(രചന: പ്രജിത്ത് സുരേന്ദ്രബാബു)
“ഏട്ടാ…. എന്താ നമ്മുടെ കാര്യത്തിൽ തീരുമാനം.. ഇനീം ഇങ്ങനെ നീട്ടിക്കൊണ്ട് പോകുവാൻ പറ്റില്ല. എനിക്ക് വീട്ടിൽ കല്യാണ ആലോചനകൾ വരുന്നുണ്ട്. നല്ലത് ഒത്തു വന്നാൽ അച്ഛൻ നടത്തും അത് ഉറപ്പാണ് ”
ശിവാനിയുടെ വാക്കുകളിൽ വല്ലാത്ത ആശങ്ക നിറഞ്ഞിരുന്നെങ്കിലും കേട്ടു നിന്ന കിരണിന്റെ മുഖത്ത് പ്രത്യേകിച്ച് ഭാവമാറ്റങ്ങൾ ഒന്നും തന്നെ ഉണ്ടായില്ല.
” എടോ താനൊന്ന് ക്ഷമിക്ക്. എന്തായാലും ഇതുവരെയും കല്യാണം ഒന്നും ഉറപ്പിച്ചില്ലല്ലോ. ഉറപ്പിക്കട്ടെ അന്നേരം നമുക്ക് എന്താ ന്ന് വച്ചാൽ ചെയ്യാം ”
അലക്ഷ്യമായുള്ള അവന്റെ മറുപടി കേട്ട് അവൾക്ക് അരിശം കേറിയിരുന്നു.
” എന്ത് ചെയ്യും.. കല്യാണം മുടക്കുമോ… അങ്ങിനെ മുടക്കാൻ നിന്നാൽ എത്ര എണ്ണം മുടക്കും… നിങ്ങൾക്കിപ്പോ ഒരു സർക്കാർ ജോലി ഇല്ലേ.. ഇനിയെങ്കിലും വീട്ടിൽ വന്നു പെണ്ണ് ചോദിച്ചൂടെ.. ”
ആ ചോദ്യം കേട്ട കിരണിന്റെ മുഖത്ത് ഞെട്ടൽ ആണ് തെളിഞ്ഞത്.
” ദൈവമേ..പെണ്ണ് ചോദിക്കാനോ.. അതും നിന്റെ അച്ഛനോട്.. ഒന്ന് പോയെ നീ.. ജാതിയും അന്തസ്സും കെട്ടിപ്പിടിച്ചിരിക്കുന്ന അങ്ങേരു ഒരിക്കലും നിന്നെ എനിക്ക് കെട്ടിച്ചു തരില്ല. ”
” പിന്നെന്താ ഏട്ടന്റെ പ്ലാൻ… പിരിയാം ന്ന് ആണോ… എന്തായാലും ഇനിയും ഇങ്ങനെ നീട്ടിക്കൊണ്ട് പോകാൻ പറ്റില്ല. ഒരു തീരുമാനം വേണം അല്ലേൽ വീട്ടിൽ വന്നു വിളിക്ക് ഞാൻ ഇറങ്ങി വരാം ”
ശിവാനി രണ്ടും കല്പിച്ചാണെന്ന് അപ്പോഴാണ് കിരൺ മനസ്സിലാക്കിയത്
” എന്റെ ശിവാ.. നീ ഒന്ന് അടങ്ങ്.. എനിക്കല്പം സമയം താ.. എന്തേലും ഒരു വഴി തെളിയും.. എല്ലാം മംഗളം ആകും നീ ടെൻഷൻ ആകല്ലേ..”
അവന്റെ വാക്കുകൾ കേട്ട് അല്പസമയം മൗനമായി ശിവാനി. ശേഷം പതിയെ ആൽത്തറയിൽ നിന്നും എഴുന്നേറ്റു.
” ഏട്ടൻ എന്താ ന്ന് വച്ചാ ചെയ്യ്. ഇനീം ഇവിടിങ്ങനെ ഇരിക്കാൻ പറ്റില്ല ക്ഷേത്രത്തിൽ വരുന്ന ആരേലും ശ്രദ്ധിച്ചാൽ പിന്നെ അത് മതി.. ഞാൻ പോകുവാ.. ”
കിരണിനോട് അല്പം നീരസം ഉള്ളതിനാൽ തന്നെ മറുപടിക്ക് കാക്കാതെ തിരിഞ്ഞു നടന്നു അവൾ .
” ഏയ്.. ശിവാ പിണങ്ങി പോകല്ലേ.. ”
പിന്നിൽ നിന്നും അവൻ വിളിക്കുമ്പോൾ ഒന്ന് നിന്നു അവൾ. ശേഷം പതിയെ തിരിഞ്ഞു.
” അതെ.. വേറൊരു കാര്യം പറയാം.. രണ്ട് ദിവസം മുന്നേ എന്നോട് ഒരു കിസ്സ് ചോദിച്ചില്ലേ… ഇന്ന് വീട്ടിൽ ആരും ഇല്ല ഞാനും അച്ഛമ്മയും മാത്രേ ഉള്ളു അച്ഛനും അമ്മയും ഒരു ബന്ധുവിന്റെ വിവാഹത്തിന് പോയി നാളെ വൈകിട്ടെ എത്തു. അച്ഛമ്മയ്ക്ക് ആണേൽ നേരെ കണ്ണ് കണ്ടൂടാ… രാത്രി വീട്ടിൽ വന്നാൽ കിസ്സ് മാത്രം അല്ല….. ”
വാക്കുകൾ പാതിയിൽ മുറിച്ച് നാണത്തോടെ കിരണിനെ ഒന്ന് നോക്കി ശിവാനി.
” എന്റെ ദൈവമേ… രാത്രിയിലോ… നിനക്ക് എന്താ വട്ട് ആണോ.. ശിവാ..ഞാനില്ല… ആരേലും കണ്ടാൽ പിന്നെ അത് മതി ”
ആ മറുപടി അരിശം പിടിപ്പിച്ചെങ്കിലും ശാന്തയായി അവൾ.
” അതെ മാഷേ.. ഇതിനേലും ധൈര്യം ഉണ്ടേൽ ഒന്ന് വാ.. ഒരു നട്ടെല്ലുള്ള ആണാണെന്ന് തെളിയിക്ക്.. ഇതിൽ കൂടുതൽ എന്ത് സാഹചര്യം ആണ് വേണ്ടത്. ഇനീം പേടി ആണോ… അടുക്കള വാതിൽ ലോക്ക് ഇടില്ല ഞാൻ. പ്രതീക്ഷിക്കും വരുമ്പോ വിളിച്ചിട്ട് അത് വഴി കയറിയാൽ മതി. ”
അത്രയും പറഞ്ഞു കൊണ്ട് ശിവാനി വീണ്ടും തിരിഞ്ഞു നടക്കുമ്പോൾ പിന്നാലെ ചെന്നു കിരൺ.
ശിവാ പ്ലീസ്.. ഇത് നടക്കില്ല.. എനിക്കാകെ പേടി ആകുന്നു.. ”
കെഞ്ചുകയായിയുന്നു അവൻ
” എന്റെ പൊന്ന് ഏട്ടാ.. നിങ്ങൾക്ക് ഈ വികാരം എന്നൊന്നില്ലേ.. അഞ്ചു വർഷമായി എന്നെ പ്രണയിക്കുവല്ലേ എന്നിട്ട് എന്നോട് ഒന്നും തോന്നുന്നില്ലേ… ഇതിപ്പോ ഇത്രയും നല്ലൊരു സാഹചര്യം ഒത്തു വന്നിട്ട് ഞാനായിട്ട് വിളിക്കുമ്പോഴും നിങ്ങൾക്ക് പേടി ആണോ.. ഞാൻ പ്രതീക്ഷിക്കും.. ബാക്കി നിങ്ങടെ ഇഷ്ടം ”
അമർഷത്തോടെ അവൾ നടന്നകലുമ്പോൾ കൈ കാലുകൾ അടിമുടി വിറച്ചു കിരണിന്
” എന്റെ ഭഗവാനെ.. ഇതിപ്പോ വല്ലാത്ത പണി ആയല്ലോ.. പോയില്ലേൽ ശിവ ആകെ കലിപ്പ് ആകും.. പോയാൽ… ആരേലും കണ്ടാൽ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യം ഇല്ല. ”
ആത്മഗതത്തോടെ തിരിഞ്ഞു നടക്കുമ്പോൾ രണ്ടും കല്പ്പിച്ചു പോകാൻ തന്നെ തീരുമാനിച്ചു കിരൺ.
************************
ശിവാനി പറഞ്ഞ വാക്ക് പാലിച്ചു. അടുക്കള വാതിൽ പൂട്ടിയിരുന്നില്ല അവൾ. രാത്രി കൃത്യം പന്ത്രണ്ട് മണി ആയപ്പോഴേക്കും കിരൺ അവളുടെ വീടിന്റെ പിൻ ഭാഗത്ത് എത്തി. ഭയത്താൽ ആകെ അടിമുടി വിറയ്ക്കുന്നുണ്ടായിരുന്നു അവൻ. ഫോൺ എടുത്ത് പതിയെ ശിവാനിയെ വിളിച്ചു
” ശിവാ ഞാൻ പുറത്തുണ്ട് ”
” ഏട്ടൻ കേറി പോന്നേക്ക്.. ”
സിഗ്‌നൽ കിട്ടിയതും പിന്നെ ഒട്ടും വൈകിച്ചില്ല കിരൺ. പതിയെ പാത്തും പതുങ്ങിയും അവൻ വീടിനുള്ളിലേക്ക് കയറി. തന്റെ തന്നെ നെഞ്ചിടിപ്പിന്റെ ശബ്ദം ഒരു മുഴക്കമായി അവന്റെ കാതുകളിൽ തന്നെ മുഴങ്ങി. ശിവാനിയുടെ നിർദ്ദേശ പ്രകാരം കൃത്യമായി അവളുടെ റൂമിൽ തന്നെ എത്തപ്പെട്ടു.
” ഇങ്ങട് കേറിയേ വേഗം ”
കിരണിന്റെ മുറിക്കുള്ളിലേക്ക് വലിച്ചു കയറ്റി വാതിൽ ലോക്ക് ചെയ്തു ശിവാനി.
“ശിവാ പതുക്കെ.. ബഹളം വയ്ക്കല്ലേ. എനിക്ക് ആകെ പേടിച്ചിട്ട് തല ചുറ്റുവാ.. ”
കിരണിന്റെ വെപ്രാളം കൺകെ പൊട്ടിചിരിച്ചു പോയി അവൾ.
” എന്റെ ഏട്ടാ.. ഇത്രേം പേടിത്തൊണ്ടനാണോ നിങ്ങൾ.. നിങ്ങളെ കൊണ്ട് ഞാൻ തോറ്റു. ”
പതിയെ അവനരികിലേക്ക് അടുത്തു അവൾ
” എന്താണ് മോനെ.. പാതിരാത്രിയിൽ ഒരു മുറിയിൽ നമ്മൾ രണ്ടാളും ഒറ്റയ്ക്ക്.. ഇനീപ്പോ ചുമ്മാ പേടിച്ചു വിറച്ചു ഈ രാത്രിയുടെ മൂഡ് കളയണോ.. ”
ശിവാനിയുടെ മിഴികൾ തിളങ്ങി. അവളുടെ മുഖത്തേക്ക് നോക്കവേ പതിയെ പതിയെ തന്റെ ഉള്ളിലെ ഭയം അകലുന്നത് തിരിച്ചറിഞ്ഞു കിരൺ.
” എന്തെ.. ഇപ്പോ കിസ്സ് വേണ്ടേ.. ”
ആ ചോദ്യത്തിന് മുന്നിൽ കിരണിന്റെ എല്ലാ വേവലാതികളും അകന്നു.
” വേണം… ഒന്നല്ല ഒരായിരം ”
പതിയെ അവളെ തന്നോട് പിടിച്ചു ചേർത്ത് നെറുകയിൽ ഒന്ന് മുത്തി അവൻ. ശേഷം പതിയെ ആ അധരങ്ങളിൽ അമർത്തി ഒന്ന് ചുംബിച്ചു. ഒരു നിമിഷം ശിവാനിയും ഷോക്കേറ്റ പോലെ നിന്നു പോയി. ചുംബന സുഖത്തിൽ രണ്ടാളും അല്പസമയം അങ്ങിനെ ലയിച്ചു നിന്നു ശേഷം പതിയെ മുഖമുയർത്തി കിരൺ. അവന്റെ നോട്ടത്തിനു മുന്നിൽ ഒരു നിമിഷം നാണത്തോടെ മുഖം താഴ്ത്തി ശിവാനി.
” ഇങ്ങനൊരു ദിവസം ഞാനൊരിക്കലും മറക്കില്ല ശിവാ. നീ എന്റേത് ആണ് ഒരിക്കലും ആർക്കും വിട്ടു കൊടുക്കില്ല നിന്നെ ഞാൻ ”
കിരണിന്റെ ശബ്ദത്തിൽ പ്രണയം നിറഞ്ഞിരുന്നു. അല്പസമയം അവന്റർ കണ്ണുകളിൽ തന്നെ നോക്കി നിന്ന ശേഷം പതിയെ അവനിൽ നിന്നും അകന്നു ശിവാനി…
” ഈ ദിവസം ഏട്ടൻ ഒരിക്കലും മറക്കില്ല.. അതെനിക്ക് ഉറപ്പ് ഉണ്ട്… എന്നോട് ക്ഷമിക്കണം എനിക്ക് വേറെ വഴി ഇല്ലായിരുന്നു. കാരണം അത്രമേൽ ഇഷ്ടമാണ് ഏട്ടനെ… പിരിയുന്നതിനെ പറ്റി മനസ്സിൽ പോലും ഓർക്കുവാൻ കഴിയില്ല എനിക്ക്.. ഏട്ടൻ ഇല്ലെങ്കിൽ പിന്നെ ഞാനില്ല ”
പരസ്പര ബന്ധമില്ലാത്ത ആ വാക്കുകൾ കേട്ട് ഒന്നും മനസിലാകാതെ കിരൺ നോക്കി നിൽക്കെ പതിയെ ടേബിളിൽ ഇരുന്ന കുടിവെള്ളം നിറച്ചു വച്ചിരുന്ന മൺ കൂജയിലേക്ക് നോക്കി ശിവാനി. ശേഷം പതിയെ അത് തട്ടി നിലത്തേക്കിട്ട് പൊട്ടിച്ചു അവൾ. ആ ശബ്ദം കേട്ട് നടുങ്ങി പോയി കിരൺ. നിലത്ത് വെള്ളം ഒഴുകി…
” ശിവാ എന്താ നീ ഈ കാണിച്ചേ… ഒച്ചയുണ്ടാക്കല്ലേ.. നിന്റെ അച്ഛമ്മ അറിയില്ലേ.. ”
ഭയന്നു കൊണ്ട് കിരൺ നോക്കുമ്പോൾ ഒന്ന് പുഞ്ചിരിച്ചു ശിവാനി..
” അച്ഛമ്മ മാത്രം അല്ല ഏട്ടാ.. അച്ഛനും അമ്മയും എല്ലാവരും അറിയും. എല്ലാവരും ഇവിടെയുണ്ട് അവര് അറിയാൻ വേണ്ടിയാണ് ഞാൻ ഇത് ചെയ്തത്. ”
ആ വാക്കുകൾ ശെരിക്കും കിരണിനെ ഞെട്ടിച്ചു.
” ങേ.. അച്ഛനോ.. അപ്പോ കല്യാണത്തിന് പോയെന്ന് നീ പറഞ്ഞത്… ”
നടുങ്ങി തരിച്ചു കൊണ്ടവൻ നോക്കി നിൽക്കെ പുറത്ത് വാതിലിൽ ആരോ ശക്തിയായി മുട്ടി തുടങ്ങി.
” മോളെ.. ശിവാ.. എന്താ ആ ശബ്ദം.. എന്ത് പറ്റി വാതിൽ തുറക്ക്.. ”
ശബ്ദത്തിനുടമയെ വേഗത്തിൽ തിരിച്ചറിഞ്ഞു കിരൺ.
‘ശിവാനിയുടെ അച്ഛൻ’
അവന്റെ മിഴികൾ തുറിച്ചു കൈകാലുകൾ കുഴയുന്നത് പോലെ തോന്നി. ശിവാനിയാകട്ടെ അപ്പോൾ രണ്ടും കല്പ്പിച്ച മട്ടിൽ ആയിരുന്നു. വാതിൽ തുറക്കുവാനായി അവൾ നടന്നപ്പോൾ തടയുവാൻ കഴിഞ്ഞില്ല കിരണിന്. തുടർന്ന് സംഭവിച്ചേകാവുന്നത് ഓർത്തു ഭയന്ന് അനങ്ങാതെ നിന്നു പോയി അവൻ.
“എന്നാലും എന്റെ ശിവാ… അന്നത്തെ ആ രാത്രി ഓർക്കുമ്പോ ഇപ്പോഴും എന്റെ മുട്ടിടിക്കുവാ.. വല്ലാത്ത പണി തന്നാ നീ അന്ന് കാണിച്ചു വച്ചേ.. ”
തന്നെ പറ്റിച്ചേർന്നു കിടക്കുന്ന ശിവാനിയെ ഒന്ന് നോക്കി കിരൺ
” അത് പിന്നെ.. നിങ്ങൾക്ക് ആണേൽ വന്നു പെണ്ണ് ചോദിക്കാനുള്ള ധൈര്യം ഇല്ല.. ഒളിച്ചോടാൻ ധൈര്യം ഇല്ല.. അപ്പോ പിന്നെ ഇതല്ലാണ്ട് എന്ത് ചെയ്യാനാ. അന്ന് അങ്ങിനെ ഒരു പണി ഒപ്പിച്ചത് കൊണ്ട് ആറ് മാസത്തിനുള്ളിൽ നമ്മുടെ കല്യാണം നടന്നു. ഇന്നിപ്പോ നമ്മൾ ആദ്യരാത്രിയും ആഘോഷിക്കുന്നു. അല്ലാരുന്നേൽ എന്നെ വേറെ ആരേലും കെട്ടിക്കൊണ്ട് പോയേനെ.. ”
ശിവാനിയുടെ മറുപടി കേട്ട് പൊട്ടിച്ചിരിച്ചു പോയി കിരൺ
” എന്നാലും പെണ്ണെ പാതിരാത്രി എന്നെ നിന്റെ മുറിയിൽ നിന്നും പിടിച്ചു ന്ന് എങ്ങാനും നാട്ടിൽ പാട്ടായിരുന്നേൽ ഉള്ള അവസ്ഥ ഒന്ന് ഓർത്തു നോക്ക്യേ. ”
” അങ്ങിനൊന്നും ഉണ്ടാകില്ല എന്ന് ഉറപ്പ് ഉള്ളോണ്ട് അല്ലെ അന്ന് ഏട്ടനെ കള്ളം പറഞ്ഞിട്ട് ഞാൻ വീട്ടിൽ വിളിച്ചേ. എന്റെ അച്ഛൻ അഭിമാനി ആണ് അതോണ്ട് ഈ കാര്യം അച്ഛൻ വെളീൽ പറയില്ല എന്ന് എനിക്ക് ഉറപ്പ് ആയിരുന്നു. പിന്നെ മുറീൽ നിന്ന് നേരിട്ട് പിടിച്ചോണ്ട് എന്നെ വേറെ കെട്ടിക്കില്ല എന്നും ഉറപ്പ് ഉണ്ടായിരുന്നു. ഇപ്പോ എല്ലാം നമ്മൾ ആഗ്രഹിച്ച പോലെ തന്നെ നടന്നു ”
അത്രയും പറഞ്ഞു കൊണ്ടവൾ കിരണിനോട് കൂടുതൽ പറ്റിച്ചേർന്നു. അവളുടെ നെറുകയിൽ ഒന്ന് മുത്തി കിരൺ.
” എന്നാലും എന്റെ ശിവാ അന്ന് രാത്രി ഞാൻ പേടിച്ചു വിറച്ചു പോയി.. മാത്രമല്ല നിന്റെ അച്ഛൻ എന്റെ ചെക്കിടത് അടിച്ച ആ അടി.. എന്റെ ദൈവമേ.. രണ്ട് ദിവസം മുഖത്ത് നീരുണ്ടായിരുന്നു. വീട്ടിൽ ന്ന് പുറത്തിറങ്ങാതിരുന്നു ഞാൻ ആരും അറിയാതിരിക്കാൻ ”
അന്നത്തെ ആ രാത്രിയിലെ സംഭവങ്ങൾ കിരണിന് അപ്പോഴും നടുക്കമായിരുന്നു. അത് കേട്ട് പൊട്ടിച്ചിരിച്ചു പോയി ശിവാനി
” എന്റെ ഏട്ടാ.. അത് പിന്നെ പാതിരാത്രി മോളുടെ ബെഡ്‌റൂമിൽ നിന്നും കാമുകനെ പിടിച്ചാൽ പിന്നെ പൂവിട്ടു പൂജിക്കോ.. ഏട്ടന് ഒരടിയല്ലേ കിട്ടിയുള്ളൂ. എനിക്ക് രണ്ട് ദിവസമാ ചേർത്തോണ്ട് കിട്ടിയത്. ഞാൻ ഒക്കെയും സഹിച്ചില്ലേ.. ”
ആ വാക്കുകൾ കിരണിലും പൊട്ടിച്ചിരി ഉയർത്തി.
” ആ എന്തായാലും എല്ലാം മംഗളം ആയി.. ഇനീപ്പോ കൂടുതൽ സംസാരിച്ചു ആദ്യരാത്രിയുടെ മൂഡ് കളയണ്ട.. ”
ശിവാനിയെ വാരിപ്പുണർന്ന് കൊണ്ട് പതിയെ ലൈറ്റിന്റെ സ്വിച്ച് ഓഫ് ആക്കി കിരൺ