എന്താ മുത്തേ നീ പെട്ടെന്ന് ഫോൺ കട്ടു ചെയ്തത്? നീ എന്തിനാണ് എടീ എന്നു വിളിച്ചത് ആ മണാകുണാഞ്ചൻ എഴുന്നേറ്റോ? ഒറ്റ ശബ്ദത്തിൽ അപ്പുറത്ത് നിന്ന് ഒരു പുരുഷ ശബ്ദം ലൗ ഡ് സ്പീക്കറിലൂടെ

(രചന: Krishna Das)

ആരാടീ ഫോണിൽ? നിഖിലിന്റെ അലർച്ച കേട്ട് ധാര ഒന്ന് ഞെട്ടി. എന്നാ ശരിയെടി ഞാൻ നാളെ വിളിക്കാം. ധാര ഫോൺ കട്ടു ചെയ്തു.

നിഖിൽ ഉറങ്ങുകയായിരുന്നല്ലോ അവൻ എപ്പോൾ ആണ് ഉണർന്നത് ആരായിരുന്നു ഫോണിൽ?

നിഖിൽ ചോദിച്ചപ്പോൾ ധാരക്ക് പെട്ടെന്ന് ഒരു മറുപടി നൽകാൻ കഴിഞ്ഞില്ല. നിന്നോടാ ചോദിച്ചത് ആരായിരുന്നു ഫോണിൽ?

അത്! രേഖ.

അവൾ എന്തിനാണ് ഈ നേരത്തു വിളിച്ചത്?
നാളെ അവൾ ലീവാണ്
അവളുടെ കുറവ് ഞാൻ നികത്തണം എന്ന് പറയാൻ.

ധാര നിഖിലിന്റെ മുഖത്തു നോക്കാതെ പറഞ്ഞു.
പക്ഷേ നിന്റെ സംസാരം കേട്ടിട്ട് അങ്ങനെ ഒന്നുമല്ലല്ലോ തോന്നിയത്.

നിഖിൽ നീ എന്നെ വെറുതെ സംശയിക്കരുത്.
മാത്രമല്ല നീ വളരെ അധികം നേരമായല്ലോ സംസാരിക്കാൻ തുടങ്ങിയിട്ട്?
അതും ഈ പാതിരാത്രിക്ക്.
പാതിരാത്രിയോ?

സമയം പതിനൊന്നു മണിയെ ആയിട്ടുള്ളൂ
നിങ്ങൾ മദ്യം കഴിച്ചു ലക്കുക്കെട്ട് നേരെത്തെ കിടന്നു.

ഞാൻ എന്റെ അടുക്കളയിലെ ജോലി തീർന്നു ഇപ്പോൾ വരുന്നതേയുള്ളൂ.
ധാര വിശദീകരിക്കാൻ ശ്രമിച്ചു.

നിന്റെ ഫോൺ ഇങ്ങു തന്നെ ഞാൻ ഒന്ന് നോക്കട്ടെ?

ഹേയ് എന്താ അതിന്റെ ആവശ്യം ഫോൺ ഞാൻ തരില്ല? ധാര തീർത്തു പറഞ്ഞു.

അതോടെ നിഖിലിന് തന്റെ സംശയം വർധിച്ചു.
അവൻ അവളുടെ കയ്യിൽ നിന്നു ഫോൺ തട്ടിപ്പറിച്ചു വാങ്ങി.

ലോക്ക് തുറക്ക്?

ധാര കൂട്ടാക്കിയില്ല.

നിഖിലിന്റെ കൈ ധാരയുടെ കവിളിൽ പതിച്ചു.
അവൾ ലോക്ക് തുറന്നു കൊടുത്തു.

അവസാനം വിളിച്ച നമ്പർ പേരില്ലായിരുന്നു.
നിന്റെ ഇത്രയും അടുത്ത കൂട്ടുകാരി ആയിരുന്നിട്ടും നീ പേര് സേവ് ചെയ്തിട്ടില്ലേ?
അവളുടെ നമ്പർ എനിക്ക് കാണാപാഠം ആണ് ഞാൻ സേവ് ചെയ്തില്ല.

നിഖിൽ ആ നമ്പറിലേക്ക് വിളിച്ചു. അപ്പുറത്ത് ഫോൺ എടുക്കല്ലേ എന്ന് ധാരയുടെ പ്രാർത്ഥന ദൈവം കേട്ടില്ല. എന്താ മുത്തേ നീ പെട്ടെന്ന് ഫോൺ കട്ടു ചെയ്തത്?

നീ എന്തിനാണ് എടീ എന്നു വിളിച്ചത്
ആ മണാകുണാഞ്ചൻ എഴുന്നേറ്റോ?
ഒറ്റ ശബ്ദത്തിൽ അപ്പുറത്ത് നിന്ന് ഒരു പുരുഷ ശബ്ദം ലൗ ഡ് സ്പീക്കറിലൂടെ കേട്ടപ്പോൾ ധാര കണ്ണുകൾ അടച്ചു.

ഫോൺ തകർന്നുടയുന്ന ശബ്ദം അവൾ കേട്ടു.
ഫോൺ അല്ല തന്റെ ജീവിതം ആണ് തകർന്നു ഉടയുന്നത് എന്നു അവൾക്കു തോന്നി.
അടുത്ത അടിക്ക് വേണ്ടി ധാര മാനസികമായി തയ്യാറെടുത്തു നിന്നു.

പക്ഷേ ഒന്നും ഉണ്ടായില്ല നിഖിൽ ഒന്നും മിണ്ടാതെ ഇരുട്ടിലേക്ക് ഇറങ്ങി പോയി.

ഒരുപാട് സ്വപ്നങ്ങളോടെ ആണ് താൻ നിഖിലിന്റെ ജീവിതത്തിലേക്ക് പ്രവേശിച്ചത്.
വിവാഹം കഴിഞ്ഞ നാളുകളിൽ നിഖിലിന് വളരെ ഇഷ്ടമായിരുന്നു തന്നെ.

പിന്നീട് പലപ്പോഴും ഓരോരോ കൊച്ചുകാര്യങ്ങൾ പറഞ്ഞു തങ്ങൾ വഴക്കിട്ടു തുടങ്ങി.

തന്റെ കൊച്ചു കൊച്ചു ആഗ്രഹങ്ങൾ പോലും സാധിച്ചു തരാൻ നി ഖിൽ കൂട്ടാക്കാതെ വന്നപ്പോൾ ഉള്ളിൽ സങ്കടം തോന്നി.
അവനു തന്നെക്കാൾ പ്രിയം അവന്റെ ചങ്ങാതിമാർ ആയിരുന്നു.

അവനു ഭക്ഷണം പാചകം ചെയ്തു കൊടുക്കാനും അവന്റെ വസ്ത്രങ്ങൾ കഴുകി കൊടുക്കുവാനും വേണ്ട ഒരു വീട്ടുജോലിക്കാരിയുടെ സ്ഥാനത്തേക്ക് മാറുമ്പോൾ തനിക്കു അമർഷം തോന്നി തുടങ്ങി.

രാത്രി മദ്യപിച്ചു വന്നു ആഹാരം വലിച്ചു വാരി വിഴുങ്ങി കിടന്നു ഉറങ്ങുമ്പോൾ താൻ ഒരു വ്യക്തി വീട്ടിൽ ഉണ്ടെന്ന് പോലും മറന്നു പോയി എന്ന് പലപ്പോഴും തോന്നി.

വീട്ടിൽ ഇരുന്നു ബോറടിച്ചു തുടങ്ങിയപ്പോൾ ആണ് ജോലിക്ക് പോകണമെന്ന് ആഗ്രഹം തോന്നി തുടങ്ങിയത്.

നിഖിലിനോട് പറഞ്ഞപ്പോൾ അവനു പ്രത്യേകിച്ച് അഭിപ്രായം ഒന്നുമുണ്ടായില്ല. തന്റെ മുഖത്തെ വിഷാദഭാവം കണ്ടാണ് അർജുൻ തന്നോട് കുറച്ചു സഹതാപം കാണിച്ചു സംസാരിച്ചു തുടങ്ങിയത്.

ആദ്യമാദ്യം അകന്നു നിന്നുവെങ്കിലും ഉളിൽ ഒരു സൗഹൃദം താനും ആഗ്രഹിക്കുന്നുവെന്ന് മനസ്സിലായി തുടങ്ങി.

പിന്നീട് ജോലിക്ക് പോകുമ്പോൾ ഒരുക്കത്തിന് കൂടുതൽ സമയം എടുത്തു. എങ്കിലും അർജുനുമായി ഒരു അകലം പാലിക്കുവാൻ ശ്രമിച്ചു കൊണ്ടിരുന്നു.

പക്ഷേ അവനുമായി സംസാരിക്കുമ്പോൾ എല്ലാം മറന്നു പുഞ്ചിരിക്കാൻ കഴിഞ്ഞതോടെ അവൻ തന്റെ ഹൃദയത്തിൽ ചേക്കേറി തുടങ്ങി എന്ന് താൻ തിരിച്ചറിഞ്ഞു.

പക്ഷേ അവന്റെ സൗഹൃദം ഒരു നല്ലൊരു സുഹൃത്തായി തന്നെ തുടരാൻ ആയിരുന്നു തനിക്കു താല്പര്യം.

അവനും അതിർ വരമ്പുകൾ ലംഘ ക്കാതിരുന്നത് ഒരു ആശ്വാസം ആയിരുന്നു.
അവനോട് തന്റെ ദുഃഖങ്ങൾ എല്ലാം പങ്കു വെച്ചു.
അവൻ പലപ്പോഴും ആശ്വാസം പകർന്നു.
ഏതു സമയത്തും അവനെ വിളിക്കാം.
ഒരു കൈത്തുമ്പിൽ അവൻ എപ്പോഴും കൂടെ ഉണ്ടായിരുന്നു.

അത്യാവശ്യം പണത്തിനു ബുദ്ധിമുട്ട് ഉണ്ടാകുമ്പോളും അവൻ സഹായിച്ചിരുന്നു.
ഇന്നും നിഖിൽ മദ്യപിച്ചു ലക്കുക്കെട്ട് ഉറങ്ങുകയാണ് എന്നു കരുതി അർജുനിനെ വിളിച്ചതാണ്.

പക്ഷേ എപ്പോളോ ഉണർന്ന നിഖിൽ തങ്ങളുടെ സംസാരം എല്ലാം കേട്ടിരിക്കുന്നു. അപ്പുറത്തെ അർജുനിന്റെ സംസാരം കൂടി ആയപ്പോൾ നിഖിലിന്റെ സംശയം സത്യമായി. തന്റെ ജീവിതം ഇതോടെ അവസാനിച്ചു.

രാത്രി എപ്പോഴോ ഇറങ്ങിപ്പോയ നിഖിൽ പുലർച്ചെ ആണ് തിരിച്ചെത്തിയത്.ധാര വെച്ചു നീട്ടിയ ചായ അവൻ അവഗണിച്ചു.

അവന്റെ മുഷിഞ്ഞ വസ്ത്രങ്ങൾ അവൻ തനിയെ എടുത്തു കഴുകാൻ ശ്രമിച്ചപ്പോൾ ധാര തടയാൻ ശ്രമിച്ചെങ്കിലും അവൻ അനുസരിച്ചില്ല.
അവൾ ഭക്ഷണം വിളമ്പി വെച്ചപ്പോൾ അവൻ അതു കഴിക്കാതെ പുറത്തേക്കിറങ്ങി.

നിഖിലേട്ടാ ഞാൻ ഒന്നു പറഞ്ഞോട്ടെ?
ഒരു തീഷ്ണമായ നോട്ടത്തോടെ അവൻ ഇറങ്ങി പോയപ്പോൾ അവളുടെ നെഞ്ച് തകർന്നു.
നിഖിൽ വൈകീട്ട് വന്നപ്പോൾ മദ്യപിച്ചിട്ടില്ല എന്ന് അറിഞ്ഞപ്പോൾ അവളുടെ നെഞ്ചിൽ പെരുമ്പറ മുഴങ്ങി.

പിന്നീട് ഓരോ ദിനവും ഇതുപോലെ കടന്നു പോയി. നിഖിൽ ആരോടും പരാതി പറയാതെ തന്നിലേക്ക് ഒതുങ്ങി കൂടുന്നത് ധാരയെ ഓരോ ദിനവും ഭയപ്പെടുത്തി.

ഒരു വശത്തു കുറ്റബോധം. തന്റെ സൗഹൃദത്തെ നിഖിൽ തെറ്റിദ്ധരിച്ചിരിക്കുന്നു. ആരോടും തുറന്നു പറയാൻ വയ്യ. ഓരോ ദിനവും താനും വെന്തുരുകി കൊണ്ടിരിക്കുന്നു.

ഒന്നും വേണ്ടായിരുന്നു. ജീവിതം അവസാനിപ്പിച്ചെങ്കിൽ എന്ന് പലവട്ടം ആലോചിച്ചു. ജോലിക്ക് പോയിട്ട് ദിവസങ്ങൾ ഏറെയായി. അന്നത്തെ സംഭവത്തിന്‌ ശേഷം ഫോൺ ശബ്ദിച്ചിട്ടില്ല.

അർജുൻ മനസ്സിൽ നിന്നു മറഞ്ഞു പോയി.
അർജുനുമായുള്ള ബന്ധത്തിന് ഇത്രത്തോളം പ്രാധാന്യമേ ഉണ്ടായിരുന്നുള്ളൂ. എന്നിട്ടും തന്റെ ജീവിതം കൈവിട്ടു പോയി. ഇതിനു പരിഹാരം കണ്ടെത്താൻ അർജുനിനു മാത്രമേ കഴിയുകയുള്ളു.

നിഖിലിന്റെ ഫോണിൽ തന്റെ സിമ്മിട്ട് അർജുനിനെ വിളിച്ചു. ഹലോ എവിടെയാണ് താൻ? മറുതലയിൽ നിന്ന് അങ്കലാപ്പോടെ ഉള്ള ചോദ്യം കേട്ടു.

അർജുൻ എന്റെ വീട് വരെ വരണം. എന്താ കാര്യം?

അതിവിടെ വരുമ്പോൾ പറയാം.

എപ്പോൾ? കഴിയുന്നതിലും വേഗം.

എന്തോ അപകടം സംഭവിച്ചിരിക്കുന്നു എന്ന് അർജുനിനു മനസ്സിലായി. അയാൾ ഉടനെ ധാരയുടെ വീട്ടിൽ എത്തി. അവിടുത്തെ അവസ്ഥ കണ്ടിട്ട് അയാൾക്ക് വേദന തോന്നി.

കാര്യം അറിയാതെ പകച്ചു നിന്ന അർജുനിനോട് ധാര സംഭവിച്ചത് എല്ലാം പറഞ്ഞു. അർജുൻ നിഖിലിന്റെ അരികിൽ എത്തി. നിഖിൽ? ആളെ അറിയാതെ നിഖിൽ അർജുനിന്റെ മുഖത്തേക്ക് നോക്കി.

ഞാൻ അർജുൻ ധാരയുടെ ഫോണിൽ നിന്ന് വിളിച്ചപ്പോൾ കോൾ എടുത്തത് ഞാൻ ആണ്.
എന്നോട് ക്ഷമിക്കണം. ഞാൻ ഒരിക്കലും നിങ്ങളുടെ ജീവിതത്തിൽ വില്ലൻ അല്ല.

ധാരയുമായി പരിചയപ്പെട്ടപ്പോൾ അവൾ ഒരു നല്ല സുഹൃത്താണ് എന്ന് തോന്നി. അവൾക്ക് ഒരു കുടുംബം ഉള്ളത് ഞാൻ ഓർത്തില്ല. ഞങ്ങൾ തെറ്റായി ഒരു ബന്ധവും ഇല്ല. ഇനി ഈ സൗഹൃദം ഞാൻ ഇവിടെ അവസാനിപ്പിക്കാം.

നിങ്ങൾ ധാരയുമായി പിണങ്ങരുത്?

എനിക്ക് ധാരയെ വിശ്വാസമാണ്. പക്ഷേ അവൾ എന്നോട് കള്ളം പറയാൻ ശ്രമിച്ചു. അപ്പുറത്ത് നിങ്ങൾ ആണെന്ന് പറഞ്ഞാൽ എനിക്ക് അവളോട്‌ ഇത്രയും ദേഷ്യം തോന്നില്ലായിരുന്നു.

നീ മദ്യപിച്ചത് കൊണ്ടാണ് അപ്പോൾ നിന്നോട് ഞാൻ അതു പറയാതിരുന്നത്.
ധാര പറഞ്ഞു. പക്ഷേ പിന്നീട് നീ എന്നെ കേൾക്കാൻ തയ്യാറായില്ല.

നിനക്ക് ഒരു തെറ്റ് പറ്റിപ്പോയി എന്നാണ് നീ പറയുന്നത് എങ്കിൽ എനിക്ക് സഹിക്കാൻ കഴിയില്ലായിരുന്നു. അതുകൊണ്ടാണ് ഞാൻ നിന്നെ കേൾക്കാൻ തയ്യാറാകാതിരുന്നത്.

എന്റെ മദ്യപാനം ആണ് എല്ലാത്തിനും കാരണം.
ഞാൻ ഇനി ഒരിക്കലും മദ്യപിക്കില്ല.
നിഖിൽ ധാരയെ തന്നോട് ചേർത്ത് പിടിച്ചു കൊണ്ടു പറഞ്ഞു. ഒരു പെരുമഴ പെയ്തു തോർന്നത് പോലെ ധാരക്ക് തോന്നി.

Leave a Reply

Your email address will not be published. Required fields are marked *