ചങ്കിൽ തറയ്ക്കുന്ന അവളുടെ ചോദ്യത്തിന് മുന്നിൽ പിടിച്ചു നിൽക്കുവാൻ കഴിയാതെ വിങ്ങി വിഷ്ണു. ഫോൺ മാറ്റി വച്ച് വിങ്ങി പൊട്ടി

(രചന: പ്രജിത്ത് സുരേന്ദ്രബാബു)

“ഏട്ടാ.. ദേ ഏട്ടന്റെ ശബ്ദം ഫോണിൽ കേട്ട് ആണെന്ന് തോന്നുന്നു വയറ്റിനുള്ളിൽ കുഞ്ഞ് വല്ലാത്ത ഇളക്കം .”

കാവേരിയുടെ ആ വാക്കുകൾ കേട്ട് വിഷ്ണുവിന് ഏറെ സന്തോഷമായി. നിറമിഴികൾ തുടച്ചു അവൻ.

” ആണോ.. എന്റെ ശബ്ദം കുഞ്ഞ് തിരിച്ചറിഞ്ഞു കാണും ”

മിഴിനീർ തുടച്ചു കൊണ്ടവൻ മറുപടി പറയുമ്പോൾ പരമാവധി ശബ്ദം ഇടറാതിരിക്കുവാൻ ശ്രദ്ധിച്ചിരുന്നു.

“ഏട്ടൻ എന്നാ വരുന്നേ ദേ ഇനി എപ്പോ വേണേലും ഡെലിവറി ഉണ്ടാകാം ന്നാ ഡോക്ടർ പറഞ്ഞേക്കണേ..

ഹോസ്പിറ്റലിൽ അഡ്മിറ്റ് ആകുമ്പോ വരാം ന്ന് പറഞ്ഞ ആളാ ഇപ്പോൾ ദേ അഡ്മിറ്റും ആയി ഡെലിവറി ഡേറ്റും ആയി എന്നിട്ടും ആള് നാട്ടിൽ എത്തീല. ഇനി സസ്പെൻസ് ആണോ.. കുഞ്ഞിനെ ആദ്യമായിട്ട് ഒന്ന് കാണാനെങ്കിലും ഏട്ടൻ എത്തുമോ ”

ചങ്കിൽ തറയ്ക്കുന്ന അവളുടെ ചോദ്യത്തിന് മുന്നിൽ പിടിച്ചു നിൽക്കുവാൻ കഴിയാതെ വിങ്ങി വിഷ്ണു. ഫോൺ മാറ്റി വച്ച് വിങ്ങി പൊട്ടി അവൻ. ശേഷം വീണ്ടും മിഴികൾ തുടച്ചു ഫോൺ കാതോട് ചേർത്തു.

” ഏട്ടാ.. എന്താ. എന്താണ് അവിടൊരു ഒച്ച. ഏട്ടൻ എന്താ കരയുവാണോ .. ”

കാവേരിക്ക് സംശയം തോന്നി എന്ന് മനസിലാക്കിയതോടെ പെട്ടെന്ന് ഭാവം മാറ്റി അവൻ.

” ഏ…ഏയ്…ഞാൻ ഇവിടെ ജോലിയിലാ ഞാൻ നോക്കാം മോളെ വേഗത്തിൽ എത്താൻ.. മിക്കവാറും എത്തും വേഗത്തിൽ തന്നെ .. ”

ആ വാക്കുകളിലെ ദ്വായാർത്ഥം അവൾക്ക് മനസിലായില്ല.

” ഹബീബി.. യുവർ ടൈം ഈസ്‌ ഓവർ.. ”

മുന്നിൽ നിന്ന പോലീസുകാരൻ ഓർമിപ്പിച്ചപ്പോൾ വല്ലാത്തൊരു പരവേശവും വേവലാതിയും സങ്കടവും ഓക്കെ തോന്നി അവന്. കാരണം വിഷ്ണുവിനറിയാം ഇനി ഒരിക്കലും തനിക്കു പ്രിയതമയുടെ ശബ്ദം കേൾക്കുവാൻ കഴിയില്ല.

അമ്മയുടെ ശബ്ദം കേൾക്കുവാൻ കഴിയില്ല നാട് കാണുവാൻ കഴിയില്ല വീട് കാണുവാൻ കഴിയില്ല എന്തിനേറെ.. തനിക്കു ജനിക്കാൻ പോകുന്ന കുഞ്ഞിനെ ഒരു നോക്ക് കാണുവാൻ പോലും ഭാഗ്യം ഉണ്ടാകില്ല എന്നത്.

” ഞാൻ വയ്ക്കട്ടെ കാവേരി.. നീ ടെൻഷൻ ഒന്നും ഇല്ലാതെ ഹാപ്പിയായി ഇരിക്കണം എല്ലാം മംഗളം ആകും.. ഞാൻ സമയത്ത് എത്തും ഡ്യൂട്ടിക്ക് കേറാൻ ടൈം ആയി ”

അവന്റെ പെരുമാറ്റത്തിൽ വന്ന മാറ്റം വേഗത്തിൽ മനസിലാക്കിയിരുന്നു കാവേരി.

“എന്താ ഏട്ടാ ശബ്ദത്തിൽ ഒക്കെ ഒരു മാറ്റം.. എന്തേലും പ്രശ്നം ഉണ്ടോ.”

അവളുടെ സംശയം വീണ്ടും വിഷ്ണുവിനെ നടുക്കി.

“ഏയ്.. ഒന്നുല്ല പൊന്നേ.. നിനക്ക്‌ അങ്ങിനെ തോന്നിയോ. ഈ ജോലി തിരക്ക് കാരണം ആകും.. നീ ടെൻഷൻ ആകേണ്ട.. “..

” മ്.. ആയിക്കോട്ടെ.. ദേ മനുഷ്യാ.. കുഞ്ഞ് ജനിക്കുമ്പോ കാണാൻ ഇവിടുണ്ടായേക്കണം കേട്ടല്ലോ..

ഒരു കൊച്ചിന് വേണ്ടി കിടന്ന് രാവും പകലും വിയർത്തിട്ട് ഒന്നും ആകാതെ നിരാശപ്പെട്ടു ഒടുക്കം അപ്രതീക്ഷിതമായി കള്ളും കുടിച്ച് വന്ന് കേറി ബലമായി എന്നെ പിടിച്ചു കിടത്തി ബലാൽസംഘം ചെയ്ത് ഉണ്ടായതാ ഈ കുഞ്ഞ്.

അപ്പോൾ ആള് ഇച്ചിരി സ്പെഷ്യൽ ആണ് . അത് ഓർമ വേണം.. അന്ന് പുറം മുഴുവൻ നിങ്ങടെ നഖം കൊണ്ട് കീറി മുറിഞ്ഞു ഒരാഴ്ചയാ ഞാൻ കഷ്ടപ്പെട്ടത് ”

മറുപടിക്കൊപ്പം ഉറക്കെ ചിരിച്ചു കാവേരി എന്നാൽ കൂടെ ചിരിക്കുവാനുള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ല വിഷ്ണു.

” എല്ലാം ഓർമയുണ്ട്.. ശെരി മോളെ.. ഞാൻ ഫോൺ വയ്ക്കുവാ… ഇവിടെ അധിക സമയം വിളിക്കുവാൻ പറ്റില്ല എല്ലാം മംഗളം ആകട്ടെ ”

അത്രയും പറഞ്ഞു കൊണ്ടവൻ കോൾ കട്ട് ചെയ്തു. ആ നിമിഷം അലമുറിയിട്ടു കരഞ്ഞു പോയി. തൊട്ടരികിൽ നിന്ന പോലീസുകാരൻ വിഷമത്തോടെ അത് നോക്കി നിന്നു. ശേഷം ആ ഫോൺ കയ്യിലേക്ക് വാങ്ങി അയാൾ. എന്നിട്ട് വിഷ്ണുവിന്റെ ചുമലിൽ ഒന്ന് തട്ടി. അതോടെ പതിയെ മുഖം ഉയർത്തി അവൻ.

” താങ്ക്സ് സർ .. ഈ ഒരു സഹായത്തിനു ഒരുപാട് നന്ദി ”

മലയാളത്തിൽ അവൻ പറഞ്ഞത് മനസിലായില്ലെങ്കിലും കൂപ്പു കയ്യോടെ വിഷ്ണു നോക്കുമ്പോൾ പതിയെ നടന്നകന്നു ആ പോലീസുകാരൻ.

വിഷ്ണുവിപ്പോൾ സൗദി ജയിലിൽ ആണ്. ചെയ്ത കുറ്റം മയക്കുമരുന്ന് കടത്തൽ. ഇനി ഈ ഭൂലോകത്ത് അവന് ബാക്കിയുള്ളത് വെറും അഞ്ചു മണിക്കൂറുകൾ മാത്രം. അഞ്ചു മണിക്കൂറുകൾ കഴിഞ്ഞാൽ വിഷ്ണുവിനെ വധ ശിക്ഷയ്ക്ക് വിധേയനാക്കും.

ഇതൊന്നുമറിയാതെ നാട്ടിൽ ഏത് നിമിഷവും പുതിയൊരു അഥിതി കൂടിയെത്തുമെന്നുള്ള സന്തോഷത്തിൽ മതി മറന്നിരിക്കുകയാണ് അവന്റെ ഭാര്യ കാവേരിയും മുഴുവൻ കുടുംബവും.

തനി നാട്ടിൻ പുറത്തുകാരനായ, പഞ്ച പാവമാ വിഷ്ണു ഇങ്ങനൊരു കേസിൽ അകപ്പെട്ടത് വകരെ നിർഭാഗ്യകരമായാണ്. സൗദിയിൽ ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ ലേബറായി ജോലി നോക്കുന്ന ടൈമിൽ ആണ് അവന്റെ വിവാഹം നടന്നത്. സന്തോഷകരമായ ദാമ്പത്യം.

വിവാഹത്തിനെത്തി മൂന്ന് മാസം ലീവ് കഴിഞ്ഞു തിരികെയെത്തിയിട്ടും കാവേരിക്ക് വിശേഷം ഒന്നുമായില്ല. അന്ന് ഏറെ നിരാശ തോന്നിയെങ്കിലും . കാത്തിരുന്നു അവർ. പിന്നീട് അടുത്ത വർഷം വിഷ്ണു ലീവിന് വന്നപ്പോഴാണ് തികച്ചും അപ്രതീക്ഷിതമായി കാവേരി ഗർഭിണിയാകുന്നത്.

ആ സന്തോഷത്തിൽ ഒരു മാസം കൂടി ലീവ് നീട്ടി നിൽക്കെയാണ് കൊറോണ പ്രശ്നങ്ങൾ വന്ന് ഫ്ലൈറ്റുകൾ ബ്ലോക്ക് ആകുന്നതും കൃത്യസമയത് തിരികെ കയറി ചെല്ലുവാൻ കഴിയാത്തതിനാൽ അവന്റെ ജോലി നഷ്ടമാകുന്നതും.

സ്വകാര്യ ആശുപത്രിയിൽ ഉള്ള കാവേരിയുടെ ചികിത്സയും അതിനായുള്ള വലിയ ചിലവുകളും ജോലി നഷ്ടമായതും എല്ലാം കൂടി ആകെ തകർന്നു നിൽക്കുമ്പോഴാണ്. വീണ്ടും ഫ്ലൈറ്റു സർവീസ് ഓപ്പൺ ആകുന്നതും വിസ ക്യാൻസൽ ആകാത്തതിനാൽ വിഷ്ണുവിന് തിരികെ കയറി പോകുവാൻ അവസരം ലഭിച്ചതും.

എന്നാൽ തിരികെയെത്തി പഴയ കമ്പനിയിൽ പോയി കാല് പിടിച്ചെങ്കിലും സാമ്പത്തികമായി തകർന്നു പോയ അവിടെ ഒരു ജോലിക്കായുള്ള അവസരം ഇല്ലായിരുന്നു മാത്രമല്ല അത്രേം നാൾ ജോലി ചെയ്തതിന്റെ സെറ്റിൽമെന്റ് തുക പോലും അവന് ലഭിച്ചില്ല. പുതിയൊരു ജോലി കണ്ടെത്തുവാൻ കഴിയാതെ വിഷ്ണു ആകെ വലഞ്ഞു.

അതിനിടയിൽ നാട്ടിലെ ഹോസ്പിറ്റൽ ചിലവ് അതുപോലെ അഞ്ചാം മാസത്തിലും ഏഴാം മാസത്തിലും ഉള്ള ചടങ്ങുകളുടെ ചിലവ്.. നാട്ടിൽ കുറച്ചു നാൾ നിന്നപ്പോൾ വരുത്തിവച്ച കടങ്ങൾ അങ്ങിനെ എല്ലാം കൂടി നിക്കക്കള്ളി ഇല്ലാത്ത അവസ്ഥയായി. ആ സമയം ആണ് ബിനീഷിനെ വിഷ്ണു പരിചയപ്പെടുന്നത്.

അവന്റെ അവസ്ഥ മനസ്സിലാക്കിയിട്ട് ട്രാവൽ ഏജൻസിയിൽ വർക്ക്‌ ചെയ്യുന്ന ബിനീഷ് ആണ് മയക്ക് മരുന്ന് അടങ്ങുന്ന പാഴ്സൽ ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്ത് എത്തിച്ചാൽ ലഭിക്കുന്ന ഭീമമായ പ്രതിഫലത്തെ പറ്റി വിഷ്ണുവിനോട് പറഞ്ഞത്.

” എന്റെ ചേട്ടാ സിമ്പിൾ ആണ്.. നിങ്ങൾ എന്നും ജോലി തേടി ഇറങ്ങുന്ന പോലെ റൂമിൽ നിന്ന് ഇറങ്ങുക പൊതി ഞങ്ങടെ ആള് നിങ്ങളെ ഏൽപ്പിക്കും. അത് നൈസിനു ബാഗിൽ ഇട്ട് സിമ്പിൾ ആയി തന്നെ പറയുന്ന സ്ഥലത്ത് എത്തിച്ചു കൊടുക്കുക.

നിങ്ങളെ പോലെ ഉള്ളവരെയൊന്നും പോലീസ് ശ്രദ്ധിക്കുക പോലും ഇല്ല. സാധനം സേഫ് ആയി എത്തിച്ചാൽ വലിയൊരു തുകയാണ് നിങ്ങൾക്ക് പ്രതിഫലം കിട്ടുന്നത്. ഒന്ന് ആലോചിച്ചു ഒരു തീരുമാനം എടുക്ക് എന്നിട്ട് എന്നെ വിളിക്ക് ”

ബിനീഷിന്റെ വാക്കുകളിൽ വിഷ്ണു വീണുപോയി. അപ്പോഴത്തെ അവസ്ഥയിൽ മറുത്ത് ഒന്ന് ചിന്തിക്കുവാൻ കഴിയുമായിരുന്നില്ല അവന്. അങ്ങിനെ ഒരു വട്ടം ബിനീഷ് പറഞ്ഞപോലെ പൊതി കടത്തി വിഷ്ണു.

അതിനു നല്ലൊരു പ്രതിഫലവും ലഭിച്ചു. ആ തുക നാട്ടിലേക്കയച്ചു ഒരുവിധം ഒന്ന് പിടിച്ചു നിന്നു. അതോടെ അതേ ജോലി വീണ്ടും ചെയ്യാൻ വിഷ്ണുവിന് ധൈര്യമായി.

കാശ് കൂടുതൽ കിട്ടുന്നത് കൊണ്ട് താത്പര്യവും ഏറി. ആ തവണയും വിജയകരമായി പൊതി എത്തിക്കുവാൻ അവന് കഴിഞ്ഞു അതോടെ പ്രസവത്തിനാവശ്യമായ തുക സമാഹരിക്കുവാൻ വിഷ്ണുവിന് കഴിഞ്ഞു.

” ഏട്ടാ.. പ്രസവ ശേഷം ഞാൻ എന്റെ വീട്ടിൽ നിൽക്കുന്നത് വരെ എന്റെയും കുഞ്ഞിന്റെയും കാര്യങ്ങൾ അച്ഛൻ നോക്കും.. എന്നാലും എന്തേലും കൊടുക്കേണ്ടേ നമുക്ക്.. എല്ലാത്തിനും കൂടി ചിലവാക്കുവാൻ അച്ഛന്റെ കയ്യിലും അധികം ഒന്നും കാണില്ല. അതുപോലെ കുഞ്ഞിനുള്ള അരഞ്ഞാണവും കാൽത്തളയും ഒക്കെ വാങ്ങണം.. ”

ആവശ്യങ്ങൾ വീണ്ടും പെരുകിയപ്പോൾ ജോലിയൊന്നും ആകാതെ വിഷമിച്ചിരുന്ന വിഷ്ണു മറ്റൊരു വഴിയും ഇല്ലാതെ വീണ്ടുമൊരു വട്ടം കൂടി പോകുവാൻ തീരുമാനിച്ചു.

എന്നാൽ ആ മൂന്നാം വട്ട യാത്രയിൽ സ്വപ്നത്തിൽ പോലും അവൻ കരുതിയില്ല പിടി വീഴുമെന്നുള്ളത്. ചുറ്റും പോലീസ് വളഞ്ഞപ്പോൾ പേടിച്ചു ഭയന്നവൻ അറിയാവുന്ന ഭാഷയിൽ പോലീസുകാരുടെ കാല് പിടിച്ചു കരഞ്ഞു.

പക്ഷെ ന്യായങ്ങൾ ഒന്നും കേൾക്കുവാൻ അവർ തയ്യാറായില്ല. അവർക്ക് കാര്യങ്ങൾ വേണ്ടവിധം
പറഞ്ഞു കൊടുക്കുവാനായി അവന് ഭാഷയും അറിയില്ലായിരുന്നു. ഇനി പറഞ്ഞു കൊടുത്താലും മയക്കുമരുന്ന് കടത്തുകാരന്റെ ഞ്യായങ്ങൾക്ക് എന്ത് വിലയാണുള്ളത്.

അധികം വിചാരണയൊന്നുമുണ്ടായില്ല കുറ്റകൃത്യത്തിന്റെ ആഴവും വ്യാപ്തിയും കണക്കിലെടുത്തു ഭരണ കൂടം വിഷ്ണുവിന് വധശിക്ഷ തന്നെ വിധിച്ചു. ശിക്ഷ നടപ്പിലാക്കുവാനുള്ള കാലയളവും വളരെ കുറവായിരുന്നു. അങ്ങിനെ ഒരാഴ്ചക്കുള്ളിൽ തന്നെ അവനെ തൂക്കിലേറ്റുവാൻ ഉത്തരവായി.

സഹായത്തിനായി ആരും തന്നെയുണ്ടായില്ല. വീട്ടിൽ ഒന്ന് വിവരം അറിയിക്കുവാൻ പോലും കഴിയാതെ വെന്തുരുകി അവൻ.

അതിനിടയിൽ അവന്റെ അവസ്ഥകൾ മനസിലാക്കി മനസ്സലിവ് തോന്നിയ ഒരു പോലീസുകാരൻ ആണ് നിയമപരമല്ലെങ്കിലും മനുഷ്യത്വം കണക്കിലെടുത്തു ഒന്ന് രണ്ട് വട്ടം വീട്ടിലേക്ക് വിളിക്കുവാനായി അവന് ഫോൺ നൽകിയത്. കാവേരിയുടെ അവസ്ഥ മനസിലാക്കിയതിനാൽ തന്നെ ഒന്നും ആരെയും അറിയിച്ചില്ല വിഷ്ണു.

മിനിറ്റുകൾ എണ്ണി എണ്ണി കിടക്കവേ വിഷ്ണുവിന്റെ ഉള്ളിലെ ചിന്തകൾ മുഴുവൻ ജനിക്കാൻ പോകുന്ന തന്റെ കുഞ്ഞിനെ പറ്റിയായിരുന്നു.

ഒരുപാട് കാത്തിരുന്നു കിട്ടിയിട്ട് ഒരു നോക്ക് കാണുവാൻ ഭാഗ്യം ലഭിച്ചില്ലലോ എന്നോർത്തപ്പോൾ അവന്റെ ഉള്ളം നുറുങ്ങി. ഒരാഴ്ചയോളമായി കൃത്യമായി വിഷ്ണുവുമായി ബന്ധപ്പെടുവാൻ എന്നാൽ കഴിയാത്തത്തിൽ കാവേരിയും ഏറെ വിഷമത്തിൽ ആയിരുന്നു.

” അവൻ ജോലി തിരക്കിൽ ആകും മോളെ.. പുതിയ ജോലി സ്ഥലത്ത് മൊബൈലിന് റേഞ്ച് ഒന്നും കിട്ടില്ല എന്നല്ലേ മുൻപ് വിളിച്ചപ്പോ പറഞ്ഞെ.. നീ ചുമ്മാ ഓരോന്ന് ഓർത്തു കൂട്ടി വയ്യായ്ക വരുത്തി വയ്‌ക്കേണ്ട…. വയറ്റിൽ ഒരു ജീവൻ കൂടിയുള്ളതാണ്. ”

അമ്മയുടെ വാക്കുകൾക്ക് കാവേരിയുടെ ഉള്ളിലെ വേവലാതി അടക്കുവാൻ കഴിയുമായിരുന്നില്ല.

“ഏട്ടന് എന്തോ പറ്റിയിട്ടുണ്ട്… എന്നും വിളിച്ചുകൊണ്ടിരുന്ന ആളാണ്. ഇപ്പോൾ ഒരാഴ്ചയായി നേരെ വിളിക്കാൻ പോലും പറ്റുന്നില്ല ”

അവളുടെ സംശയം കേട്ട് അമ്മയും അല്പം ആശങ്കയിലായിരുന്നു. അത്തരമൊരു ചിന്ത അവരുടെ മനസ്സിലും തോന്നിയിരുന്നു. സമയം അങ്ങിനെ വീണ്ടും നീങ്ങി.

“ഹബീബി… ഫുഡ്.. ഫുഡ്. ”

അവസാന അത്താഴം എത്തിയെങ്കിലും അത് കഴിക്കുവാൻ കഴിഞ്ഞില്ല വിഷ്ണുവിന്. തുറന്ന് വച്ച പൊതിക്കു മുന്നിൽ വിങ്ങി പൊട്ടി അവൻ.ഒരിക്കൽ കൂടി കാവേരിയുടെ ശബ്ദമൊന്നു കേൾക്കുവാൻ അവന്റെ ഉള്ളം വല്ലാതെ കൊതിച്ചു.

അവന് ഫോൺ നൽകിയിരുന്ന പോലീസുകാരൻ ഡ്യൂട്ടി കഴിഞ്ഞു പോയിരുന്നതിനാൽ ആ അവസരവും നഷ്ടമായി. എങ്കിലും ഒന്ന് ശ്രമിക്കാതിരുന്നില്ല വിഷ്ണു. ഭാഷ അറിയില്ലേലും അറിയാവുന്നത് പോലെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസുകാരനോട് കെഞ്ചി അവൻ.

” സർ.. യുവർ ഫോൺ.. ഒൺ കോൾ പ്ലീസ്…. മൈ ഫാമിലി.. ഇന്ത്യ.. പ്ലീസ് സർ.. ”

അയാൾ മുഖം തിരിച്ചതോടെ കൈ കൂപ്പി തൊഴുതു വിഷ്ണു

“സർ.. പ്ലീസ് സർ.. ഒൺ കോൾ സർ.. ”

എത്ര കെഞ്ചിയിട്ടും ഫോൺ നൽകുവാൻ ആ പോലീസുകാരൻ തയ്യാറായില്ല.

” ഹബീബി.. നോ പെർമിഷൻ.. നോട്ട് അലോഡ്..നോ കോൾസ്.. ”

അയാൾ കയ്യൊഴിഞ്ഞതോടെ വല്ലാത്ത മാനസിക സംഘർഷത്തിലായി വിഷ്ണു. അവന്റെ കണ്ണുകളിൽ ഇരുട്ട് കയറുന്നത് പോലെ തോന്നി. ഉള്ളിലെ സങ്കടവും ദേഷ്യവും അടക്കുവാൻ കഴിയാതെ അലറി വിളിച്ചു അവൻ. മുന്നിൽ ഇരുന്ന ഫുഡ് വലിച്ചെറിഞ്ഞു. ഒരു ഭ്രാന്തനെ പോലെ സെല്ലിൽ കിടന്ന് ഓടി. ഫിത്തിയിൽ തല ആഞ്ഞടിച്ചു.

” ഹബീബി.. പാഗൽ(ഭ്രാന്തൻ )സ്റ്റോപ്പ്‌..സ്റ്റോപ്പ്‌.. ”

പോലീസുകാരൻ തടയാൻ ശ്രമിച്ചെങ്കിലും ഒറ്റയ്ക്ക് കഴിഞ്ഞില്ല.അതോടെ അയാൾ അറിയിച്ച പ്രകാരം കൂടുതൽ പോലീസുകാരെത്തി ബലമായി തന്നെ വിഷ്ണുവിനെ ശാന്തനാക്കി.

അപ്പോഴേക്കും അവനനുവദിച്ച സമയത്തിൽ പിന്നേ ഒരു മണിക്കൂർ മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളു. പോലീസുകാരുടെ പിടിയിൽ നിന്നും തെന്നി മാറി നിലത്തേക്ക് കമിഴ്ന്നു കിടന്നു പൊട്ടിക്കരഞ്ഞു വിഷ്ണു .

” എന്റെ പെണ്ണിനെ ഒന്ന് വിളിച്ചു താടാ പട്ടികളെ… എന്റെ കൊച്ച് ഇപ്പോൾ ജനിച്ചു കാണും.. എന്റെ അമ്മയോട് ഒന്ന് സംസാരിക്കട്ടെ ഞാൻ… അവസാന ആഗ്രഹമല്ലേ.. ഒന്ന് സമ്മതിക്കെടാ നാറികളെ.. ”

അലറി വിളിച്ചിട്ടും ആരും കേട്ടില്ല. പതിയെ പതിയെ അവൻ ശാന്തനായി. ഉള്ളം വല്ലാതെ വിങ്ങുന്ന പോലെ തോന്നി വിഷ്ണുവിന്. കൈകാലുകൾ കുഴഞ്ഞ പോലായി..

കണ്ണിൽ ഇരുട്ട് കയറി തൊണ്ട വരണ്ട് ഒച്ച പുറത്ത് വരാത്ത അവസ്ഥയായി. ശരീരമാകെ വിയർത്തു. ഒരു നിമിഷം മരിച്ചുപോയ അച്ഛൻ കണ്മുന്നിൽ വന്ന് നിൽക്കുന്നത് കണ്ടു അവൻ.

” മോനെ.. ഇങ്ങ് പോര് നീ അച്ഛന്റെ അടുത്തേക്ക് വാ ”

അച്ഛൻ ഇരു കൈകളും തനിക്കു നേരെ നീട്ടി നിൽക്കുന്നത് കണ്ട് അവന്റെ മിഴികൾ തുറിച്ചു. നെഞ്ച് പൊട്ടുന്ന പോലെ തോന്നിയപ്പോ വലതു കൈ ഇടനെഞ്ചിൽ അമർത്തി അവൻ.

മിഴികൾ നിറഞ്ഞു തുളുമ്പി. കണ്മുന്നിൽ വലിയ പുകവലയം സൃഷ്ടിക്കപ്പെടവേ അതിനിടയിൽ കൂടി ഒരു കുഞ്ഞു മാലാഖക്കുട്ടി അവനരികിലേക്ക് പറന്നടുത്തു. വെളുത്തു സുന്ദരിയായ ആ പെൺകുഞ്ഞ് അവനെ നോക്കി ചിരിച്ചു.
അത് കണ്ടിട്ട് വിഷ്ണുവിന്റെ മിഴികൾ തിളങ്ങി.

” മോളെ.. വേദ മോളെ… ”

പതിയെ പതിയെ അവന്റെ നാവ് കുഴഞ്ഞു. മിഴികളിൽ പൂർണമായും ഇരുട്ട് നിറഞ്ഞു. നെഞ്ച് പൊട്ടിത്തകരുന്ന വേദനയിൽ ഒന്ന് പിടഞ്ഞു. ശേഷം പതിയെ പതിയെ അവൻ നിശ്ചലനായി. പുറത്ത് നിന്ന പോലീസുകാരൻ അത് കണ്ട് അന്ധാളിച്ചു പോയി. ഒറ്റ നോട്ടത്തിൽ അയാൾ ആപത്ത് മണത്തു.

” മെഡിക്കൽ എമർജൻസി.. എമർജൻസി.. ”

കയ്യിൽ ഇരുന്ന വയർലെസ്സ് ഫോണിൽ ഉറക്കെ വിളിച്ചു പറഞ്ഞു അയാൾ വിഷ്ണു കിടന്നിരുന്ന സെൽ തുറന്ന് ഉള്ളിലേക്ക് കയറി. അവനെ പിടിച്ചു തിരിച്ചു കിടത്തുമ്പോഴേക്കും ചുണ്ടിന്റെ കോണിൽ ചോര കിണിഞ്ഞിരുന്നു. മിഴികൾ തുറിച്ചു തന്നെ നിന്നു. ഇടതു കൈ നെഞ്ചിൽ അമർന്നിരുന്നു പതിയെ പതിയെ ആ മിഴികൾ അടഞ്ഞു.

” മൈ ഗോഡ്.. ”

ഞെട്ടലോടെ തലയിൽ കൈ വച്ചു പോയി ആ പോലീസുകാരൻ.

” വാ മോനെ… ”

അച്ഛന്റെ ശബ്ദം മാത്രം അപ്പോൾ വിഷ്ണുവിന്റെ കാതുകളിൽ മുഴങ്ങി.. അവൻ യാത്ര തിരിച്ചു അങ്ങകലെ അച്ഛനരികിലേക്ക്..

അതേ സമയം തന്നെ നാട്ടിൽ ഹോസ്പിറ്റലിലെ ലേബർ റൂമിൽ കാവേരി ഒന്ന് അലറി വിളിച്ചു കരഞ്ഞു. ഒപ്പം ഒരു കുഞ്ഞ് കരച്ചിൽ കൂടി കേൾക്കവേ ചുറ്റും കൂടി നിന്ന നഴ്സുമാരുടെയും ഡോക്ടറിന്റെയും മുഖത്തു ഒരു പുഞ്ചിരി വിടർന്നു. കടുത്ത വേദനയിലും ആ ശബ്ദം കാവേരിയുടെ കാതുകളിൽ കുളിർമയേകി. നിറ കണ്ണുകൾ തുടച്ചു കൊണ്ട് പുഞ്ചിരിച്ചു അവൾ ..

“പെൺകുഞ്ഞാണ് കേട്ടോ.. ഒരു സുന്ദരി കുട്ടി ”

ഡോക്ടർ പറഞ്ഞത് കേട്ട് അവൾ സന്തോഷത്താൽ മതി മറന്നു…

“വേദമോൾ… ഞങ്ങടെ വേദമോൾ വന്നു… എന്റെ ഏട്ടൻ പുറത്തുണ്ടോ.. ഒന്ന് നോക്കോ.. ഏട്ടനോട് ഒന്ന് പറയോ മോളാണെന്ന് ”

പതിയെ തലയുയർത്തി ചുറ്റും നിന്നിരുന്ന നഴ്സുമാരോട് റിക്വസ്റ്റ് ചെയ്തു അവൾ.

“ഞാൻ നോക്കാം കേട്ടോ.. പോയി പറയാം.. ”

പുഞ്ചിരിയോടെ നഴ്‌സുമാരിൽ ഒരാൾ പതിയെ പുറത്തേക്ക് നടന്നു.

‘ ഏട്ടൻ ഉണ്ടാകും പുറത്ത് മോളെ ആദ്യമായി കാണാൻ സർപ്രൈസ് ആയി വന്നിട്ടുണ്ടാകും എന്നോട് പോലും പറയാതെ… ‘

ആത്മഗതത്തോടെ പതിയെ ബെഡിലേക്ക് ചാഞ്ഞു കാവേരി. തന്റെ ചോരക്കുഞ്ഞിന്റെ മുഖത്തേക്ക് വാത്സല്യത്തോടെ നോക്കി അവൾ. ആ മുഖം കണ്ട് മനസ്സിൽ ഒരായിരം സ്വപ്‌നങ്ങൾ നെയ്‌തു കൊണ്ട് അങ്ങിനെ പതിയെ കിടന്നു .

അതേ സമയം തന്നെ ജയിലിലെ സെല്ലിൽ നിന്നും വിഷ്ണുവിന്റെ മൃദശരീരം പതിയെ പുറത്തേക്കെടുക്കുകയായിരുന്നു പോലീസുകാർ.

പഴുതുകളില്ലാത്ത നിയമത്തിനു മുന്നിൽ തലകുനിച്ചു കീഴണ്ടങ്ങാതെ അവൻ യാത്രയായി. ഒരുപാട് സ്വപ്‌നങ്ങൾ ബാക്കി വച്ച്..

Leave a Reply

Your email address will not be published. Required fields are marked *