(രചന: ഞാൻ ഗന്ധർവ്വൻ)
“ടീ ഹസീ, ഞാൻ നിന്റെ ഭർത്താവിനെ കുറിച്ച് ഒരു കാര്യം പറഞ്ഞാൽ നിനക്ക് വിഷമാവോ…?”
“എന്താ ഷംനാ ഇങ്ങനൊക്കെ പറയുന്നേ, എന്തുപറ്റി…?”
“നീ ആദ്യം വിഷമാവോ ഇല്ലയോ പറ. എന്നിട്ടേ ഞാൻ പറയുള്ളൂ”
“നീയിങ്ങനെ ആളെ ടെൻഷൻ ആക്കാതെ കാര്യം പറയൂ. നീ എന്റെ ബെസ്റ്റ് ഫ്രണ്ട് അല്ലേ, നിനക്ക് എന്നോട് എന്തും പറയാലോ”
“ടീ ഇത്… ഫോണിലൂടെ പറയാന്‍ പറ്റിയ കാര്യമല്ല”
“ഓക്കെ, നമുക്കിന്ന് വൈകീട്ട് നേരില്‍ കാണാം”
ഓഫീസിലെ തിരക്കിനിടയിലായിരുന്നു ഹസിക്ക് ആ ഫോണ്‍ കോള്‍ വന്നത്.
വൈകുന്നേരം ഓഫീസില്‍ നിന്നും ഇറങ്ങിയ ഉടന്‍ ഹസി ഷംനയെ വിളിച്ചു. ബീച്ചിൽ വെച്ച് കാണാം എന്ന് പറഞ്ഞ് ഷംന ഫോൺ കട്ട് ചെയ്തു.
ഉടൻ ഒരു ഓട്ടോയും വിളിച്ച് ഹസി ബീച്ചിലേക്ക് പോയി. അവൾ ആകെ ടെൻഷനിൽ ആയിരുന്നു. എന്തായിരിക്കും തന്റെ ഭർത്താവിനെ കുറിച്ച് ഷംനക്ക് പറയാനുള്ളത്…? ബീച്ചിൽ എത്തിയ ഹസി അക്ഷമയോടെ ഷംനയെ കാത്ത് നിന്നു. കുറച്ച് സമയത്തിന് ശേഷം ഷംന പതിയെ തന്റെ അടുത്തേക്ക് നടന്നുവരുന്നത് ഹസി കണ്ടു
“എന്താണ് ഷംനാ ഇത്ര സസ്പെൻസ്…?”
“ഞാൻ പറയാം, ഞാന്‍ പറയുന്ന കാര്യം നീ എങ്ങനെ എടുക്കുമെന്ന് എനിക്കറിയില്ല. പക്ഷെ എനിക്കിത് പറഞ്ഞേ പറ്റൂ ബികോസ് യുവർ മൈ ബെസ്റ്റ് ഫ്രണ്ട്!
ഹസി ഷംനയെ ഒന്നു നോക്കി
“നീ കാര്യം പറ പെണ്ണേ കുറേനേരമായല്ലോ ഇങ്ങനെ അവിടെയും ഇവിടെയും തൊടാതെ സംസാരിക്കുന്നേ. നീ എന്തായാലും തുറന്ന് പറ”
അവൾ ഹസിയെ ആളൊഴിഞ്ഞ ഒരു ഭാഗത്തേക്ക് കൊണ്ടുപോയി
“നീയല്ലേ പറഞ്ഞേ നിന്റെ ഇക്ക ഫേസ്ബുക്കിൽ എഴുതുന്നതൊക്കെ നിറുത്തി ഇപ്പൊ നീയും മക്കളുമാണ് ലോകം എന്ന് പറഞ്ഞ് ജീവിക്കുകയാണെന്ന്”
“അതേ, ഇപ്പൊ ഇക്ക ഫേസ്ബുക്ക് അക്കൗണ്ട് യൂസുന്നില്ലല്ലോ. എഴുതിയിരുന്ന അക്കൗണ്ട് എന്റേം മക്കളേം മുന്നിൽ വെച്ചാ ഇക്ക ഡിയാക്ടിവേറ്റ് ചെയ്തത്. ഇനി വേറെ എഫ്ബി എടുക്കില്ല എഴുതില്ല എന്നൊക്കെ എന്റെ തലയിൽ തൊട്ട് സത്യവും ചെയ്തു”
ഷംന ഒന്ന് പുഞ്ചിരിച്ച് തന്റെ മൊബൈൽ അവൾക്ക് നേരെ നീട്ടി
“നീ ഈ എഫ്ബി അക്കൗണ്ട് കണ്ടോ…? വിരഹ കാമുകൻ”
“മ്മ് ഇതാരാ…?”
“ഈ അക്കൗണ്ട് നീ നിന്റെ എഫ്ബിയിൽ നിന്ന് ഒന്ന് സെർച്ച് ചെയ്ത് നോക്കിയേ കിട്ടുന്നുണ്ടോ എന്ന്”
ഹസി തന്റെ മൊബൈലിൽ ഫേസ്ബുക്ക് തുറന്ന് വിരഹ കാമുകൻ എന്ന് സെർച്ച് ചെയ്തു. പക്ഷേ ആ അക്കൗണ്ട് മാത്രം കാണിച്ചില്ല
“അതെന്താ എന്റെ എഫ്ബിയിൽ ഈ അക്കൗണ്ട് കാണിക്കാത്തേ”
“എടീ മണ്ടൂസേ നിന്നെ ഈ അക്കൗണ്ട് ബ്ലോക്ക് ചെയ്ത് വെച്ചിരിക്കാണ്. നിന്നെ മാത്രല്ല നിങ്ങളുടെ കുടുംബക്കാരെ മൊത്തം. പിന്നെ നിന്റെ അടുത്ത സുഹൃത്തുക്കളായ ഞാനടക്കം ആറു പേരേയും”
“അല്ലാ നിനക്ക് ഇതൊക്കെ എങ്ങനെ അറിയാം. ആരാ ഈ വിരഹ കാമുകൻ…? ”
“ഞാൻ ഹസ് അറിയാതെ ഒരു ഫേക്ക് അക്കൗണ്ട് യൂസുന്നുണ്ട്. കഥകൾ വായിക്കുന്നത് എന്റെയൊരു വീക്നെസ് ആണെന്ന് നിനക്കറിയില്ലേ.
രാത്രി പച്ച ലൈറ്റ് കണ്ടാൽ അപ്പോവരും എഫ്ബി ആങ്ങളമാർ നീ ശിഹാബിന്റെ ഭാര്യ അല്ലേ എന്താ മോളൂസേ ഉറങ്ങീലേ എന്നും ചോദിച്ച്. എന്നിട്ട് എന്നെ രാത്രിയിൽ ഓൺലൈനിൽ കണ്ടെന്നും പറഞ്ഞ് അതിന്റെ സ്ക്രീൻ ഷോർട് എടുത്ത് ഇക്കാക്ക് അയച്ച് കൊടുക്കും. പിന്നെ മൂപ്പര് വിളിച്ച് വഴക്കായി ബഹളായി.
അപ്പോഴാണ് എന്റെ ചങ്ക് ഫേക്ക് അക്കൗണ്ട് സജസ്റ്റ് ചെയ്തത്. അപ്പോൾ തന്നെ ഞാൻ ഒരു ഫേക്ക് അക്കൗണ്ട് അങ്ങ് എടുത്തു. അതാവുമ്പോൾ ഞാൻ ആരാണെന്ന് ആർക്കും അറിയില്ലല്ലോ. ഇപ്പൊ ഇക്കാന്റെ അടുത്തും എഫ്ബി ആങ്ങളമാരുടെ മുന്നിലും എനിക്ക് നല്ല പേരാണ്”
“ഇത് പറയാനാണോ നീ എന്നെ ഇങ്ങോട്ട് വിളിച്ചത്”
“അതല്ലടീ, അങ്ങനെ എഫ്ബിയിൽ കഥകൾ വായിച്ച് പോയികൊണ്ടിരുന്നപ്പോഴാ വിരഹ കാമുകൻ എന്ന അക്കൗണ്ടിൽ വരുന്ന കഥകൾ ശ്രദ്ധയിൽപ്പെട്ടത്. അടിപൊളി എഴുത്താണ്. ഞാൻ വായിച്ച കഥകൾക്ക് ലൈക്കും കമന്റും ഇട്ടു.
അപ്പൊ അതാ വരുന്നു ഫ്രണ്ട് റിക്വസ്റ്റ്. ഞാൻ അക്സപ്റ്റ് ചെയ്തു. അയാളുടെ ഫ്രണ്ട് ലിസ്റ്റിൽ മുഴുവൻ പെണ്ണുങ്ങളാ. ഒരൊറ്റ ആണുങ്ങൾ ഇല്ല. ഫ്രണ്ടായ ഉടനെ ഇങ്ങോട്ട് മെസ്സേജ് വന്നു. ഗുഡ് മോർണിംഗ്, ഫുഡ് കഴിച്ചോ എന്നൊക്കെയുള്ള സ്ഥിരം ക്ലീഷേ ചോദ്യങ്ങൾ.
ആള് നല്ലൊരു കോഴി ആണെന്ന് എനിക്ക് മനസിലായി. ഞാൻ ജസ്റ്റ് മറുപടി കൊടുത്തു. അപ്പൊ അയാൾ എനിക്കൊരു വോയ്സ് അയച്ചു. ആ വോയ്സ് കേട്ടപ്പോൾ തന്നെ എനിക്ക് ചെറിയൊരു സംശയം തോന്നി ഇത് നമ്മുടെ ഹാസിയുടെ ഭർത്താവ് അല്ലേ എന്ന്”
ഇത് കേട്ടതും ഹസി അവളുടെ നേരെ ഉറഞ്ഞുതുള്ളി
“നീയൊന്നുപോയെ, ന്റെ ഇക്ക അങ്ങനെയൊന്നും ചെയ്യില്ല. നിനക്ക് ആള് മാറിയതാവും. ഒരിക്കൽ എഫ്ബിയിൽ കഥകളൊക്കെ എഴുതി കുറച്ച് കോഴിത്തരം ഒക്കെ കാണിച്ചെന്ന് കരുതി എപ്പോഴും ന്റെ ഇക്കാനെ എനിക്ക് സംശയിച്ച് നടക്കാനൊന്നും പറ്റില്ല. എന്റെ തലയിൽ തൊട്ടാ ഇക്ക സത്യം ചെയ്തേ, ഇനി പഴയ പോലെ ഒന്നും ആവില്ല എന്ന്”
“എന്റെ ഹസീ, ഞാൻ വെറുതേ ഊഹം പറയല്ല. എനിക്ക് സംശയം തോന്നിയപ്പോൾ ഞാൻ ആളോട് നല്ല കമ്പനി അടിച്ച് സംസാരിച്ചിരുന്നു. ആളുടെ ഫോട്ടോ ചോദിച്ചു, ദാ ഇതാണ് പിക്… നോക്ക്”
ഷംന തന്റെ ഫോൺ ഹസിക്ക് നേരെ തിരിച്ചു. ഷർട്ട് ഒന്നും ഇടാതെ നെഞ്ചിലെ രോമവും കാണിച്ച് ക്യൂട്ട്നസ് വാരി വിതറി തന്റെ ഇക്ക അയച്ചുകൊടുത്ത ഫോട്ടോ കണ്ടപ്പോൾ ഹസി കുറച്ച് സമയം ഒന്നും മിണ്ടിയില്ല.
തന്റെ ഭർത്താവിന്റെ കോഴി കഥകള്‍ അറിഞ്ഞപ്പോള്‍ ഹസിയുടെ മുഖത്ത് പ്രത്യേകിച്ച് ഭാവമാറ്റമൊന്നും വന്നില്ല. വളരെ ശാന്തയായി ഹസി ഷംനയെ നോക്കി
“സ്വന്തം ഭർത്താവ് കല്യാണത്തിന് ശേഷം ഇങ്ങനൊക്കെ ചെയ്യുന്നത് അറിയുമ്പോൾ തൊണ്ണൂറ്റി ഒമ്പത് ശതമാനം ഭാര്യമാരും പൊട്ടിത്തെറിക്കും. പക്ഷെ ഞാന്‍ ആ തൊണ്ണൂറ്റി ഒമ്പത് ശതമാനത്തില്‍പ്പെട്ട ഭാര്യയല്ല. ഞാന്‍ ആ മിച്ചം വരുന്ന ഒരു ശതമാനത്തില്പ്പെട്ടവളാണ്”
ഒന്ന് നിറുത്തിയിട്ട് ഹസി ഷംനയെ നോക്കി
“വേണമെങ്കില്‍ നീ പറഞ്ഞ കാര്യങ്ങള്‍ വെച്ച് എനിക്ക് ഭർത്താവിനെ ഉപേക്ഷിച്ച് മക്കളേം കൂട്ടി വീട്ടില്‍ പോവാം. പക്ഷെ ഞാന്‍ അങ്ങനെ ചെയ്യണം എന്നുണ്ടെങ്കിൽ, കല്യാണത്തിന് ശേഷം ഞാന്‍ ഒരു ആണിന്റെ മുഖത്ത് പോലും നോക്കാത്ത, മനസ്സ് കൊണ്ട് പോലും ആഗ്രഹിക്കാത്ത ഒരു പെണ്ണായിരിക്കണം”
ഷംന ഹസിയെ പുച്ഛത്തോടെ ഒന്ന് നോക്കി
“നിന്നെപ്പോലെയുള്ള അടിമ ഭാര്യമാർ ആണ് ഇവനെപ്പോലുള്ള കോഴികളുടെ തീറ്റ”
ഹസി പുഞ്ചിരിച്ചു
“അതെ അടിമ ഭാര്യയാണ്. ഷംനാ ഞാന്‍ ഒരു കാര്യം ചോദിക്കട്ടെ, ഈ കാലത്ത് കല്യാണം കഴിഞ്ഞവർ അത് ആണായാലും പെണ്ണായാലും മനസ്സ് കൊണ്ട് പോലും ഒരാളെ പ്രണയിച്ചിട്ടില്ല എന്ന് നിനക്ക് ഉറപ്പ് പറയാൻ പറ്റോ…?”
“എടീ പോത്തേ അതിന് ഇത് പ്രണയം അല്ലല്ലോ, കാണുന്ന പെണ്ണുങ്ങളോടൊക്കെ ഒലിപ്പിച്ച് നടക്കല്ലേ. വെറും കോഴി”
“എന്റെ ഭർത്താവ് മറ്റൊരു പെണ്ണിനോട് കോഴിത്തരം കാണിക്കുന്നുണ്ടെങ്കിൽ അത് എന്റെ മാത്രം തെറ്റാണ്. എന്റെ തെറ്റ് തിരുത്തി ഞാൻ ഇക്കയോടൊപ്പം സന്തോഷത്തോടെ ജീവിക്കും”
ഇത്രയും പറഞ്ഞ് ഹസി മുന്നോട്ട് നടന്നു. കുറച്ചു ദൂരം നടന്നിട്ട് ഒന്നു നിന്നു, എന്നിട്ട് ഷംനയെ നോക്കി
“മറ്റുള്ളവരുടെ കുറ്റം കണ്ടുപിടിക്കുന്നതിനിടയിൽ ആദ്യം സ്വയം ഒന്ന് ആത്മപരിശോധന നടത്തൂ. നിന്റെ ഫേക്ക് അക്കൗണ്ട് ഭർത്താവ് കാണേണ്ട. അതിൽ നീ ചാറ്റിയ ആരും ഭർത്താവിലേക്ക് എത്താതെ നോക്ക്”
ഹസി നടന്നു നീങ്ങി. തനിക്ക് എന്തിന്റെ കേടായിരുന്നു എന്ന് പിറുപിറുത്ത് ഷംന തിരിച്ച് വീട്ടിൽ പോയി.
അന്ന് രാത്രി ഒമ്പത് മണി…
ഷംന തന്റെ എഫ്ബിയിൽ തോണ്ടി കൊണ്ടിരിക്കുമ്പോൾ വിരഹ കാമുകനിൽ ഒരു പോസ്റ്റ് വന്നതിന്റെ നോട്ടിഫിക്കേഷൻ വന്നു. അവൾ അത് തുറന്നു നോക്കി. ഹസിയുടെ ഭർത്താവ് കിലുക്കം സിനിമയിൽ ജഗതി ഹോസ്പിറ്റലിൽ കിടക്കുന്ന പോലെ ശരീരം മുഴുവൻ പ്ലാസ്റ്റർ ഇട്ട് കിടക്കുന്ന ഒരു പിക് ഇട്ടിരിക്കുന്നു. താഴെ ഒരു കുറിപ്പും
“ഗയ്സ്, ഇനി ഈ അക്കൗണ്ട് ഉണ്ടായിരിക്കുന്നതല്ല. ഡിയാക്റ്റീവ് ചെയ്യാണ്. എന്റെ ഭർത്താവ് ഒന്ന് തെന്നി വീണു. ഡോക്ടർ രണ്ട് മാസം റസ്റ്റ് പറഞ്ഞിട്ടുണ്ട്. വിരഹ കാമുകനെ സന്തോഷത്തോടെ ഇനി ഞാൻ നോക്കി കൊള്ളാം. എന്ന് സ്നേഹത്തോടെ ഈ കാട്ട് കോഴിയുടെ ഭാര്യ”
അതെ ചില ഭാര്യമാർ അങ്ങനെയാണ്. മറ്റുള്ളവരുടെ മുന്നിൽ സ്വന്തം ഭർത്താവിനെ വിട്ട് കൊടുക്കില്ല.
പക്ഷേ, താൻ ജീവനുതുല്യം സ്നേഹിക്കുന്ന ഭർത്താവ് ചതിച്ചു എന്നറിഞ്ഞാൽ കയ്യിൽ കിട്ടിയത് എടുത്ത് അടിച്ച് കയ്യും കാലും ഒടിച്ച് ഈ പരുവമാക്കി കിടത്തും. എന്നിട്ട് സ്നേഹത്തോടെ പരിചരിക്കും…