ഇനിയെങ്കിലും കൊച്ചു പെണ്ണിനെപ്പോലെ പട്ടുസാരിയും പൊട്ടും പതിനാറു അംഗവും ചമഞ്ഞ് നടക്കുന്നത് നിർത്തുമല്ലോ..”

ആർത്തവ വിരാമം
രചന: Vijay Lalitwilloli Sathya

( മാമൻ കുഞ്ഞുവാവ )

ശേഖരേട്ടൻ വൈകിട്ട് പുറത്തു പോയിട്ട് വരുമ്പോൾ ഒരു വലിയ പായ്ക്കു സ്വീറ്റ്സ് കൊണ്ടുവന്നപ്പോൾ നളിനിക്കും മകൾ ഷാനിക്കും കുട്ടികൾക്കും വിസ്മയമായി..

ഷാനിയും കുട്ടികളും കൂടി കഴിഞ്ഞയാഴ്ചയാണ് സ്കൂൾ അടച്ചപ്പോൾ ലീവിന് വന്നത്..

“ഇതെന്താ ശേഖരെട്ടാ ഈ ചോക്ലേറ്റ് മിഠായികൾ..കുട്ടികൾക്ക് ആണെങ്കിൽ ഐസ്ക്രീം ആണല്ലോ കൊണ്ടു വരാറുള്ളത്…”

“ഇതാണ് ഒരു പ്രത്യേക ആഘോഷത്തിന് ഭാഗമായിട്ടുള്ള മിഠായി വിതരണം..!”

എന്നും പറഞ്ഞ് ശേഖരേട്ടൻ മിഠായി പായ്ക്ക് പൊട്ടിച്ചു കുട്ടികൾക്ക് മിടായികൾ വിതരണം ചെയ്തു തുടങ്ങി.

അയൽപക്കത്തെ കുട്ടികളും ഷാനിയുടെ കുട്ടികളെ കണ്ടതുകൊണ്ട് ഇങ്ങോട്ട് വന്നിട്ടുണ്ട്..

എല്ലാവർക്കും കിട്ടി മിഠായി.

ഒടുവിൽ ഭാര്യ നളിനിയുടെയും മകൾ ഷാനിയുടെയും അടുത്തെത്തി..

“പറയ് അച്ഛാ എന്താ ഈ മിഠായി വിതരണത്തിന് പിന്നിലുള്ള സന്തോഷത്തിന്റെ ഗൂഢ രഹസ്യം..”

ഷാനി അച്ഛനോട് സന്തോഷ കാരണം തിരക്കി.

“അതൊക്കെ അമ്മ പറയും ”

“അയ്യോ ഞാനോ എന്തായീ പറയുന്നത്?..”

നളിനിക്ക് അത്ഭുതം.. തന്റെ സന്തോഷത്തിനോ അതിനു തനിക്ക് എന്താ വിശേഷം..?

” അതേടി ഭാര്യേ..നിന്റെതാണല്ലോ ഈ സന്തോഷം? ”

ശേഖരേട്ടൻ വിടാൻ ഭാവമില്ല.. ദാണ്ടേ വീണ്ടും പറയുന്നു തന്റെതാണ് വിശേഷം എന്നു…

“എന്റെതോ അതെന്താ..? ”

“അതെന്നേ…”

എന്നിട്ട് ശേഖരേട്ടൻ നളിനിയുടെ ദേഹത്തിൽ ഒരു പ്രത്യേക സ്ഥലത്ത് നോക്കി കണ്ണുകൊണ്ട് ആംഗ്യം കാണിച്ചു പൊട്ടിച്ചിരിച്ചു.

“ഓ അതോ അയ്യേ…. നാണക്കേട്..അതിന് ഇങ്ങനെ ഒക്കെ ആഘോഷിക്കാമോ..?”

“എന്താണ് അമ്മേ കാര്യം..? ”

ഷാനിമോൾക്ക് വിസ്മയം ഒന്നും മനസ്സിലാകുന്നില്ല..

“അതേയ് മോളെ എനിക്ക് പിരീഡ് ഫുൾസ്റ്റോപ്പ് ആയി.. എന്നു തോന്നുന്നു.. കുറെ നാളായിട്ട് ഒന്നുമില്ല..ഈ മധുരം നൽകിയുള്ള ആഘോഷം ആർത്തവ വിരാമം വന്നതിന്റെ എന്നാ നിന്റെ അച്ചൻ പറയുന്നത്…”

എന്നിട്ടവർ പൊട്ടിചിരിച്ചു.

“ആണോ….അയ്യേ.. ഈ അച്ഛന്റെ ഒരു താമസാ….”

അതും പറഞ്ഞു അവൾക്കും ചിരിക്കാതിരിക്കാൻ ആയില്ല..

കാര്യമറിയാതെ ഷാനിയുടെ കുട്ടികളും അയൽപക്കത്തെ കുട്ടികളും അവരെ അനുകരിച്ചു പൊട്ടിച്ചിരിച്ചു

അന്ന് രാത്രി ശേഖരേട്ടന്റെ മടിയിൽ തലവെച്ച് കിടക്കുമ്പോൾ നളിനി ദുഃഖത്തോടെ പറഞ്ഞു

“അല്ല ശേഖരേട്ടാ വർഷങ്ങൾ എത്ര പെട്ടെന്നാണ് കടന്നു പോയത്.. നമ്മളുടെ കല്യാണം ഇന്നലെ കഴിഞ്ഞതുപോലെ ഉണ്ട്.”

“ശരിയാ.. ഈ ഓർമ്മകൾക്ക് എന്നും ബല്യമാണെന്ന് കവികൾ പറയുന്നത് ചുമ്മാതല്ല…”

“ഇപ്പോൾ നമ്മൾ വാർദ്ധക്യത്തിലേക്ക് പടികടന്നു ഇരിക്കുന്നു.. ഇനി അല്പം കൂടി കഴിയുമ്പോൾ പടു കിളവിയും കിളവനും ആവുമല്ലേ.. ”

“വാർദ്ധക്യം വരുന്നത് നിനക്കു ഭയമാണോ..?
ഇവിടെയുള്ള ജീവിതം കഴിഞ്ഞു,ഇനി വേഗം മരിച്ചു പോകും എന്ന് കരുതിയിട്ടാണോ.? അതിന് നിനക്ക് അമ്പതു വയസ്സ് അല്ലെ ആയിട്ടുള്ളു..നൂറുവർഷം ആയുഷ് ഉണ്ടെങ്കിൽ ഇനിയും പകുതി ലൈഫ് കിടക്കുന്നുണ്ട്.. അറിയാമോ.. ”

” അങ്ങനെ ചിന്തിക്കുമ്പോൾ ശരിയാണ്…പക്ഷേ ഇനിയും അത്രയും കാലം ജീവിക്കാനാകുമോ?”

“പിന്നല്ലാണ്ട്”

“ഇപ്പത്തന്നെ നൂറു വയസ്സു കഴിഞ്ഞ് ജീവിക്കുന്ന എന്തൊരം ആൾക്കാർ നമ്മുടെ ഇടയിലുണ്ട്…”

“അതും ശരിയാ..എല്ലാം ഭഗവാന്റെ കയ്യിൽ..”
അവർ ആത്മഗതമെന്നോണം പറഞ്ഞു.

പിറ്റേന്ന് രാവിലെ അച്ഛനും അമ്മയും ക്ഷേത്രത്തിൽ പോയപ്പോൾ നളിനിയുടെ മകൾ ഷാനി അവളുടെ ബിസിനസുകാരൻ ഭർത്താവ് സതീഷിനോട് തമാശ രൂപത്തിൽ അമ്മയുടെ ആർത്തവവിരാമ കാര്യം സൂചിപ്പിച്ചു.

“ഇനിയെങ്കിലും കൊച്ചു പെണ്ണിനെപ്പോലെ പട്ടുസാരിയും പൊട്ടും പതിനാറു അംഗവും ചമഞ്ഞ് നടക്കുന്നത് നിർത്തുമല്ലോ..”

“അതെന്താ സതീഷ് ചേട്ടാ വൃദ്ധന്മാർ ആയാൽ അതൊന്നും പാടില്ലേ?”

“എല്ലാത്തിനും അതിന്റെതായ് രീതികളുണ്ട്.. ഞാൻ ഉദ്ദേശിച്ചത് അവരുടെ പ്രായത്തിനനുസരിച്ച് വേണം പ്രവർത്തിയും വേഷവിധാനവും…”

ഓഹോ നിങ്ങളുടെ അമ്മയെ പോലെ എന്റെ അമ്മയും മുണ്ടും നേരിയതും ഉടുത്തു നടക്കണം എന്നാണോ പറയുന്നത്..? ”

“അതിനെ അങ്ങനെയും വേണമെങ്കിൽ കരുതാം ”

“അച്ചോടാ എന്റെ അമ്മയ്ക്ക് അത്രയൊന്നും വയസ്സു ആയിട്ടില്ല. പുറമേക്ക് കാണുന്നുമില്ല.”

“അതൊക്കെ പോട്ടെ…നമുക്ക് ഇന്ന് വൈകിട്ട് പോകാം”

“നാളെ എന്നാണല്ലോ പറഞ്ഞത്?”

“എനിക്ക് ഇവിടെ വല്ലാതെ ബോറടിക്കുന്നു നാളെ കെട്ടി ഒരുങ്ങി വീട്ടിൽ ചെന്നിട്ട് മൈസൂർ യാത്ര പോക്കു നടക്കൂല… ഇന്ന് തന്നെ പോകാമെന്നേ..’

“ഇന്നലെ അല്ലേ പത്ത് ദിവസം ചെന്നൈ വാസം കഴിഞ്ഞ വന്നത്. അതുകൊണ്ടാണ് ഞങ്ങൾ ഇവിടെ വന്നത്.. കുട്ടികളുടെ വെക്കേഷൻ കഴിഞ്ഞില്ലല്ലോ.. ചേട്ടൻ എപ്പോഴും ഒരു ബിസിനസ് ടൂർ..”

“മൈസൂര് രണ്ടുദിവസത്തെ കാര്യമേ ഉള്ളൂ നീ വേഗം റെഡിയാവ് ”

അന്ന് വൈകിട്ട് ഷാനിയും മക്കളും പോകാൻ റെഡിയായി..

നളിനിക്ക് എന്തോ ചെറിയ തലകറക്കമാണെന്ന് പറഞ്ഞു
ശേഖരനും നളിനിയും ഡോക്ടറെ കാണാൻ പോവുകയും, ഷാനിയും ഭർത്താവും കുട്ടികളും അവരുടെ വീട്ടിലേക്കു പോവുകയും ചെയ്തു.

“അഭിനന്ദനങ്ങൾ നളിനി”

“നിങ്ങൾക്ക് ഒരു കുട്ടി ജനിക്കാൻ പോകുന്നു”

“എന്റെ ഈശ്വരാ എന്താ ഈ പറയുന്നത്..?”

“നോക്കൂ നളിനി മാഡം..നിങ്ങൾ കരുതിയതുപോലെ ആർത്തവവിരാമം അല്ല ഇത്..നിങ്ങൾ ഇപ്പോൾ ഒരു ഗർഭിണിയാണ്.. ”

“അയ്യോ ഈ വയസ്സുകാലത്ത്..”

“ഇപ്പോൾ ശരീരത്തിന് പ്രസവത്തിന് പ്രശ്നങ്ങളൊന്നുമില്ല..
വേണമെങ്കിൽ ഫോളോ ചെയ്യാം ഏതായാലും രണ്ടു ദിവസം കഴിഞ്ഞിട്ടു ആലോചിച്ച് പറയുക ”

ഭയന്ന് വിറക്കുന്ന നളിനിയെ ആ ലേഡി ഡോക്ടർ സമാധാനിപ്പിച്ചു

ശേഖരേട്ടനും അതു വല്ലാത്തൊരു ഷോക്കായി…

“എന്താ ചെയ്യണ്ടേ ശേഖരേട്ടാ.. ഒരു പിടിയും കിട്ടുന്നില്ലല്ലോ..”

നളിനി അന്നുരാത്രി ശേഖരേട്ടന്റെ മടിയിൽ തലവച്ചു കിടന്നു ചോദിച്ചു

“ഞാനും അതേക്കുറിച്ച് ആലോചിക്കുകയാണ്”

നളിനിക്ക് ഉള്ളിൽ ഒരുപാട് ഭയം നിറഞ്ഞു. സ്വയം തീരുമാനം എടുക്കാൻ ആവുന്നില്ല. എന്തിനും ഏതിനും ആശ്രയം ആയിട്ടുള്ളത് ശേഖരട്ടന്റെ തീരുമാനങ്ങളാണ്..

ആകെയുള്ളത് ഒരു മോളാണ് ഷാനി..
അവർക്കിത് മുപ്പതു വയസ്സ്.. തനിക്ക് ഇരുപത് വയസ്സുള്ള സമയത്ത് പ്രസവിച്ചു.. അതിനുശേഷം ഒരു ആൺകുട്ടിക്ക് വേണ്ടി ആഗ്രഹിച്ചു..പക്ഷേ ദൈവം അന്ന് ഒന്നും തന്നില്ല.. പക്ഷേ ഇതെന്ത് ഒടുവിൽ ഇത്രയും വർഷങ്ങൾക്കു ശേഷം തന്നെ അത്ഭുതപ്പെടുത്തി കൊണ്ട്..

“മാനക്കേട് ആകുമോ..? ”
ഗദ്ഗദത്തോടെ അവൾ മുഖമുയർത്തി ശേഖരേട്ടനെ നോക്കി ചോദിച്ചു..

കണ്ണുനീർ നിയന്ത്രിക്കാൻ പറ്റുന്നില്ല… കവിളിലൂടെ ഒഴുകി ശേഖരേട്ടന്റെ വസ്ത്രങ്ങളിൽ പടരുന്നു..

“അറിയില്ല”

തന്റെ ദുഃഖം ശേഖരേട്ടൻ ബാധിച്ച പോലെയുണ്ട്.. നിസ്സംഗതയോടെ ആണ് അങ്ങനെ പറയുന്നതെന്നു നളിനിക്കറിയാം..

ഇതുവരെയുള്ള ജീവിതത്തിലെ ഏതു കാര്യത്തിലും വളരെ വ്യക്തമായ തീരുമാനവും അനായാസേന എടുക്കുന്ന ശേഖരേട്ടൻ പോലും ഒന്ന് പകച്ചു ഇരിക്കുകയാണ് ഇപ്പോൾ..

” നിനക്ക് ഇനി മോൻ ആണോ വേണ്ടത് മോളാണോ? ”

അൽപ്പം സന്തോഷത്തോടെയാണ് ചോദ്യം..

വേവുന്ന മനസ്സിൽ കുളിർമഴ പോലെ തോന്നി…

” പണ്ടൊക്കെ ഒരു മോനു വേണ്ടി കുറേ ആഗ്രഹിച്ചു ഇത് മോൻ ആണോ മോളാണോ എന്നു എങ്ങനെ അറിയാം?”

രസം വിടാതെ അവൾ ചിരിച്ചുകൊണ്ട് ചോദിച്ചു..

“മോൻ ആണെങ്കിൽ നീ ഗർഭക്ലെശം സഹിച്ചു പ്രസവിക്കുമോ?
വളർത്തുമോ?”

ഒരു നവവരന്റെ ആകാംക്ഷയോടെ ഉള്ള ശേഖരേട്ടൻ ചോദ്യം.

പുള്ളിക്ക് ഇപ്പോഴും മൂക്കോളം മനസ്സുണ്ട്.. ഒക്കെ സഹിക്കേണ്ടത് താനല്ലേ..

“അയ്യേ നിങ്ങൾ എന്താ ഈ പറയുന്നത് മോൻ ആയാലും മോൾ ആയാലോ
എനിക്കൊന്നും വയ്യ..”

അങ്ങനെ പറയാനാണ് തോന്നിയത്..

“അപ്പോൾ?” ശേഖരേട്ടൻ അർദ്ധോക്തിയിൽ നിർത്തി..

“നമുക്കിതിനെ കളയാം..”

നളിനി പറഞ്ഞു.

“എല്ലാം നിന്റെ ഇഷ്ടം.”

“ഷാനി അറിഞ്ഞാൽ നാണക്കേടാണ്..
അതിലും നാണക്കേടായിരിക്കും അവളുടെ ഭർത്താവ് അറിയുന്നത്. പിന്നെ നാട്ടുകാരുടെ വകയുള്ള അപമാനം വേറെ.”

നളിനി കാര്യകാരണങ്ങൾ നിരത്തി..

“അതെ അത് ഒക്കെ ശരിയാണ്”

നളിനിയുടേ നെറ്റിയിൽ തലോടി ശേഖരേട്ടൻ ചിരിച്ചു കൊണ്ടു പറഞ്ഞു..

“അപ്പോൾ നമുക്ക് നാളെ പോയി ഇതിനെ കളയാം അല്ലേ…? ”

നളിനി നിരാശ യോടു കൂടി ചോദിച്ചു

” ഇതിനെ പ്രസവിച്ചാൽ അവഹേളിക്കുന്ന മകളെ കുറിച്ചും മരുമകനെ കുറിച്ചും നാട്ടുകാരെ കുറിച്ചും നമ്മൾ ചിന്തിച്ചു. നമ്മുടെ വയറ്റിൽ വന്നു ഉയിർകൊണ്ട ഈ കുരുന്നിനെ കുറിച്ച് ചിന്തിച്ചോ? കളയാൻ എളുപ്പമാണ്.. ദൈവം തന്നതല്ലെ…? ഒരു സെക്കൻഡ് ഒപ്പീനിയൻ എടുക്കുന്നത് നല്ലതല്ലേ നളിനി…നമുക്കു അവളോടും കൂടി ഒന്ന് ചോദിച്ചു നോക്കാം എന്താ അവള് പറയുന്നത് എന്നറിയാലോ..”

കളയാം എന്നുള്ള അറുത്തുമുറിച്ചുള്ള തന്റെ വാക്ക്
ശേഖരേട്ടനിലെ പിതൃ ഹൃദയത്തെ വേദനിപ്പിച്ചു. അങ്ങേർക്കു അത് അത്ര ഇഷ്ടപ്പെട്ടില്ല.

അതുകൊണ്ട് അയാൾ അവസാനം ഇങ്ങനെ ഒരു തീരുമാനം പറഞ്ഞത്..

അതുകേട്ടപ്പോൾ നളിനിക്കും അത് ശരിയാണെന്ന് തോന്നി.

“ഷാനിമോളും ആൺകുട്ടിക്ക് വേണ്ടി ഒരുപാട് ആശിച്ചതാ എന്നിട്ട് രണ്ടു പെൺകുട്ടികളെയാണ് കിട്ടിയത്.. അവളുടെ ഭർത്താവും ആൺകുട്ടിയെ വളരെ മോഹിച്ചു പക്ഷേ ലഭിച്ചില്ലല്ലോ. തന്റെ വയറ്റിൽ ഉള്ളത് ആണെങ്കിലോ എല്ലാർക്കും വേണ്ടി വന്നതാണെങ്കിലോ ഇവൻ. ”

“അത് നിനക്ക് സന്തോഷം ഇരട്ടിയാക്കും എന്ന് എനിക്കറിയാം. പക്ഷേ ആണായാലും പെണ്ണായാലും എനിക്ക് ഒരുപോലെയാണ്”

“അതു പിന്നെ എനിക്കും അങ്ങനെ തന്നെ. പക്ഷെ ഷാനിമോൾ…?”

നളിനി അർദ്ധോക്തിയിൽ നിർത്തി.

ദിവസങ്ങൾ കടന്നു പോയി നളിനിക്ക് ഗർഭത്തിന്റെ ആദ്യകാല ലക്ഷണങ്ങൾ ഒക്കെ പ്രകടമായിത്തുടങ്ങി. മനംപിരട്ടലും ഓക്കാനവും പിന്നെ അല്പം തളർച്ചയും..

“ശേഖരേട്ടാ.. എനിക്കു ഷാനി മോളോട് പറയാത്തതുകൊണ്ട് വല്ലാത്തൊരു വിമ്മിഷ്ടം.. ഞാനൊരു കാര്യം പറഞ്ഞാൽ തെറ്റിദ്ധരിക്കരുത്.. നിങ്ങളുടെ ഫ്രണ്ട് ആണല്ലോ ആ ഡോക്ടറുടെ ഭർത്താവ് അങ്ങേരുടെ നിയന്ത്രണത്തിലാണല്ലോ ആ ക്ലിനിക്..നമുക്ക് രഹസ്യമായി ലിംഗനിർണ്ണയം ചെയ്തു മനസ്സിലാക്കിയല്ലോ.? ”

“അത് വേണോ…? നടക്കായ്ക ഇല്ല.. അതൊക്കെ എന്തിനാ.. നിനക്ക് ചെക്കപ്പും മറ്റു ട്രീറ്റ്മെന്റ് മാത്രം പോരേ..എന്റെ നളിനി..”

“ഷാനിയെ കൺവൻസിംഗ് ആക്കണമെങ്കിൽ ആൺകുട്ടി ആയിരുന്നുവെങ്കിൽ നന്നായിരുന്നു എന്നാണ് എന്റെ ഒരു വ്യക്തിപരമായ ചിന്ത..”

“അപ്പോൾ പെൺകുട്ടിയാണെങ്കിൽ കളയാനോ”

“ഒരിക്കലുമില്ല.. ഷാനിമോൾ ടെയും പിന്തുണ യും ലഭിച്ചേനെ എന്നാണ്.. അങ്ങനെ ആവുമ്പോൾ ഒത്തിരി കോൺഫിഡൻസ് എനിക്ക് കിട്ടിയേനെ..”

“അതിന് അവൾ പെൺകുട്ടിയെ വേണ്ടെന്നു പറയും എന്ന് നിനക്കെന്താ ഇത്ര ഉറപ്പ്”

“ഇപ്പോഴത്തെ പിള്ളേരല്ലേ അമ്മ ഇപ്പോഴും പ്രസവിക്കുന്നു എന്നത് അവരുടെ സ്റ്റാറ്റസിന് ബാധിച്ചു കളഞ്ഞാലോ മാത്രമല്ല ആണായാലും പെണ്ണായാലും ഇത് വേണ്ടെന്ന് പറയുമോ എന്നാണ് എന്റെ പേടി.. ”

“അത്രയും ക്രൂരത ഉണ്ടോ അവളുടെയുള്ളിൽ..? ”

“ആവോ എനിക്കറിയില്ല കണ്ടുതന്നെ അറിയണം”

നളിനിക്കപ്പോഴും ഷാനിൽ അത്ര വിശ്വാസം പോര

ഒന്നു രണ്ടു ദിവസത്തിനുശേഷം പുറത്തുപോയി കയറിവന്ന ശേഖരേട്ടൻ

“എടീ ഞാൻ സംസാരിച്ചു. ഡോക്ടറുടെ ഭർത്താവിനോട്.നമ്മളോട് നാളെ ക്ലിനിക്കിൽ ചെല്ലാനും ഡോക്ടറെ കണ്ടു സ്കാൻ ചെയ്യാനും പറഞ്ഞു അപ്പോൾ പറയും.”

“സത്യമാണോ? ”

ശേഖരേട്ടന്റെ ആ വാക്ക് കേട്ടപ്പോൾ നളിനിക്ക് സന്തോഷമായി

“നാളെ ത്തന്നെ പോകാം എന്നിട്ട് ഷാനിമോളെ വിളിച്ച് കാര്യം പറയണം എന്നാലേ എനിക്കൊരു സമാധാനം ആകൂ ”

“ആയിക്കോട്ടെ”

രണ്ടുപേരും തൽക്കാലം അങ്ങനെ ഒരു തീരുമാനത്തിലെത്തി.

അന്നുരാത്രി സമാധാനത്തോടെ കിടന്നുറങ്ങി..

“ആൺകുട്ടിയാണ് മാഡം”

സ്കാനർ ഡോക്ടർ നളിനിയുടെ പരിശോധന ഡോക്ടറുടെ നിർദ്ദേശപ്രകാരം അവർക്ക് ലിംഗനിർണയം നടത്തി വിവരമറിയിച്ചു.

അതുകേട്ടപ്പോൾ രണ്ടുപേർക്കും സന്തോഷമായി.. കാര്യങ്ങളൊക്കെ അനുകൂലമായി വരികയാണ്.. എങ്കിലും ഉള്ളിലെവിടെയോ ഗർഭ ക്ലേശങ്ങൾ സഹിക്കുക പ്രസവിക്കുക എന്ന പ്രക്രിയയുടെ വിഷമതകൾ അലസോരപ്പെടുത്തുന്നുമുണ്ട്..

വീട്ടിലെത്തി അല്ല മൂഡ് ഉള്ള സമയം നോക്കി മകളെ വിളിച്ച് കാര്യങ്ങൾ പറഞ്ഞപ്പോൾ
കഥകളിലൊക്കെ കേട്ടതുപോലെ

“അമ്മയ്ക്ക് ഈ വയസ്സാൻ കാലത്ത് ഇത് എന്നാത്തതിന്റെ കേടാ… ”

എന്ന് മറുപടി തന്നെ നളിനിയുടെ കാതിൽ വന്നലച്ചു..

കാലമെത്ര പുരോഗമിച്ചാലും മക്കളൊക്കെ ഇങ്ങനെതന്നെ അവരുടെ സ്റ്റാറ്റസ് ഡിസൈൻസ് ഇതിനൊക്കെ അച്ഛനും അമ്മമാർ നിന്ന് കൊടുക്കണം. അവരുടെ ഇഷ്ടാനിഷ്ടങ്ങൾക്കൊ സ്വകാര്യ സന്തോഷത്തിനോ വിലയില്ല..

“എടി മോളെ..ആൺകുട്ടി ആണെന്നാ പറഞ്ഞത്!”

അതില്ലെങ്കിലും അവൾ വീഴും എന്ന് തോന്നി..എവിടെ അതുകേട്ടപ്പോഴാണ് ദേഷ്യത്തോടെ ഫോൺ കട്ടാക്കിയത് താനും..!

അന്ന് രാത്രി മുഴുവൻ നളിനി കണ്ണീർവാർത്തു മകളുടെ ഫോണിലൂടെ ഉള്ള പറച്ചിലും പെരുമാറ്റവും അത്രകണ്ട് വേദനിപ്പിച്ചിരുന്നു..

“ഏതായാലും നാളെ വൈകിട്ട് പോയി നമുക്ക് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയി ഇത് കളയാം ശേഖർ ഏട്ടാ… ”

അവർ തീരുമാനിച്ചു.

പിറ്റേന്ന് രാവിലെ തന്നെ മകളും കുട്ടികളും ഭർത്താവ് സതീശനും എത്തി. നേരിട്ട് അപമാനിക്കാൻ ആവും.. എവിടെയാ പോയി ഒളിക്കേണ്ടത്…

നേരെ ബെഡ്റൂമിൽ ചെന്നു. കതക് അടച്ചില്ല.നാണക്കേട് കാരണം ആരുടെയും മുഖത്ത് നോക്കാൻ ആയില്ല..

എങ്കിലും ദുഃഖിച്ചു ബെഡ്റൂമിൽ കട്ടിൽ പോയിരിക്കുന്ന അമ്മയുടെ അടുത്ത് മകൾ ചെന്നു..

“ഈ പ്രായത്തിൽ ഇങ്ങനെ ഒരു സാഹചര്യത്തിൽ ഒരു സ്ത്രീ അനുഭവിക്കുന്ന വിഷമം എനിക്കു മനസ്സിലാകും അമ്മേ.. അതാ ഞാൻ ഓടി വന്നത്”

വിശ്വാസം വരാതെ പ്രത്യാശയോടെ മകളെ നോക്കി. എന്നിട്ട് താഴോട്ടു നോക്കിയിരുന്നു.

ദുഃഖിച്ചു മുഖം താഴ്ത്തി ഇരിക്കുന്ന അമ്മയുടെ താടി പിടിച്ചു ഉയർത്തി അവൾ പറഞ്ഞു..

” കുട്ടി ഏതായാലുംനമുക്ക് ഇതിനെ പെറ്റ് വളർത്താമമ്മേ.. എനിക്കിഷ്ടമാണ് പിന്നെ കേട്ടപ്പോൾ സതീഷ് ഏട്ടനും ഒരുപാട് ഇഷ്ടമായി..”

“സത്യമാണോ നീ പറയുന്നത്?”

“അതെ അമ്മേ….സത്യം”

അവൾ മകളെ കെട്ടിപ്പിടിച്ചു.

“ദേ അമ്മേ ഇങ്ങനെ വിഷമിക്കരുത്.. ഈ തറവാട്ടിൽ ഒരു ആൺകുട്ടിക്ക് വേണ്ടി എല്ലാവരും കൊതിച്ചതല്ലേ…, ആ കൊതി തീരണമെങ്കിൽ എനിക്ക് എന്റെയീ അനിയൻ വാവയെ നോക്കി വളർത്തിയാൽ തീരും… നമുക്കെല്ലാവർക്കും വേണ്ടിയാണ് അവസാനനിമിഷം അവൻ വരുന്നതു..അമ്മേ..”

അവൾക്ക് കരച്ചിൽ വന്നു..

ഷാനി ആത്മാർഥമായ വാക്കുകൾ ആ അമ്മയ്ക്ക് ധൈര്യമേകി…

അങ്ങോട്ട് കടന്നു വന്ന ശേഖരേട്ടനും സതീശനും ആ കാഴ്ച കണ്ടപ്പോൾഏറെ സന്തോഷിച്ചു…

“മുത്തശ്ശി..ഞങ്ങൾ മധുരം കൊണ്ടുവന്നിട്ടുണ്ടു. ഇതെന്തിനാ അറിയോ?”

“എന്തിനാ മക്കളേ..? ”

“കുഞ്ഞു വാവ വരുന്നതിന്”

അതുകേട്ട് നാളിന് ചമ്മി വശം കേട്ടു.

“മുത്തശ്ശി.. മുത്തശ്ശി…മുത്തശ്ശിയുടെ വയറ്റിൽ കുഞ്ഞു വാവ ഉണ്ടോ?”

ഷാനിയുടെ രണ്ടു കുട്ടികളും മുത്തശ്ശിയുടെ അടുത്ത് വന്നു നളിനിയുടെ വയറു തൊട്ടു നോക്കി ചോദിച്ചു..

“ഉണ്ട്…ഒരു മാമൻ കുഞ്ഞുവാവ”

ഷാനിയും സതീശനും ഒന്നിച്ചാണ് അത് പറഞ്ഞത്..

“ഹായ് മാമൻ കുഞ്ഞുവാവ.. ”

അതും പറഞ്ഞ് കുട്ടികൾ രണ്ടുപേരും മുത്തശ്ശിയുടെ വയറിൽ ഉമ്മ വച്ചു.

❤❤

.

Leave a Reply

Your email address will not be published. Required fields are marked *