കാണാനൂലിഴകൾ
(രചന: Vandana)
” അച്ഛാ.. എന്നെ അമ്മൂമ്മേന്റെ വീട്ടിലാക്കി തരുമോ?? ”
വൈകുന്നേരം കണക്കുകൾ എന്തൊക്കെയോ കൂട്ടിക്കിഴിച്ചിരുന്ന ജയൻ ആ കുഞ്ഞ് ചോദ്യത്തിൽ എല്ലാ കണക്കുകളും തെറ്റിച്ചു വാതിൽക്കലേയ്ക്ക് നോക്കി. വാതിൽപ്പടിയ്ക്കപ്പുറം നിന്നു കുഞ്ഞ് തല മാത്രം നീട്ടി ഒരു ആറുവയസ്സുകാരന്റെ ചോദ്യം..
” എന്തേ ഇപ്പൊ അപ്പൂന് അങ്ങോട്ട് പോകാൻ? ”
ജയന്റെ മറുചോദ്യത്തിന് ഉത്തരമില്ലാതെ അവൻ തല താഴ്ത്തി നിന്നു. അപ്പോളും വാതിൽപ്പടി വിട്ട് അവന്റെ കാലുകൾ തന്നിലേയ്ക്ക് വന്നില്ല എന്നത് ജയനെ അതിശയിപ്പിച്ചു. അല്ലെങ്കിൽ ഓടിവന്നു മടിയിൽ കയറിയിരുന്നു കഴുത്തിൽ തൂങ്ങിയ ശേഷം മാത്രം കാര്യം പറയുന്നവനാണ്.
” അപ്പു വന്നേ.. അച്ഛൻ ചോദിക്കട്ടെ.. ”
ജയൻ കണക്കുപുസ്തകങ്ങൾ അടച്ചുവെച്ചു കൊണ്ട് അവനെ മാടിവിളിച്ചു. അവൻ മടിച്ചു മടിച്ചു അകത്തു വന്നെങ്കിലും മേശയുടെ അടുത്ത് പരുങ്ങി നിന്നു. വല്ലാതെ അകന്ന പോലെ.. ജയന് ഉള്ളിൽ എവിടെയോ നീറി.. ആ നീറ്റലിലാണ് ആഴ്ചകൾക്ക് ശേഷം അയാൾ അവനെ ശരിക്കൊന്നു കണ്ടത്.
അവന്റെ തലമുടി എണ്ണ കാണാതെ ചകിരി പോലെ ആയി തുടങ്ങിയിരുന്നു. മുഷിഞ്ഞ കുപ്പായം വല്ലാതെ നരച്ചു പിന്നിയ പോലെ.. കുപ്പായത്തിൽ അങ്ങിങ്ങായി എന്തൊക്കെയോ കറകൾ.. കണ്ണുകളിൽ എന്തോ ഒരു മങ്ങൽ.. മുഖം മെലിഞ്ഞു നീണ്ടത് പോലെ.. അല്ല.. അവനാകെ മാറിയ പോലെ.. പഴയ അപ്പുവിന്റെ നിഴലാണ് മുന്നിൽ ഉള്ളതെന്ന് അയാൾക്ക് തോന്നി.. അയാളുടെ നെഞ്ച് കൊളുത്തി വലിച്ചു.
” ആഹാ.. അപ്പു ഇതുവരെ ഉറങ്ങിയില്ലേ? ഒൻപത് മണിയാവുമ്പോ ഉറങ്ങാൻ കിടക്കണം എന്ന് ചെറിയമ്മ പറഞ്ഞിട്ടുള്ളതല്ലേ?? ”
ജയൻ എന്തോ പറയാൻ തുടങ്ങുമ്പോളേക്കും കയ്യിൽ ഒരു കുപ്പി വെള്ളവുമായി ഭാമ കയറി വന്നു. അവളുടെ സ്വരം കേട്ടതും അപ്പുവിന്റെ കണ്ണൊന്നു പിടഞ്ഞത് ജയൻ കണ്ടു. അവൻ തന്നെ ഒന്ന് നോക്കിയ ശേഷം മുറി വിട്ടുപോകുന്നത് അയാൾ വേദനയോടെ നോക്കി. എവിടെയൊക്കെയോ പിഴച്ചുവോ.. ജയൻ സ്വയം ചോദിച്ചു..
” കിടക്കുന്നില്ലേ? ”
ഭാമയുടെ നേർത്ത സ്വരം കാതിൽ കേട്ടപ്പോൾ അയാൾക്ക് എന്തുകൊണ്ടോ, അലോസരം തോന്നി.
” നീ കിടന്നോളു.. ഞാൻ വരാം ”
ഭാമയുടെ മുഖം മങ്ങിയതും പിണക്കം നടിച്ചുകൊണ്ടവൾ തിരിഞ്ഞു കിടന്നതുമൊക്കെ ജയൻ കണ്ടെങ്കിലും അതിലൊന്നും ശ്രദ്ധ കൊടുക്കാൻ തോന്നിയില്ല. അപ്പുവിന്റെ മുഖം അയാളുടെ മനസ്സിനെ ആകെ മൂടിയിരുന്നു..
ജയനും കവിതയും അപ്പുവും.. അവർ മൂന്നുപേരും ചേരുന്നതായിരുന്നു ആ വീട്. ഒരു കൊച്ചു സ്വർഗ്ഗം… ഇണക്കങ്ങളും പിണക്കങ്ങളും ഒക്കെയായി അവരങ്ങനെ കഴിഞ്ഞു. ആയിടെയ്‌ക്കാണ് മൂന്ന് വർഷങ്ങൾക്ക് മുൻപ് വിധി അവർക്കിടകിലേയ്ക്ക് വില്ലനായി കടന്നുവന്നത്.
ഒരു ആക്‌സിഡന്റിന്റെ രൂപത്തിൽ. ടൗണിൽ നിന്നും വരികയായിരുന്ന ജയന്റെ ബൈക്കിൽ നിയന്ത്രണം വിട്ട ഒരു ലോറി പിന്നിൽ നിന്നും ഇടിയ്ക്കുകയായിരുന്നു. ഭാഗ്യമോ നിർഭാഗ്യമോ.. തെറിച്ചുവീണ ജയൻ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. എന്നാൽ അതേയിടത്തു വെച്ചു കവിത എന്നെന്നേക്കുമായി അവരേ വിട്ടു പിരിഞ്ഞു..
കവിതയുടെ മരണശേഷം ആകെ ഉലഞ്ഞു പോയിരുന്നു ജയന്റെ ജീവിതം. മൂന്നുവയസ്സ് മാത്രമുള്ള അപ്പുവിനെയും കൊണ്ട് അയാൾ വല്ലാതെ വലഞ്ഞു.
സാമ്പത്തികം കുറഞ്ഞ കവിതയുമായുള്ള വിവാഹത്തിന് എതിർപ്പുണ്ടായിരുന്ന അയാളുടെ അമ്മയാവട്ടെ, ഒട്ടും സഹകരിച്ചതുമില്ല. അപ്പോൾ അയാൾക്ക് തുണയായത് അമ്മാവന്റെ മകളായ ഭാമയാണ്. തൊട്ടടുത്തു താമസമാക്കിയിരുന്ന അവൾ അപ്പുവിനെ എടുത്തുകൊണ്ടുപോയി കളിപ്പിച്ചും നോക്കിയും അവർക്ക് ആശ്വാസമായി.
അപ്പുവും ഭാമയും തമ്മിൽ കൂട്ടായത് ജയന് വലിയ ആശ്വാസമായിരുന്നു. അമ്മയെ ചോദിച്ച് കൊണ്ടുള്ള അവന്റെ വാശികൾക്ക് അവളാണ് അറുതി വരുത്തിയത്. എങ്കിൽ പിന്നെ ഭാമയേ വിവാഹം ചെയ്‌താൽ എന്താണ് കുഴപ്പമെന്ന അമ്മയുടെ നിരന്തരമായ സമ്മർദം ക്രമേണ ജയനെയും മാറ്റി ചിന്തിപ്പിച്ചിരുന്നു.
അതിനു സമ്മതമെന്നോണം ഭാമയുടെ അടിയ്ക്കടിയുള്ള വരവും, പ്രണയപൂർവ്വമുള്ള സാമീപ്യവും അയാളെയും സ്വധീനിച്ചുവെന്നു പറയാം. കാലം പിന്നിട്ടപ്പോൾ കവിതയുടെ ചിത്രത്തിന് മങ്ങലേൽക്കുകയും, ക്രമേണ ഭാമയുടെ മുഖം തെളിയുകയും ചെയ്തു. കവിത മരിച്ചു ഒന്നരവർഷത്തിന് ശേഷം ഭാമയുടെ കഴുത്തിൽ താലി കെട്ടുമ്പോൾ നിറഞ്ഞ ചിരിയോടെ അപ്പുവും ഉണ്ടായിരുന്നു.
അന്ന് അപ്പുവിനെ കൊണ്ടുപോയിക്കോളാമെന്ന് കവിതയുടെ വീട്ടുകാർ പറഞ്ഞപ്പോൾ തന്റെ കാലിൽ വട്ടം പിടിച്ചു ഇല്ലെന്നു പറഞ്ഞവനാണ് അപ്പു. പിന്നെ ഇടയ്ക്കൊക്കെ കവിതയുടെ വീട്ടിൽ നിന്ന് ആരെങ്കിലും വന്നാലും കൂടെ പോകാൻ കൂട്ടാക്കാതെ തന്നെ അള്ളിപ്പിടിച്ചിരിക്കുന്ന കുഞ്ഞാണ്.
അവനിപ്പോൾ അമ്മൂമ്മയുടെ അടുത്തുപോണം എന്ന്.. എന്തോ അരുതാത്തത് സംഭവിക്കുന്നു എന്ന് ജയന് തോന്നി. നാളുകൾക്ക് ശേഷം അയാൾ ഫോണിൽ സൂക്ഷിച്ചിരുന്ന കവിതയുടെ ചിത്രം എടുത്തു നോക്കി.. അവളുടെ മുഖത്തിനും മങ്ങലേറ്റ പോലെ..
” എന്താ ജയേട്ടാ.. ഞാനില്ലെങ്കിലും നമ്മുടെ മോനെ പൊന്നുപോലെ നോക്കേണ്ട ആളല്ലേ ജയേട്ടൻ? അവന്റെ കുഞ്ഞുമനസ്സ് എന്തേ കാണാതെ പോകുന്നത്? അവന്റെ സങ്കടങ്ങളൊന്നും അറിയുന്നില്ല എന്നാണോ?? ”
കവിതയുടെ കണ്ണുകൾ നിറയുന്നത് പോലെ ജയന് തോന്നി. അപ്പുവിനും കൂടെ വേണ്ടിയല്ലേ ഭാമയെ വിവാഹം ചെയ്തത്.. അവന്റെ കാര്യങ്ങളൊക്കെ ഒരമ്മയേ പോലെ നോക്കാൻ.. ഭാമ ഉള്ളത് കൊണ്ട്.. അവളെ വിശ്വാസമായത് കൊണ്ടല്ലേ താൻ…. തെറ്റുപറ്റിയോ? ജയൻ സ്വയമേ ചോദിച്ചു.. അയാളുടെ മനസ്സും കലങ്ങി മറിഞ്ഞു
പിറ്റേന്ന് രാവിലെ പടി കടന്നു വരുന്ന കവിതയുടെ മാതാപിതാക്കളെ കണ്ടപ്പോൾ ജയൻ ഒരുവേള അന്തിച്ചു നിന്നു. എത്രയോ നാളുകൾക്ക് ശേഷമാണ് അവർ വരുന്നത്? വന്നിരുന്നപ്പോൾ മുതൽ അവർക്ക് ഒന്നും സംസാരിക്കാനില്ല എന്ന് തോന്നി. കവിതയുള്ളപ്പോൾ വിശേഷങ്ങൾ തീരാത്തവർ ആയിരുന്നു.
” ജയൻ എതിർപ്പൊന്നും പറയരുത്. അപ്പുമോനെ ഞങ്ങൾ കൊണ്ടുപോയി നോക്കാം.. അവിടെ ഞങ്ങൾ തനിച്ചല്ലേ ഉള്ളൂ.. ഇനി സ്കൂൾ തുറക്കുമ്പോൾ അവിടെ ചേർക്കാം.. അടുത്തല്ലേ സ്കൂൾ ഉള്ളത്! ഞങ്ങൾക്കും ഒരു കൂട്ടാവും.. ”
കവിതയുടെ അച്ഛൻ പറഞ്ഞത് കേട്ട തരിപ്പ് വിട്ടുമാറി എന്റെ മോനെ തരില്ലെന്ന് പറയാൻ തുടങ്ങുമ്പോളേക്കും അപ്പു ഓടിവന്നു അമ്മൂമ്മയുടെയും മുത്തശ്ശന്റെയും മടിയിലേയ്ക്ക് കയറി. അവർ അവനെ മുത്തം കൊണ്ട് പൊതിയുന്നതും അവൻ ആ സ്നേഹത്തിൽ നിറഞ്ഞു നിൽക്കുന്നതും കണ്ടപ്പോൾ ജയന്റെ ഉള്ളു നീറി.
” അപ്പുമോൻ അമ്മൂമ്മയുടെയും മുത്തശ്ശന്റെയും കൂടെ വരില്ലേ?? നമുക്ക് അവിടെ നിന്നാലോ? ”
കവിതയുടെ അമ്മ ചോദിച്ചപ്പോൾ അപ്പു കുഞ്ഞിക്കണ്ണുകൾ കൊണ്ട് ജയനെ നോക്കി. പൊയ്ക്കോട്ടേ എന്നപേക്ഷിക്കും പോലെ.
അല്പസമയത്തിനുള്ളിൽ അപ്പുവിനെയും കൊണ്ട് അവർ പോകാനിറങ്ങി. അപ്പു മുന്നിൽ വന്നു നിന്നപ്പോൾ അവനെ വാരിയെടുത്തു. ഹൃദയത്തിൽ വല്ലാത്ത ഭാരം നിറയുന്നത് പോലെ ജയന് തോന്നി.
” അച്ഛന്റെ കുട്ടി കുറച്ചു ദിവസം കഴിഞ്ഞിങ്ങ് വരണം കേട്ടോ.. ”
അവന്റെ ഇരുകവിളിലും മുത്തിക്കൊണ്ട് അയാൾ പറഞ്ഞപ്പോൾ അപ്പുവിന്റെ കണ്ണിൽ രണ്ടു കുഞ്ഞ് നക്ഷത്രങ്ങൾ മിന്നി.
” അച്ഛാ.. കുറച്ചു ദിവസം അപ്പു നിന്നോട്ടെ.. പിന്നെ ഞാൻ കൊണ്ടുവരും ട്ടോ.. അച്ഛനും അമ്മയ്ക്കും എപ്പോ വേണമെങ്കിലും അവനെ കാണാം.. ഇവിടെ വന്നു നിൽക്കാം.. അല്ലെങ്കിൽ ഇതുപോലെ അവനെ കൂടെ നിർത്താം. പക്ഷേ എന്നെന്നേക്കുമായി എന്നിൽ നിന്ന് എന്റെ കുഞ്ഞിനെ അകറ്റരുതേ.. ”
ജയന്റെ നോവ് നിറഞ്ഞ വാക്കുകൾ കവിതയുടെ അച്ഛന്റെ കണ്ണ് നിറച്ചു. അയാൾ മറുപടിയൊന്നും പറയാതെ അപ്പുവിന്റെ കൈപിടിച്ച് നടന്നു. അപ്പു തിരിഞ്ഞു നോക്കി തിരിഞ്ഞു നോക്കി പോകുന്നത് നോക്കി നിൽക്കെ തന്നിൽ നിന്ന് എന്തൊക്കെയോ അടർന്നു പോകുന്ന പോലെ ജയന് തോന്നി..
” ഇപ്പൊ എങ്ങനെയുണ്ടെടി ഈ അപ്പച്ചിയുടെ ബുദ്ധി?? കണ്ടോ ആ നശിച്ച ചെറുക്കൻ വാലും ചുരുട്ടി ഓടിയത്? ഇനി ഇങ്ങോട്ട് അവൻ വരരുത്. അവളുടെ തന്തേം തള്ളേം കൂടി വളർത്തട്ടെ..”
ജയന്റെ അമ്മ മീനാക്ഷി, ഭാമയോട് പറഞ്ഞു ചിരിച്ചു..
” എന്നാലും അപ്പച്ചീ.. ജയേട്ടനറിഞ്ഞാൽ.. അതുമല്ല അപ്പു കൊച്ചുകുട്ടിയല്ലേ..? എനിക്കെന്തോ.. ”
ഭാമയുടെ മുഖം തെളിഞ്ഞിരുന്നില്ല..
” പിന്നെ.. കൊച്ചുകുട്ടി.. എടി.. ആ നശിച്ചവളുടെ വിഷവിത്ത് ഇവിടെ വളർന്നാൽ പിന്നെ നിനക്കോ നിന്റെ വയറ്റിൽ വളരുന്ന കുഞ്ഞിനോ ഇവിടെ ഒരു വിലയും കാണില്ല.. അതിനെ ഇനി ഇവിടെ കൊണ്ടുവരാതെ ഇരിക്കേണ്ടത് നിന്റെ മിടുക്കാ.. ദേ പെണ്ണെ.. ഞാൻ പറഞ്ഞത് കേട്ടില്ലെങ്കിൽ.. ഹാ ”
” ഞാനെന്ത് ചെയ്യണമെന്നാ?? അപ്പച്ചി പറയുന്നതൊന്നും എനിക്ക് മനസ്സിലാവുന്നില്ല. അപ്പച്ചി പറഞ്ഞത് അനുസരിച്ചു ഓരോന്ന് ചെയ്തിട്ട് അവസാനം ആ ശാപമൊക്കെ എനിക്കാവും കിട്ടുന്നത് ”
” ഓ.. ശാപം.. കുന്തം. ഞാൻ പറയുന്നത് നീ കേട്ടിട്ടുണ്ട് എങ്കിൽ അതിന്റെ മെച്ചവും നിനക്ക് കിട്ടും. ഇപ്പൊ തന്നെ കണ്ടില്ലേ ചെറുക്കൻ പോയത്.. ഇനി നീ ജയനോട് പറ നിന്റെ വയറ്റിൽ വളരുന്ന കുഞ്ഞിനെ പറ്റി.. പിന്നെ ജയൻ നിന്റെ പിന്നാലെ കാണും.. ഇതിന്റെ പേരും പറഞ്ഞു അവനെ പിടിച്ചു നിർത്തി അച്ഛനേം മോനേം കൂടി പിരിയ്‌ക്കേണ്ടത് നിന്റെ മിടുക്കാ.. ചെയ്താ നിനക്ക് കൊള്ളാം ”
മീനാക്ഷിയമ്മ അതും പറഞ്ഞു പോയപ്പോൾ ഭാമ എന്തുവേണം എന്നറിയാതെ ഇരുന്നു. അവളുടെ മനസ്സിൽ അപ്പുവിന്റെ മുഖം തെളിഞ്ഞു. എന്തോ അവളുടെ മാറിടം വല്ലാതെ വിങ്ങി… എന്നാൽ ഒരു വാതിലിനപ്പുറം എല്ലാം കേട്ട് തറഞ്ഞു നിന്ന ജയനെ അവർ ഇരുവരും കണ്ടില്ല..
” അമ്മ ഉടനെ ചേച്ചിയുടെ വീട്ടിലേയ്ക്ക് മാറണം. ചേച്ചി അമ്മയെ കൂട്ടാൻ ഉടനെ വരും.. ”
പിറ്റേന്ന് രാവിലെ ജയൻ പറഞ്ഞത് കേട്ട് മീനാക്ഷിയമ്മ സംശയത്തോടെ അവനെ നോക്കി..
” നോക്കണ്ട.. കവിത മരിച്ചിട്ടു തീരാത്ത അമ്മയ്ക്ക് അവളോടുള്ള പകയ്ക്ക് ഇനി എന്റെ അപ്പുവിനെ കുരുതി കൊടുക്കാൻ എനിക്ക് പറ്റില്ല. അമ്മയുടെ എല്ലാ ചതിയും ഞാനറിഞ്ഞു. ചേച്ചിയോടും പറഞ്ഞു. സ്വന്തം മകൾ ആയതുകൊണ്ട് ചേച്ചിയെ അമ്മ ദ്രോഹിക്കില്ലല്ലോ അതുകൊണ്ട് അമ്മയെ കൊണ്ടുപോകാം എന്ന് ചേച്ചി തന്നെയാണ് പറഞ്ഞത് ”
ഒറ്റയടിയ്ക്ക് ജയന്റെ വാക്കുകൾ കേട്ട മീനാക്ഷിയമ്മ തിരിച്ചൊന്നും പറയാനില്ലാതെ നിന്നു. എല്ലാം കണ്ടു നിന്ന ഭാമ ഉരുകുകയായിരുന്നു.
” ഭാമേ.. ”
ജയൻ വിളിച്ചപ്പോൾ അവൾ പതറിക്കൊണ്ട് മുഖമുയർത്തി.
” നിന്നെ കൈപിടിച്ച് കൂട്ടുമ്പോൾ ഞാൻ കരുതിയത് ജാതകദോഷം കാരണം കല്യാണം കഴിയാതിരുന്ന നിനക്കൊരു ജീവിതമുണ്ടാവും. ഒപ്പം എനിക്കും അമ്മയില്ലാത്ത എന്റെ അപ്പുവിനും നീയൊരു തുണയാവും എന്നായിരുന്നു. അപ്പുവിനോട് അന്ന് നീ കാണിച്ച സ്നേഹവും വാത്സല്യവും ഒക്കെ കണ്ടപ്പോ അങ്ങനെ ഞാൻ പ്രതീക്ഷിച്ചു.
അന്നുതൊട്ട് ഇന്നോളം നിന്നോട് ഒരു നീതികേടും ഞാൻ ചെയ്തിട്ടില്ല. അമ്മയായി നീയുണ്ടല്ലോ എന്ന ചിന്ത ഉള്ളത് കൊണ്ടാണ് ഞാൻ അവന്റെ കാര്യങ്ങളിൽ നിന്നെ മാത്രം വിശ്വസിച്ചത്. അത് തെറ്റായിരുന്നു എന്ന് ഇന്നലെ എനിക്ക് ബോധ്യമായി.
എന്റെ അമ്മയുടെ വാക്കും കേട്ട് മനസ്സിൽ ഇത്രയും വിഷം വെച്ച് നീയൊക്കെ ചേർന്ന് എന്റെ കുഞ്ഞിനെ നോവിക്കുകയായിരുന്നു എന്ന് ഞാൻ അറിയാതെ പോയി.. എന്റെ മോനോടും അവന്റെ അമ്മയോടും ഞാൻ തെറ്റുചെയ്തു . ഒരച്ഛൻ എന്ന നിലയിൽ ഞാൻ പൂർണ്ണ പരാജയമായി.. നിങ്ങളൊക്കെ ചേർന്ന് എന്നെ തോൽപ്പിച്ചു കളഞ്ഞു.. ”
ജയന്റെ കണ്ണുകൾ നിറഞ്ഞത് കണ്ടപ്പോൾ ഭാമയുടെ കണ്ണുകളും നിറഞ്ഞു..
” എന്തിനാണ് ഭാമേ.. എന്തിനാ ഈ ചതി ചെയ്തത്? ഞാനും എന്റെ മോനും എങ്ങനെയെങ്കിലും കഴിയുമായിരുന്നല്ലോ. സ്നേഹം കാണിച്ചു ചതിക്കണമായിരുന്നോ?? ”
ജയൻ വെറും നിലത്തേയ്ക്ക് ഊർന്നിരുന്നപ്പോൾ ഭാമ ഓടിച്ചെന്നു.
” ക്ഷമിക്കണേ ജയേട്ടാ.. അപ്പച്ചി പറഞ്ഞപ്പോൾ.. എതിർക്കാൻ പറ്റിയില്ല.. മനപ്പൂർവം അല്ലാ.. ക്ഷമിക്കണേ.. അപ്പുവിനെ ഞാൻ തന്നെ കൊണ്ടുവരാം.. അവനെ ഞാൻ പൊന്നുപോലെ നോക്കിക്കോളാം.. ഒരു കുറവും വരുത്തില്ല.. സത്യം.. വേർതിരിച്ചു കാണില്ല.. സത്യം.. ”
ഭാമയും എന്തൊക്കെയോ പറഞ്ഞു കരഞ്ഞു.. അവളുടെ ഉള്ളിലെ നേർത്ത കളങ്കം പോലും മാറി തെളിമ പരന്നു..
മുറ്റത്തിരുന്ന് കളിക്കുന്ന അപ്പു അങ്ങോട്ട് വരുന്ന ജയനെയും ഭാമയെയും കണ്ടു എഴുന്നേറ്റു. ആദ്യം അവന്റെ മുഖത്ത് വന്ന ചിരി മെല്ലെ മങ്ങുന്നത് ഭാമ നീറ്റലോടെ കണ്ടു.. ജയൻ അപ്പുവിനെ വാരിയെടുത്തപ്പോൾ ഭാമ അവന്റെ കവിളിൽ സ്നേഹത്തോടെ തലോടി . അപ്പോളേക്കും കവിതയുടെ മാതാപിതാക്കൾ അങ്ങോട്ട് വന്നു.
” ചില തെറ്റുകൾ പറ്റിപ്പോയി. അറിയാം… ഇനിയൊരിക്കലും ആവർത്തിക്കില്ല. അപ്പുവിന്റെ മനസ്സ് വേദനിക്കാൻ ഇനിയൊരിക്കലും ഇട വരുത്തില്ല. ഞങ്ങളോട് പൊറുത്തു അപ്പുവിനെ ഞങ്ങളുടെ ഒപ്പം വിടണം ”
ഭാമ കവിതയുടെ അമ്മയുടെയും അച്ഛന്റെയും കൈകൾ കൂട്ടിപ്പിടിച്ചു പറഞ്ഞപ്പോൾ അവർ പരസ്പരം നോക്കി.
” എനിക്കും ജയേട്ടനും പിന്നെ…. പിറക്കാൻ പോകുന്ന അപ്പുവിന്റെ കുഞ്ഞുവാവയ്ക്കും അവനെ വേണം ”
ഭാമ പറഞ്ഞപ്പോൾ അപ്പുവിന്റെ മുഖം വിടരുന്നതും അവിടെ നിലാവുപോലെ ചിരി പരക്കുന്നതും എല്ലാവരും കണ്ടു. ആ കാഴ്ച എല്ലാവരുടെയും മനസ്സ് നിറച്ചു.
ഭാമയുടെയും ജയന്റെയും കയ്യിൽ തൂങ്ങി, നിറഞ്ഞ സന്തോഷത്തോടെ അപ്പു മടങ്ങുന്നത് കവിതയുടെ മാതാപിതാക്കൾ നോക്കി നിന്നും. ഒപ്പം കാണാമറയത്ത് ഒരമ്മയുടെ മനസ്സും നിറഞ്ഞു.