അച്ഛന്റെ ജോലി
രചന: Vijay Lalitwilloli Sathya
“അച്ഛൻ ഇനിയെങ്കിലും ഈ ജോലി നിർത്താതെ ഞാൻ ഒരു കല്യാണത്തിന് ഇല്ല.. ജനങ്ങളുടെ കളിയാക്കൽ കേട്ടിട്ട് തൊലിയുരിയുന്നു..”
“അതെന്താ മോളെ അങ്ങനെ.. അച്ഛന്റെ ജോലിക്ക് എന്താ കുഴപ്പം?”
“ഇത്തിരി മുതിർന്നപ്പോൾ കാണാൻ നല്ല പെൺകൊച്ച് ആയതുകൊണ്ട് വഴിയിൽ നിന്ന് ആരേലും ഇതേതാ പെണ്ണ് എന്ന് അന്വേഷിക്കുമ്പോൾ ചിലരു ഞാൻ കേൾക്കേ പറയുകയാ കൂട്ടിക്കൊടുപ്പുകാരന്റെ മകളാണെന്ന്..”
“തമാശയ്ക്ക് പറയുന്നതല്ലേ… അതു.ഞാനാ ടൈപ്പ് ആണോ..?”
അയാൾ വേവലാതിയോടെ ചോദിച്ചു.
“ചേച്ചി പറഞ്ഞത് ശരിയാ.. ഇപ്പോ എന്നെയും കളിയാക്കാൻ തുടങ്ങി.. “മാമ വാസു”വിന്റെ മകനെന്നാണ് വിളിക്കുന്നത്.. ”
“അതന്നേ….അച്ഛൻ ചെയ്യുന്ന പ്രവർത്തി അതായത് കൊണ്ടാ നാട്ടുകാർ മുഴുവൻ അങ്ങനെ വിളിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്നത്.. ”
അനിയനും തന്നെ പിന്താങ്ങി പറഞ്ഞപ്പോൾ അവൾക്ക് ആവേശം ഇരട്ടിച്ചു..
“ഓ അതാണോ കാര്യം..ജീവിക്കാൻ വേണ്ടിയല്ലേ.. എന്റെ അപ്പനപ്പൂപ്പന്മാർ തൊട്ട് കൃഷിപ്പണിയും അതു കുറയുമ്പോൾ പിന്നെ ഈയൊരു പണിയും ചെയ്തിട്ടാണ് ജീവിച്ചു വന്നത്…!”
“ഓ അപ്പൊ പണ്ടുതൊട്ടേ ഉള്ളതാണല്ലേ ഈ പരിപാടി? ”
“അതേടി എത്രകാലമായി നിന്നെയൊക്കെ പോറ്റി വളർത്തുന്നത്. വിദ്യാഭ്യാസവും ഭക്ഷണവും വസ്ത്രവും..ഇതിനൊക്കെ കാശ് എവിടുന്നാ. ഈ ജോലി എനിക്ക് ഉപേക്ഷിക്കാൻ സാധിക്കില്ല. എന്റെ അന്നം ആണത്..നിന്റെ അമ്മയ്ക്ക് വിരോധം ഒന്നും ഇല്ലല്ലോ. പിന്നെ നീ എന്തിനാ ചുമ്മാ… ”
” അമ്മയാണ് ഇതിനൊക്കെ വളം വച്ചു തരുന്നത്.. ഈ അമ്മയ്ക്ക് എന്തിന്റെ കേടാ.. അന്നേ നിർത്താമായിരുന്നു അച്ഛന്റെ കൊണ്ടുള്ള ഈ പ്രവർത്തി… അതങ്ങനെ അമ്മ അച്ഛന്റെ സൈഡ് ആണല്ലോ..ദേ അച്ചാ കാര്യമായിട്ട് പറഞ്ഞതാ.. നാണക്കേട് കാരണം തലയുയർത്തി നടക്കാൻ പറ്റുന്നില്ല..”
അവൾ നിന്ന് ചിണുങ്ങി.
” ഒരു ചെറുക്കൻ നിന്നെ പെണ്ണ് കാണാൻ വരുന്നു എന്ന് പറഞ്ഞപ്പോൾ ഇത്ര പുക്കാറ് ആകേണ്ട ആവശ്യം എന്താ? ”
അയാൾ ദയനീയമായി ചോദിച്ചു..
അച്ഛൻ ഒരു ചെറുപ്പക്കാരനെ പെണ്ണുകാണാൻ കൊണ്ടുവരുന്നൂ എന്ന് പറഞ്ഞപ്പോൾ മകളുടെ പ്രതികരണമാണ് കണ്ടത്..
“ഏതായാലും അവൻ ഇങ്ങോട്ട് വരാനുള്ള ഏർപ്പാട് ചെയ്തിട്ടുണ്ട്.. ഉദ്യോഗസ്ഥൻ ആയിട്ടും നമ്മുടെ സ്ഥിതി അറിഞ്ഞിട്ട് അവൻ വരുന്നത് നമ്മുടെ ഭാഗ്യം എന്നു വേണം കരുതാൻ.. അവൻ ഒരു നല്ല പയ്യനാ.. നിന്റെ ഫോട്ടോയും മറ്റും കണ്ടപ്പോൾ താല്പര്യം തോന്നിയത് കൊണ്ടാ വരുന്നത് ഏതായാലും കണ്ടു സംസാരിച്ചു നോക്കൂ..”
ചെറുക്കനെ കുറിച്ച് അച്ഛൻ നല്ലത് പറഞ്ഞതും സൗന്ദര്യം കണ്ടിട്ടാണോ വരുന്നതെന്നു കേട്ടതും അവളുടെ നാവടങ്ങി. എന്ന് തോന്നുന്നു..
“പിന്നെ മോളേ.. എന്റെ തൊഴിലിനെ കുറിച്ച് അവന് എന്തെങ്കിലും ആക്ഷേപമുണ്ടെങ്കിൽ ഇവിടെ വച്ച് അച്ഛൻ അതു നിർത്തിയേക്കാം..” ”
അങ്ങനെ ആ ഞായറാഴ്ച ചെറുക്കനും കൂട്ടരും പെണ്ണുകാണാൻ വന്നു
അവളെ കണ്ടു ഇഷ്ടപ്പെട്ടു. അവൾക്കും അവനെ ഇഷ്ടമായി..അവർക്ക് തമ്മിൽ സംസാരിക്കാനുള്ള അവസരം ഉണ്ടാക്കി.
“എന്താ പേര്?”
ചെറുക്കൻ ചോദിച്ചു.
“ലക്ഷ്മി”
“നിങ്ങളുടേതോ..?”
“എന്റെ പേര് സതീഷ്..”
അങ്ങനെ ജോലിയെക്കുറിച്ചും വിദ്യാഭ്യാസത്തെക്കുറിച്ചും പരസ്പരം ചോദിച്ചും,ഓരോന്ന് പറഞ്ഞും തമ്മിൽ തമ്മിൽ മനസ്സിലാക്കി.
അച്ഛന്റെ തൊഴിലിനെ കുറിച്ച് ചെറുക്കാൻ മനസ്സിലാക്കിയിട്ട് ഉണ്ടാവുമോ? അതെ കുറിച്ച് എന്താണ് അഭിപ്രായം? അത് അറിയണമല്ലോ.. പിന്നീട് അത് ചൊല്ലി ഒരു പ്രശ്നം ഉണ്ടാവരുതല്ലോ..
അതുകൊണ്ട് അവൾ സ്ട്രൈറ്റ് ആയി കാര്യം എടുത്തിട്ടു
“എന്റെ പിക്ചർ കണ്ട് ഇഷ്ടപ്പെട്ടാണ് വന്നതെന്ന് അറിഞ്ഞു പക്ഷേ എന്റെ അച്ഛന്റെ തൊഴിലിനെ കുറിച്ച് വല്ലതും അറിയുമോ?”
“അറിയാം ജനങ്ങൾ ഒക്കെ പറഞ്ഞു. പിന്നെ ഞാനും അതേ കുറീച്ച് അന്വേഷിച്ചു.. അതൊക്കെ ജീവിക്കാൻ വേണ്ടി അല്ലേ അതിനിപ്പോ എന്താ ഇത്ര തെറ്റ്..”
“വിവാഹത്തിനുശേഷം അതെക്കുറിച്ച് പറഞ്ഞ് തന്നെ അപമാനിക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്യില്ലെന്ന് ഉറപ്പല്ലേ.?”
“അത് പിന്നെ പറയണോ…എനിക്ക് നിന്നെ മതി. തന്റെ അച്ഛന്റെ തൊഴിൽ മോശമാണെന്ന് ഒരു വെറ്റിനറി ഹോസ്പിറ്റലിൽ ക്ലാർക്ക് ആയ ഞാൻ ഒരിക്കലും പറയില്ല…
വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന ആ വിത്ത് കാളയേയും കൊണ്ട് പ്രജനനം കാത്തു നിൽക്കുന്ന പശുക്കളുടെ അടുത്ത് പോകുന്നത് അത്ര വലിയ തെറ്റാണെന്നു എനിക്ക് തോന്നിയിട്ടില്ല..”
❤❤
രചന :വിജയ് സത്യ