സ്ത്രീ മാനസം
(രചന: അഹല്യ അരുൺ)
ഇത്തിത്താനം എന്ന ഗ്രാമത്തിലെ ജന്മി കിഴക്കേപ്പാട്ട് രാഘവൻ മാഷിനും നന്ദിനി അമ്മ ക്കും ഒരു പാട് നേർച്ചകൾക്കും വഴിപാടുകൾക്കും ശേഷം ആണ് ഒരു ഉണ്ണി പിറക്കുന്നത്…
ദൈവം എല്ലാവിധ സൗഭാഗ്യങ്ങളും വാരി വലിച്ച് കൊടുത്തെങ്കിൽ കൂടിയും ഒരു കുഞ്ഞിനെ മാത്രം അവർക്ക് കൊടുക്കാൻ വൈകി…
ഒരു കുഞ്ഞു ജനിക്കാനായി അവർ ചെയ്യാത്ത മരുന്നുകളും,കയറി ഇറങ്ങാത്ത അമ്പല നടകളും ഉണ്ടായിരുന്നില്ല… അവരുടെ വിശ്വാസത്തിന് അനുസരിച്ച് മുറ പോലെ ശയന പ്രദഷി ണവും ഉരുളി കമഴ്ത്തലും നടന്നു കൊണ്ടിരുന്നു…
ഒടുവിൽ ഭക്തിയുടെ കാഠിന്യം കൊണ്ടോ ചികിത്സ ചെയ്ത ഡോക്ടറുടെ കൈപുണ്യം കൊണ്ടോ രാഘവൻ മാഷിനും നന്ദിനി ക്കും ഒരു ഉണ്ണി പിറന്നു…
തനിക്ക് ഒരു അനന്തര അവകാശി പിറന്നതിൽ രാഘവൻ മാഷിന് അടക്കാൻ ആവാത്ത സന്തോഷം ആണുണ്ടായത്….
മാഷ് തന്റെ മകന് നന്ദൻ എന്ന് പേരിട്ടു വിളിച്ചു…കഴിവിലും സൗന്ദര്യത്തിലും കേമൻ തന്നെ ആയിരുന്നു അവൻ…
പക്ഷെ,എന്തു കൊണ്ടെന്നറിയില്ല അവന് കൂട്ട് കൂടാനും, കളിക്കാനുമൊക്കെ താൽപര്യം പെൺ കുട്ടികളോട് ആയിരുന്നു…
കുട്ടികൾ അല്ലെ ഇതൊക്കെ സാധാരണ ആവും എന്നാണ് നമ്മുടെ മാഷും ഭാര്യയും കരുതിയത്..കാരണം കുട്ടികൾ ആവുമ്പോൾ അവർ അവർക്ക് ഇഷ്ടം ഉള്ളവരോട് മാത്രമേ കൂട്ടുകൂടുകയുള്ളൂ…..
അത് ആണെന്നോ പെണ്ണെന്നോ എന്നൊന്നും അവർ ചിന്തിക്കുക പോലും ഇല്ല…അതു കൊണ്ട് തന്നെ മറ്റ് എല്ലാ രക്ഷകർത്താക്കളെ പോലെയും മാഷും അതത്ര കാര്യം ആക്കിയില്ല..
പക്ഷെ,പതിയെ പതിയെ പ്രായം കൂടുന്നതിന് അനുസരിച്ച് അവന്റെ സ്വഭാവം മാറി മാറി വന്നു…
കുളിക്കാൻ നേരം ശരീരം മുഴുവൻ മഞ്ഞൾ പുരട്ടുകയും അമ്മ യുടെ അലമാരയിൽ ഇരിക്കുന്ന സാരി ആരും കാണാതെ ഉടുക്കുകയും ,കണ്ണെഴുതി പൊട്ട് തൊടുകയും,
വളയും മാലയും അണിഞ്ഞ് അതിന്റെ ഭംഗി ആസ്വദിക്കിക്കുകയും നന്ദൻ ചെയ്തു കൊണ്ടിരുന്നു…
ഒരിക്കൽ ഗുരുവായൂർ കുളിച്ച് തൊഴുതു മടങ്ങി വന്ന രാഘവൻ മാഷും ഭാര്യയും ഗേറ്റ് തുറന്ന് കയറി വന്നപ്പോൾ വീട് അടഞ്ഞു കിടക്കുന്നതായി കണ്ടു…
ശക്തിക്ക് വാതിൽ തള്ളി നോക്കിയപ്പോൾ വാതിൽ തുറക്കുകയും പക്ഷെ അതോടൊപ്പം അകത്തെ കാഴ്ച്ച കണ്ട് അദ്ദേഹം ഞെട്ടി തരിച്ചു നിൽക്കുകയും ചെയ്തു പോയി…ഇത് കണ്ട് അകത്തേയ്ക്ക് നോക്കിയ നന്ദിനിയും പകച്ചു നിൽക്കുകയാണ് ഉണ്ടായത്…
അവർ കണ്ട കാഴ്ച്ച എന്താണെന്നോ,,, തങ്ങളുടെ മകൻ നന്ദൻ സാരിയൊക്കെ ഉടുത്ത് അമ്മയുടെ സർവ്വ ആഭരണവും ധരിച്ച് കണ്ണാടിക്ക് മുൻപിൽ ആസ്വദിച്ചു നിൽക്കുന്നു…
പിന്നീട് ഒരു അലർച്ച ആയിരുന്നു… നന്ദൻൻ ൻ ൻ അലർച്ച കേട്ട നന്ദൻ തിരിഞ്ഞു നോക്കിയതും കലി പൂണ്ടു നിൽക്കുന്ന അച്ഛനെ ആണവൻ കണ്ടത്..
പെട്ടെന്നൊരു നിമിഷം ഞെട്ടിത്തരിച്ച അവൻ എന്തെന്നറിയാതെ നിന്നു…
തന്റെ ഉള്ളിൽ ഇരച്ചു കയറിയ അമർഷം മാഷ് തീർത്തത് തന്റെ പറമ്പിലെ തേങ്ങ മോഷ്ടിക്കുന്ന അടിയാൻമാരെ തല്ലുന്ന ചാട്ടവാർ കൊണ്ട് ആയിരുന്നു…അച്ഛന്റെ ഓരോ അടിയും നന്ദൻ നിന്ന് കൊണ്ടു…
ഒടുവിൽ അവൻ അച്ഛനോടയി പറഞ്ഞു… അച്ഛൻ എത്രയൊക്കെ അടിച്ചാലും എന്നിൽ ഇനി ഒരു മാറ്റവും ഉണ്ടാക്കുവാൻ പോകുന്നില്ല…
കാരണം ഞാൻ ഒരു സ്ത്രീ ആണ്… ദൈവത്തിന്റെ വികൃതി കൊണ്ട് രൂപം ആണിന്റേത് ആയി എന്നു മാത്രം… എന്നെ ഞാനായി ജീവിക്കാൻ അച്ഛൻ അനുവാദം തരണം…
സാധ്യമല്ല…. രാഘവൻ മാഷ് ഉറപ്പിച്ചു പറഞ്ഞു…നി എന്റെ മകൻ ആണെങ്കിൽ ,ഇത്രയും നാൾ നിന്നെ വളർത്തിയത് ഞാൻ ആണെങ്കിൽ നി ഞാൻ പറയുന്നത് അനുസരിക്കും…
നാളെ തന്നെ നമുക്കൊരിടം വരെ പോകണം…എവിടേയ്ക്ക് ???? നന്ദൻ ചോദിച്ചു…ചോദ്യങ്ങൾ ഇങ്ങോട്ട് വേണ്ട…പറയുന്നത് കേട്ടാൽ മാത്രം മതി…
അച്ഛനും മകനും ആദ്യമായിട്ടാണ് ഇങ്ങനെയൊക്കെ സംസാരിക്കുന്നത് നന്ദിനി കാണുന്നത്. അവർക്ക് സങ്കടപ്പെടാൻ മാത്രവേ സാധിച്ചുള്ളൂ.. ഇനി എന്ത് എന്ന ചോദ്യമായിരുന്നു അവർക്ക് മുൻപിൽ ഉണ്ടായിരുന്നത്…
പിറ്റേന്ന് തന്നെ മാഷ് പറഞ്ഞത് പോലെ തന്നെ അവർ പുറപ്പെട്ടു,,,എവിടേക്ക് എന്ന് ഭാര്യ യോട് പോലും മാഷ് പറഞ്ഞിരുന്നില്ല…
അവരുടെ കാർ എത്തിയത് കൊട്ടാരം പോലെ ഉള്ള വീട്ടിലേക്ക് ആണ്…അത് രാഘവൻ മാഷിന്റെ ബിസിനസ്സ് പാർട്ണർ ശ്രീകണ്ഠന്റെ ഭവനം ആയിരുന്നു…
അന്ന് അവിടെ നടന്നത് വിവാഹ നിശ്ചയം ആണെന്ന് നന്ദനും അമ്മ നന്ദിനിയും അറിഞ്ഞത് ശ്രീകണ്ഠന്റെ മകൾ വേദിക ചായ കൊണ്ട് വന്നപ്പോൾ മാത്രം ആണ്…
അമ്മ യോടും മകനോടും അഭിപ്രായം പോലും ചോദിക്കാതെ അടുത്ത ആഴ്ച വിവാഹം നിശ്ചയിക്കുംമ്പോൾ നന്ദന്റെ മനസ്സ് തേങ്ങുക ആയിരുന്നു…
എല്ലാം കഴിഞ്ഞ് വീട്ടിൽ എത്തിയതും നന്ദിനി ഭർത്താവിനോട് പറഞ്ഞു നിങ്ങൾ ചെയ്തത് മോശം,, തീർത്തും തെറ്റായ കാര്യം ആണ്…
നമ്മുടെ മകന്റെ അവസ്ഥ യിൽ അങ്ങയേക്കാളും മനോ വിഷമം ഉണ്ട് എനിക്ക്. ഇന്ന് ഒരു അമ്മ എന്ന നിലയ്ക്ക് ഞാൻ അവന്റെ കൂടെ നിന്നില്ലെങ്കിൽ ഒരു പക്ഷെ അവൻ നമ്മുടെ കൈ വിട്ട് പോയേക്കാം…
അതുകൊണ്ട് അവൻ ആഗ്രഹിക്കുന്നത് പോലെ ഒരു സ്ത്രീ ആയി ജീവിക്കാൻ അങ്ങ് നമ്മുടെ കുഞ്ഞിനെ അനുവദിക്കണം…ഒരു പാവം കുട്ടിയുടെ ജീവിതം നമ്മളാൽ തകർന്ന് കൂടാ.
ഭാ…. നാവ് അടക്കടി… എന്നാടി നിന്റെയൊക്കെ ശബ്ദം പൊങ്ങാൻ തുടങ്ങിയത്..എന്ത് കണ്ടിട്ടാടി, നിന്റെ, ആ ആണും പെണ്ണും കെട്ട മകനെ കണ്ടിട്ടൊ…
എങ്കിൽ അത് ഇവിടെ വേണ്ട…പഠിക്ക് പുറത്തു മതി…ആഹാ…ഇത്രയും നാളും മകന്റെ തോന്നി വാസത്തിന് എല്ലാം വഴി തെളിച്ചു വെച്ചിട്ട് ഇപ്പോൾ അവൾ എന്നെ പഠിപ്പിക്കാൻ വന്നിരിക്കുന്നു…
ഒരു കാര്യം ഞാൻ തള്ളയോടും മോനോടും പറഞ്ഞേക്കാം, തന്നിഷ്ട്ടം കാണിച്ച് എന്നെ ധിക്കരിക്കാൻ ആണ് രണ്ടാളുടെയും ഭാവം എങ്കിൽ എന്റെ മുഖത്ത് കരി വാരി തേക്കാൻ ആണ് ശ്രമം എങ്കിൽ,
പിന്നെ എനിക്ക് ഒന്നും നോക്കാനില്ല..ഈ വീടിന്റെ ഉത്തരത്തിൽ ഒരു പിടി കയറിൽ ഞാൻ എന്റെ ജീവിതം അങ്ങട് അവസാനിപ്പിച്ചേക്കും…
അച്ഛന്റെ ആ വാക്കുകൾക്ക് കാരിരുമ്പിന്റെ ശക്തി ഉള്ളതായിട്ടാണ് നന്ദന് തോന്നിയത്..
തനിക്ക് വേണ്ടി ഇവിടെ ആരും വഴക്ക് ഉണ്ടാകണമെന്നില്ല എന്നും അച്ഛൻ പറയുന്നത് അനുസരിച്ച് കൊള്ളാം എന്നും പറഞ്ഞ് അമ്മയെയും കൂട്ടി മുകളിലേയ്ക്ക് പോയി നന്ദൻ….
മുറ പോലെ വിവാഹം മംഗളം ആയി തന്നെ നടന്നു…പക്ഷെ,, സന്ധ്യ ആവും തോറും നന്ദൻ ഭയന്ന് വിറച്ചു കൊണ്ടിരുന്നു…ഒരു സ്ത്രീ യുടെ മനസ്സ് കൊണ്ട് നടക്കുന്ന ഞാൻ എങ്ങനെ വേദികയെ ….അവൻ ചിന്തിച്ചു…
അങ്ങനെ രാത്രി ആയി,,,വിവാഹത്തിന് എത്തിയവർ എല്ലാം പിരിഞ്ഞു …വേദിക ഒരു ഗ്ലാസ് പാലും ആയി നന്ദനെ സമീപിച്ചു… പക്ഷെ അവൻ അവളിൽ നിന്നും ഒഴിഞ്ഞു മാറി….
ആദ്യ ദിവസം തന്നെ, തന്നെ അവഗണിച്ച നന്ദനോട് അവൾക് നീരസം തോന്നി… ഒരു കിടക്കയുടെ രണ്ട് ഓരങ്ങളിൽ അവർ തല ചായ്ച്ചു..
പിന്നീട് ഉള്ള ദിവസങ്ങളിലും ഇത് തന്നെ ആവർത്തിച്ചപ്പോൾ അവൾ നന്ദനോട് ചോദിച്ചു നന്ദേട്ടൻ എന്നെ എന്തിനാണ് ഇങ്ങനെ അവഗണിക്കുന്നത്..എന്താണ് നന്ദേട്ടന്റെ പ്രശ്നം..ഇതിനും മാത്രം ഞാൻ എന്ത് തെറ്റ് ആണ് ചെയ്തത്.
എന്നെ ഇഷ്ടം ഇല്ലാതെ ആണോ വിവാഹം കഴിച്ചത്. ..അയാൾ മിണ്ടാതെ മുറിയിൽ നിന്നും ഇറങ്ങി പോയി.. എന്താണ് മകന്റെ പ്രശ്നം എന്ന് വേദിക അമ്മയോട് ചോദിച്ചെങ്കിലും ആ സാധു സ്ത്രീക്ക് മറുപടി ഉണ്ടായില്ല…
എല്ലാം പതിയെ ശരി ആയിക്കോളും, എന്റെ മോൾ കുറച്ചു കൂടി അതിനായി കാത്തിരിക്കണം എന്ന് മാത്രം …
അതും പറഞ്ഞു കൊണ്ടാ സാധു സ്ത്രീ വേദിക കാണാതെ സാരി തലപ്പ് കൊണ്ട് കണ്ണ് തുടച്ചു…അന്ന് രാത്രി വൈകിയെത്തിയ നന്ദനോട് വീണ്ടും അവൾ കാര്യം ചോദിക്കുകയും വഴക്കുണ്ടാക്കുകയും ചെയ്തു…
ഇനിയും തന്നെ അവഗണിക്കുന്നത് തുറന്ന് പറഞ്ഞില്ല എങ്കിൽ താൻ ഈ വീട് വിട്ട് ഈ രാത്രി തന്നെ ഇറങ്ങും എന്നു പറഞ്ഞു വാശി പിടിച്ചപ്പോൾ തന്റെ മനസ്സ് അവൾക് മുൻപിൽ അവൻ തുറന്നു….
വേദിക നി ഉദ്ദേശിക്കുന്നത് പോലെ എനിക്ക് നിന്നോട് യാതൊരു വിരോധവും ഇല്ല..സത്യങ്ങൾ അറിഞ്ഞാൽ നി എന്നെ ശപിക്കും,,,
ഒരിക്കലും നിന്റെ കോടതിയിൽ എനിക്ക് മാപ്പ് നി തരില്ല പെണ്ണേ..
ശരി,, ആയിക്കോട്ടെ,,, അതിനു മാത്രം നന്ദേട്ടൻ എന്ത് തെറ്റാണ് ചെയ്തത്.. നന്ദേട്ടന് പ്രണയവോ മറ്റെന്തെങ്കിലുവോ ഉണ്ടോ…
ഒരിക്കലും ഇല്ല വേദിക,നി ഉദ്ദേശിക്കുന്ന പോലെ ഒരാൾ അല്ലടോ ഞാൻ…
പിന്നെ നന്ദേട്ടൻ ,നന്ദേട്ടൻ പിന്നെ ആരാണ്…അവൾ ദേഷ്യപെട്ട് അലറി കൊണ്ട് ചോദിച്ചു.. എന്ത് ചോദിച്ചാലും മറുപടി ഇല്ല…എല്ലാത്തിനും ഓരോ കാരണങ്ങൾ കല്പിച്ചു കൂട്ടി പറയുകയാണ്.
അത് എന്നെ മനഃപൂർവം ഒഴിവാക്കാൻ വേണ്ടി ആണെന്നെനിക്കറിയാം… അവൾ അലമുറയിട്ടു കരഞ്ഞു… എങ്ങനെ വേദികയെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കും എന്നോർത്ത് നന്ദൻ പെടാപ്പാട് പെടുകയാണുണ്ടായത്…
വേദിക,,ഒരു നിമിഷം നി എന്നെ കേൾക്കാൻ കനിവ് കാണിക്കാവോ,
എന്താ നന്ദേട്ടാ , എന്താണെങ്കിലും പറഞ്ഞോ,,,ആ മനസ്സിൽ എന്താണെന്ന് പറയാതെ ഞാൻ എങ്ങനെ അറിയും,,,
ഹമ്മമ്മ .. ഞാൻ പറയാം,,,നി കാണുന്ന ഈ ശരീരം ഒരു ആണിന്റേത് ആണെങ്കിലും ഉള്ളിന്റെ ഉള്ളിൽ ഒരു സ്ത്രി യുടെ മനസുള്ളവൻ ആണ് ഞാൻ.
അതേ വേദിക ഞാൻ ഒരു പെണ്ണിന്റെ മനസ്സ് ഉള്ളവൻ ആണ്,,ആ ഞാൻ എങ്ങനെ നി ആഗ്രഹിക്കുന്ന പോലെ നി സ്വാപ്നം കണ്ടിരുന്നത് പോലെ ഉള്ള ഭർത്താവ് ആകും..
അച്ഛന്റെ നിർബന്ധം ഒന്നു കൊണ്ട് മാത്രം ആണ് താൻ വേദികയെ താലി കെട്ടിയത് എന്നും നന്ദൻ തുറന്നു പറഞ്ഞു…
സത്യങ്ങൾ അറിഞ്ഞ വേദിക എന്താണ് താൻ ഈ കെട്ടുകൊണ്ടിരുന്നത് എന്നോർത്ത് ഒരു നിമിഷം പകച്ചു പതറി നിന്നെങ്കിലും ,നന്ദൻ പ്രതീക്ഷിച്ചത് പോലെ വേദികയുടെ ഭാഗത്ത് നിന്നും ഒരു പൊട്ടിത്തെറി നന്ദന്റെ നേർക്ക് ഉണ്ടായില്ല എന്നത് ആശ്വാസം ആണ് നന്ദനിൽ ഉളവാക്കിയത്…
ഏതാനും നിമിഷങ്ങൾക്ക് ശേഷം മുറിയിൽ നിന്നും വിഷമത്തോടെ ഇറങ്ങാൻ പോയ നന്ദനെ വേദിക ഓടി വന്ന് പുറകിൽ നിന്നും കെട്ടിപിടിച്ചു..
നെറുകയിൽ തെരുത്തരെ ഉമ്മ കൊടുക്കുകയും ,,ആരൊക്കെ എതിർത്താലും ഞാൻ നന്ദേട്ടന്റെ കൂടെ എന്തിനും ഏതിനും കൂടെ ഉണ്ടാകും എന്നും പറഞ്ഞ് സമാധാനിപ്പിക്കുകയും ചെയ്തു..
ശേഷം ഉമ്മറത്ത് ചാരുകസേരയിൽ ഇരുന്ന രാഘവൻ മാഷിന്റെ അടുത്തേക്ക് ഒരൊറ്റ പായിച്ചൽ ആയിരുന്നവൾ..
നിങ്ങളോട് ആരാണ് പറഞ്ഞത് എന്റെ ജീവിതം ഇട്ട് പന്ത് തട്ടാൻ…നിങ്ങളുടെ മകന്റെ മനസ്സ് അറിയാത്ത നിങ്ങളൊരു മനുഷ്യൻ ആണോ…ഒരു പെണ്ണ് കെട്ടിയാൽ തീരാവുന്ന ഒരു രോഗം ആണ് ഇത് എന്നാണോ അച്ഛൻ ധരിച്ചിരിക്കുന്നത്…
എത്രയോ കുട്ടികൾക്ക് അക്ഷരം പറഞ്ഞു കൊടുത്ത് അവരെ മുന്നോട്ടുള്ള പാതയിലേക്ക് നയിച്ച അച്ഛന് എന്താണ് സ്വന്തം മകന്റെ മനസ്സ് അറിയാൻ സാധിക്കാതെ വന്നത്.
വേദികയുടെ അപ്രത്യക്ഷമായിട്ടുള്ള ഈ ചോദ്യങ്ങൾക്ക് മുൻപിൽ ഒരച്ഛൻ എന്ന നിലയ്ക്ക് അയാൾക്ക് ഒരു മറുപടി കൊടുക്കാനായില്ല…
അവൾ തുടർന്നു, ഇനി എങ്കിലും അച്ഛൻ ഒന്നു മനസിലാക്കുക,നന്ദൻ ഒരു പെണ്ണാണ്,,, അത് അംഗീകരിച്ചുകൊണ്ട് അവനെ അവളായി ജീവിക്കാൻ അനുവദിക്കുക.
അല്ലാതെ എന്നെ പോലെ ഉള്ളവരുടെ ജീവിതം കൂടി ഇല്ലാതാക്കുക അല്ല വേണ്ടത്…ഇത്രയും പറഞ്ഞു തിരിഞ്ഞതവൾ നന്ദന്റെ മുഖത്തേക്ക് ആണ്…. നന്ദൻ നാളെ ഞാൻ പോവുകയാണിവിടെ നിന്നും… നന്ദനോട് എനിക്ക് വിരോധമില്ല…
കാരണം ഒന്നും നന്ദന്റെ കുറ്റം അല്ല… നന്ദൻ ജീവിക്കേണ്ടത് ഒരു പെണ്ണായി തന്നെ ആണ്…അത് തന്റെ അച്ഛൻ സമ്മതിക്കും …അച്ഛനെയും കുറ്റം പറയാനാവില്ല.
ഏതൊരു അച്ഛൻ ചെയ്യുന്നത് ആണ് നന്ദന്റെ അച്ഛൻ ചെയ്തതും… മോളെ നി എന്നോട് ക്ഷമിക്കുക… എന്റെ വിവരക്കേട് ആണ് നിന്റെ ജീവിതം കൂടി ഇല്ലാതാക്കാൻ കാരണം….അതൊന്നും അല്ല അച്ഛാ..
അച്ഛന് കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ദൈവം നിയോഗിച്ചതാണ് എന്നെ,, അങ്ങനെയേ ഞാൻ കരുതുന്നുള്ളൂ … അച്ഛൻ ഇനി എങ്കിലും നന്ദനെ അവനായി അല്ല, അവളായി ജീവിക്കാൻ അനുവദിക്കണം അതെന്റെ അപേക്ഷ ആണ് അവൾ കേണു പറഞ്ഞു…
അതെ,, മോൾ പറഞ്ഞത് ആണ് അതിന്റെ ശരി… എന്റെ മോനെയും ഞാൻ വിഷമിപ്പിച്ചു ക്ഷമിക്ക് മോനെ നി ഈ അച്ഛനോട്..
ഇതെല്ലാം കണ്ടു കൊണ്ട് ഒരു മൂലക്ക് നിന്ന നന്ദിനിയോടായി രാഘവൻ മാഷ് പറഞ്ഞു…എടിയെ,, നമ്മുടെ മോന് അതാണാഗ്രഹം എങ്കിൽ അതു തന്നെ അങ്ങ് നടക്കട്ടെ അല്ലയോടി…
അതാണ് ഞാനും ആഗ്രഹിച്ചത്… എന്തായാലും നമ്മുടെ മോന്റെ മനസ്സ് ഇപ്പോളെങ്കിലും കണ്ടറിഞ്ഞല്ലോ…അതു മതി.. എന്റെ കൃഷ്ണാ നി എന്റെ പ്രാർത്ഥന കേട്ടു…എടി പൊട്ടി കൃഷ്ണൻ അല്ല വേദിക മോളാണ് പ്രാർത്ഥന കേട്ടത്…എന്നിട്ട് ഒരൊറ്റ പൊട്ടി ചിരി ആയിരുന്നു മാഷ്…