(രചന: Jk)
“”” നമുക്ക് ഈ നാട്ടിൽ നിന്ന് തന്നെ പോകാം അമ്മേ ഇവിടെ ഇനി എനിക്ക് നിൽക്കാൻ കഴിയില്ല!!””
എന്നും പറഞ്ഞ് പ്ലസ് ടു കാരി മകൾ വന്ന് കരഞ്ഞപ്പോൾ അമ്മയ്ക്ക് എന്തുവേണം എന്ന് അറിയില്ലായിരുന്നു.
“” മോളെ ആകെക്കൂടെ ഈ അഞ്ചു സെന്റും ഈ ഒരു കൂരയും മാത്രമേ നമുക്കുള്ളൂ വിചാരിക്കുമ്പോഴേക്ക് അത് വിൽക്കാൻ കഴിയുമോ അതൊന്ന് ആർക്കെങ്കിലും വിറ്റിട്ട് ആ പൈസയും കൊണ്ട് നമുക്ക് മറ്റ് എങ്ങോട്ടെങ്കിലും പോയി അവിടെ കുറച്ച് സ്ഥലമോ വീടോ മേടിച്ചു താമസിക്കാം!!!
തൽക്കാലം മോൾ ഒന്ന് ക്ഷമിക്ക്!!!””
പറഞ്ഞതൊന്നും മകളുടെ ചെവിയിൽ കയറിയിട്ടില്ല എന്നറിയാം എങ്കിലും അവൾ തൽക്കാലം ഒന്നും മിണ്ടാതെ പോയി…
താൻ ചെയ്ത തെറ്റിന് മകളും കൂടി അനുഭവിക്കേണ്ടി വരുന്നല്ലോ എന്നോർത്ത് ആ അമ്മയുടെ മനസ്സ് ഉരുകി…
അത്യാവശ്യം നല്ല കുടുംബത്തിൽ തന്നെയായിരുന്നു ജനിച്ചത്!! അച്ഛനും അമ്മയും ആങ്ങളമാരും അനിയത്തിമാരും ഒക്കെയായി നല്ല രീതിയിൽ തന്നെയായിരുന്നു തന്റെ ബാല്യം പക്ഷേ തന്റെ ജീവിതത്തിന്റെ താളം തെറ്റിയത് അയാളെ പരിചയപ്പെട്ടതിനുശേഷം ആണ്…
ഒരു നാടകനടൻ ആയിരുന്നു നാട്ടിലേക്ക് വന്നപ്പോൾ അയാളുടെ നാടകങ്ങൾ ജനപ്രിയമായി എല്ലാത്തിലും നായക നടനായി അഭിനയിക്കുന്ന അയാൾക്ക് ആരാധികമാർ ഏറി..
അതിൽ നിന്നും അയാൾ ശ്രദ്ധിക്കുന്നത് തന്നെയാണ് എന്നറിഞ്ഞപ്പോൾ മറ്റുള്ളവർ തന്നെ അസൂയയോടെ നോക്കുന്നത് സന്തോഷത്തോടെ നോക്കി നിന്നു ഗൗരി….
ഒരിക്കൽ അമ്പലത്തിൽ പോയി തിരിച്ചുവരും വഴി അവളെ കാത്ത് വഴിയിൽ അയാൾ നിന്നിരുന്നു… ഒരുപാട് ഇഷ്ടമാണ് എന്ന് പറയാൻ അവൾക്ക് എതിർപ്പൊന്നും ഉണ്ടായിരുന്നില്ല…
അതോടെ അവർ പ്രണയിക്കാൻ തുടങ്ങി.. അവൾക്ക് അയാളോട് ആരാധനയായിരുന്നു… എങ്ങനെയൊക്കെ വീട്ടിൽ അത് അറിഞ്ഞു വീട്ടുകാർ എല്ലാവരും അവളെ എതിർത്തു അയാൾ ചീത്ത സ്വഭാവക്കാരൻ ആണ് എന്ന് അവളോട് പറഞ്ഞു പക്ഷേ അതൊന്നും ആ നേരത്ത് അവൾക്ക് മനസ്സിലായിരുന്നില്ല അയാൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ അയാളോടുള്ള പ്രണയം മാത്രമേ ഉണ്ടായിരുന്നുള്ളൂ അവളുടെ മനസ്സിൽ..
വല്ലാതെ എതിർത്ത് അവളുടെ പഠിപ്പ് വരെ നിർത്തി വീട്ടിൽ പൂട്ടിയിട്ടു എന്ന ഒരു ദിവസം അയാൾ വന്നു വിളിച്ചപ്പോൾ എല്ലാവരെയും എതിർത്ത് അയാളുടെ കൂടെ ഇറങ്ങിപ്പോയി അന്നുമുതലായിരുന്നു അവളുടെ ജീവിതത്തിന്റെ തകർച്ച തുടങ്ങിയത്..
നാടകത്തിലെ നായകൻ ജീവിതത്തിലെ വില്ലനായിരുന്നു എന്ന് കാലം തെളിയിച്ചു!!
അയാളുടെ സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി അയാൾ അവളെ ബലിയാടാക്കി മറ്റുള്ളവരുടെ കിടപ്പറയിലേക്ക് ഒരു ദാക്ഷിണ്യവും കൂടാതെ സ്വന്തം ഭാര്യയെ അയാൾ പറഞ്ഞയച്ചു!!!..
അതിനു സമ്മതിച്ചില്ലെങ്കിൽ കിട്ടുന്ന കഠിനമായ പീഡനങ്ങളെക്കുറിച്ച് ആലോചിച്ച് ഭയപ്പെട്ട് അവൾ എതിർക്കാതെ അയാളെ അനുസരിച്ചു അവൾക്ക് വേറെ വഴിയില്ലായിരുന്നു..
വൃത്തികെട്ട വഴിയിലൂടെ സഞ്ചരിക്കുന്ന ഒരു സ്ത്രീയായി അപ്പോഴേക്കും അവളെ നാട്ടുകാർ മുദ്ര കൂട്ടിയിരുന്നു അവൾ ഗർഭിണിയാണ് എന്നറിഞ്ഞതും പറഞ്ഞിരുന്നു ഇനി തനിക്ക് വയ്യ എന്ന്!!
അല്ലെങ്കിലും അയാൾക്കും അവളോടുള്ള താല്പര്യം കുറഞ്ഞിരുന്നു!!! പോരാത്തതിന് ഗർഭിണിയും…
അതോടെ അയാൾ അവളെ ഉപേക്ഷിച്ച് എങ്ങോട്ടോ പോയി…
ഗർഭിണിയായവൾക്ക് പട്ടിണി കിടക്കേണ്ടി വന്നു വയറു നിറയ്ക്കാൻ വേണ്ടിയിട്ടാണ്, ആദ്യ മാസങ്ങളിൽ എല്ലാം അയാൾ കാണിച്ചുകൊടുത്ത ആ വൃത്തികെട്ട വഴിയിലൂടെ തന്നെ അവൾ സഞ്ചരിച്ചത്…
അങ്ങനെ കിട്ടുന്ന പണം കൂട്ടി വച്ചിരുന്നു പ്രസവത്തിനു മറ്റു ചിലവുകൾക്കും ആയി…
പ്രസവം കഴിഞ്ഞതും, വീണ്ടും അവളാ ജോലി തന്നെ തിരഞ്ഞെടുത്തു പണം കിട്ടാൻ എളുപ്പമായിരുന്നു!! ആവശ്യത്തിനു സൗന്ദര്യം ഉള്ളതുകൊണ്ടുതന്നെ അവൾക്ക് ധാരാളം പണവും വന്നുചേർന്നു…
അതുകൊണ്ട് ഒരു കുഞ്ഞു വീടും സ്ഥലവും അവൾ വാങ്ങി…
തനിക്കൊരു പെൺകുട്ടി പിറന്നതോടുകൂടി അവൾക്കു കുറ്റബോധം തോന്നാൻ തുടങ്ങിയിരുന്നു താൻ ഈ ജോലി തന്നെ തുടരുകയാണെങ്കിൽ അത് തന്നെ കുഞ്ഞിന്റെ ഭാവിയെ കൂടി ബാധിക്കും എന്ന് അവൾക്ക് മനസ്സിലായിരുന്നു..
അതുകൊണ്ടുതന്നെ അവൾ സ്കൂളിൽ പഠിക്കാൻ തുടങ്ങിയപ്പോൾ അവൾ ആ വൃത്തികെട്ട ജോലി നിർത്തി പക്ഷേ അതൊന്നും ആളുകൾക്ക് പറഞ്ഞാൽ മനസ്സിലാവുന്നില്ല ആയിരുന്നു അവർ എപ്പോഴും അവളെ കണ്ടത് ആ പഴയ കണ്ണിലൂടെ തന്നെയായിരുന്നു…
കാലം കൊണ്ട് എല്ലാം മാറും ആളുകൾ തങ്ങളെയും അംഗീകരിക്കും എന്ന് അവൾ കരുതി പക്ഷേ എല്ലാം വെറുതെ ആയിരുന്നു…
കാലം എത്ര കഴിഞ്ഞിട്ടും അസമയത്ത് വീടിന്റെ വാതിലുകൾ ഓരോരുത്തർ വന്ന് മുട്ടാൻ തുടങ്ങി!! വളർന്നുവരുന്ന മകളെ സംരക്ഷിക്കാൻ കട്ടിലിനടിയിൽ അരിവാൾ കൊണ്ടു വയ്ക്കേണ്ട ഗതികേടായി ആ അമ്മയ്ക്ക്….
ആദ്യം ഒന്നും മകളോട് ആളുകൾ ഉപദ്രവത്തിന് മുതിരാറില്ലായിരുന്നു ഇപ്പോൾ അതും തുടങ്ങിയിട്ടുണ്ട് അവൾ പോകുമ്പോൾ, നീയാ അവളുടെ മകൾ അല്ലേടി എന്ന് ചോദിച്ച വായിൽ തോന്നുന്നത് എല്ലാം പറയുന്നവരുണ്ട്…
താനും മകളും കൂടി പോകുമ്പോൾ എന്നാണ് മകളെ ഫീൽഡിൽ ഇറക്കുന്നത് എന്നുവരെ ചോദിച്ചവരുണ്ട്!!!
അവളുടെ മുന്നിൽവച്ച് ഇത്തരത്തിലുള്ള വാക്കുകൾ കേൾക്കുമ്പോൾ നെഞ്ചിൽ കഠാര കുത്തിയിറക്കുന്നത് പോലെ തോന്നും ആകെ തൊലിയുരിയും അവൾ കരഞ്ഞുകൊണ്ട് എന്റെ മുന്നിൽ നിന്ന് ഓടിപ്പോകും നിസ്സഹായയായി ഞാൻ ആാാ നിർത്തം നിൽക്കും കുറേ അനുഭവങ്ങളായി അങ്ങനെ..
ഒരിക്കൽ ഒരു തെറ്റ് ചെയ്തു പോയാൽ നമ്മൾ അതിൽ നിന്ന് സ്വയം തിരുത്തിയാലും ജനങ്ങൾ നമ്മളെ വീണ്ടും ആ തെറ്റിലേക്ക് തന്നെ വലിച്ചിടാൻ നോക്കും വൃത്തികെട്ട നമ്മളുടെ സമൂഹത്തിന്റെ സ്വഭാവമാണത്!!!
ഒരു രക്ഷയും ഇല്ലാഞ്ഞിട്ടാണ് ആ വീടും സ്ഥലവും വിൽക്കാൻ ആളെ ഏർപ്പാടാക്കിയത്!!! പറഞ്ഞ വിലയൊന്നും കിട്ടിയില്ലെങ്കിലും വലിയ തെറ്റില്ലാത്ത ഒരു വില കിട്ടിയപ്പോൾ ആ വീട് വിറ്റ് അവളെയും കൊണ്ട് ദൂരെ ഒരിടത്തേക്ക് ഞങ്ങൾ പോയി!!!!
അവിടെ ആർക്കും ഞങ്ങളെ അറിയില്ലല്ലോ അതുകൊണ്ട് തന്നെ ഇവിടെ ഇത്തരത്തിലുള്ള ദുരനുഭവങ്ങൾ ഒന്നും ഉണ്ടാവില്ല എന്ന് വിശ്വസിച്ചു!!!!
അടുത്തുള്ളവരെല്ലാം പരിചയപ്പെടാൻ വേണ്ടി വന്നിരുന്നു മകളുടെ അച്ഛനെവിടെ എന്നൊരു ചോദ്യം വന്നു മരിച്ചു എന്നാണ് അവരോട് എല്ലാം പറഞ്ഞിരുന്നത്!!!
പിന്നെയും അവർക്ക് സംശയങ്ങൾ ആയിരുന്നു നിങ്ങൾക്ക് ബന്ധുക്കൾ ആരുമില്ലേ എന്നും മറ്റും അതിനെല്ലാം എന്തൊക്കെയോ നുണകൾ പറഞ്ഞ് ഒപ്പിച്ചു.. ഞങ്ങൾ രണ്ടുപേരും അവിടെ താമസിക്കാൻ ആരംഭിച്ചു…
മോള് അവിടെ തന്നെ അടുത്തുള്ള ഒരു പ്രൈവറ്റ് കോളേജിൽ ഡിഗ്രിക്ക് ചേർന്നു എല്ലാംകൊണ്ടും വലിയ തെറ്റില്ലാതെ അങ്ങനെ ജീവിതം മുന്നോട്ടുപോയി പെട്ടെന്നാണ് പ്രൈവറ്റ് കോളേജിൽ പഠിപ്പിക്കുന്ന ഒരു മാഷ് അവളെ വിവാഹം അന്വേഷിച്ചു വീട്ടിലേക്ക് എത്തിയത്!!!
അവൾ ഒരു നല്ല കുടുംബത്തിലേക്ക് വിവാഹം കഴിച്ചു പോകുന്നതിൽ പരം സന്തോഷം എനിക്ക് വേറെ ഇല്ലായിരുന്നു അതുകൊണ്ടുതന്നെ ഞാൻ പൂർണ്ണസമതം അറിയിച്ചു അവർ ആദ്യം പെണ്ണ് വന്ന് കണ്ടു പോയി പിന്നീട് വിവാഹം ഉറപ്പിക്കാൻ ഏതൊക്കെയോ ബന്ധുക്കളെ കൂട്ടി വന്നു അതിൽ അവന്റെ ഏതോ ഒരു അകന്ന ബന്ധു ഞങ്ങളുടെ പണ്ടത്തെ നാട്ടുകാരനായിരുന്നു അയാൾ എന്നെ തിരിച്ചറിഞ്ഞു…
എന്റെ ചരിത്രം ഇതായിരുന്നു എന്ന് അയാൾ അവനോട് പറഞ്ഞു കൊടുത്തു ആദ്യം അവനത് ഉൾക്കൊള്ളാൻ പറ്റിയില്ല ക്രമേണ അവൻ എന്റെ മോളോട് പോലും മിണ്ടാതെയായി!!
എനിക്ക് എന്റെ മോളുടെ മുഖത്ത് പോലും നോക്കാൻ കഴിഞ്ഞില്ല അവൾ ഏറെ ആഗ്രഹിച്ചതായിരുന്നു ഈ ഒരു ബന്ധം..
ഞാൻ തീർത്തും നിസ്സഹായ ആയിരുന്നു… ഒരിക്കലും എന്റെ സമ്മതത്തോടെ ആയിരുന്നില്ല ഞാൻ ചീത്തയായത് വേറെ മാർഗ്ഗമില്ലാതെ അതിന് നിന്നു കൊടുക്കേണ്ടി വന്നതാണ്….
അവളുടെ അവസ്ഥയോർത്ത് തളർന്ന എന്നെ ആശ്വസിപ്പിച്ചത് എന്റെ സ്വന്തം മോള് തന്നെയാണ്…
സാരമില്ല ആദ്യം അങ്ങനെയെല്ലാം കേട്ടപ്പോൾ അവൾക്ക് ഒരു വിഷമം തോന്നി എങ്കിലും സാരമില്ല അങ്ങനെ ഒന്നും അറിയിക്കാതെ കല്യാണം കഴിച്ചിട്ട് പിന്നീട് ഒരു പ്രശ്നമാകുന്നതിനേക്കാൾ നല്ലതല്ലേ അമ്മേ ഇപ്പോൾ തന്നെ ആ വിവാഹം ഒഴിഞ്ഞുപോയത് എന്ന് അവൾ ചോദിച്ചു അപ്പോൾ എനിക്ക് തോന്നി അത് തന്നെയായിരുന്നു നല്ലത് എന്ന്..
അവൾക്ക് കോളേജിലേക്ക് തിരിച്ചു പോകാൻ ഒരു വിഷമം ഉണ്ടായിരുന്നു ഒന്നുകൂടി മനസ്സ് ശരിയായിട്ട് പോയാൽ മതി എന്ന് ഞാനും അവളോട് പറഞ്ഞു.. ഒരു ദിവസം വൈകുന്നേരം ഞങ്ങൾ പ്രതീക്ഷിക്കാതെ ഒരു അതിഥി വന്നിരുന്നു ഞങ്ങളുടെ വീട്ടിലേക്ക് അവളെ ഇഷ്ടമാണ് എന്ന് പറഞ്ഞു വന്ന ആ കോളേജിലെ സാറ്!!!
“”” വീട്ടുകാരുമായി ഒരു ശീതയുദ്ധത്തിൽ ആയിരുന്നു ഇതുവരെ അവരെ ഈ വിവാഹത്തിന് പറഞ്ഞു സമ്മതിപ്പിച്ചെടുക്കാൻ ഇത്രയും ദിവസം വേണ്ടി വന്നു അതാ വരാൻ ഇത്ര വൈകിയത്!!!
എന്ന് അവൻ പറഞ്ഞപ്പോൾ ഞങ്ങൾ രണ്ടുപേരും പരസ്പരം നോക്കി!!!
“”” അമ്മ ചെയ്ത ഒരു തെറ്റിന് മകളെ ശിക്ഷിക്കാൻ മാത്രം അൽപ്പനല്ല ഞാൻ!!!””
എന്നുപറഞ്ഞപ്പോൾ എന്റെ മിഴികൾ നിറഞ്ഞിരുന്നു!! അവളുടെ എല്ലാ കാര്യങ്ങളും അറിഞ്ഞ് അവളെ അംഗീകരിക്കാൻ ഒരാൾ വന്നതിന്റെ സന്തോഷം ആയിരുന്നു എനിക്ക് അവളെ ഒരു നല്ല കയ്യിൽ തന്നെയാണ് പിടിച്ചു കൊടുക്കുന്നത് എന്ന് എനിക്കപ്പോൾ ബോധ്യമായി…
ഒരിക്കലും അവൾക്ക് ഇങ്ങനെയൊരു വിവാഹാലോചന വരും എന്ന് ഞാൻ കരുതിയതല്ല ഞാൻ ചെയ്ത തെറ്റിന്റെ ഫലം അത്രത്തോളം ഞങ്ങൾ അനുഭവിച്ചിട്ടുണ്ട്… ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുന്നു..
അതിനിടയിൽ ഒരു കുളിർക്കാറ്റ് പോലെയാണ് അവന്റെ ഈ തിരിച്ചുവരവ് എനിക്ക് തോന്നിയത്…
ശരിക്കും ദൈവം കൊണ്ട് തന്ന ഭാഗ്യം…
ഏറെ വൈകാതെ അധികം ആർഭാടം ഒന്നുമില്ലാതെ അവരുടെ വിവാഹം കഴിഞ്ഞു!!!
ഇപ്പോൾ എന്റെ മകൾ ഏറെ സന്തോഷവതിയാണ് അത് കണ്ട് ഞാനും!!!
മനസ്സറിവില്ലാതെ എന്തെങ്കിലും ഒരു തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ തിരുത്താൻ പറ്റുന്ന സമയത്ത് തിരുത്തണം!!! കുറച്ചുകാലമൊക്കെ നമ്മൾ ക്രൂശിക്കപ്പെടുമായിരിക്കാം പക്ഷേ നമുക്കും ഒരു നല്ല കാലം ദൈവം വച്ചിട്ടുണ്ടാകും….