ധരൻ നമുക്ക് പിരിയാം.. നീയുമായിട്ടുള്ള റിലേഷൻ മുന്നോട്ട് കൊണ്ടുപോകാൻ എനിക്ക് താല്പര്യമില്ല. Let’s breakup..” ഫോണിൽ കൂടി ദിവ്യ പറഞ്ഞത് കേട്ട്

(രചന: Sivapriya)

“ധരൻ നമുക്ക് പിരിയാം.. നീയുമായിട്ടുള്ള റിലേഷൻ മുന്നോട്ട് കൊണ്ടുപോകാൻ എനിക്ക് താല്പര്യമില്ല. Let’s breakup..” ഫോണിൽ കൂടി ദിവ്യ പറഞ്ഞത് കേട്ട് ധരനൊന്നു ഞെട്ടി.

“നിനക്കെന്താ ദിവ്യേ ഭ്രാന്ത് പിടിച്ചോ? വെറുതെ ഓരോന്നും പറഞ്ഞ് എന്നെ ദേഷ്യം പിടിപ്പിക്കരുത്.”

“ഇങ്ങനെ പോയാൽ എനിക്ക് ചിലപ്പോൾ ഭ്രാന്ത് പിടിച്ചെന്നിരിക്കും. നിന്റെ സ്വഭാവം തീരെ ശരിയല്ല. അഡ്ജസ്റ്റ് ചെയ്തു ഞാൻ മടുത്തു.”

“ഇപ്പോൾ എന്താ നിന്റെ പ്രശ്നം.” ധരൻ അവളോട് ചോദിച്ചു.

“നീ തന്നെയാ എന്റെ പ്രശ്നം. നമ്മുടെ റിലേഷൻ തുടങ്ങിയിട്ട് ഇപ്പോൾ രണ്ടു വർഷം കഴിഞ്ഞു. ഇക്കാലയളവിൽ നീ എപ്പോഴെങ്കിലും എനിക്ക് സമാധാനം തന്നിട്ടുണ്ടോ? എന്നും വഴക്ക് കൂടാൻ നിനക്ക് ഓരോ കാരണങ്ങൾ ഉണ്ടാവും.

ഞാൻ ആരോടൊക്കെ സംസാരിക്കണം, എന്ത് കഴിക്കണം, ഏത് ഡ്രസ്സ്‌ ഇടണം, രാത്രി പത്തുമണി വരെയേ ഓൺലൈൻ ഉണ്ടാവാൻ പാടുള്ളു…

ഇതൊക്കെ ഞാൻ ഇത്രയും കാലം സഹിച്ചു. ഇപ്പോൾ കുറച്ച് നാളായി ദേഷ്യം വന്നാൽ അടിയും തരാൻ തുടങ്ങിയല്ലോ നീ. വായിൽ തോന്നിയ തെറി മുഴുവൻ വിളിക്കും ചെകിട് അടിച്ചു പൊളിക്കും.

എന്നിട്ട് പിന്നെ വന്നൊരു സോറിയും. എന്റെ അച്ഛനും അമ്മയും പോലും എന്നെ ഇങ്ങനെ തല്ലിയിട്ടില്ല. ഇപ്പൊ നിന്നെ ഞാൻ കാണുന്നതും മിണ്ടുന്നതുമൊക്കെ പേടിച്ച് പേടിച്ചാണ്. ദേഷ്യം വന്നു പോയാൽ എപ്പോഴാ നീ തല്ലുകാന്ന് പറയാൻ പറ്റില്ല.

സത്യം പറഞ്ഞാൽ എനിക്ക് മടുത്തു. നിന്റെ സ്വഭാവം മാറുമെന്ന് കരുതി ഇത്രയും നാൾ എല്ലാം ഞാൻ സഹിച്ചു. നമ്മുടെ വിവാഹം കഴിഞ്ഞാലും നീ ഇങ്ങനെ തന്നെയായിരിക്കും. എത്ര പ്രാവശ്യം പറഞ്ഞു നിന്റെ ഈ മുൻകോപവും എടുത്തുചാടിയുള്ള പെരുമാറ്റവും മാറ്റാൻ ഞാൻ എത്ര തവണ പറഞ്ഞു.

ഈ സ്വഭാവമാണെങ്കിൽ വിവാഹശേഷം നിന്റെ കൂടെ അധികനാൾ ഒരുമിച്ച് ജീവിക്കാൻ എനിക്ക് കഴിയില്ല. അതുകൊണ്ട് എന്നെ വെറുതെ വിട്ടേക്ക്. നേരിട്ട് നിന്റെ മുഖത്ത് നോക്കി തന്നെ ഇത്രയും കാര്യങ്ങൾ നിന്നോട് പറയണമെന്നുണ്ടായിരുന്നു.

അങ്ങനെ പോലും നിന്നെ വീണ്ടും കാണാൻ ഞാനിപ്പോൾ ആഗ്രഹിക്കുന്നില്ല. നിന്റെ ആട്ടും തുപ്പും അടിയും ഇടിയും കൊള്ളാൻ എനിക്ക് വയ്യെടാ. സഹിച്ച് മടുത്തു ഞാൻ. നിന്നോട് വെറുപ്പാ എനിക്കിപ്പോ.. “ഒരു ദീർഘനിശ്വാസത്തോടെ ദിവ്യ പറഞ്ഞു നിർത്തി.

അവളുടെ വാക്കുകൾ ഏൽപ്പിച്ച പ്രഹരത്തിൽ ആയിരുന്നു ധരൻ അപ്പോൾ. കുറച്ചു സമയത്തേക്ക് അവനൊന്നും മിണ്ടിയില്ല.

“ദിവ്യേ.. മോളെ.. അങ്ങനൊന്നും പറയല്ലേടി.. നീയില്ലാതെ എനിക്ക് പറ്റില്ല. ഇനി നിന്നെ ഞാൻ അടിക്കില്ല വഴക്കും പറയില്ല, സത്യം.. പെട്ടന്ന് ദേഷ്യം വരുമ്പോൾ അറിയാതെ പറ്റിപോണതാടി. എന്നോട് ക്ഷമിക്ക് മോളെ.. എനിക്ക് നിന്നെ വേണം.” ഫോണിലൂടെ ധരൻ അവളോട്‌ കെഞ്ചിപ്പറഞ്ഞു.

ഒരുപാട് പ്രാവശ്യം ധരൻ അവളോട് ആവും വിധം കെഞ്ചി നോക്കിയെങ്കിലും ദിവ്യയുടെ മനസ്സ് മാറിയതേയില്ല. അവൾ തന്റെ തീരുമാനത്തിൽ തന്നെ ഉറച്ചുനിന്നു.

“ഇതൊക്കെ ഞാൻ എത്ര കേട്ടതാ.. എനിക്കിനി നിന്നോടൊന്നും പറയാനില്ല. എനിക്ക് ക്ലാസ്സിൽ കയറാൻ ടൈം ആയി മതി ഇനിയെന്നെ പുറകെ നടന്നു ശല്യപ്പെടുത്താനോ ഫോണിൽ വിളിക്കാനോ നിൽക്കണ്ട. ഗുഡ് ബൈ..”

“പ്ഫാ… നായിന്റെ മോളെ… നിനക്കിപ്പോ എന്നെ മടുത്ത് അല്ലേടി. ആരെ കണ്ടിട്ടാടി ഇപ്പൊ നിനക്കെന്നെ വേണ്ടാതായത്.?” ദേഷ്യം നിയന്ത്രിക്കാൻ കഴിയാനാവാതെ ധരൻ, വായിൽ വന്നതൊക്കെ അവളോട് പറയാൻ തുടങ്ങി.

“ഇതാ ഞാൻ പറഞ്ഞത്.. നീയൊരിക്കലും മാറില്ല. ഫോൺ വച്ചിട്ട് പോടാ പട്ടി.” അവന്റെ മറുപടിക്ക് കാത്തു നിൽക്കാതെ ദിവ്യ കാൾ കട്ട് ചെയ്തു.

തിരുവനന്തപുരത്തെ ഒരു പ്രമുഖ കോളേജിൽ പഠിക്കുന്ന ഡിഗ്രി മൂന്നാം വർഷ വിദ്യാർത്ഥിനിയാണ് ദിവ്യ. അതേ കോളേജിൽ തന്നെ അവളുടെ സീനിയർ ആയിട്ട് പഠിച്ചിരുന്നതാണ് ധരൻ.

ധരനുമായി മൂന്നു വർഷമായി പ്രണയത്തിലായിരുന്നു ദിവ്യ. അവന്റെ മുൻകോപവും എടുത്തുചാട്ടവും കലിപ്പ് സ്വഭാവമൊക്കെ കാരണം ദിവ്യയ്ക്ക് അവനുമായുള്ള റിലേഷൻ തുടരാൻ താല്പര്യമില്ലാതായി.

“ദിവ്യേ.. അവനെന്താ പറഞ്ഞത്?” ക്ലാസ്സിൽ അടുത്തടുത്തിരിക്കുമ്പോൾ ദിവ്യയുടെ ഉറ്റ സുഹൃത്തായ സ്നേഹ അവളോട്‌ ചോദിച്ചു.

“എന്നെ കുറേ ചീത്ത വിളിച്ചു.. ഞാൻ ഫോൺ കട്ട്‌ ചെയ്തു. ഇപ്പോഴാ മനസ്സിനൊരു സമാധാനമായത്. ഇത്രയും നാൾ നെഞ്ചിലൊരു കല്ല് കയറ്റി വച്ചത് പോലെയായിരുന്നു.”

“ഇപ്പോഴെങ്കിലും അവനെ ഒഴിവാക്കിയത് നന്നായി. വെറുതെ എന്തിനാടി വല്ലവന്റെയും തല്ല് കൊള്ളാൻ നിന്ന് കൊടുക്കുന്നത്.”

“ആദ്യമൊന്നും ധരൻ ഇങ്ങനെ അല്ലായിരുന്നെടി. കോളേജിൽ നിന്നും പോയതിൽ പിന്നെയാ തൊട്ടതിനും പിടിച്ചതിനുമൊക്കെ ദേഷ്യോം വഴക്കും തുടങ്ങിയത്. ഈയിടെയായി വൈകുന്നേരം തമ്മിൽ ഒരുമിച്ച് കാണുമ്പോഴൊക്കെ ദേഷ്യം വന്നാൽ അടിക്കാൻ കൂടി തുടങ്ങിയപ്പോ എനിക്ക് ശരിക്കും മടുത്തെടി.”

“ഏതായാലും നീയൊന്ന് സൂക്ഷിച്ചോ. ഒരു ആസിഡ് കുപ്പിയും കൊണ്ട് അവൻ ചിലപ്പോൾ വരും.”

“എടി ദുഷ്ടേ വെറുതെ കരിനാക്ക് വളച്ച് ഓരോന്നും പറയല്ലേ. അവൻ അങ്ങനെയൊക്കെ ചെയ്യോ.? സ്നേഹയുടെ വാക്കുകൾ അവളിൽ ഭീതി ജനിപ്പിച്ചു.

“നിനക്ക് ഒരു വിലയും തരാത്തവനാണ് അവൻ. എന്റെ മുന്നിൽ വച്ച് തന്നെ നിന്നെ അവൻ എത്രയോ വട്ടം തല്ലിയിരുന്നു. ആത്മാർത്ഥമായ സ്നേഹമുള്ളവനായിരുന്നെങ്കിൽ നിന്നോട് അങ്ങനെയൊന്നും അവൻ ചെയ്യുമായിരുന്നില്ല.

ധരന് നിന്നോടുണ്ടായിരുന്നത് പ്രണയമൊന്നുമല്ല ഒരുതരം അധികാര മനോഭാവമാണ്. അല്ലെങ്കിൽ തന്നെ അവന് ഭ്രാന്താണ്. നീ ബ്രേക്കപ്പ് കൂടി പറഞ്ഞ സ്ഥിതിക്ക് അവന്റെ സ്വഭാവം വച്ച് നടുറോഡിൽ വച്ച് അവൻ നിന്നെ നാറ്റിക്കാൻ ശ്രമിക്കും അല്ലെങ്കിൽ ഉപദ്രവിക്കും.”

“സ്നേഹേ… നീ പറയുന്നതൊക്കെ കേട്ടിട്ട് എനിക്ക് പേടിയാവുന്നു. ധരന്റെ സ്വഭാവം അത്രയ്ക്കും ടോക്സിക് ആയിട്ടാണ് ഞാൻ അവനോട് പിരിയാമെന്ന് പറഞ്ഞത്. ഇനി അത് പാരയാകുമോ?”

“എന്തായാലും നമുക്ക് വരുന്നിടത്തു വച്ച് കാണാടി. ഞാനില്ലേ നിന്റെ കൂടെ. നീ പേടിക്കാതിരിക്ക്. ഈ നാട്ടിൽ പോലീസും കോടതിയുമൊക്കെയില്ലേ. നീ ധൈര്യമായിട്ടിരിക്ക്.” സ്നേഹ അവൾക്ക് ധൈര്യം കൊടുത്തുകൊണ്ട് പറഞ്ഞു.

അന്നത്തെ ദിവസം ഭയപ്പാടോടെയാണ് ദിവ്യ ക്ലാസ്സിൽ കഴിച്ചുകൂട്ടിയത്. വൈകുന്നേരം കോളേജ് വിടാനുള്ള ബെൽ മുഴങ്ങി കേട്ടതും അവൾക്കാകെ പരവേശമായി. എന്നും കോളേജ് വിടുമ്പോൾ പുറത്ത് ബസ് സ്റ്റോപ്പിൽ അവളെ കാണാനായി ധരൻ വന്നു നിൽക്കാറുണ്ട്.

സ്നേഹ പറഞ്ഞത് പോലെ അവനിനി ആസിഡ് കുപ്പിയും കൊണ്ട് വരുമോന്ന് പേടിച്ചാണ് ദിവ്യ കോളേജ് ഗേറ്റിന് പുറത്തേക്ക് ഇറങ്ങിയത്. ബസ് സ്റ്റോപ്പിന് കുറച്ചു അടുത്തായി ബൈക്കിൽ ചാരി അവളുടെ വരവും കാത്ത് നിൽക്കുകയായിരുന്നു ധരൻ. അവനെ കണ്ടതും ദിവ്യ പേടിയോടെ സ്നേഹയുടെ കൈയ്യിൽ മുറുകെ പിടിച്ചു.

ബസ് സ്റ്റോപ്പിലേക്ക് നടന്നു വരുന്ന ദിവ്യയെ കണ്ടതും ധരൻ ഒരു ചെറിയ കുപ്പി പോക്കറ്റിൽ നിന്നെടുത്ത് പുറകിൽ മറച്ചുപിടിച്ചു. ദിവ്യയും സ്നേഹയും അത് കണ്ടു.

“എടി അവന്റെ നിൽപ്പത്ര പന്തിയല്ല. നിന്നെ കണ്ടപ്പോൾ തന്നെ അവൻ പോക്കറ്റിൽ നിന്നൊരു കുപ്പിയെടുത്ത് പുറകിൽ മറച്ചു പിടിച്ചേക്കാ. ഇനി വല്ല ആസിഡും ആണോ.” സ്നേഹ സംശയത്തോടെ പറഞ്ഞു.

“എടി എനിക്കെന്തോ പേടി തോന്നാ. നീ പറഞ്ഞത് പോലെ ധരന്റെ കയ്യിൽ ആസിഡ് കുപ്പി ആണെന്ന് തോന്നുന്നു.” നടത്തം നിർത്തി ധരനെ തന്നെ നോക്കികൊണ്ട് ദിവ്യ പറഞ്ഞു.

“നീ വേഗം തിരിഞ്ഞു കോളേജിലേക്ക് ഓടിക്കോ. ഒരു കാരണവശാലും അവന് പിടി കൊടുക്കരുത്. നീ അടുത്തെത്തിയാൽ എറിയാൻ പാകത്തിനാണ് അവന്റെ നിൽപ്പ്. നീ ഓടി ഗേറ്റിനുള്ളിൽ കയറിക്കോ. അവനെ പിടിക്കാൻ ഇവിടെ ഉള്ള പിള്ളേർ തന്നെ ധാരാളം.

സ്നേഹയുടെ വാക്കുകൾ പകർന്ന ധൈര്യത്തിൽ ഒരുനിമിഷം പോലും പാഴാക്കാതെ ദിവ്യ പെട്ടെന്ന് തന്നെ പിന്തിരിഞ്ഞു കോളേജ് ലക്ഷ്യമാക്കി ഓടി. അത് കണ്ടതും ധരൻ അവൾക്ക് പിന്നാലെ അലറിക്കൊണ്ട് ചീറിപ്പാഞ്ഞു.

“നിൽക്കെടി അവിടെ… എന്നെ ചതിച്ചിട്ട് കണ്ടവന്മാരെ കൂടെ സുഖിച്ചു ജീവിക്കാൻ നിന്നെ ഞാൻ സമ്മതിക്കില്ല.” ധരന്റെ അലറികൂവി അവളുടെ പിന്നാലെ കോളേജിനുള്ളിലേക്ക് ഓടികയറി.

കോളേജ് സ്റ്റുഡന്റസ് എല്ലാവരും ആ കാഴ്ച കണ്ട് അന്തംവിട്ട് നിന്നു. എന്താ അവിടെ സംഭവിക്കുന്നതെന്ന് ഒരുനിമിഷത്തേക്ക് ആർക്കും മനസിലായില്ല.

ഭയന്നുവിറച്ച് വെപ്രാളത്തിൽ ഓടിയ ദിവ്യ കല്ലിൽ തട്ടി മുഖമടച്ചു നിലത്തേക്ക് വീണു. വീണിടത്തു നിന്ന് അവൾ എഴുന്നേൽക്കാൻ ശ്രമിക്കുന്ന സമയം ധരൻ പുറകിലൂടെ വന്ന് ദിവ്യയുടെ മുടിക്കെട്ടിൽ പിടുത്തമിട്ടു.

“നായിന്റെമോളെ നൈസ് ആയിട്ട് എന്നെ ഒഴിവാക്കാമെന്ന് വിചാരിച്ചല്ലേ. നിന്റെ അഹങ്കാരം ഇന്നത്തോടെ തീർന്നു മോളെ.” കൈയിലിരുന്ന ആസിഡ് കുപ്പി അവളുടെ മുഖത്തേക്ക് പിടിച്ചുകൊണ്ട് ധരൻ പറഞ്ഞു. ഭ്രാന്ത് പിടിച്ച പോലെ നിൽക്കുന്ന അവന്റെ മുഖത്തേക്ക് നോക്കാൻ പോലും അവൾക്ക് ഭയമായി.

“ധരൻ… പ്ലീസ്… എന്നെയൊന്നും ചെയ്യരുത്.” വിക്കി വിക്കി ദിവ്യ പറയാൻ ശ്രമിച്ചു.

“എന്നെ ചതിച്ച നിന്നെ ഞാൻ വെറുതെ വിടില്ലെടി…” ദിവ്യയെ നിലത്തേക്ക് തള്ളിയിട്ട ശേഷം ധരൻ ആസിഡ് കുപ്പിയുടെ അടപ്പ് തുറന്നു അവളുടെ മേലേക്ക് ഒഴിക്കാൻ തുടങ്ങി.

ആസിഡ് തുള്ളികൾ അവളുടെ മുഖത്തേക്ക് വീഴും മുൻപ് തന്നെ കോളേജ് സ്റ്റുഡന്റസ് അവനെ പുറകിൽ നിന്നും അടിച്ചിട്ടു. ആസിഡ് കുപ്പിയിൽ നിന്നും കുറച്ച് ആസിഡ് അവന്റെ കൈയിലും കാലിലുമൊക്കെ തെറിച്ചുവീണു. ഒരലർച്ചയോടെ ധരൻ നിലത്ത് കിടന്നുരുണ്ടു.

ജീവൻ തിരിച്ചു കിട്ടിയ ആശ്വാസത്തോടെ ദിവ്യ നിലത്തും നിന്നും ചാടി എഴുന്നേറ്റു. സ്നേഹ അവളുടെ അടുത്തേക്ക് ഓടിവന്നു. അവളാണ് മറ്റുള്ള സ്റ്റുഡസിനോട് വിവരം വിവരം പറഞ്ഞത്.കോളേജ് കുട്ടികൾ എല്ലവരും ചേർന്ന് ധരനെ നന്നായി തന്നെ പെരുമാറി.

കോളേജ് അധികൃതർ ഇടപെട്ട് ധരനെ അപ്പോൾ തന്നെ പോലീസിനെ ഏൽപ്പിക്കുകയും ചെയ്തതോടെ ദിവ്യയ്ക്ക് ആശ്വാസമായി. വലിയൊരു അപകടത്തിൽ നിന്നും ഭാഗ്യം കൊണ്ടാണ് അവൾ രക്ഷപെട്ടത്.

ഇനിയൊരിക്കലും ഇത്തരം റിലേഷൻ ഷിപ്പിൽ ചെന്നുപെടാൻ പാടില്ലെന്ന് അവൾ മനസ്സിൽ ഉറപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *