഒരു തളർച്ച അവരെ ബാധിച്ചു.

“ഞാനിവിടെയുണ്ടെന്ന് ഗോവിന്ദേട്ടൻ പറഞ്ഞോ?”

അവർ തെല്ലൊരു പരിഭ്രമത്തോടെ ചോദിച്ചു.

“പറഞ്ഞു എന്താ കുഞ്ഞേ എന്തെങ്കിലും പ്രശ്നമുണ്ടോ?”

“ഏയ് ഒന്നുമില്ല ഗോവിന്ദേട്ട… അയാളോട് അവിടെ വെയിറ്റ് ചെയ്യാൻ പറയൂ ഞാൻ വരാം.”

അത് കേട്ടതും അയാൾ അവിടെ നിന്നും പുറത്തേക്ക് പോയി. താൻ ഉദ്ദേശിച്ച ആൾ തന്നെയാണോ എന്നറിയാൻ അവർ കർട്ടന്റെ വിടവിലൂടെ എത്തി നോക്കി.

“അതെ ഇത് അയാൾ തന്നെയാണ്. മുടിയിഴകളിൽ അവിടെ ഇവിടെയായി അല്പം നര ബാധിച്ചിട്ടുണ്ടെന്ന് മാത്രം ആ മുഖം ഇപ്പോഴും പഴയതുപോലെ തന്നെ…”

അവർ കട്ടൻ വലിച്ചിട്ട് കുറച്ച് സമയം മൗനമായിരുന്നു.

ഇത്രമാത്രം ആ മുഖം മനസ്സിനെ അലട്ടാൻ അയാൾ തനിക്ക് ആരായിരുന്നു? ആരായിരുന്നു എന്ന് ചോദിച്ചാൽ അയാൾ തനിക്ക് എല്ലാം ആയിരുന്നു. അയാളുടെ വശ്യമായ ചിരിയിൽ ഒളിഞ്ഞിരുന്ന ചതി തിരിച്ചറിയാതെ പോയ ഒരു വിഡ്ഢി മാത്രമായിരുന്നു താൻ.

സ്വന്തം വീട്ടിൽ നിന്ന് പോലും കിട്ടാതിരുന്ന സ്നേഹവും കരുതലും നീട്ടി അയാൾ വിളിച്ചപ്പോൾ അത് ആത്മാർത്ഥമായിരുന്നെന്ന് കരുതി അയാളെ കണ്ണടച്ച് വിശ്വസിച്ച് പോയ താൻ പിന്നെ വിഡ്ഢി അല്ലാതെ മറ്റ് എന്താണ്?? ചിലപ്പോൾ ഒരു ഇരുപത്കാരിയുടെ വിവരമില്ലായ്മയാകാം…

അതുമല്ലെങ്കിൽ തന്നെ അത്രയേറെ സ്നേഹിക്കുന്ന ഒരു പുരുഷ രൂപത്തോടെ തോന്നിയ ആരാധനയാകാം… എന്തുതന്നെയായാലും തന്റെ ദൗർബല്യത്തെ അയാൾ അതിമനോഹരമായി മുതലെടുത്തു.

രണ്ടുവർഷത്തോളം ആ ബന്ധം നിലനിന്നു പോന്നു. അതിനിടയിൽ അയാൾ പല ആവശ്യങ്ങളും ഉന്നയിച്ചെങ്കിലും അതെല്ലാം സ്നേഹിക്കുന്ന പുരുഷന്റെ അവകാശങ്ങൾ ആയിരുന്നു എന്നാണ് അന്നത്തെ പൊട്ട ബുദ്ധിയിൽ തോന്നിയിരുന്നത്. എങ്കിലും അതിനൊക്കെ വഴങ്ങിക്കൊടുക്കാൻ ഉള്ളിൽ ഭയമായിരുന്നു.

പിന്നീട് ഇത്തരം ആവശ്യങ്ങൾ നിറവേറി കൊടുത്തില്ലെങ്കിൽ അയാൾ തന്റെ ജീവിതത്തിൽ നിന്ന് തന്നെ പടിയിറങ്ങും എന്നൊരു സാഹചര്യം വന്നപ്പോൾ, തന്റെ ശരീരത്തെ മാത്രമാണ് അയാൾക്ക് വേണ്ടത് എന്ന് തിരിച്ചറിവ് അന്ന് ഇല്ലാതെ പോയി. അല്ലെങ്കിൽ താൻ ജീവനുതുല്യം സ്നേഹിക്കുന്ന തന്റെ പ്രിയതമൻ തന്നെ വഞ്ചിക്കില്ലെന്ന് അന്ന് വ്യാമോഹിച്ചു കാണണം…

പ്രായത്തിന്റെ പക്വതയില്ലായ്മയാകാം.. അയാളുടെ കാൽച്ചുവട്ടിലാണ് തന്റെ സ്വർഗം എന്നായിരുന്നു അന്ന് കരുതിയിരുന്നത്.

അത്രയേറെ പ്രാണൻ പകുത്ത് നൽകി സ്നേഹിച്ചത് കൊണ്ടാവണം അയാളുടെ അസാമിപ്യം ചിന്തിക്കാൻ കഴിയുന്നതിലും അപ്പുറം ആയിരുന്നു.അയാൾ കൂടെയില്ലെങ്കിൽ പിന്നെ മരണമല്ലാതെ മറ്റൊരു വഴിയില്ല എന്ന് തന്നെ ഉറച്ചു വിശ്വസിച്ചിരുന്ന ഒരു പൊട്ടി പെണ്ണിന്റെ വിവരമില്ലായ്മയെ കുറിച്ച് ഓർത്ത് ഇന്നും ലജ്ജ തോന്നുന്നുണ്ട്.

ഒരിക്കൽ ആളില്ലാത്ത ഒരിടത്തേക്ക് തന്നെയും കൊണ്ട് ചെന്ന് വശ്യമായ ഒരു ചിരി ചിരിച്ചപ്പോൾ അയാളുടെ പ്രണയിനിയാകാൻ കഴിഞ്ഞതിൽ താൻ അഭിമാനം കൊണ്ടിരുന്നു.

വസ്ത്രങ്ങൾ ഓരോന്നായി ശരീരത്തിൽ നിന്നും അടർത്തി മാറ്റാൻ തുടങ്ങിയപ്പോൾ ആദ്യം ആദ്യം പ്രകടിപ്പിച്ച എതിർപ്പ് പിന്നീട് ഇല്ലാതായത് അയാളോടുള്ള വിശ്വാസം കൊണ്ട് മാത്രമായിരുന്നു.

“ആഹ്…”

കണ്ണുകൾ ഇറക്കിയിടച്ചുകൊണ്ട് അവർ ദീർഘമായി നിശ്വസിച്ചു.

ഒരുപാട് വട്ടം താഴ്ന്നു കൊടുത്തതാണ്. സ്വന്തം വ്യക്തിത്വം തന്നെ പണയം വെച്ച് അയാൾക്ക് വേണ്ടി ജീവിച്ചതാണ്. അതൊക്കെ കഴിഞ്ഞ കാലം. ഇനിയെന്തിന് അയാളെ ഓർത്ത് ദുഃഖിക്കണം? ആ അദ്ധ്യായം എന്നോ അവസാനിച്ചതാണ്. ഇന്ന് താൻ തികച്ചും മറ്റൊരാളാണ്.

തനിക്ക് ഇന്ന് അയാൾ തികച്ചും അപരിചിതനാണ്. തന്നെ കാണാൻ എത്തിയ അപരിചിതനെ ഓർത്ത് എന്തിനാണ് താൻ വ്യാകുലതപ്പെടുന്നത്? തലയുയർത്തിപ്പിടിച്ച് തന്നെ അയാളുടെ മുന്നിലേക്ക് ചെല്ലണം. ഇനി ഒരിക്കലും ആരുടെ മുന്നിലും തലകുനിക്കില്ലെന്ന് എന്നോ ശബ്ദം ചെയ്തു കഴിഞ്ഞതാണ് പ്രത്യേകിച്ചും അയാൾക്ക് മുന്നിൽ…

അവർ സാരിയെല്ലാം നേരെയാക്കി തികഞ്ഞ ആത്മവിശ്വാസത്തോടെ തന്നെ അയാൾക്ക് മുന്നിലേക്ക് ചെന്നു. അവരെ കണ്ടതും അയാൾ ആദ്യമൊന്നു പരുങ്ങി. പിന്നീട് മങ്ങിയ ഒരു പുഞ്ചിരി അവർക്ക് സമ്മാനിക്കാൻ ശ്രമിച്ചു. അവർ അത് നിരസിച്ചു കൊണ്ട് തന്നെ അയാളോട് ഇരിക്കാൻ ആംഗ്യം കാണിച്ചു.

“ദേവൂന് സുഖമല്ലേ?”

തീർത്തും ഔപചാരികത നിറഞ്ഞ ചോദ്യം.

“ദേവയാനി എന്നാണ് എന്നെ എല്ലാവരും ഇവിടെ വിളിക്കുന്നത് നിങ്ങൾക്കും അങ്ങനെ തന്നെ വിളിക്കാം.”

ശബ്ദം ദൃഢം ആയിരുന്നു

“ക്ഷമിക്കണം ഞാൻ പഴയ ഓർമ്മ വെച്ച്….”

നിമിഷനേരത്തെ ഇടവേളയ്ക്ക് ശേഷം അയാൾ തുടർന്നു.

” ഈ സ്ഥാപനം ദേവു അല്ല…. ദേവയാനി തനിച്ചാണോ നടത്തുന്നത്? ”

“അതെ… നിങ്ങൾ വന്ന കാര്യം പറയൂ എനിക്ക് കുറച്ച് തിരക്കുണ്ട്.”

അവർ അനിഷ്ടം പ്രകടിപ്പിച്ചു.

“ശരി ഞാൻ തന്റെ സമയം കളയുന്നില്ല. ഇനിയൊരു മുഖവുരയുടെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. ഞാൻ വന്ന കാര്യം പറയാം. എനിക്ക് എന്റെ കുഞ്ഞിനെ ഒന്ന് കാണണം പ്ലീസ്.”

ആ ആവശ്യം മനസ്സിനെ ഉലച്ചെങ്കിലും അവർ യാതൊരു ഭാവ വ്യത്യാസവും ഇല്ലാതെ ഇരുന്നു കാരണം ഇത് പ്രതീക്ഷിച്ചതാണ്.

“ഏതു കുഞ്ഞ്?” അവർ നെറ്റി ചുളിച്ചു.

“നമ്മുടെ കുഞ്ഞ്.”

അയാൾ ഒരു കുറ്റവാളിയെ പോലെ ഏറ്റു പറഞ്ഞു.

“നിങ്ങൾ പറഞ്ഞു വരുന്നത് വർഷങ്ങൾക്കു മുൻപ് നിങ്ങൾ ഒരു വിഴുപ്പ് പോലെ എന്റെ ഉദരത്തിൽ സമ്മാനിച്ച കുഞ്ഞാണോ?”

” എടോ പ്ലീസ് തന്നോട് ചെയ്ത പാപമോർത്ത് ഞാനിന്ന് കുറ്റബോധം കൊണ്ട് നീറുകയാണ്. തന്നെയൊന്ന് കണ്ടെത്താൻ തന്നെ ഞാൻ എത്ര വർഷങ്ങൾ എടുത്തു… തന്നെ ഓർക്കാതെ ഞാൻ മറ്റൊരു വിവാഹവും കഴിച്ചിരുന്നു. പക്ഷേ ദൈവത്തിന്റെ കോടതിയിൽ മാപ്പ് ഇല്ല എന്നല്ലേ?

തന്നോട് ചെയ്ത ക്രൂരതയുടെ ഫലമായിരിക്കാം പിന്നീട് എനിക്ക് ഒരു കുഞ്ഞിനെ ദൈവം തന്നില്ല. വല്ലാത്ത ഒരു ഏകാന്തത ഇന്ന് എന്റെ ജീവിതത്തെ ഭ്രാന്ത് പിടിപ്പിക്കുന്നു. എന്റെ കുഞ്ഞിനെ കാണാൻ എങ്കിലും താനെന്നെ അനുവദിക്കണം പ്ലീസ്… അതെനിക്ക് വലിയൊരു ആശ്വാസമാകും. ”

അയാളുടെ സ്വരം ദയനീയമായിരുന്നെങ്കിലും അവർക്ക് യാതൊരു സഹതാപവും തോന്നിയില്ല.

” ഇതുപോലെ നിസ്സഹായതയോടെ ഞാനൊരിക്കൽ നിങ്ങളുടെ മുന്നിൽ വന്നു നിന്ന് കരഞ്ഞിട്ടുണ്ട് ഓർക്കുന്നുണ്ടോ നിങ്ങൾ? നിങ്ങൾ ജന്മം നൽകിയ കുഞ്ഞ് എന്റെ വയറ്റിൽ ജന്മം എടുത്തിട്ടുണ്ടെന്നും വിവാഹം കഴിക്കണമെന്നും മുന്നിൽ വന്ന് യാചിച്ചപ്പോൾ നിങ്ങളെന്നെ ആട്ടിറക്കിയില്ലേ?

അന്ന് നിങ്ങൾ എന്താ പറഞ്ഞത്… ശാപം പിടിച്ച ഈ ജന്മത്തെ കൊന്നുകളഞ്ഞ് ആരെയും ഒന്നും അറിയിക്കാതെ വേറെ വിവാഹം കഴിച്ചു സുഖമായി ജീവിക്കാൻ നോക്ക് എന്ന് അല്ലേ?

അന്ന് ആ നിമിഷം മുതൽ നിങ്ങളെ നഷ്ടപ്പെട്ടതിൽ ഓർത്തല്ല ഞാൻ ദുഃഖിച്ചത്, എന്റെ വയറ്റിൽ പിറവിയെടുത്ത കുഞ്ഞിനെ കുറിച്ച് ഓർത്താണ്. പിന്നീട് വീട്ടുകാരും ഇതേ ആവശ്യം പറഞ്ഞു ഭീഷണിപ്പെടുത്തിയപ്പോൾ എന്റെ കുഞ്ഞിനെ രക്ഷിക്കാൻ വേണ്ടി മാത്രം ആരോടും പറയാതെ ഞാൻ അന്ന് നാടുവിട്ടു..

ദിവസങ്ങൾ പട്ടിണി കിടന്നു. ഒടുക്കം രണ്ടു ജീവനുകൾ താങ്ങാനുള്ള ശേഷി ശരീരത്തിന് ഇല്ലാതെ വന്നപ്പോൾ എവിടെയോ കുഴഞ്ഞു വീണത് മാത്രം എനിക്ക് ഓർമ്മയുണ്ട്. പിന്നീട് വർഷങ്ങളോളം ഒരു അനാഥാലയത്തിലാണ് ഞാനും എന്റെ കുഞ്ഞും കഴിഞ്ഞത്.

അച്ഛനും അമ്മയും ജീവനോടെ ഉണ്ടായിട്ടും എന്റെ കുഞ്ഞ് ജീവിച്ചത് ആരുമില്ലാത്ത കുഞ്ഞുങ്ങളുടെ കൂടെയാണ്.. അതുകൊണ്ടുതന്നെ എന്റെ കുട്ടിക്ക് മനുഷ്യനെ സ്നേഹിക്കാൻ അറിയാം. അച്ഛന്റെ ഒരു സ്വഭാവവും എന്റെ കുഞ്ഞിന് കിട്ടിയിട്ടില്ല എന്നത് തന്നെയാണ് എന്റെ ഏറ്റവും വലിയ സന്തോഷവും.

പിന്നീട് സ്വന്തം കാലിൽ നിൽക്കണമെന്ന ആഗ്രഹം കൊണ്ടാണ് കുറച്ചു നല്ല മനസ്സുകളുടെ സഹായത്തോടെ ഒരു ചെറിയ തയ്യൽ കട തുടങ്ങിയത്. ജയിക്കണമെന്ന വാശി മാത്രമേ അന്ന് മനസ്സിൽ ഉണ്ടായിരുന്നുള്ളൂ..

എന്റെ കുഞ്ഞിനെ നല്ല രീതിയിൽ വളർത്തണമെന്നും. ആ വാശിയാണ് എന്നെ ഇവിടെ വരെ കൊണ്ട് എത്തിച്ചത്. അതിന് എനിക്ക് നിങ്ങളോട് നന്ദിയുണ്ട്.. നിങ്ങളോടുള്ള വെറുപ്പാണ് എന്നിൽ വാശിയായി രൂപാന്തരപ്പെട്ടത്.

പിന്നെ കുഞ്ഞിന്റെ കാര്യം.. അച്ഛനായ നിങ്ങൾ തന്നെ ആവശ്യപ്പെട്ടതുപോലെ ഉദരത്തിൽ വെച്ച് തന്നെ ഞാൻ അതിനെ കൊന്നു കളഞ്ഞു എന്ന് കരുതിയാൽ മതി. ”

അല്പനേരത്തെ മൗനത്തിനുശേഷം അവർ തന്നെ തുടർന്നു.

” എന്താ മിണ്ടാത്തത്? ഞാൻ ഒരിക്കലും അങ്ങനെ ചെയ്യില്ലെന്ന് നിങ്ങൾക്ക് അറിയാമല്ലേ?നിങ്ങൾ ഒരിക്കലും ആ കുഞ്ഞിനെ കാണരുത്…. അതിനുള്ള അർഹതയോ അവകാശമോ നിങ്ങൾക്കില്ല.

നിങ്ങൾ എന്ന പിതാവിന്റെ ജനനം അബദ്ധവശാൽ സംഭവിച്ചത് ആകാം പക്ഷേ എന്നിലെ മാതാവ് അങ്ങനെയല്ല പിറവിയെടുത്തത്.ആ കുഞ്ഞ് ജന്മമെടുത്ത നാൾ മുതൽ എല്ലാ അർത്ഥത്തിലും ഞാനൊരു അമ്മ തന്നെയായിരുന്നു. ഇനിയും വന്നു ബുദ്ധിമുട്ടിക്കരുത് നിങ്ങൾക്ക് പോകാം. ”

മുഖം നോക്കാതെ അവർ നയം വ്യക്തമാക്കി.

” ഇതൊക്കെ കേൾക്കേണ്ടി വരുന്നതിൽ എനിക്ക് ദുഃഖമില്ല. ഇതൊക്കെ കേൾക്കുവാൻ ഞാൻ ബാധ്യസ്ഥനുമാണ്. കുഞ്ഞിനെ കാണാൻ അനുവദിക്കില്ലെങ്കിലും ആണാണോ പെണ്ണാണോ എന്നെങ്കിലും എന്നോട് പറയണം. ഒരു രൂപമെങ്കിലും ഓർത്തെടുക്കാൻ മാത്രം. ”

“അതും നിങ്ങൾ അർഹിക്കുന്നില്ല. അല്ലെങ്കിൽ വേണ്ട ഞാൻ അത് പറയാം. ഞാൻ ജന്മം നൽകിയത് ഒരാൺക്കുഞ്ഞിനാണ്. മിടുക്കനായി തന്നെ അവൻ എംബിബിഎസ് മൂന്നാം വർഷം പൂർത്തിയാക്കിയിരിക്കുന്നു. നിങ്ങളുടെ ചോരയിൽ പിറന്നെന്ന ഒരു കുറവ് മാത്രമേ എന്റെ മകന് ഉള്ളൂ…

പിതാവിനെ പോലെയല്ല എന്റെ മകന് സ്ത്രീകളെ ബഹുമാനിക്കാൻ അറിയാം. ഇരുട്ടിന്റെ മറവിൽ ഒരു പെൺകുട്ടിയോടും അവൻ അപമര്യാദ കാണിക്കില്ലെന്ന് എനിക്കുറപ്പാണ്. അവനവന്റെ അമ്മയ്ക്ക് തരുന്ന സ്നേഹവും ബഹുമാനവും ഏതൊരു പെണ്ണിനോടും കാണിച്ചിരിക്കും.
പിന്നെ…

അച്ഛൻ ആരാണെന്നും സ്കൂൾ സർട്ടിഫിക്കറ്റുകളിൽ ഗാർഡിയന്റെ സ്ഥാനത്ത് എങ്ങനെ അമ്മയുടെ പേര് വന്നെന്നുമെല്ലാം അവന് ഞാൻ പറഞ്ഞു കൊടുത്തിട്ടുണ്ട്. എന്റെ മോന്റെ മുന്നിൽ ഒന്നും ചെന്നു പെട്ടേക്കരുത് ജന്മം നൽകി എന്ന പരിഗണന പോലും തരാതെ കാർക്കിച്ചു തുപ്പും അവൻ…
നിങ്ങൾക്ക് പോകാം ഇനി ഇതും പറഞ്ഞ് ഇങ്ങോട്ട് വരണം എന്നില്ല.”

അപമാനിതനായി അയാൾ തിരികെ നടക്കുമ്പോൾ ജീവിതത്തിൽ ഇതിലും വലിയ മറുപടി അയാൾക്കിനി കൊടുക്കാനില്ലെന്ന ആശ്വാസത്തോടെ അവർ നിന്നു. ജന്മം നൽകിയ കുഞ്ഞിനെ ഓർത്ത് അയാൾ ഇനി അവശേഷിക്കുന്ന കാലം നീറി ജീവിക്കട്ടെ.. കാലമയാൾക്കായി കാത്തുവെച്ച തിരിച്ചടിയാകാം അത്… അവർ മനസ്സുകൊണ്ട് പുഞ്ചിരിച്ചു

Leave a Reply

Your email address will not be published. Required fields are marked *