(രചന: മഴമുകിൽ)
അമ്മേ… അമ്മ എന്തൊക്കെയാണ് ഈ കാണിക്കുന്നത്.
കറിക്ക് അരിഞ്ഞു വച്ചിരിക്കുന്ന പച്ചക്കറി വാരി പുറത്തേക്ക് എറിയുന്നത് കണ്ടപ്പോൾ സ്നേഹ രാജിയുടെ അടുത്തേക്ക് വന്നു…
അമ്മ എന്താണ് ചെയ്യുന്നത് എന്ന് വല്ല ബോധവും ഉണ്ടോ…. ആ ചോദ്യം കേട്ടപ്പോൾ രാജി സ്നേഹയുടെ മുഖത്തേക്ക് നോക്കി .
ആരാ……….
അമ്മേ ഞാൻ സ്നേഹയാണ് അമ്മയുടെ സ്നേഹമോൾ…. രാജിയേറെ നേരം ചിന്താ കുഴപ്പത്തോടെ ആലോചിച്ചു നിന്നു….
പിന്നെ തിരികെ മുറിയിലേക്ക് പോയി കിടന്നു… സ്നേഹ വൈകുന്നേരം അച്ഛൻ വരുന്നതു വരെ കാത്തിരുന്നു..
നീയെന്താ മോളെ പതിവില്ലാതെ അച്ഛനെയും കാത്ത്…
ഞാൻ അച്ഛനോട് കുറച്ച് സംസാരിക്കാൻ ഉള്ളതുകൊണ്ട് കാത്തിരുന്നതാണ്…. അമ്മക്ക് ഈയിടെയായി സാരമായി എന്തോ കുഴപ്പമുണ്ട്. പല കാര്യങ്ങളും അമ്മ മറന്നുപോകുന്നു…. നമുക്കിത് ഹോസ്പിറ്റലിൽ കൊണ്ടുപോയി കാണിക്കണം അച്ഛാ. എന്താണെന്നറിയണ്ടേ..
ഞാനും അത് നിന്നോട് പറയാൻ ഇരിക്കുകയായിരുന്നു…
കഴിഞ്ഞ ഒരു ദിവസം രാത്രിയിൽ എഴുന്നേറ്റിരുന്ന് കുളിക്കണമെന്ന് ഒരേ വാശിയായിരുന്നു….. അതും എത്ര പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചിട്ടും അവളത് കേട്ട ഭാവം കാണിക്കുന്നില്ല ..
അമ്മയ്ക്ക് അൽഷിമേഴ്‌സ് ആവനാണ് സാധ്യത…
അങ്ങനെയാണെങ്കിൽ നമുക്ക് ഉടനെ തന്നെ അമ്മയെയും ഒരു ഹോസ്പിറ്റലിൽ കൊണ്ടുപോകണം.
അടുത്ത ദിവസം രാവിലെ തന്നെ അച്ഛനും സ്നേഹയും കൂടി രാജിയെയും കൂട്ടി ഹോസ്പിറ്റലിൽ എത്തി. ഡോക്ടറുടെ മുന്നിൽ നിർവികാരികതയോടെ ഇരിക്കുന്ന അമ്മയെ കണ്ടപ്പോൾ സ്നേഹക്കു വല്ലാത്ത വേദന തോന്നി …
അമ്മയുടെ അസുഖ വിവരങ്ങൾ നിങ്ങൾ മനസ്സിലാക്കി എടുത്തല്ലോ അതാണ് ഏറ്റവും വലിയ കാര്യം…
ശരിക്കും പറഞ്ഞാൽ അൽഷിമേഴ്സ് രോഗത്തിന് രോഗിയെക്കാൾ ഏറ്റവും കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കി അറിഞ്ഞു പ്രവർത്തിക്കേണ്ടത് കുടുംബക്കാരാണ്.
രാവിലെ എഴുന്നേറ്റാൽ എന്ത് ചെയ്യണം എന്ന് ആലോചിച്ചു അമ്മ ചടഞ്ഞു കൂടിയിരിക്കും. സ്വന്തം പേര് പോലും മറന്നു പോകുന്ന അവസ്ഥ.
കുളിക്കണമെന്നും ബ്രഷ് ചെയ്യണമെന്നും നനഞ്ഞ വസ്ത്രങ്ങൾ മാറണമെന്നും ഒന്നും അമ്മക്ക് അറിയില്ല. ഭക്ഷണം വരി കഴിക്കുന്നത് എങ്ങനെയാണെന്നും അത് ഭക്ഷണമാണെന്നും പോലും തിരിച്ചറിയാൻ വയ്യാത്ത അവസ്ഥ…
സ്നേഹ ഇതൊക്കെ കാണുമ്പോൾ പൊട്ടിക്കരയും..
സ്നേഹയെ അമ്മ എന്നാണ് രാജി വിളിച്ചിരുന്നത്. പലപ്പോഴും കൊച്ചു കുഞ്ഞുങ്ങളെപ്പോലെ നിർബന്ധം പിടിക്കും. സ്നേഹ രാജിയുടെ മുന്നിൽ ഒരു അമ്മയായി മാറുകയായിരുന്നു.
നിസ്സാര കാര്യങ്ങൾക്ക് പോലും ദേഷ്യം വരുന്ന സ്വഭാവം ആരോടും ഒന്നും മിണ്ടില്ല. മുറിയിൽ ഒതുങ്ങി കൂടാനായിരുന്നു എപ്പോഴും ആഗ്രഹം. ..
പലപ്പോഴും അമ്മയെ മാറിൽ ചേർത്ത് താരാട്ട് പാടി ഉറക്കേണ്ടത് പോലും സ്നേഹയായിരുന്നു…
കുഞ്ഞുനാളിൽ അമ്മ തന്നെ മാറോട് ചേർത്ത് പിടിച്ച് താരാട്ടുപാടി ഉറക്കിയത് പോലെ സ്നേഹ അവളുടെ അമ്മയെ താരാട്ട് പാടി ഉറക്കും.
അമ്മയെ കുളിപ്പിക്കുന്നതും ഡ്രസ്സ് ഇടിക്കുന്നതും അമ്മയുടെ കാര്യങ്ങളൊക്കെ നോക്കുന്നതും സ്നേഹയായിരുന്നു.
പാതിരാത്രിയിൽ അമ്മയ്ക്ക് പുറത്തിറങ്ങി നടക്കണം മണിക്കൂറുകളോളം കുളിമുറിയിൽ കയറി കുളിക്കാനായി നിൽക്കും ….
ഒരിക്കൽ നിവർത്തിയില്ലാതെ സ്നേഹ ചെന്നു നോക്കുമ്പോൾ അർത്ഥ നഗ്നയായി കുളിക്കാൻ നിൽക്കുന്നു . അമ്മ എന്താ ഇതുവരെ കുളിക്കാത്തത് എന്ന് ചോദിക്കുമ്പോൾ……
അറിയില്ല എന്നായിരുന്നു മറുപടി….
പിന്നെ സ്നേഹയാണ് കുളിപ്പിച്ച് പുറത്തിറക്കിയത്…
ഇടയ്ക്ക് ഒരു ദിവസവും എല്ലാം ഓർമ്മയുള്ളത് പോലെ സ്നേഹയോടു പെരുമാറി… അവൾക്ക് ഭക്ഷണം കോരി നൽകി. അച്ഛനെ അന്വേഷിച്ചു… പക്ഷേ മിനിറ്റുകൾ പോലും ആ ഓർമ നിലനിന്നിരുന്നില്ല….
ചിലപ്പോൾ വളരെ അക്രമാസക്തയായി കയ്യിൽ കിട്ടുന്നതൊക്കെ വലിച്ചെറിയും..
സ്വന്തമായി ശരീരത്തിൽ മുറിവേൽപ്പിക്കും ചിലപ്പോൾ കണ്ടു നിൽക്കാൻ പോലും കഴിയില്ല.
കുറച്ചു ദിവസം അമ്മയെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യേണ്ടി വന്നു. അമ്മയെ പരിചരിക്കാൻ പോയ സ്നേഹയെ അമ്മ രോഗിയെ പോലെ നോക്കി.
കുറച്ചു ദിവസത്തെ ആശുപത്രി വാസത്തിനുശേഷം വീണ്ടും അമ്മയുമായി വീട്ടിലേക്ക് തിരിച്ചെത്തി.
ഇതിനിടയിൽ സ്നേഹക്കു വിവാഹാലോചനകൾ വന്നു തുടങ്ങി..
നിന്റെ പ്രായത്തിലുള്ള പെൺകുട്ടികൾക്ക് വിവാഹം കഴിഞ്ഞു.നീയെന്നും ഇങ്ങനെ അമ്മയെയും ശുശ്രൂഷിച്ച് ഇവിടെ നിന്നാൽ മതിയോ.. നിനക്കൊരു ജീവിതം വേണ്ടേ മോളെ….
അമ്മയുടെ ഈ അവസ്ഥയിൽ. ഒരാൾ എപ്പോഴും കൂടെയുണ്ടെങ്കിലേ മതിയാകൂ. അമ്മയെ അല്പനേരം പോലും തനിയെ ഇരുത്താൻ കഴിയില്ല.
നമ്മുടെ ഇപ്പോഴത്തെ ഈ ചുറ്റുപാടിൽ ഒരു വിവാഹാലോചനയെക്കുറിച്ച് ഞാൻ ചിന്തിക്കുന്നില്ല അച്ഛാ.ഞാൻ വിവാഹം കഴിഞ്ഞു പോയാൽ അമ്മയുടെ അവസ്ഥ ഇതിലും മോശമാകും. അച്ഛനെ കൊണ്ട് ഒറ്റയ്ക്ക് അമ്മയെ മാനേജ് ചെയ്യാൻ കഴിയില്ല..
ഈ അസുഖത്തിന് മരുന്നിനേക്കാൾ ഉപരി നമ്മുടെ സ്നേഹവും സാന്നിധ്യവുമാണ്. നമ്മൾ അവരോട് പെരുമാറുന്ന രീതി ഒക്കെമുഖ്യ കാരണങ്ങളാണ്.എനിക്ക് അമ്മയെ മറന്നു ജീവിക്കാൻ കഴിയുന്നില്ല.
ഓരോ വർഷം കഴിയുന്തോറും നിനക്ക് പ്രായമേറുകയാണ്.. എന്റെ ശാരീരിക സ്ഥിതിയും അത്ര മെച്ചമല്ല . അമ്മയെ നോക്കി നിന്റെ ജീവിതം നശിപ്പിക്കണമോ.
നമ്മുടെ ജീവിതം പകുതിയായവരാണ് നീ ജീവിക്കാൻ തുടങ്ങിയിട്ട് പോലുമില്ല. നാളെ എനിക്കും നിന്റെ അമ്മയ്ക്കും എന്തെങ്കിലും സംഭവിച്ചാൽ പിന്നെ എന്റെ മോൾ തനിച്ചായി പോകില്ലേ…
അതിനെക്കുറിച്ച് ഒന്നും ഞാനിപ്പോൾ ആലോചിക്കുന്നില്ല. തൽക്കാലം അമ്മയുടെ കാര്യങ്ങൾക്കു ഒരു കുറവും വരുത്താതെ അമ്മയെ നോക്കണം അത് മാത്രമേ ഉള്ളൂ എന്റെ ചിന്ത…
എങ്കിൽ അച്ഛൻ ഒരു കാര്യം പറയാം.തൽക്കാലം അമ്മയെ നോക്കാൻ നമുക്കൊരു ഹോം നേഴ്സിനെ ഏർപ്പാടാക്കിയാലോ.
അതൊക്കെ വലിയ ചിലവാവില്ലേ….അച്ഛാ.. നമ്മളെക്കൊണ്ട് അത് പറ്റുമോ.
അങ്ങനെ നോക്കിയിട്ട് കാര്യമില്ല മോളെ. തൽക്കാലം നമ്മുടെ ആവശ്യം നടക്കട്ടെ. വിവാഹ കാര്യവുമായി മുന്നോട്ടു പോകുന്നതാണ് നല്ലത്. ഇപ്പോൾ ഒരു ചെറു നല്ല ആലോചന ദല്ലാൾ കൊണ്ടുവന്നിട്ടുണ്ട്.
എല്ലാ കാര്യങ്ങളും ഞാൻ നേരത്തെ തന്നെ അവരോട് പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് വലിയ ചടങ്ങൊന്നും ഇല്ലാതെ ലഘുവയ രീതിയിൽ നമുക്ക് അങ്ങ് നടത്താം…
മോൾക്ക് സമ്മതമാണെങ്കിൽ ഞാൻ പയ്യനോട് വന്നു കാണാൻ പറയാം.
സ്നേഹ പിന്നെ എതിർപ്പൊന്നും പറഞ്ഞില്ല. അങ്ങനെയാണ് സതീശനും ദല്ലാളും കൂടി വന്ന് സ്നേഹയെ കാണുന്നത്.
സതീശൻ kseb യിൽ ലൈൻ മാനാണ്. അച്ഛൻ മരിച്ചു കിട്ടിയ ജോലിയാണ് സതീശന്. അമ്മയും ഒരു സഹോദരനും കൂടിയുണ്ട്. എന്തായാലും അവർക്ക് സ്നേഹയെ ഇഷ്ടപ്പെട്ടു അതുകൊണ്ടുതന്നെ ബാക്കി ചടങ്ങുകൾ എല്ലാം വളരെ വേഗത്തിൽ ആക്കി.
വളരെ നല്ലൊരു മുഹൂർത്തത്തിൽ വീടിനടുത്തുള്ള അമ്പലത്തിൽ വച്ച് തന്നെ സ്നേഹയുടെയും സതീഷന്റെയും വിവാഹം കഴിഞ്ഞു.
സതീശൻ സ്നേഹയുടെ അവസ്ഥ മനസ്സിലാക്കി അവരുടെ താമസം സ്നേഹയുടെ വീട്ടിലേക്ക് ആക്കി. അത് സ്നേഹക്കു വളരെയധികം സന്തോഷം നൽകി..
രാജിയുടെ അവസ്ഥ കൂടുതൽ മോശമായിതുടങ്ങി… ആരെയും ഒന്നിനെയും തിരിച്ചറിയാതെ ………
ഇതിലും ഭേദം അമ്മ മരിച്ചെങ്കിൽ എന്നുപോലും ആഗ്രഹിച്ച ഏറെ നിമിഷങ്ങൾ….
വീടിനുള്ളിൽ ചുമരോരം ഇരുന്നു കയ്യിൽ കിട്ടുന്നതുകൊണ്ട് കുത്തിപൊളിച്ചു കൊണ്ടിരിക്കും.. ഇടയ്ക്കു തേങ്ങി കരയും.. ശരീരത്തിൽ സ്ഥാനം മാറി കിടക്കുന്ന വസ്ത്രത്തിന്റെ കാര്യം പോലും അമ്മ ഓർക്കാറില്ല.
ഒരുദിവസം അമ്മ വീട്ടിൽ നിന്നിറങ്ങി പുറത്തേക്കു പോയി. അലഞ്ഞുതിരിഞ്ഞു നടന്ന അമ്മയെ അടുത്തുള്ള വീട്ടിലെ ആരോ കണ്ടിട്ടാണ് വീട്ടിൽ കൊണ്ടെത്തിച്ചത്.
അമ്മയുടെ അവസ്ഥ മാറ്റമില്ലാതെ തുടരുമ്പോൾ ഒരറ്റത്തുനിന്നും അച്ഛനും രോഗിയായി തുടങ്ങി. ജോലിക്ക് പോകാൻ കഴിയാത്ത വിധം അവശത.
അന്ന് രാത്രി അമ്മ എല്ലാം ഓർമ്മ വരുന്ന രീതിയിലായിരുന്നു പെരുമാറിയത്.ഒരുവേള തങ്ങളുടെ പഴയ അമ്മയെ തിരിച്ചുകിട്ടി എന്നുപോലും കരുതി.
പക്ഷേ അതെല്ലാം അണയാൻ പോകുന്ന തീയുടെ ആളിക്കത്തൽ ആയിരുന്നുവെന്ന്അറിഞ്ഞില്ല.
രാവിലെ പതിവുപോലെ ഉറക്കമുണർന്നു നോക്കുമ്പോൾ അച്ഛന്റെയും അമ്മയുടെയും മുറി അടഞ്ഞു കിടക്കുന്നു.
ഒരുപാട് തവണ ചെന്ന് മുട്ടി വിളിച്ചിട്ടും അകത്തുനിന്ന് അനക്കമൊന്നും കേട്ടില്ല. ഒടുവിൽ സതീശേട്ടൻ കതകു ചവിട്ടി തുറക്കുകയായിരുന്നു…
നിലത്ത് രണ്ടുപേരും പരസ്പരം പുണർന്നു കിടക്കുന്ന നിലയിലായിരുന്നു…
അച്ഛൻ അമ്മയെയും കൂട്ടി മറ്റൊരു ലോകത്തേക്ക് യാത്രയായി… ആരെയും ഓർക്കാതെ ആരുടെയും ചോദ്യങ്ങൾ കേൾക്കാത്ത ലോകത്തേക്ക്…
ഇനിയും നിന്നെ ബുദ്ധിമുട്ടിക്കുന്നതിൽ അർത്ഥമില്ല മോളെ.നിനക്കൊരു ജീവിതം വേണ്ടേ… അമ്മയില്ലാതെ അച്ഛന് ഒറ്റയ്ക്ക് പോകാൻ കഴിയില്ല.. അതുകൊണ്ട് ഞാൻ അമ്മയെയും കൂട്ടി യാത്രയാകുന്നു..
മോൾക്ക് ഇനിയെങ്കിലും ഒരു നല്ല ജീവിതം ഉണ്ടാകട്ടെ..
അമ്മയുടെ മരണം സ്നേഹയിൽ വലിയ നടുക്കമാണ് ഉണ്ടാക്കിയത്. ഒരു മകൾ അമ്മയെ നോക്കുന്ന രീതിയിൽ അല്ല. ഒരു അമ്മയുടെ സ്ഥാനത്തുനിന്നു തന്റെ കുഞ്ഞിനെ പോലെയാണ് സ്നേഹ അമ്മയെ നോക്കിയത്… അതുകൊണ്ടുതന്നെ അമ്മയുടെ ആ വിടവ് അവൾക്ക് വല്ലാത്ത വേദന നൽകി.
സ്നേഹയെ പോലെയുള്ള ഒരു മകളായിരുന്നു രാജിയുടെ ഏറ്റവും വലിയ സൗഭാഗ്യം. ഒരു മകളുടെ അമ്മയുടെ സ്നേഹം നൽകാൻ സ്നേഹക്കു കഴിഞ്ഞു…
പക്ഷേ മകൾക്ക് വീണ്ടും ഒരു ഭാരമാകാൻ ആ അച്ഛനും അമ്മയും ആഗ്രഹിച്ചില്ല. അവളെ വിഷമിപ്പിച്ചുകൊണ്ട് തന്നെ അങ്ങനെയൊരു തീരുമാനത്തിൽ അവരെത്തി….
ഇതുപോലെയുള്ള സ്നേഹമാർ നമുക്ക് ചുറ്റും ഇനിയും ഉണ്ടാകട്ടെ… മാതാപിതാക്കളെ സ്നേഹംകൊണ്ട് വീർപ്പുമുട്ടിക്കുന്ന സ്നേഹമാർ…