അമ്മച്ചി നിങ്ങളുടെ കെട്ടിയവനെ നിങ്ങളാണ് നോക്കേണ്ടത് ,അല്ലാതെ മരുമകളായ ഞാനല്ല ,വേഗം ആ മുറിയിലേക്ക് ചെന്ന് അവിടെ

(രചന: രജിത ജയൻ)

നൈറ്റ് ഷിഫ്റ്റ് ഡ്യൂട്ടി തീരാൻ ഇനിയും അര മണിക്കൂറിലേറെയുണ്ട് ,ഇതിപ്പോ ആറാമത്തെ തവണയാണ് റീന വിളിക്കുന്നത് .

“റീന ഞാനിപ്പം ഇറങ്ങും ഇവിടെ നിന്ന്, ഞാൻ വരുന്നതുവരെ നീയൊന്ന് അഡ്ജസറ്റ് ചെയ്യ്.. ”

” അമ്മച്ചി ഇല്ലേ അവിടെ അവരോടും ഒന്ന് പറയെടോ … സഹായിക്കാൻ . അവരുടെ കെട്ടിയവനല്ലേ?

“പേടിയാണെന്നോ ?അമ്മച്ചിക്കോ ..? അവരോടു മര്യാദയ്ക്ക് വന്ന് സഹായിക്കാൻ പറ .. നീ ഫോൺ കൊടുത്തേ അമ്മച്ചിക്ക് ,ഞാൻ പറയാം തളളയോട് ..”

ഫോണിലൂടെ ജോണി അമ്മച്ചിയോട് ദേഷ്യപ്പെടുകയും ചീത്ത പറയുകയും ചെയ്യുന്നതു കേട്ട് അവന്റെ കൂടെ ഉണ്ടായിരുന്ന റസാഖ് അവനെ നോക്കി നിന്നു.

” ഞാൻ പറയുന്നതു കേട്ടാൽ മതി നിങ്ങൾ ,ഞാനിപ്പം വരാം അങ്ങോട്ട്.. ”

ദേഷ്യത്തിൽ ഫോൺ ഓഫ് ചെയ്ത് പോക്കറ്റിലിട്ടവൻ തിരിഞ്ഞതും മുമ്പിൽ റസാഖിനെ കണ്ട് വിളറിയ ഒരു ചിരിയവനു നൽകി.

“എന്താണ് ഇന്നത്തെ പ്രശ്നം ജോണി ?

“നീ അമ്മച്ചിയോട് വല്ലാതെ ദേഷ്യപ്പെടുന്നുണ്ടായിരുന്നല്ലോ ?

“അപ്പച്ചൻ ഇന്നും പ്രശ്നം ആണോ?

“ഒന്നും പറയണ്ടെടാ.. അവിടെ വീട്ടിൽആകെ പ്രശ്നമാണ്..

“അപ്പച്ചൻ ഇന്നലെ രാത്രിയും പാട്ടും ആഘോഷവും ഒച്ചപ്പാടും സാധനങ്ങൾ വാരിയെറിയ ലുമായിരുന്നു .”

അടുത്ത ഫ്ളാറ്റിലുള്ളവർവരെ പരാതി പറഞ്ഞു റീനയോട് ..

“അപ്പച്ചന്റെ കാര്യം ശരി സുഖമില്ലാന്ന് കരുതാം,അതിനു നീയെന്തിനാ പാവം അമ്മച്ചിയോട് ദേഷ്യപ്പെട്ടത് ?

“അപ്പച്ചന്റെ പ്രശ്നം കൊണ്ടു തന്നെ അമ്മച്ചി ആകെ തളർന്നിട്ടുണ്ടാവും ,അതിന്റെ ഇടയിൽ നീ കൂടി ദേഷ്യപ്പെട്ടാൽ ?

“ഒന്നൂല്ലെങ്കിലും സ്വന്തം നാടും വീടും വിട്ട് നീയെന്ന മകനു വേണ്ടി ഇവിടെ ഈ കാനഡയിൽ വന്നില്ലേടാ അവർ ?

“ഇങ്ങനെ ആയിതീരും എന്നറിഞ്ഞിരുന്നെങ്കിൽ ഞാനവരെ നാട്ടിൽ നിന്നും ഇങ്ങോട്ടു കൊണ്ടു വരില്ലായിരുന്നു പത്തു രൂപ ലാഭം പിടിക്കാന്ന് കരുതിയപ്പോ അതിന്റെ ഇരട്ടി പോണ ലക്ഷണാ ..

നാണക്കേട് വേറെയും നാശം പിടിക്കാനായിട്ട് …”

പ്രാകി പറഞ്ഞു ജോണി കമ്പനിക്കുള്ളിലേക്ക് കയറി പോയതു കണ്ടപ്പോൾ റസാഖിനുള്ളിലൊരു വേദന തോന്നി ,ആ അപ്പച്ചനെയും അമ്മച്ചിയേയും ഓർത്തിട്ട് ..

“ദേ.. അമ്മച്ചി നിങ്ങളുടെ കെട്ടിയവനെ നിങ്ങളാണ് നോക്കേണ്ടത് ,അല്ലാതെ മരുമകളായ ഞാനല്ല ,വേഗം ആ മുറിയിലേക്ക് ചെന്ന് അവിടെ വാരിവലിച്ചിട്ടിരിക്കുന്ന സാധനങ്ങളൊക്കെ എടുത്ത് വെച്ചോ നിങ്ങൾ …

“ജോണി മോൻ കൂടി വരട്ടെ മോളെ ,അല്ലാതെ എനിക്കൊറ്റയ്ക്ക് വയ്യ അപ്പച്ചനെ പിടിച്ചു മാറ്റാനും മറ്റും.

“രാത്രി മുഴുവൻ ജോലി എടുത്തിട്ടു വരുന്ന ജോണിച്ചായനിനി തീ ട്ടത്തിലും മൂത്രത്തിലും കിടക്കുന്ന അയാളെ പിടിക്കാൻ വരുവല്ല പണി ”

“അങ്ങനെ ഒന്നും പറയല്ലേ മോളെ ,അതവന്റെ അപ്പച്ചനാണ് .
അവനെ നെഞ്ചിൽ കിടത്തി ഉറക്കി വളർത്തി ഇത്രയും ആക്കിയ അവന്റെ സ്വന്തം അപ്പൻ.

“ഓ .. വളർത്തിയതിന്റെയും കിടത്തിയതിന്റെയും കണക്ക് നോക്കി നിങ്ങൾ ഇവിടെ ഇരിക്കേയുള്ളു ,ജോണിച്ചായൻ വന്നാൽ ഞാൻ ഹോസ്പിറ്റലിലേക്ക് പോവും അങ്ങേര് ഉറങ്ങാനും,

“പിന്നെ നിങ്ങൾ ഒറ്റയ്ക്ക് വേണ്ടി വരും അപ്പച്ചനെ നോക്കാനും ഇവിടെ പിള്ളേരെ നോക്കാനും ,ഇപ്പോഴാണേൽ കുറച്ചെന്തെങ്കിലും ഞാൻ സഹായിക്കാം … ”

ഔദാര്യം പോലെ മരുമകൾ പറഞ്ഞപ്പോൾ അമ്മച്ചി നിറഞ്ഞ കണ്ണോടെ അപ്പച്ചനെ പൂട്ടിയിട്ട മുറിയുടെ വാതിൽ തുറന്നകത്ത് കയറി.

അവിടെ മുറിക്കുള്ളിൽ നിറയെ തലയിണയിലെയും കിടക്കയിലെയും പഞ്ഞികൾ ആയിരുന്നു.

മുറിയിലെ അവശേഷിച്ചിരുന്ന സാധനങ്ങൾ കൂടി പൊട്ടിയും ചിതറിയും കിടന്നതിനു നടുവിൽ വെറും നിലത്ത് അപ്പച്ചൻ കിടന്നുറങ്ങുന്നുണ്ടായിരുന്നു.

മുറിക്കുള്ളിലാകെ നിറഞ്ഞു നിന്ന മൂത്രത്തിന്റെ മണം വാതിൽ തുറന്നപ്പോൾ മുറിക്കു പുറത്തേക്ക് വ്യാപിച്ചു

മൂത്രത്തിന്റെ രൂക്ഷഗന്ധം മൂക്കിലടിച്ചതും റീന മൂക്ക് പൊത്തിയവിടെ നിന്ന് മാറി

നിറയുന്ന കണ്ണുകൾ തുടയ്ക്കുക പോലും ചെയ്യാതെ അപ്പച്ചനെ ഉണർത്താതെ അമ്മച്ചി ആ മുറിയാകെ വൃത്തിയാക്കി കൊണ്ടിരുന്നു

അതിനിടയിൽ അവരുടെ കൈ തട്ടി അവിടെ ഉണ്ടായിരുന്ന കസേര ഒന്ന് നീങ്ങിയ നേരിയ ശബ്ദം കേട്ടതും അപ്പച്ചൻ കണ്ണു തുറന്നമ്മച്ചിയെ നോക്കി..

ഉള്ളിലുയർന്ന ഭയം മുഖത്തു കാട്ടാതെ അമ്മച്ചി മെല്ലെ തന്റെ ജോലി തുടർന്നു ,അവരെ നിശബ്ദമായ് നോക്കി കൊണ്ട് അനുസരണ ഉള്ള കുട്ടിയെ പോലെ അപ്പച്ചൻ ആ തറയിൽ തന്നെ കിടന്നു

“ആ അമ്മച്ചി കഴിഞ്ഞോ ?

ചോദിച്ചു കൊണ്ട് ജോണി മുറിയിലേക്ക് വന്നതും അപ്പച്ചൻ പിടഞ്ഞെണീറ്റ് തുറന്ന വാതിലിലൂടെ പുറത്തേക്ക് കുതിച്ചു.

സെക്കൻഡു കൊണ്ടപ്പച്ചന്റെ നീക്കം മനസ്സിലാക്കിയ ജോണി വാതിൽ കാൽ നീട്ടിയടച്ച് പുറത്തേക്ക് കുതിക്കാനൊരുങ്ങിയ അപ്പച്ചനെ കൈക്കുള്ളിലൊതുക്കി കട്ടിലേക്ക് തള്ളിയിട്ടു.

” അയ്യോ ..,,

വലിയ ശമ്പ് ദത്തോടെ കട്ടിൽ ഞരുങ്ങിയതിലേക്കപ്പച്ചൻ തലയടിച്ചു വീണതും അമ്മച്ചി നിലവിളിച്ചു

അവർ വെപ്രാളത്തോടെ അയാളുടെ തലയിടിച്ച ഭാഗം ഉഴിഞ്ഞു കൊടുത്തു

“മോനെ.. നീ എന്താടാ ഈ ചെയ്തത്? സുഖമില്ലാത്ത ആളല്ലേടാ?

അവർ ചോദിച്ചതും അവൻ ദേഷ്യത്തിലവരെ നോക്കി പുറത്തേക്ക് പോയി

“സാരമില്ല ട്ടോ നമ്മുടെ മോനല്ലേ.. അറിയാതെ പറ്റിയതാ ..ക്ഷമി…” പറഞ്ഞു കൊണ്ടമ്മച്ചി വീണ്ടും തലയിൽ തൊട്ടതും അപ്പച്ചൻ അവരുടെ കഴുത്തിൽ അമർത്തി പിടിച്ചു

“ജോണി… മോനെ…

അമ്മച്ചിയുടെ നിലവിളി കേട്ട് ഓടിയെത്തിയ ജോണിയും റീനയും ഒരു നിമിഷം പകച്ചു പോയ് ,പെട്ടന്നവർ മുറിക്കുള്ളിലേക്ക് ഓടി കയറി അപ്പച്ചന്റെ കൈകൾക്കുള്ളിൽ നിന്ന് അമ്മച്ചിയെ മോചിപ്പിച്ചു പുറത്തേക്ക് കൊണ്ടു പോയ് ..

“ജോണിച്ചാ … ഇതിങ്ങനെ ആയാൽ ശരിയാവുകേല ,എന്നതേലുമൊന്ന് വേഗം ചെയ്യണം ,ചുറ്റുമുള്ളവർ ശ്രദ്ധിക്കാനും പരാതിയും കുറ്റവും പറയാനും തുടങ്ങിയിട്ട് ദിവസം കുറച്ചായി …”

“ഞാനെന്താ റീന ചെയ്യേണ്ടത് ?
മടുത്തു എനിക്ക് .. ഒരു സ്വൈര്യവും തരില്ല എന്നു വെച്ചാൽ എന്താ ചെയ്യാ?

അവൻ ചിന്തയോടെ സോഫയിലിരുന്നതും അമ്മച്ചി മടിച്ചു മടിച്ചവന്റെ അരികിലെത്തി .

“മോനെ .. അപ്പച്ചിനിത്തിരി എന്തേലും കഴിക്കാൻ ….

“ഒന്നു കടന്നു പോവുന്നുണ്ടോ അമ്മച്ചി നിങ്ങൾ ,ഈ കാട്ടി കൂട്ടിയതൊന്നും പോരാഞ്ഞിട്ട് ഇനിയിപ്പോ തിന്നാൻ കൊടുക്കാത്തതിന്റെ കുറവേ ഉള്ളു… ”

“അതല്ല മോനെ ഇന്നലെ മുതൽ ഒന്നും കൊടുത്തിട്ടില്ല ..”

”കൊടുത്തില്ലെങ്കിൽ വേണ്ട, കുറച്ചു കഴിയട്ടെ, അഹങ്കാരം ഒന്ന് കുറയട്ടെ ..”

“ഇങ്ങനൊന്നും പറയല്ലേ മോനെ ,സുഖമില്ലാഞ്ഞിട്ടല്ലേ?

“അതിനിത് വെറും അസുഖം അല്ലല്ലോ? ഭ്രാന്തല്ലേ നല്ല മുഴുത്ത ഭ്രാന്ത് ..,,

“ജോണി..,,
നിന്റെ അപ്പച്ചനാണത്, നിന്റെ കുട്ടികളെ നോക്കാനായ് നാട്ടീന്ന് ഞങ്ങളെ കൂട്ടി നീവരുമ്പോ മൂപ്പർക്ക് നീ പറഞ്ഞ ഭ്രാന്ത് ഇല്ലായിരുന്നു ..

“അങ്ങനെ എന്തെങ്കിലും ഇപ്പോ വന്നിട്ടുണ്ടെങ്കിൽ അതിവിടെ നിന്റെ കാൽകീഴിലാ മനുഷ്യൻ എത്തിയതിനു ശേഷമാ ..”

“നീ കൂടുതലൊന്നും എന്നെ കൊണ്ട് പറയിപ്പിക്കരുത്,
രണ്ടു ദിവസായ് അതിനു നേരാവണ്ണം എന്തേലും കൊടുത്തിട്ട് …”

“എന്നിട്ട് തന്ത ചത്തു
പോയിട്ടൊന്നും ഇല്ലല്ലോ?

” നിങ്ങൾ ചെലയ്ക്കാതെ അവിടെ എവിടേലും പോയി ഇരുന്നോ ,മനുഷ്യനിവിടെ നാണം കെട്ടിട്ട് പുറത്തിറങ്ങാൻ വയ്യ .. അപ്പോഴാണ് …

“അത്ര നാണകേടാണെങ്കി നീ ഞങ്ങളെ നാട്ടിലേക്ക് പറഞ്ഞയക്കടാ .. ഞാൻ നോക്കി കൊള്ളാം പൊന്നുപോലെ .. ”

“ഇവിടെ നിങ്ങളുടെ കൽപ്പനകളും ചട്ടങ്ങളും കേട്ട് പുറത്തൊന്ന് ഇറങ്ങാനോ നാലാളെ കാണാനോ മിണ്ടാനൊ പറ്റാതെയാണാ മനുഷ്യൻ ഇങ്ങനെ ആയതെന്ന് നിങ്ങൾ പറഞ്ഞില്ലേലും എനിക്കറിയാം…,, സ്വന്തം ഇഷ്ട്ടത്തിന് നാട്ടിൽ സ്വസ്തമായിരുന്നതല്ലേ ഞങ്ങൾ ..,

“പറഞ്ഞു വിട്ടേരെ ഞങ്ങളെ ഇവിടെന്ന്.. പിന്നെ നിങ്ങൾ തിരിഞ്ഞു നോക്കണ്ട ഞങ്ങളെ.. ഞങ്ങളെങ്ങനെ എങ്കിലും ജീവിച്ചോളാം …”

“എങ്ങനെ എങ്കിലും അവിടെ ഒന്നെത്തിയാൽ മതി എന്റെ കർത്താവെ … നീ യ തി ന് വഴി കാട്ടിയാവണേ..”

കരഞ്ഞു പ്രാർത്ഥിച്ചമ്മച്ചി അവിടെ നിന്നു പോയതും റീന ജോണിക്കരിക്കിലെത്തി.

“ജോണിച്ചാ.. ഇപ്പോ അമ്മച്ചി പറഞ്ഞതു തന്നെയാണ് വഴി .. എത്രയും പെട്ടന്ന് നമുക്കിവരെ നാട്ടിലെത്തിക്കാം .. ”

“നീയെന്താടീ ഈ പറയുന്നത് ?ഈ അവസ്ഥയിലവരെ നാട്ടിലാക്കി നമ്മൾ തിരിച്ചു പോന്നാൽ നാട്ടുകാരെന്ത് പറയും ?

(1നാട്ടിലേക്ക് തിരികെ പറഞ്ഞയക്കാൻ അപ്പച്ചൻ പറഞ്ഞപ്പോഴൊന്നും നമ്മളുതു ചെയ്തില്ല , അവരു നാട്ടിൽ പോയാൽ ഇവിടുത്തെ കാര്യം എന്തു ചെയ്യുമെന്നോർത്തിട്ട് ,എന്നിട്ടിപ്പോ ഇങ്ങനെ ഒരവസ്ഥയിൽ കൊണ്ടുചെന്നാക്കിയാൽ നാട്ടുകാർ …?

“പിന്നെ നാട്ടുക്കാരല്ലേ നമ്മുടെ കാര്യം തീരുമാനിക്കുന്നത് ?

ഇനിയഥവാ ആരെങ്കിലും ചോദിച്ചാൽ പറഞ്ഞാ മതി അമ്മച്ചിയുടെ നിർബന്ധം കൊണ്ടാണെന്ന് … പിന്നെ ഇവിടുന്ന് കയറ്റി അയക്കണ്ട ,നിങ്ങൾ കൂടെ പോയി വാ ”

“ആ അതൊരു നല്ല പോയിന്റാണ് ജോണി റീനയെ അനുകൂലിച്ചു.

“എന്നാലും പ്രശ്നമുണ്ടല്ലോ ടീ ?

“നാട്ടിലെ വീട് നമ്മൾ വാടകക്കാർക്ക് കൊടുത്തേക്കുക അല്ലേ?
അതോ?

“അതങ്ങ് ഒഴിപ്പിച്ചാൽ മതി ,അല്ല പിന്നെ, റീന പറഞ്ഞു

“എനിക്ക് ടെൻഷൻ അമ്മച്ചി പോയാലിനിയിപ്പോ നമ്മൾ ശമ്പളം കൊടുത്ത് ആളെ നിർത്തണമല്ലോ മക്കളെ നോക്കാനും വീട്ടിലെ പണിക്കും എന്നോർത്തിട്ടാണ്, വിശ്വസിക്കാൻ പറ്റുന്നൊരാളെ കിട്ടണ്ടേ ..

“എന്നാലും സാരമില്ല ഈ നാശം അങ്ങ് ഒഴിഞ്ഞാൽ മനുഷ്യന് സ്വൈരം കിട്ടൂലോ ജോണി പറഞ്ഞതു കേട്ടതും അകത്തിരുന്ന അമ്മച്ചിയുടെ മനസ്സ് മുറിഞ്ഞുപോയ് വേദന കൊണ്ട്..

ഒറ്റ മകനായതു കൊണ്ട് ഏറെ ലാളിച്ചും കൊഞ്ചിച്ചും വളർത്തിയ മകനാണ് ജോണി, എല്ലാം അവന്റെ ഇഷ്ട്ടത്തിനായിരുന്നു ,പഠനവും കല്യാണവും ജോലിയും ഒക്കെ

കല്യാണം കഴിഞ്ഞ് ഇവിടെ കാനഡയിലവർ, ജോലിയുമായ് താമസമാക്കിയപ്പോഴും സന്തോഷം തോന്നിയത് എല്ലാം അവന്റെ ഇഷ്ട്ടമല്ലേ എന്നോർത്തിട്ടാണ്..

രണ്ട് ഇരട്ടക്കുട്ടികൾ പേരക്കുട്ടികളായ് പിറന്നപ്പോ അവൻ തന്നെയാണ് നാട്ടിൽ വന്ന് തങ്ങളെ രണ്ടു പേരെയും ഇങ്ങോട്ടു കൊണ്ടുവന്നത്, കുറെ കാലമായില്ലേ നാട്ടിൽ തന്നെ ,ഇനി കുറച്ച് ഇവിടെയും നിക്കെന്ന് പറഞ്ഞപ്പോൾ മറുത്തൊന്നും പറഞ്ഞില്ല, കുറച്ചു നാളത്തേക്കല്ലേന്ന് കരുതി ..

ആദ്യമെല്ലാം എല്ലാം നന്നായി പോയീ, പിന്നെ പിന്നെ മകന്റെയും മരുമകളുടെയും സ്വഭാവം മാറി തുടങ്ങി, ഫ്ളാറ്റിന് പുറത്തു പോവാനോ ,ആളുകളോട് അറിയുന്ന പോലെ സംസാരിക്കാൻ ശ്രമിക്കുന്നതോ എല്ലാം കുറ്റമായി തീർന്നു .. അവരുടെ സ്റ്റാറ്റസിനെ ബാധിക്കുംത്രേ..

അവരുടെ ഇഷ്ട്ടങ്ങൾ മാത്രം നോക്കി ഫ്‌ളാറ്റിലെ നാലു ചുവരുകൾക്കുള്ളിൽ പുറം ലോകമെന്തെന്നറിയാതെ തങ്ങളെ തളച്ചിട്ടപ്പോൾ താളംതെറ്റിപ്പോയതാണ് അപ്പച്ചന്റെ മനസ്സ് ..

നാടിനെയും നാട്ടുകാരെയും കാണാൻ കഴിയാതെ കഴിഞ്ഞ മൂന്നു വർഷങ്ങൾ ഇവിടെ തടവറയിലെ പോലെ .. കയ്യിലൊരു ഫോൺ പോലും ഇല്ല ആരെയും വിളിക്കാൻ എല്ലാം അവൻ വാങ്ങി വെച്ചു ..

കൊച്ചു മക്കളെ കണ്ട് തിരിച്ചു പോവാൻ വന്നവർ തിരികെ പോവാൻ പറ്റാതെ മകന്റെ ഇഷ്ട്ടങ്ങൾക്കൊത്ത് മാത്രം ജിവിക്കേണ്ടി വന്നപ്പോൾ മടുത്തു തുടങ്ങിയിരുന്നു തനിക്കും ജീവിതം ..

നാട്ടിൽ അപ്പച്ചന്റെ പേരിലുള്ള വീട് തങ്ങളോട് ഒരു വാക്ക് പോലും ചോദിക്കാതെ ആണവൻ വാടകക്ക് നൽകിയത് .. എന്നാണെങ്കിലും അതവനുള്ളതല്ലേന്ന് ഒരു ഞ്യായവും..

വെറുത്തു പോയിരിക്കുന്നു മകനാണെങ്കിലും ജോണിയെ ,ഏതാപത്തിലും തങ്ങളെ കാത്തുസൂക്ഷിക്കുമെന്ന് തങ്ങൾ കരുതി വളർത്തിയ മകൻ തന്നെ സ്വന്തം അപ്പച്ചന്റെ ജീവിതം നശിക്കാൻ കാരണക്കാരനായിരിക്കുന്നു ,

മടുത്തിരിക്കുന്നു എല്ലാം.. എത്രയുംപെട്ടന്ന് നാട്ടിലെത്തിയാൽ മതിയായിരുന്ന് കർത്താവേ .. അമ്മച്ചി ഉള്ളുരുകി കർത്താവിനെ വിളിച്ചു …

ഗ്രാമത്തിന്റെ പച്ചപ്പിലൂടെ വീടിനെ ലക്ഷ്യമാക്കി കാറോടെവേ കളിപ്പാട്ടം തിരികെ കിട്ടിയ കുട്ടിയെ പോലെ അപ്പച്ചന്റെ മുഖത്ത് സന്തോഷം തിരതല്ലുന്നത് നോക്കി കാണുകയായിരുന്നു അമ്മച്ചി ..

എയർപോർട്ടിൽ നിന്നും തങ്ങളീ കാറിലേക്ക് കയറിയതു മുതൽ അപ്പച്ചൻ വേറൊരു ലോകത്താണ്
ഒരിക്കൽ നഷ്ട്ടപ്പെട്ടെന്ന് കരുതിയതെല്ലാം തിരികെ കിട്ടിയ സന്തോഷത്തിൽ ..

വീട്ടിൽ കാർ എത്തിയതും അപ്പച്ചൻ ധൃതിയിൽ വണ്ടിയിൽ നിന്നിറങ്ങി ചുറ്റുപാടും നോക്കി,

അവരെ കണ്ട സന്തോഷത്തിൽ അയൽക്കാരെല്ലാം ചുറ്റും കൂടി

തങ്ങൾ വന്ന ടാക്സി പറഞ്ഞയച്ച് ബാഗുമായ് വീടിനുള്ളിലേക്ക് കയറാൻ തുടങ്ങിയ ജോണി കയ്യിലൊരു കരുത്തുള്ള പിടിവീണപ്പോൾ തിരിഞ്ഞു നോക്കി

കണ്ണിലെരിയുന്ന കനലുമായ് അവനു പിന്നിലപ്പച്ചൻ നിന്നിരുന്നു

അപ്പച്ചന്റെ കണ്ണിലെ കനലിലേക്ക് നോക്കവേ തന്റെ ഉള്ളം കാലിനടിയിലൂടൊരു വിറയൽ പടരുന്നത് ജോണി അറിഞ്ഞു

നാട്ടിൻപുറമാണ്, കാനഡയിലെ ഫ്ളാറ്റിലെ പോലെ അപ്പച്ചനെ അടക്കി നിർത്താൻ പറ്റില്ല

“എന്താടാ പേടിച്ചു പോയോ നീ ..?

കണ്ണിലേക്ക് നോക്കി വ്യക്തമായ് അപ്പച്ചൻ ചോദിച്ചപ്പോൾ ജോണി യോടൊപ്പം അമ്പരന്നത് അമ്മച്ചി കൂടിയാണ്

കഴിഞ്ഞ കുറച്ചു ആഴ്ചകളായ് അപ്പച്ചൻ ഇങ്ങനെ വ്യക്തതയോടെ സംസാരിച്ചിട്ട് ,എപ്പോഴും പാട്ടും ആക്രോശങ്ങളും മാത്രമായിരുന്നു..

“എന്താണ് ജോണി നീ അമ്പരന്നു പോയോ ഈ തന്തയുടെ വട്ടു മാറിയോന്നാലോചിച്ചിട്ട് ?

“എന്നാൽ മാറിയെടാ എന്റെ ഭ്രാന്തു മാത്രമല്ല നീയെന്നെ മകനോടുള്ള എന്റെ ഇഷ്ട്ടമുൾപ്പെടെ എല്ലാം മാറി

പറഞ്ഞതും അപ്പച്ചന്റെ വലം കൈ ജോണിയുടെ ഇരു കവിളിലും ശക്തിയായ് പതിച്ചു ..

കാര്യമറിയാതെ പരിഭ്രമിച്ച അയൽക്കാർ അപ്പച്ചനെ പിടിച്ചു മാറ്റിയപ്പോൾ അയാളെല്ലാം വിളിച്ചു പറഞ്ഞവരോട്..

സ്നേഹം നടിച്ചു തങ്ങളെ ഇവിടെ നിന്ന് കൂട്ടികൊണ്ടു പോയതു മുതൽ അവിടെ വെറും വേലക്കാരായ് കണ്ടതു വരെ ..

ഒടുവിൽ എല്ലാം കൂടി മനസ്സിന്റെ താളം തെറ്റിക്കുമെന്ന് തോന്നിയപ്പോൾ തിരികെ നാട്ടിലെത്താനായ് ഭ്രാന്തനായ് അഭിനയിച്ചതു വരെ പറഞ്ഞപ്പോൾ ജോണിയെക്കാൾ പകച്ചു പോയത് അമ്മച്ചി ആയിരുന്നു..

തന്നെ പകച്ചു നോക്കുന്ന അമ്മച്ചിയെ തന്നോടു ചേർത്ത് നിർത്തി അപ്പച്ചൻ

“നീ പൊറുക്ക ടീ എന്നോട്, അവിടുന്ന് ഇങ്ങോട്ടു തിരിച്ചു വരാൻ ഞാൻ വേറെ ഒരു വഴിയും കണ്ടില്ല, കയ്യിലൊരു ഫോൺ പോലും ഇല്ലാതെ ഞാൻഎന്നാ ചെയ്യാനാ ?

അറിയാത്ത നാടും ഭാഷയും. തിരികെ വരാൻ ഇവനും ഇവന്റെ ഭാര്യയും തന്നെ വിചാരിക്കണമായിരുന്നു..

കുറെ ആലോച്ചിച്ചപ്പോ തോന്നിയ ബുദ്ധിയാ ,നിന്നെ കുറച്ച് വേദനിപ്പിക്കേണ്ടി വന്നു സാരമില്ല ക്ഷമി …

അപ്പച്ചൻ പറഞ്ഞതു കേട്ടു ചുറ്റും കൂടിയവർ ഒരു നികൃഷ്ട്ട ജീവിയെ നോക്കുന്നതു പോലെ ജോണിയെ നോക്കി ..

നാട്ടുക്കാരുടെ ഇടയിൽ തുണിയുരിഞ്ഞ അവസ്ഥയിൽ നാണംകെട്ട് നിന്ന ജോണി അകത്തേക്ക് പോവാനൊരുങ്ങിയതും അവനുമുമ്പിലാ വാതിൽ കൊട്ടിയടച്ചു അമ്മച്ചി എന്നന്നേക്കുമായ് …..

ബന്ധങ്ങൾ ബന്ധനമാവുമ്പോൾ മുറിച്ചു മാറ്റുക തന്നെ വേണം അവയെത്ര പ്രിയപ്പെട്ടതാണെങ്കിലും .

Leave a Reply

Your email address will not be published. Required fields are marked *