ബെഡ്‌റൂമിൽ ഇയാളുടെ കാമവെറിക്ക് സമ്മതിക്കണം. അതിപ്പോ ഒന്നോ രണ്ടോ വട്ടം അല്ല മതി വരുവോളം. അച്ഛനറിയോ ഞങ്ങടെ ആദ്യ രാത്രിയിൽ.. ഉറക്കീട്ടില്ല ഇയാൾ എന്നെ… പിറ്റേന്ന് ശരീരം

(രചന: പ്രജിത്ത് സുരേന്ദ്രബാബു)

“ഒരു ഒത്തു തീർപ്പിനും ഞാനില്ല. എനിക്ക് നിങ്ങളെ വേണ്ട ന്ന് പറഞ്ഞാൽ വേണ്ട.. അത്ര തന്നെ എത്രയും വേഗം നമ്മുടെ ബന്ധം വേർപെടുത്തണം.. നിങ്ങൾക്ക് ഇണങ്ങുന്ന മറ്റൊരു പങ്കാളിയെ നിങ്ങൾ തന്നെ കണ്ടെത്തിക്കോളു ”

വേണിയുടെ ഒച്ചയുയരുമ്പോൾ ഹരീഷ് ആകെ കുഴഞ്ഞു.

“നിനക്ക് എന്ത് കുറവാണ് വേണി ഞാൻ വരുത്തിയത്. നിന്റെ എല്ലാ ആഗ്രഹങ്ങളും അപ്പപ്പോൾ സാധിച്ചു തന്നിട്ടില്ലേ ഞാൻ .. എന്നിട്ടിപ്പോൾ എന്ത് കാരണത്തിന്റെ പേരിലാണ് നീ എന്നെ വേണ്ട എന്ന് പറയുന്നത്”

ഹരീഷിന്റെ ആ ചോദ്യം കേട്ടിട്ടും അവൾ മുഖം തിരിച്ചു മൗനമായി നിന്നു അതോടെ അമർഷത്തോടെ അവൻ വേണിയുടെ അച്ഛൻ മാധവനു നേരെ തിരിഞ്ഞു.

” അച്ഛാ കല്യാണം കഴിഞ്ഞു വർഷം ഒന്ന് ആകുന്നു. ഇതിനിടക്ക് നിങ്ങളുടെ മകൾക്ക് ഞാൻ ഒരു കുറവും വരുത്തിയിട്ടില്ല പൊന്ന് പോലാ നോക്കുന്നെ.. മാത്രമല്ല നിങ്ങളോടും ഒരു മരുമകൻ എന്നതിലുപരി മകനെ പോലെയല്ലേ ഞാൻ പെരുമാറിയിട്ടുള്ളത് പിന്നെന്തിനാണ് ഇപ്പോൾ ഇവൾ എന്നെ വേണ്ട ന്ന് പറയുന്നത്. അച്ഛനൊന്ന് ചോദിക്ക് ”

മാധവന്റെ പക്കലും ആ ചോദ്യത്തിനുള്ള മറുപടി ഇല്ലായിരുന്നു. അയാൾ പതിയെ എഴുന്നേറ്റ് വേണിയുടെ അരികിലേക്ക് ചെന്നു

” മോളെ.. നിനക്ക് ഇവിടെ പറ്റില്ല വന്നു കൂട്ടിക്കൊണ്ട് പോകണം ന്ന് പറഞ്ഞപ്പോൾ മറുത്ത് ഒന്നും ചോദിക്കാതെ അച്ഛൻ ഇവിടേക്ക് വന്നു പക്ഷെ ഇവിടെ നിനക്ക് എന്താണ് മടുത്തത്. അത് മോളു ഇപ്പോ പറയണം ”

അച്ഛന്റെ ചോദ്യം കേട്ടിട്ടും മറുപടി പറയുവാൻ ഒന്ന് മടിച്ചു വേണി.

” അച്ഛാ അത്.. അതിപ്പോൾ പറയാൻ പറ്റില്ല… ”

അതോടെ അത്രയും നേരം ഒക്കെയും കേട്ട് മൗനമായിരുന്ന ഹരീഷിന്റെ അമ്മ സാവിത്രി അവർക്ക് ഇടയിലേക്ക് കയറി.

” ഇത് അഹങ്കാരം.. അല്ലാതെന്ത് പറയാൻ. എല്ലാ സൗകര്യങ്ങളും കൊടുത്ത് പൊന്ന് പോലെ നോക്കുമ്പോൾ ഇവൾക്ക് തിന്നത് എല്ലിന്റിടയിൽ കുത്തുവാ. അതാ ഈ പ്രശ്നം .. അതോ വേറെ ആരെയെങ്കിലും കണ്ട് വച്ചിട്ടുണ്ടോ നീ ”

പുച്ഛത്തോടെയുള്ള ആ വാക്കുകൾ അത്ര ദഹിച്ചില്ല വേണിയ്ക്ക്.

” അമ്മ വെറുതെ ഒന്നുമറിയാതെ എന്നെ കുറ്റപ്പെടുത്തരുത് കേട്ടോ… നിങ്ങടെ മോന്റെ കയ്യിലിരിപ്പ് കൊണ്ട് തന്നാ ഞാൻ പോണേ.. അതിപ്പോ ഞാൻ എന്നല്ല എന്റെ സ്ഥാനത്ത് വേറെ ഏത് പെൺകുട്ടിയായാലും ഇങ്ങനൊക്കെയെ ചെയ്യൂ.. ”
ഉരുളയ്ക്ക് ഉപ്പേരി പോലുള്ള ആ മറുപടി ഹരീഷിനെയും ചൊടിപ്പിച്ചു.

” എന്താ വേണി.. എന്റെ എന്ത് കയ്യിലിരിപ്പ് ആണ് നിനക്ക് പ്രശ്നം. ഞാൻ എന്താ പരസ്ത്രീ ബന്ധത്തിന് പോയോ.. അതോ ഇനി മറ്റെന്തേലും ആണോ എന്തായാലും തെളിച്ചു പറയ് നീ..”

അവന്റെ ഒച്ച ഉയർന്നത്തോടെ വീണ്ടും മാധവനു നേരെ തിരിഞ്ഞു വേണി.

” അച്ഛാ.. ഇയാളെ എനിക്ക് വേണ്ട എന്ന് പറയുന്നതിനുള്ള കാരണം വ്യക്തമാക്കാൻ എനിക്ക് അല്പം ബുദ്ധിമുട്ട് ഉണ്ട്. അത് കോടതിയിൽ പറയാം ഞാൻ. ഇപ്പോൾ അച്ഛന് എന്നെ വീട്ടിലേക്ക് കൊണ്ട് പോകാൻ പറ്റോ. ഇല്ലെങ്കിൽ ഞാൻ ഏതേലും ഹോസ്റ്റലിലേക്ക് മാറാം.. എന്തായാലും ഇവിടിനി പറ്റില്ല എനിക്ക് ”

ഉറച്ചതായിരുന്നു ആ വാക്കുകൾ. അതോടെ ആകെ കുഴഞ്ഞു മാധവനും.

” മോളെ നിന്നെ കൊണ്ട് പോകുന്നതിൽ അച്ഛന് ഒരു പ്രശ്നവും ഇല്ല പക്ഷെ നിന്നെ ഇത്രത്തോളം ആത്മാർത്ഥമായി സ്നേഹിക്കുന്ന ഒരാളെ വേണ്ട എന്ന് പറയുന്നതിന്റെ കാരണം അത് മോളു പറഞ്ഞെ പറ്റു.. ഞങ്ങടെ കണ്ണിൽ ഹരീഷ് നല്ലൊരു ഭർത്താവാണ്. നല്ലൊരു മകനാണ് നല്ലൊരു മരുമകനാണ്. പിന്നെ പിന്നെ എന്താണ് നിനക്ക് പ്രശ്നം ”

അയാൾ ചോദിച്ചതിന് തുടർച്ചയായി സാവിത്രി ആരംഭിച്ചിരുന്നു.

” നിന്റെ അച്ഛൻ ചോദിച്ചേന് മറുപടി കൊടുക്ക്.. പുന്നാരിച്ചു നിന്നെ വഷളാക്കിയ ആളല്ലേ.. അപ്പോ അറിയാൻ ആഗ്രഹം കാണും.. ഇത് വേറൊന്നു അല്ല അഹങ്കാരം. ചുമ്മാ കാലും നീട്ടി വീട്ടിൽ ഇരുന്നിട്ട് അത് വേണം ഇത് വേണം എന്നിങ്ങനെ വിളിച്ചു പറയുമ്പോൾ എന്റെ മോൻ അത് കേട്ട് ഇവളുടെ കൂത്തിനു തുള്ളി. അതോടെ പെണ്ണിന് അഹങ്കാരം കേറി… അല്ലേൽ പൊന്ന് പോലെ സ്നേഹിക്കുന്ന എന്റെ മോളെ ഇട്ടേച്ചു പോകാൻ എങ്ങിനെ തോന്നുന്നു… ”

അവര് പറഞ്ഞു നിർത്തുമ്പോഴേക്കും വേണിയ്ക്കും കലി കയറി. തന്റെ നിയന്ത്രണം വിടുന്നത് മനസിലാക്കി അവൾ. പിന്നെ മൗനതോടെ നിൽക്കാൻ തോന്നിയില്ല അവൾക്ക്.

” ശെരിയാണ്.. ഞാൻ എന്ത് ആഗ്രഹം പറഞ്ഞാലും നിങ്ങടെ മോൻ അത് സാധിച്ചു തരും പക്ഷെ അതിനു പ്രതിഫലമായി ഞാൻ ഈ പറഞ്ഞ പോലെ കാലും നീട്ടി അല്ല ഇരിക്കേണ്ടത് എന്ന് മാത്രം .. ”

വാക്കുകൾ മുറിച്ച് ഹരീഷിനെ ദഹിക്കുമാറ് ഒന്ന് നോക്കി വേണി. അതോടെ അവളുടെ പ്രശ്നം എന്താണെന്ന് അവന് മനസ്സിലായി. ചെറിയൊരു ചളിപ്പ് ആ മുഖത്തേക്ക് പടരുന്നത് കണ്ടിട്ട് വീണ്ടും സാവിത്രിക്ക് നേരെ തിരിഞ്ഞു വേണി.

” എന്റെ അച്ഛൻ കേട്ടു നിൽക്കെ അമ്മേടെ സ്ഥാനത്തുള്ള നിങ്ങളോട് ഇത് പറയാൻ എനിക്ക് ബുദ്ധിമുട്ട് ഉണ്ട് എന്നാലും ഗതി കെട്ട് പറഞ്ഞു പോകുവാ.. അകത്തെ ഞങ്ങടെ ബെഡ് റൂമിലെ ബാത്‌റൂമിനു പുറത്തേ സ്ലാബ് ഒന്ന് ഇളക്കി നോക്കാൻ പറ്റോ അതിനുള്ളിൽ കാണുന്ന കോണ്ടങ്ങളുടെ എണ്ണമെടുത്താൽ നിങ്ങൾക്ക് മനസ്സിലാകും മോനെ വിട്ട് പോകാൻ ഞാൻ തീരുമാനിച്ചത് എന്തിനാണെന്ന് ”

കേട്ടത് മനസ്സിലാകാതെ സാവിത്രി തുറിച്ചു നോക്കി നിൽക്കെ ഹരീഷ് ഒന്ന് പരുങ്ങി. മാധവനാകട്ടെ ചെറുതായി എന്തൊക്കെയോ മനസിലാവുകയും ചെയ്തു.

” മോളെ.. നീ എന്താ ഈ പറയുന്നേ. ”

” അച്ഛാ.. ഞാൻ എന്ത് ആഗ്രഹം പറഞ്ഞാലും ഇയാൾ സാധിച്ചു തരും പക്ഷെ അതിനൊക്കെയുള്ള പ്രതിഫലമായി ഇയാൾ ചോദിക്കുന്നത് എന്താണെന്ന് അച്ഛന് അറിയണോ… ബെഡ്‌റൂമിൽ ഇയാളുടെ കാമവെറിക്ക് സമ്മതിക്കണം. അതിപ്പോ ഒന്നോ രണ്ടോ വട്ടം അല്ല മതി വരുവോളം. അച്ഛനറിയോ ഞങ്ങടെ ആദ്യ രാത്രിയിൽ.. ഉറക്കീട്ടില്ല ഇയാൾ എന്നെ… പിറ്റേന്ന് ശരീരം നുറുങ്ങുന്ന വേദനയിൽ ആണ് ഞാൻ എഴുന്നേറ്റത് എന്നിട്ടോ വെറുതെ വിട്ടില്ല എന്നെ. അന്ന് പകലും.. ”

ഒക്കെയും കേട്ട് മാധവൻ നടുങ്ങി നിൽക്കെ സാവിത്രിക്ക് നേരെ തിരിഞ്ഞു വേണി. പെട്ടെന്നുള്ള ആ തുറന്ന് പറച്ചിലിൽ അവരും ഒന്ന് ചൂളിപ്പോയിരുന്നു.

” അമ്മേ.. ആദ്യമൊക്കെ ഞാൻ കരുതി എല്ലാവർക്കും ഇങ്ങനൊക്കെ ആകുമെന്ന്. പക്ഷെ പതിയെ പതിയെ ആണ് മനസിലാക്കിയത് ഈ അവസ്ഥ എനിക്ക് മാത്രമാണ്. എന്താണ് ഇയാളുടെ പ്രശ്നം എന്ന് എനിക്ക് അറിയില്ല ഞാനൊരു പുതിയ സാരി ഉടുത്ത് കണ്ടാൽ ഒരു പുതിയ ചുരിദാർ ഇട്ട് കണ്ടാൽ നല്ലത് പോലെ ഒന്ന് ഒരുങ്ങി കണ്ടാൽ.

അന്നേരം ഇയാൾക്ക് കാമഭ്രാന്ത് ഇളകും അതും ഓരോരോ പോൺ വീഡിയോസ് ഒക്കെ കണ്ട് അത് മാതിരിയുള്ള കോപ്രായങ്ങൾ. ദിവസം ഒന്നും രണ്ടും അല്ല അതിലും കൂടുതൽ വട്ടം ഇയാൾ എന്നെ… അതും പലപ്പോഴും ബലമായിട്ട്. എല്ലാവർക്കും പീരിയഡ്സ് ആയാൽ ബുദ്ധിമുട്ട് ആണ് പക്ഷെ എനിക്ക് മാത്രം പീരിയഡ്സ് സമയം മാത്രമാണ് അല്പം ആശ്വാസം കിട്ടുന്നത് .. നിങ്ങടെ മോന് ഭ്രാന്ത് ആണ്. നല്ല ഒന്നാംതരം കാമഭ്രാന്ത്‌ ”

പറഞ്ഞവസാനിപ്പിക്കുമ്പോൾ കോപത്താൽ വേണിയുടെ മിഴികൾ ജ്വലിച്ചു ഒച്ചയുയർന്നു.. കേട്ട് നിന്ന സാവിത്രിയാകട്ടേ ആകെ അന്ധാളിച്ചു പോയി. നാണം കേട്ട് ചൂളി പോയി ഹരീഷും. മാധവന്റെയും അമ്മയുടെയുമൊക്കെ മുഖത്തേക്ക് നോക്കാൻ ചളിപ്പ് തോന്നി അവന്.

” വേണി.. നീ.. നീ എന്ത് തോന്ന്യവാസമാണ് ഈ പറയുന്നത്. ദാമ്പത്യമാകുമ്പോ ഇങ്ങനൊക്കെ ആണ്. ഇതിനാണോ ഇങ്ങനെ.”

കൂടുതൽ അവൾ സംസാരിക്കാതിരിക്കുവാനായി ഇടയിലേക്ക് കയറി ഹരീഷ്.

” ദാമ്പത്യം ആകുമ്പോൾ എങ്ങനൊക്കെ ആണെന്ന്…. ഇന്നലെ തലവേദനയെടുത്തു എഴുന്നേൽക്കാൻ വയ്യാതെ കിടന്ന എന്നെ എത്രവട്ടം താൻ നിർബന്ധിച്ചു ഒടുവിൽ ഒച്ച വച്ചു അമ്മയെ അറിയിക്കും എന്ന് പറഞ്ഞപ്പോൾ മാത്രമല്ലെ പിന്മാറിയത്. ഇതാണോ ദാമ്പത്യം. ഇങ്ങനാണോ ഒരു പാർട്ണറിനോട്‌ പെരുമാറേണ്ടത്… മടുത്തു എനിക്ക് ”

ഇരു കൈകളും തലയിൽ വച്ചു സെറ്റിയിലേക്കിരുന്നു പോയി വേണി. അത്രയും നേരം ഒച്ചയെടുത്തു നിന്ന സാവിത്രിയാകട്ടെ ആകെ വിളറി വെളുത്തു പോയി. നാണംകെട്ടു ചൂളി നിന്ന ഹരീഷിനെ നോക്കി കടുത്ത അമർഷത്തിൽ എന്തൊക്കെയോ പിറുപിറുത്തു അവർ.

ഒക്കെയും കേട്ട് സ്തബ്ധനായി നിന്ന മാധവൻ പതിയെ വേണിയുടെ അരികിലേക്ക് ചെന്ന് അവളുടെ ചുമലിൽ കൈ വച്ചു.

” മോള് എടുക്കാൻ ഉള്ളത് എന്താ ന്ന് വച്ചാൽ എടുത്ത് വാ. നമുക്ക് വീട്ടിലേക്ക് പോകാം. ”

ആ വാക്കുകൾ കേൾക്കെ ആശ്വാസത്തോടെ മാധവനെ ഒന്ന് നോക്കി വേണി അവളുടെ മിഴികൾ അപ്പോൾ തുളുമ്പുകയായിരുന്നു. പതിയെ എഴുന്നേറ്റ് മുറിയിലേക്ക് പോയി വേഗത്തിൽ തന്നെ തന്റെ ബാഗുമായി പുറത്തേക്ക് വന്നു . പോകുവാൻ ഇറങ്ങുന്നതിനു മുന്നെയായി ഒരിക്കൽ കൂടി ഹരീക്ഷിനരികിലേക്ക് ചെന്നു അവൾ..

” നിങ്ങൾക്ക് ഇതൊരു അസുഖം ആണ്. ഇനിയേലും അത് തിരിച്ചറിയൂ.. അത് മനസ്സിനായാലും ശരീരത്തിനായാലും എത്രയും വേഗം സുഖപ്പെടുത്തിയെ മതിയാകൂ.. ”

തലകുമ്പിട്ടു നിന്നിരുന്ന ഹരീഷിനെ അല്പസമയം കൂടി നോക്കി നിന്ന ശേഷം മാധവനൊപ്പം പുറത്തേക്ക് നടന്നു വേണി. സാവിത്രിയുടെ അരികിലെത്തിയപ്പോൾ മാധവനും ഒന്ന് നിന്നു.

” നല്ലത് പോലെ അന്യോഷച്ചിട്ടൊക്കെ തന്നെയാണ് എന്റെ മോളെ ഇവിടേക്ക് കെട്ടിച്ചു വിട്ടത്. ആരും ഇവനെ പറ്റി മോശമായി ഒന്നും പറഞ്ഞില്ല പക്ഷെ ആൾക്കാരുടെ ഉള്ളിലെ വൈകൃതങ്ങൾ തിരിച്ചറിയാൻ ആർക്കും പറ്റില്ലാലോ.. എന്റെ മോള് പറഞ്ഞത് മാത്രം കേട്ട് ഒരു തീരുമാനം എടുക്കില്ല ഞാൻ… ഇന്നിപ്പോൾ ഇവളെ കൊണ്ട് പോവുകയാണ്. ഈ മാനസികാവസ്ഥയിൽ ഞങ്ങളുടെ സാമീപ്യം ഇവൾക്ക് ആവശ്യം ആണ്. പതിയെ സംസാരിക്കാം. കാര്യങ്ങൾ മനസ്സിലാക്കി വേണ്ടത് ചെയ്യാം ”

അത്രയും പറഞ്ഞ് വേണിയുടെ കയ്യും പിടിച്ചയാൽ പുറത്തേക്ക് നടന്നു. കേട്ടു നിന്ന സാവിത്രി നാണക്കേട് മൂലം മൗനമായി തന്നെ നിന്നു. ഹരീഷ് ആകട്ടെ. നിന്ന നിൽപ്പിൽ അങ്ങ് മരിച്ചാൽ മതി എന്ന് പോലും ഓർത്തു പോയി.

വർഷം ഒന്ന് കഴിഞ്ഞു. കുറച്ചു നാളത്തെ പോരാട്ടങ്ങൾകൊടുവിൽ കിട്ടിയ വിവാഹ മോചനത്തിന് ശേഷം മറ്റൊരു വിവാഹത്തിനായി തത്കാലം താനില്ല എന്ന് വേണി പറഞ്ഞപ്പോൾ എതിർത്തില്ല മാധവൻ.

തയ്യൽ അറിയാവുന്നതിനാൽ തന്നെ വീട്ടിൽ ചെറിയ ചെറിയ തയ്യൽ വർക്കുകൾ ഒക്കെ ചെയ്ത് അവൾ തന്റെ ചിലവിനായുള്ളത് കണ്ടെത്തി. അതിനിടയിൽ വർക്ക്‌ കൂടിയപ്പോൾ ടൗണിൽ ഒരു ഷോപ്പിലേക്ക് മാറി. ഇന്നിപ്പോൾ ഏറെ തിരക്കുള്ള അഞ്ചിലധികം സ്റ്റാഫുകൾ ഉള്ള ഒരു സ്റ്റിക്കിങ് സെന്ററിന്റെ ഉടമയാണ് വേണി. സ്വന്തമായി സമ്പാദിച്ച് അന്തസ്സായി ജീവിക്കുന്നു. എന്തിനും ഏതിനും അവൾക്ക് താങ്ങായി മാധവൻ ഒപ്പം തന്നെ ഉണ്ട്..

അന്നൊരു ദിവസം രാവിലെ എഴുന്നേറ്റ് അടുക്കളയിൽ അമ്മയ്‌ക്കൊപ്പം ചെറിയ ചെറിയ പണികളിൽ മുഴുകി നിൽക്കുമ്പോൾ ആണ് ന്യൂസ്‌ പേപ്പറുമായി മാധവൻ അവളുടെ അരികിൽ എത്തിയത്.

” മോളെ.. ദേ ഈ വിവാഹലോചന ഒന്ന് നോക്കിയേ.. ”

പേപ്പറിലെ മാട്രിമോണിയൽ പേജിൽ വന്ന ആ വിവാഹ പരസ്യം ചൂടിക്കാണിച്ചു പത്രം വേണിയുടെ കയ്യിലേക്ക് പത്രം കൊടുത്തു അയാൾ.

“അച്ഛൻ വീണ്ടും തുടങ്ങിയോ.. ഞാൻ പറഞ്ഞില്ലേ ഇപ്പോഴൊന്നും വേണ്ട ന്ന് ”

പത്രം കയ്യിലേക്ക് വാങ്ങിയെങ്കിലും അതിലേക്ക് നോക്കിയില്ല വേണി.

” ഹാ… ഒന്ന് നോക്ക് മോളെ.. നിന്നെ കെട്ടിക്കാൻ ഒന്നുമല്ല. ആ പരസ്യം ഒന്ന് നോക്ക് നീ.. ”

അതോടെ പതിയെ അച്ഛൻ ചൂണ്ടിക്കാണിച്ച പരസ്യത്തിലേക്ക് കണ്ണോടിക്കവേ അറിയാതെ പൊട്ടിച്ചിരിച്ചു പോയി വേണി. അത് കണ്ട് പത്രം കയ്യിലേക്ക് വാങ്ങി ആ പരസ്യം വായിച്ചു അമ്മ.

” തന്റെതല്ലാത്ത കാരണങ്ങളാൽ വിവാഹ മോചനം കഴിഞ്ഞ മികച്ച വ്യക്തിത്വത്തിനുടമയായ യുവാവ്. താത്പര്യമുള്ള പെൺകുട്ടികളിൽ നിന്നും ആലോചനകൾ ക്ഷണിക്കുന്നു.
പേര് : ഹരീഷ്..
വയസ്സ് : മുപ്പത്തി രണ്ട്.
സ്ഥലം :……
അടിപൊളി.. ”

അമ്മയും വായിച്ചു തീരവേ അറിയാതെ പൊട്ടിച്ചിരിച്ചു പോയി..

” ആരാണാവോ എന്തോ ആ ഹത ഭാഗ്യ.. ”

പിറു പിറുത്തു കൊണ്ട് മാധവൻ വീണ്ടും മുൻവശത്തേക്ക് പോകുമ്പോൾ ചിരിച്ചു നിന്ന വേണിയുടെ മുഖം പെട്ടെന്ന് വാടി.

‘ ശെരിയാണ്.. കിടപ്പ് മുറിയിലെ കളിപ്പാവയല്ല ഭാര്യ എന്നത് മനസ്സിലാക്കി അയാളിൽ മാറ്റമുണ്ടെകിൽ നല്ല കാര്യം പക്ഷെ മാറ്റമില്ലേൽ തന്നെ പോലെ മറ്റൊരു പെൺകുട്ടിയും ചിലപ്പോ ചതിക്കപ്പെട്ടേക്കാം ‘

ഈ ചിന്തയാണ് അവളുടെ ചിരി മായ്ച്ചത്.

‘ എല്ലാം വിധി.. ‘

ആത്മഗതത്തോടെ വീണ്ടും തന്റെ ജോലികളിൽ മുഴുകി വേണി.

Leave a Reply

Your email address will not be published. Required fields are marked *